Pages

Monday, January 30, 2017

പുലിമുരുകന്‍ വരുന്നേ പുലിമുരുകന്‍!

     എ.ഇ.ഒ വരുന്നത്, സ്കൂളില്‍ പോകുന്ന കാലത്ത് ഒരു പേടി സ്വപ്നമായിരുന്നു. അദ്ദേഹം ഏതെങ്കിലും ക്ലാസ്സില്‍ കയറി എന്തെങ്കിലും ചോദ്യം ചോദിക്കും എന്നും ഉത്തരം കിട്ടിയില്ലെങ്കില്‍ നല്ല ശിക്ഷ കിട്ടും എന്നൊക്കെയായിരുന്നു തലമുറകളായി എ.ഇ.ഒ മാരെപ്പറ്റി കൈമാറി വരുന്ന വാര്‍ത്ത.ഒരു അധ്യയന വര്‍ഷത്തിലെ ഇത്രാമത്തെ പ്രവൃത്തി ദിനത്തിലാണ് അദ്ദേഹം വരിക എന്നതൊക്കെ പുതിയ നിയമമാണ്.പഴയ നിയമത്തില്‍ അദ്ദേഹം ഏത് ദിവസത്തിലും കയറി വരാം.
     ഏകദേശം ആ ദിവസങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവം ഈ അടുത്ത് ഉണ്ടായി.ഞങ്ങളുടെ എന്‍.എസ്.എസ് ക്യാമ്പ് സന്ദര്‍ശിക്കാനായി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വരുന്നതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഞാന്‍ അത് ക്യാമ്പ് അംഗങ്ങളെ അറിയിക്കാനായി വളണ്ടിയര്‍ സെക്രട്ടറിമാരെയും ഏല്പിച്ചു.അല്പ സമയത്തിന് ശേഷം എനിക്ക് ലഭിച്ച വാട്സ് ആപ്പ് സന്ദേശ പ്രകാരം സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ അന്നത്തെ സന്ദര്‍ശനത്തില്‍ വയനാട് ജില്ല ഉണ്ടായിരുന്നില്ല.ഉറപ്പ് വരുത്താനായി ഫോണ്‍ ചെയ്തപ്പോള്‍ അന്നേ ദിവസം വരുന്നില്ല എന്ന വിവരം ലഭിക്കുകയും ചെയ്തു.
     കോര്‍ഡിനേറ്ററെ നേരത്തെ മറ്റൊരു ക്യാമ്പില്‍ കണ്ട് “അറിഞ്ഞ” വളണ്ടിയര്‍ സെക്രട്ടറിമാര്‍ അവര്‍ക്ക് കിട്ടിയ വിവരവും അവര്‍ അറിയുന്ന കാര്യങ്ങളും അല്പം എരിവും പുളിയും കൂട്ടി ക്യാമ്പിലെ മറ്റംഗങ്ങള്‍ക്ക് കൈമാറി.കോര്‍ഡിനേറ്റര്‍ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധ്യതയുണ്ടെന്നും ആരോ പറഞ്ഞ് പരത്തി. അതോടെ പണ്ടത്തെ എ.ഇ.ഒ വരുന്ന സംഭവം പോലെ എല്ലാവരും പരക്കം പായാന്‍ തുടങ്ങി.

“അദ്ദേഹം സ്കൂളിലേക്ക് വരോ, അതോ ആശുപത്രിയിലേക്കോ?” ആരോ സംശയം പ്രകടിപ്പിച്ചു.

“അത് അറിയില്ല”

“ഇത്രേം ആള്‍ക്കാര്‍ വരുന്ന ആശുപത്രിയില്‍ കോര്‍ഡിനേറ്റര്‍ വന്നാല്‍ ഞങ്ങള്‍ എങ്ങനെ തിരിച്ചറിയാനാ?” ആരോ ന്യായമായ ഒരു സംശയം ഉന്നയിച്ചു.

“ശരിയാ...പക്ഷേ അതിന്‍ ഞാന്‍ ഒരു പോംവഴി പറഞ്ഞ് തരാം....സാറ്‌ വരുന്നത് ഒരു വെള കാറിലായിരിക്കും...” സെക്രട്ടറി പറഞ്ഞു.

