Pages

Sunday, June 25, 2017

ഈദുല്‍ ഫിത്വ്‌ര്‍

ഈദുല്‍ ഫിത്വ്‌ര്‍ എന്നത് മിക്കവാറും എല്ലാ മതക്കാരും കേട്ടിട്ടെങ്കിലും ഉണ്ടാകും. ചെറിയ പെരുന്നാള്‍ എന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി കിട്ടുമ്പോഴെങ്കിലും എല്ലാവരും അറിഞ്ഞിരിക്കും.ഈദുല്‍ ഫിത്വ്‌റും ചെറിയ പെരുന്നാളും ഒന്ന് തന്നെയാണ്. ചെറിയ പെരുന്നാള്‍ എന്ന പേര് എവിടെ നിന്ന് വന്നു എന്നത് ഇന്നും എനിക്ക് അജ്ഞാതമാണ്.അറിയുന്നവര്‍ പറഞ്ഞ് തന്നാല്‍ നന്നായിരുന്നു.

ഫിത്വ്‌റ് എന്നാല്‍ വ്രത വിരാമം എന്നാണ് അര്‍ത്ഥം. ഈദ് എന്നാല്‍ ആഘോഷം എന്നും. അപ്പോള്‍ ഈദുല്‍ ഫിത്വ്‌ര്‍ എന്നാല്‍ വ്രതത്തില്‍ നിന്നും  വിരമിച്ച ശേഷമുള്ള ആഘോഷം എന്നര്‍ത്ഥം. ഇന്ന് മുസ്ലികള്‍ ആഘോഷിക്കുന്നതും ഒരു മാസത്തെ വ്രതം കഴിഞ്ഞുള്ള പെരുന്നാള്‍ ആണ്. വ്രതം കഴിഞ്ഞ് അതില്‍ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് പൊറുത്ത് തര‍ാന്‍ ഫിത്വ്‌റ് സകാത്തും നല്‍കിയ ശേഷമാണ് ഒരു മുസ്ലിം ഈദ് നമസ്കാരത്തിനായി എത്തുന്നത്.

ഈദിന്റെ വരവ് അറിയിച്ച് ശവാലമ്പിളി മാനത്ത് തെളിയുമ്പോള്‍ എന്റെ ഓര്‍മ്മകള്‍ കഴിഞ്ഞ നൂറ്റാണ്ടിലേക്കാണ് പായുന്നത്. 1998ല്‍ എം.എസ്.സി രണ്ടാം വര്‍ഷത്തിന് പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിക്കുമ്പോഴാണ് ആ വര്‍ഷത്തെ റംസാന്‍ കടന്നു വന്നത്. ഹോസ്റ്റലില്‍ മെസ്സ് നടത്തുന്നത് സംബന്ധിച്ച് ഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നോമ്പിന് മെസ്സ് നിര്‍ബന്ധമായിരുന്നു. അങ്ങനെ ഭക്ഷണം ഉണ്ടാക്കാന്‍, മുന്‍ പരിചയം ഉണ്ടോ ഇല്ലേ എന്നു പോലും അറിയാത്ത ഒരാളെ ആ കര്‍മ്മം ഏല്പിച്ചു. അന്നാണ് ആദ്യമായി ഞാന്‍ ചുടുവെള്ളത്തില്‍ ചെറുനാരങ്ങ കലക്കി കുടിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ പച്ചവെള്ളം കുടിക്കാന്‍ പേടിയായിരുന്നു.

മേല്‍ പറഞ്ഞ ‘കുക്ക്’ വച്ച് തരുന്ന ഭക്ഷണം എല്ലാവരും കഴിക്കും.പകല്‍ മുഴുവന്‍ വ്രതമായതിനാല്‍ ആ സമയത്ത് എന്ത് കിട്ടിയാലും തിന്നുമായിരുന്നു. അതാണോ അതല്ല ഭക്ഷണത്തിന്റെ രുചിയാണോ അന്നത്തെ ഉത്തേജക ശക്തി എന്ന് ഓര്‍മ്മയില്ല.ഇന്നത്തെ പോലെ രണ്ടും മൂന്നും പൊരികള്‍ ഒന്നും അന്ന് ഇല്ല. പള്ളിയില്‍ നോമ്പ് തുറക്ക് സമൂസ ഉണ്ടാകും എന്നതിനാല്‍ കോമു പള്ളിയില്‍ നോമ്പ് തുറക്കാന്‍ പോകും, മുജാഹിദ് ആദര്‍ശത്തിലുള്ള പള്ളി ആയതിനാല്‍ ജമാ‌അത്ത് നമസ്കാരത്തില്‍ പങ്കെടുക്കില്ല!!

