Pages

Saturday, September 27, 2014

മെട്രോ ട്രെയിനിൽ.... (ആദ്യ വിമാനയാത്ര - 10)


കയറിയ ഗേറ്റിലൂടെത്തന്നെ പുറത്തിറങ്ങണം എന്ന രാഷ്ട്രപതി ഭവനിലെ അലിഖിതനിയമം പുറത്തിറങ്ങിയപ്പോഴാണ് അറിഞ്ഞത്.ഗേറ്റ് നമ്പർ 37ലൂടെത്തന്നെ പുറത്തേക്ക് കടന്ന ഞങ്ങൾക്ക് മുമ്പിൽ നോക്കെത്താദൂരത്തോളം മതിലും റോഡും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

“ സാറെ...ചൈനയിലെ വന്മതിൽ ഇന്ത്യയിലാണോ ?” അഫ്നാസിന് സംശയമായി.

“നീ ഡെൽഹിയിൽ താജ്മഹൽ കണ്ട സ്ഥിതിക്ക് ചൈനയിലെ വന്മതിൽ ഇന്ത്യയിൽ കാണാൻ സാധ്യതയുണ്ട്...”

“ഏതായാലും നമ്മുടെ ആമാശയത്തിന് മുന്നിൽ ഒരു വന്മതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്..ഈ അടുത്തൊന്നും ഒരു ഹോട്ടൽ പോയിട്ട് മുറുക്കാൻ കട പോലും കാണാനില്ല...”ആരോ സന്ദേഹിച്ചു.

“അതേയ്....ഇത് രാജ്പഥ് ആണ്....” രണ്ട് ദിവസം മുമ്പ് വന്ന ഷാജഹാൻ സാർ ഓർമ്മിപ്പിച്ചു.

“എന്ന് വച്ച് വഴിയാത്രക്കാർ പട്ടിണി കിടക്കണോ ?”

“ങാ....ഭക്ഷണം കിട്ടണമെങ്കിൽ കരോൾബാഗിൽ പോകണം...”

“ഏത് ബാങ്കിൽ ?” അഫ്നാസ് വീണ്ടും സംശയിച്ചു.

“ബാങ്ക് അല്ല..കരോൾ ബാഗ്....ഏറ്റവും അടുത്ത സ്ട്രീറ്റ് അതാണ്...”

“എങ്കിൽ ആ ബാഗിലേക്ക് വേഗം നടക്കാം... ആമാശയം നയം വ്യക്തമാക്കിത്തുടങ്ങി...”

“ങാ...അങ്ങിനെ വേഗം നടന്നലൊന്നും എത്തുന്ന സ്ഥലമല്ല കരോൾ ബാഗ്....ട്രെയിനിൽ പോകണം...”

“ദൈവമേ !!!ഭക്ഷണം കഴിക്കാൻ ട്രെയിനിൽ പോകണം എന്നോ?”

“അതേ...ഇവിടെ നിന്നും രണ്ടാമത്തെ സ്റ്റേഷനാണ് കരോൾ ബാഗ്....“

“യാ കുദാ...ഭക്ഷണം കഴിച്ച് ഇവിടേക്ക് തന്നെ തിരിച്ചും വരേണ്ടേ...?”

“അതേ....കുറച്ച് കൂടി മുന്നോട്ട് പോയാൽ സെൻ‌ട്രൽ സെക്രട്ടറിയേറ്റ് സ്റ്റേഷൻ....”

“ങേ....!!ഇതെന്തൊരു പേരാ ഈ സ്റ്റേഷന്?”

“ഇതാണ് മെട്രോസ്റ്റേഷൻ...മെട്രോട്രെയിനിന്റെ സ്റ്റേഷൻ ഇങ്ങനെയൊക്കെയാ...”


“അപ്പോ നമുക്ക് പോകേണ്ടത് മെട്രോട്രെയിനിൽ ആണോ?” എല്ലാവരുടേയും മുഖത്ത് ഒരു ആകാംക്ഷ പടർന്നു.

“അതേ...ഹുദാ സിറ്റി സെന്ററിലേക്കുള്ള മെട്രോട്രെയിനിൽ പോകണം..”

“ഹായ്...നമ്മുടെ ശ്രീധരേട്ടന്റെ ഡെൽഹി മെട്രോ...” മലയാളികളുടെ ശബ്ദം ഒന്നിച്ചുയർന്നു.

“മലപ്പൊറത്താരുടെ സ്രീതരനേട്ടനാ...”സംഘത്തിൽ ഭൂരിഭാഗം വരുന്ന മലപ്പുറത്ത് നിന്നുള്ളവർ വിട്ടില്ല.

“ങാ..വേഗം വാ...ഭക്ഷണം കഴിച്ച് പെട്ടെന്ന് തിരിച്ചെത്തണം...”

“അത് ശരിയാ...നമ്മളെ അങ്ങാടിപ്പുറം പോലെയുള്ള സ്റ്റേഷനാണെങ്കിൽ ഒരു ട്രെയിൻ പോയാൽ പിന്നെ അടുത്തത് വരണമെങ്കിൽ വൈകുന്നേരമാകും...” ഒരു മലപ്പുറത്ത്കാരൻ പറഞ്ഞു.

“ഹ ഹ ഹാ...ഇത് മെട്രോട്രെയിനാ....മിനുട്ടിന് മിനുട്ടിന് വണ്ടി വരും...”

“ങേ.... മിനുട്ടിന് മിനുട്ടിന് തീവണ്ടിയോ...എങ്കിൽ ഞാനില്ല...” ഒരു പെൺശബ്ദം ഉയർന്നു.

“അതെന്താ?”

“മിനുട്ടിന് മിനുട്ടിന് വണ്ടി പോകുമ്പോൾ മുമ്പിൽ പോകുന്ന ഡ്രൈവർ ഒന്ന് സ്ലോ ആക്കിയാൽ..??”

“ഒരു പ്രശ്നവും വരില്ല...എല്ലാ വണ്ടിയും നിൽക്കും..”

“ആഹാ...അപ്പോ ഏതെങ്കിലും ഒരു വണ്ടി ബ്രേക്കിട്ടാൽ എല്ലാ വണ്ടിയും നിൽക്കും എന്നോ....അപ്പോ അതിന്റെ ബ്രേക്കിംഗ് സിഗ്നൽ വായുവിലൂടെയാണോ പോകുന്നത്?” ഇലക്ട്രോണിക്സ് വിദ്യാർത്ഥി അഫ്നാസ് വീണ്ടും ചോദ്യമുയർത്തി.

“ഇതാ സ്റ്റേഷൻ എത്തി...ഞാൻ ടിക്കറ്റ് എടുത്ത് വരാം...”ഷാജഹാൻ സാർ ചില്ലുക്കൂട്ടിൽ ഇരിക്കുന്ന ഒരു പെൺകുട്ടിക്ക് നോട്ട് കൊടുക്കുന്നതും കുറേ പ്ലാസ്റ്റിക് വട്ടങ്ങൾ തിരിച്ച് കൊടുക്കുന്നതും ഞങ്ങൽ കണ്ടു.

“സ്റ്റേഷനിലെ ഇലക്ടോണിക് ഗേറ്റിൽ ഇതേ പോലെ ഒരു വട്ടം കാണും.അവിടെ ഇത് വയ്ക്കുക..ഗേറ്റ് തുറന്നാൽ അതിലൂടെ ഓടി അകത്ത് കയറുക...”

“അപ്പോൾ ടിക്കറ്റ് എവിടന്ന് കിട്ടും?”

“ഇത് തന്നെയാ ടിക്കറ്റ്...ട്രെയിൻ ഇറങ്ങി സ്റ്റേഷനിലെ ഗേറ്റിൽ ഇത് നിക്ഷേപിച്ചാലേ പുറത്തിറങ്ങാൻ പറ്റൂ...” ഷാജഹാൻ സാർ വിശദീകരിച്ചു.

“സ്റ്റേഷൻ അധികമില്ലെങ്കിലും നമ്മളെ മലപ്പൊറത്താരെന്റെ ഐഡിയ സൂപ്പർ ട്ടോ...” മലപ്പുറത്ത്കാർ വീണ്ടും അഭിമാനിച്ചു.