“ങാ...പക്ഷേ വെള കാറില്‍ വരുന്നവര്‍ വേറെയും ഉണ്ടാകില്ലേ?”

“ഇതാ...വെള കാറില്‍ ഈ കാണുന്ന ആള്‍ വന്നാല്‍ അതാണ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍...” കോട്ടും സ്യൂട്ടുമിട്ട ഒരു ഫോട്ടോ കാണിച്ചുകൊണ്ട് സെക്രട്ടറി മറുപടി നല്‍കി.

:ഓ കെ...” ആളെ കണ്ട സമാധാനത്തില്‍ എല്ലാവരും പറഞ്ഞു.

“അപ്പോ ഇനി എല്ലാവരും വേഗം ആശുപത്രിയിലേക്ക് നീങ്ങുക...ഏത് ഗ്രൂപ്പിന്റെ അടുത്ത് സാറ് എത്തിയാലും വിവരം മറ്റു ഗ്രൂപ്പിലേക്കും ക്യാമ്പ് ഓഫീസിലേക്കും പാസ് ചെയ്യണം...” സെക്രട്ടറി നിര്‍ദ്ദേശം കൊടുത്തു.

“ഓ.കെ...” എല്ലാവരും വേഗത്തില്‍ സൈറ്റിലേക്ക് നീങ്ങി. ഞാന്‍ ക്യാമ്പ് ഓഫീസില്‍ എന്റെ ജോലികളിലും മുഴുകി. ഏകദേശം 12 മണിയോടെ വളണ്ടിയര്‍മാരില്‍ ഒരാള്‍ ഓടിക്കിതച്ച് എന്റെ അടുത്തെത്തി.

“സാര്‍...സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്!!”

“ങേ!!” ഞാന്‍ വെറുതെ ‘ഞെട്ടല്‍‘ രേഖപ്പെടുത്തി. പണ്ട് ‘ആകാശം ഇടിഞ്ഞു വീഴുന്നേ’ എന്ന് പറഞ്ഞ കഥയിലെപ്പോലെ, മേല്‍ വളണ്ടിയര്‍ കാണുന്നവരുടെ അടുത്തെല്ലാം ഈ വിവരം അറിയിച്ചു.ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ എന്റെ ജോലിയില്‍ തന്നെ തുടര്‍ന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേ വളണ്ടിയര്‍ എന്റെ അടുത്ത് എത്തി പറഞ്ഞു 
“സാര്‍...അത് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആയിരുന്നില്ല...”

“പിന്നെ?”

“ഏതോ ഒരാള്‍...”

“അപ്പോ ആരാ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞത് ?” ഞാന്‍ ചോദിച്ചു.

“അത്...ഗ്രൂപ്പ് രണ്ടിന്റെ അടുത്ത് ഒരു വെള കാര്‍ വന്ന് നിര്‍ത്തി...അതില്‍ നിന്ന് രാവിലെ ഞങ്ങള്‍ക്ക് കാണിച്ച ഫോട്ടോയിലെപ്പോലെ കോട്ട് ഇട്ട ഒരാള്‍ ഇറങ്ങി...”

“ആഹാ..”

“അദ്ദേഹം നമ്മുടെ വളണ്ടിയര്‍മാരോട് എന്തോ ചോദിക്കുന്നത് ഞാന്‍ ദൂരെ നിന്ന് കണ്ടു. ഇത് തന്നെ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എന്ന ധാരണയില്‍ ഞാന്‍ അത് എല്ലാ ഗ്രൂപ്പിലും അറിയിച്ചു...സാറെയും...”

“ഹ ഹ ഹാ...” എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

“പക്ഷെ...ഒരു ഗുണം ഉണ്ടായി സാര്‍...”

“അതെന്താ?”

“ആ ഒന്നര മണിക്കൂര്‍ കൊണ്ട് എല്ലാ ഗ്രൂപ്പുകാരും കൂടി രണ്ട് ദിവസത്തെ വര്‍ക്കാ ചെയ്തു തീര്‍ത്തത് !!”

