Pages

Saturday, August 16, 2014

ഒരു പൈതൃകത്തിന് മുമ്പിൽ…..

         ആഗസ്ത് 15ന് കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ എന്റെ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് ഞാൻ ഇവിടെ പറഞ്ഞിരുന്നു.പരിപാടി കഴിയുന്നതിന് മുമ്പ് വളണ്ടിയർ സെക്രട്ടറി ജിൻസി എന്റെ അടുത്ത് വന്ന് പറഞ്ഞു – “സാർ, ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ താമസിച്ചിരുന്ന ഒരു വീട് ഇവിടെ അടുത്തുണ്ട്.പോകുന്നതിന് മുമ്പ് നമുക്ക് അത് സന്ദർശിക്കാൻ പറ്റുമോ?”

         സ്വാതന്ത്ര്യദിനത്തിൽ തന്നെ അങ്ങനെ ഒരു സ്ഥലം കണ്ടെത്തിയതിൽ എനിക്ക് ഏറെ സന്തോഷം തോന്നി.അതിനാൽ തന്നെ അത് സന്ദർശിക്കണം എന്ന് അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു. “കൃത്യം സ്ഥലം എവിടെയാണെന്ന് അറിഞ്ഞ് വരൂ”

“ശരി സാർ

         വളണ്ടിയർ സെക്രട്ടറിമാർ രണ്ട് പേരും ഉടൻ സ്ഥലം വിട്ടു.പത്ത് മിനുട്ടിനകം തന്നെ ഓടിക്കിതച്ച് തിരിച്ചെത്തി പറഞ്ഞു.-“സാർ അത് ഈ കോമ്പൌണ്ടിൽ തന്നെയാണ്.ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുകയാണ്.അതിനാൽ തന്നെ അകത്ത് കയറാൻ പറ്റില്ല.പുറത്ത് നിന്നും കാണാം.”

“ങാഎങ്കിൽ അങ്ങനെയാവട്ടെ.”

         ചിൽഡ്രൻസ് ഹോമിൽ പരിപാടികൾ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ആ ഗൃഹം കാണാൻ നീങ്ങി.വളന്റിയർ സെക്രട്ടറിമാർ പറഞ്ഞപോലെ പൊളിഞ്ഞു വീഴാറായ ഒരു വലിയ വീട്.ജനൽ ചില്ലുകൾ മിക്കവയും പൊട്ടി വീണിട്ടുണ്ട്.ഓടുകൾ മിക്കവയും പൊട്ടിപ്പൊളിഞ്ഞിട്ടുമുണ്ട്. സാസ്കാരിക പൈതൃകമായി സൂക്ഷിക്കേണ്ട ഒരു കെട്ടിടം സംരക്ഷണം ലഭിക്കാതെ നശിച്ച് പോയതിൽ ഞങ്ങൾക്ക് ദു:ഖം തോന്നി.



         ആ കോമ്പൌണ്ടിൽ അത്തരം മൂന്ന് ഭവനങ്ങൾ കാലയവനികക്കുള്ളിലേക്ക് നീങ്ങിത്തുടങ്ങുന്നത് കണ്ടപ്പോൾ അധികാരികളുടെ അനാസ്ഥ ശരിക്കും മനസ്സിലായി.രണ്ട് വർഷം കൂടി കഴിഞ്ഞ് ചിൽഡ്രൻസ് ഹോം സന്ദർശിക്കുന്നവർ കേൾക്കുന്ന വർത്തമാനം ഇങ്ങനെയായിരീക്കും – “ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ താമസിച്ചിരുന്ന ഒരു വീട് ഇവിടെ ഉണ്ടായിരുന്നു “

2 comments:

Areekkodan | അരീക്കോടന്‍ said...

ണ്ട് വർഷം കൂടി കഴിഞ്ഞ് ചിൽഡ്രൻസ് ഹോം സന്ദർശിക്കുന്നവർ കേൾക്കുന്ന വർത്തമാനം ഇങ്ങനെയായിരീക്കും – “ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ താമസിച്ചിരുന്ന ഒരു വീട് ഇവിടെ ഉണ്ടായിരുന്നു “

© Mubi said...

കഷ്ടം തന്നെ.... :(

Post a Comment

നന്ദി....വീണ്ടും വരിക