എല്ലാവരും ഇലക്ടോണിക് ഗേറ്റിലൂടെ അകത്ത് കയറി.ആദ്യം വന്ന വണ്ടിയിൽ തന്നെ എല്ലാവരും കയറി.നിമിഷങ്ങൾക്കകം വണ്ടി നീങ്ങിത്തുടങ്ങി.
”അഗല സ്റ്റേഷൻ രാജീവ് ചൌക്...ദർവാസ ബായേം ഓർ ഖുലേഗ...കൃപയാ ഗ്യാപ് ധ്യാൻ കീജിയേ..” ട്രെയിനിനുള്ളിലെ കാഴ്ചകൾ കാണുന്നതിനിടക്ക് കേട്ട പതിഞ്ഞ ശബ്ദം ഞങ്ങളെ ആശ്ചര്യപ്പെടുത്തി.അടുത്ത സ്റ്റേഷന്റെ പേരും വാതിൽ തുറക്കുന്ന വശവും ഇറങ്ങുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ ഉള്ള ഗ്യാപ് ശ്രദ്ധിക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ ആയിരുന്നു അത്.കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നതിന് മുമ്പേ ഞങ്ങൾ കരോൾ ബാഗ് സ്റ്റേഷനിൽ എത്തി.


പറഞ്ഞപോലെ കയ്യിലുള്ള “വട്ടം” ഗേറ്റിൽ നിക്ഷേപിച്ച് എല്ലാവരും പുറത്തിറങ്ങി.അല്പ സമയത്തിനകം തന്നെ നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണവും തട്ടി അടുത്ത വണ്ടിക്ക് തന്നെ സെൻ‌ട്രൽ സെക്രട്ടറിയേറ്റിലേക്ക് വണ്ടി കയറി.പുറത്ത് പോയ അതേ ഗേറ്റിലൂടെ തന്നെ വീണ്ടും രാഷ്ട്രപതിഭവന്റെ അകത്ത് കയറി.

(തുടരും..)

Thursday, September 25, 2014

രാഷ്ട്രപതിഭവനിലൂടെ…. (ആദ്യ വിമാനയാത്ര - 9)


സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് ഞങ്ങൾ രാഷ്ട്രപതിഭവന്റെ മുറ്റത്ത് എത്തി.പ്രവേശന സമയം ആകാത്തതിനാൽ ഞങ്ങൾ പുറം കാഴ്ചകളിൽ മയങ്ങി നടന്നു.എഡ്വിൻ ല്യൂട്ടൻസ് രൂപകല്പന ചെയ്ത  രാഷ്ട്രപതിഭവനിന്റെ മനോഹരമായ കാഴ്ചകൾ ഞങ്ങൾ മനസ്സിലേക്കു പകർത്തി.ക്യാമറയും ഫോണും അകത്ത് കടത്താൻ പറ്റില്ല എന്ന് പറഞ്ഞിരുന്നതിനാൽ അവ റൂമിൽ വച്ചായിരുന്നു ഞങ്ങൾ പോന്നിരുന്നത്.

“അവിടെ ചിലപ്പോൾ ‘അത്’ ചോദിച്ചാലോ? ‘അത് ‘ എന്റെ കയ്യിലാഅതിനാൽ ഞാൻ ബാഗ് എടുക്കുന്നു.ക്യാമറയും അതിൽ ഇടാലോ” ക്യാമറ ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത സുരേഷ് സാർ പറഞ്ഞു.

“ആ എടുത്തോളൂ.പോയാൽ, സാറെ ക്യാമറയല്ലേ പോകൂ.” ഞാൻ സുരേഷ് സാറെ പിന്താങ്ങി.

“കിട്ട്യാൽ രാഷ്ട്രപതിഭവൻപോയാൽ കാണോൻ” മറ്റാരോ കൂടി പിന്താങ്ങി.

പക്ഷേ സുരേഷ് സാറിന്റെ ക്യാമറ ഉപകാരമായി.പ്രത്യേകിച്ച് ആരും തന്നെ ശ്രദ്ധിക്കാൻ ഇല്ലാത്തതിനാൽ ഞങ്ങൾ പലസ്ഥലത്തും നിന്ന് ക്ലിക്കി.അങ്ങനെ രാഷ്ട്രപതിഭവനിന്റെ  മനോഹരമായ ആ ശില്പഭംഗി ക്യാമറയിലും കിട്ടി.






രാഷ്ട്രപതിഭവനിലെ മ്യൂസിയത്തിന്റെ റിസപ്ഷൻ കൌണ്ടറിൽ ഞങ്ങൾ എത്തിയപ്പോൾ അവിടെ ഞങ്ങളെപ്പോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ധാരാളം പേർ കാത്തിരിക്കുന്നുണ്ടായിരുന്നു. അല്പസമയത്തിനകം തന്നെ അവാർഡ് ജേതാക്കളും ഞങ്ങളുടെ ഒപ്പം ചേർന്നു.ഫോട്ടോ എടുക്കരുത് എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും നിർദ്ദേശിച്ചിരുന്നതിനാൽ അവിടെ ഇരുന്ന് ഫോട്ടോ എടുത്തിരുന്നവർ എല്ലാം ‘നിരക്ഷരർ’ ആണെന്ന് മനസ്സിലായി.

രാഷ്ട്രപതിഭവനിലെ ഔദ്യോഗിക ഗൈഡ് ആണെന്ന് തോന്നുന്നു , ഒരാൾ ഞങ്ങളെ എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു.വിസ്മയക്കാഴ്ചകളിലൂടെ ഞങ്ങൾ ഊളിയിടാൻ തുടങ്ങി.ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രഭുക്കളൊ , വൈസ്രോയിയോ ഒക്കെ ആയ കുറേ ‘കാത്സറായി’ക്കാർ (പാന്റിട്ടവർക്ക് പണ്ട് ഞങ്ങളുടെ നാട്ടിൽ പറഞ്ഞിരുന്ന പേര്) ചുമരിൽ ചാരി നിൽക്കുന്നു.ഇടക്കിടക്ക് അംഗലാവണ്യം തുളുമ്പുന്ന ചിലരും ഉണ്ട്.അവരുടെ അടുക്കളയിൽ ഉപയോഗിച്ചിരുന്ന സ്പൂൺ അടക്കം അവിടെ പ്രദർശിപ്പിച്ചിരുന്നു.ഇംഗ്ലീഷുകാർ രാജ്യം വിട്ടു പോയിട്ടും അവരുടെ ശേഷിപ്പുകൾ നമ്മുടെ രാഷ്ട്രപതിഭവനിനകത്ത് തന്നെ പ്രദർശിപ്പിക്കാൻ കാരണം എനിക്ക് മനസ്സിലായില്ല (അത് സാധാരണ ജനങ്ങൾ കാണേണ്ട എന്ന് കരുതിയാണാവോ?).

വിവിധ രാഷ്ട്രപതിമാർക്ക് വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന സമ്മാനങ്ങളുടെ കലവറയിലേക്കായിരുന്നു പിന്നീട് പോയത്. രാഷ്ട്രപതിമാർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തിന്റെതാണെന്ന് ‘ഗൈഡ്’ പറഞ്ഞുതന്നു.പക്ഷേ തനിക്ക് കിട്ടിയ സമ്മാനങ്ങൾ വീട്ടിലെത്തിച്ച ഒരു രാഷ്ട്രപതിയുണ്ടെന്നും അദ്ദേഹത്തിലൂടെ ഞങ്ങൾക്ക് മനസ്സിലായി.വില പിടിപ്പുള്ള വിവിധ സമ്മാനങ്ങൾ കണ്ടപ്പോൾ അവർ ചെയ്തതിൽ വലിയ കുറ്റം ഞങ്ങൾക്ക് തോന്നിയില്ല -  രാഷ്ട്രപതിയും ഒരു മനുഷ്യനല്ലേ, കിട്ടിയ  സമ്മാനം വീട്ടിൽ എത്തിക്കുന്നത് മനുഷ്യസഹജമല്ലേ?

 കാർഗിൽ യുദ്ധത്തിൽ വിജയിച്ച് ഇന്ത്യൻ ഭടന്മാർ ഉയർത്തിയ ദേശീയപതാകയും മറ്റനേകം അമൂല്യമായ ശേഷിപ്പുകളും കണ്ടപ്പോൾ ഞങ്ങളിൽ ഒരു ദേശീയബോധം നുരഞ്ഞ്പൊങ്ങി.ഇവയിൽ പലതും സാധാരണ ജനങ്ങൾ കൂടി കാണേണ്ടതാണ് എന്ന് അപ്പോൾ തോന്നിപ്പോയി.

