Pages

Sunday, August 21, 2011

വ്രതശുദ്ധി നേടിത്തരുന്നത്....

റംസാന്‍ മാസം അവസാന പത്തിലേക്ക് പ്രവേശിച്ചു.ഇനി വെറും എട്ടോ ഒമ്പതോ നോമ്പുകള്‍ മാത്രം ഈ വര്‍ഷത്തേതായി അവശേഷിക്കുന്നു.വിശ്വാസികളുടെ പൂക്കാലമായ ഒരു റമദാന്‍ കൂടി വിട പറയാന്‍ ഒരുങ്ങുന്നു.ജീവിതത്തില്‍ ഈ ഇരുപത് ദിവസങ്ങള്‍ കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്ന് ഒന്ന് വിലയിരുത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും.

കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക മാത്രമല്ല റമദാന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഈ ബ്ലോഗിലും മറ്റനേകം ബ്ലോഗിലും പറഞ്ഞതാണ്.ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാന്‍ എന്നത് ആത്മനിയന്ത്രണത്തിന്റെ മാസമാണ്.ദൈവം എന്നോട് ചെയ്യരുത് എന്ന് കല്പിച്ചതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ എനിക്ക് സാധിക്കും എന്നും എന്റെ മനസ്സിനെ നിയന്ത്രിക്കുന്നത് ഞാന്‍ തന്നെയാണെന്നും അതിന്റെ കടിഞ്ഞാണ്‍ എന്റെ കയ്യില്‍ നിന്നും വിട്ടു പോയിട്ടില്ല എന്നും ഒരു വിശ്വാസി റമദാന്‍ വ്രതത്തിലൂടെ തെളിയിക്കുന്നു.

ഇന്നത്തെ സമൂഹത്തിന്റെ എല്ലാ ദുരവസ്ഥക്കും കാരണം അതിലെ അംഗങ്ങളായ നാമോരോരിത്തരുടേയും പ്രവര്‍ത്തനങ്ങളാണ്.നമ്മുടെ ഓരോ ചെയ്തികള്‍ ഒരുമിച്ച് കൂടുമ്പോള്‍ അത് സര്‍വ്വനാശത്തിലേക്കെത്തുന്നു. സാമൂഹ്യവിപത്തായി അത് മാറുന്നു.തന്റെ ദേഹേച്ചകളെ നിയന്ത്രിക്കാന്‍ ഒരു മനുഷ്യണ് സാധ്യമാകാത്തതാണ് ഈ ദുര്‍നടപ്പിന്റെ പിന്നിലെ കാരണമെന്ന് ഒരു മനുഷ്യനും ചിന്തിക്കുന്നില്ല.ഒരു സ്ത്രീയെ കാണുമ്പോള്‍ അവളെ ഭോഗിക്കാന്‍ കൊതിക്കുന്ന മനസ്സാണ് പല പുരുഷനിലും ഉള്ളത്.അവളെ വീണ്ടും വീണ്ടും പല വേഷത്തിലും പല ഭാവത്തിലും കാണുമ്പോള്‍ ഈ തൃഷ്ണ കൂടിക്കൂടി വരുന്നു.എന്നാല്‍ ആ ചിന്ത പാപമാണ് , ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ പാടില്ല അല്ലെങ്കില്‍ എന്റെ മനസ്സിനെ ഞാന്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു എന്ന് നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ചിന്ത ഉയരുന്നില്ല.ഫലമോ , അനുകൂലമെന്ന് തെറ്റിദ്ധരിക്കുന്ന ഒരു നിമിഷത്തില്‍ ആ സ്ത്രീ കയ്യേറ്റം ചെയ്യപ്പെടുന്നു.

ഇവിടെയാണ് വ്രതശുദ്ധിയിലൂടെ ഒരാള്‍ നേടി എടുക്കുന്ന ആത്മനിയന്ത്രണത്തിന്റെ വില സമൂഹം മനസ്സിലാക്കുന്നത്.ദൈവപ്രീതിക്ക് വേണ്ടി വ്രതമെടുക്കുന്ന ഒരാള്‍ക്ക് ഇത്തരം ഒരു ക്രിയ വ്രതാനുഷ്ഠാന കാലത്ത് മാത്രമല്ല അതിന് ശേഷവും ചെയ്യാന്‍ സാധിക്കുകയില്ല.പേര് കൊണ്ട് മുസ്ലിമായവരുടെ കാര്യമല്ല ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത്.അത്തരം പുഴുക്കുത്തുകള്‍ എല്ലാ മതത്തിലും ഉണ്ട്.കറകളഞ്ഞ വിശ്വാസിക്ക് മാത്രമേ വ്രതം അനുഷ്ഠിക്കാനും സാധിക്കൂ.അയാള്‍ക്കേ സ്വന്തം മനസ്സിനെ നിയന്ത്രിക്കാനും സാധിക്കൂ.

വാല്‍: ആത്മ സംയമനത്തിന്റെ മാര്‍ഗ്ഗമയാണ് ഉപവാസ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.നിര്‍ഭാഗ്യവശാല്‍ അനുയായികള്‍ അത് വിസ്മരിക്കപ്പെടുന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

കറകളഞ്ഞ വിശ്വാസിക്ക് മാത്രമേ വ്രതം അനുഷ്ഠിക്കാനും സാധിക്കൂ.അയാള്‍ക്കേ സ്വന്തം മനസ്സിനെ നിയന്ത്രിക്കാനും സാധിക്കൂ.

Post a Comment

നന്ദി....വീണ്ടും വരിക