Pages

Sunday, October 26, 2014

വീണ്ടും ....!

          മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഞാൻ ഒരു ഇന്റെർവ്യൂ ബോർഡ് അംഗമായ ‘കഥ’ ഈ പോസ്റ്റിൽ പറഞ്ഞിരുന്നു.അന്നത്തെ രണ്ടാം ബോർഡ് മീറ്റിംഗിന് ശേഷം നടന്ന ഒരു മഹാസംഭവം ഇന്നും വെളിച്ചം കാണാതെ, പശു അയവിറക്കുന്നപോലെ എന്റെ മനസ്സിൽ മേലോട്ടും താഴോട്ടും ഷട്ടിൽ അടിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോ ദേ വീണ്ടും ...!!      

          21/06/2014ന് ചേർന്ന സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യോഗതീരുമാനം എന്ന പേരിൽ 29/08/2014ന് (രണ്ട് മാസം കഴിഞ്ഞ് ) ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ 23/10/2014ന്   (കഷ്ടിച്ച് രണ്ട് മാസം കഴിഞ്ഞ് ) നടക്കുന്ന യൂത്ത് കോർഡിനേറ്റർ തസ്തികയിലേക്കുള്ള ഇന്റെർവ്യൂ ബോർഡിലേക്കുള്ള എൻ.എസ്.എസ് പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു !!!        

         ഇന്റെർവ്യൂ കഴിഞ്ഞ് സെലക്ഷൻ ലിസ്റ്റും നൽകിയതിനാൽ ഇനി ആരും എന്നെ ആ പേരിൽ വിളിക്കേണ്ട. പക്ഷേ ന്യായമായ ചില  സംശയങ്ങൾ എന്നിൽ മുളപൊട്ടുന്നു - ഈ ലിസ്റ്റ് പുറത്ത് വരുന്നത് 21/12/2014 ന് ആകുമോ ? (കഷ്ടിച്ച് രണ്ട് മാസം കഴിഞ്ഞ് ) . അങ്ങനെയെങ്കിൽ  കഷ്ടിച്ച് വെറും രണ്ട് മാസം ജോലി ചെയ്യാൻ അവർക്ക് നിയമന ഉത്തരവ് ലഭിക്കുന്നത് അടുത്ത വർഷം രണ്ടാം മാസം ആകുമോ?

വെയ്റ്റ് ആന്റ് സീ !!

Wednesday, October 22, 2014

മഥുരാപുരിയിൽ......(ആദ്യ വിമാനയാത്ര - 13)


 പിറ്റേന്ന് കാലത്ത് ഏഴ് മണിക്ക് ആയിരുന്നു ഞങ്ങളുടെ ആഗ്ര ട്രിപ് പ്ലാൻ ചെയ്തിരുന്നത്. മലയാളികളുടെ സംരംഭമായ (?) പണിക്കേഴ്സ് ട്രാവത്സിലായിരുന്നു ഞങ്ങളുടെ ട്രിപ് പ്ലാൻ ചെയ്തിരുന്നത്. കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പണിക്കരുടെ ബസ് ആരേയും കാത്ത് നിൽക്കില്ല എന്ന് ജബ്ബാർ സാർ പറഞ്ഞതിനാൽ എല്ലാവരും റൂമിലെത്തി വേഗം കിടന്നുറങ്ങി. കാലത്ത് പണിക്കേഴ്സ് ട്രാവത്സിൽ എത്താനായി രണ്ട് മാരുതി ഒംനികളും ഷാജഹാൻ സാർ ഏർപ്പാടാക്കി.വിമാനമിറങ്ങി പഹാർഗഞ്ചിൽ എത്താൻ തന്നെ രണ്ട് ഓംനിയിൽ ഞെരുങ്ങിയത് പറഞ്ഞപ്പോൾ ഡെൽഹിയിലെ തണുപ്പിൽ അതാണ് നല്ലതെന്ന് ഷാജഹാൻ സാർ ഓർമ്മിപ്പിച്ചു.പക്ഷേ രാവിലെ വണ്ടി എത്തിയപ്പോഴാണ് പ്രശ്നം മനസ്സിലായത്. നേരത്തെ ഡൽഹിയിൽ എത്തിയിരുന്ന നാല് പേർ കൂടി രണ്ട് ഓംനിയിലേക്ക് കയറണമായിരുന്നു.അവർ കയറിയാൽ ഓംനിയുടെ ഡോർ പുറത്തേക്ക് തള്ളും.ഡോർ അടച്ചാൽ അവർ പുറത്തേക്ക് തള്ളപ്പെടും !! അവസാനം മറ്റൊരു ടാക്സി ഒപ്പിച്ച് ട്രാവത്സിൽ എത്തി.

 പണിക്കേഴ്സ് ട്രാവത്സിന്റെ രണ്ട് എ.സി വോൾവോ ബസ് യാത്രക്കാരേയും കാത്ത് അവിടെ കിടപ്പുണ്ടായിരുന്നു. ഞങ്ങൾക്കായി കാണിച്ചു തന്ന ബസിൽ കയറി.ബസിന്റെ അകം ശരിക്കും ഞങ്ങൾ ഡൽഹിയിൽ എത്തിയ സ്പൈസ്ജെറ്റ് വിമാനത്തിന്റെ അതേ പ്രതീതി ഉണ്ടാക്കുന്നതായിരുന്നു. അവരുടെ പാക്കേജിന്റെ ‘സംഖ്യാബലം’ അപ്പോൾ ശരിക്കും മനസ്സിലായി.

കൃത്യസമയത്ത് തന്നെ ഞങ്ങളുടെ ആഗ്രാ യാത്ര ആരംഭിച്ചു.ഡൽഹി-ആഗ്ര രാജവീധി തണുത്തുറഞ്ഞ വെളുപ്പാൻ കാലത്ത് വിജനമായിരുന്നു.ഇടക്കിടക്ക് മാത്രം എതിർ ദിശയിൽ വലിയ വാഹനങ്ങൾ കടന്നുപോയി.പുറം കാഴ്ചകളിൽ കണ്ണും നട്ട് ഞാൻ ഈ റോഡ് യാത്ര ആസ്വദിച്ചു.



