Pages

Monday, May 29, 2017

വേനലവധിക്കാലവും എന്റെ ബാല്യവും

             പത്ത്' പതിനഞ്ച് വർഷം മുമ്പ് വരെ കുട്ടികൾക്ക് കളിച്ച് തീർക്കാനുള്ള കാലമായിരുന്നു വേനലവധിക്കാലം. എന്നാൽ മത്സരങ്ങളുടെ ലോകത്ത് സ്വന്തം മക്കൾ എന്നും ഉയർന്ന് നിന്നാലെ സമൂഹത്തിൽ തങ്ങൾക്കും തല ഉയർത്തി നടക്കാനാവൂ എന്ന മാതാപിതാക്കളുടെ തെറ്റിദ്ധാരണ പല ബാല്യങ്ങൾക്കും വേനലവധി കനൽ കാലമായി മാറിയിരിക്കുകയാണ്. ക്ലാസിൽ ഒന്നാമതാകാൻ നേരത്തെ തന്നെ ട്യൂഷൻ ക്ലാസുകൾക്ക് ചേർത്ത് ഒരിക്കലും തിരിച്ച് കിട്ടാത്ത അവരുടെ ബാല്യത്തെ മാതാപിതാക്കൾ കവർന്നെടുക്കുന്നു. പകരം അതേ മക്കൾ ഈ മാതാപിതാക്കൾക്ക് വൃദ്ധസദനങ്ങളും നൽകുന്നു.
              അവധിക്കാലം നന്നായി ആഘോഷിച്ചിരുന്ന ഒരു ബാല്യമാണ് എന്റെ ഓർമ്മയിൽ നിറഞ്ഞ് നില്ക്കുന്നത്.ബാപ്പയുടെ നാട്ടിലേക്കുള്ള വിരുന്നു പോക്കും മൂന്ന് ദിവസം അവിടെ തങ്ങി ബന്ധുക്കളെ മുഴുവൻ സന്ദർശിച്ച് തിരിച്ച് വരുമ്പോഴുള്ള ദു:ഖവും അടുത്ത വർഷത്തെ അവധിക്കാലത്തിനായുള്ള കാത്തിരിപ്പും ഇന്നും മനസ്സിൽ മായാതെ നില്ക്കുന്നു. അതോടൊപ്പം പറമ്പിലൂടെ ഓടിക്കളിച്ചിരുന്നതും വീണ് മുട്ടിൻ കാലിൽ എന്നും മുറിവ് പറ്റിയിരുന്നതും കമ്മ്യൂണിസ്റ്റ് അപ്പ കയ്യിൽ തിരുമ്മി മുറിവിൽ വച്ചിരുന്നതും മനസ്സിൽ കൊത്തിവച്ച ഓർമ്മകളാണ്.
                 അരീക്കോടൻ ബാല്യത്തിന്റെ ഏറ്റവുo നിറമുള്ള ഓർമ്മകളായി അയവിറക്കാനുള്ളത് അന്നത്തെ  വൈകുന്നേരങ്ങളാണ്. ചാലിയാർ എന്ന മനോഹരി മന്ദം മന്ദം ഒഴുകുന്ന ഒരു കാലം ഉണ്ടായിരുന്നു.വേനൽക്കാലത്ത് മെലിഞ്ഞുണങ്ങി സ്ലിം ബ്യൂട്ടി ആകുമെങ്കിലും ആ മണൽ തിട്ടയിൽ വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന വാശിയേറിയ ഫുട്ബാൾ കളികൾ ഇന്നും മനസ്സിൽ കുളിര് കോരിയിടുന്നു. ആ മണൽ പരപ്പ് ഇല്ലാതായതിന് ശേഷം ഞാൻ ഫുട്ബാൾ കളിച്ചത് വളരെ കുറച്ച് ദിവസങ്ങളിൽ മാത്രമാണ്.  കളി ഇല്ലാത്ത ദിവസങ്ങളിൽ മണൽ പരപ്പിൽ ഇരുന്ന് ചാലിയാറിനെ തഴുകി വരുന്ന കുളിർകാറ്റ് ഏറ്റ് ഇരുന്നിരുന്ന കാലം.എല്ലാം മനസ്സിൽ ചിത്രങ്ങൾ മാത്രമായി മാറി.
                നിലമ്പൂരിൽ നിന്നും മരത്തടികൾ കല്ലായിലേക്കോ ഫെറോക്കിലേക്കോ മറ്റോ ചാലിയാറിലൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. ചങ്ങാടം പോലെ പരസ്പരം കെട്ടി രണ്ടോ മൂന്നോ പേർ തുഴഞ്ഞ് (കഴുക്കോൽ കൊണ്ട് കുത്തി) ആണ് അവ കൊണ്ടു പോയിരുന്നത്.വല്ലപ്പോഴും വരുന്ന ആ അത്ഭുത വസ്തുവിനെതെരപ്പം എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്. മറ്റെന്തെങ്കിലും പേര് അതിനുണ്ടോ എന്നെനിക്കറിയില്ല.അവക്കും, ഇടക്കിടെ കടന്നു പോകുന്ന തോണികൾക്കും വേനൽക്കാല യാത്ര സുഗമമാക്കാൻ പുഴയിൽ തോണിച്ചാലുകൾ ഉണ്ടാക്കാറുണ്ടായിരുന്നു. തോണിക്കാർ തന്നെ മണൽ മാന്തി മാറ്റി ആഴം കൂട്ടുന്നതാണ് തോണിച്ചാൽ. അവിടെ ആഴവും ഒഴുക്കും കൂടുതലായതിനാൽ വേനൽക്കാലത്ത് ശരിക്കും മുങ്ങിക്കുളിക്കാൻ പറ്റുമായിരുന്നു.
                ഇന്ന് പുഴ കെട്ടികിടക്കുന്ന വെള്ളത്താൽ സ‌മൃദ്ധമാണ്.മണലെടുത്ത കുഴികൾ ഉള്ളതിനാൽ ധൈര്യപൂർവ്വം വെള്ളത്തിൽ ഇറങ്ങാൻ പറ്റില്ല. മാത്രമല്ല മാലിന്യങ്ങൾ നിക്ഷേപിച്ച് വെള്ളം മലിനമാക്കുകയും ചെയ്തു. അതോടെ ഞാൻ പുഴയിൽ പോക്കും നിർത്തി.
                എന്റെ മക്കൾക്ക് നഷ്ടമായ എനിക്ക് രസകരമായ ആ ബാല്യം തിരിച്ച് പിടിക്കാൻ ആവുന്നതെല്ലാം ഞാൻ ചെയ്ത് കൊടുക്കാറുണ്ട്. ഈ വേനലവധിയിൽ എന്റെ വീടും പരിസരവും വിവിധ കളികളാലും ഹോബികളാലും പ്രവർത്തനങ്ങളാലും സമ്പന്നമായിരുന്നു. അവയിൽ ചിലത് അടുത്ത പോസ്റ്റുകളിൽ വായിക്കാം...

Sunday, May 21, 2017

റിഷിരാജ് സിംഗ് ഐ.പി.എസ്-(കേട്ടതും അനുഭവിച്ചതും) - 2

         
 പെട്ടെന്നായിരുന്നു റിഷിരാജ് സിംഗ് സാറിന്റെ ലാസ്റ്റ് ക്വെസ്റ്റ്യന്‍ പ്രഖ്യാപനം.അത് ഒരു വെറും വാക്കാകും എന്ന് കരുതിയെങ്കിലും ആ ചോദ്യത്തിനും ഉത്തരം പറഞ്ഞതോടെ അദ്ദേഹം എണീറ്റു. ഞാന്‍ നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം, കോമ്പിയറായിരുന്ന വളണ്ടിയര്‍ സെക്രട്ടറി ഹന്ന വര്‍ഗ്ഗീസ് മൈക്ക് കയ്യിലെടുത്തു - “ലാസ്റ്റ് ചോദ്യം കഴിഞ്ഞു, ഇനി ഞങ്ങളുടെ ഒരു റിക്വെസ്റ്റ്...”