മ്യൂസിയത്തിലെ കാഴ്ചകൾ കഴിഞ്ഞ് ഞങ്ങൾ രാഷ്ട്രപതിഭവനിലെ ഹാളുകളിലേക്ക് പ്രവേശിച്ചു.അശോക ഹാൾ , ഡൈനിങ് ഹാൾ, ദർബാർ ഹാൾ തുടങ്ങിയവയാണ് പ്രധാന ഹാളുകൾ.ദർബാർ ഹാളിൽ ബുദ്ധന്റെ ഉടഞ്ഞ ഒരു പ്രതിമക്ക് (എഡി അഞ്ചാം നൂറ്റാണ്ടിലെ ഗുപ്ത കാലഘട്ടത്തിലെ പ്രതിമ) താഴെ ഒരു ഇരിപ്പിടം സജ്ജമാക്കിയിരുന്നു –രാഷ്ടപതിയുടെ ഇരിപ്പിടം ! അവിടെ നിന്ന് നേരെ നോക്കിയാൽ പ്രധാന കവാടത്തിലൂടെ അങ്ങ് ദൂരെ ഇന്ത്യാഗേറ്റ് കാണാം ( ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ധീരരക്തസാക്ഷികളുടെ ഓർമ്മയുണർത്തുന്ന ‘അമർജവാൻ ജ്യ്യോതി’ ജ്വലിക്കുന്ന ഇന്ത്യാഗേറ്റ്). വലതുഭാഗത്തേക്ക് നോക്കിയാൽ ……. (മറന്നുപോയി) കാണാം.ഇടത് ഭാഗത്തേക്ക് നോക്കിയാൽ പാർലമെന്റ് മന്ദിരവും.

ദർബാർ ഹാളിന് ചരിത്രപ്രധാനമായ ഒരു പ്രത്യേകത കൂടിയുണ്ട്.1947 ആഗസ്ത് 14ന് അർദ്ധരാത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ച്കൊണ്ട് ആദ്യത്തെ ഇന്ത്യൻ ഗവർണ്ണർജനറലായി (ഇന്നത്തെ പ്രസിഡെണ്ട്) മൌണ്ട്ബാറ്റൺ പ്രഭു അധികാരമേറ്റത് ആ ഹാളിൽ വച്ചായിരുന്നു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഠിറ്റ് ജവഹർലാൽ നെഹ്രു അധികാരമേറ്റതും അതേ ഹാളിൽ വച്ചായിരുന്നു. ഇന്ത്യയിലെ പരമോന്നത പുരസ്കാരങ്ങളായ ഭാരതരത്നയും പരമവീർചക്രവും പത്മപുരസ്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യുന്നത് അതേ സ്ഥാനത്ത് നിന്നുകൊണ്ടാണ്.ഇന്ന് വൈകിട്ട് രാജ്യത്തെ എൻ.എസ്.എസ് ന്റെ പരമോന്നതപുരസ്കാരം നിങ്ങൾ സ്വീകരിക്കുന്നതും അതേ ഹാളിൽ വച്ച് അതേ സ്ഥാനത്ത് നിന്നുകൊണ്ടാണ് എന്ന് അറിയിച്ചപ്പോൾ മനസ്സ് അറിയാതെ കുളിർത്തു പോയി.

അവാർഡ് ദാനത്തിന് ശേഷം രാഷ്ട്രപതി നൽകുന്ന ചായ സൽക്കാരത്തിന്റെ ഇടങ്ങളും രാഷ്ട്രപതിയുടേയും മറ്റു പ്രമുഖരുടേയും കൂടെ ഗ്രൂപ് ഫോട്ടോ എടുക്കുന്ന സ്ഥലങ്ങളും എല്ലാം ചുറ്റിക്കണ്ട് ഞങ്ങൾ ഹാളിൽ നിന്നും പുറത്തേക്കിറങ്ങി.

ശേഷം ഞങ്ങൾ കണ്ടത് പ്രസിദ്ധമായ ‘മുഗൾ ഗാർഡൻ’ ആയിരുന്നു.കേട്ട് മാത്രം പരിചയമുള്ള മുഗൾ ഗാർഡനിൽ പലതരം വൃക്ഷങ്ങളും ചെടികളും നിറഞ്ഞ് നിന്നു.എന്തൊക്കെയോ കായ ചിലർ വാസനിക്കുന്നതും ഭക്ഷിക്കുന്നതും കാണാമായിരുന്നു.അവിടെയും ഇവിടെയുമായി ഇരിക്കുന്ന ജോലിക്കാർ എന്ന് തോന്നിക്കുന്നവർ അവ വിലക്കാത്തതിനാൽ കിട്ടിയ ഒരു കായ ഞാനും വായിലിട്ടു.പോയതിലും വേഗത്തിൽ അത് തിരിച്ചു പോന്നതിനാൽ ഞാനും എന്റെ കൂടെയുള്ളവരും തൽക്കാലം ‘രക്ഷപ്പെട്ടു‘.വസന്തകാലമല്ലാത്തതിനാൽ പൂക്കൾ അധികമൊന്നും കണ്ടില്ല.പ്രസിദ്ധമായ “തുലിപ്” പുഷ്പങ്ങൾ പൂത്ത് നിൽക്കുന്ന ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ മുഗൾഗാർഡനിലേക്ക് മാ‍ത്രം സഞ്ചാരികൾക്ക് സൌജന്യ പ്രവേശനം അനുവദിക്കാറുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.

മുഗൾഗാർഡനിൽ നിന്നും രാഷ്ട്രപതി ഭവനികത്തേക്ക് തന്നെ തിരിച്ച് കയറിയ ഞങ്ങൾ ഒരു കൂറ്റൻ വാതിലിനടുത്തെത്തി.ഞങ്ങളുടെ കൂടെ അതുവരെ ഉണ്ടായിരുന്ന ആ മാന്യ ഗൈഡ് വിടപറഞ്ഞപ്പോഴാണ് ഞങ്ങളുടെ കാഴ്ചകൾക്ക് തിരശ്ശീല വീണത് അറിഞ്ഞത്.സമയം ഉച്ചയായതിനാൽ ആമാശയ വിപുലീകരണത്തിനായി ഞങ്ങൾ താവളം തേടി.






(തുടരും..)

Tuesday, September 23, 2014

രാഷ്ട്രപതിഭവനിലെ കടുവ ! (ആദ്യ വിമാനയാത്ര - 8)

(കഥ ഇതുവരെ)

രാഷ്ട്രപതിഭവനിലെ മായക്കാഴ്ചകളെപ്പറ്റി ആർക്കും ഒരു എത്തും പിടിയും ഇല്ലാത്തതിനാൽ പിറ്റേന്ന് കാലത്ത് തന്നെ എല്ലാവരും എണീറ്റ് കുളിച്ച് റെഡിയായി. തണുപ്പ് കാരണം കുളിക്കാത്തവരും കുളിച്ചതായി പ്രതീതി ജനിപ്പിച്ചു.പക്ഷേ അവരുടെ പെർഫ്യൂമുകൾ ‘ഞാൻ കുളിച്ചിട്ടില്ല’ എന്ന ലേബൽ അവരുടെ നെറ്റിയിൽ ഒട്ടിച്ചിരുന്നത് അവർ അറിഞ്ഞില്ല.

കൃത്യസമയത്ത് തന്നെ ഞങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ബസ്സിനടുത്ത് ഞങ്ങൾ എത്തി. രാഷ്ട്രപതിഭവനിന്റെ 37ആം നമ്പർ ഗേറ്റിലൂടെ ആയിരുന്നു ഞങ്ങളുടെ ബസ്സിനുള്ള പ്രവേശനം പറഞ്ഞിരുന്നത് (രാഷ്ട്രപതിഭവന് 40തിലധികം ഗേറ്റുകൾ ഉണ്ട് എന്നാണ് എന്റെ ധാരണ).ഗേറ്റിനടുത്ത് സെക്യൂരിറ്റി ജീവനക്കാർ ബസ് തടഞ്ഞു. ഞങ്ങളുടെ സംഘത്തലവൻ ബസ്സിൽ നിന്നിറങ്ങി ഗേറ്റിനടുത്തേക്ക് നീങ്ങി.

“ഹം കേരളവാല ഹൈംരാഷ്ട്രപതിഭവൻ കാൺ‌ണെ ഔർ അവാർഡ് ഖരീദ്നെ കെലിയെ ആയാ ഹൈം

“ക്യാ ?? രാഷ്ട്രപതിഭവൻ കാൺ‌ണെ ഔർ അവാർഡ് ഖരീദ്നെ ???” സെക്യൂരിറ്റിക്ക് മനസ്സിലായില്ല.

“ആബിദേ.വാങ്ങുക എന്നതിന് ഹിന്ദിയിൽ ഖരീദ്ന എന്ന് തന്നെയല്ലേ പറയുക?” സംഘത്തലവൻ എന്നോട് ചോദിച്ചു.

“അതേ സാർപക്ഷേ അത് പൈസ കൊടുത്ത് വാങ്ങുന്നതിനാണ് പറയുന്നത്” ഞാൻ മറുപടി പറഞ്ഞു.

