Pages

Saturday, June 18, 2011

പരുഷരായ പുരുഷന്മാര്‍

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ മൂത്താപ്പയുടെ വീട്ടിലെ വേലക്കാരിയായി നിന്നിരുന്ന പെണ്‍കുട്ടിയ്യായിരുന്നു വസന്ത.എന്റെ അതേ പ്രായം അല്ലെങ്കില്‍ എന്നെക്കാളും പ്രായം കുറവ് ആയിരിക്കും അവള്‍ക്ക്.അക്കാലത്ത് വെള്ളത്തിന് ഞങ്ങള്‍ക്ക് നല്ല ക്ഷാമം ആയിരുന്നു.അതിരാവിലെ പൊതുപൈപ്പിനടുത്ത് പാത്രങ്ങളുമായി ചെന്നാല്‍ തിരക്കില്ലാതെ വെള്ളം പിടിക്കാം.ബാപ്പ പുലര്‍ച്ചെ നാലര മണിക്കേ ഞങ്ങളെ ഇതിനായി വിളിച്ചുണര്‍ത്തും.അല്പം വൈകിയാല്‍ ഞങ്ങള്‍ക്ക് ശണ്ഠ കൂടേണ്ടത് വസന്തയുമായിട്ടാണ്.പലപ്പോഴും തര്‍ക്കം ഉണ്ടാകും, അത് അപ്പോള്‍ തന്നെ തീരുകയും ചെയ്യും.

ഞാന്‍ പത്തിലോ അതോ പ്രീഡിഗ്രിക്കോ പഠിക്കുമ്പോള്‍ കല്ല്യാണം കഴിഞ്ഞ് വസന്ത ഞങ്ങളുടെ കോളനി വിട്ടു.മൂത്താപ്പയുടെ വീട്ടില്‍ വസന്തയുടെ അനിയത്തി ശാന്ത പകരക്കാരിയായി എത്തി.ശാന്തയും കല്യാണം കഴിഞ്ഞ് എങ്ങോട്ടോ പോയി.എന്റെ ബാപ്പ മരിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂത്താപ്പ മരിച്ചു.

ഇന്ന്, വസന്ത ചെറിയ ഒരു കുട്ടിയേയും എടുത്ത് മൂത്താപ്പയുടെ വീട്ടില്‍ വന്നു.സൌഹൃദ സന്ദര്‍ശനത്തിനായി എന്റെ വീട്ടിലും വന്നു.ഞാന്‍ എന്റെ ചെറിയ മോളുടെ പേര് ,സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്താനായി മഞ്ചേരിയില്‍ പോയതായിരുന്നു.തിരിച്ചു വന്നപ്പോള്‍ ഭാര്യയാണ് വസന്ത വന്ന വിവരം പറഞ്ഞത്.

വസന്തക്ക് ഇപ്പോള്‍ ഈ ഒരു വയസ്സുകാരന്‍ അടക്കം ആറ് മക്കള്‍.പക്ഷേ കൂടെയുള്ളത് ഈ പിഞ്ചുപൈതല്‍ മാത്രം.ബാക്കി അഞ്ചു പേരും അച്ഛന്റെ കൂടെ പാലക്കാട്ട്.കുട്ടികളുടെ അച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പ് വസന്തയെ വീട്ടിലേക്ക് പറഞ്ഞയച്ചതാണ്.വെറുതെയല്ല - തിരിച്ചു വരുമ്പോള്‍ നാല് ലക്ഷവും കൊണ്ട് വന്നാല്‍ മതി എന്ന നിബന്ധനയോടെ!അതുവരെ മറ്റു മക്കളുമായി ബന്ധപ്പെടരുത്.അതായത് ആ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും പാടില്ല പോലും.മൂത്ത മകന്‍ സ്വര്‍ണ്ണപ്പണി പഠിക്കാന്‍ പോകുന്നതിനാല്‍ അവന്‍ പുറത്ത് നിന്നും വിളിക്കും.അങ്ങനെ ഈ അമ്മ ആ മക്കളുടെ വിവരങ്ങള്‍ അറിയുന്നു.

