Pages

Saturday, December 09, 2017

ബ്രഹ്മഗിരിയിലേക്ക്...2

            ബ്രഹ്മഗിരിയിലേക്കുള്ള വഴിയില്‍ കാട്ടരുവിയില്‍ നിന്നും ശുദ്ധജലം കൊണ്ടുപോകുന്ന പി.വി.സി പൈപ്പുകള്‍ പല ഇടത്തും പൊട്ടി വെള്ളം ഒഴുകുന്നുണ്ട്. ഒഴുകുന്നത് വീണ്ടും കാട്ടിനകത്തേക്ക് തന്നെയായതിനാല്‍ അത് നന്നാക്കാനോ പരാതിപ്പെടാനോ ആരും ഇല്ല എന്ന് തോന്നിപ്പോയി. പക്ഷെ, ആന ചവിട്ടി പൊട്ടിക്കുന്നതാണ് അത് എന്ന് ഗൈഡ് നാരായണേട്ടന്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്.
                 കാട്ടിനകത്തെ കാഴ്ചകള്‍ പലതും വിസ്മയം നിറഞ്ഞതാണ്.പച്ച പുതച്ച ഒരു മരം കണ്ട് അടുത്ത് ചെന്നപ്പോഴാണ് മരത്തില്‍ വളരുന്ന കുഞ്ഞുചെടികള്‍ കണ്ടത്. ഒരു കുരങ്ങന്‍ പറ്റിപിടിച്ചിരിക്കുന്ന പോലെ ദൂരെ കണ്ടത് ഉറുമ്പിന്റെ കൂടായിരുന്നു ! മുമ്പ് കാട്ടില്‍ നിന്ന് കടന്നല്‍ കുത്തേറ്റ അനുഭവം ഉള്ളതിനാല്‍ വളരെ അടുത്തേക്ക് പോകാനും തൊടാനും ഞാന്‍ സമ്മതിച്ചില്ല.
             വഴിയരികിലെ ഗുഹ മഴക്കാലത്ത് കടുവയെക്കാണുന്നതാണെന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് ഒന്ന് കുനിഞ്ഞ് നോക്കാന്‍ ചെറിയൊരു ഭയം തോന്നി. തൊട്ടടുത്ത് തന്നെയുള്ള പുല്‍ തലപ്പുകള്‍ക്ക് കണ്ട ഭാവമാറ്റം അതിരാവിലെയോ അല്ലെങ്കില്‍ തലേന്ന് രാത്രിയോ “ഒരാശാന്‍” അത് വഴി പോയത് സൂചിപ്പിക്കുന്നതായി ഗൈഡ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും വേഗം സ്ഥലം കാലിയാക്കി.
              കാട്ടിലെ മരങ്ങളില്‍ തൊട്ടും തലോടിയും ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അത്യാവശ്യം നന്നായി ശ്വാസം വലിക്കാനും വിടാനും ഞാന്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.ഡല്‍ഹിയിലെപ്പോലെയുള്ള അവസ്ഥ വരുന്നതിന് മുമ്പ് ശുദ്ധവായുവിന്റെ ‘രുചി’ അറിയാനുള്ള അവസരം ആരും നഷ്ടപ്പെടുത്തിയില്ല.
                ഇടക്കിടക്ക് വഴിയില്‍ ആനയുടെ പിണ്ഠം കാണുന്നുണ്ട്.ധാരാളം ആനകള്‍ അവിടെ വസിക്കുന്നതായി അത് ഞങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. കണ്ടവയൊന്നും തന്നെ ആവി പറക്കുന്നത് അല്ലാത്തതിനാല്‍ ചെറിയൊരു സമാധാനം തോന്നി.
               ഇതുവരെ പിന്നിട്ട ദൂരം അല്പം കൂടുതലായതിനാലും മുന്നിലുള്ളവരും പിന്നിലുള്ളവരും തമ്മിലുള്ള അകലം കൂടുതലായതിനാലും കുറച്ച് നേരം വിശ്രമിക്കാന്‍ തീരുമാനിച്ചു. തൊട്ടടുത്ത് കണ്ട അരുവിയില്‍ നിന്നും അധികപേരും വെള്ളം കുടിച്ചു, മുഖം കഴുകി. പാറയില്‍ ഉറങ്ങിക്കിടക്കുന്ന പാറയുടെ തന്നെ നിറമുള്ള പാമ്പുകളെ ശ്രദ്ധിക്കണമെന്ന് വീണ്ടും ഉത്ബോധനം ലഭിച്ചതോടെ സ്ഥലം വിടാനൊരുങ്ങുമ്പോള്‍ പല പെണ്‍കുട്ടികളും ശബ്ദം പുറത്തേക്ക് വരാതെ അലറുന്നത് കണ്ടു. ഏകദേശം എല്ലാവരുടെ ശരീരത്തിലും അട്ട കേറിക്കഴിഞ്ഞിരുന്നു!!
               കടുവയുടെ സാന്നിദ്ധ്യം എല്ലാ കാട്ടുയാത്രകളിലും കേള്‍ക്കാറുണ്ടെങ്കിലും ഇതുവരെ കാണാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഇത്തവണ ആ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്ന ചില അടയാളങ്ങള്‍ ഞങ്ങള്‍ ദര്‍ശിച്ചു. അതില്‍ പ്രധാനം ഈ മരത്തിലെ നഖക്ഷതങ്ങള്‍ തന്നെ. കടുവ സ്വന്തം അധികാര പരിധി മാര്‍ക്ക് ചെയ്യുന്നതാണിതെന്ന് കേട്ടപ്പോള്‍ മനസ്സില്‍  വീണ്ടും ഒരു കൊള്ളിയാന്‍ മിന്നിയോ?
               തൊട്ടടുത്ത് ചെളിയില്‍ ഒരു പദവിന്യാസം പതിഞ്ഞ് കിടന്നിരുന്നു. അതും കടുവയുടേതാണെന്ന് പറഞ്ഞപ്പോള്‍ ട്രക്കിംഗ് തുടരണോ വേണ്ടേ എന്ന് ഒരു സംശയം .
               അടുത്ത് തന്നെ കാട്ടുപോത്തുകള്‍ തിരുവാതിര കളിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. അത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് മനസ്സിലാകുന്നുണ്ട്. എങ്കിലും ഭയം സൃഷ്ടിക്കാന്‍ അത് തന്നെ ധാരാളം.
                ദേ വീണ്ടും ഒരു പാറയുടെ അടിയില്‍ ഒരു പൊത്ത് ! കരടികളുടെ വാസം ഇത്തരം ഗുഹകളിലാണ് പോലും !! “തോമസുകുട്ടികളേ....വിട്ടോടാ....” എന്റെ മനസ്സ് പറഞ്ഞു.
 