ഒരു നിമിഷം ! എണീറ്റ് നിന്ന റിഷിരാജ് സിംഗ് സാര്‍ സീറ്റില്‍ തന്നെ ഇരുന്നു.
“സാര്‍ നല്ല പാട്ടുകാരനാണ് എന്നറിഞ്ഞിട്ടുണ്ട്.പല സ്റ്റേജുകളിലും പാടിയതായി കേട്ടിട്ടുണ്ട്....ഞങ്ങള്‍ക്ക് വേണ്ടി ഒരു പാട്ട്....” ഹന്ന പറഞ്ഞു.

“ശരിയാണ്....പക്ഷെ ഇന്ന് നടക്കില്ല....” ചുമരില്‍ കോട്ടിയടിച്ച പോലെയുള്ള ഉത്തരം കേട്ട് ഒന്ന് പതറിയെങ്കിലും ഹന്ന വിട്ടില്ല.

“സാര്‍...ഇത് ഞങ്ങളുടെ എല്ലാവരുടെയും അപേക്ഷയാണ്....”

ഈ പണി ഒപ്പിച്ചത് ഞാനാണെന്ന് മനസ്സിലാക്കി റിഷിരാജ് സിംഗ് സാര്‍ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഇന്ന് പുസ്തകം എടുത്തിട്ടില്ല...”

“സാര്‍...അറിയുന്ന നാല് വരി പാടിയാല്‍ മതി....” ഞാനും പ്രോത്സാഹിപ്പിച്ചു.

മേശപ്പുറത്ത് കിടന്നിരുന്ന ഒരു ഷീറ്റെടുത്ത് അദ്ദേഹം എന്നോട് പേനയാവശ്യപ്പെട്ടു.പിന്നെ ആ പേപ്പറില്‍ ഇടത് കൈ കൊണ്ട് എന്തൊക്കെയോ കുത്തുക്കുറിച്ചു. ഹിന്ദിയിലോ അല്ലെങ്കില്‍ സ്വന്തം മാതൃഭാഷയില്‍ എന്തെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ അത് നോക്കിയില്ല. സദസ്സും ആകാംക്ഷയോടെ കാത്തിരുന്നു. നാലഞ്ച് വരി എഴുതി അദ്ദേഹം മുരടൊന്നനക്കി.പിന്നെ പാട്ട് തുടങ്ങി.

“നീ മധു പകരൂ....മലര്‍ ചൊരിയൂ.....
 അനുരാഗ പൌര്‍ണ്ണമിയേ.....!!!”
സദസ്സ് ഒന്നടങ്കം അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.പേപ്പറില്‍ എഴുതിയത് മുഴുവന്‍ പാടിയ അദ്ദേഹം എണീറ്റു.ഹര്‍ഷാരവം മുഴക്കി സദസ്സും എഴുന്നേറ്റ് നിന്നു.പരിപാടികള്‍ അവസാനിക്കുന്നതിന് മുമ്പ് ചില സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ ഞാന്‍ റിക്വെസ്റ്റ് ചെയ്തു. വിവിധ പരിപാടികളില്‍ പങ്കെടുത്ത എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അദ്ദേഹം വിതരണം ചെയ്തു.ഞങ്ങളുടെ കയ്യെഴുത്ത് ത്രൈമാസികയുടെ അഞ്ചാം ലക്കവും അദ്ദേഹം പ്രകാശനം ചെയ്തു.
 എന്‍.എസ്.എസ് യൂണിറ്റ് ആരംഭിക്കാന്‍ പോകുന്ന “വിഷരഹിത വിഷു” പച്ചക്കറി കൃഷി ഒരു തൈ നട്ട് ഉത്ഘാടനം ചെയ്യണമെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം സ്വീകരിച്ചു.പരിവാര സമേതം ഞങ്ങളുടെ കൃഷിയിടത്തിലേക്ക് അദ്ദേഹം വന്നു.

തൈ നട്ട് തിരിച്ചു പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഞാന്‍ വളണ്ടിയര്‍മാരോട് എന്തോ കുശുകുശുക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചത്.

“എന്താ....എന്തുപറ്റി?” അദ്ദേഹം ചോദിച്ചു.

“വിസിറ്റേഴ്സ് ഡയറി എടുത്ത് വച്ചിരുന്നു....പക്ഷെ സാറിന് തരാന്‍ പറ്റിയില്ല....അതിലെന്തെങ്കിലും എഴുതിയാല്‍ ഉപകാരമായിരുന്നു...”ഞാന്‍ പറഞ്ഞു.

“ഓ.കെ.....കൊണ്ടു വരൂ....” സ്റ്റാര്‍ട്ടാക്കിയ  വണ്ടി ഓഫാക്കാന്‍ ഡ്രൈവറോട് പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങി.പിന്നെ വളണ്ടിയര്‍മാരുടെ കൂടെ ധാരാളം സെല്‍ഫിക്ക് അദ്ദേഹം നിന്ന് കൊടുത്തു.അപ്പോഴേക്കും ഡയറിയുമായി വളണ്ടിയര്‍ സെക്രട്ടറി എത്തി.അതില്‍ അഭിപ്രായവും രേഖപ്പെടുത്തി ഹസ്തദാനം നല്‍കി അദ്ദേഹം വീണ്ടും വണ്ടിയില്‍ കയറി.

 

“സാര്‍...ഒരിക്കല്‍ കൂടി ആ പുസ്തകവും എടുത്ത് ഒരു ദിവസം മുഴുവനായി ഞങ്ങളുടെ കൂടെ ഉണ്ടാകണം...” ഞാന്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു.

“ശരി....അടുത്തമാസം തന്നെയാവാം....”മറുപടി കേട്ട് ഞാന്‍ ഞെട്ടി.

“അത്ര പെട്ടെന്ന് വേണ്ട സാര്‍...” ഞാന്‍ ഒഴിഞ്ഞ് മാറി.

“ഓകെ...വെന്‍ യൂ വാണ്ട് കാള്‍ മീ...” ലഹരി ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ 9447178000 , 9061178000 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും അദ്ദേഹത്തെ നേരിട്ട് വിളിക്കണമെന്നും ഈ നമ്പറുകള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും പറഞ്ഞ് എല്ലാവരുടെയും നേരെ കൈ വീശി അദ്ദേഹം യാത്രപറഞ്ഞു.

കറുത്ത പജീറൊ ജീപ്പ് മെല്ലെ ദൃഷ്ടി പഥത്തില്‍ നിന്നും മായുമ്പോള്‍ കേട്ടറിഞ്ഞ റിഷിരാജ് സിംഗ് സാറും അനുഭവിച്ചറിഞ്ഞ റിഷിരാജ് സിംഗ് സാറും തമ്മിലുള്ള വ്യത്യാസത്തിന്റെ അമ്പരപ്പിലായിരുന്നു ഞാന്‍.

