Pages

Friday, September 19, 2014

ഹൈടെക് ടൈലർ !

കുറേ വർഷങ്ങൾക്ക് ശേഷമാണ് പാന്റും ഷർട്ടും തയ്ക്കാൻ ഒരു ടൈലറെ സമീപിച്ചത്.രണ്ട് മാസം മുമ്പ് ചെറിയ പെരുന്നാളിന് ധരിക്കാൻ വേണ്ടി ഒരു ഷർട്ട് തയ്ക്കാൻ നാട്ടിലെ രണ്ട് ടൈലർമാരെ സമീപിച്ചപ്പോൾ ഉണ്ടായ അനുഭവം കാരണവും പിന്നെ ചില ‘തെറ്റിദ്ധാരണകൾ’ കാരണവും ഇത്തവണ തയ്ക്കാൻ നൽകിയത് കോഴിക്കോട് ടൌണിൽ ആയിരുന്നു.

ഒരു മുൻ പരിചയവുമില്ലാത്ത എന്നെ കണ്ട കട ഉടമ വലിയ വായിൽ ഒരു ‘ഹായ്’ അടിച്ചു.എവിടെയെങ്കിലും പരിചയമുള്ളതാകും എന്ന് കരുതി ഞാൻ ‘വാ വട്ടം’ കുറച്ചില്ല.എന്റെ കയ്യിലെ തുണി മേടിച്ച് അദ്ദേഹം നേരെ എന്റെ മൊബൈൽ നമ്പർ ചോദിച്ചു – ടെക്നോളജി യുഗത്തിൽ പേരിന്റെ സ്ഥാനം മൊബൈൽ കയ്യടക്കിയോ എന്ന് സംശയിച്ചെങ്കിലും ഞാൻ നമ്പർ പറഞ്ഞുകൊടുത്തു.അദ്ദേഹം അത് നേരെ ഒരു കമ്പ്യൂട്ടറിൽ കയറ്റി.പിന്നെ എന്റെ നേരെ തിരിഞ്ഞ് അല്പം കനത്തിൽ പറഞ്ഞു – “ഇവിടെ നിന്ന് ഇതുവരെ ഒന്നും തയ്പ്പിച്ചിട്ടില്ല അല്ലേ?”

എന്റെ ഓർമ്മയിലുള്ള അവ്സാന തയ്ക്കൽ അവിടെ നിന്ന് തന്നെയായിരുന്നതിനാൽ ഞാൻ പറഞ്ഞു – “തയ്പ്പിച്ചിട്ടുണ്ട്“

“ഒരു മൂന്ന് വർഷം മുമ്പായിരിക്കും അത്....” ടൈലർ പറഞ്ഞു.

“ അതേ...നാലഞ്ചാറേഴ് വർഷങ്ങൾക്ക് മുമ്പ്...”

പിന്നെ അദ്ദേഹം എന്റെ ഓരോ അളവുകൾ എടുക്കാൻ തുടങ്ങി.പണ്ടത്തെപ്പോലെ റസീറ്റ് ബുക്കിൽ എഴുതുന്നതിന് പകരം അളവുകൾ നേരെ കമ്പ്യൂട്ടറിൽ അടിച്ചുകയറ്റി. ഷർട്ടിന്റേയും പാന്റിന്റേയും അളവുകൾ കഴിഞ്ഞ് അദ്ദേഹം എവിടെയോ ക്ലിക്ക് ചെയ്തു. പ്രിന്ററിൽ റസീറ്റ് പ്രിന്റ് ചെയ്തു.


പെട്ടെന്ന് എന്റെ കീശയിൽ സൈലന്റ്റ് ആയിക്കിടന്ന മൊബൈൽ ഒന്ന് കുലുങ്ങി – ഒരു മെസേജ് വന്നതാണ്.മെസേജ് ഉടനെ വായിക്കുന്ന സ്വഭാവക്കാരനായതിനാൽ ഞാൻ അത് വായിച്ചിട്ട് ആകാം ‘എന്ന് കിട്ടും’ എന്ന് ചോദിക്കാൻ എന്ന് കരുതി. പക്ഷേ അത് ചോദിക്കുന്നതിന്റെ മുമ്പേ വന്ന ഉത്തരമായിരുന്നു ആ മെസേജ്.ഓർഡർ നമ്പറും ഡെലിവറി ഡേറ്റും വച്ചുള്ള സന്ദേശം കണ്ടപ്പോൾ ടെക്നോളജിയുടെ സാധ്യതകളും ഉപയോഗങ്ങളും എന്നെ അത്ഭുതപ്പെടുത്തി – തയ്യൽക്കട വരെ ഹൈടെക് !!!

8 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ കയ്യിലെ തുണി മേടിച്ച് അദ്ദേഹം നേരെ എന്റെ മൊബൈൽ നമ്പർ ചോദിച്ചു – ടെക്നോളജി യുഗത്തിൽ പേരിന്റെ സ്ഥാനം മൊബൈൽ കയ്യടക്കിയോ എന്ന് സംശയിച്ചെങ്കിലും ഞാൻ നമ്പർ പറഞ്ഞുകൊടുത്തു.

വിനുവേട്ടന്‍ said...

എന്താത് കഥ... കാലം പോയ പോക്കേയ്... !

പുരോഗമിക്കട്ടെ മാഷേ, പുരോഗമിക്കട്ടെ... ടെൿനോളജി നമ്മുടെ ഉപയോഗത്തിന് വേണ്ടിയുള്ളതാണല്ലോ...

ajith said...

ഇനി അവിടെ ഷര്‍ട്ട് തയ്ക്കുന്നതും കമ്പ്യൂട്ടര്‍ തന്നെയാവോ?

Manikandan said...

എറണാകുളത്തെ തയ്യക്കടക്കാർ ഈ സാങ്കേതികവിദ്യയെപ്പറ്റി അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഇവിടെ ഇല്ല.

ഞാൻ റെഡിമെയ്ഡ് പാന്റുകൾ ഉപയോഗിക്കാറില്ല. അതിനാൽ വർഷത്തിൽ ഒരിക്കലെങ്കിലും തയ്യൽക്കാരനെ കാണുന്നുണ്ട്.

Cv Thankappan said...

വളരട്ടെ!
ആശംസകള്‍

mayflowers said...

ആഹാ..tailor കൊള്ളാലോ..ഇവിടെയും ഇതൊന്നും എത്തീട്ടില്ല.

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ....അതെ,കുതിക്കട്ടെ കാലം മുന്നോട്ട്....

അജിത്തേട്ടാ....കമ്പ്യൂട്ടർ ടൈലർ!!!

മണികണ്ഠാ....ആദ്യം വരേണ്ടത് അവിടെയായിരുന്നു.അപ്പോൾ ഹൈടെക് കോഴിക്കോട് അല്ലേ?

തങ്കപ്പേട്ടാ....നന്ദി

മേയ്ഫ്ലവർ.....ഇപ്പോഴും ഓണം കേറാമൂലയിലാണോ?

ജിമ്മി ജോൺ said...

കൊള്ളാല്ലോ ഈ കോയിക്കോടൻ ഹൈടെക്കൻ!!

എന്നിട്ട് പറഞ്ഞ സമയത്ത് തയ്ച്ച് കിട്ടീനാ?

Post a Comment

നന്ദി....വീണ്ടും വരിക