Pages

Friday, April 20, 2018

രാമേശ്വരത്തേക്ക്...

                 രാമേശ്വരം  എന്നെ മാടിവിളിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. 2017ലെ വേനലവധിക്കാലത്ത് ഇന്ത്യന്‍ റെയില്‍‌വെ ആരംഭിച്ച (ഞാന്‍ അന്നാണ് ശ്രദ്ധിച്ചത്, അതിന്റെ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നോ എന്നറിയില്ല) എറണാകുളം - രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ സര്‍വീസ്, ആ വിളിക്ക് ഉത്തേജനം പകര്‍ന്നു.പക്ഷേ കഴിഞ്ഞ വര്‍ഷം ആലപ്പുഴയിലും  അതിന് ഒരാഴ്ച മുമ്പെ മസിനഗുഡിയിലും ഒക്കെ കറങ്ങിയതിനാല്‍ ആ വര്‍ഷം രാമേശ്വരം കൂടി വേണ്ട എന്ന് തീരുമാനിച്ചു. 2018 വേനലവധി ആരംഭിച്ചതു മുതല്‍ പത്രങ്ങളിലും യാത്രാ ഗ്രൂപ്പുകളിലും എല്ലാം ഈ ട്രെയിനിനെപ്പറ്റി വീണ്ടും വാര്‍ത്തകള്‍ വന്നതോടെ എന്റെ ആഗ്രഹങ്ങള്‍ക്ക് വീണ്ടും മുളപൊട്ടി. അങ്ങനെ കുടുംബ സമേതം ഒരു രാമേശ്വരം യാത്രക്ക് പ്ലാന്‍ ഇട്ടു.

               സ്പെഷല്‍ ട്രെയിന്‍ ആണെങ്കിലും ടിക്കറ്റിന് അത്ര ഡിമാന്റ് ഇല്ലായിരുന്നു. അതിന് കാരണമായി ഞാന്‍ മനസ്സിലാക്കിയത് ഇത് സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ കൂടി ആണെന്നതാണ്.തൃശൂരില്‍ നിന്നും പാലക്കാട് നിന്നും ഒക്കെ രാമേശ്വരത്തേക്ക് സ്ലീപ്പര്‍ ചാര്‍ജ്ജ് 375 രൂപയാണ്. ദിവസവും ഓടുന്ന ഏതെങ്കിലും വണ്ടിക്ക് മധുരയില്‍ എത്തി അവിടെ നിന്നും രാമേശ്വരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചാല്‍ യാത്രാ ചിലവ് ചുരുക്കാനും നേരത്തെ എത്താനും പറ്റും എന്ന് മനസ്സിലായി.

                ടിക്കറ്റിന് ഡിമാന്റില്ലാത്തതിന് രണ്ടാമത്തെ കാരണം ഇതിന്റെ സമയ ക്രമീകരണമാണ്.ചൊവ്വാഴ്ച രാത്രി 11.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കൃത്യ സമയം പാലിച്ചാല്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് രാമേശ്വരത്ത് എത്തും - അതായത് വെയില്‍ ചൂട് പിടിക്കാന്‍ തുടങ്ങുമ്പോള്‍. പക്ഷെ ഞങ്ങള്‍ ഇക്കഴിഞ്ഞ ചൊവാഴ്ച അനുഭവിച്ചത് ഒന്നര മണിക്കൂറിലധികം ലേറ്റ് ആണ്. ഉച്ചക്ക് പന്ത്രണ്ടരക്ക് ശേഷമാണ് ട്രെയിന്‍ എത്തിയത്.

              ട്രെയിന്‍ വൈകിയത് കാരണം നട്ടുച്ചക്ക് തന്നെ കാഴ്ചകള്‍ കാണാന്‍ ഇറങ്ങേണ്ടി വന്നു. കലാം സമാധിയും അരിചല്‍ മുനെയും അഞ്ച് മണിക്ക് അടക്കുന്നതിനാല്‍ ഊണ് പോലും കഴിക്കാതെ കാഴ്ചകള്‍ കാണാനിറങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. മുമ്പ് പോയവര്‍ ആരും തന്നെ ഈ സമയ പരിധി സൂചിപ്പിക്കാത്തതിനാല്‍ ധനുഷ്കോടി കാണാനുള്ള അവസരം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഞങ്ങള്‍ക്ക് നഷ്ടമാകുമായിരുന്നു.ദൈവത്തിന് സ്തുതി , വാഗ അതിര്‍ത്തിയില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിച്ചില്ല.