Saturday, May 20, 2017

റിഷിരാജ് സിംഗ് ഐ.പി.എസ്-(കേട്ടതും അനുഭവിച്ചതും) - 1

               “മാനന്തവാടി ന്യൂമാന്‍സ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചെരിപ്പ് ശ്രീ റിഷിരാജ് സിംഗ് ഐ.പി.എസ് നിര്‍വ്വഹിക്കുന്നു” എന്ന ബാനര്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു കുമിള പൊട്ടി. ഒന്ന് ശ്രമിച്ചാല്‍ ഞങ്ങളുടെ കോളേജിലേക്കും അദ്ദേഹത്തെ എത്തിക്കാന്‍ സാധിച്ചേക്കും എന്ന് വെറുതെ തോന്നി.ദിവസങ്ങള്‍ക്ക് മുമ്പ് ഫോണിലൂടെ മാത്രം പരിചയപ്പെട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്‍ സാറിനെ ഒന്ന് വിളിച്ചു നോക്കാമെന്ന് കരുതിയപ്പോള്‍ , ‘ദേ...തേടിയ പുലി കാറിന് കൈ കാട്ടുന്നു’!!
              അഗസ്റ്റിന്‍ സാര്‍ ഇങ്ങോട്ട് ഫോണ്‍ വിളിച്ച് ഒരു ചോദ്യം “ കമ്മീഷണര്‍ സാര്‍ വരുന്നുണ്ട്...സാറിന്റെ കോളേജില്‍ ഒരു പരിപാടി പ്ലാന്‍ ചെയ്യാമോ?”
ചോദ്യം കേള്‍ക്കേണ്ട താമസം ഞാന്‍ പ്രിന്‍സിപ്പാളിന്റെ അടുത്തെത്തി സമ്മതം വാങ്ങി പരിപാടി ഉറപ്പിച്ചു.
            പരിപാടിക്ക് പബ്ലിസിറ്റി നല്‍കിത്തുടങ്ങിയപ്പോഴാണ് പല കേന്ദ്രങ്ങളില്‍ നിന്നും പല തരം അഭിപ്രായങ്ങളും ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്.അഗസ്റ്റിന്‍ സാറിന്റെയും ടീമിന്റെയും തുടര്‍ച്ചയായ കാമ്പസ് സന്ദര്‍ശനങ്ങളും കൂടിയായപ്പോള്‍ കാട്ടിലെ പുലിയെപ്പിടിച്ച് ബെഡ്‌റൂമില്‍ കിടത്തിയ പോലെയായി എന്റെ അവസ്ഥ.
              പ്രസ്തുത ദിവസം രാവിലെ നാട്ടില്‍ നിന്നും കോളേജിലെത്തിയപ്പോഴാണ് , വെഞ്ചെരിപ്പും മാനന്തവാടിയിലെത്തന്നെ മേരിമാതാ കോളേജിലെയും പരിപാടികള്‍ റദ്ദ് ചെയ്തു എന്നറിഞ്ഞത്. പിന്നീടുള്ള ഏക പരിപാടി ഞാന്‍ വിളിച്ചു വരുത്തിയതായതിനാല്‍ അത് കൃത്യസമയത്ത് തന്നെ നടക്കും പോലും! 1 മണിയോടെ സി.ഐയും സംഘവും പരിശോധനക്കും അവസാന‌വട്ട  ഒരുക്കത്തിനുമായി വീണ്ടും എത്തി.ഒരുക്കങ്ങള്‍ വിലയിരുത്തി ”ഇനി എല്ലാം നിങ്ങളുടെ കയ്യില്‍” എന്ന് പറഞ്ഞ് സി.ഐ സ്ഥലം വിട്ടു. സംസ്ഥാനത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആയതിനാല്‍ സ്വീകരിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റി എല്ലാവരിലും ആശങ്ക പടര്‍ന്നു.
                 3 മണി കഴിഞ്ഞതും പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ കറുത്ത പജീറൊ ജീപ്പില്‍ റിഷിരാജ് സിംഗ് സാര്‍ എത്തി.ഗാംഭീര്യം നിറഞ്ഞ മുഖത്തെ കൊമ്പന്‍ മീശ ഒന്നുകൂടി എഴുന്നേറ്റ് നില്‍ക്കുന്നതായി ജീപ്പിനടുത്ത് എത്തിയ എനിക്ക് തോന്നി.ഞാനും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും ചേര്‍ന്ന് അദ്ദേഹത്തെയും രണ്ട് ഉദ്യോഗസ്ഥരെയും പ്രിന്‍സിപ്പള്‍ റൂമിലേക്ക് ആനയിച്ചു. അപ്രതീക്ഷിത അതിഥിയെ കണ്ട കുട്ടികള്‍ ഞങ്ങളെ ക്യാമറയില്‍ പകര്‍ത്തി.കട്ടന്‍ ചായയും (അദ്ദേഹം ആവശ്യപ്പെട്ടത്) ഈത്തപ്പഴവും അണ്ടിപരിപ്പും നല്‍കിയെങ്കിലും ചായ മാത്രം കുടിച്ചു.മറ്റുള്ളവ മറ്റേതോ വയറുകളിലേക്ക് ചേക്കേറി.
            ന്യൂബ്ലോക്കിലെ നാലാം നിലയിലെ സെമിനാര്‍ ഹാളില്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ എല്ലാവരും നന്നായി വിയര്‍ത്തിരുന്നു. റിഷിരാജ് സിംഗ് എന്ന വ്യക്തിയെക്കുറിച്ച് അധികം പ്രസംഗിക്കരുത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നതിനാല്‍ സ്വാഗതഭാഷണം ഞാന്‍ വളരെ ചുരുക്കി. അധ്യക്ഷപ്രസംഗവും ചുരുക്കി നേരെ റിഷിരാജ് സിംഗ് സാറിന്റെ വിഷയാവതരണത്തിലേക്ക് കടന്നു.
            ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിലൂന്നിയുള്ള പ്രസംഗം കഴിഞ്ഞയുടനെ സംശയ നിവാരണത്തിലേക്ക് കടന്നു.വിവാദപരമായ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍‌കൂട്ടി സ്ക്രീനിംഗ് നടത്തണമെന്ന് സി.ഐ പറഞ്ഞിരുന്നെങ്കിലും കുട്ടികള്‍ ഇഷ്ടമുള്ളത് ചോദിക്കട്ടെ എന്ന് കരുതി ഞാനത് മന:പൂര്‍വ്വം മറന്നു.മനസ്സിലാകാത്ത ചോദ്യങ്ങള്‍ എന്നോട് ചോദിച്ച് മനസ്സിലാക്കി കമ്മീഷണര്‍ മറുപടിയും നല്‍കി.ഉരുളക്കുപ്പേരി എന്ന നിലക്കുള്ള ഉത്തരങ്ങള്‍ കുട്ടികളില്‍ ചിരി പടര്‍ത്തി.
 
പെട്ടെന്നായിരുന്നു റിഷിരാജ് സിംഗ് സാറിന്റെ ലാസ്റ്റ് ക്വെസ്റ്റ്യന്‍ പ്രഖ്യാപനം.

(തുടരും....)

Friday, May 19, 2017

ഗൂഡലൂര്‍ - അരീക്കോട് (വഴി) മസിനഗുഡി

    ഗൂഡലൂര്‍ റിസോര്‍ട്ടില്‍ ഒരു രാത്രി തങ്ങി , മസിനഗുഡിയിലെ പ്രണയകാലത്തിലൂടെ സഞ്ചരിച്ച്, മായാറിലെ ഗുല്‍മോഹര്‍ പൂക്കളുടെ കഥകളും കേട്ട് കഴിഞ്ഞപ്പോള്‍ സമയം ഏകദേശം 4 മണിയോട് അടുത്തിരുന്നു. വീട്ടില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ ഒരു കാട്ടിനുള്ളിലാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നും പിന്നിടാനുള്ള ദൂരത്തില്‍ പകുതിയും കാട്ടിലൂടെയാണെന്നതും അതുവരെ മനസ്സ് സമ്മതിച്ചിരുന്നില്ല. പക്ഷെ ഡ്രൈവര്‍ ഞാന്‍ ആയതിനാല്‍ മനസ്സിന്റെ മിന്നലാട്ടത്തില്‍ ആ ഓര്‍മ്മ പതഞ്ഞെത്തി. 
               മായാര്‍ തീരത്തെ അവസാന തെന്നലിന്റെയും മര്‍മ്മരം കേട്ട് ഞാന്‍ കാര്‍ തിരിച്ചു .കടലില്‍ താഴുന്ന സൂര്യനെപ്പോലെ ആകാശത്തില്‍ ചെഞ്ചായം വിതറി മായാറിലെ ഗുല്‍മോഹര്‍ പൂക്കള്‍ ഒരു പൊട്ടുപോലെ പിന്നില്‍ മറഞ്ഞു. കാട്ടിലേക്ക് പ്രവേശിച്ചെങ്കിലും അങ്ങനെയൊരു ഫീലിംഗ് അനുഭവപ്പെട്ടതേ ഇല്ല.വേനല്‍ കത്തി നില്‍ക്കുന്നതിനാല്‍ കാട് വളരെ ശുഷ്കമായിരുന്നു.മഴയുടെയും വെള്ളത്തിന്റെയും കുറവ് കാടിന്റെ ആകാര ഭംഗിയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു. മരുഭൂവല്‍ക്കരണത്തിന്റെ അടയാളങ്ങളായി പറയപ്പെടുന്ന കള്ളിമുള്‍ ചെടികള്‍ ധാരാളമായി ഉയര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.
                                     