തിരിച്ച് ആ വീട്ടിലേക്ക് തന്നെ ചെന്ന് സ്വന്തം മക്കളുടേയും ഭര്‍ത്താവിന്റേയും കൂടെ കഴിയണം എന്ന ആഗ്രഹം ഉള്ളതിനാല്‍ വസന്തക്ക് കേസിനും കുണ്ടാമണ്ടിക്കും പോകാന്‍ താല്പര്യമില്ല.അതിനുള്ള ത്രാണിയും ഇല്ല.അതിനാല്‍ എങ്ങനെയെങ്കിലും ഈ സംഖ്യ ഉണ്ടാക്കികൊടുക്കാന്‍ ഈ പാവം സ്ത്രീ പാടുപെട്ടു കൊണ്ടിരിക്കുന്നു.നമ്മുടെ ശ്രദ്ധയില്‍ പെടാത്ത എത്രയോ വസന്തമാര്‍ നമുക്ക് ചുറ്റും ഇതേ പോലെ ജീവിതം തള്ളി നീക്കുന്നുണ്ടാകും.ഇത്രയും പരുഷരായ പുരുഷന്മാര്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

വാല്‍: കുടുംബജീവിതം ഒരു അഡ്ജസ്റ്റ്മെന്റാണ്.ഭാര്യയും ഭര്‍ത്താവും ചില വിട്ടുവീഴ്ചകള്‍ ചെയ്യുന്നില്ല എങ്കില്‍ അത് ദുരിത പൂര്‍ണ്ണമാകും.

7 comments:

Areekkodan | അരീക്കോടന്‍ said...

നമ്മുടെ ശ്രദ്ധയില്‍ പെടാത്ത എത്രയോ വസന്തമാര്‍ നമുക്ക് ചുറ്റും ഇതേ പോലെ ജീവിതം തള്ളി നീക്കുന്നുണ്ടാകും.ഇത്രയും പരുഷരായ പുരുഷന്മാര്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

Unknown said...

ലജ്ജയല്ല ..മജ്ജയാണ് വേണ്ടത്..പ്രതികരിക്കാന്‍.....

keraladasanunni said...

വസന്തയുടെ കാര്യം തികച്ചും സങ്കടം തന്നെ.

- സോണി - said...

അത്രയും വര്‍ഷങ്ങള്‍ അയാള്‍ക്കും മക്കള്‍ക്കും വേണ്ടി ജീവിച്ച ആ സ്ത്രീയ്ക്ക് കിട്ടിയ പ്രതിഫലം! പെറ്റുവളര്‍ത്തിയ മക്കള്‍ അവരുടെ ആരുമെല്ലെന്നോ? അവരെ നോക്കിയതിന് അവര്‍ക്കെന്തു കൊടുത്തു അയാള്‍?

ponmalakkaran | പൊന്മളക്കാരന്‍ said...

ഹാ... കഷ്ടം.!!

ഷബീര്‍ - തിരിച്ചിലാന്‍ said...

അവനെയൊക്കെ തെരണ്ടിവാലുകൊണ്ട് അടിക്കണം.. ഹല്ല.. പിന്നെ..

Areekkodan | അരീക്കോടന്‍ said...

അളിയാ...പ്രതികരിക്കാന്‍ അവര്‍ക്ക് ഈ അവസ്ഥയില്‍ നിര്‍വ്വാഹമില്ല.അതിനാല്‍ നമുക്കും ആ വിധത്തില്‍ ഇടപെടാന്‍ പറ്റുന്നില്ല.

ദാസനുണ്ണിയേട്ടാ...അതെ,ഈ പിതൃദിനത്തില്‍ ഒരു പിതാവിന്റെ ക്രൂരകൃത്യങ്ങള്‍.

സോണി...ചോദ്യങ്ങള്‍ പലതും നമ്മുടെ മനസ്സില്‍ ഉരുണ്ടുകൂടുന്നു.പക്ഷേ ആരോട് ചോദിക്കാന്‍ ?

പൊന്മളക്കാരാ...അതെന്നെ

ഷബീര്‍...തെരണ്ടിയും അയാളേയും ഒരുമിച്ച് കിട്ടിയാല്‍ നമുക്ക് ശ്രമിക്കാം.

Post a Comment

നന്ദി....വീണ്ടും വരിക