പ്രാതലിനായി ബസ് ഒരു ഹോട്ടലിന് മുമ്പിൽ നിർത്തി. ബ്രഡും പഴവും ബിസ്കറ്റും എല്ലാം ഇടക്കാലാശ്വാസത്തിനായി കരുതിയിരുന്നെങ്കിലും ഹോട്ടൽ എന്ന് കേട്ടപ്പോൾ എല്ലാവരുടേയും ‘തീറ്റഭണ്ഡാരം ‘ തുറന്നു.അതുവരെ ഉറങ്ങിയിരുന്നവരും ആ വിളിക്ക് മുമ്പിൽ സടകുടഞ്ഞെഴുന്നേറ്റു.പക്ഷേ ഏറ്റവും മുന്നിൽ ഹോട്ടലിലേക്ക് കയറിയ സംഘത്തലവൻ കുടുംബ സമേതം തന്നെ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ഞാൻ കാര്യം തിരക്കി.

“പ്രാതൽ കഴിച്ചാൽ ഊണ് കഴിക്കേണ്ടി വരില്ല...” അദ്ദേഹം പറഞ്ഞു.

“അങ്ങനെയാണെങ്കിൽ സൌകര്യമായില്ലേ?” സുരേഷ് സാർ പറഞ്ഞു.

“അതോണ്ടല്ല സുരേഷേ...റേറ്റ്....രണ്ട് ഇഡ്‌ലിക്ക് വെറും തൊണ്ണൂറ് രൂപ!!“

സുരേഷ് സാർ മുന്നോട്ട് വച്ച കാലിൽ നിന്ന് കൊണ്ട് ഒരു എബൌട്ടൻ അടിച്ച് നേരെ ടൊയ്ലെറ്റിലേക്ക് മാർച്ച് ചെയ്തു – “ഇത് ഇവിടെയാക്കിയത് ഭാഗ്യം....സൌജന്യമായി ഇതെങ്കിലും സാധിക്കാമല്ലോ...”

   തൊട്ടടുത്ത് തന്നെ , മെയിൻ റോഡിൽ ഒരു പെട്ടിക്കടയിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു.ഒരു വൃദ്ധൻ ആയിരുന്നു ആ കടയുടമ.എന്റെ മനസ്സിൽ തോന്നിയ ഒരലിവിൽ ഞാൻ അങ്ങോട്ട് നടന്നു.അവിടെ അതാ അദ്ദേഹം ചായ ഉണ്ടാക്കുന്നു.ചെറിയ കപ്പാണെങ്കിലും വിലയും ചെറുത് , അഞ്ച് രൂപ മാത്രം.ഞങ്ങളിൽ പലരും രണ്ട് ചായയും കയ്യിൽ കരുതിയിരുന്ന ബ്രഡും പഴവും ഉപയോഗിച്ച് പശിയടക്കി.




ഇടക്കെവിടെ വച്ചോ ഒരു ടൂറിസ്റ്റ് ഗൈഡ് ബസ്സിൽ കയറി.ഹിന്ദിയിൽ അദ്ദേഹം പലതും പറഞ്ഞു കൊണ്ടിരുന്നു.മറ്റു ടൂറിസ്റ്റുകളിൽ കൂടുതൽ പേരും ഹിന്ദിക്കാരാണെന്ന് അതിൽ നിന്നും മനസ്സിലായി.

“ഹം മഥുര പഹുംജ് രഹാ ഹേം....ആപ് ലോഗ് മഥുരാപുരി സുന ഹേ ന?”

“ഇത്ര എളുപ്പം മധുരയിൽ എത്തുകയോ.?അതും ബസ്സിൽ??” അഫ്നാസിന് സംശയമായി.

“അഫ്നാസേ അത് മധുര....ഇത് മഥുര..“ വിനോദ് സാർ പറഞ്ഞു.

“അവ തമ്മിൽ എന്താ വ്യത്യാസം ?”

“ഒന്ന് മധുരത്തിലെ മധുര....മറ്റേത് മിഥുനത്തിലെ ...” വിനോദ് സാർ വിവരിച്ചു.

“ങേ! മിഥുനത്തിലെ മധുരം ?? സാറേ...?????” അഫ്നാസ് ഒന്ന് ഊറിച്ചിരിച്ചു.

ഇടവഴി പോലെയുള്ള ഒരു റോഡിലേക്ക് ബസ് കയറി.പിന്നെ വളവും തിരിവും മറ്റും കഴിഞ്ഞ് ഒരു സ്ഥലത്ത് ബസ് നിർത്തി. “സബ് ഉതരോ...ഹം ഭഗവാൻ കൃഷ്ണ് ക സന്നിധി മേം പഹുംജ ഹേം..”

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി പറയപ്പെടുന്ന മഥുരയിലായിരുന്നു ഞങ്ങൾ എത്തിയിരുന്നത്.ഇടുങ്ങിയതും വൃത്തിഹീനവുമായ ഗല്ലികളിലൂടെ വളരെ സൂക്ഷിച്ച് ഞങ്ങൾ നീങ്ങി. കണ്ണ് തെറ്റിയാൽ, കാൽ വയ്ക്കുന്നത് ഒന്നുകിൽ മനുഷ്യന്റെ അപ്പിയിൽ അല്ലെങ്കിൽ മൃഗത്തിന്റെ അപ്പിയിൽ ആയിരിക്കും എന്നതിനാലായിരുന്നു ഈ സൂക്ഷിപ്പ്.

പത്ത് മിനുട്ടിൽ താഴെ സമയമെടുത്തുകൊണ്ട് ഞങ്ങൾ കൃഷ്ണന്റെ അരമനയിൽ (അതോ ക്ഷേത്രത്തിലോ) എത്തി.പെട്ടെന്ന് തന്നെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.ഗൈഡ് ഞങ്ങളെ പല സ്ഥലത്തും നിർത്തി പല കഥകളും പറഞ്ഞ് തന്നു.ഈദ് സമയത്ത് മാത്രം തുറക്കുന്ന ഒരു ഈദ് ഗാഹിനെക്കുറിച്ചും കൂട്ടത്തിൽ അദ്ദേഹം പരാമർശിച്ചു. ക്ഷേത്രസമുച്ചയത്തിലെ ഈദ്ഗാഹ് എന്നിൽ അൽഭുതം ഉളവാക്കി.കൃഷ്ണൻ പിറന്നുവീണ തറയും മറ്റ് മുറികളും ഞങ്ങൾ കണ്ടു.ഈ തറയിൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു സഹോദരങ്ങൾ പുണ്യമായി കരുതുന്നു. അതിനാൽ ഞാൻ അതിൽ തൊട്ടതേ ഇല്ല.അര മണിക്കൂർ കൊണ്ട് മുഴുവൻ കാഴ്ചകളും കണ്ട് ഞങ്ങൾ ബസ്സിൽ തിരിച്ച് കയറി.ബസ്സ് ആഗ്ര ലക്ഷ്യമാക്കി വീണ്ടും നീങ്ങി.