“ശൊഈ ഹിന്ദി എന്ന് പറഞ്ഞാൽ തന്നെ ഒരു ‘കിണ്ടി’ ലാംഗേജ് ആണ്.ഇനി നീ തന്നെ ചെന്ന് പറ

“ശരി സാർ.” സെക്യൂരിറ്റിക്കാരനോട് എന്താണ് പറയേണ്ടത് എന്ന് അറിയില്ലെങ്കിലും ഞാൻ ദൌത്യം ഏറ്റെടുത്തു.നേരെ ചെന്ന് എന്റെ കയ്യിലുണ്ടായിരുന്ന വൈകുന്നേരത്തെ പരിപാടിയുടെ ക്ഷണക്കത്ത് കാണിച്ചു കൊടുത്തു.

“ഓകെ.സാബ്.ബസ് തോ ബാഹർ പാർക്ക് കരൊആപ് സബ് സീധ ചലോ..” രണ്ടടി പിന്നോട്ട് നിന്ന് സല്യൂട്ട് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കേന്ദ്ര യുവജനക്ഷേമവകുപ്പ് മന്ത്രി ശ്രീ.ജിതേന്ദ്രസിങിന്റെ ക്ഷണക്കത്തായിരുന്നു ആ മാന്ത്രികക്കത്ത്.



ഞങ്ങൾ എല്ലാവരും ബസ്സിൽ നിന്നിറങ്ങി.അദ്ദേഹം പറഞ്ഞ വഴിയിലൂടെ നടന്നു. അൽഭുത ലോകത്തിൽ എത്തിയ ആലീസിനെപ്പോലെ കാഴ്ചകൾ ആദ്യം കാണാൻ സ്ത്രീകൾ മുന്നിലും അല്പം പിന്നിലായി ഞങ്ങളും പിന്തുടർന്നു. അല്പദൂരം നടന്നതും റോഡിന് ഒത്ത നടുവിൽ ഒരു മയിൽ നിൽക്കുന്നത് കണ്ടു.





“സാർകണ്ടൊ മയിൽ.ഒരു പേടിയും ഇല്ലാതെ നടക്കുന്നു” സ്ത്രീകൾ വിളിച്ചു പറഞ്ഞു.

“ഇത് രാഷ്ട്രപതിഭവനാ.മയിൽ നമ്മുടെ ദേശീയ പക്ഷിയുംഅപ്പോൾ അതിനെ ഇവിടെ വളർത്തുന്നതാവുംഅതിന് സ്വൈരമായി നടക്കാനും പറ്റും” മയിലിനെ കാണാനുള്ള കാരണം ഞാൻ വിശദീകരിച്ചു കൊടുത്തു.

“ങേ!!!എങ്കിൽ ഇനി സാർ തന്നെ മുന്നിൽ നടന്നോളൂഞങ്ങൾ പിന്നിൽ വരാം” സ്ത്രീകൾ പിന്നിലേക്ക് വലിഞ്ഞു.

“അതെന്താ?മയിൽ നിങ്ങളെ ഒന്നും ചെയ്യില്ല

“അതല്ലഇത് രാഷ്ട്രപതിഭവനാ..കടുവ നമ്മുടെ ദേശീയ മൃഗവുംഅതിനേയും ഇതേപോലെ തുറന്ന് വിട്ടിട്ടുണ്ടെങ്കിൽ!!!“

“ഓ.അത് ശരിയാണല്ലോ.അതുകൊണ്ട് ഒരു കാര്യം ചെയ്യ്.നമുക്ക് ഹിന്ദി അറിയില്ല ആബിദ് മുന്നിൽ പോയി നോക്ക്” എല്ലാവരും കൂടി അതും എന്റെ തലയിലേക്ക് ഇട്ടു.

“അതിന് കടുവക്കും ഹിന്ദി അറിയില്ലല്ലോ.പിന്നെ ഞാൻ മുന്നിൽ പോയിട്ട് എന്താ കാര്യം?”

“നീ മുന്നിൽ പോയി അടുത്ത സെക്യൂരിറ്റിക്കാരനോട് ചോദിക്ക്.മയിലിനെ കണ്ടപോലെ ഇനി കടുവയെയും കാണുമോ എന്ന്…“

‘യാ കുദാ !!! കടുവക്ക് ഹിന്ദിയിൽ എന്താ പറയാ’ ഞാൻ ആലോചിച്ചു.

“ഗ്ഘാർ.” പെട്ടെന്ന് ഒരു അലർച്ച കേട്ട് എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി.യൂനിഫോമിട്ട ഒരാൾ ഓടിക്കുന്ന ബൈക്കിന് പിന്നിൽ യൂനിഫോമിട്ട ഒരു കുരങ്ങൻ!!അവൻ ശബ്ദമുണ്ടാക്കിക്കൊണ്ട് കടന്നുപോകുന്നു.വഴിയിൽ നിൽക്കുന്ന സെക്യൂരിറ്റിക്കാർ സല്യൂട്ട് ചെയ്യുന്നു !!

‘അപ്പോൾ നേരത്തെ ഗേറ്റിൽ എനിക്ക് കിട്ടിയതും ഇതേ സല്യൂട്ട് ആയിരുന്നോ ?അയ്യേ!!!‘


(തുടരും..)

Sunday, September 21, 2014

ഹോട്ടൽ സൂര്യ ഇന്റെർനാഷണൽ (ആദ്യ വിമാനയാത്ര - 7)

(കഥ ഇതുവരെ)

“പഹാട്ഗഞ്ച് പഹുംജെ.കഹാം ഉതർന ഹെ?” ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവർ ചോദിച്ചു.

“ഇത്നീ ജൽദീ?ദൂർ തൊ കമീ ഹേ???” അറുന്നൂറ് രൂപ കൊടുക്കുന്നതിന് മുമ്പ് ഒന്ന് കൂടി പേശി നോക്കാനായി ഞാൻ പറഞ്ഞു.

“അരെ സാബ്ദൂർ കമീ നഹീംസ്പീഡ് തൊ സ്യാദസൌ കിലോമീറ്റർ”ഡ്രൈവർ എന്റെ വായടക്കി.

“കിസ് മാർഗ് ചൽന ഹേ?” ഡ്രൈവർ വീണ്ടും ചോദിച്ചു.

“ഹോട്ടൽ സൂര്യ ഇന്റെർനാഷണൽഹോട്ടൽ വുഡ്ലാന്റ് കെ പാസ്

“മാർഗ് തൊ ബതാഒ

‘യാ കുദാഡൽഹിയിൽ നിനക്കറിയാത്ത വഴി പിന്നെ ഞങ്ങൾക്കാണോ അറിയാ’ എനിക്ക് ചെറിയൊരു ആശങ്ക ഉണ്ടാകാതിരുന്നില്ല.

“മത്‌ലബ് ??” ഞാൻ തിരിച്ചു ചോദിച്ചു

“മാർഗ്ഗ് മത്‌ലബ് റോഡ്..”

“ഓആരോ കിഷൻ റോഡ്” എല്ലാവർക്കും മെസ്സേജ് വന്നതിനാൽ ഉത്തരം ഐക്യകണ്ഠേന പുറത്ത് വന്നു.


പഹാർഗഞ്ജ് എന്ന തിരക്കേറിയ ഗല്ലിയിലേക്ക് കടന്നതും വർണ്ണ ബൾബുകളുടെ അലങ്കാരങ്ങളുടെ പൂരം തുടങ്ങി. കേരളത്തിൽ ഓണം , ഈദ് , കൃസ്തുമസ് തുടങ്ങിയ ആഘോഷങ്ങളുടെ അവസരങ്ങളിൽ വൻ‌പട്ടണങ്ങളിലെ തുണിക്കടകൾ ഇത്തരം വർണ്ണങ്ങളിൽ കുളിച്ച് നിൽക്കുന്നത് കണ്ടിട്ടുണ്ട്.അതിനാൽ തന്നെ ഇവയും അത്തരം തുണിക്കടകൾ ആണെന്ന ധാരണയിൽ ഞാൻ അത് ശ്രദ്ധിച്ചില്ല. വിവിധ വർണ്ണങ്ങളിൽ കുളിച്ച് നിൽക്കുന്ന വലിയ വലിയ കെട്ടിടങ്ങൾ ഓരോന്നും ഓരോ ഹോട്ടലുകൾ ആയിരുന്നു. അതിനിടയിൽ മേലാപ്പുകളോ അലങ്കാരങ്ങളോ ഒന്നും ഇല്ലാതെ ആരുടേയും ശ്രദ്ധ പെട്ടെന്ന് പിടിക്കാതെ ഒരു കൊച്ചു ഹോട്ടൽ - ഹോട്ടൽ സൂര്യ  ഇന്റെർനാഷണൽ !!