ഭക്ഷണം കഴിഞ്ഞ് ഇഷാ‌അ് നമസ്കാരത്തിന് മുമ്പായി ഞങ്ങള്‍ “ബീച്ചിലേക്ക്” ഇറങ്ങും.കടലിന്റെ ഇരമ്പം കേള്‍ക്കുന്ന അത്രയും ദൂരത്തായിരുന്നു ഹോസ്റ്റല്‍ ഉണ്ടായിരുന്നത്.അപ്പോള്‍ ഹോസ്റ്റലിന്റെ മുറ്റം എന്നാല്‍ ബീച്ച് തന്നെ.ആ മുറ്റത്തിരുന്ന് ഞങ്ങള്‍ കൂട്ടമായി പാട്ടു പാടും (ഒറ്റക്ക് പാടാന്‍ എല്ലാവര്‍ക്കും പേടിയാണ് - നാട്ടുകാര്‍ ഇറങ്ങും!!).ആ പാട്ടിലെ ആദ്യത്തെ വരി ഇപ്പോള്‍ എനിക്ക് ശരിക്കോര്‍മ്മയില്ല.പക്ഷെ അടുത്ത വരികള്‍ ഇങ്ങനെയായിരുന്നു.

........................................................................................
ശവ്വാലിന്‍ പിറ കാണും വരെയും തറാവി നമസ്കാരം
ഇസ്ലാം മത വിശ്വാസമതഞ്ച് നമസ്കാരം
അള്ളാഹിവിനാരാധന നിത്യ നമസ്കാരം.

ബൂലോകര്‍ക്കെല്ലാം ഞങ്ങളുടെ ഈദാശംസകള്‍.

Friday, June 23, 2017

ഫിത്വ്‌ര്‍ സകാത്ത് ഓര്‍മ്മകള്‍

ഒരു മാസക്കാലത്തെ റമദാന്‍ വ്രതാനുഷ്ടാനം പരിസമാപിക്കുകയാണ്. മനസ്സും ശരീരവും നിയന്ത്രിച്ച് നിര്‍ത്താന്‍ ഒരു വിശ്വാസി ഒരു മാസത്തെ പരിശീലനം നേടുകയായിരുന്നു റമദാന്‍ വ്രതാനുഷ്ടാനത്തിലൂടെ. ഇനി ഫിത്വ്‌ര്‍ സകാത്ത് കൂടി നല്‍കി അതിന് പൂര്‍ണ്ണത നല്‍കുകയാണ് ഓരോ വിശ്വാസിയും.

ഓരോ മുസ്ലിമും നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട ഒന്നാണ് ഫിത്വ്‌ര്‍ സകാത്ത്. ശവ്വാല്‍ പിറ കാണുന്നതിന് മുമ്പ് കുടുംബത്തില്‍ ജീവനോടെയുള്ള ഓരോരുത്തരുടെയും പേരില്‍ ഒരു നിശ്ചിത സംഖ്യ നല്‍കുന്നതാണ് ഫിത്വ്‌ര്‍ സകാത്ത്. പെരുന്നാള്‍ ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ ഒരു കുടുംബത്തിന് ഒരു നേരത്തേക്ക് വേണ്ട സാധന സാമഗ്രികളുടെ വിലയാണ് മേല്‍ പറഞ്ഞ നിശ്ചിത സംഖ്യ. ഇത്തവണ ഇത് 75 രൂപയാണ്.

ഫിത്വ്‌ര്‍ സകാത്ത് എന്റെ ബാല്യകാലത്തെ നിറമുള്ള ചില ഓര്‍മ്മകളാണ്. അവസാനത്തെ നോമ്പ് ദിവസം രണ്ട് സഞ്ചികളിലായി ഉമ്മ അരി തരും. ഞാനും അനിയനും  പഠിച്ച മദ്രസയില്‍ അത് കൊണ്ട് കൊടുക്കണം. വിവിധ വീടുകളില്‍ നിന്നും ഇങ്ങനെ എത്തുന്ന അരി സഞ്ചികള്‍ മുഴുവന്‍ അവിടെ സ്വരൂപിക്കുന്നത് നോക്കി അല്പ സമയം ഇരിക്കും. എത്തിയ അരി മുഴുവന്‍ ഒന്നിച്ച് കൂട്ടും. അന്ന് എല്ലാ വീട്ടില്‍ നിന്നും വന്നത് ഒരേ തരം അരിയായിരുന്നു - റേഷന്‍ അരി. അതിനാല്‍ എല്ലാം കൂടി കൂട്ടിയാലും പ്രശ്നം ഉണ്ടായിരുന്നില്ല.