(തുടരും..)

Friday, October 17, 2014

ഒരൊപ്പിന്റെ പൊല്ലാപ്പുകൾ

2 വർഷങ്ങൾക്ക് മുമ്പ് പതിവ് പോലെ കോളേജിലെ എന്റെ കമ്പ്യൂട്ടർ ലാബിനകത്ത് കേരള എൻട്രൻസ് സംബന്ധമായ സംഗതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാനും സഹപ്രവർത്തകനായ ഷാനുവും.അല്പം കഴിഞ്ഞ്  രണ്ട് പേർ വന്ന് ഞങ്ങളെ പുറത്തേക്ക് വിളിച്ചു (എന്നാണെന്റെ ഓർമ്മ).പോലീസുകാരായ അവർ യൂണിഫോമിൽ അല്ലായിരുന്നു.കാന്റീനിനടുത്ത് വച്ച് നടന്ന ഒരു ഉന്തും തള്ളും ആയി ബന്ധപ്പെട്ട മഹസ്സർ തയ്യാറാക്കാൻ വന്നതാണെന്നും ഇവിടെ ഒന്നും ഒരാളേയും കാണാത്തതിനാൽ ഞങ്ങൾ വന്നു എന്ന തെളിവിന് ഈ കടലാസിൽ ഒന്ന് ഒപ്പിട്ട് തരണമെന്നും അറിയിച്ചു.സംശയമൊന്നും തോന്നാത്തതിനാൽ ഞങ്ങൾ രണ്ട് പേരും അവർ പറഞ്ഞത് അനുസരിച്ചു.അപ്പോൾ തന്നെ ഷാനു ഒരു സംശയം പ്രകടിപ്പിക്കുകയും ചെയ്തു, ഇത് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന്.പോലീസ് വന്ന് പോയി എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഞാൻ പറയുകയും ചെയ്തു. പക്ഷേ ഒരു കഥ അവിടെ തുടങ്ങുകയായിരുന്നു.

*            *           *            *              *

രണ്ടാഴ്ച മുമ്പ്  ഒരു രാത്രി കോളേജിലെ മുൻ എൻ.എസ്.എസ് സെക്രട്ടറി മൻസൂറ് എന്നെ ഫോണിൽ വിളിച്ചു –

“നിർമ്മൽ മാധവ് പ്രശ്നത്തിൽ ഒരു കേസ് ഒക്ടോബെർ 17ന് കോടതി പരിഗണിക്കുന്നു.അതിൽ സാക്ഷി മൊഴി നൽകിയത് സാറാണ് !!!“

“ങേ...ഞാനോ ? ആരാ പറഞ്ഞത്?”

“കേസ് ജിതേഷ് എന്ന കെമിക്കലിലെ പയ്യനെതിരെയാണ്....അവൻ പറഞ്ഞു....”

“പോലീസിന് ഞാൻ ഒരു മൊഴിയും കൊടുത്തതായി എന്റെ ഓർമ്മയിൽ ഇല്ലല്ലോ മൻസൂറേ..നീ ഒന്ന് കൂടി അവനോട് ചോദിച്ചു നോക്ക്...ഞാൻ തന്നെയാണോ അതോ വേറെ ...”

“സാറും പിന്നെ മറ്റൊരു പേരും അവൻ പറഞ്ഞു.നിങ്ങൾ കാന്റീനിൽ ചായ കുടിച്ചിരിക്കുമ്പോൾ ഇവൻ വടി എടുക്കുന്നതായി നിങ്ങൾ കണ്ടു എന്നാണ് മൊഴി...ഏതായാലും ഞാൻ ഒന്നു കൂടി ഉറപ്പ് വരുത്തട്ടെ...”

“യാ കുദാ...” ഞാൻ ഒന്ന് നെടുവീർപ്പിട്ടു. കാരണം കാന്റീനിൽ ഞാൻ വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ.അതും ഊൺ കൊണ്ടുവരാത്ത ദിവസങ്ങളിൽ.അത്തരം ദിവസങ്ങളിൽ ഇരിക്കുന്നത് സ്റ്റാഫിനായി സജ്ജീകരിച്ച ക്യാബിനകത്തും.അതിനകത്ത് ഇരുന്നാൽ കാന്റീനകത്ത് നടക്കുന്ന സംഗതികൾ പോലും കാണാൻ സാധ്യമല്ല,പിന്നെയല്ലേ പുറത്തെ സംഭവങ്ങൾ.പിന്നെ വെറുതെ കിട്ടിയാൽ പോലും കുടിക്കാൻ മടിക്കുന്ന ക്ലോറിൻ ചായ കുടിക്കാൻ ഞാൻ കാന്റീനിൽ!!നല്ല കഥ.

*            *           *            *              *

മിനിഞ്ഞാന്ന് ഓഫീസിൽ നിന്നും ഒരു അറ്റന്റർ എന്റെ അടുത്ത് വന്നു.
“സാറെ ഓഫീസിൽ നിന്നും വിളിക്കുന്നു....പോലീസ് ആരോ എത്തിയിട്ടുണ്ട്...”
സംഗതി പെട്ടെന്ന് ഓടിയതിനാൽ ഞാൻ ഉടൻ എത്താമെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു.അല്പം കഴിഞ്ഞ് ഓഫീസിലെത്തിയ എനിക്ക് നേരെ മഫ്തിയിൽ തന്നെയുള്ള ഒരാൾ ഒരു കടലാസ് നീട്ടി – 17 ആം തീയതി പരിഗണിക്കുന്ന കേസിൽ ജില്ലാ കോടതിയിലെ ഏതോ ഒരു സെഷനിൽ സാക്ഷി മൊഴി നൽകാനുള്ള സമൻസ് ആയിരുന്നു അത്.സമൻസ് എന്നതിന്റെ സ്പെല്ലിംഗ് SUMMONS ആണ് എന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്.സമൻസ് കിട്ടിയതായി ഒപ്പിടാൻ പറഞ്ഞപ്പോൾ മുകളിൽ ഇനി ഒന്നും എഴുതി ചേർക്കാൻ കഴിയാത്ത വിധത്തിൽ ഒപ്പിട്ട് പേരും തീയതിയും സമയവും ചാർത്തിക്കൊടുത്തു.