                 ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ ഇറങ്ങിയാല്‍ പുറത്തേക്ക് കടക്കാന്‍ തന്നെ 15 മിനുട്ടിലധികം എടുക്കും എന്നാണ് എന്റെ അനുഭവം. കുടയോ തൊപ്പിയോ കയ്യിലുണ്ടായാല്‍ പൊള്ളുന്ന വെയിലില്‍ നിന്ന് അല്പം സമാധാനം കിട്ടും. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ ഓടി വരും. കാണാനുള്ള സ്ഥലങ്ങളെപ്പറ്റി ഒരു നീണ്ട ലിസ്റ്റ് അവതരിപ്പിക്കും.അതില്‍ 80% വും ക്ഷേത്രങ്ങള്‍ ആയിരിക്കും. ഇവയെല്ലാം കാണണോ എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. അവര്‍ തരുന്ന ലിസ്റ്റ് കാണേണ്ട സ്ഥലങ്ങളുടേതാണ്, കൊണ്ടുപോകുന്ന സ്ഥലങ്ങളുടേതല്ല എന്ന് പ്രത്യേകം മനസ്സിലാക്കുക.

                  അബുല്‍ കലാം സമാധിയും (മെമ്മോറിയല്‍) പാമ്പന്‍ പാലവും  കണ്ട് രാമനാഥ ക്ഷേത്രത്തിന് മുന്നില്‍ കൊണ്ടു വിടുന്നതിന് 400 രൂപയാണ് ഓട്ടോക്കാര്‍ ഈടാക്കുന്നത്. 17 കിലോമീറ്ററോളം ദൂരം ഒരു ഭാഗത്തേക്ക് മാത്രം യാത്ര ചെയാനുണ്ട്. പേശിയാല്‍ 300 രൂപക്കും തരമാകും.അതിനനുസരിച്ച് സമയം കുറക്കും എന്ന് മാത്രം. 350 രൂപക്ക് ഓട്ടം ഉറപ്പിച്ച് ഞങ്ങളും കാഴ്ചകള്‍ കാണാനിറങ്ങി.

യാത്രക്കാരുടെ ശ്രദ്ധക്ക്:-

1. സ്പെഷല്‍ ട്രെയിന്‍ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയേക്കാം.
2. പ്രധാന കാഴ്ചകളില്‍ പെട്ട കലാം സമാധിയും അരിചല്‍ മുനയും 5 മണിയോടെ അടക്കും.
3. ബസില്‍ കയറി പോകാന്‍ ഉദ്ദേശിക്കുന്നവര്‍ അത്യാവശ്യം സമയം ഉണ്ടെങ്കില്‍ മാത്രം കയറുക.ധനുഷ്കോടിയിലേക്ക് ബസ് മണിക്കൂറില്‍ ഒന്ന് എന്ന തോതിലേ ഉള്ളൂ.അതിനാല്‍ മൂന്നരക്ക് ശേഷം ബസ് കാത്ത് നില്‍ക്കുന്നത് റിസ്ക് ആണ്.


(തുടരും...)
               

5 comments:

Areekkodan | അരീക്കോടന്‍ said...

മുമ്പ് പോയവര്‍ ആരും തന്നെ ഈ സമയ പരിധി സൂചിപ്പിക്കാത്തതിനാല്‍ ധനുഷ്കോടി കാണാനുള്ള അവസരം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഞങ്ങള്‍ക്ക് നഷ്ടമാകുമായിരുന്നു.

© Mubi said...

ട്രെയിനിനെ കുറിച്ച് കുറെ ഗ്രൂപ്പുകളില്‍ കണ്ടിരുന്നുവെന്നല്ലാതെ വിശദമായി അറിയുന്നത് ഇപ്പോഴാണ്...

Areekkodan | അരീക്കോടന്‍ said...

മുബീ...ഞാനും പല കുറിപ്പുകളും വായിച്ചിരുന്നു.പക്ഷെ സമയ ക്രമീകരണം ആരും പറഞ്ഞിരുന്നില്ല.

Cv Thankappan said...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:-
ഉപകാരപ്രദമായ അറിയിപ്പായി
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അനുഭവമേ ഗുരു

Post a Comment

നന്ദി....വീണ്ടും വരിക