മദ്രസാ പഠനം കഴിഞ്ഞ ശേഷം, എന്റെ ബാപ്പ കൂടി മുന്‍ കൈ എടുത്ത് അരീക്കോട് ഉണ്ടാക്കിയ മസ്ജിദുല്‍ ഹുദായിലെ ഫിത്വ്‌ര്‍ സകാത്ത് വിതരണത്തിലും പങ്കെടുത്ത ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഞങ്ങളുടെ വിഹിതമായി വീട്ടില്‍ നിന്നും തന്ന അരി ഞാനും അനിയനും കൂടി പള്ളിയില്‍ എത്തിക്കും. അത്തരത്തില്‍ അവിടെ എത്തുന്ന  അരി മുഴുവന്‍ കൂട്ടിക്കലര്‍ത്തി വിവിധ കവറുകളിലാക്കി പാക്ക് ചെയ്യും. അര്‍ഹരായവരുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കി വച്ചിരിക്കും. പിന്നെ കവറും ഏറ്റി ഓരോ വീടുകളിലും എത്തിക്കും. ഒരു വിഹിതം ഞങ്ങള്‍ക്കും കിട്ടിയതും ഓര്‍മ്മയിലുണ്ട്. സകാത്ത് കൈകാര്യം ചെയ്യുന്നവര്‍ക്ക് അതില്‍ വിഹിതമുണ്ട് എന്ന് പണ്ട് ഞങ്ങള്‍ മദ്രസയില്‍ പഠിച്ചിരുന്നത് ഇതാണ് എന്ന് അന്ന് മനസ്സിലായി.

ഇന്ന് വിവിധ തരം അരികളാണ് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്നത്.റേഷനരി വാങ്ങുന്നവര്‍ വളരെ കുറവും.അതിനാല്‍ തന്നെ ഫിത്വ്‌ര്‍ സകാത്ത് ആയി അരി സ്വീകരിക്കാന്‍ ബുദ്ധിമുട്ടായി.പകരം കാശ് സ്വീകരിച്ച് അരി ഒന്നിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ഔദ്യോഗിക തിരക്കുകള്‍ കാരണം അതിന്റെ വിതരണത്തില്‍ ഇപ്പോള്‍ എനിക്ക് പങ്കെടുക്കാന്‍ സാധിക്കാറില്ല. സഹജീവികളുടെ വിശപ്പകറ്റാന്‍ ചെയ്യുന്ന ഈ മഹത് പ്രവര്‍ത്തനത്തില്‍ എല്ലാവരും സജീവമായാല്‍ അത് മാതൃകാപരമായ ഒരു പ്രവര്‍ത്തനമായി മാറും എന്ന് തീര്‍ച്ച.

Sunday, June 18, 2017

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന....

“ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം...
തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം....
മരമൊന്നുലുത്തുവാന്‍ മോഹം....“

