Pages

Saturday, August 31, 2013

എന്തിനാണാവോ ?

പണ്ട് ഗൂഗിള്‍ ബസ്സില്‍ കയറി ഞാന്‍ കുടുങ്ങിപ്പോയിരുന്നു. ബസ്സ് പോയി ശേഷം വന്ന  “ഗൂഗിള്‍ കൂട്ടണ “ ത്തില്‍ (Google +) നിന്നും ഇടക്കിടക്ക് ഓരോ മെസേജ് വരും. ‌‌ “ ----- ആഡഡ് യൂ ഇന്‍ Google + “ .ഞാന്‍ അത് അങ്ങനെത്തന്നെ വായിച്ച് വിടും, അപൂര്‍വ്വമായി ഒരു കൂട്ടണം അങ്ങോട്ടും കൊടുക്കും. ഇന്ന്‍ മെയില്‍ തുറന്നപ്പോ ഒരു കൂട്ടണം മെസേജ് കണ്ടു.
Grem Smith added you on Google +.

ക്രിക്കറ്റ് ഇപ്പോള്‍ കാണാറില്ലെ എങ്കിലും ഈ പേര് നല്ല പരിചയമുണ്ട്. ശുദ്ധ മലയാളത്തില്‍ എഴുനൂറ് പോസ്റ്റ് തികച്ച എന്നെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍  “ആഡ്” ചെയ്തത് എന്തിനാണാവോ ?അതോ ഇത് വേറെ Grem Smith ആണോ ?

അതല്ല ഇന്റെര്‍നെറ്റില്‍ ലോട്ടറി അടിക്കുന്ന പോലെ കൂട്ടണത്തിലും ഉണ്ടൊ വ്യാജന്മാര്‍ ?

Wednesday, August 28, 2013

ചെരുപ്പ്കുത്തി കോയമാലി

ചെരുപ്പിന്റെ വാറിന്റെ പവറ് അറിയാത്തവർ ആരും ഉണ്ടാകില്ല.പൊട്ടിക്കാൻ തുനിഞ്ഞാൽ പൊട്ടാത്തതും പൊട്ടാൻ തുനിഞ്ഞാൽ കോഴിമുട്ടപോലെ പൊട്ടുന്നതുമായ ലോകത്തിലെ ഒരേ ഒരു നിർമ്മിതി എന്നാണ് പണ്ട് ഏതോ ഒരു മഹാൻ അതിനെ വിശേഷിപ്പിച്ചത്.അങ്ങനെ പൊട്ടിയതും പൊട്ടാനായതും പൊട്ടാൻ സാധ്യതയുള്ളതുമായ സകല ചെരുപ്പുകളും കവറിലാക്കി, എനിക്ക് ഒഴിവ് കിട്ടിയ ഒരു ദിവസം ഞാൻ ചെരുപ്പ്കുത്തി ശിവനെ സമീപിച്ചു.

വേനൽക്കാലത്ത് ചെരുപ്പിലും മഴക്കാലത്ത് കുടയിലും ആണ് നാട്ടിലെ മിക്ക ചെരുപ്പ്കുത്തികളുടേയും ഗവേഷണം.കാലത്തിനനുസരിച്ച് കോലം മാറാൻ അവർ വളരേ മിടുക്കരാണ്. എന്റെ ഭാണ്ഡക്കെട്ട് കണ്ട ഉടനേ വലിയൊരു കോള് കിട്ടിയ സന്തോഷത്തിൽ ശിവൻ ഇരു കയ്യും നീട്ടി വാങ്ങി.കവറിൽ നിന്നും ഓരോന്നായി പുറത്തെടുത്തപ്പോഴാണ് ചെരുപ്പിന്റെ കാലപ്പഴക്കം ശിവന്റെ മുഖത്ത് കർക്കടക മേഘങ്ങൾ സൃഷ്ടിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.

“മയമാലീ..ഇന്നാ ഒരു കെട്ട് ചെരുപ്പ്” ശിവൻ തൊട്ടടുത്തിരുന്ന മുഹമ്മദലിക്ക് കെട്ട് നീട്ടി.
‘ശിവനും മുഹമ്മദും ഒരുമിച്ചാണല്ലോ പ്രതിഷ്ഠ.നല്ല കാര്യം’ എന്റെ മനസ്സ് മന്ത്രിച്ചു.

“നാളെ തരാം” കെട്ട് വാങ്ങി വച്ച മുഹമ്മദലിയോട് ഒരു വാക്ക് പോലും ചോദിക്കാതെ ശിവൻ എന്നോട് പറഞ്ഞു.സമ്മതം മൂളി ഞാൻ വീട്ടിലേക്ക് മടങ്ങി.

പിറ്റേ ദിവസം എനിക്ക് കോളേജിൽ പോകേണ്ടതിനാൽ ഈ ഭാണ്ഡക്കെട്ട് തിരിച്ചു വാങ്ങാൻ ഭാര്യയെ വിടാൻ ഞാൻ തീരുമാനിച്ചു.വീട്ടിലെത്തി ചായകുടിക്ക് ശേഷം ഞാൻ പതിയെ വിഷയം അവതരിപ്പിച്ചു.
“നീ അറിഞ്ഞോഅമേരിക്കയിലൊക്കെ സ്ത്രീകളാണ് ഇപ്പോൾ പ്രസംഗിക്കുന്നത് പോലും

“ഇന്ത്യയിൽ പിന്നെ പുരുഷന്മാരാണോ പ്രസവിക്കുന്നത്?” ഭാര്യയുടെ മറുചോദ്യം അവളെന്റെ ചൂണ്ടയിൽ കൊത്തിയതായി എനിക്ക് സൂചന തന്നു.

“പ്രസവമല്ലെടീപ്രസംഗംഅല്ലെങ്കിലും  പ്രസംഗവും അധികപ്രസംഗവും ഇപ്പോൾ നിങ്ങളുടെ കുത്തകയാണല്ലോ?”

“ങാ.അതുകൊണ്ടായിരിക്കും രൂപ മൂക്കുംകുത്തി വീണത്

“ങേ!!!എന്നിട്ടെന്തുപറ്റി അവൾക്ക്.??”

“ഹൊകണ്ടില്ലേ.ഒരാളുടെ ആകാംക്ഷ?...ഇന്ത്യൻ രൂപയാ മനുഷ്യാ പറഞ്ഞത്മറാട്ടക്കാരി രൂപയല്ല!!“

“അതു തന്നെയാ ഞാനും പറയുന്നത്.ഭാര്യ എന്ന് പറഞ്ഞാൽ ഭക്ഷണമുണ്ടാക്കാനും അലക്കാനും മാത്രമാകരുത്അങ്ങാടിയിൽ പോകാനും നിങ്ങൾ ധൈര്യം കാണിക്കണംസ്ത്രീകൾ ശാക്തീകരിക്കപ്പെടണംവെറുതെയല്ല ഭാര്യ എന്ന് കേട്ടിട്ടില്ലേ..?” ഞാൻ പെട്ടെന്ന് റെയിൽ തെറ്റിച്ചു.

