Pages

Thursday, October 31, 2013

അപ്പോ ഞാന്‍ ആരായി ?

          2007ലെ കുടുംബത്തോടൊപ്പമുള്ള ഹൈദരാബാദ് യാത്രക്ക് ശേഷം  ഡിപ്പാര്‍റ്റ്മെന്റ് ട്രെയ്‌നിംഗിന്റെ ഭാഗമായി എന്റെ രണ്ടാം ഹൈദരാബാദ് യാത്രയായിരുന്നു 29/10/2013 ന്. മുമ്പത്തെ യാത്രയില്‍ ട്രെയിന്‍ ബുക്കിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും ടൂറിന്റെ തലതൊട്ടപ്പനും കുടുംബത്തില്‍ ഞങ്ങളുടെ തലമുറയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ മൂത്താപ്പയുടെ മകന്‍ കരീം മാസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ അതേ പറ്റി ഒന്നും അറിഞ്ഞിരുന്നില്ല.ഇപ്പോഴത്തെ യാത്ര ഒറ്റക്കായപ്പോഴാണ് കേരളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് ഒരേ ഒരു ട്രെയ്നുള്ളത് തിരുവനന്തപുരത്ത് നിന്നുള്ള ശബരി എക്സ്‌പ്രെസ്സ് ആണെന്നും അതിന് ഷൊര്‍ണ്ണൂര്‍ ചെന്ന് കയറണമെന്നും എല്ലാം മനസ്സിലായത്.
            യാത്ര പുറപ്പെടുന്ന ദിവസം രാവിലെ തന്നെ എന്റെ ശ്രദ്ധയില്‍ പെട്ടത് മനോരമയുടെ മുഖപ്പേജിലെ വാര്‍ത്തയാണ് - ആന്ധ്രയിലും ഒഡീഷയിലും പേമാരി തുടരുന്നു , മരണം 35. വാര്‍ത്ത വായിച്ചപ്പോഴാണ് ഞാന്‍ ഇന്ന് പോകുന്ന ഹൈദരാബാദിലടക്കം ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടായതായി അറിഞ്ഞത്.ഉടന്‍ ഇപ്പോള്‍ ഗേറ്റ് എക്സാം കോച്ചിംഗിനായി ഹൈദരാബാദിലുള്ള എന്റെ മുന്‍ എന്‍.എസ്.എസ് വളണ്ടിയര്‍ നഫ്സലിനെ വിളിച്ചു.നാല് ദിവസത്തെ കനത്ത മഴക്ക് ശേഷം ഇന്ന് നല്ല വെയില്‍ വന്നതായി അവന്‍ പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി.
   രാവിലെ പത്തേക്കാല്‍ മണിയോടെ ഞാന്‍ വീട്ടില്‍ നിന്നുമിറങ്ങി.12:10ന് അങ്ങാടിപ്പുറത്തെത്തുന്ന നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ ഷൊര്‍ണ്ണൂരിലെത്തി അവിടെ നിന്നും നമസ്കാരവും ഭക്ഷണവും സമാധാനത്തോടെ കഴിച്ച് 2:25നുള്ള ട്രെയിനില്‍ കയറുക എന്നതായിരുന്നു എന്റെ ഉദ്ദേശം.അഥവാ അങ്ങാടിപ്പുറത്ത് നിന്നും ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ ബസ് മാര്‍ഗ്ഗം ഷൊര്‍ണ്ണൂരിലെത്താനുള്ള സമയം കൂടി കണ്ടായിരുന്നു ഇത്രയും നേരത്തെ ഇറങ്ങിയത്.
         മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് കയറിയ ബസ്സിലെ കണ്ടക്ടറോട്‌ ട്രെയിന്‍ കിട്ടുമോ എന്ന ചോദ്യത്തിന് മറുപടി വളരെ കൂളായിരുന്നു - ഞങ്ങള്‍ 12:20ന് അവിടെ എത്തും, 12:40നുള്ള ട്രെയിന്‍ വരാന്‍ പിന്നേയും സമയം ധാരാളം.ആ മറുപടി എന്നെ സമാധാനിപ്പിച്ചെങ്കിലും അദ്ദേഹം പറഞ്ഞത് പഴയ ട്രെയിന്‍ സമയമാണെന്ന് പെട്ടെന്ന് എന്റെ മനസ്സ് പറഞ്ഞു.എന്നാലും റെയില്‍‌വേ ഗേറ്റ് അടവും മറ്റും സ്ഥിരം അനുഭവപ്പെടുന്നയാള്‍ എന്ന നിലക്ക് അദ്ദേഹം പറഞ്ഞത് മുഖവിലക്കെടുത്ത് ഞാന്‍ എന്റെ ദുഷ്ചിന്ത ഒഴിവാക്കി.അങ്ങാടിപ്പുറത്തെത്തിയപ്പോള്‍ കണ്ട വാഹനങ്ങളുടെ നീണ്ടനിര ഗേറ്റ് അടവിന്റെ ലക്ഷണമായി പലരും കണക്കാക്കിയെങ്കിലും ഗേറ്റ് തുറന്നിട്ട നിലയില്‍ തന്നെയായിരുന്നു.
        ബസ്, തുറന്നിട്ട റെയില്‍‌വേ ഗേറ്റ് കടന്നതും ഗേറ്റ് അടക്കുന്ന അലാറം മുഴങ്ങാന്‍ തുടങ്ങി. ഷൊര്‍ണ്ണൂരിലേക്കോ നിലമ്പൂരിലേക്കോ ഉള്ള ട്രെയിന്‍ കടന്നു പോകാന്‍ സമയമായതായി ഞാന്‍ മനസ്സിലാക്കി.സമയം 12:25 മാത്രമേ ആയിരുന്നുള്ളൂ എന്നതിനാല്‍ ഞാന്‍ ബസ്സില്‍ നിന്നിറങ്ങി നേരെ സ്റ്റേഷനിലേക്ക് വച്ച് പിടിച്ചു.
        “കൂ....കൂ....” 
    ട്രെയിന്‍ കൂക്കുന്ന ശബ്ദം കേട്ട് വളര്‍ന്ന് നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെ ഞാന്‍ എത്തി വലിഞ്ഞ് നോക്കി.അതാ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ കടന്നു പോകുന്നു!!കൂടുതലൊന്നും ആലോചിക്കാതെ ഞാന്‍ തിരിച്ച് ബസ്റ്റോപ്പിലേക്ക് തന്നെ ഓടി - ഗേറ്റ് തുറന്ന് വരുന്ന ആദ്യത്തെ ബസ് പിടിച്ച് പെരിന്തല്‍മണ്ണയിലെത്താന്‍.