             യാത്രക്കിടയിലാണ് മതിലിനപ്പുറത്തെ ഒരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത് - മറവക്കണ്ടി ഡാം, മസിനഗുഡിയില്‍ നിന്നും രാമന്‍‌കുട്ട്യേട്ടന്‍ പറഞ്ഞത്. തൊട്ടടുത്ത് തന്നെ ഗേറ്റ് ഉണ്ട്.പക്ഷെ ആദ്യം കാണുന്നത് ഒരു ക്ഷേത്രമാണ്.ഒന്ന് ചോദിക്കാന്‍ ആ പരിസരത്തെങ്ങും ആരെയും കണ്ടില്ല. അഹിന്ദുക്കള്‍ കയറി ക്ഷേത്രം അശുദ്ധമാക്കേണ്ട എന്ന് ഞാന്‍ കരുതി.
                  തൊട്ടടുത്ത് തന്നെ ഒരു പവര്‍ ഹൌസും കണ്ടു. അവിടേക്ക് പ്രവേശനം നിരോധിച്ചിരുന്നതിനാല്‍ കാര്‍ ഗേറ്റിന് മുന്നില്‍ നിര്‍ത്തി ഞാന്‍ അകത്ത് കയറി (വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊട്ടി റൂട്ടില്‍ പൈകാറ പവര്‍ ഹൌസില്‍ വെറുതെ കയറി സമ്മതം ചോദിച്ചതും ഡ്യൂട്ടിയിലുണ്ടായിരുന്ന ആളുടെ കാമുകി കേരളക്കാരി ആയതിനാല്‍ വളരെ ആവേശപൂര്‍വ്വം എല്ലാം കാണിച്ചതും ഓര്‍മ്മയില്‍ വന്നു).
                 കറുത്ത് തടിച്ച ഒരാള്‍ (പേര് മുത്തു എന്ന് പിന്നീട് പറഞ്ഞു) അവിടെ ഇരിക്കുന്നുണ്ടായിരുന്നു.എന്നെ കണ്ടതും അയാള്‍ എഴുന്നേറ്റ് നിന്നു! പവര്‍ ഹൌസ് കാണാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. ഇത് തന്നെയാണ് കാണാനുള്ളത് എന്നും ഇപ്പോള്‍ സ്റ്റാന്റ് ബൈ ആണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ കൂടി ഒന്ന് കാണിച്ചോട്ടെ എന്ന ചോദ്യത്തിന് അദ്ദേഹം സമ്മതം മൂളി.മറ്റുള്ളവര്‍ പെട്ടെന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കാര്‍ ഗേറ്റിന് മുന്നില്‍ നിന്ന് സൈഡിലേക്ക് മാറ്റിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
                  കാര്‍ മാറ്റി പാര്‍ക്ക് ചെയ്ത് ഞാനും കുടുംബവും ഗേറ്റ് കടന്ന് അകത്തെത്തി.ഉടന്‍ മറ്റൊരാള്‍ പ്രത്യക്ഷപ്പെട്ട് ഞങ്ങളെ വിലക്കി.സമ്മതം ചോദിച്ചാണ് അകത്ത് കയറിയത് എന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസ്കാരനാണെന്നും പുറത്ത് നിന്നും കണ്ട് വേഗം സ്ഥലം വിടണമെന്നും നിര്‍ദ്ദേശിച്ചു.ഞാന്‍ അത് അംഗീകരിച്ചു.
               പവര്‍ ഹൌസിന്റെ പ്രവേശന കവാടത്തില്‍ എത്തി, അകത്തേക്ക് കയറാന്‍ പോലീസ് അനുവാദം തന്നിട്ടില്ല എന്ന വിവരം ഞാന്‍ മുത്തുവിനെ അറിയിച്ചു. “നിങ്കള്‍ വാ...പോലീസില്‍ ഞാന്‍ ശൊല്ലാം...” എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ അകത്ത് കയറ്റി. ജനറേറ്ററും മറ്റ് യന്ത്ര സാമഗ്രികളും വൈദ്യുതി ഉല്പാദനത്തിന്റെ പ്രവര്‍ത്തനങ്ങളും ഞാന്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുത്തു.ഫോട്ടോ എടുക്കുന്നത് അവര്‍ തടഞ്ഞില്ലെങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചു.
              പുറത്തിറങ്ങിയപ്പോള്‍ പോലീസ് കാരന്‍ ഞങ്ങളെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ നേരെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്റെ സേവനവും ഇപ്പോഴത്തെ ജോലിയും ധരിപ്പിച്ചു.
“അതിന് അകത്തുകൂടെ തന്നെ ഡാമിലേക്ക് കയറാമായിരുന്നു....”
“ങേ!!” ഞങ്ങളെ വിലക്കിയ അതേ പോലീസുകാരന്റെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു. തലേ ദിവസം രാത്രി നാല് പേര്‍ വെള്ളത്തില്‍ വീണ് അതില്‍ മൂന്ന് പേരും മരിച്ചതിനാല്‍ ഡാമിന്റെ പരിസരത്ത് വന്‍ പോലീസ് സന്നാഹം ഉണ്ടെന്നും പ്രവേശനം നിരോധിച്ചതിനാലാണ് അങ്ങനെ പറയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അരുണ്‍ എന്ന ആ പോലീസ്കാരന്  നന്ദി പറഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ മസിനഗുഡിയിലെ രാമന്‍‌കുട്ട്യേട്ടന്റെ വാക്കുകല്‍ ഞാന്‍ ഓര്‍മ്മിച്ചു - “പവര്‍ ഹൌസും ഉണ്ട് , ഒരു പക്ഷെ അകത്ത് കയറ്റും”.
               കാട്ടിലൂടെയുള്ള യാത്രയില്‍ വീണ്ടും മാനുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.തെപ്പക്കാട് എത്തിഅയതും മയിലുകളെയും കാണാന്‍ തുടങ്ങി.സമയം വൈകിയാല്‍ നാടുകാണി ചുരം ഇറങ്ങുന്നത് പ്രശ്നം ഉണ്ടാക്കും എന്നതിനാല്‍ ഞാന്‍ കാറിന് വേഗത കൂട്ടി.പെട്ടെന്ന് റോഡിന് മുകളിലേക്ക് തൂങ്ങി നില്‍ക്കുന്ന മരത്തിന് മുകളില്‍ വലിയൊരു അനക്കം ഭാര്യ കണ്ടു- വലിയൊരു വാലും താഴോട്ട് തൂങ്ങിയാടി! ഞാന്‍ കാര്‍ നിര്‍ത്തി.
പുലിയല്ല , ഒരു മലയണ്ണാന്‍ ആയിരുന്നു അത്!
                                     
           ആനയും കടുവയും കാണരുതേ എന്ന കാറിനകത്തെ പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു - അവരാരും ഞങ്ങളുടെ വഴി മുടക്കിയില്ല. നീലഗിരിയുടെ മുഖമുദ്രയായ ചായത്തോട്ടങ്ങളും കൂടി ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഞങ്ങള്‍ ചുരമിറങ്ങി.