“ആഇനി അങ്ങാടിയിൽ ഇറങ്ങേണ്ടതിന്റെ ഒരു കുറവും കൂടിയുണ്ട്

“ഏതായാലും സ്വാതന്ത്ര്യത്തിന്റെ 66-ആം വാർഷികം പ്രമാണിച്ച് ഞാൻ ഒരു മെഗാ ഓഫർ പ്രഖ്യാപിക്കുന്നു.നന്നാക്കാൻ കൊടുത്ത ചെരുപ്പുകൾ തിരിച്ച് വാങ്ങാനുള്ള അവസരം നിനക്ക് നൽകുന്ന ഓഫർഒപ്പം കാഷ് അവാർഡായി 100 രൂപയും-ചെരുപ്പ്കുത്തിക്ക് നൽകാൻ!!!ഇന്ത്യൻ ചരിത്രത്തിൽ എന്നല്ല ലോകചരിത്രത്തിൽ വരെ ഇന്നുവരെ ഒരു ഭർത്താവും നൽകാത്ത ഓഫർ !!! “

“അതിന് നിങ്ങൾ ചെരുപ്പ് ആരുടെ അടുത്താ കൊടുത്തത് എന്ന് ഞാനെങ്ങിനെ അറിയും?”

“അത് പ്രശ്നമില്ലശിവൻ എന്നയാളെ ചോദിച്ചാൽ മതിഅതിന് മടിയാണെങ്കിൽ, കറുത്ത് തടിച്ച് അല്പം കോങ്കണ്ണായ ഒരാളുണ്ട്അതാണ് ശിവൻഅയാളുടെ തൊട്ടടുത്ത് തന്നെ ഉണ്ടാകും കോയാമുഹമ്മദലി ഏലിയാസ് മയമാലിശിവനോട് ചോദിച്ചാൽ പറഞ്ഞുതരും

“ആശരിഎന്റെ ചെരിപ്പും കൂടി ഉള്ളതിനാൽ ഞാൻ പോകാം

അങ്ങിനെ ആ സംഗതി ഭംഗിയായി അവതരിപ്പിക്കപ്പെട്ടതിൽ ഞാൻ സ്വയം നിഗളിച്ചു.കൈ കൊണ്ട് എന്റെ തന്നെ ചുമലിൽ തട്ടി ഞാൻ സ്വയം അഭിനന്ദിച്ചു. പിറ്റേ ദിവസം വൈകുന്നേരം ഭാര്യ അങ്ങാടിയിലേക്ക് പുറപ്പെട്ടു. ചെരുപ്പ്കുത്തികൾ നിര നിരയായി ഇരിക്കുന്നത് കണ്ട് അവൾ എന്റെ വാക്കുകൾ ഓർമ്മിച്ചു. ’കറുത്ത് തടിച്ച് അല്പം കോങ്കണ്ണായ ഒരാൾ’.പക്ഷേ ചെരുപ്പ്കുത്തികൾ എല്ലാം താഴേക്ക് നോക്കി പണിയിൽ വ്യാപൃതരായതിനാൽ കോങ്കണ്ണുള്ള ആളെ അവൾ തിരിച്ചറിഞ്ഞില്ല.സസൂക്ഷ്മം നിരീക്ഷിച്ച് അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്നിട്ടും ആരുടേയും കോങ്കണ്ണ്‌ ശ്രദ്ധയിൽ പെട്ടില്ല.അപ്പോഴാണ് ഭാര്യയുടെ ഒരു സഹപാഠിനിയെ അവിടെ വച്ച് കണ്ടുമുട്ടിയത്.
“അല്ല ഇതാരാ.മൈമൂനയോ?....നീ എങോട്ടാ?”

“ഞാൻ കൊറച്ച് സാധനങ്ങൾ വാങ്ങാൻ വന്നതാ..നിന്നെ ഞാൻ കുറേ നേരമായി ശ്രദ്ധിക്കുന്നുണ്ട്...ഇവിടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു.”

“ആഅത്ചെരുപ്പ് ഇന്നലെ തുന്നാൻ കൊടുത്തിരുന്നുകറുത്ത് തടിച്ച് അല്പം കോങ്കണ്ണായ ശിവൻ എന്ന ഒരാളുടെ അടുത്താണെന്ന് ‘മൂപ്പര് ‘പറഞ്ഞുഇവരാരെങ്കിലും മുഖത്ത് നോക്കിയാലല്ലേ കോങ്കണ്ണുണ്ടോ ഇല്ലേ എന്നറിയൂ

“എടീ മണ്ടീനിനക്ക് ഇവരുടെ വർഗ്ഗ സ്വഭാവം അറിയില്ലല്ലേസാക്ഷാൽ ഐശ്വര്യാറായ് മുന്നിൽ വന്ന് നിന്നാലും ഇവർ കാലിലേ നോക്കൂപിന്നെയാ നീആ പിന്നെ നീ പറഞ്ഞ അടയാളം വച്ചിട്ട് അതാ ആ അറ്റത്തെ ആളാണെന്ന് തോന്നുന്നുചെന്ന് ചോദിച്ചു നോക്ക്ഞാൻ നടക്കട്ടെ

കൂട്ടുകാരി ചൂണ്ടിക്കാണിച്ച ആളുടെ അടുത്തേക്ക് ചെന്ന് ഭാര്യ ചോദിച്ചു – “ശിവൻ അല്ലേ?”

“അല്ല കേശവനാ.ശിവൻ അമ്പലത്തിലാ.”

“ഓ സോറി” ഭാര്യ അടുത്ത ആളുടെ അടുത്തേക്ക് നീങ്ങി, അല്പം ധൈര്യം സംഭരിച്ച് പറഞ്ഞു “ഇന്നലെ കുറച്ച് ചെരുപ്പുകൾ കൊണ്ട് തന്നിരുന്നു .അത് നന്നാക്കിയോ?”

“നിങ്ങൾ കൊണ്ടുവന്നതായി എനിക്കോർമ്മ കിട്ടുന്നില്ലല്ലോ?”

“ഞാനല്ലഎന്റെ ഭർത്താവ്.നല്ല കഷണ്ടിയായ ഒരാൾ

“അങ്ങനെ പറഞ്ഞാൽ ഞങ്ങളെങ്ങനെ അറിയാനാ താത്തേഎത്ര കഷണ്ടിക്കാരാ ഇവിടെ ദിവസവും വന്ന് പോകുന്നത്..?”

“ഓഅരീക്കോട് ഇത്രയും കഷണ്ടിക്കാർ ഉള്ളത് ഞാനറിഞ്ഞില്ല,,,“

“വേറെ എന്തെങ്കിലും ക്ലൂ?”

“ശിവന്റെ അടുത്തിരിക്കുന്ന കോയമാലി ആണ് തുന്നുന്നത് എന്ന് പറഞ്ഞിരുന്നു

“ഹും!!!ക്കൊയമാലി നിന്റെ ---------- ഞാൻ മയമാലിയാമയമാലി” ശിവന്റെ അടുത്തിരിന്നയാൾ തുന്നൽ സൂചിയുമായി പെട്ടെന്ന് ചീറി എണീറ്റപ്പോൾ ഭാര്യ പേടിച്ചുപോയി.

“ഓ സോറിചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റിയതാ.”

“ങാപക്ഷേ എന്റെ അടുത്ത് കൈപ്പകുളത്ത്കാരനായ ഒരാൾ തന്ന ചെരുപ്പുകളേയുള്ളൂ

“ഒരു കഷണ്ടിക്കാരൻ അല്ലേ?”

“താത്തേ ഞങ്ങൾ തല നോക്കാറില്ലചെരുപ്പ് കാലിലല്ലേ ഇടുന്നത്ഇതാണോന്ന് നോക്കൂ

മയമാലി കാണിച്ച ചെരുപ്പ് അവൾ തിരിച്ചറിഞ്ഞു. “ഹാവൂഅതെന്നെഇതാ ചീത്തപറഞ്ഞതിനടക്കമുള്ള ഫീസ്.” നൂറ് രൂപയും നൽകി ചെരുപ്പുകൾ അടങ്ങിയ കവറും വാങ്ങി അവൾ വേഗം സ്ഥലം കാലിയാക്കി.