*            *           *            *              *

ഇന്ന് ഞാൻ ജീവിതത്തിലാദ്യമായി കോടതി കയറി.കേസ് നമ്പർ SC167/2013 ആയിരുന്നു ഈ കേസ്.മുന്നിൽ വിളിച്ച കേസുകളിൽ പ്രതികൾ കൂട്ടിൽ കയറുന്നതും അഭിഭാഷകർ എന്തൊക്കെയോ പറയുന്നതും ന്യായാധിപൻ എന്തൊക്കെയോ സംസാരിക്കുന്നതും കേസ് ഡയറി തിരിച്ച് കൊടുക്കുന്നതും പ്രതികൾ കൂട്ടിൽ നിന്നും ഇറങ്ങുന്നതും എല്ലാം ഞാൻ കണ്ടു.മുന്നിൽ ഒരുക്കിയ കൂട്ടിലാണ് സാക്ഷി എന്ന നിലക്ക് എനിക്ക് കയറേണ്ടത് എന്നതിനാൽ അവിടെ ആരെങ്കിലും കയറുന്നുണ്ടോ എന്നായിരുന്നു എന്റെ ശ്രദ്ധ.കാരണം അവിടെ പാലിക്കേണ്ട മര്യാദകൾ എന്ത് എന്ന് അറിയാൻ.ഫോൺ സൈലന്റ് ആക്കണം എന്നും ഇല്ലെങ്കിൽ ഫൈനും ഒപ്പം കോടതി പിരിയുന്നത് വരെ ഇരിപ്പും ആണ് ശിക്ഷ എന്നും കുട്ടികളിൽ ഒരാൾ പറഞ്ഞ് തന്നിരുന്നു.അതിനാൽ അത് ഞാൻ സ്വിച് ഓഫ് ചെയ്തു.

നാലാമതായി വിളിച്ചത് ഈ കേസായിരുന്നു.പ്രതികൾ നാല് പേരും കൂട്ടിൽ കയറി.സാക്ഷി ആയി ഞാൻ ഹാജരായതായി പ്രതിഭാഗം വക്കീൽ അറിയിച്ചു.ന്യായാധിപൻ എന്നോട് സാക്ഷിക്കൂട്ടിൽ കയറാൻ പറഞ്ഞു.ഞാൻ കൂട്ടിൽ കയറിയതും ന്യായാധിപന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന ആൾ കോടതിയിൽ സത്യം മാത്രമേ പറയാവൂ എന്നും കള്ളം പറയരുത് എന്നും എന്നെ ബോധിപ്പിച്ചു.ഞാൻ ഓ.കെ പറഞ്ഞു.

എന്റെ തൊട്ടടുത്ത് കൂടിന് താഴെ നിന്നിരുന്ന ഒരു സ്ത്രീ (പബ്ലിക് പ്രോസിക്യൂട്ടർ) എന്നോട് പേരും സ്ഥലവും ചോദിച്ചു.ശേഷം പോലീസ് വന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നോ എന്ന് ആരാഞ്ഞു. ഞാൻ മൊഴി നൽകി എന്ന് രേഖപ്പെടുത്തിയ സംഗതിയെപറ്റി എന്നോട് ചോദിച്ചു.ഞാൻ അങ്ങനെ ഒരു മൊഴി നൽകിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഒപ്പിട്ട കടലാസ് എന്നെ കാണിച്ച് ഈ ഒപ്പിട്ടത് നിങളല്ലേ എന്നു ചോദിച്ചു.ന്യായാധിപനും ചില സംഗതികൾ ചോദിക്കുകയും അവിടെ കുത്തിക്കുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.പ്രസ്തുത ഒപ്പ് എന്റേതല്ല എന്ന് പറഞ്ഞതോടെ (ഞാൻ ഒപ്പിടുന്ന പോലെ വരച്ച് അതിനടിയിൽ പേരും എഴുതി വച്ചിരുന്നു.ഞാൻ പേര് എഴുതി ഒപ്പിടുമ്പോൾ ആബിദ് തറവട്ടത്ത് എന്ന് മുഴുവൻ എഴുതാറുള്ളത് ഈ ‘വരയൻ’ ശ്രദ്ധിച്ചിരുന്നില്ല!) പബ്ലിക് പ്രോസിക്യൂട്ടർ ന്യായാധിപനോട് ഇംഗ്ലീഷിൽ എന്തോ പറഞ്ഞു.ശേഷം എന്റെ നേരെ തിരിഞ്ഞ്  “ പ്രതികളുടെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിങ്ങൾ കള്ളം പറയുകയാണെന്ന് ഞാൻ കോടതി മുമ്പാകെ ധരിപ്പിക്കുന്നു “ എന്നും പറഞ്ഞു.

ശേഷം കൂട്ടിൽ നിന്നിറങ്ങി ഒരു പേപ്പറിൽ ഒപ്പ് വയ്ക്കാൻ എന്നോട് പറഞ്ഞു. ഒരൊപ്പ് ഉണ്ടാക്കിയ പൊല്ലാപ്പ് ഇനിയും ആവർത്തിക്കരുത് എന്നതിനാൽ വലിയ അക്ഷരങ്ങളിൽ വേഗത്തിൽ എഴുതിയ മൂന്ന് പേജ് വരുന്ന ആ പേപ്പർ ഞാൻ മുഴുവൻ വായിച്ചു നോക്കി. ഞാൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അതിലുണ്ടായിരുന്നത്.അങ്ങനെ എന്റെ ആദ്യ കോടതി അനുഭവം അവസാനിച്ചു.