ചില്ല്‌ എന്ന ചിത്രത്തിന് വേണ്ടി ശ്രീ.ഒ.എന്‍.വി കുറുപ്പ് എഴുതിയ ഗാനം മനസ്സില്‍ തട്ടിയ ചില നിമിഷങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസം ഞാന്‍ കടന്നു പോയി.
                 മൂത്തമോള്‍ ലുലു പ്ലസ് ടു വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഡിഗ്രി പഠനത്തിനായി ഫാറൂഖ് കോളേജില്‍ ചേര്‍ന്നു.ഇക്കഴിഞ്ഞ വ്യാഴാഴ്ച അവള്‍ക്ക് ക്ലാസ് തുടങ്ങി. കോളേജ് കുമാരിയായി അരങ്ങേറ്റം നടത്തുന്ന ദിവസം ഞാനും അവളെ അനുഗമിച്ചു.
               28 വര്‍ഷം മുമ്പ് ഡിഗ്രി പ്രവേശനത്തിനുള്ള സാധ്യതാലിസ്റ്റില്‍ ഉള്‍പെട്ട് പ്രവേശനം കാത്ത് ഞാന്‍ ഇരുന്ന അതേ യൂസഫ് സാഗര്‍ ഓഡിറ്റോറിയത്തില്‍ ഒരു പിതാവിന്റെ റോളില്‍ ഞാന്‍ ഇരിക്കുമ്പോള്‍ എന്റെ കണ്ണ് ആ വരാന്തയിലൂടെ മേഞ്ഞു. ഫിസിക്സ് ഡിപാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്ന ആ പഴയ കെട്ടിടത്തിന്റെ ഓരോ തൂണും എന്നെ മാടി വിളിച്ചു കൊണ്ടിരുന്നു. ഓര്‍മ്മകളുടെ തിരമാലകള്‍ സുനാമി കണക്കെ എന്റെ മനോമുകുരത്തിലൂടെ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി.
           തൂണുകള്‍ പറയുന്ന കഥകള്‍ കേട്ട് ഞാന്‍ എന്റെ ക്ലാസ്സിന്റെ വാതിലില്‍ എത്തി. 1992 മാര്‍ച്ച് 31ന് ഈ ക്ലാസ്സില്‍ നിന്നാണ് ഞാന്‍ പടി ഇറങ്ങിയത്. അന്ന് അത് ബി.എസ്.സി ഫൈനല്‍ ഇയര്‍ എന്ന ലേബലില്‍ അറിയപ്പെട്ടിരുന്നത് ഇന്ന് ബി.എസ്.സി ആറാം സെമസ്റ്റര്‍ എന്ന ലേബലില്‍ അറിയപ്പെടുന്നു.
           ഞാന്‍ എന്റെ ആ ക്ലാസ്സിനകത്തേക്ക് ഒന്ന് നോക്കി.മധ്യ നിരയിലെ ആദ്യ ബെഞ്ചിലെ ഒരറ്റത്ത് അതാ ഞാന്‍ ഇപ്പോഴും ഇരിക്കുന്നു !!ഖൈസും , രജീഷും,ഹാരിസും , സുധീറും,ബഷീറും,ഹസീനയും,റഹ്മത്തുന്നീസയും, സിന്ധുമേനോനും,രാധയും, ലതയും,ജമാലും,ഷിഹാബും,നജീബും, ബുഷ്രയും, മറിയംബിയും,റബീബയും,ശ്രീജയും,ഷീബയും എല്ലാം എന്റെ തൊട്ടപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നു!ശുഭ മിസിന്റെ ഒപ്റ്റിക്സ് ക്ലാസ് ആണ് നടന്നു കൊണ്ടിരിക്കുന്നത്.
              പിരിയേഡിന് അന്ത്യം കുറിക്കുന്ന ബെല്ല് മുഴങ്ങി. ടീച്ചര്‍ പുറത്തിറങ്ങി ഡിപ്പാര്‍ട്മെന്റിനകത്തേക്ക് നടന്നു പോയി. പക്ഷെ അവിടെ ശുഭ മിസ് ഒഴികെ എന്റെ അന്നത്തെ അധ്യാപകര്‍ ആരും തന്നെയില്ല. എല്ലാവരും റിട്ടയര്‍ ചെയ്തു കഴിഞ്ഞു, ചിലര്‍ ജീവിതത്തില്‍ നിന്നും.
             പെട്ടെന്ന് എന്റെ ചെവിയില്‍ ഒരു ഗാനം കേള്‍ക്കാന്‍ തുടങ്ങി.ഞാന്‍ ആ പാട്ടിന്റെ ഉറവിടം തേടി ഇറങ്ങി. രാജാ ഗേറ്റിലിരുന്ന് ഒരു കുയില്‍ ആണ് ആ പാട്ടു പാടുന്നത്.

മധുരിക്കും ഓര്‍മ്മകളെ...
മലര്‍ മഞ്ചല്‍ കൊണ്ടു വരൂ...
കൊണ്ടു പോകൂ ഞങ്ങളെയാ
ക്ലാസുമുറിയില്‍....ആ
ക്ലാസുമുറിയില്‍....

ഒരിക്കല്‍ കൂടി ആ ഗേറ്റിലൂടെ എന്റെ പ്രിയ കലാലയത്തെ നോക്കി ഞാന്‍ ടൌണിലേക്കുള്ള പച്ച ബസ്സില്‍ കയറി.

Saturday, June 10, 2017

നടുവടി

             എന്റെ കുട്ടിക്കാലത്ത് നടുവടി എന്ന ഈ കളി ഏറെ വാശിയേറിയ ഒന്നായിരുന്നു. അന്ന് ഇതിന്റെ പേര് മറ്റെന്തോ ആയിരുന്നു. കളിസ്ഥലത്തിന്റെ മധ്യത്തിലായി ഒരു വടി വയ്ക്കുന്നതിനാലാവും ന്യൂ ജെന്‍ ഈ കളിക്ക് ഈ പേരിട്ടത്.
                 കുട്ടികള്‍ രണ്ട് ടീമായി ഇരു ഭാഗത്തും നിലയുറപ്പിക്കുന്നു. ഓരോ ടീമിലെയും അംഗങ്ങള്‍ക്ക് ഒന്ന്, രണ്ട്,മൂന്ന് .....എന്നിങ്ങനെ നമ്പറുകള്‍ തീരുമാനിക്കുന്നു.എതിര്‍ടീമിലെ നമ്പര്‍ വണ്‍ അല്ലെങ്കില്‍ റ്റു ആരാണെന്ന് നമ്പര്‍ വിളിക്കുന്നത് വരെ മറ്റേ ടീമിന് അറിയാന്‍ സാധിക്കില്ല. നമ്പര്‍ വിളിക്കാന്‍ ഒരു റഫറിയെയും നിര്‍ത്തുന്നു.
                 റഫറി മൂന്ന് എന്നാണ് വിളിക്കുന്നതെങ്കില്‍ ഇരു ടീമിലെയും മൂന്നാം നമ്പറുകാര്‍ ഓടി വടിയുടെ അടുത്തെത്തും. വടി റാഞ്ചി സ്വന്തം ടീമിലേക്ക് തന്നെ തിരിച്ചെത്തിയാല്‍ ഒരു പോയിന്റ്. ഈ ശ്രമത്തിനിടക്ക് മറ്റേ ആള്‍ തൊട്ടാല്‍ ഇരു ടീമിനും പോയിന്റില്ല. വീണ്ടും അടുത്ത ആളെ വിളിക്കും.
 