                കരടികളെ പറ്റി പറഞ്ഞ് വായ അടക്കുന്നതിന് മുമ്പ് വഴിയില്‍ കുറേ കറുത്ത രോമങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു. ആ കാട്ടിനുള്ളീല്‍ മനുഷ്യന്റെ മുടി ആരും കൊണ്ടിടാന്‍ സാധ്യതയില്ല എന്നതിനാല്‍ നാരായണേട്ടന്‍ വരുന്നത് വരെ ഞങ്ങള്‍ കാത്തിരുന്നു. 
“പുള്ളിപ്പുലി പിടിച്ചതാണ്....ദേ അവന്‍ പതുങ്ങിയിരുന്ന സ്ഥലം...”  നാരായണേട്ടന്‍ പറഞ്ഞു.
“എന്റമ്മേ....കരടിയും പുള്ളിപ്പുലിയും തമ്മിലുള്ള പോരാട്ടം...” ആരോ അത്ഭുതം പൂണ്ടു.
“കരടിയല്ല....കരിങ്കുരങ്ങിന്റേതാണത്....” നാരായണേട്ടന്‍ തിരുത്തി.
അല്പം മുന്നോട്ട് പോയപ്പോള്‍ മുറിഞ്ഞ വാലും കുറച്ചകലെയായി ‘പരേതനെയും’ കണ്ടെത്തി. നാരായണേട്ടന്‍ പുളുവടിക്കുകയല്ല എന്ന് അതോടെ ഞങ്ങള്‍ക്ക് ബോധ്യമായി.
ഞങ്ങള്‍ക്ക് കാലുകുത്തേണ്ട ‘എവറസ്റ്റ്’ ദേ കണ്ണെത്താ ദൂരത്ത് നിന്നും ഞങ്ങളെ മാടി വിളിക്കുന്നു. 

അല്പം വിശ്രമം കഴിഞ്ഞ് തുടരാം ....

3 comments:

Areekkodan | അരീക്കോടന്‍ said...

“പുള്ളിപ്പുലി പിടിച്ചതാണ്....ദേ അവന്‍ പതുങ്ങിയിരുന്ന സ്ഥലം...” നാരായണേട്ടന്‍ പറഞ്ഞു.

© Mubi said...

ഹാവൂ... ഒന്ന് വിശ്രമിക്കണം.

Areekkodan | അരീക്കോടന്‍ said...

മുബീ...നാളെ മുതൽ യാത്ര വീണ്ടും തുടങ്ങണം

Post a Comment

നന്ദി....വീണ്ടും വരിക