പിറ്റേ ദിവസം ഉച്ചയോടെ സ്റ്റേറ്റ് കോര്‍ഡിനേറ്ററും ടീമും ക്യാമ്പില്‍ എത്തി. തലേ ദിവസം കാണിച്ച ഫോട്ടോയും ഒറിജിനല്‍ ആളും തമ്മിലുള വ്യത്യാസവും പറഞ്ഞ് കേട്ടതും അനുഭവിച്ച് അറിഞ്ഞതുമായ സ്വഭാവ വ്യത്യാസവും പിന്നെ അന്നത്തെ സംഭവികാസങ്ങളും ഇപ്പോഴും ക്യാമ്പ് അംഗങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നു.

Saturday, January 28, 2017

ഒറ്റയടിപ്പാതകള്‍ – ഒരു വായനാനുഭവം

       ശ്രീ.സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം കിട്ടിയതിന് ശേഷം, അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും ഇതുവരെ വായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒരു സങ്കടം എന്റെ മനസ്സില്‍ നിലനിന്നിരുന്നു. ആയിടക്കാണ് കോളേജില്‍ ഞാന്‍ കസ്റ്റോഡിയനായ ലാബില്‍ ഒരു പുന:ക്രമീകരണം നടന്നത്. ആവശ്യമില്ലാത്ത നിരവധി കടലാസുകള്‍ പല സ്ഥലത്തും വാരി വിതറി ആകെ അലങ്കോലമായിക്കിടന്ന ആ ലാബിലേക്ക് ചെല്ലുമ്പോഴേ ഇറങ്ങിപ്പോവാനായിരുന്നു പലപ്പോഴും തോന്നാറ്. ആ കടലാസുകള്‍ പെറുക്കി കൂട്ടുന്നതിനിടക്ക് മേശക്കകത്ത് നിന്നും ആരോ ഉപേക്ഷിച്ചു പോയ ഒരു പുസ്തകം എന്നെ തുറിച്ച് നോക്കി – സി.രാധാകൃഷ്ണന്‍ എഴുതിയ ഒറ്റയടിപ്പാതകള്‍ എന്ന പുസ്തകമായിരുന്നു അത്!

       പുസ്തകത്തിന്റെ പേര് ആകര്‍ഷകമായിരുന്നില്ല എങ്കിലും ഞാന്‍ അന്വേഷിച്ചു നടക്കുന്ന എഴുത്ത്കാരന്റെതായതിനാല്‍ ഒന്ന് മറിച്ച് നോക്കി.പുസ്തകത്തിലെ ആദ്യത്തെ വരികള്‍ ഇങ്ങനെയായിരുന്നു – “രണ്ടാലൊന്ന് പറയൂ,സതീ” – അനൂപ് കൈകള്‍ മാറത്ത് പിണച്ചുകെട്ടി ഓരം തിരിഞ്ഞ് നിന്നു.പരിഭവവും നേരിയ നിരാശയും ആ സ്വരത്തിലുണ്ടായിരുന്നു.

       ആഞ്ഞ് വീശാന്‍ പോകുന്ന ഒരു കൊടുങ്കാറ്റിന്റെ ശാന്തത ആ വരികളില്‍ ഞാന്‍ ദര്‍ശിച്ചു.പിന്നീടുള വരികള്‍ ഞാന്‍ എന്നും സ്വപ്നം കാണുന്ന പഴക്കമു ഒരു മാളിക വീടിനെപ്പറ്റിയായിരുന്നു.പൈങ്കിളി വര്‍ത്തമാനങ്ങള്‍ ഇല്ലാത്ത ഒരു പ്രണയ കഥയുടെ ഒഴുക്ക് അവിടെ ആരംഭിക്കുകയായിരുന്നു. ഒറ്റ ഇരുപ്പിന് തന്നെ പുസ്തകത്തിന്റെ പകുതിയിലധികം ഞാന്‍ പിന്നിട്ടു.

       അനൂപ്,സതി,അസുഖം ബാധിച്ച സതിയുടെ അനുജന്‍,അച്ഛന്‍ എന്നിവരുടെ ധര്‍മ്മസങ്കടമാണ് നോവലിന്റെ ഇതിവൃത്തം.അനൂപും സതിയും തമ്മിലു പ്രണയവും സതിയും അനുജനും തമ്മിലു അഗാധമായ സാഹോദര്യ ബന്ധവും അതിനിടയില്‍ അച്ഛന്‍ അനുഭവിക്കുന്ന ടെന്‍ഷനും കൊണ്ട് നോവല്‍ വായനക്കാരനെ മുന്നോട്ട് നയിക്കുന്നു.അവസാന ഭാഗത്തേക്കെത്തുമ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ മനുഷ്യത്വപരമായി ശരിയോ തെറ്റോ എന്നൊരു ചോദ്യവും ഉളിലിട്ടു കൊണ്ടായിരിക്കും ഏതൊരു വായനക്കാരനും ഒറ്റയടിപ്പാതകള്‍ പൂര്‍ത്തിയാക്കുക.


