Pages

Sunday, December 31, 2017

പുതുവര്‍ഷം വരുമ്പോള്‍...

              പുതുവര്‍ഷം വരുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ നിറയുന്നത് പോസ്റ്റ്മാന്‍ ബാലേട്ടനാണ്. ഏകദേശം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ അവധി ദിനങ്ങളിലൊഴികെ എല്ലാ ദിവസവും ബാലേട്ടന്‍ ഞങ്ങളുടെ കുന്ന് കയറി എത്തും - എനിക്കുള്ള ഗ്രീറ്റിംഗ് കാര്‍ഡുകളും കത്തുകളും തരാന്‍. ചില ദിവസങ്ങളില്‍ അഞ്ചും ആറും ഒക്കെ ഉരുപ്പടികള്‍ ഉണ്ടാകും. പത്ത് മണിയായാല്‍ ബാലേട്ടന്റെ വരവിനുള്ള ആ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം തന്നെയായിരുന്നു.

               ഈ സീസണില്‍ ലഭിക്കുന്ന തപാല്‍ ഉരുപ്പടികളില്‍ മിക്കവയും ആശംസാ കാര്‍ഡുകള്‍ ആയിരിക്കും. പ്രീഡിഗ്രിക്കും ഡിഗ്രിക്കും പി.ജിക്കും ഒപ്പം പഠിച്ചവരുടെതായിരുന്നു അതില്‍ കൂടുതലും. അറിയാത്ത ചിലര്‍ അയച്ചവയും ഉണ്ടാകാറുണ്ട്. ആണ്‍‌കുട്ടികള്‍ അയക്കുന്ന കാര്‍ഡുകള്‍ പലതും ‘ലോക്കല്‍’ ആയിരിക്കും. 15 പൈസക്ക് കിട്ടിയിരുന്ന പോസ്റ്റ്കാര്‍ഡില്‍ ചിത്രം വരച്ച് അയച്ചവരും അയക്കുന്നവരും ഉണ്ടായിരുന്നു.

                ഗ്രീറ്റിംഗ് കാര്‍ഡിനെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്ക് നഷ്ടമായ ഒരു കാര്‍ഡിനെ ഓര്‍ത്ത് ഞാന്‍ ഇന്നും ദു:ഖിക്കാറുണ്ട്. ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലത്ത് എന്റെ പിതാവിന് ആരോ അയച്ച കാര്‍ഡ് ആയിരുന്നു അത്. ഒരു പുഴയിലൂടെ വഞ്ചി തുഴയുന്ന ഒരാളുടെ ചിത്രമായിരുന്നു അതില്‍. ബാപ്പ എനിക്ക് തന്ന ആ കാര്‍ഡ് ഞാന്‍ ക്ലാസ്സില്‍ കൊണ്ടുപോയി. ഗ്രീറ്റിംഗ് കാര്‍ഡ് എന്നാല്‍ എന്ത് എന്നുപോലും അറിയാത്ത, ക്ലാസ്സിലെ കുട്ടികള്‍ക്ക് അത് കാണിക്കുന്നതിന് മുമ്പെ അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം ആ കാര്‍ഡ് വാങ്ങി. അത് എന്നെന്നേക്കുമായി എന്റെ കയ്യില്‍ നിന്നും പോയി.  പില്‍‌കാലത്ത് കാര്‍ഡ് വാങ്ങുമ്പോഴെല്ലാം ഞാന്‍ ഇത്തരം സീനറി തെരഞ്ഞെടുക്കാന്‍ ഒരു കാരണവും അതായിരിക്കാം.

                 മറ്റൊരു കാര്‍ഡ് ഓര്‍മ്മ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എന്റെ പേരില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് വന്ന ഒരു കാര്‍ഡ് ആണ്. " Love All , Trust Few , Follow One " എന്ന സന്ദേശമെഴുതി മൂന്ന് അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്ന ചിത്രമുള്ള ഒരു കാര്‍ഡ്. അത് അയച്ചതാകട്ടെ അതേ കാലത്ത് ഞങ്ങളുടെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന ഗേള്‍‌സ് ഹോസ്റ്റലിലെ ഒരു കൂട്ടം പെണ്‍കുട്ടികളും. എന്റെ പേരില്‍ ആണ് വന്നതെങ്കിലും ഉള്ളടക്കം ഞങ്ങളെ എല്ലാവരെയും ഉദ്ദേശിച്ചായിരുന്നു. മേല്‍‌വിലാസം എഴുതിയ ഹാന്റ്‌റൈറ്റിംഗ് അടക്കം അന്ന് ചിലരുടെ “പ്രത്യേക ഗവേഷണത്തിന്” കാരണമായി.

