Pages

Tuesday, November 14, 2017

മിസ്റ്റി ഗ്രീൻസിൽ-2

മിസ്റ്റി ഗ്രീൻസിൽ....
രാത്രി നേരത്തേ ഉറങ്ങിയതിനാല്‍ കാലത്ത് സൂര്യനുദിക്കും മുമ്പേ ഞങ്ങള്‍ എണീറ്റു. സ്വന്തം വീട്ടില്‍ നിന്ന് സൂര്യോദയം നോക്കാറില്ലെങ്കിലും റിസോര്‍ട്ടില്‍ നിന്നായപ്പോള്‍ അതിനൊക്കെ എന്തോ ഒരാവേശം. പക്ഷെ അര്‍ക്കന്‍ ഞങ്ങളുടെ കണ്ണ് വെട്ടിച്ച് മറ്റെവിടെയോ ഉദിച്ച് പൊങ്ങി ! പക്ഷി കളത്രാദികള്‍ സ്വന്തം രാജ്യം എന്ന പോലെ തലങ്ങും വിലങ്ങും പറക്കുകയും ചിലക്കുകയും ചെയ്തു കൊണ്ടിരുന്നു.
ഇന്നലെ നീട്ടിവച്ച നീന്തലും കുളിയും വീണ്ടും നീട്ടി വയ്ക്കാന്‍ മനസ്സ് വന്നില്ല. അത്യാവശ്യം തണുപ്പാണെങ്കിലും ഞങ്ങള്‍ സ്വിമ്മിങ് പൂളില്‍ എത്തി.

പിന്നെ ഓരോരുത്തരായി വെള്ളത്തിലേക്ക് ചാടി.വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സറിഞ്ഞ്  ഒന്ന് മുങ്ങിക്കുളിക്കാനും നീന്തിക്കളിക്കാനും സാധിച്ചതില്‍ വളരെ സന്തോഷം തോന്നി. പക്ഷെ നീന്തല്‍ ഒരു റൌണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ കിതപ്പ് തുടങ്ങി. എന്നാലും മതിവരോളം വെള്ളത്തില്‍ തന്നെ കിടന്നു. മലമുകളില്‍ നിന്നെവിടെ നിന്നോ ഹോസ് വഴി എത്തുന്ന വെള്ളം നേരെ തലയിലേക്ക് പിടിച്ചപ്പോള്‍ ഒരു കോരിത്തരിപ്പ് പെരുവിരലില്‍ നിന്നും മൂര്‍ദ്ധാവിലേക്ക് പടർന്നു കയറി.
ഞങ്ങൾ മൂന്ന് പേർക്കും ഇന്ന് കോളേജിൽ ജോലിക്ക് എത്തണം എന്നതിനാൽ വെള്ളത്തിൽ കൂടുതൽ നേരം കിടന്നില്ല.കുളി കഴിഞ്ഞ് അടുത്ത പരിപാടിയായ ആമാശയ വിപുലീകരണത്തിലേക്ക് കടന്നു. ദോശ-ചട്ട്ണി കോമ്പിനേഷനും പുട്ട്-കടല  കോമ്പിനേഷനും ഒരുക്കി രാജേട്ടൻ ശരിക്കും ഞങ്ങളെ കൺഫ്യൂഷനിലാക്കി. പക്ഷെ നമ്മളുണ്ടോ വിടുന്നു , രണ്ടും ആവോളം തട്ടി. പണ്ട് ബാപ്പയുടെ നാട്ടിൽ പോയിരുന്ന കാലത്ത് കിട്ടിയിരുന്ന പുട്ടും പറങ്കിക്കറിയും അനുസ്മരിച്ച് ഒരു പുട്ട് ചട്ട്ണി കൂട്ടിയും അകത്താക്കി.

ഈ കാണുന്ന പാത്രങ്ങൾ എല്ലാം തന്നെ കാലിയാക്കി കൊടുത്തു.

ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ തൊട്ടടുത്തുള്ള ‘മഡ് ഹൌസ്’ സന്ദർശിച്ചു. കുട്ടിക്കാലത്ത് കണ്ടിരുന്ന ചില വീടുകളെ അത് അനുസ്മരിപ്പിച്ചു. ഒരു ബാത്ത് അറ്റാച്‌ഡ് ബെഡ്‌റൂം മാത്രമേയുള്ളൂ - വാടക ഒരു ദിവസത്തിന് 2500 രൂപ. എന്റെ അഭിപ്രായത്തിൽ ഇത് അത്ര സുഖകരമല്ല.


മഡ് ഹൌസ് കണ്ട് ഇറങ്ങുമ്പോഴാണ് ട്രീ ഹൌസ് അഥവാ ഏറുമാടം കണ്ടത്. പഴക്കം കാരണം, ആരും കയറാതിരിക്കാൻ വേണ്ടി മുകളിലേക്കുള്ള ഗോവണി ഒഴിവാക്കിയിരുന്നു.
എല്ലാം കണ്ട് കഴിഞ്ഞ് ആതിഥേയനോട് നന്ദിയും പറഞ്ഞ് ചെറിയ ഒരു ടിപ് ഞങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു.സന്തോഷത്തോടെ അതും സ്വീകരിച്ച് അദ്ദേഹം ഞങ്ങളെ യാത്രയാക്കി.


(അവസാനിച്ചു)

6 comments:

Areekkodan | അരീക്കോടന്‍ said...

വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സറിഞ്ഞ് ഒന്ന് മുങ്ങിക്കുളിക്കാനും നീന്തിക്കളിക്കാനും സാധിച്ചതില്‍ വളരെ സന്തോഷം തോന്നി.

Unknown said...

എന്താ സാർ , ഈ പറങ്കിക്കറി ???

Areekkodan | അരീക്കോടന്‍ said...

സാലിഹ്... ചുവന്ന മുളക് ഇട്ട് ഉണ്ടാക്കുന്നതും ചട്‌ണി പോലെയുള്ളതുമായ ഒരു കറി എന്നാണ് എന്റെ ഓർമ്മ.

© Mubi said...

പറങ്കിക്കറി ഞാന്‍ കഴിച്ചിട്ടില്ല.. :(

Cv Thankappan said...

ടിപ് കൊടുത്താലും വാടക കൊടുക്കേണ്ടിവന്നില്ലല്ലോ!സന്തോഷം.
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

മുബീ...ഉണ്ടാക്കി നോക്കൂ.

തങ്കപ്പേട്ടാ...അതെ,സന്തോഷം

Post a Comment

നന്ദി....വീണ്ടും വരിക