Pages

Friday, June 23, 2017

ഫിത്വ്‌ര്‍ സകാത്ത് ഓര്‍മ്മകള്‍

ഒരു മാസക്കാലത്തെ റമദാന്‍ വ്രതാനുഷ്ടാനം പരിസമാപിക്കുകയാണ്. മനസ്സും ശരീരവും നിയന്ത്രിച്ച് നിര്‍ത്താന്‍ ഒരു വിശ്വാസി ഒരു മാസത്തെ പരിശീലനം നേടുകയായിരുന്നു റമദാന്‍ വ്രതാനുഷ്ടാനത്തിലൂടെ. ഇനി ഫിത്വ്‌ര്‍ സകാത്ത് കൂടി നല്‍കി അതിന് പൂര്‍ണ്ണത നല്‍കുകയാണ് ഓരോ വിശ്വാസിയും.

ഓരോ മുസ്ലിമും നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട ഒന്നാണ് ഫിത്വ്‌ര്‍ സകാത്ത്. ശവ്വാല്‍ പിറ കാണുന്നതിന് മുമ്പ് കുടുംബത്തില്‍ ജീവനോടെയുള്ള ഓരോരുത്തരുടെയും പേരില്‍ ഒരു നിശ്ചിത സംഖ്യ നല്‍കുന്നതാണ് ഫിത്വ്‌ര്‍ സകാത്ത്. പെരുന്നാള്‍ ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ ഒരു കുടുംബത്തിന് ഒരു നേരത്തേക്ക് വേണ്ട സാധന സാമഗ്രികളുടെ വിലയാണ് മേല്‍ പറഞ്ഞ നിശ്ചിത സംഖ്യ. ഇത്തവണ ഇത് 75 രൂപയാണ്.

ഫിത്വ്‌ര്‍ സകാത്ത് എന്റെ ബാല്യകാലത്തെ നിറമുള്ള ചില ഓര്‍മ്മകളാണ്. അവസാനത്തെ നോമ്പ് ദിവസം രണ്ട് സഞ്ചികളിലായി ഉമ്മ അരി തരും. ഞാനും അനിയനും  പഠിച്ച മദ്രസയില്‍ അത് കൊണ്ട് കൊടുക്കണം. വിവിധ വീടുകളില്‍ നിന്നും ഇങ്ങനെ എത്തുന്ന അരി സഞ്ചികള്‍ മുഴുവന്‍ അവിടെ സ്വരൂപിക്കുന്നത് നോക്കി അല്പ സമയം ഇരിക്കും. എത്തിയ അരി മുഴുവന്‍ ഒന്നിച്ച് കൂട്ടും. അന്ന് എല്ലാ വീട്ടില്‍ നിന്നും വന്നത് ഒരേ തരം അരിയായിരുന്നു - റേഷന്‍ അരി. അതിനാല്‍ എല്ലാം കൂടി കൂട്ടിയാലും പ്രശ്നം ഉണ്ടായിരുന്നില്ല.

മദ്രസാ പഠനം കഴിഞ്ഞ ശേഷം, എന്റെ ബാപ്പ കൂടി മുന്‍ കൈ എടുത്ത് അരീക്കോട് ഉണ്ടാക്കിയ മസ്ജിദുല്‍ ഹുദായിലെ ഫിത്വ്‌ര്‍ സകാത്ത് വിതരണത്തിലും പങ്കെടുത്ത ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഞങ്ങളുടെ വിഹിതമായി വീട്ടില്‍ നിന്നും തന്ന അരി ഞാനും അനിയനും കൂടി പള്ളിയില്‍ എത്തിക്കും. അത്തരത്തില്‍ അവിടെ എത്തുന്ന  അരി മുഴുവന്‍ കൂട്ടിക്കലര്‍ത്തി വിവിധ കവറുകളിലാക്കി പാക്ക് ചെയ്യും. അര്‍ഹരായവരുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കി വച്ചിരിക്കും. പിന്നെ കവറും ഏറ്റി ഓരോ വീടുകളിലും എത്തിക്കും. ഒരു വിഹിതം ഞങ്ങള്‍ക്കും കിട്ടിയതും ഓര്‍മ്മയിലുണ്ട്. സകാത്ത് കൈകാര്യം ചെയ്യുന്നവര്‍ക്ക് അതില്‍ വിഹിതമുണ്ട് എന്ന് പണ്ട് ഞങ്ങള്‍ മദ്രസയില്‍ പഠിച്ചിരുന്നത് ഇതാണ് എന്ന് അന്ന് മനസ്സിലായി.