വാൽ : “അപകടത്തിൽ‌പ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കൂ.ചെലവ് പോലീസ് വഹിക്കും” – ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് പേജ് പറയുന്നു.ഇതിന്റെ പേരിൽ പോലീസ് എഴുതുന്ന തിരക്കഥകൾ നാലും അഞ്ചും വർഷം കഴിഞ്ഞ്  ഇതു പോലെ തിരിഞ്ഞ് കുത്തില്ല എന്ന് താങ്കൾക്ക് ഉറപ്പ് തരാൻ പറ്റുമോ സാർ ?

Sunday, October 12, 2014

തോക്കിൻ മുനയിൽ നിന്ന് ജീവിതത്തിലേക്ക്.....(ആദ്യ വിമാനയാത്ര - 12)

  
“ആപ്  സബ് കൈസേ എഹാം പഹുംജെ?”  തോക്ക് ചൂണ്ടിക്കൊണ്ട്  ആ പട്ടാളക്കാരൻ ചോദിച്ചു.ഞങ്ങൾ 10 – 12 പേർ ഉള്ളതിനാൽ തോക്ക് ഒരാളെ നേരെ മാത്രമായിരുന്നു ആ പട്ടാളക്കാരന് ഫോകസ് ചെയ്യാൻ കഴിഞ്ഞത്.

“ആബിദേ...??” തോക്ക് ചൂണ്ടപ്പെട്ട ആളുടെ ദയനീയ വിളി ഉയർന്നു. എല്ലാവരുടേയും ഹൃദയമിടിപ്പും ഇതോടൊപ്പം ഉയർന്നതോടെ അവിടെ ചെറിയ ഭൂകമ്പം ഉണ്ടായതായി വിനോദ് സാറിന് തോന്നി.

“ഹം രാഷ്ട്രപതി ഭവൻ സെ ആ രഹാ ഹേം....അവാർഡ് സെറിമണി പൂര കർനെ കെ ബാദ്...” ഏറ്റവും പിന്നിൽ നിന്നിരുന്ന ഞാൻ മുന്നിലേക്ക് നീങ്ങി പറഞ്ഞു..ഉടനെ തോക്ക് എന്റെ നേരെ മാത്രമായി. ഒരു ഉണ്ട അതിനകത്ത് നിന്നും ഉടൻ പുറപ്പെടുമോ എന്ന ഭയം കാരണം ഞാൻ ഒന്നലറി “എടാ $%@!&...കാഞ്ചിയിൽ നിന്ന് കൈ എടുക്ക്....വെടി പൊട്ടിയാൽ നിനക്ക് ഒരു ചക്രം കിട്ടുമായിരിക്കും....ഇവർ എന്നേയും കൊണ്ട് ചക്രശ്വാസവും വലിക്കും..”

“ആഹാ...മലയാളികൾ ആണല്ലേ?” എന്റെ ഓർക്കാപുറത്തെ ഡയലോഗ് പട്ടാളക്കാരനെ മനുഷ്യനാക്കി !

“ഹാവൂ....“ എല്ലാവരും ഒരുമിച്ച് ശ്വാസം വിട്ടപ്പോൾ വഴിയിലെ കരിയിലകൾ എല്ലാം പാറിപ്പോയി.

“ആക്ച്വലി....എന്താണ് സംഭവിച്ചത്..?” ടീം ലീഡർ വീണ്ടും നേതൃത്വം ഏറ്റെടുത്ത് പട്ടാളക്കാരനോട് ചോദിച്ചു.

“അത്... രാഷ്ട്രപതി ഉടൻ ഈ റോഡിലൂടെ കടന്ന് പോകും...അദ്ദേഹം പോകുന്ന പാതയിൽ ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല....വശങ്ങളിലൂടെ നടക്കാം....കുറേ നേരമായി നിങ്ങളോട് മാറി നടക്കാൻ അനൌൻസ് ചെയ്യുന്നു....”

“ഓ അതായിരുന്നോ ആ അനൌൻസ്മെന്റ് ?ഹിന്ദി അറിയാമെങ്കിലല്ലേ അത് തിരിയൂ....അപ്പോൾ ഞങ്ങളെ ഇനി എപ്പോഴാ വിട്ടയക്കുക ?”

“രാഷ്ട്രപതി കടന്നുപോയാൽ നിങ്ങൾക്കും പോകാം....പക്ഷേ ഇതുപോലെ പരന്ന് നടക്കരുത്...”

“അതെന്താ...ഇനി വേറെ രാഷ്ട്രപതിയും കടന്നുപോകാനുണ്ടോ?” അഫ്നാസിന് പെട്ടെന്ന് സംശയമുദിച്ചു.

അല്പസമയത്തിനകം തന്നെ രണ്ട് കറുത്തകാറുകൾ ഞങ്ങളുടെ കണ്മുമ്പിലൂടെ മിന്നി മറഞ്ഞു.
“ഒരു രാഷ്ട്രപതിക്ക് പോകാൻ എന്തിനാ രണ്ട് കാറുകൾ?” അഫ്നാസിന് വീണ്ടും സംശയമായി.

“ങാ..അത് ഒരു ട്രിക്കാണ്....ഇതിൽ ഏത് കാറിലാണ് രാഷ്ട്രപതി എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ...” ആരോ പറഞ്ഞു.

“ഏത് ദേഹത്തിന്?”

“രാഷ്ട്രപതിക്ക്!!“

“ഓ... രണ്ട് കാർ ഉണ്ടാകുമ്പോൾ രാഷ്ട്രപതി ഏത് കാറിലാണെന്ന് രാഷ്ട്രപതിക്ക് തന്നെ ഒരു വിവരം ഉണ്ടാകും എന്ന് അല്ലേ...കൊള്ളാം ഈ വിവര സാങ്കേതിക വിദ്യ!!“ അഫ്നാസിന് തൃപ്തിയായി.

രാഷ്ട്രപതിയുടെ കാർ കടന്ന് പോയതും പട്ടാളക്കാരൻ തോക്ക് താഴ്ത്തി.നന്ദി പറയാൻ വേണ്ടി ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി കൈ നീട്ടി.തോക്ക് പിടിച്ച്  പരുപരുത്ത് പോയ കൈകൾ എന്തൊക്കെയോ എന്നോട് സംവദിച്ചു.വലിയൊരു കുഴപ്പത്തിൽ നിന്നും രക്ഷപ്പെട്ട അവസരമായതിനാൽ ആ സിഗ്നലുകൾ എന്നിൽ അധിക നേരം നിലനിന്നില്ല. നന്ദി പറഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി.

