Pages

Friday, August 25, 2017

കേട്ടറിഞ്ഞ കുട്ടനാടിലൂടെ...

               വയറ്റിലെ കരിമീനിന്റെ ആധിക്യം കണ്ണിലൂടെ ഉറക്കമായി വരാൻ തുടങ്ങിയപ്പോഴേക്കും കുട്ടനാടിന്റെ പ്രകൃതി സൌന്ദര്യം ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കൊയ്ത്തു കഴിഞ്ഞ വയലുകൾക്ക് നടുവിലൂടെയുള്ള റോഡിലൂടെ കാർ നീങ്ങിക്കൊണ്ടിരുന്നു. കുട്ടനാട് സമുദ്ര നിരപ്പിൽ നിന്നും താഴെയാണ് എന്ന് പറഞ്ഞത് ഇപ്പോൾ ശരിക്കും ഞങ്ങൾക്ക് ബോധ്യപ്പെട്ടു. കായലിനെക്കാളും താഴ്ന്ന വിതാനത്തിലായിരുന്നു വയലുകൾ സ്ഥിതി ചെയ്തിരുന്നത്.
                  കൊയ്ത്ത് കഴിഞ്ഞ പാടം ഉഴുതുമറിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ വിവിധ തരത്തിൽ പെട്ട കൊക്കുകളും മറ്റു പക്ഷികളും അവയുടെ അന്നം തേടിക്കൊണ്ടിരിക്കുന്നു. ചെറിയ ഒരു ശബ്ദം ഉണ്ടാക്കിയപ്പോൾ എല്ലാം കൂടി പറന്നുയരുന്നത് കാണാൻ നല്ല ചന്തം.
                   കുട്ടനാടിന്റെ ഭംഗി കാണാൻ നെല്ല് കൊയ്യുന്നതിന്റെ മുമ്പ് എത്തണം എന്ന് ആന്റണി പറഞ്ഞു. എങ്ങും പച്ച മാത്രം കാണുന്ന ആ കാഴ്ച ഞാൻ മനസ്സിൽ കണ്ടു. കൊയ്ത്ത് കഴിഞ്ഞാൽ ആ വയലിൽ നെൽചെടിയുടെ കുറ്റികൾ ഉണ്ടാകും. അത് നീക്കം ചെയ്യുന്നത് മെനക്കെട്ട ഒരു പണിയാണ്. അത് ഇല്ലാതാക്കാനുള്ള സൂത്രവും ദൈവം കുട്ടനാട്ടുകാരെ പഠിപ്പിച്ചിട്ടുണ്ട്.
                     ബണ്ട് പൊട്ടിച്ച്, കൊയ്ത്ത് കഴിഞ്ഞ വയലിലേക്ക് ഉപ്പ്‌വെള്ളം കടത്തിവിടും. അങ്ങനെ ഏക്കർ കണക്കിന് വയൽ മുഴുവൻ ഉപ്പുവെള്ളത്തിൽ മുങ്ങും.പലതരം മീനുകളും കിട്ടും. ഒരാഴ്ചയോളം വെള്ളത്തെ ഇങ്ങനെ കെട്ടി നിർത്തും. ശേഷം വളരെയധികം ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് ഈ വെള്ളം മുഴുവൻ തിരിച്ച് പമ്പ് ചെയ്ത് കയറ്റും. അതും കഴിഞ്ഞ് ഉഴുതുമറിക്കും.
                      റോഡും വയലും പല സ്ഥലങ്ങളിലും വിതാനത്തിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു.പക്ഷെ ഉപ്പുവെള്ളം നിറച്ച സ്ഥലങ്ങളിൽ അവ ഒപ്പത്തിനൊപ്പം നിന്നു. നേരത്തെ ബോട്ടിൽ എത്തിയ പല സ്ഥലങ്ങളും ഇപ്പോൾ കാൽ നടയിലൂടെ കണ്ടു. കുട്ടനാടിന്റെ ഹൃദയഭൂമിയിലൂടെയുള്ള ആ പഥ സഞ്ചലനം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഗ്രാമീണത മുറ്റുന്ന സ്ഥലങ്ങളും വഞ്ചിയാൽ ബന്ധിക്കപ്പെട്ട ചെറിയ ചെറിയ തുരുത്തുകളും എവിടെയൊക്കെയോ മനസ്സിൽ തറച്ച് നിന്നു.
                   കുട്ടനാട് മതിവരുവോളം കണ്ട് വൈകിട്ട് 4 മണിയോടെ ഞങ്ങൾ ആന്റണിയുടെ വീട്ടിലെത്തി. ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകേണ്ടതിനാൽ അവിടെ ഞങ്ങൾ അധിക സമയം ചെലവഴിച്ചില്ല. ലഘു ചായ സൽക്കാരം ഏറ്റു വാങ്ങി ഞങ്ങൾ റൂമിലേക്ക് തന്നെ തിരിച്ചു.
                    റിട്ടേൺ ടിക്കറ്റ് റിസർവ്വ് ചെയ്യാതിരുന്നതിനാൽ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നത് ദുഷ്കരമായിരുന്നു. രാത്രി ബസ്സിൽ മടങ്ങുന്നതും ഒരു സാഹസമായി എല്ലാവരും അഭിപ്രായപ്പെട്ടു. ഒരു രാത്രികൂടി അവിടെ തങ്ങാനുള്ള വകുപ്പും ഇല്ലായിരുന്നു. അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ പ്രയാസപ്പെടുമ്പോഴാണ് ബിനാലെ കണ്ട് മടങ്ങിയ ദിവസം താമസിച്ച എറണാകുളത്തെ സുഹൃത്ത് ഖൈസിന്റെ വീട് ഓർമ്മയിൽ വന്നത്. അവനെ വിളിച്ച് അന്ന് രാത്രി താമസം അവിടെ ഉറപ്പിച്ചു. അങ്ങനെ റെയ്ബാനിൽ നിന്നും ആന്റണിയോട് വിട പറഞ്ഞ്, സന്ധ്യയോടെ ഞങ്ങൾ എറണാകുളത്തേക്ക് ബസ് കയറി.

(തുടരും...)

4 comments:

Areekkodan | അരീക്കോടന്‍ said...

കുട്ടനാടൻ പുഞ്ചയിലെ....തിത്തിതാര തിത്തൈ തക തിത്തിത്തോം

Bipin said...

വികസനം എന്ന സാധനം കുട്ടനാട്ടിലെ പ്രകൃതി ഭംഗിയേയും കൊണ്ട് പോകാറായി മാഷേ

Muralee Mukundan , ബിലാത്തിപട്ടണം said...

നേരത്തെ ബോട്ടിൽ എത്തിയ പല
സ്ഥലങ്ങളും ഇപ്പോൾ കാൽ നടയിലൂടെ കണ്ടു.
കുട്ടനാടിന്റെ ഹൃദയഭൂമിയിലൂടെയുള്ള ആ പഥ സഞ്ചലനം
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഗ്രാമീണത മുറ്റുന്ന സ്ഥലങ്ങളും
വഞ്ചിയാൽ ബന്ധിക്കപ്പെട്ട ചെറിയ ചെറിയ തുരുത്തുകളും എവിടെയൊക്കെയോ മനസ്സിൽ തറച്ച് നിന്നു.

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ...അതെ, വികസനം അവസാനം ആസനം മത്രമായി മാറും

മുരളിയേട്ടാ...ഇതെന്നെല്ലേ ഞമ്മളും പറഞ്ഞത്?

Post a Comment

നന്ദി....വീണ്ടും വരിക