       പുസ്തകത്തിലെ ഇരുപത് അദ്ധ്യായങ്ങളില്‍ ഒന്ന് മാത്രമാണ് അല്പമെങ്കിലും വായനാസുഖം ഇല്ലാതാക്കുന്നത്.ആ അദ്ധ്യായം വല്ലാതെ വലിഞ്ഞു പോകുന്നോ എന്നൊരു സംശയം ഉണ്ടായേക്കാം.എങ്കിലും വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. എന്നിട്ടും ഏതൊരു കഥയിലും ചെയ്യുന്നത് പോലെ ശുഭപര്യവസാനിയായി ഈ നോവല്‍ മാറുന്നില്ല. അവസാന വരി കുറിക്കുന്ന പോലെ ഏതുമാകാം, നല്ലതും നല്ലതിനാകുമെന്ന് വിശ്വസിക്കുക.

പുസ്തകം: ഒറ്റയടിപ്പാതകള്‍
രചയിതാവ് : സി.രാധാകൃഷ്ണന്‍
പ്രസാധകര്‍: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
പേജ്:184

വില:115 രൂപ (2009)

(ഈ നോവല്‍ സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്)

Thursday, January 26, 2017

റിപബ്ലിക് ദിനത്തിലെ ഉപ്പ്മാവ്

ഇന്ന് റിപബ്ലിക് ദിനം. ഇന്ത്യ റിപബ്ലിക് ആയതിന് ശേഷം ഈ ദിനത്തിൽ ഡൽഹിയിൽ ദേശീയപതാക ഉയർത്തുന്നത് രാഷ്ട്രപതിയാണ്. അതേ പോലെ , കേരളത്തിലെ 8 സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഈ കർമ്മം നിർവ്വഹിക്കേണ്ടത് ഞാനാണെന്ന് രാവിലെ പ്രിൻസിപ്പാൾ വിളിച്ചപ്പോഴാണ് ഞാൻ പോലും അറിഞ്ഞത്.

കോളെജ് ദിവസങ്ങളിൽ സാധാരണ ഗതിയിൽ എന്റെ പ്രാതൽ സമയം ഒമ്പതര-പത്ത് മണിയാണ്.ഇന്ന് എട്ടരക്ക് പതാക ഉയർത്തേണ്ടതിനാലും കാന്റീൻ അടവായതിനാലും ബ്രേൿഫാസ്റ്റ് റൂമിൽ തെന്നെ തയ്യാറാക്കാൻ തീരുമാനിച്ചു.ആകെ ഉണ്ടാക്കാൻ അറിയുന്നത് പണ്ട് മുതലേ ഉമ്മ ഉണ്ട(യാ)ക്കിത്തരുന്ന ഉപ്പ്മാവ് - അടുക്കളയിൽ തപ്പിയപ്പോൾ പണ്ടാരോ കടംകഥ പറഞ്ഞ പോലെയായി.റവയുണ്ട്,സവാളയില്ല; ഉപ്പുണ്ട്,മുളകില്ല.എങ്കിലും എനിക്ക് കഴിക്കാവുന്ന തരം ഒരു ഉപ്പ്മാവ് ഉണ്ടാക്കാൻ ഇത് ധാരാളം.

ഊർജ്ജ സംരക്ഷണ ക്ലാസ്സിൽ കേട്ടതും ഞാൻ പല ക്ലാസ്സുകളിലും പറയുന്നതുമായ രീതിയിൽ തന്നെ ഉപ്പ്മാവ് ഉണ്ടാക്കാൻ തീരുമാനമായി.ആവശ്യമായ സാധനങ്ങളിൽ അത്യാവശ്യമായതും എന്റെ പക്കൽ ഉള്ളതുമായവ ചട്ടിയിൽ വീഴുന്നതിന്റെ മുൻ‌ഗണനാ ക്രമത്തിൽ ഞാൻ അടുക്കി വച്ചു - സ്റ്റൌവിൽ ചട്ടി , പിന്നെ വെളിച്ചെണ്ണ,കടുക്,വെള്ളം,ഉപ്പ്,മഞ്ഞൾ പൊടി,അവസാനം റവ എന്ന രൂപത്തിൽ ഒരു ക്യൂ നിർത്തി.