           ആദ്യത്തെ ബസ്സില്‍ തന്നെ കയറിക്കൂടി പട്ടാമ്പി ബസ്സുകള്‍ പോകുന്ന സ്ഥലത്ത് ഇറക്കാന്‍ ഞാനാവശ്യപ്പെട്ടു.അവനിറക്കിയ സ്ഥലത്ത് ആദ്യം വന്ന പട്ടാമ്പി ബസ്സില്‍ തന്നെ കയറി.പട്ടാമ്പി എത്തുമ്പോഴേക്കും 50 മിനുട്ട് കഴിഞ്ഞിരുന്നു , മാത്രമല്ല പിറകെ വന്ന രണ്ട് ബസ്സുകള്‍ മറികടന്ന് പോവുകയും ചെയ്തിരുന്നു! അതിലൊന്ന് ഷൊര്‍ണ്ണൂരിലേക്കുള്ള ടൌണ്‍ റ്റു ടൌണ്‍ കൂടി ആയിരുന്നതിനാല്‍ എനിക്ക് സങ്കടം തോന്നി.

     പട്ടാമ്പി സ്റ്റാന്റിലിറങ്ങി ഷൊര്‍ണ്ണൂരിലേക്ക് പുറപ്പെടുന്ന ബസില്‍ തൂങ്ങി നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടപ്പോള്‍ ഈ റൂട്ടിലെ ബസ്സിന്റെ ഫ്രീക്വന്‍സി മനസ്സിലായി.തൊട്ടു പിന്നിലെ കാലി ബസ് ഷൊര്‍ണ്ണൂരിലെത്തുന്ന സമയം അന്വേഷിച്ചപ്പോള്‍ 2:25 എന്ന മറുപടി കിട്ടി.2:25ന് ഞാന്‍ റിസര്‍വ്വ് ചെയ്ത ശബരി എക്സ്‌പ്രെസ്സ്  ഷൊര്‍ണ്ണൂര്‍ വിടും എന്നതിനാല്‍ ആദ്യം കണ്ട തിരക്കേറിയ ബസ്സില്‍ തന്നെ വലിഞ്ഞ് കയറി , കമ്പിയില്‍ തൂങ്ങുന്നവരുടെ കൂട്ടത്തില്‍ ഞാനും ചേര്‍ന്നു.
     തൂങ്ങിയും ആടിയും പാടിയും (ബസിലെ സി ഡി പ്ലെയര്‍ പാടുന്നുണ്ടായിരുന്നു) ഉള്ള യാത്രക്കൊടുവില്‍  ഷൊര്‍ണ്ണൂര്‍ റെയ്ല്‌വേ സ്റ്റേഷന് മുമ്പില്‍ ബസ് എത്തുമ്പോള്‍ സമയം 2:15 ആയിരുന്നു - ശബരി എക്സ്‌പ്രെസ്സ്  ഷൊര്‍ണ്ണൂരില്‍ എത്തുന്ന സമയം!! ഇന്ത്യയില്‍ ഇന്നേ വരെ കൃത്യ സമയത്ത് ട്രെയിന്‍ ഒരു സ്റ്റേഷനിലും എത്തിയിട്ടില്ല എന്ന് ഞാന്‍ സമാധാനിച്ചു. 7 പ്ലാറ്റ്ഫോമുകളോടെ ഈയിടെ കേരളത്തിലെ ഒന്നാം നമ്പര്‍ റെയ്ല്‌വേ സ്റ്റേഷന്‍ ആയി മാറിയ ഷൊര്‍ണ്ണൂരില്‍ ശബരി എക്സ്‌പ്രെസ്സ് എന്നെയും കാത്ത് ഏത് പ്ലാറ്റ്ഫോമില്‍ കിടക്കുന്നു എന്നറിയാന്‍ അല്പ സമയം വേണ്ടി വരും എന്നതിനാല്‍ ഞാന്‍ വേഗം ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനടുത്തുള്ള എങ്ക്വയറി കൌണ്ടറിലേക്കോടി.അവിടെ കൌണ്ടറിലിരിക്കുന്നയാള്‍ പുറത്തെ വെള്ള ബോര്‍ഡില്‍ ട്രെയിന്‍ വിവരങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഒരാളോട് അല്പം ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു “അതല്ലേ ഇതുവരെ നിങ്ങളോട് പറഞ്ഞത്....നാല് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയേ ഉള്ളൂ എന്ന്...“
         അദ്ദേഹം എഴുതിക്കൊണ്ടിരുന്നത് ഞാനും വായിച്ചു. 17229 Trivandrum Hyderabad Sabari Express Rescheduled to leave Trivandrum at 4PM , expected at Shornur Jn at 23:00 hours..." .!!!!അപ്പോ ഞാന്‍ ആരായി ?
വാല്‍: 2:15PM  ന് ഷൊര്‍ണ്ണൂരില്‍ എത്തേണ്ട ട്രെയിന്‍ എത്തിയത് 2:15AM  ന്. എന്റെ വാച്ച് പ്രകാരം കൃത്യ സമയം പാലിച്ച് എത്തുന്ന, ഞാന്‍ കാണുന്ന ആദ്യത്തെ ട്രെയിന്‍!( AMഉം  PMഉം ട്രെയിനിന് മനസ്സിലാകില്ലല്ലോ).അത് കാരണം ഓണം യാത്രയുടെ മുഴുമിപ്പിക്കാനുണ്ടായിരുന്ന രണ്ടര അധ്യായം പൂര്‍ത്തിയാക്കി(ഇനി ടൈപ്പണം)  , ഒപ്പം ഈ പോസ്റ്റിനുള്ള വിഷയവുമായി.

Thursday, October 10, 2013

വരുന്നു....!!!!

             പണ്ട്, വീടിന് തൊട്ടടുത്തുള്ള വിജയ ടാക്കീസിന്റെ ചുറ്റുമതിലിന്റെ ഉള്‍ഭാഗത്തെ ചുമരില്‍ കണ്ടിരുന്ന ഒരു പദമാണ് ഈ പോസ്റ്റിന്റെ തലക്കെട്ട്. പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രത്തിലെ സിനിമാ പരസ്യങ്ങളും ഇതേ തലക്കെട്ടിലായിരുന്നു വന്നിരുന്നത്.കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ അതേ പദം കടമെടുക്കുന്നു....
            കുടുംബവുമൊത്ത് നാലഞ്ച് ദിവസം നീളുന്ന ഒരു ഉല്ലാസയാത്ര മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് നാല് വര്‍ഷങ്ങളായി.മുമ്പ് എല്ലാ വര്‍ഷവും എന്ന പോലെ പോയിരുന്നത് നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ആയതോട് കൂടി നിലച്ചുപോയി. ഒന്നും രണ്ടും മൂന്നും ദിവസത്തെ ചെറിയ ട്രിപ്പുകളില്‍ മിക്കതും ഒതുങ്ങി എന്നതാണ് സത്യം. കഴിഞ്ഞ മൂന്ന് കൊല്ലമായി ഓണാവധിയില്‍ റംസാന്‍ നോമ്പും പിന്നെ ലുലുവിന് ക്ലാസ്സും വരുന്നതിനാല്‍ ആ ദിവസങ്ങളിലും പോകാന്‍ പറ്റാത്ത വിഷമത്തിലായിരുന്നു.മന്‍സൂര്‍ ചെറുവാടിയുടെ ബാചിലര്‍ ട്രിപ്പ് വിവരണങ്ങള്‍ കാണുമ്പോള്‍ മനസ്സ് വല്ലാതെ  കൊതിക്കുകയും ചെയ്തിരുന്നു.
          ഈ ഓണാവധിയില്‍ കുടുംബത്തിന്റെ ആ പരാതി തീര്‍ത്തുകൊടുത്തു.ശ്രീമതി ഇന്ദിരാഗാന്ധി മത്സരിച്ച കര്‍ണ്ണാടകയിലെ ചിക്കമംഗ്ലൂരും തൊട്ടടുത്ത പ്രദേശങ്ങളിലൂടെയും കുടുംബ സമേതം ഒരു യാത്ര നടത്തി...പശ്ചിമഘട്ടം കടന്ന് ഡെക്കാണ്‍ പീഠഭൂമിയിലൂടെ ജോഗ് വെള്ളച്ചാട്ടവും ഷിമോഗയും ബേലൂരും ഹലെബീഡും ശ്രാവണബല്‍ഗോളയും ഒക്കെ ചുറ്റിയുള്ള സന്തോഷത്തിന്റെ, ആസ്വാദനത്തിന്റെ ആ നാളുകള്‍ ഉടന്‍ ഇവിടെ വായിക്കാം.....

Monday, October 07, 2013

ആദരവ് വാരം

            രാഷ്ട്രീയവും ഞാനും തമ്മില്‍ ഒട്ടും മന:പ്പൊരുത്തമില്ല.പക്ഷേ എസ്.ഡി.പി.ഐ നേതാവായ മൂത്തച്ചനും (ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ്) , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ വല്യാക്കയും (മൂത്തുമ്മയുടെ മകന്‍ ) സി.പി.എം ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്ന അമ്മാവനും (രണ്ട് മാസം മുമ്പ് മരിച്ചു പോയി) ഒക്കെക്കൂടി എന്നെ  കയറില്ലാതെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചിരുന്നു. എന്‍ .എസ്.എസ്  ന്റെ പല പരിപാടികള്‍ക്കും വേണ്ടി മന്ത്രിമാരെ ക്ഷണിക്കാന്‍ ഞാന്‍ പോയിരുന്നത് ഈ പിന്‍ബലങ്ങള്‍ ഒന്നും ഉപയോഗിക്കാതെയായിരുന്നു. അതിനാല്‍ തന്നെ മന്ത്രി പങ്കെടുക്കണമെങ്കില്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യണം എന്ന മിഥ്യാധാരണ എനിക്കില്ല.എന്നാല്‍ സെപ്തംബര്‍ അവസാന വാരം അപ്രതീക്ഷിതമായി എന്റെ കഷണ്ടി മിന്നിത്തിളങ്ങിയത് രാഷ്ട്രീയക്കാരുടെ സാന്നിദ്ധ്യം കാരണമായിരുന്നു എന്നത് വിരോധാഭാസമാകാം.
             സെപ്തംബര്‍ 24ന് കേരളത്തിലെ മികച്ച എന്‍ .എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ആലുവ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബില്‍ നിന്നും സ്വീകരിച്ചു കൊണ്ടായിരുന്നു എന്റെ ആദരവ് വാര തുടക്കം.



              അതുകഴിഞ്ഞ് സെപ്തംബര്‍ 26ന് കോഴിക്കോട് വച്ച് നടന്ന e-മഷി ഓണ്‍ലൈന്‍ മാസികയുടെ ഒന്നാം വാര്‍ഷികപതിപ്പ് പ്രകാശന ചടങ്ങില്‍ , സംസ്ഥാന അവാര്‍ഡ് നേടിയ ബ്ലോഗര്‍ എന്ന  നിലയില്‍ എന്നെയും ആദരിച്ചു (ആ യോഗത്തിന്റെ അദ്ധ്യക്ഷനായ കഥ മറ്റൊരു പോസ്റ്റിലൂടെ വരുന്നു).അന്ന് മുന്‍ മന്ത്രി കൂടിയായ ജി.സുധാകരന്‍ എം.എല്‍ .എ ആയിരുന്നു ഉപഹാരം തന്നത്.(ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ മൂത്തച്ചനായിരുന്നു അദ്ദേഹത്തിന്റെ ഒരു എതിരാളി)



                    സെപ്തംബര്‍ 27ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ , നാഷണല്‍ സര്‍വീസ് സ്കീമും എക്സൈസ് വകുപ്പും ചേര്‍ന്ന് ലഹരിക്കെതിരെ നടത്തുന്ന ഒരു പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ആസൂത്രണ യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അന്ന് വൈകിട്ട് അപ്രതീക്ഷിതമായി എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.കെ.ബാബു ക്യാമ്പ് സന്ദര്‍ശിച്ചു.ഞങ്ങള്‍ക്കൊപ്പം ഇരുന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് കൂടെ നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് അദ്ദേഹം സ്ഥലം വിട്ടത്.(പക്ഷേ ഫോട്ടോ എന്റെ കയ്യില്‍ ഇല്ല)
                  സെപ്തംബര്‍ 29ന്  എന്‍ .എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ കോഴിക്കോട് ജില്ലാ ക്യാമ്പ് ആയിരുന്നു. ഉത്ഘാടകനായി എത്തിയത് ശ്രീ.പി.ടി.എ റഹീം എം.എല്‍ .എയും. ഉത്ഘാടനപ്രസംഗം കഴിഞ്ഞ് അപ്രതീക്ഷിതമായ ഒരു അറിയിപ്പിനെത്തുടര്‍ന്ന് എന്റെ മേല്‍ ഒരു പൊന്നാട അണിയിക്കപ്പെട്ടു. വീണ്ടും സംസ്ഥാന അവാര്‍ഡ് നേടിയതിനുള്ള കോഴിക്കോട് ജില്ലയുടെ ആദരം.പൊന്നാട അണിയിച്ചത് ശ്രീ.പി.ടി.എ റഹീം എം.എല്‍ .എ തന്നെ.


                വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ബന്ധുക്കള്‍ ഉള്ളത് കാരണമാവാം മേല്‍ പറഞ്ഞ നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നായത് !!!