Pages

Thursday, June 30, 2011

ബാപ്പയും ഒരു ഒരു പൊതി കല്‍കണ്ടവും.

“ഞമ്മള്ക്ക് എളാപ്പന്റട്ത്ത് പോയി നോക്കാ...” ഞാന് ഒരു പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രി കാലത്തിലൂടെ കടന്ന് പോകുമ്പോള് പലപ്പോഴും അയല്പക്കത്തെ കുട്ടികളില് നിന്നും ഞാന് കേള്ക്കാറുള്ള ഒരു സംഭാഷണം.

“എളാപ്പന്റട്ത്ത് പോയ്ക്കോളി....” അതേ കുട്ടികളുടെ ഉമ്മമാരും വല്യുമ്മമാരും കുട്ടികളോട് പറയുന്നതും അതു തന്നെ.

എന്റെ ഉമ്മയും അവരുടെ ജേഷ്ടത്തിമാരും ആങ്ങളമാരും അടങ്ങുന്ന കുടുംബം ഒരു കോളനി ആയിട്ടായിരുന്നു താമസം.ഒരേ കൊമ്പൌണ്ടില് ആറ് വീടുകള്.അതുകൊണ്ട് തന്നെ എന്റെ കുട്ടിക്കാലം വളരെ വളരെ ഉല്ല്ലാസപ്രദമായിരുന്നു.മൂത്തുമ്മമാരുടേയും അമ്മാവന്മാരുടേയും മക്കളായി ഒരു പാട് പേര്.വൈകിട്ടും സ്ജ്കൂള് അവധി ദിനങ്ങളിലും കോളനി ഞങ്ങളുടെ കലപില കൊണ്ട് ശബ്ദമുഖരിതമായിരിക്കും.ടി.വിയും കമ്പ്യൂട്ടറും ഇംഗ്ലീഷ് മീഡിയവും കവരാത്ത ആ ബാല്യദിനങ്ങള് ഞങ്ങളുടെ തലമുറക്ക് ശേഷം ഇല്ലാതായി. മേല്പറഞ്ഞ സംഭാഷണം എന്റെ സഹകളിക്കാരായിരുന്ന എന്റെ മൂത്തുമ്മമാരുടേയും അമ്മാവന്മാരുടേയും മക്കളുടേതും അവരുടെ മക്കളുടേതും ആണ്.

ഈ എളാപ്പ മറ്റാരുമല്ല , എന്റെ പ്രിയപ്പെട്ട പിതാവ് തന്നെ.കോളനിയിലെ ഏറ്റവും ഇളയവള് എന്റെ ഉമ്മ ആയതിനാല് മറ്റുള്ളവര്ക്കെല്ലാം എന്റെ ഉമ്മ എളാമയാണ്.ബാപ്പ എളാപ്പയും.ഇതുകേട്ട് വളര്ന്ന അടുത്ത തലമുറയും അവരുടെ വല്ല്യുമ്മയുടെ പ്രായമുള്ള ഉമ്മയേയും ബാപ്പയേയും എളാമയും എളാപ്പയും ആക്കി.അതിന്നും അങ്ങനെ തന്നെ.