വാല്‍ : ഇത് ഈ ബ്ലോഗിലെ എഴുന്നൂറാം പോസ്റ്റ് & ഏഴാം വാര്‍ഷിക പോസ്റ്റ്. മറ്റ് വാര്‍ഷിക പോസ്റ്റുകള്‍ താഴെ. 

പോസ്റ്റ് നമ്പര്‍ 600 :

ഉസ്താദും അരീക്കോടനും !

പോസ്റ്റ് നമ്പര്‍ 500 :

അഞ്ഞൂറാന്‍ !!!

 പോസ്റ്റ് നമ്പര്‍ 400 :

“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍“ - വാര്‍ഷിക ഉത്ഘാടനം

  പോസ്റ്റ് നമ്പര്‍ 300 :

 സൈക്കിളിംഗ്‌ പഠനം എന്ന പീഢനം.

പോസ്റ്റ് നമ്പര്‍ 200 :

കഞ്ചിക്കോട്ടെ സാബു അല്ല...ഇത്‌ അരീക്കോട്ടെ ആബുവാ....

പോസ്റ്റ് നമ്പര്‍ 100 :

 രാഷ്ട്രപതി പാരവച്ച ഒരു വിശുദ്ധപ്രേമം!!!

 

 

പപ്പരാസി

പാതിരാത്രി നവദമ്പതികള്‍ കിടന്നുറങ്ങുന്ന തൊട്ടടുത്ത മുറിയില്‍ തുടര്‍ച്ചയായി ഫ്ലാഷ് മിന്നുന്നത് കണ്ടെങ്കിലും, ഈ അസമയത്ത് ഞാനെന്തിന് അതില്‍ ഇടപെടുന്നു എന്ന ചിന്ത കാരണം പുതപ്പ് ഒന്നു കൂടി വലിച്ചിട്ട് ഞാന്‍ ഉറങ്ങി.


പിന്നീടെപ്പോഴോ പുതപ്പ്   മുഖത്ത് നിന്നും വഴുതിപ്പോയപ്പോഴാണ് എന്റെ ബെഡ് റൂമിലും തുടര്‍ച്ചയായി ഫ്ലാഷ് മിന്നുന്നത് ഞാന്‍ അറിഞ്ഞത്. അതൊരു സ്വപ്നമായിരിക്കും എന്ന് കരുതി അപ്പോഴും ഞാന്‍ ഇടപെട്ടില്ല.


പുലര്‍ച്ചെ എണീറ്റപ്പോഴാണ് റൂമിന്റെ ഒരു മൂലയില്‍ ആ പപ്പരാസി പരിക്കേറ്റ് കിടക്കുന്നത് കണ്ടത് !!അപ്പുറത്തെ റൂമില്‍ നിന്നും വെന്റിലേറ്ററിലൂടെ എന്റെ റൂമിലേക്ക് പ്രവേശിക്കുന്നതിനിടക്ക് , കറങ്ങിക്കൊണ്ടിരുന്ന ഫാനില്‍ തട്ടി ചിറകൊടിഞ്ഞ് പോയ ഒരു മിന്നാമിന്നി !!!അപ്പോഴും അവന്റെ ഫ്ലാഷ് മിന്നിക്കൊണ്ടേ ഇരുന്നു.

Monday, August 26, 2013

ആധാർ ദാമോദരനെ കാട്ടുപോത്താക്കി….!!

“എടിയേ ഒരു ബക്കറ്റ് കഞ്ഞി വെള്ളം” ദാമോദരൻ മാഷ് വീടിന്റെ ഗേറ്റിലെത്തിയ ഉടനെ വിളിച്ചു പറഞ്ഞു.

“കിങ്ങിണിക്ക് ഞാൻ വെള്ളം കൊടുത്തൂ.” കന്നുകുട്ടിക്കാണ് വെള്ളം ചോദിക്കുന്നതെന്ന് കരുതി മാഷുടെ ഭാര്യ അമ്മിണിച്ചേച്ചി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.

“കിങ്ങിണിക്കും അമ്മിണിക്കും ഒന്നുമല്ല.ദാമോദരനാ

“ങേ..നിങ്ങളെന്നാ കഞ്ഞി വെള്ളം കൊണ്ട് കുളിക്കാൻ തുടങ്ങിയത്?” അമ്മിണിച്ചേച്ചി ആശ്ചര്യത്തോടെ ചോദിച്ചു.

“കുളിക്കാനല്ലടീ.കുടിക്കാനാ. കുടിക്കാൻ“

“കുടിക്കാൻ ഒരു ബക്കറ്റ് വെള്ളമോ.?നിങ്ങളും കന്നാലിയായോ?”

’വെറും കന്നാലിയല്ലെടീ.കാട്ടുപോത്താ.കാട്ടുപോത്ത്

“ഇതെന്താ കൂത്ത്..ഗ്യാസ് കണക്ഷനും ബാങ്ക് അക്കൌണ്ടും കണക്ട് ചെയ്യാൻ പോയ ആൾ കാട്ടുപോത്തായിട്ട് തിരിച്ചു വര്വേ?’

“അതേടീ..അവർ ദാമോദരനെ കാട്ടുപോത്താക്കി.നീ വെള്ളമെടുക്ക്.എന്റെ ദാഹമൊന്ന് തീർക്കട്ടെ

അമ്മിണിച്ചേച്ചി ഒരു വലിയപാത്രത്തിൽ കഞ്ഞി വെള്ളവും ഗ്ലാസ്സുമായി എത്തി. ദാമോദരൻ മാഷ് പാത്രത്തോടെ വെള്ളം വായിലേക്ക് കമഴ്ത്തി.ഗ്ലും ഗ്ലും ഗ്ലും……ആനവായിലൂടെ കുമ്പളങ്ങ പോകുന്ന പോലെ വെള്ളം ദാമോദരൻ മാഷുടെ അന്നനാളത്തിലൂടെ കടന്നുപോയി. അമ്മിണിച്ചേച്ചിയുടെ പൊളിച്ചു വച്ച വായിലൂടെ ഇമ്മിണി വലിയ ഒരു ഈച്ചയും കടന്നുപോയി.

“അതായത് ബാങ്കിൽ ചെന്നപ്പോൾ അവിടെ തൃശൂർ പൂരത്തിന്റെ അത്രയും ആൾക്കാർ.അതിനിടയിലൂടെ തിരുകി തിരുകി മുന്നിലെത്തിയപ്പോൾ ആധാർ നിർബന്ധമാണെന്ന് അവർ പറഞ്ഞു.” ദാമോദരൻ മാഷ് വിവരിക്കാൻ തുടങ്ങി.

“ങാഎന്നിട്ട്” ഒരു മെഗാസീരിയൽ കാണാനിരിക്കുന്ന പോലെ അമ്മിണിച്ചേച്ചി കസേര വലിച്ചിട്ട് മാഷുടെ അടുത്തേക്കിരുന്നു.

“ആധാറില്ലാത്ത എനിക്ക് ഇ-ആധാർ എന്നൊരു കുന്ത്രാണ്ടം ഒരാൾ പറഞ്ഞു തന്നു.അതെടുക്കാനായി ഞാൻ അടുത്തുള്ള കഫേയിലേക്ക് ഓടി” 

“അപ്പോൾ ഒന്നാമത്തെ ഗ്ലാസ്സ് വെള്ളം സ്വാഹ.” 