Tuesday, May 16, 2017

മായാറിലെ ഗുല്‍മോഹര്‍ പൂക്കള്‍

             പണ്ടൊരു കാലത്ത്, മെയ് മാസത്തില്‍ ബത്തേരി-മൈസൂര്‍ റോഡിലൂടെ സഞ്ചരിക്കാന്‍ ഒരു പ്രത്യേക രസമായിരുന്നു. റോഡിനിരുവശവും പൂത്ത് നില്‍ക്കുന്ന ഗുല്‍മോഹറുകള്‍  മണ്ണിലും വിണ്ണിലും വിരിക്കുന്ന ചുവപ്പ് പരവതാനിയായിരുന്നു ഇതിന് കാരണം. പിന്നിലേക്കോടിമറയുന്ന ഗുല്‍മോഹറുകള്‍ക്കൊപ്പം നമ്മുടെ ചിന്തയും അറിയാതെ എവിടെയൊക്കെയോ കറങ്ങിത്തിരിയും.ഒരു പക്ഷെ നമ്മുടെ കാമ്പസ് ജീവിതത്തിലെ ഒരു മരത്തിന് ചുവട്ടിലായിരിക്കും അത് നമ്മെ കൊണ്ടെത്തിക്കുന്നത്. അല്ലെങ്കില്‍ ശാന്തമായി ഒഴുകുന്ന ഒരു പുഴയുടെ തീരത്ത്.അതുമല്ലെങ്കില്‍ ഒരു കുളിര്‍ക്കാറ്റ് വീശുന്ന പുല്‍മേട്ടില്‍... അങ്ങനെയുള്ള ഒരു തീരമാണ് മായാര്‍. മേയില്‍ മായാറിലേക്കുള്ള വഴി ഊഷരമാണെങ്കിലും ഒരിക്കല്‍ കണ്ടാല്‍ ഏത് കമിതാക്കളും വീണ്ടും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ഒരു തീരമായിരിക്കും മായാര്‍ എന്ന് തീര്‍ച്ച.
           തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു ഉള്‍ഗ്രാമമാണ് മായാര്‍.റോഡ് അവിടെ അവസാനിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്.അല്ലെങ്കിലും ആ മനോഹര തീരത്ത് അത് അവസാനിക്കുന്നതാണ് ഒരു കാവ്യഭംഗി. അടര്‍ന്നു വീഴുന്ന ഓരോ ഗുല്‍മോഹര്‍ പൂക്കളും പറയുന്ന പ്രണയത്തിന്റെ കഥകള്‍ കാതോര്‍ത്താല്‍ കേള്‍ക്കാം. ഈ നാട്ടുവഴിയെ ഇത്രയധികം ഗുല്‍മോഹര്‍ മരങ്ങള്‍ നട്ടതും അറബിക്കഥയിലെ ഏതെങ്കിലും ഒരു അനശ്വര പ്രണയകഥയിലെ  കാമുകനായിരിക്കാം. 
                മായാറിലേക്ക് ഞങ്ങളെ വരവേറ്റത് ഒരു ആട്ടിടയനും കുറെ ചെമ്മരിയാടുകളുമാണ്. നദിക്കരയില്‍ മേയുന്ന കുറെ പശുക്കളും രണ്ട് മൂന്ന് ഇളനീര്‍ കച്ചവടക്കാരും മസാല തേച്ച മാങ്ങ വില്‍ക്കുന്ന മിതേഷ് എന്ന ബാലനും സൈക്കിളില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന രണ്ട് പയ്യന്മാരും ആണ് മായാറിന്റെ തീരത്തെ ജീവന്റെ പെരുമാറ്റം! അല്ലെങ്കിലും പ്രണയ തീരത്ത് ഇത്രയും ഒക്കെ തന്നെ ധാരാളം. ഒരു ഗുല്‍മോഹര്‍ തണലില്‍ അല്പനേരം കണ്ണടച്ചിരുന്നാല്‍ നീലഗിരിയെ തഴുകി വരുന്ന ഒരു കുളിര്‍കാറ്റ് നിങ്ങളുടെ കാതിലും ഒരു പ്രണയഗീതം മന്ത്രിക്കും.
               ഗുണ്ടല്‍‌പേട്ടിലെ ഏതോ ഒരു സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മിതേഷ് മസാല മാങ്ങയുമായി വന്നപ്പോള്‍ ആ മുഖത്തെ നിഷ്കളങ്കത ഞങ്ങളെ ആകര്‍ഷിച്ചു. ഇരുപത് രൂപ കൊടുത്ത് രണ്ട് മാങ്ങകള്‍ വാങ്ങിയപ്പോള്‍ അവന് സന്തോഷമായി. എന്റെ വക ഒരു പോക്കറ്റ് മണി കൂടി നല്‍കിയപ്പോള്‍ അവന്‍ വീണ്ടും മാങ്ങ തന്നു.കൂടുതല്‍ നല്‍കിയ സംഖ്യ അവനുള്ള സമ്മാനമാണ് എന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് നിഷ്കളങ്കമായ ഒരു സന്തോഷം പെയ്തിറങ്ങി. ഗുല്‍മോഹര്‍ പൂക്കളുടെ ചുവന്ന തണലില്‍ മിതേഷിന്റെ മുഖത്തെ സന്തോഷത്തിന്റെ മഴവില്ല്  അവനെ ഞങ്ങളുടെ കൂടെ തന്നെ ഏറെ നേരം പിടിച്ചിരുത്തി. ഇതിനിടയില്‍ ലുലു മോള്‍ ഒരു ‘അപൂര്‍വ്വ ജീവിയെ’ ക്യാമറയില്‍ പകര്‍ത്തി!!
          മിതേഷുമായുള്ള ഞങ്ങളുടെ ചങ്ങാത്തം ഒരു സൈക്കിള്‍ ബാലനെയും അങ്ങോട്ടടുപ്പിച്ചു. അവന്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് ഞങ്ങളുടെ അടുത്തെത്തി. അവന്റെ അനുവാദത്തോടെ ഞാന്‍ സൈക്കിളില്‍ കയറി ഒരു പരീക്ഷണം നടത്തി.
               സൂര്യന്‍ ഒന്ന് കൂടി താഴ്ന്നാല്‍, മായാര്‍ തീരത്ത് കൂടി കുളിര്‍കാറ്റും കൊണ്ട് ഗുല്‍മോഹര്‍ മരങ്ങള്‍ക്കടിയിലൂടെ സൈക്കിളില്‍ ഒരു സവാരി നടത്തിയാല്‍ ലഭിക്കുന്ന അനുഭൂതി അപ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടു.നിലാവുള്ള രാത്രിയിലെ ഈ ഗുല്‍മോഹര്‍ തീരവും ഞാന്‍  മനസ്സില്‍ ഒന്ന് വെറുതെ വരച്ചു നോക്കി.പക്ഷെ സമയം അനുവദിക്കാത്തതിനാല്‍ അവ മായാരൂപങ്ങളായി മനസ്സില്‍ തന്നെ നില്‍ക്കുന്നു.
             ഈ മനോഹര തീരത്ത് ഇനിയും എന്നെങ്കിലും  എന്നെയും കൊണ്ട് എന്റെ മക്കളോ മരുമക്കളോ എത്തിയേക്കാം. അതും ഗുല്‍മോഹര്‍ പൂക്കള്‍ പ്രണയകഥകള്‍ ചൊല്ലുന്ന മെയ് മാസത്തിലായിരിക്കണേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.

(ക്യാമറ : ലുലു മോള്‍ )

Monday, May 15, 2017

എ1 റ്റു എ+

                2015 മെയ് മാസം അവസാനത്തില്‍ സി.ബി.എസ്.ഇ പത്താം തരം റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് വരെ അതിന്റെ വരും വരായ്കളെപ്പറ്റി എനിക്ക് ഒരു ബോധവും ഉണ്ടായിരുന്നില്ല. ലുലു മോള്‍ ആ ‘ഓവുപാലം’ ഫുള്‍ എ1 വാങ്ങി കടന്നപ്പോഴാണ് +1 പ്രവേശനത്തിന്റെ ഏകജാലകം എന്ന കീറാമുട്ടിയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലായത്.
              പത്താം ക്ലാസ്സില്‍ ഫുള്‍ എ1 നേടിയിട്ടും ഒന്നാം അലോട്ട്മെന്റില്‍ എവിടെയും സീറ്റ് ലഭിക്കാതെ പോയത്  ഒരു പേക്കിനാവ് പോലെ ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. രണ്ടാം ഘട്ട അലോട്ട്മെന്റില്‍ അവളുടെ രണ്ടാം ഒപ്ഷനായ കാവനൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഭിക്കുകയും അവിടെ ചേരുകയും ചെയ്തു. അടുത്ത ഘട്ടത്തില്‍ എന്റെ പിതാവ് ദീര്‍ഘകാലം പഠിപ്പിച്ചിരുന്ന അരീക്കോട് ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റം കിട്ടി.  ഈ തട്ടികളിക്കലുകള്‍ക്ക്  ഇന്ന്  മധുരം നിറഞ്ഞ പ്രതികാരം ചെയ്ത ഒരു സന്തോഷത്തിലാണ് ലുലു മോളും ഞാനും കുടുംബവും.
                ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചു.ആലപ്പുഴ ടൂര്‍ കഴിഞ്ഞ് വന്നതിന്റെ ആലസ്യത്തില്‍ ആയിട്ടും ഞങ്ങള്‍ കുടുംബ സമേതം തന്നെ റിസള്‍ട്ട് നോക്കി. അല്‍ഹംദുലില്ലാഹ്, എല്ലാ വിഷയത്തിലും എ+ നേടി ലുലു മോള്‍ പ്ലസ് റ്റു എന്ന തൂക്കുപാലവും കടന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പോകാന്‍ താല്പര്യമില്ലാത്തതിനാല്‍ JEE (മെയിന്‍സ്) ഒഴികെ ഒരു പ്രവേശന പരീക്ഷയും എഴുതിയിരുന്നില്ല. IISc , IISER തുടങ്ങീ സ്ഥാപനങ്ങളില്‍ സയന്‍സ് ഡിഗ്രി പ്രവേശനത്തിന് വേണ്ടിയായിരുന്നു JEE എഴുതിയത്.അത് പാസായില്ല. ഇനി ഏതെങ്കിലും ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ബി.എസ്.സി മാത്‌സിന് ചേരാനാണ് പദ്ധതി. ദൈവം അനുഗ്രഹിക്കട്ടെ.