                     മധ്യഭാഗത്ത് ഒരു മണ്‍കൂന കൂട്ടി അതില്‍ വടി കുത്തി വച്ചായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത് ഈ കളി. മാത്രമല്ല വടി റാഞ്ചുന്നതിന് മുമ്പ് അതില്‍ തൊട്ടാല്‍ എതിര്‍ടീം അംഗം അവനെ തൊട്ട് പുറത്താക്കും. അങ്ങനെ മുഴുവന്‍ പേരെയും പുറത്താക്കണം.അന്ന് ഒരു ടീമില്‍ തന്നെ ഏഴോ എട്ടോ പേരുണ്ടാകും.
                   ന്യൂ ജെന്‍ കളിയില്‍ വടി നിലത്ത് കിടക്കുകയാണ്. അതിനാല്‍ തന്നെ റാഞ്ചാന്‍ പ്രയാസമാണ്. വടിയില്‍ തൊട്ടാലും പ്രശ്നമില്ലാതാകുന്നത് ഈ കാരണത്താല്‍ തന്നെയാകും. മാത്രമല്ല വടി റാഞ്ചിയ ശേഷം എതിര്‍ ടീം തൊട്ടാലും ടീമില്‍ തുടരുന്നതിനാല്‍ കളിക്ക് വാശി ഇല്ലാതാകുന്നു -  വെറുതെ റാഞ്ചി തൊടാന്‍ നിന്നു കൊടുക്കുന്ന പോലെ.
                  ഞാന്‍ നേതൃത്വം നല്‍കിയ മൂന്നാമത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പില്‍ ഒരു ടൈം പാസ് ഐറ്റമായി ഈ കളി ഏര്‍പ്പെടുത്തിയിരുന്നു. അന്ന് വളരെ ആവേശത്തോടെ കോളേജ് കുമാരീ-കുമാരന്മാര്‍ കളിച്ച് സ്വന്തം കുട്ടിക്കാലത്തേക്ക് അല്പ നേരം തിരിച്ചു പോയി.
                   അന്യം നിന്നു പോകുന്ന ഇത്തരം ഗ്രാമീണ കളികള്‍ നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കിയാലേ അവ നിലനില്‍ക്കുകയുള്ളൂ. കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്താനും അവസരം ഉപയോഗിക്കുന്നത് പരിശീലിപ്പിക്കാനും സര്‍വ്വോപരി ആരോഗ്യം പരിപോഷിപ്പിക്കാനും ഉത്തമമായ ഒരു കളിയാണ് നടുവടി.

