Pages

Thursday, October 22, 2015

മറക്കാനാവാത്ത ഒരു ദിനം

              വയനാട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മിനിഞ്ഞാന്ന് ആരംഭിച്ചു.വീട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ അവധി എവിടെയൊക്കെ കിട്ടുന്നോ അതിനോട് രണ്ടെണ്ണം കൂടി കൂട്ടികെട്ടാനായിരിക്കും മിക്കവരുടേയും ശ്രമം.എന്റെ ആ പദ്ധതി മുഴുവന്‍ പൊളിച്ചെറിഞ്ഞ് , സര്‍ക്കാര്‍ അഡീഷണലായി പ്രഖ്യാപിച്ച അവധി ദിനമായ ഇന്നലെയായിരുന്നു എന്നെ നിയോഗിച്ച പഞ്ചായത്തിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം.നവംബര്‍ 1 ഞായറാഴ്ചക്ക് പുറമേ ഈ ഒരു അവധി ദിനം കൂടി കൊണ്ടുപോയതിലുള്ള അമര്‍ഷം ഉള്ളിലൊതുക്കി ഞാന്‍ കൃത്യസമയത്തിന് മുമ്പ് തന്നെ ക്ലാസ്സിലെത്തി.

           പരിശീലനോദ്യോഗസ്ഥരുടെ “കൃത്യനിഷ്ഠ”കാരണം പത്തര മണി കഴിഞ്ഞാണ് പരിപാടി ആരംഭിച്ചത്.ഉര്‍വശീ ശാപം ഉപകാരം എന്ന പോലെ, ഇത്രയും കാലമായിട്ടും ഞാന്‍ അടുത്ത് പരിചയപ്പെടാതിരുന്ന, എന്റെ കോളേജില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ടീച്ചറുടെ ഭര്‍ത്താവും ക്വാര്‍ട്ടേഴ്സില്‍ എന്റെ അയല്‍‌വാസിയും കൂടിയായ മാനന്തവാടി ഗവ. കോളേജ് അദ്ധ്യാപകന്‍ രോഹിത് സാറെ അവിടെ കണ്ടുമുട്ടി.ഞങ്ങള്‍ രണ്ടു പേരുടേയും മറ്റു സഹപ്രവര്‍ത്തകര്‍ ആരും എത്താത്തതിനാല്‍ ഞങ്ങള്‍ കുറേ നേരം ആശയങ്ങള്‍ പങ്കുവച്ചു.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന പച്ചക്കറി കൃഷിയിലേക്ക് ഞങ്ങള്‍ എത്തിയതും രോഹിത് സാറിന്റെ ഉത്സാഹം കൂടി.വളം ലഭിക്കാത്തത് കാരണം നശിച്ചുപോയ ക്വാര്‍ടേഴ്സിന് മുന്നിലുള്ള ഗ്രോബാഗിലുള്ള തന്റെ കൃഷിയെപറ്റി രോഹിത് സാര്‍ അറിയിച്ചപ്പോള്‍ ഞാന്‍ എന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.ആ അപ്രതീക്ഷിത കൂടിക്കാഴ്ച ഒരേ തൂവല്പക്ഷികളായ എനിക്കും സാറിനും (ഞങ്ങളുടെ തലയും ഒരു പോലെയാണ് !!) ഞങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ ഒരു നവോന്മേഷം പ്രദാനം ചെയ്തു.

              പരിശീലനം 1 മണിക്ക് മുമ്പ് കഴിഞ്ഞാല്‍ 1 മണിക്ക് പുറപ്പെടുന്ന പാലക്കാട് ബസ്സില്‍ കയറി നാട്ടിലെത്താം എന്നായിരുന്നു എന്റെ പ്ലാന്‍.പക്ഷേ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം ഒന്നരയോട് അടുത്തിരുന്നു.ഇനി ഭക്ഷണവും നമസ്കാരവും കഴിഞ്ഞ് മൂന്ന് മണിയുടെ ബസ് പിടിക്കാം എന്ന ധാരണയില്‍ എന്റെ സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞതും അവരില്‍ ഒരാള്‍ ചോദിച്ചു – “യാത്ര എങോട്ടാ?”

“അരീക്കോട്ടേക്ക്....”

“രണ്ട് കാറ് താമരശ്ശേരി വഴി പോകുന്നുണ്ട്....അതില്‍ കയറാം...” ഉര്‍വശീ ശാപം വീണ്ടും ഉപകാരം !!