Friday, May 12, 2017

മസിനഗുഡിയില്‍ ഒരു പ്രണയകാലത്ത്...

               ഗൂഡലൂരില്‍ നിന്നും മൈസൂര്‍ റോഡിലേക്ക് പ്രവേശിച്ചതോടെ തന്നെ കാടിന്റെ കുളിര് അനുഭവിച്ച് തുടങ്ങി. ഇനിയുള്ള  20 കിലോമീറ്റര്‍ ദൂരത്തിനിടക്ക് തൊറപ്പള്ളി എന്ന ഒരു ചെറിയ അങ്ങാടി കൂടിയുണ്ട്. അങ്ങാടി അവസാനിക്കുന്നിടത്ത് മുതുമല  കടുവ സംരക്ഷണ കേന്ദ്രത്തിലേക്കു സ്വാഗതമോതുന്ന കൂറ്റന്‍ ഗേറ്റ് കാണാം.

               ഇനി ഒരു 7 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മുതുമല വന്യജീവി സങ്കേതത്തിനകത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുന്ന തെപ്പക്കാട് എത്തും.ഈ യാത്രയില്‍ വന്യമൃഗങ്ങളെ പലതിനെയും കാണാനും സാധിക്കും. ഞങ്ങളുടെ യാത്ര ഉച്ച സമയത്തായതിനാല്‍ ഒരു മൃഗത്തെയും കാണില്ല എന്ന് ഉറപ്പിച്ചായിരുന്നു യാത്ര. എങ്കിലും എല്ലാവരുടെയും കണ്ണുകള്‍ ചുറ്റും പരതിക്കൊണ്ടിരുന്നു. മുളം കാടുകള്‍ക്കിടയില്‍ എവിടെയെങ്കിലും ഒരു കൊമ്പന്‍ പതിയിരിക്കുന്നോ?

            കാറ്റില്‍ അപ്പൂപ്പന്താടികള്‍ പറക്കുന്ന പോലെയുള്ള ഒരു കാഴ്ച ഈ യാത്രയില്‍ ഉടനീളം ഞങ്ങള്‍ കണ്ടു. മഞ്ഞ നിറത്തിലുള്ള നീലഗിരി പാപ്പാത്തി ശലഭങ്ങളായിരുന്നു അവ. പാപ്പാത്തികളുടെ പ്രജനന കാലമാണെന്ന് തോന്നുന്നു , അത്രയും അധികം എണ്ണം റോഡിന് കുറുകെ പാറിപ്പറന്നുകൊണ്ടിരുന്നു.
            തെപ്പക്കാട് നിന്നും മസിനഗുഡിയിലേക്ക് ഇനിയും 7 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം. മസിനഗുഡി ഡ്രൈ ആണെന്ന് മഹ്‌റൂഫ് പറഞ്ഞതും താരതമ്യേന നല്ല കാടായ ഇതുവരെ സഞ്ചരിച്ച ദൂരത്തില്‍ ഒരു മൃഗത്തെയും കാണാത്തതും മുന്നോട്ട് പോകുന്ന മനസ്സിനെ വിലക്കി.പക്ഷെ മസിനഗുഡിയുടെ മാടിവിളിക്കല്‍ കാരണം വണ്ടി വലത്തോട്ട് തിരിഞ്ഞു.(മുമ്പ് കൊമ്മാനഗുഡിയില്‍ പോയത് ഇവിടെയുണ്ട്)
            മഹ്‌റൂഫ് പറഞ്ഞ പോലെ കാട് മുഴുവന്‍ വരണ്ടുണങ്ങിക്കഴിഞ്ഞിരുന്നു. കാറിനകത്തേക്കും വെയില്‍ കത്തിക്കയറാന്‍ തുടങ്ങിയതോടെ അസഹ്യമായ ചൂടും തുടങ്ങി.മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലം ശരിക്കും അനുഭവിച്ചറിഞ്ഞു.മിണ്ടാപ്രാണികളായ കാട്ടിലെ മൃഗങ്ങള്‍ അനുഭവിക്കുന്നത് അവക്കല്ലേ അറിയൂ.
              മസിനഗുഡി പാത  സാധാരണ നിലയില്‍ മൃഗസ‌മൃദ്ധമാണ്. ഈ റൂട്ടിലേക്ക് തിരിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ തന്നെ മാന്‍ കൂട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. കാട് വഴിയുള്ള എല്ലാ യാത്രകളിലും ഇത് ഒരു സ്ഥിരം കാഴ്ച ആയതിനാല്‍ കുട്ടികള്‍ക്ക് അതില്‍ പുതുമ തോന്നിയില്ല. പെട്ടെന്നാണ് ഒരു കയ്യാലപ്പുറത്ത് ഒരു ‘കുടുംബം’ പ്രത്യക്ഷപ്പെട്ടത്. സൈലന്റ്‌വാലിയില്‍ കാണപ്പെടുന്നു എന്ന് പറഞ്ഞതും സൈലന്റ്‌വാലിയില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതുമായ  സിംഹവാലന്‍ കുരങ്ങുകള്‍! തൊട്ടടുത്ത മരത്തില്‍ പിന്നെയും കുറെ എണ്ണം.
               ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഞങ്ങള്‍ മസിനഗുഡിയില്‍ എത്തി. സൂര്യന്‍ അതിന്റെ മുഴുവന്‍ വ്യക്തിപ്രഭാവവും കാണിച്ചതിനാല്‍ വെള്ളം ഉടന്‍ അകത്താക്കാന്‍ ആശ വന്നു. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടാതെ മുന്നോട്ട് നീങ്ങിയ ഞങ്ങള്‍ ഒരു ഇക്കാക്കയുടെ ചായക്കടയുടെ മുമ്പിലെത്തി. ആ കുഞ്ഞുകട ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു. തലയും താടിയും നരച്ച ഇക്കാക്ക മറ്റൊരു വൃദ്ധനുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാനും ചായക്ക് ഓര്‍ഡര്‍ കൊടുത്ത് ഒരു പഴയ കസേരയില്‍ ഇരുന്നു.

“മസിനഗുഡിയില്‍ കാണാന്‍ എന്തുണ്ട്?” മടങ്ങിപ്പോകാനിരുന്ന ഞാന്‍
തൊട്ടടുത്തിരുന്ന ആ വൃദ്ധനോട്  വെറുതെ ഒരു ചോദ്യം ചോദിച്ചു.മുമ്പ് ഇതേപോലെ ഒരു ചോദ്യമാണ് ഞങ്ങളെ ഇര്‍പ്പ് വെള്ളച്ചാട്ടത്തില്‍ എത്തിച്ചത്.

“മരവക്കണ്ടി ഡാം ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട് പോകണം...ഒരു പവര്‍ ഹൌസും ഉണ്ട്...ഒരു പക്ഷെ അകത്ത് കയറ്റും...”

“ഇവിടെ നിന്നും ഏത് റൂട്ടില്‍ പോകണം ?”

“നേരെ 200 മീറ്റര്‍ പോയാല്‍ ഒരു ജങ്ക്ഷന്‍....അവിടെ നിന്നും ലെഫ്റ്റ് ഒരു കിലോമീറ്റര്‍...അത് മായാര്‍ റോഡിലെത്തും...” മുത്തങ്ങയില്‍ മുന്‍ ഫോറെസ്റ്റ് ഗാര്‍ഡ് ആയി ജോലി നോക്കിയിരുന്ന രാമങ്കുട്ടി എന്ന ആ മാന്യദേഹം പറഞ്ഞു.