എല്ലാവരും ടാക്സിയിൽ നിന്നിറങ്ങി. രണ്ട് ദിവസം മുമ്പേ തന്നെ ഡൽഹിയിൽ എത്തിയ ഷാജഹാൻ സാർ അവിടെ കാത്തിരിപ്പുണ്ടായിരുനു.ലഗേജുകളുമായി ഞങ്ങൾ ഹോട്ടലിന്റെ കൌണ്ടറിൽ എത്തി.രണ്ട് പേർക്ക് കഷ്ടിച്ച് കടന്നു പോകാൻ കഴിയുന്ന റിസപ്ഷനിൽ ഞങ്ങളും ലഗേജുകളും കൂടി ആയതോടെ നിന്ന് തിരിയാൻ ഇടമില്ലാതായി.എല്ലാവരുടേയും ഐ.ഡി കാർഡ് ഒരാളെ ഏല്പിച്ച് ബാക്കിയുള്ളവരോട് റൂമുകളിലേക്ക് നീങ്ങാൻ റിസപ്ഷനിൽ ഇരുന്ന ആൾ പറഞ്ഞു. സ്പൈസ് ജെറ്റ് എന്ന വിമാനക്കമ്പനിക്കാർ ആകാശത്ത് നിന്നും, ഇത്രയും ഇടുങ്ങിയ ഒരു ഹോട്ടൽ ഭൂമിയിൽ എങ്ങനെ കണ്ടെത്തി എന്ന് എനിക്ക് സംശയമായി (ടിക്കറ്റ് + താമസം എന്നതായിരുന്നു ഞങ്ങളുടെ പാക്കേജ്).

ഷാജഹാൻ സാറിന്റെ പിന്നാലെ നടന്ന് ഞങ്ങൾ മൂന്ന് പേർക്ക്  മാത്രം നിൽക്കാവുന്ന ഒരു കുടുസ്സ് മുറിയിൽ എത്തി.
“രണ്ട് ആളും അവരുടെ ലഗേജും കയറ്റിക്കൊള്ളുക” ഷാജഹാൻ സാർ പറഞ്ഞു.അപ്പോഴാണ് അത് ഒരു ലിഫ്റ്റാണെന്ന് ബോധ്യമായത്.വിശാലമായ ഡൽഹിയിൽ നിന്ന് പഹാർഗഞ്ജ് എന്ന ഇടുങ്ങിയ ഗല്ലിയിലേക്ക്, പിന്നെ ഒന്ന് കൂടി ഇടുങ്ങിയ ഹോട്ടലിലേക്ക്, അവിടെ വീണ്ടും ഇടുങ്ങിയ ലിഫ്റ്റിലേക്ക്, ഇനി ഇതിലും ഇടുങ്ങിയ റൂമിലേക്ക് എന്നതാണല്ലോ മാത്മാറ്റിക്സ് പ്രകാരം സംഭവിക്കേണ്ടത് എന്ന് എന്റെ മനസ്സ് മാതമാറ്റിക്സ് കൂട്ടി.മനക്കണക്കിൽ ഒന്നാം ക്ലാസ് മുതലേ ഞാൻ ഒരു സംഭവമായിരുന്നതിനാൽ അതു തന്നെ സംഭവിച്ചു !എനിക്കും നിസാം സാറിനും ഹഫ്നാസിനും കൂടി കിട്ടിയ റൂമിൽ ലഗേജും കൂടി വച്ചതോടെ ഹഫ്നാസ് പുറത്ത്!! മുറിക്കകത്തെ ചെറിയ ഒരു വാതിൽ തുറന്ന് നോക്കിയപ്പോൾ ഹീറ്റർ അടക്കമുള്ള സംവിധാനങ്ങളോടെയുള്ള ബാത്ത്‌റൂം കം ടോയിലെറ്റ്.പക്ഷേ നിസാം സാറിന് കടന്ന് പോകാൻ പറ്റാത്ത അത്രയും ഇടുങ്ങിയതാണെന്ന് മാത്രം!!

ഇതേ പോലെയുള്ള തൊട്ടടുത്ത മുറിയിൽ ഞങ്ങളുടെ കൂടെയുള്ള സ്ത്രീ രത്നങ്ങളേയും കുടി ഇരുത്തി. രാത്രി വളരെ വൈകിയതിനാലും അതി രാവിലെ എണീറ്റ് രാഷ്ട്രപതിഭവനിന്റെ ഉള്ളിലെ കാഴ്ചകൾ കാണാൻ ഉള്ളതിനാലും (അപൂർവ്വമായി ലഭിക്കുന്ന അനുവാദമാണ് ഇതെന്ന് പിന്നീട് മനസ്സിലായി) ഞങ്ങൾ ഞെങ്ങി ഞെരുങ്ങി കിടന്നു. യാത്രാക്ഷീണം കാരണം ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങി.

“ഠോ !!!“ ഭീകരമായ ഒരു സ്ഫോടന ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു.തലസ്ഥാന നഗരമായതിനാൽ ഭീകരാക്രമണത്തിന്റെ സാധ്യത തള്ളിക്കളയാൻ സാധ്യമല്ല എന്ന് പറഞ്ഞ് നിസാം സാർ നേരെ ജനലിനടുത്തേക്ക് ഓടി.ജനലിലൂടെ പുറത്ത് ചാടാൻ വേണ്ടിയാണെന്ന് കരുതി അപകടം മണത്ത് ഞാനും പിന്നാലെ ഓടി.അപ്പോഴാണ് ഞങ്ങളുടെ തൊട്ടടുത്ത റൂമിലുണ്ടാ‍യിരുന്ന സ്ത്രീകളുടെ ആർപ്പുവിളി ശ്രദ്ധയിൽ പെട്ടത്.ഉടൻ അവരുടെ വാതിലിൽ മുട്ടി .വാതിൽ തുറന്നപ്പോൾ ഭീതിയോടെ ബാത്‌റൂമിന്റെ നേരെ നോക്കിനിൽക്കുകയായിരുന്നു മൂന്ന് പേരും!

“എന്താ എന്ത് പറ്റി?” ഞങ്ങൾ ചോദിച്ചു.

“അറിയില്ല സാർ.അതിനകത്ത് നിന്നാ ” ബാത്‌റൂമിന്റെ നേരെ ചൂണ്ടി അവർ പറഞ്ഞു.

ശബ്ദം കേട്ട് റിസപ്ഷനിൽ നിന്നും ആൾക്കാർ ഓടി എത്തിയിരുന്നു.എല്ലാവരും ബാത്ത്‌റൂമിനകത്തേക്ക് തലയിട്ടു നോക്കി. അതാ തൂങ്ങി നിൽക്കുന്നു വില്ലൻ ! ബാത്‌റൂമിനകത്തെ വാട്ടർഹീറ്റർ പൊട്ടിത്തെറിച്ചതായിരുന്നു ആ ശബ്ദം.ആരോ അത് ഓണാക്കിയിട്ടു.വെള്ളം ഇല്ലാതെ ചൂടായി അത് പൊട്ടിത്തെറിച്ചു എന്നാണ് അതിനെപ്പറ്റി അറിയുന്നവർ പറഞ്ഞ് തന്നത്. നല്ല തണുപ്പായതിനാൽ റൂം ചൂടാക്കാൻ നമ്മുടെ ‘പെൺബുദ്ധികൾ’ ഒപ്പിച്ച വല്ല പണിയുമാണോ അതെന്ന് അന്വേഷിക്കാൻ ഒരു സി.ബി.ഐ യും മുതിർന്നില്ല.തണുപ്പ് കാലമായതിനാൽ നിമിഷങ്ങൾക്കകം തന്നെ അവിടെ പുതിയൊരു ഹീറ്റർ സ്ഥാപിച്ചു (ഇത് ഇവിടെ ഒരു സ്ഥിരം പരിപാടിയാണെന്ന് ആ ശുഷ്കാന്തിയിൽ നിന്നും മനസ്സിലായി).

“ഇനി വേഗം കിടന്നോളൂ.നാളെ രാവിലെ എണീറ്റ് പോകേണ്ടതാണ്” സ്ത്രീകളോടായി കൂട്ടത്തിൽ ആരോ പറഞ്ഞു.

“ഇല്ല നി ഉറങ്ങാൻ ഞങ്ങൾക്ക് പേടിയാ.ആ കാലമാടന്മാർ ഒരു ഹീറ്റർ കൂടി കൊണ്ടു വന്ന് അവിടെ ഫിറ്റ് ചെയ്തിട്ടുണ്ട് !!!ഇനി അതെപ്പോഴാണാവോ പൊട്ടിത്തെറിക്കുക“




(തുടരും……)


Friday, September 19, 2014

ഹൈടെക് ടൈലർ !