“കഫേയിൽ നിന്നും കിട്ടിയ പേപ്പറുമായി വീണ്ടും ബാങ്കിൽ ഓടി എത്തിഅവർക്ക് അതിലെ ഫോട്ടോ വ്യക്തത പോരാത്രേ..”

“എന്നിട്ട്?”

“അപ്പോൾ ഞാൻ സ്റ്റുഡിയോയിലേക്ക് വച്ചു പിടിച്ചു..നല്ലൊരു കുട്ടപ്പൻ ഫോട്ടോ എടുത്തങ്ങ് ബാങ്ക് മാനേജർക്ക് കൊടുത്തു

“അപ്പോൾ വെള്ളം ഗ്ലാസ്സ് രണ്ടും സ്വാഹ

“ഫോട്ടോ കണ്ട ബാങ്ക് മാനേജർ ഒറ്റ ചോദ്യം.ഇതാരാ..?ഞാൻ പറഞ്ഞു ദാമോദരൻ.ഇ-ആധാർ കാട്ടി അടുത്ത ചോദ്യംകുത്താൻ നിൽക്കുന്ന ‌‌‌‌‌‌‌‌‌‌------ പോലെയുള്ള ഇതോ..? ഞാൻ പറഞ്ഞു അതും ദാമോദരൻഅപ്പോൾ അടുത്ത ചോദ്യം ഇതിലേതാ ഈ ദാമോദരൻ??’

“ഇ-ബാങ്കിംഗ്. ഇ-ആധാർ അതുപോലെ ഇ-ദാമോദരൻനല്ല കഥ” 

“അങ്ങനെ ഇ-ദാമോദരനെ തേടി ഞാൻ വീണ്ടും കഫേയിലേക്ക് ഓടി.എത്ര പറഞ്ഞിട്ടും കഫേക്കാർക്ക് മനസ്സിലാവുന്നില്ല.അടുത്ത കഫേയിലും പോയി നോക്കി.അവസാനം അവർ ഗൂഗിളിൽ തപ്പിയിട്ട് പറഞ്ഞു.ഇരയിമ്മൻ തമ്പിഇത്തിക്കരപക്കിഇരവി.ഇങ്ങനെയുള്ളവരുണ്ട്. ഇ-ദാമോദരൻ ഇല്ലഅതിനാൽ അവിടെ നിന്നും ഒരു ഇ-ആധാർ എടുത്തു.വീണ്ടും ബാങ്കിലേക്ക് ഓടി.”

“അപ്പോൾ മൂന്നും നാലും അഞ്ചും ഗ്ലാസ്സും സ്വാഹാഹാഹ.”

“അങ്ങനെ ഇ-ആധാർ കാർഡിൽ അക്കൌണ്ട്നമ്പറും എഴുതി ബാങ്കിൽ കൊടുത്ത ശേഷം വേഗം ഗ്യാസ് ഏജൻസിയിലേക്ക് ഓട്ടോ വിളിച്ചു. അവിടെ ചെന്നപ്പോ ആറ്റുകാൽ പൊങ്കാലപോലെ നിറയെ സ്ത്രീ ജനങ്ങൾ.ന്നാലും തിക്കിത്തിരക്കി അവിടേയും ആധാർ കോപ്പി കൊടുത്തു

“ഹാവൂ.അങ്ങനെ ബാങ്കും ഗ്യാസും ആധാറും ലിങ്കായി.സമാധാനായിഅല്ലേ?”

“അല്ല.ഉള്ള സമാധാനോം പോയിക്കിട്ടി

“ങേ!!അതെങ്ങനെ?”

‘ആധാറും പറഞ്ഞ് നമ്മളെ ഇങ്ങനെ വഴിയാധാരമാക്കി കഴിഞ്ഞപ്പോഴാണ് പത്രവാർത്ത കണ്ടത്.ഗ്യാസ് സബ്സിഡിക്ക് ആധാർ നിർബന്ധമില്ലന്ന്.ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ വെകിളി പിടിച്ച പോത്തുപോലെയുള്ള ഈ നെട്ടോട്ടം  ഒഴിവാക്കാമായിരുന്നു.ഇപ്പോ ഞാനാരായി?”

“കാട്ടുപോത്തായി.”

“അതെന്നെടീ. ആധാർ ദാമോദരനെ കാട്ടുപോത്താക്കി.!!“

Friday, August 23, 2013

ആധാര്‍ കാര്‍ഡ്

കുട്ടി : മുത്തശ്ശീ...മുത്തശ്ശീ...ആധാര്‍ കാര്‍ഡ് എന്ന് വച്ചാല്‍ എന്തിനാന്നറിയോ ?
മുത്തശ്ശി : ഒരു നിശ്ശോം ല്ലല്ലോ കുട്ടീ....
കുട്ടി : ആ...അങ്ങനെ നീശ്ശോം ല്ലാ ന്ന് പറഞ്ഞ് പോകാന്‍ വരട്ടെ....ഇനി എല്ലാത്തിനും ആധാര്‍ കാര്‍ഡ് വേണംത്രേ...
മുത്തശ്ശി :ഈ വയസ്സുകാലത്ത് എനിക്കെന്തിനാ കുട്ടീ ആധാര്‍ കാര്‍ഡ്?
കുട്ടി: അതോ....മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ദൈവം ഇന്ത്യക്കാരെ തിരിച്ചറിയുന്നത് ആധാര്‍ കാര്‍ഡ് ഉണ്ടോ ഇല്ലേ എന്ന് നോക്കിയാത്രേ... !!!

ദേശീയദിനങ്ങളുടെ പ്രസക്തി

          നാം സ്വതന്ത്രരായിട്ട് 66 സംവത്സരങ്ങൾ കൊഴിഞ്ഞുപോയി. നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും പൂർണ്ണമാണോ അല്ലെയോ എന്ന് പല വേദികളിലും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു.രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം അനുഭവിക്കുന്ന നിരവധി പേർ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. സ്വതന്ത്രരായിട്ടും പാരതന്ത്ര്യം അനുഭവിക്കുന്ന വേറെ നിരവധിപേരും നമ്മുടെ രാജ്യത്തുണ്ട്. എന്നിട്ടും സമീപഭാവിയിലെ വൻശക്തിയായി ലോകം ഇന്ത്യയെ നോക്കിക്കാണുന്നു. കാരണം മറ്റൊന്നുമല്ല. ലോകത്ത് യുവസമ്പത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ഇന്ത്യയാണ് എന്നത് തന്നെ. 

          ലോകത്തിന്റെ ഗതി-വിഗതികൾ എന്നും മാറ്റിമറിച്ചത് യുവത്വമാണ്. സമീപകാലത്ത് നടന്ന മുല്ലപ്പൂ വിപ്ലവത്തിൽ നിരവധി ഭരണകൂടങ്ങൾ കുലുങ്ങിവിറച്ചത് നാം കണ്ടതാണ്. യുവതക്ക് ദേശീയബോധവും ദേശഭക്തിയും  ഉണ്ടായാൽ ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടും എന്ന്  ഇതിലൂടെ വ്യക്തമായി. രാജ്യപുരോഗതിക്കും അത് ആക്കം കൂട്ടും. രാജ്യങ്ങളുടെ പുരോഗതി ലോകത്തെ മുഴുവൻ മാറ്റിമറിക്കുകയും ചെയ്യും.ലോകം പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നതും ഇക്കാരണത്താലാണ്.