“അഗല സ്റ്റേഷൻ ആഗ്ര ഹെ...” ജബ്ബാർ സാറിന്റെ urgent  എസ്.എം.എസ് എല്ലാവർക്കും ഇഷ്ടപെട്ടു.

"സാർ....മറ്റേ സാധനം ആഗ്രയിലല്ലേ?” അഫ്നാസ് എന്നോട് ചോദിച്ചു.

 “മറ്റേ സാധനമോ?”  എനിക്ക് മനസ്സിലായില്ല

 “ഷാജഹാൻ സാറിന്റെ ഭാര്യയുടെ....”

“ആ chup raho .....ബാക്കി നാളെ നേരിട്ട് കാണുമ്പോൾ പറയാം....” ഞാൻ അഫ്നാസിന്റെ വായ മൂടി


(തുടരും...) 

Saturday, October 04, 2014

രാഷ്ട്രപതിയെ കണ്ട നിമിഷം....(ആദ്യ വിമാനയാത്ര - 11)

കഥ ഇതുവരെ...
അവാർഡ്ദാനച്ചടങ്ങിന് ക്ഷണിക്കപ്പെട്ടവർ മുഴുവൻ കയ്യിൽ ക്ഷണക്കത്തുമായി(പാസ്) രാഷ്ട്രപതിഭവനിന് മുന്നിൽ അണിനിരന്നു. രാഷ്ട്രപതിഭവന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുക്കുന്ന ക്യാമറകളുടെ ഫ്ലാഷുകൾ പല ദിക്കുകളിൽ നിന്നും മിന്നി.അല്പസമയത്തിനകം തന്നെ അവാർഡ് ജേതാക്കളെ വരിവരിയായി രാഷ്ട്രപതി ഭവനിനകത്തേക്ക് നയിച്ചു.പിന്നാലെ കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ.ജിതേന്ദ്രസിങിനാൽ ക്ഷണിക്കപ്പെട്ട അതിഥികളായി ഞങ്ങളും പ്രവേശിച്ചു. പാസ് ഒഴികെയുള്ള സകല സാധനങ്ങളും ദർബാർ ഹാളിന്റെ പ്രധാനകവാടത്തിലെ ശക്തമായ സുരക്ഷാപരിശോധനയിൽ കുടുങ്ങി.അവയെല്ലാം അവിടെ വയ്പ്പിച്ച് മെറ്റൽ ഡിറ്റക്ടറിനകത്ത് കൂടെ ഓരോരുത്തരെയായി കയറ്റി വിട്ടു. പ്രധാനകവാടവും കടന്ന് ഞങ്ങൾ ദർബാർ ഹാളിൽ ഒരുക്കിവച്ച കസേരകളിലേക്ക് നീങ്ങി.

അവാർഡ് ജേതാക്കൾ ഹാളിന്റെ ഇടതുഭാഗത്ത് ഒരുക്കിയ ഇരിപ്പിടങ്ങളിൽ സ്ഥലം പിടിച്ചിരുന്നു.മന്ത്രിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഏറ്റവും മുൻ‌നിരയിൽ ഉപവിഷ്ടരായി. തൊട്ടുപിന്നിലായി അതിഥികളായ ഞങ്ങളും ഇരുന്നു. വലതുഭാഗത്ത് മാധ്യമപ്രതിനിധികൾ ക്യാമറകളുമായി അണിനിരന്നു. ഹാളിന്റെ വശങ്ങളിലെല്ലാം കുന്തം പിടിച്ച ഭടന്മാർ പ്രത്യേക യൂണിഫോമിൽ വന്നു നിന്നു. ഹാളിൽ കുശുകുശുക്കൽ ഉയർന്നുകൊണ്ടിരിക്കുന്നതിനിടയിൽ സൈനിക യൂനിഫോമിലുള്ള ഒരാൾ പോഡിയത്തിൽ എത്തി.നടക്കാൻ പോകുന്ന പരിപാടിയുടെ ക്രമങ്ങളെക്കുറിച്ചും ദർബാർ ഹാളിന്റെ പ്രത്യേകതയെക്കുറിച്ചും അയാൾ വിശദീകരിച്ചു.

അല്പം കഴിഞ്ഞ് ഹാളിന്റെ ഒരു ഭാഗത്ത് നിന്ന് ബ്യൂഗിൾ മുഴങ്ങാൻ തുടങ്ങി.നാല് അംഗരക്ഷകർക്ക് നടുവിലായി ഉയരം കുറഞ്ഞ ഒരു മനുഷ്യൻ കൈകൂപ്പി മന്ദം മന്ദം നടന്നു വരുന്നതായി കണ്ടു.ആ വഴിയുടെ അരികിൽ തന്നെ സ്ഥാനം പിടിച്ചിരുന്നതിനാൽ എനിക്കും അഫ്നാസിനും അദ്ദേഹത്തെ  കൺകുളിർക്കെ കാണാൻ സാധിച്ചു. അതെ ,രാഷ്ട്രപതി ശ്രി.പ്രണബ് മുഖെർജിയെ ഞാൻ ആദ്യമായി നേരിൽ കണ്ടു.
ബുദ്ധന്റെ ഉടഞ്ഞ പ്രതിമക്ക് താഴെ രാഷ്ട്രപതിക്കായി സജ്ജമാക്കിയ ആ സിമ്പ്‌ൾ ഇരിപ്പിടത്തിന് സമീപമെത്തി അദ്ദേഹം സദസ്സിന് നേരെ തിരിഞ്ഞ് നിന്നു. ഉടൻ ബാന്റ് വാദ്യക്കാർ ദേശീയഗാനം വായിച്ചു. ശേഷം അദ്ദേഹം ആ സീറ്റിൽ ഉപവിഷ്ടനായി.എൻ.എസ്.എസ് കേന്ദ്ര സെക്രട്ടറി രാഷ്ട്രപതിയുടെ മുന്നിലെത്തി പരിപാടി ആരംഭിക്കാനുള്ള അനുവാദം ചോദിച്ചു. രാഷ്ട്രപതിയുടെ അനുവാദത്തോടെ ചടങ്ങ് ആരംഭിച്ചു. ഹാളിന്റെ ഏതോ ഭാഗത്ത് നിന്ന്  ഹിന്ദിയിൽ അവാർഡ് ജേതാക്കളുടെ പേരുകൾ വായിക്കാൻ തുടങ്ങി.