മിസിസ് കെ.എം മാത്യു ഉപ്പ്മാവ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല.ഇതുണ്ടാക്കാൻ വലിയ വലിയ കിതാബുകൾ റെഫർ ചെയ്യുകയും വേണ്ട. കോമൺ സെൻസും ക്ഷമയും പിന്നെ ഒറ്റക്കും ആണെങ്കിൽ ആർക്കും ഉണ്ടാക്കാവുന്ന ഒരു ഭക്ഷണമാണ് ഉപ്പ്മാവ്.

സ്റ്റൌ കത്തിച്ച് ചീനച്ചട്ടി വയ്ക്കുക.അല്പമൊന്ന് ചൂടായാൽ രണ്ട് കുഞ്ഞ് സ്പൂൺ വെളിച്ചെണ്ണ ചട്ടിയിലേക്ക് തന്നെ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി എന്നറിയിക്കുമ്പോൾ കടുക് ഇടുക (അല്പം മാറി നിന്നില്ലെങ്കിൽ കടുക് കണ്ണിന്റെ കപാസിറ്റർ തകർക്കാൻ സാധ്യതയുണ്ട്).കടുകിന്റെ ലീലാവിലാസങ്ങൾ  കഴിഞ്ഞാൽ , നിങ്ങൾ തിന്നാൻ ഉദ്ദേശിക്കുന്ന റവക്കനുസരിച്ചുള്ള  വെള്ളമൊഴിക്കുക (റവയുടെ മൂന്നിരട്ടി വെള്ളം എന്നാണ് എന്റെ കോമൺസെൻസ്). ശീൽക്കാര ശബ്ദം ഉയരും , ഭയപ്പെടരുത് - ഉപ്പ്മാവാണ് റെഡിയാകാൻ പോകുന്നത്. ഇനി ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഉപ്പുണ്ടോ ഇല്ലേ എന്നറിയാൻ ചീന ചട്ടിയിലെ വെള്ളത്തിൽ നിന്ന് അല്പം എടുത്ത് രുചിച്ച് നോക്കുക - സൂക്ഷിക്കണം , വായ പൊള്ളിയാൽ ഉപ്പ് എന്നല്ല ഒരു സാധനത്തിന്റെയും രുചി പിന്നീടറിയില്ല.

ഇനിയാണ് ഉപ്പ്മാവിനെ ചമയിച്ചൊരുക്കുന്നത്. ഒരു നുള്ള് എന്ന് വച്ചാൽ ഉണ്ടോ ഇല്ലേ എന്ന് തോന്നുന്ന അത്രയും കുറച്ച് മഞ്ഞൾ പൊടി ചേർക്കുക. ഇല്ലെങ്കിൽ പഴനിയിൽ പോയി മൊട്ടയടിച്ചവന്റെ തല പോലെയിരിക്കും ഉപ്പ്മാവിന്റെ കളർ എന്ന് പ്രത്യേകം ഓർമ്മിക്കുക.വെള്ളം മഞ്ഞ കളർ ആയോ ഉപ്പ്മാവ് ട്രിബിൾ മഞ്ഞയായി എന്ന് ഉറപ്പിക്കാം.അങ്ങനെ വെള്ളം തിളക്കാൻ തുടങ്ങുമ്പോൾ റവ എടുത്ത് അല്പാല്പം ചേർക്കുകയും നന്നായി ഇളക്കുകയും ചെയ്യുക.എന്ന് വച്ചാൽ വാട്‌സ് ആപ്പും ഉപ്പ്മാവും ഒരുമിച്ച് നടക്കില്ല.നന്നായി ഇളക്കിയില്ലെങ്കിൽ രാവിലെ വച്ച ഉപ്പ്മാവ് വൈകുന്നേരം കൊഴുക്കട്ടയായി തിന്നാം, അല്ല ആരെയെങ്കിലും തീറ്റിക്കാം (ഇതാണ് ഞാൻ മുകളിൽ പറഞ്ഞ ഉമ്മ ഉണ്ടയാക്കി തരുന്ന ഉപ്പ്മാവ്).

അങ്ങനെ വെള്ളം കുറുകി കുറുകി ഇല്ലാതാകുമ്പോൾ ഉപ്പ്മാവ് ഉണ്ടായി.ഇതാണ് ദ്രവ്യ സംരക്ഷണ നിയമം . അതായത് റവ കാൻ നെയിതർ ബീ ക്രിയേറ്റഡ് നോർ ബീ ഡിസ്ട്രോയ്‌ഡ്, ബട് കാൻ ബീ കൺ‌വർട്ടഡ് റ്റു ഉപ്പ്മാ  ഇൻ എ സിമ്പിൾ വേ.നിങ്ങൾ പഠിച്ചത് വേറെയായിരിക്കും , അത് ആ റവ കൊണ്ടുണ്ടാക്കുമ്പോൾ ഇത് ഈ റവ  കൊണ്ടുണ്ടാക്കുമ്പോൾ.


അങ്ങനെ ഞാൻ ഉണ്ടാക്കിയ ഉപ്പ്മാവും തിന്ന് റിപബ്ലിക് ദിനത്തിൽ ദേശീയ പതാകയും ഉയർത്തി ഞാനും ഏക് ദിൻ ക സുൽത്താൻ ആയി.


ഏവർക്കും റിപബ്ലിക് ദിനാശംസകൾ.

Tuesday, January 24, 2017

ഫേസ്ബുക് ഫ്രണ്ട്

ആലുവാ മണൽ പുറത്ത് കണ്ട പരിചയം പോലും കാണിക്കാതെ അവൻ തിരിഞ്ഞു നടന്നപ്പോൾ എന്റെ മോൾ ചോദിച്ചു.
“അത് ഉപ്പച്ചിയുടെ ഫ്രണ്ട് അല്ലേ?”
“അതെ…“
“എന്നിട്ടെന്താ അയാൾ ഒന്നും മിണ്ടാതെ പോയത്?”
“അതാണ് ഫേസ്ബുക് ഫ്രണ്ട്…“
“എന്നു വച്ചാൽ..?”

“സ്മൈലികൾ അയക്കും,നേരിട്ട് തരില്ല!!”

Friday, January 06, 2017

അരീക്കോടന്‍ നല്ല വാര്‍ത്തയില്‍ !

“നിങ്ങള് വല്ല്യ ആളാണെന്ന് ഇന്നലെയാ മാഷെ അറിഞ്ഞത്...”
എന്നും ചായ കുടിക്കാന്‍ കയറുന്ന കോളേജിനടുത്തുള്ള മെസ്സിലെ ഇത്താത്ത പറഞ്ഞപ്പോള്‍ എനിക്കൊന്നും പിടി കിട്ടിയില്ല.

“എന്ത് ? എന്താ നിങ്ങളറിഞ്ഞത്....?” ഞാന്‍ ചോദിച്ചു.

“മൂന്നാല് ദിവസമായി വയനാടിന്റെ സ്വന്തം ചാനലില്‍ നിങ്ങളിങ്ങനെ തിളങ്ങി നില്‍ക്കുന്നു....”

“ഓ....ഞാനും ഞാനുമെന്റെ കഷണ്ടിയും....” എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ചെയ്ത സേവനപ്രവര്‍ത്തനങ്ങളെ പറ്റിയായിരുന്നു അവര്‍ പറഞ്ഞത്.

പ്രസ്തുത ചാനലിലെ വാര്‍ത്ത എനിക്ക് കാണാന്‍ പറ്റിയില്ല.കാരണം എനിക്ക് ടിവിയില്ല, അവര്‍ക്ക് ഓണ്‍ലൈന്‍ സം‌പ്രേഷണവും ഇല്ല !! പക്ഷെ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിന്റെ രാത്രി ഏഴരക്കുള്ള നല്ല വാര്‍ത്തയിലും ഞങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ പ്രചാരം കിട്ടി.

ഇത് എന്റെ രണ്ടാം ടി.വി പ്രവേശം. ആദ്യത്തേത് ദര്‍ശന ടി.വി യില്‍.