          നമ്മുടെ ദേശീയദിനങ്ങളായ സ്വാതന്ത്ര്യദിനവും റിപബ്ലിക്ദിനവും നിറം കെട്ടു പോകുന്ന ഒരു അവസ്ഥയിലാണ് ഇന്നുള്ളത്. അല്പം ചില ഗാന്ധിയന്മാരും അല്ലെങ്കിൽ അതുപോലെയുള്ള ചില സംഘങ്ങളും മാത്രം ആഘോഷിക്കുന്ന ദിനമായി ഈ ദിനങ്ങളെ മാറ്റിയത് ആരാണ് എന്ന് നാം ചിന്തിക്കണം.അതേ സമയത്ത് തന്നെ പാശ്ചാത്യാഘോഷങ്ങമായ വാലന്റൈൻ ദിനവും മറ്റും യുവത്വം ആവേശപൂർവ്വം കൊണ്ടാടുന്നു.കാമ്പസ്സുകൾ അത്തരം ദിനങ്ങൾ ഉത്സവങ്ങളാക്കി മാറ്റുന്നു.മാധ്യമങ്ങളും ഈ കമ്പോളവൽകൃത ദിനാചരണത്തിന് ഏറെ പ്രാധാന്യം നൽകുന്നു.

            ഇവിടെയാണ് നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ തിരിച്ചറിയുന്നത്. വെള്ളക്കാരന്റെ രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് മോചിതരായ നാം അവന്റെ സാംസ്കാരിക അടിമത്വത്തിലേക്ക് അധ:പതിച്ചിരിക്കുന്നു.അതായത് 1947ൽ നേടി എടുത്ത സ്വാതന്ത്ര്യത്തിൽ എവിടെയോ വച്ച് പുഴുക്കുത്ത് ഏറ്റിരിക്കുന്നു.പുഴുവിനേയും പുഴുക്കുത്തിനേയും തിരിച്ചറിഞ്ഞിട്ടും ആവശ്യമായ മരുന്ന് പ്രയോഗിക്കാൻ നാം ഇപ്പോഴും തയ്യാറാകുന്നില്ല എന്നതാണ് നഗ്നസത്യം.

             ജന്മദിനങ്ങളും മതാഘോഷങ്ങളും കൊണ്ടാടുന്നതുപോലെ ഓരോ ഇന്ത്യക്കാരനും പ്രതീക്ഷയോടെ കാത്തിരിക്കേണ്ടതും അഭിമാനപൂർവ്വം ആഘോഷിക്കേണ്ടതും ആയ ദിനങ്ങളാണ് നമ്മുടെ ദേശീയദിനങ്ങൾ.സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ച നമ്മുടെ പൂർവ്വപിതാക്കളെയും മറ്റു ദേശീയ നേതാക്കളേയും ആവേശപൂർവ്വം എന്നും സ്മരിക്കേണ്ടത്  നമ്മുടെ കടമയാണ്.ദേശഭക്തിയുള്ള ഒരു യുവസമൂഹം വളർന്നുവരുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ.നാഷണൽ സർവീസ് സ്കീം പോലെയുള്ള വിദ്യാർത്ഥീ കൂട്ടായ്മകൾ ഇതിനുള്ള വേദി ഒരുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചുപോരുന്നു.നമ്മുടെ ദേശസ്നേഹം ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.

“സാരെ ജഹാംസെ അച്ഛാ……ഹിന്ദുസ്ഥാൻ ഹമാരാ

(സാനിക കയ്യെഴുത്ത് മാസിക ആഗസ്ത് ലക്കം എഡിറ്റോറിയല്‍ )

പരിസ്ഥിതി സാക്ഷരത – കാലത്തിന്റെ അനിവാര്യത

         ദശാബ്ദങ്ങൾക്ക് മുമ്പ് കോഴിക്കോട് നഗരം ഒരു മഹാസംഭവത്തിന് സാക്ഷ്യം വഹിച്ചു.മാനാഞ്ചിറ മൈതാനത്ത് തിങ്ങിക്കൂടിയ ജനങ്ങൾക്ക് മുമ്പിൽ വച്ച് , മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് കാവനൂരിലെ നവസാക്ഷരയായ ചേലക്കോടൻ ആയിഷ എന്ന സ്ത്രീ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ തന്നെ  സമ്പൂർണ്ണ സാക്ഷരത നേടുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ഇന്നും സാക്ഷരതയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം ഏറെ മുന്നിലാണ്.

           ലോകം മാറി.ഇന്നത്തെ യുഗം അറിയപ്പെടുന്നത് തന്നെ ടെൿനോളജി യുഗം എന്നാണ്. അതാകട്ടെ ദിനം‌പ്രതി മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ നാമും അതോടൊത്ത് ഓടാൻ നിർബന്ധിതരായിരിക്കുന്നു. തത്‌ഫലമായി സാക്ഷരത എന്ന് പദം മാറി ഇ- സാക്ഷരത , കമ്പ്യൂട്ടർ സാക്ഷരത തുടാങ്ങിയ പദങ്ങൾ നിലവിൽ വന്നു. ഇന്ന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവനെ നാം കാണുന്നത് പത്ത് വർഷം മുമ്പ് എഴുത്തും വായനയും അറിയാത്തവനെ കണ്ടതുപോലെ തന്നെയാണ്. അതിനാൽ 2013-ൽ ഇ- സാക്ഷരത പൂർണ്ണമായും കൈവരിക്കാനുള്ള പദ്ധതിക്കും കേരള സർക്കാർ തുടക്കമിട്ടിരിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയിൽ 100 പഞ്ചായത്തുകളെ ഒമ്പത് മാസം കൊണ്ട് സമ്പൂർണ്ണ ഇ-സാക്ഷരത പഞ്ചായത്തുകളാക്കി മാറ്റാനാണ് ലക്ഷ്യം.

          സാക്ഷരതയുടെ കാര്യത്തിൽ കേരളം ഏറെ മുമ്പിലാണെങ്കിലും മറ്റ് പല രംഗങ്ങളിലും ഈ സാക്ഷരതക്കനുസരിച്ചുള്ള നിലവാരം നമുക്കില്ല എന്നതാണ് ദു:ഖസത്യം.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പരിസ്ഥിതി സാക്ഷരത.ഇന്ന് നമ്മുടെ പ്രകൃതിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ നാം സാക്ഷരനോ അതോ രാക്ഷസനോ എന്ന് എളുപ്പം ബോധ്യമാകും.

      മാലിന്യങ്ങളുടെ കൂമ്പാരമാണ് എങ്ങും നമ്മെ സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നത്. മഴക്കാലത്തിന് മുമ്പേ മാറ്റപ്പെടേണ്ടിയിരുന്ന മാലിന്യക്കൂമ്പാരങ്ങൾ മഴ പെയ്തതോടെ ചീഞ്ഞളിഞ്ഞ് പരിസരം ദുർഗന്ധപൂരിതമാക്കി.കുത്തി ഒഴുകിയ വെള്ളത്തിൽ അവ നാടെങ്ങും വ്യാപിച്ചു.പകർച്ച വ്യാധികൾ നാടെങ്ങും പടർന്ന് പിടിച്ചപ്പോൾ നാം വീണ്ടും ബോധവാന്മാരായി.മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപ്പിച്ചതിന്റേയും അത് യഥാ സമയത്ത് നീക്കം ചെയ്യാത്തതിന്റേയും ഫലം അനുഭവിക്കുമ്പോൾ മാത്രം ബോധം വരുന്ന ഒരു സമൂഹത്തെ എങ്ങിനെ സാക്ഷരൻ എന്ന് വിളിക്കും എന്ന് മനസ്സിലാവുന്നില്ല.

              ഇനി കൃഷിഭൂമിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക.മണ്ണിലെല്ലാം പ്ലാസ്റ്റിക്കിന്റേയും മറ്റ് മാലിന്യങ്ങളുടേയും അവശിഷ്ടങ്ങളാണ്.നമ്മുടെ സൌകര്യത്തിന് വേണ്ടി നാം തന്നെ വാങ്ഗിക്കൂട്ടിയ സാധനങ്ങൾ ഉപയോഗം കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞത് മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിച്ചു. കൃഷിഭൂമിയിലെ അമിതമായ രാസവളപ്രയോഗവും മണ്ണിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ സൃഷ്ടിച്ചു.ഇതൊന്നും നേരത്തെ അറിയാത്തത് കൊണ്ടല്ല ,മറിച്ച് ഇക്കാര്യത്തിൽ നാം നിരക്ഷരത നടിക്കുന്നത് കൊണ്ടാണ്.

            പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും പ്ലാസ്റ്റിക് ക്യാരിബാഗുകളും പെറ്റ്ബോട്ടിലുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിയമം മൂലം കർശനമായി നിരോധിച്ചിരിക്കുന്നു.നമ്മുടെ അയൽ‌സംസ്ഥാനമായ കർണ്ണാടകയിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ വാഹനത്തിൽ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗോ ബോട്ടിലോ റോഡിലേക്ക് ഇട്ടുനോക്കുക.നിമിഷങ്ങൾക്കകം അതിന്റെ ഭവിഷ്യത്ത് നിങ്ങളെത്തേടി എത്തും.പരിസ്ഥിതി സാക്ഷരരായ ജനങ്ങൾ സദാജാഗരൂകരായി ഇരിക്കുന്നതാണ് ഇതിന് കാരണം.

         അതിനാൽ നൂറ് ശതമാനം സാക്ഷരതയോ പൂർണ്ണ ഇ- സാക്ഷരതയോ നേടുന്നതിന് മുമ്പ് നമ്മുടെ പരിസ്ഥിതിയെ താളം തെറ്റിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കേരള ജനത ബോധവാന്മാരേകേണ്ടിയിരിക്കുന്നു. പരിസ്ഥിതി നില നിന്നാലേ നമുക്ക് നിലനിൽ‌പ്പുള്ളൂ. നാം നില നിന്നാലേ സാക്ഷരതക്ക് പ്രസക്തിയുള്ളൂ. പരിസ്ഥിതി സാക്ഷരത നേടാനുള്ള ഒരു കൂട്ടായ സംരംഭം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.കാലത്തിന്റെ ഈ അനിവാര്യതയിലേക്ക് നമുക്ക് ഒന്നിച്ച് മുന്നിട്ടിറങ്ങാം.

Sunday, August 18, 2013

അലുംനി മീറ്റില്‍ കേട്ടത്....

ഇന്നത്തെ പി.എസ്.എം.ഒ ഗ്ലോബല്‍ അലുംനി മീറ്റില്‍ കേട്ട ചില സംഭാഷണങ്ങള്‍ ....

1.

“അല്പം കഴിഞ്ഞ് ഒരു ബസ്സ് തടുക്കണം....“
“എന്തിനാ...?”
“ നമ്മുടെ ആ ഓര്‍മ്മകളും വേണ്ടേ ഒന്ന് പുതുക്കാ !!!”

***********************************

2.

“ഫസ്റ്റ് ബെല്‍ അടിച്ചു....വാ ക്ലാസ്സില്‍ പോകാം...“
“അതെങ്ങിനെ...?”
“അങ്ങനെയാ നിര്‍ദ്ദേശം തന്നിരിക്കുന്നത്....”
“പക്ഷേ നാം അന്ന് ഫസ്റ്റ് ബെല്ലടിക്കുമ്പോള്‍ ക്ലാസ്സില്‍ കയറാറില്ലായിരുന്നല്ലോ..അപ്പോള്‍ ആ ഓര്‍മ്മക്ക് ഇന്നും....”

******************************************

3.

ആദ്യ മണിക്കൂറിന് ശേഷം ക്ലാസ്സ് സന്ദര്‍ശനത്തിന് വന്ന മീറ്റ് സംഘാടകന്‍ -
“ഇതെന്താ ഈ ബാച്ചില്‍ ഇത്രയും കുറച്ചു പേര്‍?”
“ഇന്ന് വന്നവര്‍ മിക്കവരും ഫോര്‍ത്ത് ഗ്രൂപ് ആയിരുന്നു....”
“എന്നിട്ട്?”
“  ഒരു അവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ അന്നത്തെപോലെ ക്ലാസ്സ് കട്ട് ചെയ്തു !!!”
************************************************

4.

കാമ്പസ്സില്‍ കണ്ടുമുട്ടിയ ആണും പെണ്ണും
ആണ്‍ : ഹലോ.....അറിയോ
പെണ്‍ : സോറി....ഒരോര്‍മ്മയും കിട്ടുന്നില്ലല്ലോ
ആണ്‍ : എത്ര ഐസ്ക്രീം നിനക്ക് ഞാന്‍ തന്നിട്ടുണ്ട്.... എന്നിട്ടും....
പെണ്‍ : ഓ ....ആ ഐസ്ക്രീം പാര്‍ലറിലെ സപ്ലയര്‍ ആയിരുന്നു അല്ലേ?

മനം നിറഞ്ഞ ഒരു അലുംനി മീറ്റ്

ഇന്ന് ആഗസ്ത് 18. മാസങ്ങളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു ദിനം. പ്ലസ് ടു കാലത്തിന് മുമ്പ് പ്രീഡിഗ്രി എന്ന കോഴ്സ് ഉണ്ടായിരുന്ന കാലത്ത് ഞാന്‍ പഠിച്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ്ലെ 44 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്ന ഗ്ലോബല്‍ അലുംനി മീറ്റ് ദിനം.

ഫോണില്‍ ബന്ധപ്പെട്ട മിക്ക കൂട്ടുകാരും വരില്ല എന്ന് പറഞ്ഞെങ്കിലും ചുരുങ്ങിയത് പഠിച്ച കോളേജിന്റെ പൂമുഖം ഒന്നു കൂടി കാണാം എന്നതിനാലും പഴയ ഏതെങ്കിലും ഒരു സുഹൃത്തിനെ കാണാനായാല്‍ ആ പരിചയം പുതുക്കാം എന്നതിനാലും പഴയ അദ്ധ്യാപകരെ കാണാം എന്നതിനാലും അളിയന്റെ ഹൌസ്‌വാമിങ് സൈറ്റില്‍ നിന്ന് രാവിലെ തിരൂരങ്ങാടി ലക്ഷ്യമാക്കി ഞാന്‍ സ്കൂട്ടായി.

15 മിനുട്ട് വൈകിയെങ്കിലും തിരക്ക് കാരണം 9 മണിക്ക് അടിക്കേണ്ടിയിരുന്ന ഫസ്റ്റ് ബെല്‍ പത്ത് മണിയായിട്ടും അടിച്ചിട്ടില്ലായിരുന്നു.ആദ്യ വിദ്യാര്‍ത്ഥിയായ ശ്രീ ഉണ്ണിക്കമ്മു പഴേരി പതാക ഉയര്‍ത്തി ഗ്ലോബല്‍ അലുംനി മീറ്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടപ്പോള്‍  44 വര്‍ഷത്തെ യൂണിയന്‍ ചെയര്‍മാന്മാരും വിവിധ നിറത്തിലുള്ള കൊടികള്‍ ഉയര്‍ത്തി അണി നിരന്നു. ശേഷം മുഴങ്ങിയ ബെല്‍ ശബ്ദം എല്ലാവരുടേയും മനസ്സിലേക്ക് തങ്ങളുടെ പഴയ കാമ്പസ് ദിനങ്ങള്‍ സുനാമി കണക്കെ അടിച്ചുകയറി.ഓരോ വര്‍ഷത്തേയും ബാച്ചിന് അനുവദിച്ച ക്ലാസ്സുകളീലേക്ക് എല്ലാവരും നീങ്ങി.

1987 ബാച്ചിന് അനുവദിച്ച 20ആം നമ്പറ് റൂമില്‍ ഞാന്‍ എത്തുംപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.പക്ഷേ അല്പ സമയത്തിനകം വന്ന പെണ്‍പടയില്‍ ഒരു മുഖം എനിക്ക് ഓര്‍മ്മ വന്നു , പേര് പിന്നീട് ചോദിച്ചറിയേണ്ടി വന്നെങ്കിലും. പിന്നെ ആ  പെണ്‍പട ഓരോരുത്തരെയായി പരിചയപ്പെടാന്‍ തുടങ്ങിയപ്പോള്‍ 25 വര്‍ഷം മുമ്പുള്ള ക്ലാസ്സിലേക്ക് ഞങ്ങള്‍ ഓരോരുത്തരായി നടന്നു കയറി. ഇതിനിടയില്‍ കൂടുതല്‍ പേര്‍ ക്ലാസ്സിലേക്ക് കയറി വന്നു കൊണ്ടിരുന്നു. എന്റെ തന്നെ ക്ലാസ്സിലെ ഷഫീക്ക്,സുജാത,നിഷ, ഷാഹിന ഒ.എച് (അന്ന് എന്റെ ക്ലാസ്സില്‍ 9 ഷാഹിനമാര്‍ ഉണ്ടായിരുന്നു!!) എന്നിവരും ഫസ്റ്റ് ഗ്രൂപ്പിലെ ലുബ്ന,ലേഖ,ഗഫൂര്‍,സാജിദ് പാഷ തുടങ്ങിയവരും എത്തിച്ചേര്‍ന്നു.

പിന്നീട് ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് നല്ല പൊക്കമുള്ള കാക്കി എന്ന് തോന്നിക്കുന്ന പാന്റ് ധരിച്ച ആ പുലിയെ തിരിച്ചറിഞ്ഞത് -   മൂസ വള്ളിക്കാടന്‍ . സൌമ്യ കേസിലും മറ്റ് നിരവധി കേസുകളിലും അന്വേഷണ സംഘാംഗമായി പ്രവര്‍ത്തിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൂസ വള്ളിക്കാടന്‍ . ഇപ്പോള്‍ വണ്ടൂര്‍ സര്‍ക്കിളില്‍ ജോലി ചെയ്യുന്നു. ഗ്ലോബല്‍ അലുംനി മീറ്റിന്റെ ഡിജിറ്റല്‍ സോവനീറിന്റെ ഞങ്ങളുടെ 1987 ബാച്ചിലെ പ്രകാശനം എനിക്ക് കോപ്പി നല്‍കിക്കൊണ്ട് അദ്ദേഹം നിര്‍വ്വഹിച്ചപ്പോള്‍ അപ്രതീക്ഷിതമായി എനിക്ക് വരുന്ന നിയോഗങ്ങളില്‍ ഒന്നായി അതും മാറി.

കുടുംബത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടതും നിര്‍ബന്ധമായതിനാല്‍ കൂടുതല്‍ സമയം ഈ മീറ്റ് ആസ്വദിക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷേ ഒരു കാര്യം തീര്‍ച്ച. ഇന്ന് ഈ മീറ്റില്‍ പങ്കെടുത്ത എല്ലാവരുടേയും മനസ്സില്‍ അതെന്നെന്നും തങ്ങി നില്‍ക്കും.ഇനിയും ഇത്തരം മീറ്റുകള്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്കും അതില്‍ പങ്കെടുക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ഇത് കൂടുതല്‍ ആവേശം നല്‍കും.
(ഫോട്ടോ ഒന്നും ഇതുവരെ ലഭിക്കാത്തതിനാല്‍ ചേര്‍ക്കാന്‍ പറ്റിയിട്ടില്ല)

കെ.ടി ജലീല്‍ എം.എല്‍.എ വീണ്ടും പച്ചക്കൊടിയുടെ തണലില്‍!!!!

ഇന്ന് കണ്ട ഈ കാഴ്ച പലരേയും അത്ഭുതപ്പെടുത്തി.തീര്‍ച്ചയായും  ഫേസ്ബുക്കിലെയും മാധ്യമങ്ങളിലേയും ഇന്നത്തെ താരം ഈ ഫോട്ടോ തന്നെ ആയിരിക്കും - പച്ചക്കൊടിയുമേന്തി നില്‍ക്കുന്ന ശ്രീ.കെ.ടി ജലീല്‍ എം.എല്‍.എ !!!

                                                    (ഫോട്ടോ കടപ്പാട് : ശ്രീ ശബീബ്)
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിന്റെ  44 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്ന ഗ്ലോബല്‍ അലുംനി മീറ്റ് 2013ല്‍ ആയിരുന്നു ഈ അപൂര്‍വ്വ രംഗം അരങ്ങേറിയത്. 1990ല്‍ യൂണിയന്‍ ചെയര്‍മാനായിരുന്ന എം.എല്‍.എ തന്നെ ഇതിനുള്ള വിശദീകരണവും നല്‍കി - ഈ കൊടി പിടിച്ചാണല്ലോ ഞാന്‍ ഇവിടെ ചെയര്‍മാനായത് !!!

Thursday, August 15, 2013

"If there is a will , there is a way " - 3


“നിങ്ങൾക്കാരെയാ കാണേണ്ടത്?” പുതിയ ആൾ ചോദിച്ചു.

“.വൈ ജോൺ,പ്ലാവിലവടക്കേതിൽ പുത്തൻ‌വീട്” റഹീം മാഷ് പറഞ്ഞു.

“ചന്ദനത്തോപ്പ് ഐ.ടി.ഐ യിൽ നിന്ന് റിട്ടയർ ചെയ്ത ആളല്ലേ?”

“ഐ.ടി.ഐ യിൽ ആയിരുന്നു എന്നറിയാം റിട്ടയർ ചെയ്തോ ഇല്ലേ എന്നറിയില്ല

“നിങ്ങൾ കൊല്ലത്ത് നിന്ന് എൻ.എസ്.എസ് പരിപാടി കഴിഞ്ഞ് വരികയല്ലേ?”

“ങേ!അതെങ്ങനെ മനസ്സിലായി?” പുറത്തെവിടേയും എൻ.എസ്.എസ് ന്റെ ഒരു അടയാളവും ഇല്ലാതെ അദ്ദേഹം ഞങ്ങളെ തിരിച്ചറിഞ്ഞ അത്ഭുതത്തിൽ ഞങ്ങൾ ചോദിച്ചുപോയി.
“അത് നിങ്ങളെ കണ്ടാലറിയാം

“എന്നാലും?” ഞങ്ങളെ തിരിച്ചറിഞ്ഞതെങ്ങനെ എന്നറിയാൻ ഞങ്ങൾക്ക് ആകാംക്ഷയായി.

“DETO യുടെ ഈ ബാഗ് കണ്ടപ്പോഴേ എനിക്ക് തോന്നി” റഹീം മാഷുടെ ബാഗിന്റെ പുറത്തെ എഴുത്ത് ചൂണ്ടി അദ്ദേഹം തുടർന്നു “ഞാൻ അടൂർ പോളിയിൽ വർക്ക് ചെയ്യുന്നു..”

“ഹാവൂ…..സമാധാനംഇദ്ദേഹം താമസിക്കുന്നത് എവിടെയാണെന്ന് ഞങ്ങൾക്കറിയില്ല ഓർമ്മയിലുള്ള അഡ്രസ് പ്രകാരം ചെങ്ങമനാട് ബസ്സിറങ്ങി.അവിടെ നിന്ന് ഇങ്ങോട്ട് പറഞ്ഞു വിട്ടു.”

“നിങ്ങൾക്ക് ക്യാമ്പിലെ ആരോടെങ്കിലും തന്നെ അന്വേഷിക്കാമായിരുന്നില്ലേ? ജബ്ബാറിനറിയാമായിരുന്നല്ലോ?..........’

“കൊല്ലത്ത്കാരനായ ഒരാളോട് ചോദിച്ചെങ്കിലും അയാൾക്ക് പിടികിട്ടിയില്ല.”അയാൾക്ക് പിടികിട്ടിയില്ല.”

“ങാ..ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് പള്ളിമുക്ക് ബസ്‌സ്റ്റോപ്പിന്റെ പിന്നിലാഅവിടെ നിന്ന് നോക്കിയാൽ വീട് കാണാംഞാൻ അത് വഴിയാ പോകുന്നത്.നിങ്ങൾ എന്റെ പിന്നാലെ വന്നോളൂ” 
സ്കൂട്ടറിൽ കയറാൻ മറ്റൊരാൾ വന്നതിനാൽ അദ്ദേഹം പറഞ്ഞു.ഞങ്ങൾ ആ സ്കൂട്ടർ പോയ വഴിയേ നടന്നു.

“കുടിക്കാനെന്താണ് വേണ്ടത്?” ബസ്‌സ്റ്റോപ്പിന് അടുത്ത് എത്തിയപ്പോൾ , കാത്ത് നിന്നിരുന്ന അദ്ദേഹം ചോദിച്ചു.

“ഒന്നും വേണ്ട

“ദേആ കാണുന്നതാ വീട്പക്ഷേ ആപ്പീസിനെ ചുറ്റി വേണം പോകാൻ..” ബസ്‌സ്റ്റോപ്പിൽ നിന്നും വീട് കാണിച്ചു തന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.അല്പം കൂടി മുന്നോട്ട് ഞങ്ങളെ നയിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിപ്പറഞ്ഞു

“ഇതുവഴി ഇറങ്ങിയാൽ ആദ്യത്തെ വീട് തന്നെ

“ശരിവളരെ നന്ദിസാറെ പേര്?” പിരിയുമ്പോൾ വന്ന ബോധോദയത്തിൽ ഞങ്ങൾ ചോദിച്ചു.

“ജോൺസൺ”

“ഓകെതാങ്ക്സ്” സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് അദ്ദേഹം പോയി.ഞങ്ങൾ തൊട്ടടുത്ത പറമ്പിലെ വീട്ടിലേക്ക് നടന്നു.ആളനക്കം ഒന്നും കാണാത്തതിനാൽ കാളിംഗ് ബെല്ലിൽ വിരലമർത്തി.അല്പ നേരം കാത്ത് നിന്നിട്ടും ആരും വരാത്തതിനാൽ വീണ്ടും ബെല്ലടിച്ചു.

“ഇതുവരെ എത്തിയിട്ട് കാണാതെ പോകേണ്ടി വരുമോ?” റഹീം മാഷ് വേവലാതിപ്പെട്ടു.

“ഏയ്നമ്മൾ അദ്ദേഹത്തെ കാണും.” അദ്ദേഹത്തിന്റെ രോഗവിവരങ്ങളെപറ്റി അന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ആശുപത്രിയിൽ പോയിരിക്കാൻ സാധ്യത ഉണ്ടെങ്കിലും ഞാൻ ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.
 
“നമുക്ക് ആ വീട്ടില്‍ ഒന്നന്വേഷിക്കാം...” തൊട്ടടുത്ത പറമ്പില്‍ കണ്ട വീട് ചൂണ്ടി റഹീം മാഷ് പറഞ്ഞു.

“അവരിതുവരെ ഇവിടെയുണ്ടായിരുന്നു...ഇപ്പോള്‍ താഴെ പറമ്പിലേക്ക് പോയതായിരിക്കും..” അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു.

“പറമ്പ് അധികം ദൂരെയാണോ?”

“അല്ല...ഇവിടെ താഴെ തന്നെ..”

“ ഞങ്ങള്‍ക്ക് അങ്ങോട്ട് പോയിനോക്കാന്‍ പറ്റോ?”

“ഓ...ഇവന്‍ കാണിച്ച് തരും....” ചേച്ചി അവരുടെ മോനെ ഞങ്ങളുടെ വഴി കാട്ടിയായി വിട്ടുതന്നു.

“അല്ലെങ്കില്‍ മോന്‍ ആദ്യം പോയി നോക്ക്...അവിടെയുണ്ടെങ്കില്‍ അമ്മച്ചിയോട്‌ ഇവിടെ ആള്‍ക്കാര്‍ വന്നിട്ടുണ്ട് എന്ന് പറയൂ...” ആ അഭിപ്രായം ഞങ്ങള്‍ക്കും സ്വീകാര്യമായി.

പത്ത് മിനുട്ടിനകം തന്നെ അവന്‍ വീട്ടുകാരിയേയും കൊണ്ട് തിരിച്ചെത്തി.അല്പ സമയത്തിനകം ഞങ്ങള്‍ അന്വേഷിക്കുന്ന ആളും സ്ഥലത്തെത്തി.ജീവിതത്തില്‍ ഞാന്‍ ആദ്യമായും റഹീം മാഷ് 23 കൊല്ലത്തിന് ശേഷവും പി.വൈ.ജോണ്‍ എന്ന ആ പഴയ മനുഷ്യനെ കണ്ടുമുട്ടി.വികാരനിര്‍ഭരമായ ആ പുന:സമാഗമത്തില്‍ റഹീം മാഷ് ജോണ്‍ സാറിനെ കെട്ടിപ്പിടിച്ച് വിതുമ്പി. ഞാ‍നും ജോണ്‍ സാറിന്റെ ഭാര്യയും കണ്ണ് നിറഞ്ഞ് അത് നോക്കി നിന്നു.

ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്ന കഥ കേള്‍പ്പിച്ചപ്പോള്‍ വീട്ടുകാരും ശരിക്കും അമ്പരന്നു. “അല്ലാഹു നിങ്ങളുടെ ആ നല്ല മനസ്സിനെ അംഗീകരിച്ചു, ഇവിടം വരെ എത്തിച്ചു.ഇനിയും ദൈവതുണയുണ്ടാകട്ടെ...” അവര്‍ പ്രാര്‍ത്ഥിച്ചു.

"If there is a will , there is a way " ഞാനും റഹീം മാഷും പരസ്പരം പറഞ്ഞു.