Pages

Friday, August 15, 2014

സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ നിമിഷങ്ങൾ

                സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് എന്റെ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് വെള്ളിമാട്കുന്നിൽ സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള ചിൽഡ്രൻസ് ഹോം സന്ദർശിച്ചു.അഞ്ച് വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ സ്ഥാപനത്തിലെ അന്തേവാസികൾ.          

            തങ്ങൾ അനുഭവിക്കുന്ന വിവിധതരം സ്വാതന്ത്ര്യത്തിന്റെ മധുരം എൻ.എസ്.എസ് വളണ്ടിയർമാർക്ക് അറിയിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. കുഞ്ഞുമക്കളടക്കം നൂറ്റി അമ്പതോളം പേരാണ് ആ ചിൽഡ്രൻസ് ഹോമിലുള്ളത്. കുഞ്ഞുനാളിലേ അമ്മയുടേയും അച്ഛന്റേയും സ്നേഹലാളനകളിൽ നിന്നും അകറ്റപ്പെട്ട ആ പിഞ്ചുമക്കൾക്ക് അല്പനേരമെങ്കിലും ആനന്ദിക്കാൻ ഒരവസരം സൃഷ്ടിക്കാൻ ഞങ്ങൾക്ക് സാധിച്ചു എന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.            

              പാവപ്പെട്ട മാതാപിതാക്കളുടെ മക്കൾ , അനാഥർ , വീട്ടുകാർ ഉപേക്ഷിച്ചു പോയവർ തുടങ്ങീ വിവിധ തരത്തില്പെട്ടവരാണ് ഈ ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്നത് എന്ന് സൂപ്രണ്ടിൽ നിന്നും മനസ്സിലാക്കി.അവരിൽ ചിലരെയെങ്കിലും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ അവധിക്കാലത്ത് ബന്ധുക്കൾ എത്തും.മറ്റു ചിലർക്ക് ആ മടക്കം ഒരു വിദൂര സ്വപ്നം മാത്രമാണ്. എന്നാൽ ഇവർക്കെല്ലാം നല്ല വിദ്യഭ്യാസം നൽകാൻ സാമൂഹ്യ നീതി വകുപ്പ് ശ്രമിക്കുന്നു എന്നത് പ്രശംസനീയമാണ്.കുട്ടികൾക്ക് ഏഴാം ക്ലാസ്സ് വരെ പഠിക്കാൻ ആ കോമ്പൌണ്ടിനകത്ത് തന്നെ ഒരു യു.പി സ്കൂളുണ്ട്.ഹൈസ്കൂൾ പഠനത്തിനായി തൊട്ടടുത്ത സ്കൂളുകളെ ആശ്രയിക്കുന്നു. നഴ്സിംഗിനും എഞ്ചിനീയറിംഗിനും ഡിഗ്രിക്കും മറ്റും പഠിക്കുന്ന കുട്ടികളും തൊട്ടടുത്ത് തന്നെയുള്ള ആഫ്‌റ്റർ കെയർ ഹോമിൽ ഉള്ളതായി സൂപ്രണ്ട് പറഞ്ഞറിഞ്ഞു.കൂടാതെ കരാട്ടെ പോലുള്ള മാർഷ്യൽ ആർട്സ് പരിശീലനവും തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.          

                  സൂപ്രണ്ട് പറഞ്ഞ മറ്റൊരു സംഗതി എന്നെ ഏറെ കുഴക്കി.ഇത്രയും അന്തേവാസികൾക്ക് സാമൂഹ്യ നീതി വകുപ്പിൽ നിന്നും സഹായം ലഭിക്കുന്നുണ്ട് എങ്കിലും അതൊന്നും തികയാതെ വരുന്നു.നമ്മുടെ മക്കൾ ധരിക്കുന്ന പോലെ ഓണത്തിന് അല്ലെങ്കിൽ പെരുന്നാളിന് അല്ലെങ്കിൽ ക്രിസ്തുമസിന് ഒരു പുതിയ വസ്ത്രം ധരിക്കാൻ ഈ മക്കൾക്കും ഏറെ ആഗ്രഹം ഉണ്ടാകും. സാധാരണ ഗതിയിൽ അവ പലപ്പോഴും ഏതെങ്കിലും സ്ഥാപനമോ ക്ലബ്ബുകളോ സ്പോൺസർ ചെയ്യും.പക്ഷേ ഇത്തവണ ഇതുവരെ ഒരു സ്പോൺസറും മുന്നോട്ട് വന്നിട്ടില്ല.അതിനാൽ തന്നെ ഓണക്കോടി കിട്ടാതെ പോകുമോ എന്ന് ഈ കുട്ടികൾ ഭയപ്പെടുന്നു.നമ്മിൽ ചിലരെങ്കിലും സഹായിച്ചാൽ അവിടെയുള്ള പത്ത് വയസ്സ്ന് താഴെയുള്ള മക്കൾക്കെങ്കിലും നമ്മുടെ മക്കളെപ്പോലെ ഒരു പുത്തനുടുപ്പ് ധരിപ്പിക്കാൻ നമുക്ക് സാധിച്ചേക്കും.താല്പര്യമുള്ളവർ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.        

                  കൂടാതെ വളരെ പഴകാത്ത വസ്ത്രങ്ങൾ , കമ്മലുകൾ, വള,മാല,കുട,ബാഗ് ,ചെരിപ്പ്,  എന്നിങ്ങനെ നമ്മുടെ മക്കൾ ഉപയോഗിക്കുന്ന വിവിധതരം വസ്തുക്കൾ അവർക്ക് നൽകിയാൽ അവർ സ്വീകരിക്കും എന്നും സൂപ്രണ്ട് പറഞ്ഞു.      

                  രണ്ട് മണിക്കൂർ ഈ കുട്ടികളോടൊത്ത് ആടിപ്പാടി ഉല്ലസിച്ചപ്പോൾ ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാക്കി.തീർച്ചയായും നമുക്ക് ലഭിച്ച വിവിധതരം സൌഭാഗ്യങ്ങൾ തിരിച്ചറിയാൻ ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കും.അത് കുടുംബസമേതമായാൽ നമ്മുടെ മക്കൾക്കും അവരുടെ സൌഭാഗ്യങ്ങൾ തിരിച്ചറിയാൻ സാധിക്കും.
(ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഇവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ല എന്നതിനാൽ പരിപാടികളുടെ ഫോട്ടോ എടുത്തിട്ടില്ല)

1 comments:

Areekkodan | അരീക്കോടന്‍ said...

നമ്മുടെ മക്കൾ ധരിക്കുന്ന പോലെ ഓണത്തിന് അല്ലെങ്കിൽ പെരുന്നാളിന് അല്ലെങ്കിൽ ക്രിസ്തുമസിന് ഒരു പുതിയ വസ്ത്രം ധരിക്കാൻ ഈ മക്കൾക്കും ഏറെ ആഗ്രഹം ഉണ്ടാകും.

Post a Comment

നന്ദി....വീണ്ടും വരിക