                  കാര്‍ഡ് വാങ്ങാന്‍ ബാപ്പ പ്രത്യേകം പോക്കറ്റ് മണി അനുവദിക്കാത്തതിനാല്‍ വില കൂടിയ കാര്‍ഡുകള്‍ വാങ്ങാന്‍ അന്ന് എനിക്ക് നിര്‍വ്വാഹമില്ലായിരുന്നു. അതിനാല്‍ തന്നെ ചാര്‍ട്ട് പേപ്പര്‍ വാങ്ങി അതില്‍ ചിത്രം വരച്ച് (അത്യാവശ്യം നന്നായി വരക്കാന്‍ അറിയാമായിരുന്നു) ആശംസാ സന്ദേശം അയക്കുന്ന പതിവും എനിക്കുണ്ടായിരുന്നു. പി.ജി ക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ പഠിക്കുന്ന സമയത്ത് എന്റെ സീനിയര്‍ ആയിരുന്ന പെരുമ്പാവൂരുകാരന്‍ ബാബു അന്ന് (1996 ലോ 97ലോ) അവന് ഞാന്‍ അയച്ച ചില കാര്‍ഡുകള്‍ ഈ അടുത്ത് വാട്ട്സാപ്പിലൂടെ എനിക്ക് തിരികെ അയച്ചു തന്നു !! എനിക്ക് അന്ന് കിട്ടിയ മിക്ക കാര്‍ഡുകളും ഞാനും സൂക്ഷിച്ചിരുന്നു. പിന്നീടത് മക്കള്‍ കൈക്കലാക്കി.

                  ഇന്ന് ആശംസാകാര്‍ഡുകള്‍ ഒന്നും എനിക്കോ എന്റെ മക്കള്‍ക്കോ കിട്ടാറില്ല. എല്ലാവര്‍ക്കും വാട്ട്സാപ്പ് വഴി നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നു. അവ തുറന്ന് നോക്കുകപോലും ചെയ്യാതെ ഡെലീറ്റ് ചെയ്യപ്പെടുന്നു. കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ ആശംസാകാര്‍ഡുകളെ സ്മരിച്ചുകൊണ്ട് ഞാന്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.

                  ബൂലോകര്‍ക്കെല്ലാം പുതുവത്സരാശംസകള്‍ നേരുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

അത് അയച്ചതാകട്ടെ അതേ കാലത്ത് ഞങ്ങളുടെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന ഗേള്‍‌സ് ഹോസ്റ്റലിലെ ഒരു കൂട്ടം പെണ്‍കുട്ടികളും.

© Mubi said...

കാര്‍ഡുകള്‍ കിട്ടുന്നത് തന്നെ എന്തൊരു സന്തോഷായിരുന്നു.. ഇപ്പോ കിട്ടുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ നോക്കാറു പോലുമില്ല. മാഷിനും കുടുംബത്തിനും നന്മകള്‍ നിറഞ്ഞ പുതുവത്സരാശംസകള്‍

സുധി അറയ്ക്കൽ said...

പുതുവത്സരാശംസകൾ സർ!!!!മുബിച്ചേച്ചിയ്ക്കും.


ഈ ബ്ലോഗിൽ കമന്റ്‌ വീഴ്ത്താൻ ഞാൻ പെടുന്ന പാട്‌.അൽപം കൂടി സിമ്പിൾ ആക്കാൻ പറ്റിയേലേ സർ?????

[ഇത്‌ ഞാൻ അയക്കുന്ന ആശംസാക്കാർഡ്‌ ആയി കണക്കാക്കണേ ]

Areekkodan | അരീക്കോടന്‍ said...

മുബീ...ആശംസകള്‍ സ്വീകരിച്ചു

സുധീ...ആശംസാകാര്‍ഡ് കിട്ടി ബോധിച്ചു. സിമ്പിള്‍ ആക്കാന്‍ എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടിയും ഇല്ല. ഞാന്‍ ഇടുന്ന കമന്റുകള്‍ സിമ്പിളായി വീഴുന്നുണ്ട് !

മഹേഷ് മേനോൻ said...

കുറച്ചു വൈകിയാണെങ്കിലും പുതുവത്സരാശംസകൾ നേരുന്നു. ഒരുപക്ഷെ ഇനിയൊരു തലമുറ ആശംസാകാർഡുകൾ മ്യൂസിയത്തിൽ പോയി കാണേണ്ടിവരുമോ എന്തോ?

അരീക്കോടന്‍ said...

മഹേഷ് ജി...ഏത് കാലത്തും പുതുവത്സരാശംസകള്‍ കിട്ടുന്നത് രസകരമാണ്. സ്വീകരിക്കാന്‍ പ്രത്യേകിച്ച് മുടക്കില്ലാത്തതിനാല്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക