Pages

Sunday, June 29, 2014

സ്കൂൾ കാലവും റമളാനും


ഇന്ന് ജൂൺ 29
വീണ്ടും ഒരു പുണ്യ റമളാൻ മാസം സമാഗതമായി. ഇന്നത്തെ വ്രതാനുഷ്ടാനം പ്രത്യേകിച്ച് ഒരു പ്രയാസമുള്ള കാര്യമായി തോന്നാത്തതിനാൽ ചിന്ത എപ്പോഴും കുട്ടിക്കാലത്തേക്കാണ് പായുന്നത്.അക്കാലത്തെ നോമ്പിന്റെ രസവും അന്നത്തെ സംഭവങ്ങളും പലതും പല സമയത്തായി ഇവിടെ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.പറഞ്ഞ് തീരാത്ത അത്ര നിരവധി സംഭവങ്ങൾ നമ്മുടെ എല്ലാവരുടേയും കുട്ടിക്കാലത്ത് ഉള്ളത് കൊണ്ട് അത്തരം കഥകൾ കേൾക്കാൻ പലർക്കും ഇന്നും ഇഷ്ടമാണ്താനും.

ഞാൻ ആറാം തരം വരെ പഠിച്ചത് അരീക്കോട്ടെ  ഗവണ്മെന്റ് മാപ്പിള യുപി സ്കൂളിലായിരുന്നു.എന്റെ മൂത്താപ്പയും മൂത്തുമ്മയും ഒക്കെ ടീച്ചർമാരായി ഉണ്ടായിരുന്ന സ്കൂൾ.മാപ്പിള സ്കൂൾ ആയതിനാൽ തന്നെ അന്ന് നോമ്പ് കാലത്ത് സ്കൂൾ ഉണ്ടായിരുന്നില്ല.ഏഴാം ക്ലാസ്സിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റൽ ഹൈസ്കൂളിലേക്ക് ബാപ്പ എന്നെ മാറ്റി.ബാപ്പ മാറ്റി , ഞാൻ മാറി എന്നതിലപ്പുറം ഇതെന്തിനായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.ബാപ്പ മരിക്കുന്നത് വരെ ഞാൻ ആ ചോദ്യം ഉന്നയിച്ചതുമില്ല.അവിടേയും എന്റെ വലിയ അമ്മാവനും മറ്റൊരു മൂത്താപ്പയും ടീച്ചർമാരായി ഉണ്ടായിരുന്നു.ഏഴാം ക്ലാസ് കഴിഞ്ഞതും അവിടെ നിന്ന് എന്നെ വീണ്ടും മാറ്റി – മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലേക്ക്.മലയാളം പഠിക്കാൻ വേണ്ടിയായിരിക്കും ഈ മാറ്റം ബാപ്പ നടത്തിയത് എന്ന് ഞാൻ ഊഹിക്കുന്നു.ഏതായാലും ഈ മാറ്റങ്ങളെല്ലാം എനിക്ക് ഗുണമേ ചെയ്തിട്ടുള്ളൂ എന്നതാണ് സത്യം.

സുബുലുസ്സലാം ഹൈസ്കൂൾ മാനേജ്മെന്റ് മുസ്ലിംകൾ ആണെങ്കിലും നോമ്പ് കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നു.ഉച്ച വരെ മാത്രമേ അന്ന് സ്കൂൾ പ്രവർച്ചിരുന്നുള്ളൂ എന്നത് നല്ല ഓർമ്മയുണ്ടെങ്കിലും രാവിലെ എപ്പോഴാണ് തുടങ്ങിയിരുന്നത് എന്ന് ഓർമ്മ്യിൽ ഇല്ല.ഇന്ന് സുല്ലമുസ്സലാം സ്കൂളും ഞാൻ പഠിച്ച യുപി സ്കൂളും നോമ്പ് കാലത്ത് സ്കൂൾ സമയത്തിൽ ക്രമീകരണം നടത്തി പ്രവർത്തിക്കുന്നു.

നോമ്പ് കാലത്തെ സ്കൂൾ പ്രവർത്തനം പല മുസ്ലിം കുട്ടികൾക്കും ഒരു മോട്ടിവേഷൻ കാലം കൂടിയാണ്.സഹപാഠികൾ നോമ്പ് നോറ്റു വരുമ്പോൾ താൻ നോമ്പ് നോൽക്കാതിരിക്കുന്നത് ഒരു കുറച്ചിലായി അന്ന് കരുതിയിരുന്നു.മാത്രമല്ല നോറ്റ നോമ്പിന്റെ എണ്ണം പറഞ്ഞു കൊണ്ടുള്ള ഒരു മത്സരം അന്ന് ക്ലാസ്സുകളിൽ ഉണ്ടായിരുന്നു.ഇന്നും കുട്ടികൾക്കിടയിൽ അതൊരു അഭിമാനപ്രശ്നമായി നിലനിൽക്കുന്നുണ്ട് എന്ന് അനിയന്റെ കുഞ്ഞുമക്കൾ വരെ നോമ്പ് നോൽക്കുന്നതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു.ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കുട്ടികളായ ഞങ്ങൾക്ക് നോമ്പ് എടുക്കാൻ ബാപ്പയും ഉമ്മയും തന്ന അനുവാദം.ഇന്നത്തെ പോലെ കരിച്ചതും പൊരിച്ചതും ഇറക്കുമതി പഴങ്ങളും അടങ്ങിയ വിഭവ സമൃദ്ധമായ നോമ്പ്തുറ അന്ന് ഇല്ലായിരുന്നു എങ്കിലും നോമ്പ് നോൽക്കാൻ ഒരു പ്രത്യേക ആവേശം മനസ്സിൽ ഉണ്ടായിരുന്നു.


മാതാപിതാക്കൾ നൽകിയ ചിട്ടയായ ഉപദേശ നിർദ്ദേശങ്ങൾ ആയിരിക്കാം ഈ നോമ്പിനോടുള്ള സ്വാഗത സമീപനത്തിന് കാരണം.ഇന്ന് ഒരു റംസാൻ വ്രതാനുഷ്ടാനകാലം കൂടി ആരംഭിക്കുമ്പോൾ എന്റെ മനസ്സിൽ എന്റെ അഭിവന്ദ്യനായ പിതാവിനെ ഓർമ്മിക്കാതിരിക്കാൻ വയ്യ.പല കാര്യത്തിലും എനിക്ക് വഴികാട്ടിയായ എന്റെ പിതാവ് ആറ് വർഷം മുമ്പ് 2008 ജൂൺ 29ന് ആണ് ഇഹലോകവാസം വെടിഞ്ഞത്.സർവ്വ ശക്തനായ ദൈവം അദ്ദേഹത്തിന് സ്വർഗ്ഗം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു,പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു.

Wednesday, June 25, 2014

കൂതറ


Mr.ഫ്രോഡ് , പിയാനിസ്റ്റ് ആയ ഭാര്യയുടെ കൂടെ GOD’s OWN കൺ‌ട്രിയിലൂടെ ബാംഗ്ലൂർ ഡെയ്സ് കാണാൻ പോകുമ്പോൾ ഒരുത്തന്റെ ചോദ്യം – How Old Are You ? 
ഉടൻ കൂടെയുണ്ടായിരുന്ന ANGRY BABIES ന്റെ ഉത്തരം Beware of DOGS !!!!


(സിനിമക്ക് മലയാളത്തിൽ ഒരു പേര് പോലും ഇടാൻ കഴിയാത്ത ഇക്കാലത്തെ സിനിമക്ക് കാലോചിതമായ പേര് കൂതറ എന്ന് തന്നെ !)

Tuesday, June 24, 2014

കാദറിന്റെ റാങ്ക്


എഞ്ചിനീയറിംഗ് കോളേജിലാണ് ഞാൻ ജോലി ചെയ്യുന്നത് എന്നറിയാവുന്ന പോക്കരാക്ക ഒരു സുപ്രഭാതത്തിൽ എന്നെ തേടി വന്നു.

പോക്കരാക്ക: മാഷേ , മാഷെ കോളേജിലൊക്കെ ബല്യ റാങ്ക് കിട്ട്യോലല്ലേ ഉണ്ടാവ്വ

ഞാൻ : എന്താ സംശയം ?

പോക്കരാക്ക: അപ്പം ന്റെ കാദറ്ന് മാഷെ കോളേജിൽ തന്നെ ക്‌ട്ടും.

ഞാൻ : ആഹാകൺഗ്രാജുലേഷൻസ്.ആകട്ടെ , എത്രയാ മോന്റെ റാങ്ക്..


പോക്കരാക്ക: ഏറ്റം ബല്യ റാങ്കാ.എയ്പത്തിഒമ്പയിനായിരം !!!!

ക്ലോസെയുടെ ഗോളും ചില കൌതുകങ്ങളും


ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ ജർമ്മനിയുടെ മിലൊസ്ലൊവ് ക്ലൊസെയുടെ പേര് കൂടി തങ്കലിപികളാൽ എഴുതപ്പെട്ട ഒരു ദിവസമായിരുന്നു കഴിഞ്ഞു പോയത്.ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് 15 ഗോൾ സ്കോർ ചെയ്ത് 2006 മുതൽ ഒറ്റക്ക് കൈവശം വച്ചിരുന്ന റൊണാൾഡോക്ക് കൂട്ടായി ഇനി മിലോസ്ലോവ് ക്ലോസും ഉണ്ടാകും. പക്ഷേ ഈ റിക്കാർഡിലെ ചില സാമ്യതകൾ ഏറെ കൌതുകകരമാണ്.എന്തോ ഒരു പത്രവും ഒരു മാധ്യമവും ആ കൌതുകങ്ങളിലേക്ക് കടന്നതായി കണ്ടില്ല.എനിക്ക് തോന്നിയ ആ കൌതുകങ്ങൾ ഇവയാണ്.

1.   1.    റൊണോൾഡോയും ക്ലോസെയും പതിനഞ്ചാം ലോകകപ്പ് ഗോൾ സ്കോർ ചെയ്തത് ഘാനക്കെതിരെയായിരുന്നു (ഇത് ഒട്ടു മിക്ക പത്രങ്ങളും പറഞ്ഞു)!
.
2.   2.  ബ്രസീലുകാരൻ റൊണോൾഡോ തിരുത്തിയത് ജർമ്മനിക്കാരൻ ഗർഡ് മുള്ളറുടെ റിക്കാർഡ് ആണെങ്കിൽ ആ ബ്രസീലുകാരന്റെ റിക്കാർഡ് ഇപ്പോൾ തകർക്കാനിരിക്കുന്നത് ക്ലോസെ എന്ന ജർമ്മനിക്കാരൻ.

3.    3.  ബ്രസീലുകാരൻ റൊണോൾഡോ ലോകകപ്പ് ഗോൾ റിക്കാർഡിൽ എത്തിയത് ജർമ്മനിയിൽ വച്ചാണെങ്കിൽ ജർമ്മനിക്കാരൻ ക്ലോസെ ലോകകപ്പ് ഗോൾ റിക്കാർഡിൽ എത്തിയത് ബ്രസീലിൽ വച്ച് !

4.   4.  രണ്ട് പേരും നാലാമത്തെ ലോകകപ്പ് മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്

5.    5.  രണ്ട് പേരും ഒരൊറ്റ തവണ മാത്രമേ ലോകകപ്പിൽ ടോപ് സ്കോറർ ആയിട്ടുള്ളൂ.


ചികഞ്ഞു നോക്കിയാൽ ഇനിയും കുറേ കൌതുകങ്ങൾ കണ്ടേക്കാം.അത് വായനക്കാർക്കായി വിട്ട് ഞാൻ അടുത്ത കളി കാണാൻ പോകട്ടെ.

Wednesday, June 18, 2014

ഒരു അവിസ്മരണീയ വ്യാഴാഴ്ച

ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ അവിസ്മരണീയമായിരിക്കും. മറ്റു ചില മുഹൂർത്തങ്ങൾ അവിശ്വസനീയമായിരിക്കും. ചില മുഹൂർത്തങ്ങൾ ആഹ്ലാദകരവും ആയിരിക്കും (ദു:ഖകരവും ഉണ്ടായിരിക്കും). ആദ്യം പറഞ്ഞ മൂന്നും ഉൾക്കൊണ്ട ഒരു ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച .എനിക്ക് ഏറെ അഭിമാനവും ഒപ്പം വളരെയേറെ സന്തോഷവും തോന്നിയ ചില നിമിഷങ്ങളിലൂടെ അന്ന് ഞാൻ കടന്നു പോയി.

അരീക്കോട് സുല്ലമുസ്സലാം ബി.എഡ് കോളേജിന്റെ വാർഷിക ത്രിദിന സഹവാസ ക്യാമ്പ് ഉത്ഘാടനമായിരുന്നു അതിൽ ഒന്നാമത്തേത്. ഞാൻ ബി.എഡ് ന് പഠിക്കുമ്പോൾ  എന്റെ അദ്ധ്യാപകനായിരുന്ന ഡോ. മുഹമ്മദ് പൂഴിക്കുത്ത് സാർ ആയിരുന്നു കോളേജ് പ്രിൻസിപ്പാൾ. നാഷണൽ സർവീസ് സ്കീമിലൂടെ ഉയർന്നു വന്നു എന്ന ഒറ്റ യോഗ്യത മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ . എന്നിട്ടും എന്റെ സാർ എന്നെ, സാർ എന്ന് വിളിച്ചപ്പോൾ എനിക്ക് തോന്നിയ വികാരം എന്ത് എന്ന് വാക്കിലൂടെ പ്രകടിപ്പിക്കാൻ അറിയില്ല.

ക്യാമ്പിന്റെ ഉത്ഘാടകനായിട്ടായിരുന്നു എന്റെ വേഷം.ഉത്ഘാടന സമ്മേളനം നടക്കുന്നതിനിടെ വാതിലിൽ പ്രത്യക്ഷപ്പെട്ട തല എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പായിച്ചു. മുഹമ്മെദ് സാർ എന്നെ പഠിപ്പിക്കുന്ന അതേ കാലത്ത് മലപ്പുറം ബി.എഡ് സെന്ററിന്റെ ഡയരക്ടർ ആയിരുന്ന നമ്പ്യാർ സാർ ആയിരുന്നു വാതില്പുറത്ത്! അതേ , കേരളത്തിലെ അതി പ്രഗൽഭനായ സൈക്കോളജി അദ്ധ്യാപകൻ ഡോ.സി.കെ ബാലകൃഷ്ണൻ നമ്പ്യാർ !!പൊട്ടിത്തെറിച്ച് നടന്നിരുന്ന എന്റെ ബി.എഡ് കാലഘട്ടത്തിലെ എന്റെ പ്രിൻസിപ്പാൾ. ആദരവോടെ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്ത് എന്റെ വലതുഭാഗത്ത് തന്നെ ഇരുത്തിയപ്പോൾ എനിക്കത് ഒരു ചരിത്ര മുഹൂർത്തമായി തോന്നി.പ്രഗൽഭരായ എന്റെ രണ്ട് അദ്ധ്യാപകർ ഇരിക്കുന്ന വേദിയിൽ ഉത്ഘാടകനായി ഇരുന്നത് ഇരുപത് വർഷം മുമ്പ്  അതേ അദ്ധ്യാപകരെ വട്ടം കറക്കിയ ഈ ‘പാവം’ ഞാൻ !! എന്റെ ഉത്ഘാടന പ്രസംഗത്തിൽ ആ കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ട് ഒരു ചെറിയ കുമ്പസാരം കൂടി നടത്തി ഞാൻ അദ്ധ്യാപകരുടെ മുന്നിൽ സ്വയം കുറ്റവിമുക്തനായി. .

രണ്ടാമത്തെ സന്തോഷം ഒരിക്കലും കിട്ടില്ല എന്ന് കരുതിയ ഒരു അപൂർവ്വ ഫോട്ടോ കിട്ടിയതായിരുന്നു. എൻ.എസ്.എസ് ദേശീയ അവാർഡ് സ്വീകരിച്ച ശേഷം എല്ലാ അവാർഡ് ജേതാക്കളും രാഷ്ട്രപതി ശ്രീ.പ്രണബ്മുഖർജിക്കും കേന്ദ്രമന്ത്രി ശ്രീ ജിതേന്ദ്രസിങിനും ഒപ്പം രാഷ്ട്രപതി ഭവനുള്ളിൽ വച്ച് എടുത്ത ഗ്രൂപ് ഫോട്ടോ ആയിരുന്നു അത്.ഫോട്ടോയുടെ പ്രിന്റ് അന്ന് വൈകുന്നേരം തന്നെ ചിലർ ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റലിൽ എത്തിച്ചിരുന്നു.വില ഒരു കോപ്പിക്ക് വെറും ആയിരം രൂപ മാത്രം!!എല്ലാ ഫോട്ടോയും സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം എന്ന വാക്കിൽ വിശ്വസിച്ചും ഇത്രയും കാശ് മുടക്കി വാങ്ങാൻ മാത്രം അതിന് മൂല്യമില്ല എന്ന തിരിച്ചറിവും എന്നെ അത് വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.കേരളത്തിൽ നിന്നടക്കമുള്ള പലരും ആയിരം കൊടുത്ത് അത് വാങ്ങി എന്നത് എന്നെ അത്ഭുതപ്പെടുത്തി.

ഏതായാലും അന്ന് വാങ്ങാതിരുന്ന ആ ഫോട്ടോ പിന്നീട് എനിക്ക് കിട്ടാകനിയായി.സൈറ്റിൽ അവാർഡ് ചടങ്ങിന്റെ ഫോട്ടോകളും ഒരു ഗ്രൂപ് ഫോട്ടോയും ഉണ്ടായിരുന്നു. ആ ഗ്രൂപ് ഫോട്ടോ രാഷ്ട്രപതി വളണ്ടിയർമാരുടെ കൂടെ ഇരിക്കുന്നതും.കൃത്യം രണ്ട് മാസം കഴിഞ്ഞ് ലുധിയാനയിൽ നിന്ന് നാഷണൽ യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങുമ്പോൾ അപ്രതീക്ഷിതമായി പരിചയപ്പെട്ട രാജസ്ഥാൻ‌കാരനായ  കൃഷ്ണകാന്ത് ദാരിയ എന്ന മുൻ എൻ എസ് എസ് വളണ്ടിയർ തന്റെ ഉന്നത ബന്ധത്തിന്റെ ആഴം അറിയിക്കാൻ വേണ്ടി ഈ ഫോട്ടോകളുടെ ശേഖരവും തന്റെ കയ്യിൽ ഉണ്ട് എന്ന് തട്ടിവിട്ടപ്പോൾ ആ പിടിവള്ളിയിൽ ഞാൻ കയറിപ്പിടിച്ചു. പിന്നീട് ഫേസ്ബുക്കിൽ ഓരോ ഫോട്ടോ അയാൾ അപ്‌ലോഡ് ചെയ്യുമ്പോഴും ‘എന്റെ ഫോട്ടോ എവിടെ?’ എന്ന കമന്റുമായി ഞാൻ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അതിനുള്ള മറുപടി പലതരത്തിലുള്ള എസ്ക്യൂസുകൾ ആയിരുന്നു.അവസാനം അത് കിട്ടില്ല എന്ന് ഏകദേശം ഉറപ്പായതോടെ , ഫോട്ടോ വാങ്ങിയ കേരളത്തിൽ നിന്നുള്ളവരുടെ പക്കൽ നിന്നും മെയിൽ വഴി വാങ്ങാം എന്ന് കരുതി വിളിക്കാനായി അവരുടെ ഫോൺ നമ്പറും ഒപ്പിച്ച് നിൽക്കുമ്പോഴാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച കൃഷ്ണകാന്ത് ദാരിയ ഫേസ്ബുക്കിൽ ഒരു ഫോട്ടോ ഇട്ടത്. ഉടൻ അതിൽ കയറിപ്പിടിച്ച് ഞാൻ ഒരു കമന്റ് കൊടുത്തു.നിൽക്കക്കള്ളിയില്ലാതെ ആ ഫോട്ടോയും അദ്ദേഹം എവിടെ നിന്നോ സംഘടിപ്പിച്ച് ചാറ്റിലൂടെ എനിക്ക് കൈമാറി.


മൂന്നാമത്തെ സന്തോഷം എന്റെ കുടുംബത്തിലും സന്തോഷം വിരിയിച്ച ഒരു സംഗതി ആയിരുന്നു.കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ഞാൻ സ്ഥലം മാറ്റത്തിന്റെ ഭീഷണിയിൽ ആയിരുന്നു.കരട് പട്ടികയിൽ വയനാട്ടിലേക്ക് മാറ്റം കിട്ടിയതായി പേര് വരികയും ചെയ്തിരുന്നു.പക്ഷേ എല്ലാം അസ്ഥാനത്താക്കി ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം, സ്ഥലം മാറ്റത്തിന്റെ ഒറിജിനൽ പട്ടിക പുറത്തിറങ്ങി.ഒരു വർഷം കൂടി ജി.ഇ.സി യെ സേവിക്കാൻ അവസരം തന്നുകൊണ്ട് എന്റെ പേര് അതിൽ നിന്നും ഒഴിവാക്കി.വയനാട് ഞാൻ ഒറ്റക്ക് താമസിക്കുന്നതിന്റെ ദു:സ്വപ്നം കണ്ടിരുന്ന എന്റെയും കുടുംബത്തിന്റേയും ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി.അങ്ങനെ ഈ വർഷവും ആ ഭീഷണിയിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു.

ഇങ്ങനെ എല്ലാം കൊണ്ടും ഇക്കഴിഞ്ഞ വ്യാഴാഴ്ച എന്റെ ജീവിതത്തിൽ അവിസ്മരണീയമായി.

Tuesday, June 17, 2014

മാമ്മൻ മാപ്പിള ഹാളിൽ ഒരു അരീക്കോടൻ മാജിക്….!


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന ‘ഹരിതശ്രീ’ എന്ന പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി (പ.പ.പ.പ)യുടെ ഉത്ഘാടന ചടങ്ങിലേക്ക് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയരക്റ്ററേറ്റിൽ നിന്ന് നേരിട്ട് ക്ഷണം ലഭിച്ചതനുസരിച്ച് ഞാനും പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത സിനിമാനടൻ ശ്രീ.ഭരത് സുരേഷ് ഗോപിയെ കോട്ടയത്തെ പ്ലസ് ടു കുട്ടികൾ ഹർഷാരവത്തോടെ സ്വീകരിച്ചത് എന്നെ അത്ഭുതപ്പെടുത്തി.എന്നാൽ താരത്തിന്റെ വാക്കുകളിൽ പ്രകൃതി സംരക്ഷണവും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടവും നിറഞ്ഞ് നിന്നത് എനിക്കിഷ്ടപ്പെട്ടു.

ഉത്ഘാടന ചടങ്ങ് കഴിഞ്ഞ് തിരുവനന്തപുരം ജെംസ് ട്രൂപിന്റെ മാജിക് ഷോ കൂടി ഉണ്ടായിരുന്നു. കുഞ്ഞു കുഞ്ഞു ഐറ്റങ്ങളിലൂടെ മുന്നേറി, പ്രകൃതി സംരക്ഷണ സന്ദേശ പ്രചാരണങ്ങൾ നടത്തുന്ന മാജിക് മുൻ സീറ്റിലിരുന്ന് തന്നെ ഞാൻ സാകൂതം വീക്ഷിച്ചു. മജീഷ്യൻ ഇന്ദ്ര അജിത്തിന്റെ ഈ ഐഡിയ എനിക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.

‘നഗരത്തിന് ഒരു ഹരിതച്ചാർത്ത്’ എന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സജ്ജമാക്കിയ ഉത്ഘാടന ചടങ്ങിന് മുമ്പ് ആ സ്റ്റേജിൽ എന്റെ കോളേജിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ച ഞാൻ , ചരിത്ര പ്രസിദ്ധനായ മാമ്മൻ മാപ്പിളയുടെ പേരിലുള്ള കോട്ടയത്തെ ഈ സ്റ്റേജിലും ഒന്ന് കയറാൻ മനസാ ആഗ്രഹിച്ചു. പക്ഷേ പരിപാടിയുടെ ഉത്ഘാടനവും മറ്റും കഴിഞ്ഞ് വിശിഷ്ടാതിഥികൾ എല്ലാം സ്ഥലം വിട്ട് മാജിക് ഷോ തുടങ്ങിയതിനാൽ എന്റെ ആഗ്രഹം ഞാൻ അടക്കിപ്പിടിച്ചു.

മാജിക് അങ്ങനെ മുന്നേറുന്നതിനിടയിലാണ് ഒരു ഐറ്റത്തിലൂടെ ഈ മാജിക് ഷോ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യാൻ ,  പെട്ടെന്ന് മജീഷ്യൻ എന്നെ ക്ഷണിച്ചത്. ക്ഷണം കേൾക്കേണ്ട താമസം ഞാൻ സ്റ്റേജിലേക്ക് കുതിച്ചു. എന്റെ കയ്യിൽ ഒരു പച്ച റിബ്ബൺ തന്ന ശേഷം അത് അടിമുടി ഒന്ന് പരിശോധിക്കാനും കാണികൾക്ക് കാണിച്ചു കൊടുക്കാനും പറഞ്ഞു. ശേഷം ഒരു കത്രികയും കടലാസും തന്ന ശേഷം കത്രികയുടെ ഒറിജിനാലിറ്റി പരീക്ഷിക്കാൻ കടലാസ് മുറിക്കാനും പറഞ്ഞു. ഇനി ഇതേ കത്രിക കൊണ്ട് റിബ്ബൺ മുറിക്കുമ്പോൾ അത് മുറിയാതെ ഈ സദസ്സിന് മുമ്പിൽ ഞാൻ നാണം കെടുമോ എന്ന പേടി എന്റെ മനസ്സിൽ അന്നേരം ഉണ്ടായി.



പരിശോധിച്ച് തിരികെ കൊടുത്ത റിബ്ബൺ കയ്യിൽ പ്രത്യേക രീതിയിൽ പിടിച്ച് കത്രിക കൊണ്ട് മുറിച്ച് പരിപാടി ഉത്ഘാടനം ചെയ്യാൻ മജീഷ്യൻ പറഞ്ഞു. ഞാൻ ധൈര്യസമേതം കത്രിക റിബ്ബണിൽ വച്ച് വെട്ടി – അതാ റിബ്ബൺ കഷ്ണമായി. പോകുന്നതിന് മുമ്പ് രണ്ടാക്കി മുറിച്ച് നശിപ്പിച്ച റിബ്ബൺ കൂട്ടി യോജിപ്പിക്കാനുള്ള ദൌത്യം കൂടി മജീഷ്യൻ എന്നെ ഏൽ‌പ്പിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി.

സദസ്സിനോട് പല കാര്യങ്ങളും പറയുന്നതിനിടക്ക് ഞാൻ മുറിച്ച റിബ്ബണിന്റെ അറ്റങ്ങൾ രണ്ടും കൂടി മജീഷ്യൻ കൂട്ടിക്കെട്ടി. ശേഷം അത് നന്നായി ചുരുട്ടി , നിവർത്തിപ്പിടിച്ച എന്റെ കയ്യിലേക്ക് വച്ച് തന്നു.കൈ രണ്ടും കൂട്ടിപ്പിടിച്ച് റിബ്ബൺ മറച്ചു പിടിക്കാൻ മജീഷ്യൻ ആവശ്യപ്പെട്ടു.ശേഷം ചില മന്ത്രങ്ങളും ആംഗ്യങ്ങളും എന്റെ കൈക്ക് മുകളിലൂടെ കടന്ന് പോയി.ശേഷം എന്റെ കൈ തുറന്ന് ആ റിബ്ബൺ പരിശോധിക്കാൻ പറഞ്ഞു.റിബ്ബൺ പഴയ പടി തന്നെ ഒറ്റ റിബ്ബൺ ആയി മാറിയിരുന്നു!!



മാജിക്കിൽ പങ്കെടുത്തെക്കാളുപരി, ഞാൻ ആഗ്രഹിച്ച പ്രകാരം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര പട്ടണ  പ്രഖ്യാപനം അടക്കമുള്ള നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മാമ്മൻ മാപ്പിള ഹാളിലെ ആ സ്റ്റേജിൽ ഒരു പരിപാടിയുടെ ഭാഗമായി കാലുകുത്താൻ സാധിച്ചു എന്നത് എനിക്ക് ഏറെ സന്തോഷം നൽകി. അതിനാൽ തന്നെ മജീഷ്യൻ ഇന്ദ്ര അജിത്തിന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോന്നത്.

Thursday, June 12, 2014

ബ്രസൂക്കയും ചില കോപ്രായങ്ങളും


ഫിഫ ലോക‌കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ബ്രസീലിൽ തിരശ്ശീല ഉയരാൻ നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ.ഇനി ഒരു മാസക്കാലം ലോകത്തെ ഭൂരിപക്ഷം ജനങ്ങളുടെ കണ്ണും കാതും മനസ്സും ‘ബ്രസൂക്ക’ എന്ന ഒരു ചെറിയ ഗോളത്തിന് ചുറ്റും തിരിഞ്ഞു കൊണ്ടേ ഇരിക്കും – അതെ , ലോക‌കപ്പ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന പന്തിന് ചുറ്റും.

മത്സരങ്ങൾ നടക്കുന്നത് ലോകഫുട്ബാളിന്റെ കുലപതികളായ ബ്രസീലിന്റെ മണ്ണിലാണ്.എന്നാൽ മലപ്പുറം ജില്ലയിലൂടെ ഒരു ബ്രസീലുകാരനോ അർജെന്റീനക്കാരനോ ഇപ്പോൾ കടന്നുപോകാൻ ഇട വന്നാൽ തങ്ങൾക്ക് വഴി പിഴച്ചോ എന്ന് ന്യായമായും സംശയിച്ചു പോകും.അത്രയും വീറിലും വാശിയിലാണ് മലപ്പുറത്തിന്റെ മുക്കിലും മൂലയിലുമുള്ള ഫ്ലെക്സ് യുദ്ധങ്ങൾ.ഇത്തവണത്തെ പല ഫ്ലെക്സ് ബോർഡുകളും ഉപയോഗിച്ച് ഒരു വീട് തന്നെ മേൽക്കൂരയിടാം. അത്രക്കും ആണ് പല ബോർഡുകളുടേയും വലിപ്പം. അവയിൽ കാണുന്ന വാക്കുകളാകട്ടെ ‘മലപ്പൊറത്താർക്ക് മാത്രം തിരിണതും!!‘ .തമിഴന്മാരെ തോൽ‌പ്പിക്കുന്ന വിധത്തിൽ കട്ടൌട്ട് യുദ്ധവും പല സ്ഥലത്തും കാണുന്നുണ്ട്.അതിലേറെയും അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടേതാണ്. മെസ്സിയോ ടീമോ പരാജയപ്പെട്ടാൽ ഇവയിൽ എത്ര എണ്ണത്തിന് തല ഉണ്ടാകും എന്ന് കണ്ടറിയണം. തല പോയതിന്റെ പേരിൽ ഉരുളുന്ന തലകൾ എതൊക്കെ ആയിരിക്കും എന്നും കണ്ടറിയണം.

                                                     കടപ്പാട് : ഗൂഗ്‌ൾ

ഫുട്ബാൾ കമ്പം നല്ലതായിരിക്കാം. പക്ഷേ ഒരു ടീമിനെ അന്ധമായി സ്നേഹിച്ച് അവരുടെ ജയം ആഘോഷിക്കുകയും മറ്റു ടീമുകളുടെ വിജയം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ഒരു ഫുട്ബാൾ പ്രേമിക്ക് ഭൂഷണമല്ല.ഇന്ന് നമ്മുടെ തെരുവുകളിലും കവലകളിലും നടക്കുന്നത് അന്ധമായ അടിമത്വമാണ്.തന്റെ ടീമിന്റെ വിജയം മാത്രം കാംക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളാണ് നാട് മുഴുവൻ.ബ്രസീൽ തോറ്റാലും വേണ്ടില്ല അർജന്റീന കപ്പ് നേടരുത് എന്ന് പറയുന്നത് ലാറ്റിനമേരിക്കൻ ഫുട്ബാളിനെ സ്നേഹിക്കുന്ന ആൾ തന്നെയാണ്. അപ്പോൾ നമ്മുടെ ടീം ആരാധന ഏത് ദിശയിലേക്കാണ് പോകുന്നത് എന്ന് വ്യക്തം.

ലോക‌കപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങിയിട്ട് എൺപത് വർഷങ്ങളിലധികം കടന്ന് പോയി.പക്ഷേ ഇതുവരെ എട്ട് രാജ്യങ്ങൾക്ക് മാത്രമേ കപ്പ് ഉയർത്താനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ.അതിൽ നിന്നും ഈ മത്സരത്തിന്റെ കാഠിന്യം തിരിച്ചറിയാൻ സാധിക്കും.അപ്പോൾ ഓരോ ടീമും നേരിടുന്ന സമ്മർദ്ദവും നമുക്ക് ഗണിച്ചെടുക്കാം.അവരുടെ കൂടെ ആവശ്യമില്ലാതെ ,ഇങ്ങ് ദൂരെ ഏതോ നാടിന്റെ ഒരു കോണിൽ കഴിയുന്ന നാമും എന്തിന് അനാവശ്യമായ മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടണം?അവർക്ക് വേണ്ടി എന്തിന് നമ്മുടെ കാശും സമയവും കളയണം? കപ്പ് ഒരു ടീമിനേ കിട്ടൂ എന്ന് പകൽ പോലെ സത്യമായിട്ടും നാമെന്തിന് ഈ ഫ്ലെക്സ് യുദ്ധം നടത്തണം?

സ്പോർട്സ്മാൻ സ്പിരിട്ട് എന്നത് വിട്ട് ടീം സ്പിരിട്ട് കടന്നുകൂടിയപ്പോഴുള്ള വിവിധ ദുരന്തങ്ങൾ നാം നിത്യേന കാണുന്നതാണ്. എട്ടു വർഷങ്ങൾക്ക് മുമ്പ് ,മത്സരം കഴിഞ്ഞ് ആഹ്ലാദ സൂചകമായി നടത്തിയ പ്രകടനത്തിനിടെ തലക്കടിയേറ്റ് ദിവസങ്ങളോളം ജീവിതത്തിനും മരണത്തിനുമിടക്കുള്ള തൂക്കുപാലത്തിൽ തങ്ങേണ്ടി വന്ന ഒരു നാട്ടുകാരനെ എനിക്ക് അറിയാം. ഓരോ ലോകകപ്പ് മത്സരങ്ങൾ വരുമ്പോഴും അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും മനസ്സിൽ ആ ശപിക്കപ്പെട്ട ദിനം തന്നെയായിരിക്കും ആദ്യം ഓടി എത്തുക എന്നതിൽ സംശയമില്ല.

അതിനാൽ നമ്മുടെ സ്നേഹം ഫുട്ബാൾ എന്ന ഗെയിമിനോടാകട്ടെ.നമ്മുടെ ഭാരതം ലോകകപ്പിൽ പങ്കെടുക്കുമ്പോൾ ഇത്തരം കോപ്രായങ്ങൾക്കും കോലാഹലങ്ങൾക്കും അപ്പുറം നമുക്കും അവരെ അകമഴിഞ്ഞ്  പ്രോത്സാഹിപ്പിക്കാം .നടക്കില്ല മാഷെ എന്ന് പറയാൻ വരട്ടെ, നടക്കും എന്ന ശുഭപ്രതീക്ഷയെങ്കിലും മനസ്സിൽ സൂക്ഷിക്കാം.


Monday, June 09, 2014

ഒരു ലോറി യാത്ര


നാഷണൽ സർവീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറായി ചാർജ്ജ് ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തിനകത്ത് നിരവധി യാത്രകൾ നടത്തേണ്ടി വന്നിട്ടുണ്ട്. എൻ.എസ്.എസ് ന്റെ കൂടെപ്പിറപ്പായി കോളേജിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളായ ഭൂമിത്രസേന ക്ലബ്ബ്, റെഡ് റിബ്ബൺ ക്ലബ്ബ്, പാലിയേറ്റീവ് കെയർ ക്ലബ്ബ് തുടങ്ങിയവയുടെ എല്ലാം ചാർജ്ജും കൂടി വഹിക്കുന്നതിനാൽ മാസത്തിലൊരിക്കലെങ്കിലും ജില്ലാ അതിർത്തി ഭേദിക്കാതെ നിർവ്വാഹമില്ല.യാത്ര എനിക്ക് ഇഷ്ടമുള്ള സംഗതി ആയതിനാൽ കാര്യപ്പെട്ട മുടക്കം ഇല്ലെങ്കിൽ അവയിലധികത്തിലും ഞാൻ പങ്കെടുക്കാറുമുണ്ട്.

ക്യാമ്പുകളും സെമിനാറുകളും പരിശീലനങ്ങളും യോഗങ്ങളും കഴിഞ്ഞ്  നാട്ടിലെത്തുക എന്നത് ചില ദിവസങ്ങളിൽ വെല്ലുവിളിയാണ്. ജസ്റ്റ് ലാസ്റ്റ് ബസ്സിന് എത്തുമെന്ന് തോന്നിക്കുന്ന രൂപത്തിൽ ആകും ചില ക്യാമ്പുകൾ സമാപിക്കുക.ചിലപ്പോൾ ബസ് പ്രതീക്ഷകൾ അവസാനിച്ച സമയത്തായിരിക്കും കൊണ്ടോട്ടിയിലോ മഞ്ചേരിയിലോ മുക്കത്തോ ഒക്കെ എത്തിച്ചേരുക. ഇങ്ങനെയുള്ള ഒരു ദിവസം കൊട്ടോട്ടിക്കാരൻരാത്രി 10 മണിക്ക്  മഞ്ചേരിയിൽ  എത്തി എന്നെ വീട്ടിലെത്തിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇങ്ങനെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ആരെയെങ്കിലും അപ്രതീക്ഷിതമായി ദൈവം മുമ്പിൽ എത്തിച്ചു തരാറുണ്ട് (അൽഹംദുലില്ലാഹ്).

ഇക്കഴിഞ്ഞ വ്യാഴാഴ്ച തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഉണ്ടായത്. ജൂൺ 5 വ്യാഴാഴ്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി (പ.പ.പ.പ)യുടെ ഉത്ഘാടന പരിപാടിയിൽ കോട്ടയത്ത് പോയതായിരുന്നു ഞാൻ.ബഹു.വനം വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ധനകാര്യമന്ത്രി ശ്രീ.കെ.എം മാണി ആയിരുന്നു ഉത്ഘാടനം നിർവ്വഹിച്ചത്. സിനിമാനടൻ ശ്രീ.ഭരത് സുരേഷ് ഗോപി മുഖ്യാതിഥിയും. പ്രോഗ്രാം ഉച്ചക്ക് ഒന്നരയോടെ അവസാനിക്കുകയും ചെയ്തു.

ആ സമയത്ത് കോട്ടയത്ത് നിന്നും ബസ് മാർഗ്ഗം പുറപ്പെട്ടാൽ  ഏഴ് മണിക്കൂർ ഇരിക്കണം കോഴിക്കോട്ടെത്താൻ. എട്ട് മണി കഴിഞ്ഞ് കോഴിക്കോട്ടെത്തിയാൽ നാട്ടിലേക്കുള്ള ലാസ്റ്റ് ബസും സ്റ്റാന്റ് വിട്ടിരിക്കും. ട്രെയിനിന് പോകാമെന്ന് കരുതി ട്രെയിൻ സമയം നോക്കിയപ്പോൾ കോഴിക്കോട്ടേക്ക് ട്രെയിൻ ഉള്ളത് രാത്രിയും. സിനിമ കണ്ട് സമയം കളയുന്ന പതിവ് ഇപ്പോൾ ഇല്ലാത്തതിനാൽ അതുവരെ കോട്ടയത്ത് സമയം കളയാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു. അങ്ങനെ ഊൺ കഴിച്ച ശേഷം രണ്ടും കല്പിച്ച് കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറി.

രാത്രി പത്തരക്കേ കോഴിക്കോട് എത്തൂ എന്ന് കണ്ടക്ടർ പറഞ്ഞതിനാൽ തൃശൂർ ഇറങ്ങി പെരിന്തൽമണ്ണ വഴി ഭാഗ്യം പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.വൈകിട്ട് 7 മണിക്ക് തൃശൂരിൽ എത്തി അന്വേഷിച്ചപ്പോൾ ഒമ്പതരക്ക് മഞ്ചേരിയിലേക്ക് ബസ്സുള്ളതായി അറിഞ്ഞു..അതിന് പോന്നാൽ അർദ്ധരാത്രി 12മണിക്ക് മഞ്ചേരിയിൽ ഇറങ്ങേണ്ടി വരും എന്നതിനാൽ ഏഴരക്ക് ഞാൻ പെരിന്തൽമണ്ണയിലേക്ക് കയറി ഒമ്പതേമുക്കാലിന് അവിടെ എത്തി. അതേ ബസ്സിൽ വന്നിറങ്ങിയ ഒരു ചെറുപ്പാക്കാരനെ പരിചയപ്പെട്ടപ്പോൾ അദ്ദേഹവും അരീക്കോടിനടുത്ത കാവനൂരിലേക്കായിരുന്നു.സംസാരത്തിൽ നിന്നും അയാൾ ഒരു ലോറി ഡ്രൈവർ ആണെന്ന് മനസ്സിലായി.അതിനാൽ തന്നെ ഏതെങ്കിലും ലോറി കിട്ടും എന്നും അയാൾ പ്രത്യാശ പ്രകടിപ്പിച്ചു. എങ്കിൽ ലോറിയിലും ഒന്ന് യാത്ര ചെയ്ത് നോക്കാം എന്ന് എന്റെ മനസ്സും ആഗ്രഹിച്ചു.

പക്ഷേ മുന്നിൽ കിതച്ചെത്തിയത് മഞ്ചേരിയിലേക്കുള്ള ഒരു ഓട്ടോറിക്ഷ ആയിരുന്നു.ലോറിയും കാത്ത് സമയം കളയുന്നത് പന്തിയല്ല എന്നതിനാൽ ഞങ്ങൾ രണ്ട് പേരും ഓട്ടോയിൽ കയറി 11 മണിയോടെ മഞ്ചേരിയിൽ എത്തി.വീണ്ടും സുഹൃത്തിന്റെ നിർദ്ദേശപ്രകാരം നെല്ലിപ്പറമ്പ് ജംഗ്ഷനിൽ എത്തി കാത്ത് നിന്നു. ആദ്യം വന്നത് ഒരു ലോറി തന്നെയായിരുന്നു. സുഹൃത്ത് കൈകാട്ടി ലോറി നിർത്തി.ഞങ്ങൾ അതിലേക്ക് വലിഞ്ഞ് കയറി.(ലോറിയിൽ കയറാനുള്ള പാട് ഞാൻ അപ്പോൾ മനസ്സിലാക്കി).

കൊയിലാണ്ടിയിലേക്ക് ഇരുമ്പ്കമ്പി കയറ്റി പോകുന്ന ആ ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്റെ സുഹൃത്ത് എന്തൊക്കെയോ ഡ്രൈവറോട് ചോദിച്ചു.അതെല്ലാം ലോറീയ പദങ്ങളായതിനാൽ എനിക്ക് ഒന്നും മനസ്സിലായില്ല.ലോറി കാബിനുള്ളിലെ ചൂടും ശബ്ദവും എല്ലാം സഹിച്ച് ദുർഘടമായ മലമ്പാതകളിലൂടെയും മറ്റും രാത്രി ഇതോടിക്കുന്ന ലോറി ജീവനക്കാരുടെ സ്വഭാവം മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് എനിക്ക് അന്നേരം മനസ്സിലായി.

സഹയാത്രികൻ അരീക്കോടിന് അഞ്ച് കിലോമീറ്റർ മുമ്പ് കാവനൂരിൽ ഇറങ്ങിയതോടെ എന്റെ മനസ്സിൽ ചില ചിന്തകൾ പടരാൻ തുടങ്ങി.ഇനി അല്പ നേരം യാത്ര ചെയ്യേണ്ടത് വിജനമായ സ്ഥലത്ത് കൂടിയാണ് എന്നതും മുമ്പ് കേട്ട പല ലോറിക്കഥകളും എന്റെ മനസ്സിൽ ചെറിയൊരു ഭയം മുളപ്പിച്ചു.സൌഹൃദം സ്ഥാപിക്കുകയാണ് ഇത്തരം അവസരങ്ങളിൽ നല്ലത് എന്ന ഉള്ളിൽ നിന്നുള്ള ഉപദേശ പ്രകാരം ഞാൻ ലോറി ഡ്രൈവറോട് സ്ഥലവും പേരും സഹായി ഇല്ലാത്തതിന്റെ കാരണങ്ങളും എല്ലാം ചോദിച്ചറിഞ്ഞു. അദ്ദേഹവും തിരിച്ച് കുറേ കാര്യങ്ങൾ എന്നോടും ചോദിച്ചതോടെ ആ അഞ്ച് കിലോമീറ്റർ പെട്ടെന്ന് കഴിഞ്ഞ് പോയി.


വീടിനടുത്ത് ഇറങ്ങാൻ നേരത്ത് ഞാൻ പേഴ്സിൽ നിന്നും കാശ് എടുത്ത് അദ്ദേഹത്തിന് നേരെ നീട്ടി. പക്ഷേ അത് വാങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല.അത് സ്വീകരിക്കാതെ ഇറങ്ങാൻ ഞാനും കൂട്ടാക്കിയില്ല. എന്റെ നിർബന്ധത്തിന് മുന്നിൽ അവസാനം അയാൾ അത് വാങ്ങിയപ്പോൾ ഞാൻ കേട്ട എല്ലാ ലോറിക്കഥകളും അതിലെ നായകരായ ഡ്രൈവർമാരുടെ പ്രവർത്തനങ്ങളും എന്റെ മനസ്സിൽ നിന്നും കോട്ടയം കടന്നിരുന്നു.  

Sunday, June 01, 2014

പുതിയ അദ്ധ്യയനവർഷം തുടങ്ങുമ്പോൾ…..


 ഇന്ന് ജൂൺ 1. മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ജൂൺ ആണ് എന്റെ മനസ്സിൽ ഓടി വരുന്നത്. തിമർത്തു പെയ്യുന്ന മഴയിൽ രണ്ടാം ക്ലാസ്സിലിരിക്കാൻ വേണ്ടി പുറപ്പെട്ട ദിവസം. ക്ലാസ്സിലെ മിക്ക കുട്ടികളുടേയും കയ്യിൽ ഒന്നാം ക്ലാസ്സിൽ ഉപയോഗിച്ചിരുന്ന അതേ സ്ലേറ്റും അതേ കുടയും അതേ ബാഗും. നിലത്ത് വീണ് രണ്ട് കഷ്ണമായി പുറത്തെ മരച്ചട്ടക്കൂടിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന ശരീഫിന്റേയും അബ്ദുള്ളയുടേയും സ്ലേറ്റുകളും നാലാം തരം വരെ ഒരു പോറലും ഏൽക്കാതെ ഞാൻ ഉപയോഗിച്ച എന്റെ സ്ലേറ്റും ഇന്നും എന്റെ മനസിലെ ക്ലാവ് പിടിച്ച ഓർമ്മകളാണ്.

ഇന്ന് കാലവും കോലവും മാറി. എൽ.കെ.ജി പയ്യൻസ് വരെ ടാബ്ലെറ്റിനെപ്പറ്റിയും സ്മാർട്ട് ഫോണിനെപ്പറ്റിയും സംസാരിക്കുക മാത്രമല്ല , ഉപയോഗിക്കാൻ കൂടി അറിയുന്നവരായി.ആൺകുട്ടികൾ എല്ലാവരും മുടി പറ്റേ വെട്ടി ഒരു തരം മൊട്ട രൂപത്തിൽ വന്നിരുന്ന കാലം മാറി.അവിടേയും ഇവിടേയും വരണ്ടിയും ചുരണ്ടിയും വരുന്ന കുട്ടികൾ. പോക്കറ്റിൽ അഞ്ചിന്റെയോ പത്തിന്റെയോ നാണയത്തുട്ടുകൾ ഉള്ളവൻ രാജാവായിരുന്ന കാലം ഇന്ന് പോക്കറ്റിൽ 10 രൂപയില്ലെങ്കിൽ കണ്ട്രിയും തെണ്ടിയും ആയി ചിത്രീകരിക്കുന്ന കാലമായി മാറി.

                                                    Courtesy : Google

ഇത്രയും പറഞ്ഞത് ദിവസങ്ങൾക്ക് മുമ്പ് എൽ.കെ.ജി യിൽ ചേർത്ത എന്റെ മൂന്നാമത്തെ മകൾക്ക് വേണ്ടി ബാഗ് വാങ്ങാൻ പോയപ്പോൾ കേട്ട ഒരു വർത്തമാനമാണ്. നാനൂറ് രൂപയുടെ മുകളിലുള്ള ബാഗ് എടുത്ത് കാണിച്ച കടക്കാരനോട് ഞാൻ ചോദിച്ചു.

“നാലാം ക്ലാസ് വരെ ഉപയോഗിക്കാൻ പറ്റുമോ?”

“അതെങ്ങിനെയാ കാക്കാ.അടുത്ത വർഷം പുതിയ ബാഗ് വേണമെന്ന് നിങ്ങളുടെ കുട്ടി തന്നെ പറയില്ലേ ? അപ്പോൾ ഈ ബാഗിനും കാലാവധി അത്ര പോരേ?”

മൂന്ന് സംഗതികളാണ് ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്. നമ്മുടെ കുട്ടികൾക്ക് വേണ്ടി നാം വാങ്ങുന്ന ഇത്തരം സാധനങ്ങളുടെ ഗുണനിലവാരം ആ മറുപടിയിൽ ഉണ്ട്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന പാശ്ചാത്യൻ സംസ്കാരം നമ്മുടെ സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങി എന്നതിന്റെ സൂചനയും ആ മറുപടിയിൽ ഉണ്ട്. കുട്ടികളുടെ ഏത് ആവശ്യവും നിറവേറ്റി കൊടുക്കുന്ന മാതാപിതാക്കളുടെ അധിക സ്നേഹം എന്ന ദുഷ്‌പ്രവണതയെ പറ്റിയും ആ മറുപടിയിൽ വ്യംഗ്യമായി സൂചിപ്പിച്ചിട്ടുണ്ട്.


പുതിയ അദ്ധ്യയന വർഷം തുടങ്ങുമ്പോൾ ആ കടക്കാരന്റെ ഈ മറുപടി എല്ലാവരെയും ഒന്നിരുത്തി ചിന്തിപ്പിക്കട്ടെ.ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിലായിരിക്കണം പുതിയതായി വാങ്ങിയ ബാഗിനോടും കുടയോടും ഉള്ള നിന്റെ പെരുമാറ്റമെന്ന് നമ്മുടെ കുട്ടിയോട് ഉപദേശിച്ചു കൊടുക്കേണ്ടത് നാം തന്നെയാണ്.ഓരോ വർഷവും പുതിയതിന് വേണ്ടി ശഠിക്കുന്ന കുട്ടിയോട് ഇത്തരം ഒരു ബാഗോ കുടയോ വാങ്ങാൻ പോലും കഴിവില്ലാത്ത നിരവധി രക്ഷിതാക്കളുടേയും അവരുടെ കുട്ടികളേയും പറ്റി ഒരു നിമിഷം ചിന്തിക്കാൻ പറയുക. കുട്ടികളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കുന്നതിന് മുമ്പ് അതിന്റെ ആവശ്യകതയെപറ്റി രക്ഷിതാക്കൾ സ്വയം വിലയിരുത്തുക.അത്യാവശ്യമല്ലാത്ത ആവശ്യങ്ങൾ കുട്ടിയെ ബോധ്യപ്പെടുത്തിയ ശേഷം ഒഴിവാക്കേണ്ടവ ഒഴിവാക്കുക. ഒപ്പം കുട്ടിയുടെ പഠന കാലത്ത് എല്ലാ ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കാൻ മാതാപിതാക്കളും കുട്ടികളും നിർബന്ധമായും ശ്രദ്ധ പുലർത്തുക.സൂക്ഷിച്ചാൽ ദുഖിക്കേണ്ട.