എന്റെ ബാപ്പക്ക് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.ഞങ്ങളെ മാത്രമല്ല, കോളനിയിലെ എല്ലാ മക്കളേയും ബാപ്പ സ്നേഹിച്ചു.കുട്ടികള് വീട്ടില് വന്നാല് അവര്ക്ക് എന്തെങ്കിലും കയ്യില് കൊടുക്കാന് ബാപ്പ കരുതി വച്ചിട്ടുണ്ടാകും.പക്ഷേ ഇന്നത്തെ പോലെ മിഠായി അല്ല.ബാപ്പയുടെ സ്റ്റോക്കില് ഉണ്ടാകുന്നത് ഈത്തപഴം,കല്കണ്ടം,കൊപ്ര തുടങ്ങിയവയായിരുന്നു.ഇതില് കല്കണ്ടം മിക്ക വീട്ടിലും കിട്ടാത്ത സാധനമായതിനാല് കുട്ടികള്ക്ക് വളരെ പ്രിയങ്കരവുമായിരുന്നു.ആ കല്കണ്ടം വാങ്ങാനാണ് “ഞമ്മള്ക്ക് എളാപ്പന്റട്ത്ത് പോയി നോക്കാ...” എന്ന് കുട്ടികള് പറഞ്ഞിരുന്നത്.കുട്ടികള് വീട്ടില് പ്രശ്നങ്ങള് ഉണ്ടാക്കുമ്പോള്, ബാപ്പയുടെ അടുത്ത് നിന്നും ഇതില് എന്തെങ്കിലും വാങ്ങിത്തിന്നാന് ഉമ്മമാര് പറഞ്ഞിരുന്നതായിരുന്നു “എളാപ്പന്റട്ത്ത് പോയ്ക്കോളി....”.

സ്നേഹനിധിയായ എന്റെ ബാപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്ഷം തികഞ്ഞു.ഇന്നലെ ബാപ്പയുടെ നാടായ കോഴിക്കോട് ജില്ലയിലെ നൊച്ചാട് എന്ന കുഗ്രാമത്തില് താമസിക്കുന്ന ബാപ്പയുടെ ജേഷ്ടനെ (എന്റെ മൂത്താപ്പ) സന്ദര്ശിച്ച് തിരിച്ച് അരീക്കോട്ടെത്തിയപ്പോള് ഞാനും വാങ്ങി - ഒരു വലിയ പൊതി കല്കണ്ടം.എന്റെ വീട്ടില് വരുന്ന എല്ലാ കുട്ടികള്ക്കും ആ ബാപ്പയുടെ സ്നേഹം കൈമാറാന് ഈ മകന്റെ ഒരു എളിയ ശ്രമത്തിനായി.

വാല്: പിതൃദിനവും മാതൃദിനവും കൊണ്ടാടുന്ന നമുക്ക്, നമ്മുടെ മാതാപിതാക്കള് തന്നുപോയ നല്ല ഗുണങ്ങള്‍ തലമുറകളിലേക്ക് കൈമാറാന്‍ സാധിച്ചിരുന്നുവെങ്കില്‍ ?

Saturday, June 25, 2011

‘ഈയെഴുത്ത്‘ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍!!!

“ഹലോ...ആബിദ് അരീക്കോടല്ലേ?” മൂന്ന് ദിവസം മുമ്പ് ഒരു പെണ്ണ് ഫോണില്‍ വിളീച്ചു ചോദിച്ചു.

“അതേ...ആരാ..?”

“ഇത് മഞ്ചേരി ഡി.ടി.ഡി.സി.യില്‍ നിന്നാ...ഒരു കൊറിയര്‍ ഉണ്ട്...”

“ഓ...ഞാന്‍ ഇപ്പോള്‍ കോഴിക്കോട് ആണല്ലോ...”

“നിങ്ങള്‍ നാളെ വന്ന് വാങ്ങിയാല്‍ മതി...”

“കൊറിയര്‍ എവിടുന്നാ എന്ന് പറഞ്ഞു തരുമോ?” അപ്രതീക്ഷിതമായ കൊറിയര്‍ വാര്‍ത്തയായതിനാല്‍ ഞാന്‍ ചോദിച്ചു.

“അത് അറിയില്ല.“

“ശരി...നിങ്ങള്‍ക്ക് അത് എത്ര ദിവസം കീപ് ചെയ്യാന്‍ പറ്റും...?”

“നിങ്ങള്‍ വരും എന്നുണ്ടെങ്കില്‍ മൂന്നോ നാലോ ദിവസം...”

“ഓ...എങ്കില്‍ ഞാന്‍ ശനിയാഴ്ച വരാം...”

ആ നിമിഷം മുതല്‍ ഞാന്‍ ചിന്തയിലായിരുന്നു.പോണ്ടിച്ചേരി നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ വച്ച് പരിചയപ്പെട്ട കര്‍ണാടകയിലെ ഒരു സാറിനോട് കുറേ പച്ചക്കറി വിത്തുകള്‍ അയക്കാന്‍ പറഞ്ഞിരുന്നു.പക്ഷേ അദ്ദേഹത്തിന് ഞാന്‍ നല്‍കിയ അഡ്രസ് കോളേജിന്റേതായിരുന്നു.അപ്പോള്‍ അത് പച്ചക്കൊറിയര്‍ ആവാന്‍ സാധ്യതയില്ല.

ഒരാഴ്ച മുമ്പ് റീഡേഴ്സ് ഡൈജസ്റ്റില്‍ നിന്നും കോടിപതി ആകാനുള്ള ഒരു ഓഫര്‍ വന്നിരുന്നു.ഒപ്പം ഒരു കാറും(ഫോട്ടോ മാത്രം).അവരുടെ ഒരു ലൊക്കട കമ്പ്യൂട്ടര്‍ ഉണ്ട്.അത് എന്നും എന്നെ ഫൈനലിസ്റ്റ് എന്‍‌ട്രി ആയി തെരഞ്ഞെടുക്കും.ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റൊജര്‍ ഫെഡറര്‍ എന്ന പോലെ എല്ലാ വര്‍ഷവും ഫൈനലില്‍ ഞാന്‍ തോല്‍ക്കും.എന്നാല്‍ ഒരു സാന്ത്വന സമ്മാനമെങ്കിലും തരുക, ആ പരിപാടിയേ ഇല്ല.ഇനി അവര്‍ക്ക് മനസ്സ് മാറി എന്നെ എങ്ങാനും തെരഞ്ഞെടുത്തോ?ഏയ്...കൊക്ക് എത്ര കുളം കണ്ടതാ?

ഞാന്‍ സ്ഥിരമായി ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു സൈറ്റ് ഉണ്ട്.അവിടെ ഇപ്പോള്‍ നമ്മള്‍ തന്നെയാണ് കുഞ്ഞാലിക്കുട്ടി അഥവാ പുലി.അവര്‍ ഇടക്കിടെ കട്ടന്‍ ചായയും പരിപ്പ് വടയും കഴിക്കാനുള്ള ചെക്കുകള്‍ അയച്ച് തരും.പക്ഷേ ഒരു ചെക്ക് രണ്ടാഴ്ച മുമ്പ് കിട്ടിയതാണ്.ഇത്ര പെട്ടെന്ന് ഒന്നു കൂടി???അതിന് വേറെ ‘ബഡ്‌ക്കൂസുകള്‍’ അതിന്റെ തലപ്പത്ത് വരേണ്ടി വരും.അപ്പോ അതും ആവാന്‍ വഴിയില്ല.

അളിയന്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഒരു ലാപ്‌ടോപ് കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നു.അളിയന്‍ വന്നിട്ട് ഒന്നര മാസമായെങ്കിലും ലാപ്‌ടോപ് ഗള്‍ഫില്‍ നിന്നും ടേകോഫ് ആയില്ല.ഇനി അതെങ്ങാനും ആരെങ്കിലും കുത്തിപൊക്കി കൊറിയര്‍ വഴി വിട്ടോ?അങ്ങനെയെങ്കില്‍ ഇപ്പോള്‍ നാട്ടിലുള്ള അളിയന്‍ ഒരു ‘ചിന്ന ബടായി’ എങ്കിലും പൊട്ടിക്കേണ്ടതല്ലേ?

കോഴിക്കോട് മുതല്‍ അരീക്കോട് വരെ ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാത്തതിനാല്‍ വീട്ടില്‍ വന്ന ഉടനെ ഞാന്‍ ഭാര്യയോട് തട്ടിക്കയറി.

