Pages

Wednesday, August 29, 2012

ഒരു ഓണം ഓര്‍മ്മ ...

               “കൂ........കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ............കൂയ്........കൂയ്.........”  ഒരാള്‍ തുടങ്ങിവച്ച കൂവല്‍ ഒരാള്‍ക്കൂട്ടം ഏറ്റെടുത്ത് ഒരു ഇരമ്പലായി ചെവിയില്‍ വന്നെത്തിയപ്പോള്‍ എന്റെ മെഡുല ഒബ്ലാങ്കേറ്റ പ്രവര്‍ത്തിച്ചു. വിജയ ടാക്കീ‍സില്‍ ടിക്കറ്റ് ബന്ദായി. വര്‍ഷത്തില്‍ മാക്സിമം പോയാല്‍ അഞ്ചു തവണ മാത്രമേ ഈ സംഭവം നടക്കുകയുള്ളൂ എന്നതിനാല്‍ ഇതൊരു മഹാസംഭവം തന്നെയാണ്. മാത്രമല്ല ഈ അഞ്ച് തവണകളില്‍ കളിക്കുന്ന പടങ്ങള്‍ രണ്ടാം വാരത്തിലേക്ക് കടക്കും എന്നുറപ്പാണ്.ആദ്യം കൂവല്‍ കേട്ട ദിവസത്തിന്റെ തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും മിക്കവാറും ഈ കൂവല്‍ തുടരും.എന്ന് വച്ചാല്‍ അടുത്ത ദിവസങ്ങളിലും ടിക്കറ്റ് ബന്ദാകും.

             ടാക്കീസിന്റെ തൊട്ടടുത്താണ് വീട് എന്നതിനാല്‍ ടിക്കറ്റ് ബന്ദാകുക എന്ന പദമാണ് കോടതി നിരോധിച്ച ബന്ദ് എന്ന പദം കേള്‍ക്കുന്നതിന് മുമ്പേ ഞാന്‍ കേട്ട പദം. ഹൌസ്‌ഫുള്‍ ആയി എന്ന് പറയുന്നതിന്റെ ഗ്രാമീണ പദപ്രയോഗം ആണ്  ടിക്കറ്റ് ബന്ദാകുക എന്ന് പറയുന്നത്. മിക്കവാറും ഓണം , വിഷു, പെരുന്നാള്‍ തുടങ്ങിയവയോട് അനുബന്ധിച്ച് ടാക്കീസിലെത്തുന്ന സാമാന്യം ഭേദപ്പെട്ട സിനിമകള്‍ക്കാണ് ഈ അപൂര്‍വ്വ സൌഭാഗ്യം ലഭിക്കുന്നത്.

           തിരുവോണ ദിവസത്തില്‍ നേരത്തെ തന്നെ സദ്യ കഴിച്ച് 12 മണി ആകുമ്പോഴേക്കും ടാക്കീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളില്‍ അമ്മൂമ മുതല്‍ കൈക്കുഞ്ഞ് വരെയുള്ളവര്‍ ഉണ്ടാകാറുണ്ട്. കുറേ പേര്‍ ടാക്കീസിന്റെ പരുക്കനിട്ട വരാന്തയില്‍ ടിക്കറ്റ് കൌണ്ടര്‍ തുറക്കുന്നതും കാത്ത് ഇരിക്കുന്നതും കാണാം.അരീക്കോടിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ മിക്കവരും. അവിട്ടത്തിലും ചതയത്തിലും ഈ നീണ്ട നിര കാണാറുണ്ടായിരുന്നു.

          സിനിമ കാണുന്നതിന് എനിക്ക് വിലക്കുണ്ടായിരുന്നതിനാല്‍ ഞാന്‍ ആ കോമ്പൌണ്ടിലേക്ക് കടക്കാറില്ല.പക്ഷേ ഓണത്തിന്റെ ഈ തിരക്കില്‍ ഹിന്ദു സഹോദരന്മാര്‍ക്കൊപ്പം എന്റെ പല മുസ്ലിം സുഹൃത്തുക്കളും ക്യൂവില്‍ ഉണ്ടാകാറുണ്ട് എന്ന് അവര്‍ സ്കൂളില്‍ വന്ന് സിനിമാ കഥ പറയുമ്പോള്‍ മനസ്സിലാക്കും.

             ഇന്ന് മറ്റൊരു തിരുവോണം. ഗൃഹാതുരത്വം ഉണര്‍ത്തുന്ന അ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ തികട്ടി വരുന്നു.അന്നത്തെ കൂവല്‍ ഇന്ന് കേള്‍ക്കാനില്ല.കാരണം ടാക്കീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചുപോയി.ടെലിവിഷന്‍ വ്യാപകമായതിനാല്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഒതുങ്ങിക്കൊണ്ടിരിക്കുന്നു.ഒപ്പം മതപരമായ പലതരം വിവാദങ്ങളും പൊന്തിവരുന്നു.ഒരറിവും ഇല്ലാത്ത ബാല്യകാലം തന്നെ മതിയായിരുന്നു എന്ന് വെറുതേ ആശിച്ച് പോകുന്നു.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

6 comments:

Areekkodan | അരീക്കോടന്‍ said...

“കൂ........കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ............കൂയ്........കൂയ്.........” ഒരാള്‍ തുടങ്ങിവച്ച കൂവല്‍ ഒരാള്‍ക്കൂട്ടം ഏറ്റെടുത്ത് ഒരു ഇരമ്പലായി ചെവിയില്‍ വന്നെത്തിയപ്പോള്‍ എന്റെ മെഡുല ഒബ്ലാങ്കേറ്റ പ്രവര്‍ത്തിച്ചു. വിജയ ടാക്കീ‍സില്‍ ടിക്കറ്റ് ബന്ദായി.

ajith said...

ഓണാശംസകള്‍
ഓര്‍മ്മാശംസകള്‍

Thommy said...

ഓണാശംസകള്‍
Congratutaions on your State Award

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇപ്പോള്‍ സിനിമ മാത്രമേ വിലക്കുന്നുള്ളൂ... എല്‍.സി.ഡി.ക്ക് വിലക്കില്ല...
ഓണം കഴിഞ്ഞു നേരുന്നു.. ഒരു ഓണാശംസ...

Cv Thankappan said...

ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു മാഷെ.
ഓണാശംസകള്‍

mini//മിനി said...

തിയേറ്ററിൽ പോയിട്ട് ആകെ കണ്ടത് പത്തിൽ കുറവ് പടങ്ങൾ മാത്രം. എന്റെ പ്രായത്തിലുള്ള മറ്റുൾലവരെല്ലാം നൂറിലധികം പടങ്ങൾ കണ്ടിരിക്കും. ഓരോന്നും ഓരോ അനുഭവങ്ങളാണ്. അതിലൊന്ന് ‘എട്ട് സുന്ദരികളും ഒരു സിനിമയും’ ബ്ലോഗിൽ ആക്കിയിട്ടുണ്ട്. നല്ല അനുഭവ വിവരണം.

Post a Comment

നന്ദി....വീണ്ടും വരിക