ഇന്ന് വിവിധ തരം അരികളാണ് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്നത്.റേഷനരി വാങ്ങുന്നവര്‍ വളരെ കുറവും.അതിനാല്‍ തന്നെ ഫിത്വ്‌ര്‍ സകാത്ത് ആയി അരി സ്വീകരിക്കാന്‍ ബുദ്ധിമുട്ടായി.പകരം കാശ് സ്വീകരിച്ച് അരി ഒന്നിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ഔദ്യോഗിക തിരക്കുകള്‍ കാരണം അതിന്റെ വിതരണത്തില്‍ ഇപ്പോള്‍ എനിക്ക് പങ്കെടുക്കാന്‍ സാധിക്കാറില്ല. സഹജീവികളുടെ വിശപ്പകറ്റാന്‍ ചെയ്യുന്ന ഈ മഹത് പ്രവര്‍ത്തനത്തില്‍ എല്ലാവരും സജീവമായാല്‍ അത് മാതൃകാപരമായ ഒരു പ്രവര്‍ത്തനമായി മാറും എന്ന് തീര്‍ച്ച.

6 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് എല്ലാ വീട്ടില്‍ നിന്നും വന്നത് ഒരേ തരം അരിയായിരുന്നു - റേഷന്‍ അരി. അതിനാല്‍ എല്ലാം കൂടി കൂട്ടിയാലും പ്രശ്നം ഉണ്ടായിരുന്നില്ല.

സുധി അറയ്ക്കൽ said...

നല്ല ഓർമ്മകൾ.കൂടാതെ പെരുന്നാൾ ആശംസകൾ!!

Areekkodan | അരീക്കോടന്‍ said...

സുധീ...നന്ദി, ആശംസകള്‍ സ്വീകരിച്ചു

Manikandan said...

ചെറിയപെരുന്നാൾ ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ന് വിവിധ തരം അരികളാണ് മാര്‍ക്കറ്റില്‍
നിന്നും ലഭിക്കുന്നത്.റേഷനരി വാങ്ങുന്നവര്‍ വളരെ
കുറവും.അതിനാല്‍ തന്നെ ഫിത്വ്‌ര്‍ സകാത്ത് ആയി അരി
സ്വീകരിക്കാന്‍ ബുദ്ധിമുട്ടായി.പകരം കാശ് സ്വീകരിച്ച് അരി
ഒന്നിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ഔദ്യോഗിക തിരക്കുകള്‍
കാരണം അതിന്റെ വിതരണത്തില്‍ ഇപ്പോള്‍ എനിക്ക് പങ്കെടുക്കാന്‍
സാധിക്കാറില്ല. സഹജീവികളുടെ വിശപ്പകറ്റാന്‍ ചെയ്യുന്ന ഈ മഹത് പ്രവര്‍ത്തനത്തില്‍ എല്ലാവരും സജീവമായാല്‍ അത് മാതൃകാപരമായ ഒരു പ്രവര്‍ത്തനമായി മാറും എന്ന് തീര്‍ച്ച.

Areekkodan | അരീക്കോടന്‍ said...

മണികണ്ഠാ...നന്ദിയോടെ സ്വീകരിച്ചു.

മുരളിയേട്ടാ...വായനക്ക് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക