Pages

Tuesday, October 18, 2016

പൂക്കോട് തടാകം

                പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ ഈ യാത്ര പുറപ്പെടുന്നതിന് മുമ്പ് എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ സമയം വൈകുന്നേരം ആയതിനാല്‍ ഇനി ഒരു സ്ഥലത്തും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിനാല്‍ പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അവിടെ അഭൂതപൂര്‍വ്വമായ ജനത്തിരക്ക് എന്നെ അത്ഭുതപ്പെടുത്തി. കാരണം തടാകത്തിലൂടെയുള്ള ഒരു ബോട്ടിംഗ് (അതും 20 മിനുട്ട് നേരത്തേക്ക് 4 പേര്‍ക്ക് 300 രൂപ )മാത്രമായിരുന്നു അവിടെയുള്ള ഏക ആകര്‍ഷണം.പ്രവേശന ഫീസായി 20 രൂപയും നല്‍കണം.

              എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലും ടൂറിസം വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയിലെ ഒരു ഡെസ്റ്റിനേഷന്‍ ആയിരുന്നു പൂക്കോട് തടാകം. തുഷാരഗിരിയില്‍ അനുഭവിച്ച സൌജന്യ പ്രവേശനം ഇവിടെയും സാധ്യമായിരുന്നു എന്ന് സാരം. പക്ഷേ ആ ജനത്തിരക്കില്‍ സൌജന്യം പറ്റാന്‍ നില്‍ക്കാതെ ടിക്കറ്റെടുത്ത് ഞങ്ങള്‍ അകത്ത് പ്രവേശിച്ചു.

              അന്യസംസ്ഥാനക്കാരായ വിനോദയാത്രാ സംഘങ്ങളായിരുന്നു അവിടെയുള്ള മിക്കവരും എന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലായി. ബോട്ട് ഹൌസിന്റെ അടുത്ത് കണ്ട തിരക്കില്‍ നിന്നും ഇവര്‍ തടാകവും ബോട്ടും മുമ്പ് കാണാത്തവരാണെന്നും പെട്ടെന്ന് മനസ്സിലായി. പെഡല്‍ ബോട്ടില്‍ കയറി തടാകത്തില്‍ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന നിരവധി സഞ്ചാരികളെയും നോക്കി ഞാനും ഭാര്യയും തടാകക്കരയിലെ കസേരയില്‍ ഇരുന്നു. ഉടന്‍ ഒന്നാം ക്ലാസ്സുകാരി ലൂന മോള്‍ക്ക് അത് ഒരു ഫ്രെയിമിലാക്കാന്‍ മോഹം. ഞാന്‍ ക്യാമറ എടുത്ത് കൊടുത്തു. അവള്‍ അത് മനോഹരമായ ഒരു ഓര്‍മ്മ ചിത്രമാക്കി.

                11 വര്‍ഷം മുമ്പ് ഉപ്പയും ഉമ്മയും അടക്കമുള്ള കുടുംബാംഗങ്ങളെയും കൊണ്ട് വയനാട് കാണാന്‍ പോയ സമയത്ത് ഞങ്ങള്‍ ആദ്യമെത്തിയത് പൂക്കോട് തടാകത്തിലായിരുന്നു. രണ്ടാമത്തെ മോള്‍ ലുഅ അന്ന് കൈകുഞ്ഞായിരുന്നു. അവളെയും കൊണ്ട് ഒരു ഫോട്ടോക്ക് പോസ് ചെയ്ത അക്കേഷ്യ മരം ഇന്നും അതേ പോലെ തടാകത്തിലേക്ക് തല ചായ്ച്ച് നില്‍പ്പുണ്ട്. അതിന് ശേഷം ഇന്നാണ് ഞങ്ങള്‍ വീണ്ടും പൂക്കോട് തടാകം സന്ദര്‍ശിക്കാനെത്തിയത്.

              കുട്ടികള്‍ക്കായുള്ള ഒരു മിനി പാര്‍ക്ക് തടാകത്തില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളും മുതിര്‍ന്നവരും അതില്‍ ഒരു പോലെ കയറിനിരങ്ങുന്നുണ്ട്. ‘ചിരിപ്പിക്കും കണ്ണാടികള്‍’ എന്ന ഒരു പ്രദര്‍ശനവും പ്രത്യേകം ടിക്കറ്റെടുത്ത് സഞ്ചാരികള്‍ക്ക് ആസ്വദിക്കാവുന്നതാണ്. എം.എസ്.സിക്ക് പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റല്‍ ടൂര്‍ പോയ സമയത്ത് (1995) ഇവിടെ ഒരു അക്വേറിയം സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഇതിലും വലിയ നിരവധി അക്വേറിയങ്ങള്‍ കണ്ട് കഴിഞ്ഞതിനാല്‍ ഇത്തവണ ഇവിടെ വീണ്ടും കാണാന്‍ മനസ്സ് വന്നില്ല.

                നിരവധി ‘യൂസ് മീ’കള്‍ ഉണ്ടായിട്ടും ഭക്ഷിച്ചതിന് ശേഷമുള്ള കടലാസുകളും കപ്പുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞത് കണ്ടപ്പോള്‍ സങ്കടം തോന്നി. കാരണം രണ്ട് ദിവസം മുമ്പ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഒരു കൂട്ട ശുചീകരണ യജ്ഞം അവിടെ നടന്നതായി പത്രത്തില്‍ വായിച്ചിരുന്നു. വീണ്ടും പരിസരം വൃത്തികേടാക്കാതിരിക്കാന്‍ ടൂറിസം വകുപ്പ് അധികൃതര്‍ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നത് സങ്കടകരമാണ്.മാലിന്യം വലിച്ചെറിഞ്ഞ് മറ്റുള്ളവര്‍ക്ക് അസൌകര്യമുണ്ടാക്കുന്നത് ശരിയല്ല എന്ന ബോധം അത് വലിച്ചെറിയുന്നവനും ഇല്ലാതെ പോയി.

               സമയം ഇരുട്ടാനും മഴ ചാറാനും തുടങ്ങി. ഇനിയും അവിടെ തങ്ങുന്നത് പന്തിയല്ല എന്ന് തോന്നിയതിനാല്‍ ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങി.വൈത്തിരി എത്തി ഇടത്തോട്ട് തിരിഞ്ഞ് പൊഴുതന വഴിയായിരുന്നു തുടര്‍‌യാത്ര. ചായത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ആ യാത്ര ഒരു ഊട്ടി ഫീലിംഗ് സമ്മാനിച്ചു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയര്‍ പ്രദേശവും ഈ യാത്രയില്‍ ദൃശ്യമായി (ഫോട്ടോ പഴയ ശേഖരത്തില്‍ നിന്ന്).


11 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ ക്യാമറ എടുത്ത് കൊടുത്തു. അവള്‍ അത് മനോഹരമായ ഒരു ഓര്‍മ്മ ചിത്രമാക്കി.

Cv Thankappan said...

പരിസരം വൃത്തികേടാക്കന്നതില്‍ നമ്മുടെ ആളുകള്‍ ഒട്ടും മോശമല്ല.ഒരാള്‍ തുടങ്ങിവെച്ചാല്‍ മതി.മുമ്പേ ഗമിക്കും ഗോവുതന്‍റെ പിമ്പേ......
ഫോട്ടോകളും വിവരണവും നന്നായി
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

വ്യക്തി ശുചിത്വം ഉണ്ടെങ്കിലും പൊതുശുചിത്വബോധം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.നന്ദി തങ്കപ്പേട്ടാ.

Muralee Mukundan , ബിലാത്തിപട്ടണം said...

നിരവധി ‘യൂസ് മീ’കള്‍ ഉണ്ടായിട്ടും
ഭക്ഷിച്ചതിന് ശേഷമുള്ള കടലാസുകളും
പണ്ട് വന്നിട്ടുണ്ടിവിടെ ...

'കപ്പുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞത്
കണ്ടപ്പോള്‍ സങ്കടം തോന്നി. കാരണം മാലിന്യം
വലിച്ചെറിഞ്ഞ് മറ്റുള്ളവര്‍ക്ക് അസൌകര്യമുണ്ടാക്കുന്നത്
ശരിയല്ല എന്ന ബോധം അത് വലിച്ചെറിയുന്നവനും ഇല്ലാതെ പോയി.'

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...എന്നിട്ട് മിണ്ടാണ്ടിരിക്കാ അല്ലേ?

© Mubi said...

"നിരവധി ‘യൂസ് മീ’കള്‍ ഉണ്ടായിട്ടും ഭക്ഷിച്ചതിന് ശേഷമുള്ള കടലാസുകളും കപ്പുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞത് കണ്ടപ്പോള്‍ സങ്കടം തോന്നി...." അഹങ്കാരമല്ലേ ഇതൊക്കെ? കഷ്ടം!!!

Areekkodan | അരീക്കോടന്‍ said...

ഇതിന് പല പേരുകളും ഉണ്ട് മുബീ..അതിലൊന്ന് അഹങ്കാരം.

Geetha said...

വിവരണം നന്നായി മാഷെ.. ഫോട്ടോസും. ഉപയോഗം കഴിഞ്ഞ സാധനങ്ങൾ വലിച്ചെറിയുന്നതിൽ നമ്മുടെ ആൾക്കാർക്കുള്ള കഴിവ് പറയാതിരിക്കയാ ഭേദം.

Areekkodan | അരീക്കോടന്‍ said...

ഗീതാജി...വായനക്കും അഭിപ്രായത്തിനും നന്ദി.ഈ ഡിസ്പോസിബിള്‍ സംസ്കാരം എങ്ങനെ മാറ്റും?

വിനുവേട്ടന്‍ said...

നമ്മുടെ നാട്ടുകാർക്ക് എന്നാണ് പൌരബോധം ഉണ്ടാകുക ആവോ... !

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...കുഞ്ഞുമക്കളില്‍ പൌരബോധം ഉണ്ടാക്കുന്ന ഒരു പ്രക്രിയക്ക് തുടക്കമിടാന്‍ ആഗ്രഹിക്കുന്നു.അതിലൂടെ ഒരു പക്ഷെ ഇതെല്ലാം മാറി മറിഞ്ഞേക്കാം.

Post a Comment

നന്ദി....വീണ്ടും വരിക