             ആ യാത്ര മറ്റു ചില പരിചയപ്പെടലുകള്‍ക്കും കാരണമായി. പോകുന്ന വഴിയില്‍, കാറിലെ സഹയാത്രികനായ സുരേഷ് സാര്‍ പറഞ്ഞ പ്രകാരം കമ്പളക്കാട് വച്ച് ഒരു കുടുംബം നടത്തുന്ന ഒരു കൊച്ചുഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.സ്വാദിഷ്ടമായ ഭക്ഷണം , മിതമായ വില – ഇതുകൊണ്ട് തന്നെയായിരിക്കാം ആ “ഫാമിലി മെസ്സില്‍” ആയിരുന്നു സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്ന പലരും ഭക്ഷണത്തിന് കയറിയിരുന്നത്.കല്പറ്റ എത്താനായപ്പോള്‍ കാര്‍ ഉടമ ചന്ദ്രകുമാര്‍ സാര്‍ ബത്തേരി റോഡിലെ ഒരു തുണിക്കട പരിചയപ്പെടുത്തി – ദേവി ടെക്സ്റ്റയിത്സ്.മിതമായ നിരക്കില്‍ തുണിസാധനങ്ങള്‍ ലഭിക്കും എന്നതിനാല്‍ ഒന്ന് കയറാം എന്ന് കരുതി.പക്ഷേ ബുധനാഴ്ച അവരുടെ അവധി ദിവസമായിരുന്നു.
        
               കല്പറ്റ ബൈപാസ് വഴി വരുമ്പോള്‍ സിനിമാനടന്‍ അബൂസലീമിന്റെ ഒരു ഹോട്ടല്‍ കൂടി കാണിച്ചു തന്നു – 1980 മെമ്മറീസ് ! നല്ല ഭക്ഷണം കിട്ടും നല്ല വിലയും ആകും എന്ന് അനുഭവസ്ഥര്‍ പറഞ്ഞു.കാറ് ചുരമിറങ്ങി നാലാം വളവില്‍ എത്തിയതും ഒരു പുതിയ വഴിയേ ആയിരുന്നു യാത്ര.ആ റോഡിന്റെ തുടക്കത്തില്‍ തന്നെ മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. നാലാം വളവില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു കാണുന്നത് അവിടെയുള്ള തട്ടുകടകളില്‍ നിന്നും വല്ലതും തട്ടാനല്ല മറിച്ച് ഈ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനാണ് എന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കി. ഈ വെള്ളച്ചാട്ടം ചുരം മെയിന്‍ റോഡില്‍ നിന്ന് കാണുകയേ ഇല്ല.ആ എളുപ്പവഴി അവസാനിച്ചത് അടിവാരം അങ്ങാടിയില്‍ ആയിരുന്നു!ചുരം ഇറങ്ങുമ്പോള്‍ പലരും ഈ വഴി ഉപയോഗിക്കുന്നുണ്ട് , കയറുമ്പോള്‍ അത്ര നല്ല വഴിയല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.കാറ് താമരശ്ശേരി എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി , തൊട്ടടുത്ത പള്ളിയില്‍ കയറി നമസ്കാരവും നിര്‍വ്വഹിച്ച് അരീക്കോട്ടേക്കുള്ള ബസ്സില്‍ കയറി.

               വീട്ടില്‍ എത്തിയപ്പോള്‍ എന്റെ രണ്ടാമത്തെ മകള്‍ ലുഅ സ്കൂളിലെ ഒരു ക്യാമ്പ് കഴിഞ്ഞ് വന്ന സന്തോഷത്തിലായിരുന്നു. സ്കൂള്‍ വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമായ വിഷയങ്ങള്‍ പകര്‍ന്ന് നല്‍കിയ ആ ക്യാമ്പ് അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. മാത്രമല്ല ക്യാമ്പിന്റെ അവസാനം നടത്തിയ, അവളുടെ ഇഷ്ടപെട്ട മത്സരമായ ജനറല്‍ ക്വിസ്സില്‍ 34 പേരില്‍ നിന്നും അവള്‍ക്ക് രണ്ടാം സ്ഥാനം കിട്ടിയിരുന്നു.ഒന്നാം സ്ഥാനം നഷ്ടമായത് അര മാര്‍ക്കിനായിരുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കും അഭിമാനം തോന്നി.അന്തരിച്ച ഡോ.എ.പി.ജെ അബ്ദുല്‍കലാം സാര്‍ എന്നും പറയാറുണ്ടായിരുന്ന ഒരു വാചകം മോള്‍ എനിക്ക് പറഞ്ഞ് തന്നു.അതിങ്ങനെയായിരുന്നു -
“ I am the best
I can do it
God is always with me
I am a winner 
Today is my day "