“മായാറില്‍ നല്ല നിഴലിരിക്ക്....ശാപ്പാട് കളിഞ്ച് ശിന്ന വിശ്രമിച്ച് കുളന്തെകളും കൊണ്ട് പോയാല്‍ റൊമ്പ റസമിരിക്ക്....അനിമത്സും വറും...” ചായ തയ്യാറാക്കിക്കൊണ്ടിരുന്ന ഇക്കാക്ക പറഞ്ഞു.

“മായാറിലും ഡാം ഉണ്ട്...റോഡ് സൈഡ് തന്നെയാണ്.ഒരു മാരിയമ്മന്‍ കോവിലും ഉണ്ട്....10 കിലോമീറ്റര്‍ പോയാല്‍ അവിടെ എത്താം...” രാമന്‍‌കുട്ടിയേട്ടന്‍ പറഞ്ഞു.

അതോടെ മായാറില്‍ പോകാന്‍ തീരുമാനമായി (അത് വളരെ നല്ല തീരുമാനമായിരുന്നു എന്ന് ആ ഗുല്‍മോഹര്‍ തീരം അനുഭവിപ്പിച്ചറിഞ്ഞു) വിവരങ്ങള്‍ തന്ന രാമന്‍‌കുട്ട്യേട്ടനും ഒരു ചായ വാങ്ങിക്കൊടുത്ത് ഞങ്ങള്‍ മായാറിലെ മായാ കാഴ്ചകളിലേക്ക് നീങ്ങി.

(തുടരും...)

Thursday, May 11, 2017

ഗൂഡല്ലൂര്‍ റിസോര്‍ട്ട്

                   അവധിക്കാലമായാല്‍ എവിടെക്കെങ്കിലും കുടുംബസമേതം ഒരു ട്രിപ് അടിക്കണം എന്നത് മക്കള്‍ക്ക് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം നാലാമത്തെ കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരുന്നതിനാല്‍ വേനലവധിക്കാല ടൂര്‍ നടന്നില്ല. പക്ഷെ പൂജാ അവധിക്കാലത്ത് വയനാട്-ഇര്‍പ്പ്-നാഗര്‍ഹോള ട്രിപ്പിലൂടെ കടം തീര്‍ത്തു. ഈ വര്‍ഷവും ടൂര്‍ നടക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ചെറിയ ഒരു പിക്നിക്കായി അരിപ്പാറ വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു.
               പിന്നീട്, പെട്ടെന്നാണ് കഴിഞ്ഞ വര്‍ഷം ഞാനും പ്രീഡിഗ്രി സുഹൃത്തുക്കളും സംഗമിച്ച മെഹറൂഫിന്റെ ഗൂഡലൂരിലെ റിസോര്‍ട്ടില്‍ ഒരു ദിവസം കുടുംബ സമേതം തങ്ങാനുള്ള ആഗ്രഹമുദിച്ചത്.ഉടന്‍ തന്നെ മെഹ്‌റൂഫിനെ വിളിച്ച് ഡേറ്റും ഉറപ്പിച്ചു. അങ്ങനെ മെയ് എട്ടാം തീയതി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഞാനും മെഹ്രൂഫും കുടുംബവും രണ്ട് കാറുകളിലായി പ്രസ്തുത റിസോര്‍ട്ടില്‍ എത്തി.
                രാത്രി ഭക്ഷണം പാകം ചെയ്യാനുള്ള അരിയും ചിക്കനും മറ്റു സാധനങ്ങളും എല്ലാം ഗൂഡലൂരില്‍ നിന്ന് തന്നെ വാങ്ങിയിരുന്നു. ഇതുവരെ പോയ ട്രിപ്പുകളില്‍ ഒന്നിലും തന്നെ ഇങ്ങനെ ഒരു പരിപാടി ചെയ്തിട്ടില്ലായിരുന്നു. ഭക്ഷണം തയ്യാറാക്കി കൊണ്ടുപോകുകയും വഴിയരികില്‍ ഏതെങ്കിലും തണലില്‍ ഇരുന്ന് ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ട് തന്നെ ഇത്തവണത്തേത് ഞങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി.
        തേയിലത്തോട്ടത്തില്‍ കയറാന്‍ സാധിക്കാത്തതിന്റെ ഒരു സങ്കടം വയനാട് ടൂറ് കഴിഞ്ഞ ശേഷം കുട്ടികള്‍ പങ്കു വച്ചിരുന്നു. അന്ന് ഞങ്ങള്‍ താമസിച്ച ക്വാര്‍ട്ടേഴ്സിനടുത്ത് തന്നെ തോട്ടം ഉണ്ടായിരുന്നുതാനും. ആ സങ്കടവും ഇത്തവണ തേയിലത്തോട്ടത്തിനകത്തെ റിസോര്‍ട്ടില്‍ താമസിച്ചുകൊണ്ട് തീര്‍ത്തു.
         ചക്കയും മാങ്ങയും പേരക്കയും ബട്ടര്‍ ഫ്രൂട്ടും പപ്പായയും എല്ലാം അവിടെയും ഇവിടെയുമുള്ള മരങ്ങളില്‍ ധാരാളമായി കായ്ച്ചു നിന്നിരുന്നു. പക്ഷെ കഴിഞ്ഞ തവണ ഞങ്ങള്‍ കണ്ടപോലെ നിറയെ പേരക്ക ആയിട്ടുണ്ടായിരുന്നില്ല.പേരക്ക പറിക്കാന്‍ പറ്റിയ തരത്തിലും മൂപ്പിലും ആയതിനാല്‍ കുട്ടികള്‍ തന്നെ അത് പറിച്ചെടുത്തു. 
               നിമിഷങ്ങള്‍ കൊണ്ട് തന്നെ കുട്ടികള്‍ പരസ്പരം ഇഴുകിച്ചേര്‍ന്നു. പിന്നെ അവര്‍ അവരുടെ പ്രായത്തിനനുസരിച്ചുള്ള കളികളില്‍ മുഴുകി. തേയിലത്തോട്ടത്തിലൂടെ ചുറ്റി നടന്ന് ആവോളം ആസ്വദിക്കുകയും ചെയ്തു. ഞങ്ങള്‍ മാറി നിന്ന് സംസാരിക്കുന്നതിനിടക്ക് തോട്ടത്തില്‍ മാന്‍ പോലെ ഒരു മൃഗം പ്രത്യക്ഷപ്പെട്ടു. മെഹ്രൂഫിന് കാണിച്ചു കൊടുത്തപ്പോഴാണ് അത് കാട്ടാട് ആണെന്ന് മനസ്സിലായത്.കാഴ്ചയില്‍ ശരിക്കും പുള്ളിയില്ലാത്ത മാന്‍. സന്ധ്യയോടടുത്തപ്പോള്‍ കാട്ടുമുയലുകളും കാട്ടു കോഴിയും പ്രത്യക്ഷപ്പെട്ടു. ഇവയെ പിടിച്ചു തിന്നുന്ന പുലി വര്‍ഗ്ഗത്തില്‍ പെട്ടതും കണ്ടാല്‍ പുലിയാണെന്ന് തോന്നുന്നതുമായ ഒരു തരം മൃഗവും ഉണ്ടാകാറുണ്ട് എന്ന് മെഹ്രൂഫ് പറഞ്ഞപ്പോള്‍ ചെറിയ ഒരു ഭയം ഉള്ളിലൂടെ പാഞ്ഞു.
            പിറ്റെ ദിവസം, ബിസിനസ് ആവശ്യാര്‍ത്ഥം  മെഹ്‌റൂഫിന് കോഴിക്കോട് പോകേണ്ടതിനാല്‍ താക്കോല്‍ ഞങ്ങളെ ഏല്പിച്ച് അവനും കുടുംബവും യാത്രയായി. അന്ന് വൈകുന്നേരം വരെ സമയമുള്ളതിനാല്‍ ഞങ്ങള്‍ മസിനഗുഡി വരെ ഒന്ന് പോകാമെന്ന് തീരുമാനിച്ചു.രാവിലെ പത്തര , മണിയോടെ കുട്ടികള്‍ കഥകളിലും മറ്റും മാത്രം കേട്ടിട്ടുള്ള മസിനഗുഡിയിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു.