കുറേ വർഷങ്ങൾക്ക് ശേഷമാണ് പാന്റും ഷർട്ടും തയ്ക്കാൻ ഒരു ടൈലറെ സമീപിച്ചത്.രണ്ട് മാസം മുമ്പ് ചെറിയ പെരുന്നാളിന് ധരിക്കാൻ വേണ്ടി ഒരു ഷർട്ട് തയ്ക്കാൻ നാട്ടിലെ രണ്ട് ടൈലർമാരെ സമീപിച്ചപ്പോൾ ഉണ്ടായ അനുഭവം കാരണവും പിന്നെ ചില ‘തെറ്റിദ്ധാരണകൾ’ കാരണവും ഇത്തവണ തയ്ക്കാൻ നൽകിയത് കോഴിക്കോട് ടൌണിൽ ആയിരുന്നു.

ഒരു മുൻ പരിചയവുമില്ലാത്ത എന്നെ കണ്ട കട ഉടമ വലിയ വായിൽ ഒരു ‘ഹായ്’ അടിച്ചു.എവിടെയെങ്കിലും പരിചയമുള്ളതാകും എന്ന് കരുതി ഞാൻ ‘വാ വട്ടം’ കുറച്ചില്ല.എന്റെ കയ്യിലെ തുണി മേടിച്ച് അദ്ദേഹം നേരെ എന്റെ മൊബൈൽ നമ്പർ ചോദിച്ചു – ടെക്നോളജി യുഗത്തിൽ പേരിന്റെ സ്ഥാനം മൊബൈൽ കയ്യടക്കിയോ എന്ന് സംശയിച്ചെങ്കിലും ഞാൻ നമ്പർ പറഞ്ഞുകൊടുത്തു.അദ്ദേഹം അത് നേരെ ഒരു കമ്പ്യൂട്ടറിൽ കയറ്റി.പിന്നെ എന്റെ നേരെ തിരിഞ്ഞ് അല്പം കനത്തിൽ പറഞ്ഞു – “ഇവിടെ നിന്ന് ഇതുവരെ ഒന്നും തയ്പ്പിച്ചിട്ടില്ല അല്ലേ?”

എന്റെ ഓർമ്മയിലുള്ള അവ്സാന തയ്ക്കൽ അവിടെ നിന്ന് തന്നെയായിരുന്നതിനാൽ ഞാൻ പറഞ്ഞു – “തയ്പ്പിച്ചിട്ടുണ്ട്“

“ഒരു മൂന്ന് വർഷം മുമ്പായിരിക്കും അത്....” ടൈലർ പറഞ്ഞു.

“ അതേ...നാലഞ്ചാറേഴ് വർഷങ്ങൾക്ക് മുമ്പ്...”

പിന്നെ അദ്ദേഹം എന്റെ ഓരോ അളവുകൾ എടുക്കാൻ തുടങ്ങി.പണ്ടത്തെപ്പോലെ റസീറ്റ് ബുക്കിൽ എഴുതുന്നതിന് പകരം അളവുകൾ നേരെ കമ്പ്യൂട്ടറിൽ അടിച്ചുകയറ്റി. ഷർട്ടിന്റേയും പാന്റിന്റേയും അളവുകൾ കഴിഞ്ഞ് അദ്ദേഹം എവിടെയോ ക്ലിക്ക് ചെയ്തു. പ്രിന്ററിൽ റസീറ്റ് പ്രിന്റ് ചെയ്തു.


പെട്ടെന്ന് എന്റെ കീശയിൽ സൈലന്റ്റ് ആയിക്കിടന്ന മൊബൈൽ ഒന്ന് കുലുങ്ങി – ഒരു മെസേജ് വന്നതാണ്.മെസേജ് ഉടനെ വായിക്കുന്ന സ്വഭാവക്കാരനായതിനാൽ ഞാൻ അത് വായിച്ചിട്ട് ആകാം ‘എന്ന് കിട്ടും’ എന്ന് ചോദിക്കാൻ എന്ന് കരുതി. പക്ഷേ അത് ചോദിക്കുന്നതിന്റെ മുമ്പേ വന്ന ഉത്തരമായിരുന്നു ആ മെസേജ്.ഓർഡർ നമ്പറും ഡെലിവറി ഡേറ്റും വച്ചുള്ള സന്ദേശം കണ്ടപ്പോൾ ടെക്നോളജിയുടെ സാധ്യതകളും ഉപയോഗങ്ങളും എന്നെ അത്ഭുതപ്പെടുത്തി – തയ്യൽക്കട വരെ ഹൈടെക് !!!

Tuesday, September 16, 2014

കൺ‌ട്രോൾ ഇല്ലാത്തവർ

പൊതുസ്ഥലത്ത് വച്ച് പുകവലിക്കുന്ന ആളെക്കണ്ട പോക്കരാക്ക : ഇവിടെ പുകവലിക്കാൻ പാടില്ല.

പുകവലിക്കാരൻ : അത് പറയാൻ നീ ആരാ.

പോക്കരാക്ക : നീ ഊതിവിടുന്ന പുക എന്റെ മൂക്കിൽ കയറുന്നത് എനിക്ക് ശല്യമാകുന്നുണ്ട്

പുകവലിക്കാരൻ : പുക ഊതിവിട്ടുകഴിഞ്ഞാൽ പിന്നെ എനിക്കതിൽ യാതൊരു കൺ‌ട്രോളും ഇല്ല.നിനക്ക് വേണമെങ്കിൽ മാറി നിൽക്കാം

പോക്കരാക്ക :ഓഹൊഅങ്ങിനെയാണല്ലേ?

അല്പം കഴിഞ്ഞ് പോക്കരാക്ക ശക്തിയിൽ തുമ്മാൻ തുടങ്ങി.മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള അവശിഷ്ടങ്ങൾ നേരെ പുകവലിക്കാരന്റെ മുഖത്തേക്ക് തെറിച്ചു.

പുകവലിക്കാരൻ : ഹേയ്എന്ത് വൃത്തികേടാണ് നിങ്ങളീ കാണിക്കുന്നത്, ഒന്ന് വാ പൊത്തി തുമ്മിക്കൂടേ?

പോക്കരാക്ക :തുമ്മിക്കഴിഞ്ഞാൽ പിന്നെ എനിക്കതിൽ യാതൊരു കൺ‌ട്രോളും ഇല്ല.നിനക്ക് വേണമെങ്കിൽ മാറി നിൽക്കാം !!!

Tuesday, September 09, 2014

ഓണം ബോണസ്സ്

പഴയതും പുതിയതുമായ കൂട്ടുകാരെ (ബൂലോകർ ഒഴികെ) എല്ലാം ഒന്ന് നേരിട്ട് വിളിച്ച് ഓണാശംസകൾ അറിയിക്കാം എന്നതായിരുന്നു പതിവ് പോലെ ഈ തിരുവോണത്തിനും എന്റെ തീരുമാനം. അല്ലെങ്കിലും എല്ലാവരും ചെയ്യുന്ന പോലെ ഒരു മെയിൽ അയച്ചാൽ അല്ലെങ്കിൽ ഒരു എസ്.എം.എസ് അയച്ചാൽ അല്ലെങ്കിൽ ഫേസ്ബുക്കിൽ ഒരു സന്ദേശമിട്ടാൽ (ഞാനും അത് ചെയ്തു – എന്റെ ഒരു പോസ്റ്റിന്റെ ലിങ്കിന്റെ കൂടെ സൌജന്യമായി!) അതിന്റെ ആത്മാർത്ഥത എത്രത്തോളം ഉണ്ടാകും എന്നതിൽ എനിക്ക് എപ്പോഴും ശങ്ക ഉണ്ടാകാറുണ്ട്.സമയം ഇല്ലെങ്കിലും ചുമ്മാ ഒരു ആശംസ എന്ന രീതിയിലും  സ്വീകരിക്കുന്ന ഒരു മാർഗ്ഗമായിട്ടാണ്  ഞാൻ മേല്പറഞ്ഞവയെ കാണുന്നത്.