Sunday, June 04, 2017

കടുവകളും അപചയം നേരിടുന്ന ആവാസ വ്യവസ്ഥയും

            ഒരു പ്രദേശത്തെ ജൈവ വസ്തുക്കളും (ചെടികള്‍, മൃഗങ്ങള്‍, സൂക്ഷ്മജീവികള്‍) അജൈവ വസ്തുക്കളും (മണ്ണ്. പ്രകാശം, കാലാവസ്ഥ) അടങ്ങിയ വ്യൂഹമാണ് ആവാസ വ്യവസ്ഥ എന്ന് വളരെ ലളിതമായി നിര്‍വചിക്കാം.ഒരു ആവാസ വ്യവസ്ഥയിലെ ജൈവ ഘടകങ്ങളും അജൈവ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കും.  അതിനാല്‍ തന്നെ ഒരു ആവാസ വ്യവസ്ഥയില്‍ ജൈവ ഘടകങ്ങള്‍ക്കോ അജൈവ ഘടകങ്ങള്‍ക്കോ മാറ്റം സംഭവിച്ചാല്‍ ആവാസ വ്യവസ്ഥക്കും മാറ്റം സംഭവിക്കും.
          ഏതൊരു ആവാസ വ്യവസ്ഥയിലും ഒരു ഭക്ഷ്യശൃംഖല ഉണ്ടായിരിക്കും. ഉല്പാദകരും ഉപഭോക്താക്കളും സൂക്ഷ്മജീവികളും അടങ്ങിയ , ഒന്ന് മറ്റൊന്നിന്റെ ഭക്ഷണമായിത്തീരുന്ന ഒരു ശൃംഖലയാണ് ഭക്ഷ്യശൃംഖല എന്ന് പറയുന്നത്.ഉല്പാദകരായ സസ്യങ്ങള്‍ സസ്യഭുക്കുകളുടെ ആഹാരമാകുന്നു. സസ്യഭുക്കുകളെ മാംസഭുക്കുകള്‍ ഭക്ഷിക്കുന്നു. മാംസഭുക്കുകള്‍ ചത്തുപോകുമ്പോള്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം ചീഞ്ഞളിഞ്ഞ് മണ്ണോട് ചേര്‍ന്ന് സസ്യങ്ങള്‍ക്ക് വളമായി മാറുന്നു.ഈ ശൃംഖല ഇങ്ങനെ തുടരുന്നു.
                   മേല്‍ പറഞ്ഞ ഭക്ഷ്യശൃംഖലയിലെ ഉന്നതശ്രേണിയിലാണ് കടുവകളുടെ സ്ഥാനം. അതിനാല്‍ തന്നെ ആവാസ വ്യവസ്ഥയുടെ സംതുലനത്തില്‍ കടുവകള്‍ക്ക് ഗണനീയമായ ഒരു സ്ഥാനമുണ്ട്. സസ്യങ്ങളുടെ ക്രമാതീതമായ വളര്‍ച്ച മാന്‍, മുയല്‍ പോലെയുള്ള സസ്യഭുക്കുകള്‍ തടയുന്നു. സസ്യഭുക്കുകള്‍ ക്രമാതീതമായാല്‍ ഭൂമിയിലെ സസ്യവംശം നാശം നേരിടും.അതിനാല്‍ അവയെ നിയന്ത്രിക്കാന്‍ കടുവയും സിംഹവും പോലുള്ള ജന്തുക്കള്‍ അവയെ ഭക്ഷണമാക്കുന്നു. ഈ ജന്തുക്കളെ നിയന്ത്രിക്കാന്‍ അവ തന്നെ പരസ്പരം ഭക്ഷിക്കുന്നു. അങ്ങനെ ചത്ത് മണ്ണടിയുന്ന അവയ്ക്ക് മേല്‍ ബാക്ടീരിയയും വൈറസും പ്രവര്‍ത്തിച്ച് അതിനെ മണ്ണിനോട് അലിയിച്ച് ചേര്‍ക്കുന്നു. ഈ വിധം ഒരു ആവാസ വ്യവസ്ഥ ഭക്ഷ്യശൃംഖലയിലൂടെ നില നിന്ന് പോകുന്നു.
                   സാധാരണ ഗതിയില്‍ കടുവകള്‍ ഒറ്റക്ക് ജീവിക്കുന്നവരാണ്.ഓരോ കടുവയും സ്വന്തം അധീനപ്രദേശം കാത്ത് സൂക്ഷിക്കുന്നുണ്ട്.അതിനാല്‍ തന്നെ സ്വന്തം ആവാസ വ്യവസ്ഥയിലെ സംതുലനം അത് വഴി നടക്കുന്നു. ഒരു കടുവ ഒരു വര്‍ഷത്തില്‍ ഏകദേശം 50 മാനുകളുടെ വലുപ്പമുള്ള മൃഗങ്ങളെ ഭക്ഷണമാക്കുന്നു എന്നാണ് കണക്ക്.ഇത് ആ ആവാസ വ്യവസ്ഥയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
                 കടുവയുള്ള ഒരു ആവാസ വ്യവസ്ഥ മനുഷ്യന് നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കടുവകളെ കൂടുതലായും കണ്ടുവരുന്നത്.അവയാകട്ടെ ജൈവ വൈവിധ്യം കൊണ്ട് സമ്പുഷ്ടമായതും.പ്രകൃതിയിലെ കാര്‍ബണിനെ നിയന്ത്രിക്കുന്നതും , ജലസംതുലനം നടത്തുന്നതും മണ്ണ് സംരക്ഷിച്ച് നിര്‍ത്തുന്നതും എന്തിനേറെ നിരവധി പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതും ഇത്തരം മഴക്കാടുകളാണ്. അതിനാല്‍ തന്നെ ഈ ആവാസ വ്യവസ്ഥയുടെ അപചയം തടയേണ്ടതാണ്.
                ആവാസ വ്യവസ്ഥകളുടെ അപചയത്തിന് മുഖ്യകാരണക്കാരന്‍ മനുഷ്യന്‍ തന്നെയാണ്.പ്രകൃതി ഭക്ഷ്യശൃംഖല വഴി ആവാസ വ്യവസ്ഥയില്‍ സംതുലനം നടത്തുമ്പോള്‍ മനുഷ്യന്‍ തന്റെ ആര്‍ത്തി മൂത്ത പ്രവര്‍ത്തനങ്ങള്‍ കാരണം അതിന് കോട്ടം വരുത്തി വയ്ക്കുന്നു.
            വനവിഭവങ്ങളുടെ അമിതമായ ചൂഷണവും വനത്തിലെ കന്നുകാലി മേക്കലും മൃഗവേട്ടയും മനുഷ്യന്‍ സൃഷ്ടിക്കുന്ന കാട്ടു തീയും കാട്ടിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു.ഇന്ത്യയിലെ കടുവാ സങ്കേതങ്ങള്‍ക്കടുത്ത് നിന്നും മനുഷ്യരെ മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധന കണ്ടു.ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 52% വരെ കടുവകളുടെ എണ്ണത്തില്‍ വര്‍ധന , മനുഷ്യന്റെ മാറ്റിപ്പാര്‍പ്പിക്കലിലൂടെ സാധിച്ചു എന്ന് പഠനങ്ങള്‍ പറയുന്നു.
               ഇര ജന്തുക്കളും വെള്ളവും ധാരാളമുള്ള സ്ഥലങ്ങളിലാണ് സാധാരണ ഗതിയില്‍ കടുവകളെ കണ്ടുവരുന്നത്.അതിനാല്‍ തന്നെ കടുവാ സാന്നിദ്ധ്യം ഒരു ആവാസ വ്യവസ്ഥയുടെ ക്ഷേമത്തിന്റെയും സൌഖ്യത്തിന്റെയും കൊടിയടയാളം കൂടിയാണ്.ഒരു കാടിന്റെ വന്യതയും കടുവയുടെ ആവാസത്തിലൂടെ തെളിയിക്കപ്പെടുന്നു.അതിനാല്‍ തന്നെ കടുവകളുടെ കാടൊഴിഞ്ഞ് പോക്ക് ആവാസ വ്യവസ്ഥക്ക് അപചയം സംഭവിക്കുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ്.
                ഒരു രാജ്യത്തിന്റെ ഔന്നത്യം അതിലെ മൃഗങ്ങളോടുള്ള പെരുമാറ്റ രീതിയിലൂടെ മനസ്സിലാകും എന്ന് നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പറയുന്നു.മേല്പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നതും അതില്‍ നിന്ന് അല്പം കൂടി ഗൌരവമേറിയ ഒരു കാര്യമാണ്.ഈ ഭൂമി തന്നെ നിലനില്‍ക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരസൂചികയാണ് നമ്മുടെ കാട്ടിലെ കടുവകളുടെ സാന്നിദ്ധ്യം.അതിനാല്‍ ഭൂമി നിലനില്‍ക്കാന്‍ കടുവകളെ സംരക്ഷിക്കുക. കടുവകളെ സംരക്ഷിക്കാന്‍ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുക. 