ഫോട്ടോഗ്രാഫി : ലുലു

(തുടരും...)

Saturday, May 06, 2017

മാനന്തവാടിയിലെ പണിക്ക് അരീക്കോട്ട് കൂലി

"മാനന്തവാടിയിലെ പണിക്ക് അരീക്കോട്ട് കൂലി” ! എന്നതാണ് വര്‍ത്തമാനകാലത്തെ ‘പഴംചൊല്ല്’. ഇന്ന്, പതിരില്ലാത്ത പഴംചൊല്ലായി ഇത്  മാറുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശമ്പളവും പെന്‍ഷനും കൊടുത്ത് കൊടുത്ത് സര്‍ക്കാര്‍ മുടിഞ്ഞു പോയി.അങ്ങനെ  ട്രഷറിയില്‍ പണം കെട്ടിക്കിടക്കാന്‍ ആരോ ഒരു കുബുദ്ധി ഓതി. ഇനി മുതല്‍ എല്ലാ ഗസറ്റഡ് ജീവനക്കാരും ട്രഷറിയില്‍ ഒരു സേവിംഗ്‌സ് ബാങ്ക് അക്കൌണ്ട് തുടങ്ങണം.ശമ്പളം എന്‍‌കാഷ് ചെയ്ത് എന്റെ കാശാക്കി മാറ്റാന്‍ അത് നിര്‍ബന്ധമാണ്. അങ്ങനെ ഞാനും തുടങ്ങി അപ്പറഞ്ഞ അക്കൌണ്ട്.

പേര് സേവിംഗ്‌സ് ബാങ്ക് അക്കൌണ്ട് എന്നൊക്കെയാണെങ്കിലും മിനിമം ബാലന്‍സില്‍ കൂടുതല്‍ അതില്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ജാതി-ലിംഗ-മത-രാഷ്ട്രീയ ഭേദമന്യേ മത്സരിച്ചതോടെ ബുദ്ധി ഓതിയവന്‍ മെല്ലെ സ്കൂട്ടായി.പക്ഷെ അന്ന് കോഴിക്കോട് ജില്ലാ ട്രഷറിയില്‍ ആ അക്കൌണ്ട് തുടങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ വെറുതെ ഒന്ന് ചോദിച്ചു-കോഴിക്കോട്ടെ ശമ്പളം അരീക്കോട്ട് വാങ്ങാന്‍ ഇത് വഴി സാധിക്കുമോ?

വര്‍ഷത്തില്‍ വേനലും വേനലില്‍ വര്‍ഷവും ഒക്കെയായി കാലം പിന്നെയും മാറി മറിഞ്ഞു.ഒരു വലം കാലന്‍ അടിയിലൂടെ കോഴിക്കോട്ട് നിന്നും ഞാന്‍ വീണ്ടും വയനാട്ടിലേക്ക് എത്തി.എന്റെ കൂടെത്തന്നെ പാവം എന്റെ ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൌണ്ടിനും സ്ഥലം മാറ്റം കിട്ടി!പക്ഷെ കോഴിക്കോട്ടെ ചൂടില്‍ നിന്നും വയനാട്ടിലെ തണുപ്പിലേക്കുള്ള ആ മാറ്റം എന്റെ സേവിംഗ്‌സ് ബാങ്ക് അക്കൌണ്ടിനെ സന്തോഷിപ്പിച്ചു. എന്നെപ്പോലെയുള്ള നാല്പത് പേരുടെ കൂടി മിനിമം ബാലന്‍സ് തുക എപ്പോഴും എന്റെ അക്കൌണ്ടില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ് ട്രഷറിയിലും കോര്‍ ബാങ്കിംഗ് സൌകര്യം ഏര്‍പ്പെടുത്തിയത്.ഈ കലാപരിപാടി നടക്കുന്നതിനാല്‍ ‘ഇടപാടുകള്‍ക്ക് താമസം നേരിട്ടേക്കാം‘ എന്ന മുന്‍‌കൂര്‍ ജാമ്യം എന്നും ട്രഷറിയില്‍ തൂങ്ങി ആടിയിരുന്നു.അപ്പോഴും ഈ സംഗതി എന്താണെന്ന് ചോദിച്ചപ്പോള്‍ 90 ശതമാനം പേരുടെയും ഉത്തരം നാലക്ക അക്കൌണ്ട് നമ്പറ് പത്തക്കമായി മാറ്റുന്ന പരിപാടി എന്നായിരുന്നു.

കാലം പിന്നെയും കൂലം കുത്തി ഒഴുകി.അഞ്ചാം ക്ലാസ്സില്‍ അഞ്ചാം തവണയും തോറ്റ കോയാമുവിന്റെ മലയാളം ടെക്സ്റ്റ് ബുക്കിന്റെ അവസ്ഥയിലായി എന്റെ ട്രഷറി പാസ്ബുക്ക്. അതൊന്ന് മാറ്റിത്തരാന്‍ ട്രഷറിയില്‍ പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ ചെവികൊണ്ടില്ല.ശമ്പളമായി എത്തിച്ചേരുന്ന സംഖ്യയും പിന്‍‌വലിക്കുന്ന സംഖ്യയും ഒഴിവുള്ള ഏതെങ്കിലും ഒരു മൂലയില്‍ കുത്തിക്കൊള്ളിച്ചെഴുതി കാഷ്യര്‍മാര്‍ ശരിക്കും അതിനെ ആദാമിന്റെ കണക്ക് പുസ്തകമാക്കി.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം എനിക്ക് കല്പറ്റയിലെ വയനാട് ജില്ലാ ടൂറിസം ഓഫീസില്‍ പോകേണ്ടതായി വന്നത്.ആ ഓഫീസിന് തൊട്ടു താഴെയായിരുന്നു വയനാട് ജില്ലാ ട്രഷറി.കോര്‍ ബാങ്കിങ്ങിന്റെ മഹത്വം മനസ്സിലാക്കാന്‍ ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. മാനന്തവാടിയിലെ അക്കൌണ്ടിലുള്ള പണം കല്പറ്റയില്‍ നിന്നും പിന്‍‌വലിക്കുക എന്നതായിരുന്നു ആ പരീക്ഷണം.

ചെക്ക് പൂരിപ്പിച്ച് ഞാന്‍ പാസ്‌ബുക്കിനൊപ്പം നല്‍കി.എന്റെ പാസ്ബുക്കിന്റെ ദയനീയാവസ്ഥ കണ്ട കൌണ്ടറിലെ ചേച്ചി അതും കൊണ്ട് ഒരു ഷെല്‍ഫിനടുത്തേക്ക് പോയി അതില്‍ നിന്നും ഒരു പുതുപുത്തന്‍ പാസ് ബുക്ക് എടുത്തു!ഇത് മാനന്തവാടിയിലെ അക്കൌണ്ട് ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ല.ആദ്യ പേജിലെ വിവരങ്ങള്‍ എല്ലാം ചേര്‍ത്തി എന്നോട് ഒരു പുസ്തകത്തിലും ഒപ്പിടുവിച്ച് ,പുതിയ പാസ്ബുക്കും മാനന്തവാടിയിലെ അക്കൌണ്ടില്‍ കിടക്കുന്ന പുതുപുത്തന്‍പണവും നല്‍കിയപ്പോള്‍ കോര്‍ ബാങ്കിങ്ങിനെ ഞാന്‍ നമിച്ചു.

എന്നാലും എന്റെ മനസ്സില്‍ ആ പഴയ ചോദ്യം ഉരുണ്ടു കളിച്ചു - കോഴിക്കോട്ടെ ശമ്പളം അരീക്കോട്ട് വാങ്ങാന്‍ ഇത് വഴി സാധിക്കുമോ? ഇന്ന് അതിനും ഉത്തരമായി.മാനന്തവാടിയിലെ അക്കൌണ്ടിലുള്ള പണം കല്പറ്റയിലെ പാസ്ബുക്ക് ഉപയോഗിച്ച് അരീക്കോട്ട് നിന്നുംഞാന്‍  പിന്‍‌വലിച്ചു. അതാണ് ഡാ കോര്‍ ബാങ്കിംഗ്.അല്ലാതെ നാലക്കം പത്തക്കം ആയി മാറ്റുന്നതല്ല.