അപ്രീസിയേഷൻ അവാർഡ് ഏറ്റുവാങ്ങാനായി ഞങ്ങളുടെ സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാറിനെ വിളിച്ചപ്പോൾ ഹൃദയം സന്തോഷത്താൽ തുളുമ്പി.ടെക്നിക്കൽ സെൽ എൻ.എസ്.എസ് ന്റെ നാമം രാഷ്ട്രപതി ഭവനിൽ മുഴങ്ങാൻ കാരണമായതിൽ ഞങ്ങളുടെ യൂണിറ്റിനുള്ള പങ്ക് അത്രയും വലുതായിരുന്നതിനാൽ. ഞങ്ങളുടെ കരഘോഷത്തിനിടയിൽ രാഷ്ട്രപതിയിൽ നിന്നും ജബ്ബാർ സാർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. രാഷ്ട്രപതിക്ക് ഷേക്ക് ഹാന്റ് നൽകി അദ്ദേഹം സ്വന്തം സീറ്റിൽ തിരിച്ചെത്തി.തുടർന്ന് കാസർകോട് ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസറും അതേ കോളേജിലെ ഒരു വളണ്ടിയറും അവാർഡ് ഏറ്റുവാങ്ങിയപ്പോഴും അഭിമാനം തോന്നി.



അര മണിക്കൂറിനകം തന്നെ അവാർഡ് ദാനച്ചടങ്ങ് സമാപിച്ചു.എല്ലാവർക്കുമായി ഒരുക്കിയ ചായ സൽക്കാരത്തിൽ ഞങ്ങൾ മത്സരിച്ച് തന്നെ പങ്കെടുത്തു. സമൂസ പോലെയുള്ള ഒരു ഐറ്റം രാഷ്ട്രപതിയുടെ പത്നി തയ്യാറാക്കിയതാണെന്ന് ആരോ പറഞ്ഞു.അതിന് അത്ര വലിയ രുചി ഒന്നും തോന്നിയില്ല.

ചായ സൽക്കാരം കഴിഞ്ഞ് ഞങ്ങൾ രാഷ്ട്രപതി ഭവനിൽ നിന്നും പുറത്തിറങ്ങി.പുറത്ത് ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരുന്നു.കണ്ണെത്തുന്ന അവസാന പോയിന്റിൽ ഇന്ത്യഗേറ്റ് സ്വർണ്ണപ്രഭയിൽ കുളിച്ച് നിന്നിരുന്നു.




“ഇനി നമുക്ക് നേരെ നടക്കാം...” ആരോ പറഞ്ഞു.

“അതെന്താ ഇപ്പോൾ ഒരു മനം മാറ്റം...?” മറ്റാർക്കോ ഈ നിർദ്ദേശം മനസ്സിലായില്ല.

“അതല്ല പറഞ്ഞത്...സ്ട്രൈറ്റ് രാജ്‌പഥ്ലേക്ക് , ഇന്ത്യാഗേറ്റിന് നേരെ...”




“ങാ...അത് നല്ലതാ....” എല്ലാവരും പിന്താങ്ങി.

അങ്ങനെ വിശാലമായ റോഡിലൂടെ അതി വിശാലമായിത്തന്നെ പലതും സംസാരിച്ച് ഞങ്ങൾ നടന്നു. ഇതിനിടയിൽ എവിടെ നിന്നോ ഒരു അനൌൺസ്മെന്റ് മുഴങ്ങിയെങ്കിലും ഞങ്ങളുടെ ചെവിയിൽ അത് വേണ്ടത്ര പതിഞ്ഞില്ല.സൊറ തുടർന്നു കൊണ്ട് തന്നെ രാജ്‌പഥിന്റെ സിംഹ ഭാഗം കവർന്ന് ഞങ്ങൾ നടന്നു.

പെട്ടെന്ന് ഒരു പോലീസ് വാഹനം ഞങ്ങളുടെ പിന്നിൽ നിന്നും ചീറി വന്നു.റോഡിൽ നിൽക്കുകയായിരുന്ന ഒരു തോക്കുധാരിയോട് എന്തൊക്കെയോ പറഞ്ഞു.ഉടൻ അയാൾ ഞങ്ങളുടെ നേരെ തിരിഞ്ഞു.എല്ലാവരോടൂം റോഡിൽ നിന്നും വശങ്ങളിലേക്ക് കയറി നിൽക്കാൻ പറഞ്ഞു.ഞങ്ങൾ അതനുസരിച്ചു.അല്പം കൂടി ഉള്ളിലേക്ക് കയറി റോഡിൽ നിന്നും പരമാവധി ദൂരെ നിൽക്കാൻ അദ്ദേഹം നിർദ്ദേശം തന്നു.ഞങ്ങൾ എല്ലാവരും അതനുസരിച്ചതും തോക്കും ചൂണ്ടി അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് നിന്നു !!!സംഭവമെന്തന്നറിയാതെ ആരൊക്കെയോ , സിനിമയിൽ കാണുന്ന പോലെ കൈ രണ്ടും പൊക്കി.എന്തോ അപരാധം ചെയ്തവരെപ്പോലെ ഞങ്ങളെ ആ പട്ടാളക്കാരൻ തോക്കിന്മുനയിൽ നിർത്തി !!!!


(തുടരും....)

ന്യൂ ജനറേഷൻ പെരുന്നാൾ ആഘോഷം.

അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ ....
ലാ ഇലാഹ ഇല്ലള്ളാഹു അല്ലാഹു അക്ബർ .....
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്....

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തക്ബീർ മന്ത്രങ്ങൾ ഉയരാൻ തുടങ്ങി. ജീവിതത്തിലെ നാല്പത്തിമൂന്നാമത്തേയോ അല്ലെങ്കിൽ അതിലും മുകളിലേക്കുള്ള ഒരു സംഖ്യയുടേയോ എണ്ണത്തിന് തുല്യമായ ബലിപെരുന്നാൾ സുദിനത്തിലേക്ക് ഞാൻ എത്തി നിൽക്കുന്നു.