Friday, June 02, 2017

ചട്ടിപ്പന്ത്

              ചട്ടിപ്പന്ത് എന്ന് പേരുള്ള ഒരു കളിയായിരുന്നു ഈ വേനലവധിയില്‍ കൂടുതലും എന്റെ മുറ്റത്ത്   അരങ്ങേറിയത്. ഗെയിം എന്നായിരുന്നു ഞങ്ങള്‍ കളിക്കുന്ന കാലത്ത് ഈ കളിയുടെ പേര്. കുട്ടികള്‍ രണ്ട് ടീമുകളായി തിരിഞ്ഞാണ് കളിക്കുന്നത്. മൊത്തം കളിക്കാരുടെ എണ്ണത്തിനനുസരിച്ച് ഒരു ടീമില്‍ നാലൊ അഞ്ചൊ പേരുണ്ടാവും.
              പൊട്ടിയ ചട്ടിയുടെയോ ഓടിന്റെയോ ടൈത്സിന്റെയോ 15 മുതല്‍ 20 വരെ എണ്ണം കഷ്ണങ്ങള്‍ അടുക്കി അടുക്കിവച്ച് ഒരു ഗോപുരം പോലെ വയ്ക്കും. ഒരു ടീം ഈ ഗോപുരത്തിന്റെ  പിന്നില്‍ നില്‍ക്കും.മറ്റേ ടീം ഒരു നിശ്ചിത അകലത്തില്‍ എതിര്‍ ഭാഗത്തും. ഈ ടീം ഗോപുരം എറിഞ്ഞ് ഉടക്കണം. ടീം അംഗങ്ങള്‍ക്ക് മൂന്ന് വീതം ഏറ് ഉണ്ട്. എല്ലാവരും എറിഞ്ഞിട്ടും ഉന്നത്തില്‍ കൊണ്ടില്ലെങ്കില്‍ എതിര്‍ ടീം എറിയാന്‍ തുടങ്ങും.ഒരു തരത്തില്‍ പറഞ്ഞാല്‍ ക്രിക്കറ്റിന്റെ ഗ്രാമീണ പ്രാകൃത രൂപം.

