Pages

Saturday, September 30, 2017

വയോജനദിന ചിന്തകള്‍

ഒക്റ്റോബര്‍ 1   ലോക വയോജനദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1991 മുതലാണ് എന്ന് പറയപ്പെടുന്നു. പക്ഷെ ഞാന്‍ ഈ ദിനത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇത് വായിക്കുന്ന പലരുടെയും അനുഭവവും ഇത് തന്നെയായിരിക്കും.

വയോജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രയാസങ്ങളില്‍ ഏറ്റവും പ്രധാനം എന്ത് എന്ന് വൃദ്ധസദനങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ആരെയും പറഞ്ഞ് അറിയിക്കേണ്ടതില്ല. തണല്‍ നല്‍കിയവര്‍ക്ക് തണല്‍ നല്‍കാന്‍ “തണല്‍” എന്ന പരസ്യം കേരളത്തെ സംബന്ധിച്ചിടത്തോളം അതിശയോക്തിയല്ല. അതെ, വാര്‍ദ്ധക്യം ബാധിച്ചു എന്നതിനെക്കാളും പലരെയും സങ്കടപ്പെടുത്തുന്നത് വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലാണ്. അമ്പത് - അറുപത് വയസ്സ് വരെ, എന്റെ മകന്‍ യു.എസ്‌ലും മകള്‍ യു.കെയിലുമാണ് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന മാതാപിതാക്കള്‍ എഴുപതില്‍ എത്തുമ്പോള്‍ വൃദ്ധസദനത്തില്‍ മറ്റുള്ളവരുടെ കാരുണ്യത്തില്‍ ജീവിക്കുമ്പോള്‍ മക്കളെപ്പറ്റി ഒരക്ഷരം പറയാന്‍ പോലും മടിക്കുന്നു.

ഇക്കഴിഞ്ഞ ആഴ്ച പെരിന്തല്‍മണ്ണ IHRD ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി ഒരു ഓറിയെന്റേഷന്‍ ക്ലാസ് എടുത്തു. ക്ലാസിനിടയില്‍ അഞ്ച് തുണ്ട് പേപ്പറുകളില്‍ ഞാന്‍ അഞ്ച് കാര്യങ്ങള്‍ എഴുതാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങളുടെ കുടുംബത്തിലെ ആള്‍ , നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വസ്തു, നിങ്ങളുടെ ഒരു കഴിവ് , നിങ്ങളുടെ സ്വപ്നം , എന്നും നിങ്ങളുടെ കൂടെ ഉണ്ടാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ആള്‍ അല്ലെങ്കില്‍ വസ്തു ഇത്രയും ആയിരുന്നു ചോദ്യങ്ങള്‍. പിന്നെ അതില്‍ നിന്നും അവര്‍ ഏറ്റവും പിന്‍‌ഗണന കൊടുക്കുന്നവ ഓരോന്നായി  ഒരു ‘കാലന്‍’ പിടിച്ചു വാങ്ങി അവസാനം എല്ലാവരുടെയും കയ്യില്‍ ഒരു പേപ്പര്‍ മാത്രം ബാക്കിയായി.

കൂട്ടത്തില്‍ നിന്നും 3 ആണ്‍‌കുട്ടികളെയും 3 പെണ്‍കുട്ടികളെയും വിളിച്ച് അവരുടെ കയ്യില്‍ ബാക്കി വന്ന കടലാസില്‍ ഉള്ളത് ഞാന്‍ വായിപ്പിച്ചു. ആറില്‍ അഞ്ചും മാതാവ്/പിതാവ് എന്നായിരുന്നു. എന്ന് മാത്രമല്ല ഈ അവസാനത്തെ തുണ്ട് പേപ്പറും ‘കാലന്‍’ തട്ടി എടുക്കുമോ എന്ന ഭയം കാരണം പലരും അത് മുറുക്കി പിടിക്കുന്നതും കണ്ടു.ഇതോടൊപ്പം ചേര്‍ത്തു വായിക്കാന്‍ ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്നും അമ്മയെ കാണാന്‍  മുംബയിലെ ഫ്ലാറ്റില്‍ എത്തിയ മകന്‍ കണ്ട അസ്ഥിപഞ്ജരത്തിന്റെ വാര്‍ത്ത കൂടി ഞാന്‍ പറഞ്ഞു. ഈ കൂട്ടത്തില്‍ 95% പേരും തങ്ങളുടെ മാതാപിതാക്കളെ ഇനി വൃദ്ധസദനത്തിലേക്ക് തള്ളില്ല എന്ന് എനിക്കുറപ്പുണ്ട്.

ഇന്നത്തെ തലമുറ ജീവിക്കുന്നത് മൂല്യങ്ങള്‍ ഇല്ലാത്തവരായിക്കൊണ്ടാണ്. എങ്കിലും ചില മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊടുത്താല്‍ അത് പാലിക്കാന്‍ അവര്‍ തയ്യാറാകുന്നുണ്ട്. അത്തരത്തില്‍ പെട്ട ഒന്നാണ് മാതാപിതാക്കളെ പരിചരിക്കുക എന്നത്. ജീവിതത്തിലെ അല്പ സമയമെങ്കിലും, വാര്‍ദ്ധക്യത്തില്‍ എത്തിനില്‍ക്കുന്ന സ്വന്തം മാതാപിതാക്കള്‍ക്കായി ചെലവഴിക്കാന്‍ എല്ലാ മക്കള്‍ക്കും സാധിക്കട്ടെ.ഇല്ലെങ്കില്‍ നമ്മുടെയും ഗതി ഇതു തന്നെയാകും എന്ന് ഇപ്പോഴേ മനസ്സിലാക്കുന്നത് നന്ന്.

3 comments:

Areekkodan | അരീക്കോടന്‍ said...

ജീവിതത്തിലെ അല്പ സമയമെങ്കിലും, വാര്‍ദ്ധക്യത്തില്‍ എത്തിനില്‍ക്കുന്ന സ്വന്തം മാതാപിതാക്കള്‍ക്കായി ചെലവഴിക്കാന്‍ എല്ലാ മക്കള്‍ക്കും സാധിക്കട്ടെ.ഇല്ലെങ്കില്‍ നമ്മുടെയും ഗതി ഇതു തന്നെയാകും എന്ന് ഇപ്പോഴേ മനസ്സിലാക്കുന്നത് നന്ന്.

Cv Thankappan said...

കുടുംബത്തില്‍നിന്ന് ചെറുപ്പത്തിലേ പഠിക്കണം പഠിപ്പിക്കണം
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...മക്കള്‍ക്ക് ഈ അവസ്ഥ നേരിട്ട് കാണിച്ചു കൊടുക്കണം.എന്നിട്ട് അവര്‍ പറയണം, അല്ല മനസ്സിലാക്കണം-എന്റെ മാതാപിതാക്കളെ ഈ അവസ്ഥയിലേക്ക് തള്ളില്ല എന്ന്.

Post a Comment

നന്ദി....വീണ്ടും വരിക