ഏതായാലും വിളി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഇത് അത്ര എളുപ്പമല്ല എന്ന് എനിക്ക് മനസ്സിലായത്.മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെ എന്നതിനാൽ ഞാൻ വിളി തുടർന്നു.പലരുടേയും സങ്കടങ്ങളും ജീവിതത്തിരക്കുകളും മറ്റും എല്ലാം ഈ വിളികൾ വഴി ഞാൻ മനസ്സിലാക്കി.മേല്പറഞ്ഞ മാർഗ്ഗങ്ങളിൽ കൂടി ഒരു ആശംസ നേർന്നിരുന്നുവെങ്കിൽ എനിക്ക് ഇതൊന്നും മനസ്സിലാക്കാൻ പറ്റില്ലാ‍യിരുന്നു എന്ന തിരിച്ചറിവ് എന്നെ അസ്വസ്ഥനാക്കി.

ഈ വിളികൾക്കിടയിൽ തന്നെ എന്റെ പ്രിയപ്പെട്ട ബാപ്പ ജീവിച്ചിരുന്നപ്പോൾ നടത്തിയിരുന്ന ഒരു കർമ്മം നിർവ്വഹിക്കുകയും ചെയ്തു – എത്രയോ വർഷങ്ങളായി ഞങ്ങളുടെയും അയൽ‌വാസികളുടേയും പറമ്പിൽ വിവിധതരം പണി എടുക്കുന്ന ഗോപാലേട്ടനുള്ള ഓണക്കോടി വിതരണമായിരുന്നു അത്. ബാപ്പ മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും ഉമ്മ ആ പതിവ്‌ തുടരുന്നു. എന്റെ കുഞ്ഞുമോൾ ലൂന എന്ന അബിയ്യ ഫാത്തിമ ഗോപാലേട്ടന് ഓണക്കോടി കൈമാറി.

ഞാൻ വിളി തുടരുന്നതിനിടയിലാണ് ഞങ്ങൾ ‘ചെറുവാടി വല്ല്യാപ്പ’ എന്ന് വിളിക്കുന്ന ഒരാൾ പതിവ് സന്ദർശനത്തിന് എത്തിയത്. ഞാൻ അദ്ദേഹത്തോട് കയറിയിരിക്കാൻ ആംഗ്യം കാട്ടി.അദ്ദേഹം അത് അനുസരിച്ചു.

“ആരെയാ മോൻ ഇപ്പോൾ വിളിച്ചത് ? പരിചയക്കാരെയാണോ” എന്റെ ഫോൺ വിളി കഴിഞ്ഞപ്പോൾ ആ ദേഹം ചോദിച്ചു

“അതെ25 വർഷം മുമ്പ് പരിചയപ്പെട്ട ഒരു സുഹൃത്തിനെ.” ഞാൻ മറുപടി കൊടുത്തു.

“യാഅല്ലാഹ്.” അദ്ദേഹത്തിന്റെ അത്ഭുതം ഒരു നെടുവീർപ്പായി.

“എന്റെ പഴയ സുഹൃത്തുക്കളിൽ പലരേയും ഞാൻ ഇന്ന് വിളിച്ചു ..”

“അതെഅത് വളരെ നല്ലതാ.എല്ലാവരേയും ഓർമ്മിക്കുന്നുണ്ടല്ലോ.മോന്റെ ബാപ്പയും അതുപോലെയായിരുന്നു.” പിന്നീട് ബാപ്പയെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം അയവിറക്കി , ബാപ്പാക്ക് വേണ്ടി ഇരുന്ന ഇരിപ്പിൽ തന്നെ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്തു.അഗതികളുടേയും അക്രമത്തിനിരയായവരുടേയും പ്രാർത്ഥന ദൈവം സ്വീകരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്.അതിനാൽ ഈ പ്രാർത്ഥന എനിക്ക് കിട്ടിയ ഓണം ബോണസ്സായി.




Saturday, September 06, 2014

പെരുച്ചാഴിയും കൃഷിയും തമ്മിലുള്ള ബന്ധം !


 ഓണപ്പരീക്ഷ കഴിഞ്ഞ് ഓണാവധിയും തുടങ്ങി. ആറാം ക്ലാസ്സിൽ മലയാളം എടുക്കുന്ന ദാമോദരൻ മാസ്റ്റർ വീണ്ടും വീട്ടിൽ കർതവ്യനിരതനായി. ഇത്തവണയെങ്കിലും പറഞ്ഞ സമയത്ത് പേപ്പറുകൾ നോക്കി തിരിച്ചേൽ‌പ്പിക്കണം എന്നായിരുന്നു അദ്ധ്യാപകദിനത്തിൽ മാസ്റ്റർ എടുത്ത പുതിയ തീരുമാനം. അത് പ്രകാരം ഓണാവധിയുടെ ആദ്യദിനമായ ഉത്രാടത്തിന് തന്നെ ഐശ്വര്യമായി മാസ്റ്റർ തുടങ്ങി.

ചോദ്യം നമ്പർ 6 : പെരുച്ചാഴിയും കൃഷിയും തമ്മിലുള്ള ബന്ധങ്ങൾ വിവരിക്കുക.

‘ഹോ.ഇത് ഒരു ഒടുക്കത്തെ ചോദ്യമായിപ്പോയി’ മാഷ് മനസ്സിൽ പറഞ്ഞു. ഏതെങ്കിലും വിദ്വാന്മാർ കണ്ടെത്തിയ ‘പുതിയ കണ്ടുപിടുത്തങ്ങൾ’ അറിയാനായി മാസ്റ്റർ അതിന്റെ ഉത്തരങ്ങളിലേക്ക് കടന്നു.അദ്ധ്യാപകരുടെ ‘കണ്ണിൽ ചാടിയ ഉണ്ണി’യായ പൌലോസിന്റേതായിരുന്നു മാഷ് ആദ്യം നോക്കിയ പേപ്പർ.ചോദ്യം നമ്പർ ആറിന് പൌലോസ് അത്യാവശ്യം നന്നായി തന്നെ ഉത്തരം എഴുതിയതു കണ്ട് ദാമോദരൻ മാസ്റ്റർക്ക് സന്തോഷമായി.മാഷ് ഉത്തരം വായിക്കാൻ തുടങ്ങി.

‘പെരുച്ചാഴിയും കൃഷിയും തമ്മിലുള്ള ബന്ധം പവിത്രമായ ഒരു ബന്ധമാണ്.ഇന്ന് പലയിടത്തും കാണുന്നപോലെയുള്ള അവിശുദ്ധ-അസാന്മാർഗ്ഗിക-അവിഹിത ബന്ധമല്ല ഇത്.രണ്ട് തരത്തിൽ പെരുച്ചാഴിയും കൃഷിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.

1.    പെരുച്ചാഴിയുടെ മുഖ്യഭക്ഷണത്തിൽപ്പെട്ട കപ്പ, കൃഷി ചെയ്താണ് ഉണ്ടാക്കുന്നത്. താനെ മുളച്ചു വരുന്നതല്ല.കൂടാതെ പെരുച്ചാഴിയെ കൊല്ലാൻ മനുഷ്യരായ നാം ഉപയോഗിക്കുന്ന വിഷം കപ്പയിൽ കലർത്തിയാണ് വയ്ക്കുന്നത്.ആ കപ്പയും കൃഷി ചെയ്താണ് ഉണ്ടാക്കുന്നത്.’

‘ഹോ.പെരുച്ചാഴിയും കൃഷിയും തമ്മിൽ അഭേദ്യമായ ബന്ധം തന്നെ’ ദാമോദരൻ മാസ്റ്റർ ആത്മഗതം ചെയ്തു.’.രണ്ടാം ബന്ധം കൂടി വായിച്ചു നോക്കട്ടെ

2.    പെരുച്ചാഴിയും കൃഷിയും തമ്മിലുള്ള രണ്ടാം ബന്ധം ഒരു വളഞ്ഞ ബന്ധമാണ്. ഇന്നത്തെകാലത്ത് പുതുതലമുറക്ക് ,പ്രത്യേകിച്ചും യുവാക്കൾക്ക് കൃഷിയിൽ ഒട്ടും താല്പര്യമില്ല.കൂടുതലും വിനോദങ്ങളിലാണ് താല്പര്യം.എന്നാൽ കൃഷിയുമായി ബന്ധപ്പെട്ട മലയാളിയുടെ ഒരു പ്രമുഖ ആഘോഷമാണ് ഓണം. ഓണത്തിന് വിനോദങ്ങളിൽ മുഴുകുന്ന മലയാളികളിൽ മിക്കവരും സിനിമ കാണാൻ പോകാറുണ്ട്.അങ്ങനെ ഈ ഓണക്കാലത്ത് ഇറങ്ങിയ ഒരു സിനിമയുടെ പേരാണ് പെരുച്ചാഴി.അതിനാൽ പെരുച്ചാഴിയുമായി ബന്ധപ്പെട്ട ഓണവുമായി ബന്ധപ്പെട്ട കൃഷി.ഹോ,എന്താ ഒരു ബന്ധം!