           ഗോപുരം ഉടഞ്ഞാല്‍ ആ ടീം അത് പുനര്‍നിര്‍മ്മിക്കണം. എതിര്‍ ടീം പന്തു കൊണ്ട് എറിഞ്ഞ് അവരെ പുറത്താക്കാന്‍ ശ്രമിക്കും. ഒരു ഏറും ദേഹത്തില്‍ കൊള്ളാതെ ഗോപുരം പുനര്‍ നിര്‍മ്മിച്ച് ‘ഗെയിം’ എന്ന് വിളിച്ചാല്‍ ഒരു പോയിന്റ് ആയി.
               ഞങ്ങള്‍ കളിക്കുന്ന കാലത്ത് എറിയാനുള്ള പന്ത് കടലാസും ചാക്കുനൂലും ഉപയോഗിച്ച് ഞങ്ങള്‍ തന്നെ ഉണ്ടാക്കാറായിരുന്നു പതിവ്. ഇന്ന് അത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നു. ഗോപുരം ഉണ്ടാക്കിയിരുന്നത് ചട്ടിപ്പൊട്ടു കൊണ്ടായതിനാലാവാം ഈ കളിക്ക് ചട്ടിപ്പന്ത് കളി എന്ന് പേര് കിട്ടിയത്. അത് അടുക്കി വയ്ക്കാന്‍ പ്രയാസവുമായിരുന്നു. ഇന്ന് നല്ല പരന്ന ടൈത്സ് കഷ്ണങ്ങള്‍ കിട്ടുന്നതിനാല്‍ അടുക്കി വയ്ക്കാന്‍ പ്രയാസമില്ല, എണ്ണവും കുറവ്. ഞങ്ങളുടെ കാലത്തെ കളിയില്‍ പന്തുമായി പിന്നാലെ ഓടാന്‍ പറ്റില്ല,പകരം പാസ് ചെയ്യണം.എതിര്‍ ടീമിന് അതിനിടക്ക് കയറി തലകൊണ്ട് പന്ത് അടിച്ചകറ്റാം!നിലത്ത് വീണ പന്ത് കാലു കൊണ്ടും തട്ടിക്കൊണ്ടു പോകാം. ന്യൂ ജന്‍ കളിയില്‍ പന്തുമായി പിന്നാലെ ഓടാം എന്നായി മാറി. അതുപോലെ ഒരാള്‍ക്ക് ആറ് ഏറ് ഉണ്ട്. അതില്‍ മിക്കവാറും ഒന്നാമത്തെ ആള്‍ തന്നെ ഗോപുരം എറിഞ്ഞ് തകര്‍ക്കും. ന്യൂ ജന്‍ പന്ത് ഉരുട്ടി എറിഞ്ഞ് അത് തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് കാണുമ്പോള്‍ അവരുടെ ഉന്നത്തിന്റെ കൃത്യത ബോധ്യമാകുന്നു.

                  ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലും ഈ കളി കളിച്ചിരുന്നു.അന്ന് കളി തീരാതിരിക്കാന്‍ ഗോപുരത്തിന്റെ ഉയരം 30ല്‍ അധികം ഓടിന്റെ കഷ്ണങ്ങളായിരുന്നു!കല്ലിട്ട് കെട്ടുന്ന പന്തായതിനാല്‍ കിട്ടുന്ന ഏറിന്റെ ചൂട് സ്കൂള്‍ വിടും വരെപുറത്ത് അനുഭവപ്പെടുമായിരുന്നു. എങ്കിലും അടുത്ത ദിവസം വീണ്ടും ഈ കളിക്ക് ഇറങ്ങി പുറപ്പെടും.
                 ഗോപുരം ഇല്ലാതെയും ടീം ഇല്ലാതെയും കളിക്കുന്ന  “മേപ്പട്ടേറ്‌“ എന്ന മറ്റൊരു കളിയും ഇതേ പോലെ ഞങ്ങള്‍ കളിച്ചിരുന്നു. കെട്ടു പന്തോ ചെറിയ റബ്ബര്‍ പന്തോ ഉപയോഗിച്ച് ആയിരുന്നു ആ കളി.പന്ത് കിട്ടുന്നവന്‍ അടുത്തുള്ളവനെ എറിയുക എന്നതായിരുന്നു ആ കളി.യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ കളി കണ്ട ഹെഡ്മാസ്റ്റര്‍ വേലായുധന്‍ മാസ്റ്റര്‍ ഏറെ നേരം അത് നോക്കി നിന്നതും ഞങ്ങള്‍ക്കായി പന്ത് കെട്ടിത്തന്നതും ‘അബ്ദുള്ളയുടെ പുറത്ത് ഏറ് കിട്ടിയപ്പോള്‍ പഴംചക്ക വീഴുന്ന ശബ്ദം പോലെ’ എന്ന് അഭിപ്രായപ്പെട്ടതും ഇന്നും മനസ്സിലേക്ക് ഓടി വരുന്നു.
                കഴിഞ്ഞ വര്‍ഷം മക്കളുടെ പ്രധാന കളി ‘നടുവടി’ ആയിരുന്നു.അത് അടുത്ത പോസ്റ്റില്‍.