ഇന്നലെ കഴിഞ്ഞുപോയ പോലെ ബാല്യത്തിലേയും കൌമാരത്തിലേയും പെരുന്നാൾ ദിനങ്ങൾ മനസ്സിലേക്ക് ഓടിക്കയറുന്നു.പക്ഷേ ഇന്നത്തെ ബാല്യത്തിന്റെ കാട്ടിക്കൂട്ടലുകൾ മനസ്സിൽ ഒരു നോവും ഉണ്ടാക്കുന്നു.ധനവിനിയോഗത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്ന ഇസ്ലാം മതത്തിന്റെ അനുയായികളിലും പെരുന്നാൾ ഒരു ധൂർത്തായി മാറിക്കഴിഞ്ഞു എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.

ഏതാനും മണിക്കൂറുകൾ മുമ്പ് അങ്ങാടിയിലൂടെ നടക്കുമ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.എന്റെ കുട്ടിക്കാലത്ത്  പെരുന്നാൾ തലേന്ന് ഫാൻസി കടകളിലെ തിരക്ക് വളയും മാലയും മോതിരവും വാങ്ങാനായിരുന്നു. ആൺകുട്ടികളായ ഞങ്ങൾക്ക് ബലൂൺ വാങ്ങണമെങ്കിൽ പെരുന്നാൾ ദിനത്തിന്റെ അന്ന് വരുന്ന രണ്ട്  നാടോടിക്കച്ചവടക്കാർ അങ്ങാടിയിൽ ഹാജരാകണമായിരുന്നു.അതിനാൽ തലേ ദിവസം മൈലാഞ്ചി അരച്ച് അത് അണിയലായിരുന്നു പ്രധാന പരിപാടി.

ഒരു പത്തോ പതിനഞ്ചോ വർഷമായിക്കാണും  പെരുന്നാൾ വിപണിയിൽ മൈലാഞ്ചി റ്റ്യൂബ് രൂപത്തിൽ വന്നുതുടങ്ങി. അതോടെ മൈലാഞ്ചി അരക്കുന്നത് നഖത്തിൽ ചാർത്താൻ  മാത്രമായി ചുരുങ്ങി.കയ്യിലണിയാൻ മൈലാഞ്ചി എന്ന പേരിൽ വരുന്ന എന്തോ ഒരു രാസചേരുവയുമായി (യഥാർത്ഥ മൈലാഞ്ചി ഒരു മാസത്തോളം കൈവെള്ളയിൽ നിൽക്കുമ്പോൾ  ട്യൂബിൽ വരുന്ന ‘വഫ’യും ‘സിങു’മെല്ലാം അയ്യാമുത്തശ്‌രീക്കോടെ സലാം പറയും).

രണ്ട് മൂന്ന് വർഷം മുമ്പ് പെരുന്നാൾ വിപണിയിൽ പുതിയ ഒരു ഐറ്റം കൂടി എത്തിത്തുടങ്ങി.പൂത്തിരിയും പടക്കവും പോലെയുള്ള തീക്കളി വസ്തുക്കൾ.മേല്പറഞ്ഞ തക്ബീർ മന്ത്രങ്ങൾ പള്ളിയിലെ ഒന്നാം സ്വഫ്ഫിൽ (അണിയിൽ) ഇരുന്ന് ഉറക്കെ ചൊല്ലുന്ന ആൾക്കാർ തന്നെയാണ് ഈ പുത്തൻ സാധനങ്ങളുടെ വില്പനയിലും ഏർപ്പെട്ടിരിക്കുന്നത് !വാങ്ങാൻ തിക്കിത്തിരക്കുന്നത് പള്ളിക്കമ്മിറ്റിയിൽ ഉൾപ്പെട്ട പിതാക്കളുടെ മക്കളും പേരമക്കളും !!

പെരുന്നാൾ ഒരു മുസ്ലിമിന് അനുവദിക്കപ്പെട്ട ആഘോഷം തന്നെയാണ്.പക്ഷേ അത് എങ്ങനെ ആഘോഷിക്കണമെന്ന് മതം പഠിപ്പിക്കുന്നുണ്ട്.ബഹുസ്വര സമുദായത്തിൽ ഈ ആഘോഷം പ്രത്യേകിച്ചും മാതൃകാപരമായിരിക്കുകയും വേണം.എന്നാൽ എല്ലാ കാര്യത്തിലും പുതുവഴികൾ തേടുന്ന ന്യൂ ജനറേഷൻ പെരുന്നാളിനേയും മലീമസമാക്കിത്തുടങ്ങിയിരിക്കുന്നു.മൂക്ക് കയർ പിടിക്കേണ്ട രക്ഷിതാക്കൾ മൌനം അവലംബിക്കുന്നതും നിസ്സംഗത പാലിക്കുന്നതും പെരുന്നാളിന്റെ അന്ത:സ്സത്ത തന്നെ ചോർത്തും എന്നതിൽ സംശയമില്ല.ഇബ്രാഹിം നബി (അ) ന്റെ ത്യാഗപൂർണ്ണവും പരീക്ഷണങ്ങൾ നിറഞ്ഞതുമായ ജീവിതത്തെ ഓർമ്മപ്പെടുത്തുന്ന ബലിപെരുന്നാളും ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വരുന്ന ഈദുൽ ഫിത്വറും നാട്ടിൽ നടക്കുന്ന മറ്റു ഉത്സവങ്ങൾ പോലെയായി മാറുന്ന കാലം അതി വിദൂരമല്ല.


എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ....

വാൽ: രാത്രി തറവാട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് തിരിച്ച എന്റെ മുമ്പിൽ പെട്ടെന്ന് ഒരു കുട്ടിക്കൂട്ടം.പെരുന്നാൾ പിരിവ് ആയിരിക്കും എന്ന് കരുതിയ എന്നെ അമ്പരപ്പിച്ചു കൊണ്ട് അവരുടെ ചോദ്യം – “ഒരു തീപ്പെട്ടി തരുമോ?”.പിന്നിലേക്ക് പിടിച്ച അവരുടെ എല്ലാവരുടേയും കൈകളിൽ ഓരോ പൂത്തിരികൾ !വഴിമാറിയ ആഘോഷം എന്റെ കണ്മുമ്പിലും അരങ്ങേറാൻ പോകുന്നു എന്ന ദുഖ:സത്യം ഞാൻ മനസ്സിലാക്കുന്നു..