പ്രിയപ്പെട്ട സാർപെരുച്ചാഴി സിനിമ കാണാൻ തിക്കിത്തിരക്കുന്ന മലയാളികൾ വല്ല പാടത്തും ഇറങ്ങി ഇതേ പരിപാടി കാണിച്ചാൽ പിന്നെ അവിടെ ഉഴുതുമറിക്കേണ്ടതായി വരില്ല.അപ്പോൾ ഒന്നാംതരം കൃഷി നടത്തുകയും ചെയ്യാം.അപ്പോഴും ബന്ധം പോകുന്ന പോക്കു കണ്ടോ സാർപെരുച്ചാഴിയും കൃഷിയും തമ്മിൽ തന്നെ !

ഇനിയും ധാരാളം ബന്ധങ്ങൾ എഴുതാൻ മനസ്സ് വെമ്പുന്നുണ്ട്.ഈ ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയാൽ മതിയാകില്ലല്ലോ.അതിനാൽ പെരുച്ചാഴിയെ അതിന്റെ പാട്ടിന് വിടുന്നു.പൌലോസ് അടുത്ത ചോദ്യത്തിലേക്കും.

ഓണം - മലയാളിക്ക് നഷ്ടമായ പലതിൽ ചിലത്

ഉപ്പച്ചീ….. ഓണം പ്രമാണിച്ച് ന്ന് സ്കൂളിൽ പൂക്കള മത്സരമുണ്ട്. “ കോളേജിൽ നിന്നും തിരിച്ചെത്തിയ ഉടനെ സന്തോഷത്തോടെ മോൾ എന്നോട് പറഞ്ഞു.

“ഓ വളരെ നന്നായി. നല്ല പൂക്കളം ഇടണം. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും മത്സരത്തിൽ പങ്കെടുക്കണം “ ഞാൻ പറഞ്ഞു.

“പക്ഷേ.”

“ആ എന്താ?”

“പൂവ് എവിടുന്നാ കിട്ടാ?”

“അത് പറമ്പിൽ നിന്ന് ശേഖരിക്കണം.ഒന്ന് ചുറ്റിനടന്നാൽ തുമ്പപ്പൂവും കാക്കാപൂവും അരിപ്പൂവും എല്ലാം കിട്ടും.”

“അയ്യേ.!!!ആ പൂക്കൾ ഒന്നും പറ്റില്ല ഉപ്പച്ചീ

“ങേ!!!അതെന്താ?”

“അവയൊക്കെ കുഞ്ഞുപൂക്കളാ.ഒരു പൂക്കളം ഇടണമെങ്കിൽ എത്രയെണ്ണം വേണ്ടി വരും.പിന്നെ അവക്കൊന്നും ഒരു കാച്ചിംഗ് കളറും ഇല്ല

“ഓഹോ.അപ്പോ നാട്ടു പൂക്കൾ പറ്റില്ല എന്ന് അല്ലേ?”

“ജമന്തി,മല്ലിക,വാടാർമല്ലി,അരളി,റോസ് അങ്ങനെ നല്ല കളർ ഉള്ളവ വേണം ഉപ്പച്ചീ

“ശരി ശരി.”
**************************************

മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ ഓണപ്പൂക്കളങ്ങൾ ഒരുക്കുന്നത് ഇന്നും എന്റെ മനസ്സിൽ പച്ചപിടിച്ച് നിൽക്കുന്നു. ബാപ്പ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടു വന്ന ചെമ്പരത്തിയും വെള്ളചെമ്പരത്തിയും വെള്ള ഒടിച്ചുകുത്തിയും അശോകത്തെച്ചിയും   സ‌മൃദ്ധമായി പൂത്ത് നിൽക്കുന്നുണ്ടാകും. ബാപ്പയുടെ സമ്മതത്തോടെ അതിൽ നിന്നും കുറേ എണ്ണം പറിക്കും.വീടിന് ചുറ്റും നട്ട് പിടിപ്പി‌ച്ച വിവിധ വർണ്ണങ്ങളിലുള്ള ഇലകളുള്ള ചെടികളിൽ നിന്ന് കുറേ ഇലകളും പറിക്കും. കൂട്ടുകാരുടെ കൂടെ എല്ലാ പറമ്പിലും കറങ്ങി നടന്ന് കാക്കാപൂവും തുമ്പപ്പൂവും ശേഖരിക്കും. ക്ലാസ്സിൽ ഏറ്റവും കൂടുതൽ പൂക്കളും ഇലയും കൊണ്ടുവരുന്നത് മിക്കവാറും ഞാൻ ആയിരിക്കും.പിന്നെ എല്ലാവരും കൊണ്ടു വന്ന മറ്റു പൂക്കളും ഇലകളും ഉപയോഗിച്ച് പൂക്കളമൊരുക്കും.അത് ചെയ്തിരുന്നത് പെൺകുട്ടികൾ ആയിരുന്നു.പക്ഷേ പൂക്കളത്തിന്റെ ഡിസൈൻ ഒന്നും ഓർമ്മയിൽ ഇല്ല.

ഇന്ന് ഓണപ്പൂക്കളം ഒരുക്കാൻ  പൂക്കൾ ശേഖരിക്കാൻ കുട്ടികൾ പറമ്പിലേക്ക് ഇറങ്ങുകയല്ല ചെയ്യുന്നത്. പകരം അഛനമ്മമാരെ അങ്ങാടിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. വിവിധ വർണ്ണത്തിലുള്ള ‘ചൊടിയുള്ള’ അന്യസംസ്ഥാനപൂക്കൾ മാർക്കറ്റിൽ സുലഭമാകുമ്പോൾ കല്ലിലും മുള്ളിലും ചളിയിലും ചവിട്ടി നാട്ടുപൂക്കൾ ശേഖരിക്കാൻ ആർക്കാണ് താല്പര്യം?മൊബൈൽ ഫോണിൽ ഇന്റെർനെറ്റ് സംവിധാനത്തിലൂടെ നിരവധി ഓണപ്പാട്ടുകൾ കേൾക്കാൻ കഴിയുമ്പോൾ ആർക്ക് വേണം “പൂവേ പൊലി പൂവേ” പാട്ടുകൾ ?വാട്സ് അപ്പിൽ സൌജന്യമായി ആശംസകൾ കുത്തി വിടാൻ സാധിക്കുമ്പോൾ എന്തിന് അവരുടെ വീട്ടിൽ പോയി നമ്മുടെ സമയവും അവരുടെ സമയവും പാഴാക്കണം?

പുതിയ തലമുറക്ക് ഇതെല്ലാം ശരിയായി തോന്നിയിരിക്കാം.പക്ഷേ ഇവിടെ നഷ്ടമായത് ഓണത്തിന്റെ തനിമയാണ്. പാടത്തും പറമ്പിലും ചുറ്റിക്കറങ്ങി പൂ ശേഖരിക്കുമ്പോൾ ആ നാടിനെപ്പറ്റിയും അവിടത്തെ ജൈവ വൈവിധ്യത്തെപ്പറ്റിയും പൂക്കൾ വളരുന്ന പ്രദേശത്തിന്റെ പ്രത്യേകതകളെപ്പറ്റിയും മണ്ണിന്റെ ഗന്ധവും അവനറിയാതെ അവനിലേക്ക് കൂടിക്കയറുന്നുണ്ടായിരുന്നു. വിവിധ നാട്ടാചാരങ്ങളെപ്പറ്റിയും നാട്ടറിവുകളും അവന് വിവരം കിട്ടുന്നുണ്ടായിരുന്നു.പൂവിന്റെ ഗന്ധവും പൂമ്പാറ്റകളുടെ സൌന്ദര്യവും തിരിച്ചറിയുന്നുണ്ടായിരുന്നു.അയല്പക്ക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും സുഹൃത്ബന്ധങ്ങളും ദൃഢപ്പെടുത്തുണ്ടായിരുന്നു.
  
ഇന്നലെ എന്റെ സാദാ ക്യാമറയിൽ എന്റെ സ്വന്തം പുരയിടത്തിൽ നിന്ന് പകർത്തിയത്

           വീണ്ടും ഒരു പൊന്നോണം മുന്നിൽ എത്തുമ്പോൾ മേല്പറഞ്ഞ നഷ്ടക്കണക്കുകളിൽ എത്ര എണ്ണം നമ്മുടെ മക്കൾക്കായി നികത്തിക്കൊടുക്കാൻ നമുക്ക് സാധിച്ചു എന്ന ഒരു കണക്കെടുപ്പ് കൂടി നടത്താൻ ശ്രമിക്കുക – എല്ലാ ബൂലോകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.