                ഇതും കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കാള്‍ വന്നു - എനിക്ക് വീണ്ടും അഭിമാനം തോന്നിയ ആ കാള്‍ എന്തെന്ന് പിന്നീട് പറയാം.




Tuesday, October 20, 2015

ഇഷ്ട ഉദ്യോഗസ്ഥനായാൽ....

ദൈവത്തിന്റെ  ഇഷ്ടദാസനായാൽ  ദൈവാനുഗ്രഹം  ഉണ്ടായേക്കും  ....
മാതാപിതാക്കളുടെ  ഇഷ്ടസന്താനമായാൽ  സ്വത്തവകാശം  ലഭിച്ചേക്കും ....
അധ്യാപകന്റെ  ഇഷ്ടഭാജനമായാൽ  പരീക്ഷയിൽ  മാര്ക്കും  കിട്ടിയേക്കും ....
തെരഞ്ഞെടുപ്പ്  കമ്മീഷന്റെ  ഇഷ്ടഉദ്യോഗസ്ഥനായാൽ  എല്ലാ  തെരഞ്ഞെടുപ്പിലും  പോളിംഗ്  ഡ്യൂട്ടിയും  ലഭിക്കും .....
അങ്ങനെ   തുടര്ച്ചയായി  നാലാമത്തെ  പഞ്ചായത്ത്  തെരഞ്ഞെടുപ്പിനും  പ്രിസൈഡിംഗ്  ഓഫീസറായി  നവംബര് 1ന് ഞാൻ  പോളിംഗ്  ബൂത്തിലേക്ക്  !!! 

Sunday, October 11, 2015

വയനാടന്‍ ചുരത്തിലെ മന്‍സൂണ്‍ കാഴ്ചകള്‍

           വയനാടന്‍ മലനിരകള്‍ പ്രകൃതി സ്നേഹികള്‍ക്കും സഞ്ചാരപ്രേമികള്‍ക്കും എന്നും കാഴ്ചയുടെ പറുദീസയേ ഒരുക്കിയിട്ടുള്ളൂ. അഞ്ച് വര്‍ഷം വയനാട്ടില്‍ സേവനമനുഷ്ടിച്ച കാലത്തും അതിന് മുമ്പും വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവത്തിന്റെ സൃഷ്ടിവൈഭവം ആസ്വദിക്കാന്‍ മാത്രമായി നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അക്കാലത്ത് അവയെപ്പറ്റി എഴുതാന്‍ പറ്റാത്തതിനാലും ആ വസന്തകാലത്തേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നതിനാലും ഇപ്പോള്‍ വീണ്ടും വയനാട്ടില്‍ തിരിച്ചെത്തിയതിനാലും ഒഴിവുപോലെ അവയെപ്പറ്റി എഴുതാം എന്ന് കരുതുന്നു.

           വയനാടിലേക്കുള്ള പ്രവേശന കവാടം എന്ന് പറയുന്നത് ലക്കിടി ആണ്. രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ വച്ച് പഠിച്ച ഒരു പാഠത്തില്‍ കേരളത്തിന്റെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലമാണ് ലക്കിടി എന്നു് കേട്ടിരുന്നു.ആ ലക്കിടിയാണ് ഈ ലക്കിടി എന്ന് ഇപ്പോഴും എനിക്കുറപ്പില്ല.കാരണം പാലക്കാട് പോകുന്ന വഴിക്കും ഒരു ലക്കിടി ഉണ്ട് എന്ന് ഞാന്‍ എന്റെ എന്‍.എസ്.എസ് സംബന്ധമായ യാത്രകള്‍ക്കിടക്ക് മനസ്സിലാക്കി.അതികഠിനമായ ചൂട് അനുഭവിക്കുന്ന സ്ഥലം എന്ന നിലക്ക് പാലക്കാട് തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്രയും പറഞ്ഞത് മഴക്കാലത്തെ വയനാടിന്റെ സൌന്ദര്യത്തെപ്പറ്റി ഒരല്പം പറയാനാണ്.

             കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പ്രവേശിക്കാന്‍ ചുരം കയറണം.കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം വഴിയും കുറ്റ്യാടി ചുരം വഴിയും വയനാട്ടിലെത്താം.കണ്ണൂരില്‍ നിന്നാണെങ്കില്‍ നെടുമ്പൊയില്‍ ചുരമോ കൊട്ടിയൂര്‍ പാല്‍ചുരമോ കയറണം.മലപ്പുറത്ത് നിന്നാണെങ്കില്‍ നാടുകാണി ചുരം കയറി തമിഴ്നാടിലൂടെ വയനാട്ടിലെത്താം.ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്  ഞാൻ സ്ഥിരം ഉപയോഗിക്കുന്ന  താമരശ്ശേരി ചുരമാണ്, “വെള്ളാനകളുടെ നാട്ടിലെ” പപ്പുവിന്റെ പ്രസിദ്ധമായ ഡയലോഗിലൂടെ കേരളം മുഴുവന്‍ അറിഞ്ഞ അതേ താമരശ്ശേരി ചുരം (പാല്‍ചുരം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല).

           താമരശ്ശേരി ചുരത്തിലൂടെയുള്ള മണ്‍സൂണ്‍ കാലത്തെ യാത്ര ഒരേ സമയം സാഹസികവും ദൃശ്യവിരുന്നൊരുക്കുന്നതും ആണ്.കോരിച്ചൊരിയുന്ന മഴയില്‍ ഏത് നിമിഷവും റോഡിലേക്ക് കടപുഴകി വീഴുമെന്ന് തോന്നുന്ന നിരവധി മരങ്ങള്‍ അതിരിടുന്നതാണ് ചുരം റോഡ്. അതിലുപരി കുത്തിയൊഴുകുന്ന മഴവെള്ളത്തില്‍ ഉരുണ്ട് പോരുമോ എന്ന് തോന്നിപ്പോകുന്ന കൂറ്റന്‍ പാറക്കല്ലുകളും റോഡ് വക്കില്‍ തന്നെ കാണാം.എന്നാല്‍ ആ പാറയിടുക്കിലൂടെ താഴോട്ട് പതിക്കുന്ന നീര്‍ച്ചാലുകളിലേക്ക് അല്പ സമയം നോക്കിയാല്‍ ഈ ആശങ്ക എല്ലാം പമ്പ കടക്കും.കാരണം അതിന്റെ സൌന്ദര്യത്തില്‍ നിങ്ങളുടെ മനം നിറയും എന്ന് തീര്‍ച്ച.


           എണ്ണിയാലൊടുങ്ങാത്തത്ര നീര്‍ച്ചാലുകള്‍ രൂപം നല്കുന്ന ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്ന സംഗീതം ആസ്വദിച്ച് ഒമ്പതാം വളവും പിന്നിട്ട് വ്യൂ പോയിന്റിലെത്തുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ (സോറി കോടയുണ്ടെങ്കില്‍) നിങ്ങള്‍ക്ക് മഴമേഘങ്ങളോട് സല്ലപിക്കാം(കോടയില്ലെങ്കില്‍ വാനരന്മാരോടും സല്ലപിക്കാം).

വ്യൂ പോയിന്റെ പുത്തൻ മോടിയിൽ ....


             തെളിഞ്ഞ ആകാശമാണെങ്കില്‍ രണ്ട്`മൂന്ന് നാല് ഹെയർപിൻ  വളവുകള്‍ കൂടിച്ചേര്‍ന്നുണ്ടാക്കുന്ന  “പെരുമ്പാമ്പ്”റോഡ്` മുതല്‍  അങ്ങ് താമരശ്ശേരി വരെ കാണാമെന്ന് പറയപ്പെടുന്നു(ഞാന്‍ കണ്ടതിന്റെ ക്യാമറക്കോപ്പി താഴെ).

“പെരുമ്പാമ്പ്”റോഡ്` 
ദേ....ദൂരത്ത് താമരശേരി......!

ഇനി ഓരോ കാഴ്ചകള്‍ കാണുന്നതിനനുസരിച്ച് അല്ലെങ്കില്‍ അയവിറക്കുന്നതിനനുസരിച്ച് പ്രതീക്ഷിക്കാം.