“ഓരോരുത്തര് ഓരോ സാധനം അയക്കും , മനുഷ്യനെ മെനക്കെടുത്താന്‍.നിന്റെ താത്തയോട് ഗള്‍ഫില്‍ നിന്നും ഇനി ഒരു കുന്ത്രാണ്ടവും അയക്കേണ്ട എന്ന് പറഞ്ഞേക്കണം.കുറേ ചോക്ക്ലേറ്റും കുട്ടിക്ക് അപ്പി ഇടാനുള്ള മറ്റേ സാധനവും , ഈ നാട്ടില്‍ ഒന്നും കിട്ടാത്തതല്ലേ...എന്നിട്ട് അത് മഞ്ചേരിയിലോ കോഴിക്കോടോ പോയി ഞാന്‍ തൂക്കി എടുക്കണം...”

ഭാര്യ ആകെ ചക്കമടല്‍ തിന്ന പശുവിനെപ്പോലെ അന്താളിച്ചു നിന്നു.

മൂന്ന് ദിവസമായി എന്നെ വേട്ടയാടിയ ആ ‘ഒലക്കേടെ മൂട്’ എടുക്കാന്‍ ഞാന്‍ ഇന്ന് മഞ്ചേരിയില്‍ പോയി.ഇപ്പറഞ്ഞ കൊറിയര്‍ സര്‍വീസിന്റെ ഓഫീസിന്റെ സ്ഥാനം അവര്‍ പറഞ്ഞ് തന്നത് ബീവറേജ് ഷോപ്പിന്റെ അടുത്ത് എന്നും!കസ്റ്റമറെ പറ്റി നല്ല ധാരണയുള്ള കൊറിയറുകാരന്‍!!കോരിച്ചൊരിയുന്ന മഴയത്ത് ഓഫീസ് തേടിപ്പിടിച്ച് കോരിയര്‍ ഞാന്‍ ഏറ്റുവാങ്ങി - അത് ‘ഈയെഴുത്ത്‘ എന്ന ബ്ലോഗ് സോവനീര്‍ ആയിരുന്നു!

നേരെ ചോവ്വേ സ്പീഡ് പോസ്റ്റിലോ അല്ലെങ്കില്‍ എല്ലാ നാട്ടിലും സര്‍വ്വീസ് ഉള്ള മറ്റേതെങ്കിലും കൊറിയര്‍ സര്‍വ്വീസിലോ അയച്ചിരുന്നെങ്കില്‍ എനിക്ക് ഇത്രയും ദിവസം ചിന്താവിഷ്ടയായ ശ്യാമള ആകേണ്ടിയിരുന്നില്ല എന്ന് അപ്പോള്‍ തോന്നി.തിരിച്ച് ബസ്സില്‍ കയറിയ ഉടന്‍ ഞാന്‍ മുഴുവന്‍ പേജും ഓടിച്ചു നോക്കി.
“ങേ!!!! എന്റെ സൃഷ്ടിയും ഇല്ല“.

ബസ്സിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടിരുന്നതിനാല്‍ അരീക്കോട് മഞ്ചേരി റോഡില്‍ അനാഥമായി മഴ നനഞ്ഞ് കിടക്കാതെ ‘ഈയെഴുത്ത്‘ എന്റെ വീട്ടിലെത്തി.ബാക്കി ഇനി അത് വായിച്ചതിന് ശേഷം പറയാം.

Friday, June 24, 2011

ലോക ലഹരി വിരുദ്ധ ദിന ചിന്ത.

ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു.കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് ആല്‍ക്കഹോലിക് അനോണിമസ് എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഒരു ഫലപ്രദമായ ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു.ഇപ്രാവശ്യം കോളേജിലെ ക്ലാസ്സുകള്‍ പലതും സസ്പെന്റ് ചെയ്യപ്പെട്ട് നില്‍ക്കുന്നതിനാലും പ്രസ്തുത ദിനം ഞായറാഴ്ച ആയതിനാലും കോളേജില്‍ പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല.

ലഹരി നമ്മുടെ സമൂഹത്തില്‍ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഒരു തിന്മയാണ്.പാന്മസാലയില്‍ തുടങ്ങി വന്‍‌കിട വിദേശമദ്യങ്ങളിലും കഞ്ചാവുകളിലും മറ്റ് മയക്ക് മരുന്നുകളിലും എത്തിച്ചേര്‍ന്ന നിരവധി സംഭവങ്ങള്‍ നമ്മില്‍ പലര്‍ക്കും അറിയുന്നതാണ്.എന്റെ നാട്ടില്‍ തന്നെ മുഴുക്കുടിയനായ ഒരാളുടെ മകന്‍ ടൌണിലെ ഒരു കെട്ടിടത്തിന് മുകളില്‍ മയക്ക് മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍ കാണപ്പെട്ടത് ഈ അടുത്ത വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

യുവാക്കള്‍ എന്തുകൊണ്ട് ഈ ലഹരിക്ക് പിന്നാലെ പോകുന്നു?ഇത്തരം ദുരാചാരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇത്രയും വ്യാപിക്കാന്‍ കാരണമെന്ത്?നമ്മുടെ മക്കളേയും അടുത്ത തലമുറയേയും എങ്ങനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാം?

ഈ ലഹരി വിരുദ്ധദിനത്തില്‍ എങ്കിലും നമുക്ക് ഒരുമിച്ച് ഒരു ശബ്ദമുയര്‍ത്തിക്കൂടേ?നാം ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്നും പിന്മാറാനുള്ള ഒരു എളിയ ശ്രമം നമുക്ക് വേണ്ടിയും നമ്മുടെ കുടുംബത്തിന് വേണ്ടിയും നടത്തിക്കൂടേ?ആരും ശ്രദ്ധിക്കാതെ വഴിയരികില്‍ ഒരു അനാഥ-അജ്ഞാത മൃതദേഹമായി നാം മാറേണ്ടതുണ്ടോ?ചിന്തിക്കുക.

ലഹരി വിരുദ്ധ പരിപാടികളെ അവലംബിച്ചുകൊണ്ടുള്ള ഷോര്‍ട്ട് ഫിലിമോ തെരുവ് നാടകമോ മറ്റെന്തെങ്കിലും കലാരൂപമോ കയ്യിലുള്ളവര്‍ അതിവിടെ ഷെയര്‍ ചെയ്താല്‍ വളരെ ഉപകാരമായിരുന്നു.ഒരല്പം ജനങ്ങളെയെങ്കിലും ഈ വിപത്തില്‍ നിന്നും രക്ഷിക്കാനായാല്‍ ചില കുടുംബങ്ങള്‍ എങ്കിലും രക്ഷപ്പെടുമല്ലോ?

വാല്‍:ഇരുപതോ ഇരുപ്പത്തഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഉമ്മയുടെ തറവാടിന് മുമ്പില്‍ ഉണ്ടായിരുന്ന ഒരു കള്ള്ഷോപ്പിനെതിരെ ഞങ്ങള്‍ നയിച്ച സമരം ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു.അന്ന് പൂട്ടിപ്പോയ ആ ഷോപ്പ് പിന്നെ ആ പരിസരത്തൊന്നും തിരിച്ചെത്തിയില്ല.

Thursday, June 23, 2011

കാക്കയില്ലാ ദ്വീപിന്റെ കഥ - ലക്ഷദ്വീപ് യാത്ര ഭാഗം 12

കഥ ഇതുവരെ

ശംഖും പവിഴപുറ്റും കൂടി കയ്യില്‍ പിടിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു എന്റെയടുത്ത്.മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.25000 രൂപ വരെ ലോട്ടറി അടിക്കാനും 6 മാസം വരെ ഗോതമ്പ് ഉണ്ട തിന്നാനും ഭാഗ്യം ലഭിച്ചേക്കാവുന്ന ഒരു മഹത്കൃത്യമായിരുന്നു ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് എന്ന് പിറ്റേന്നാണ് ഞങ്ങള്‍ അറിഞ്ഞത്!എന്നാലും ‘ജമാല്‍ ക ദോസ്ത്’ എന്ന പിടിവള്ളി എല്ലാവര്‍ക്കും അസാമാന്യ ധൈര്യം നല്‍കി.

“ഇനി അല്പം വിശ്രമിക്കാം..” ജമാലും സംഘവും ഒരു ഒഴിഞ്ഞ സ്ഥലത്തിരിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു.

“ങാ....ആ കഥയും കേള്‍ക്കാം...” ഞാന്‍ തന്നെ കഥയുടെ വിഷയം എടുത്തിട്ടു.

“ആ കഥ പറയാം...എല്ലാവരും ഇരിക്കൂ...” ജമാല്‍ പറഞ്ഞു.

“ഫിന്ന കൌല കെസ്സ?” ഹിദായത്ത് മാഷ് ജമാലിന്റെ നേരെ ചോദിച്ചത് കേട്ട് ഞങ്ങള്‍ വാ പൊളിച്ചു.

“ലാ ബീല ഫീ...” ജമാലിന്റെ മറുപടിക്കും ഞങ്ങളുടെ പൊളിഞ്ഞ വായ അടക്കാന്‍ കഴിഞ്ഞില്ല.

“ഓകെ...കേട്ടോളൂ...” ഹിദായത്ത് മാഷ് കഥ പറയാന്‍ വേണ്ടി കണ്ഠം ശുദ്ധീകരിച്ചു.ഞങ്ങള്‍ കാതും ശുദ്ധീകരിച്ചു.

“ഒരിക്കല്‍ കരയില്‍ നിന്നും ഒരു വലിയ മൌലവി ദ്വീപിലേക്ക് വന്നു...മൌലവീന്ന് പറഞ്ഞാല്‍ മതപുരോഹിതന്‍....” രാജേന്ദ്രന്‍ മാഷും ഹരീന്ദ്രന്‍ മാഷും അന്യോന്യം നോക്കുന്നത് കണ്ടപ്പോള്‍ ഹിദായത്ത് മാഷ് വിശദീകരിച്ചു.

“ഏത് വകുപ്പില്‍ പെട്ട മൌലവിയാ? ആണ്ടിറച്ചി തിന്ന്‌ണതോ തിന്നാത്തതോ?” അബൂബക്കര്‍ മാഷ് സംശയവുമായി എണീറ്റു.

“ആ...അത് കഥേന്ന് മനസ്സിലാക്കുക...മൌലവിയുടെ താടിയും തലേക്കെട്ടും മുഖകാന്തിയും കണ്ട ജനങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടി...”

“തലേക്കെട്ട് ണ്ടെങ്കി അത് ഞമ്മളെ വകുപ്പ്‌ല് പെട്ടതാ...”അബൂബക്കര്‍ മാഷക്ക് സമാധാനമായി.

“അങ്ങനെ അദ്ദേഹം ജനങ്ങളോട് നല്ല നല്ല കാര്യങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.മനുഷ്യന്‍ നന്നാകേണ്ടതിന്റെ ആവശ്യകതയും ദ്വീപില്‍ വസിക്കുമ്പോള്‍ പടച്ചവനെ അനുസരിക്കാതിരുന്നാല്‍ വന്നേക്കാവുന്ന ശിക്ഷയെക്കുറിച്ചും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചു...”

“അപ്പം മൂപ്പര്‍ക്ക് നല്ല പയ്പ്പ് (വിശപ്പ്) ണ്ടായ്‌നീന്ന് ചുര്ക്കം...” അബൂബക്കര്‍ മാഷ് വീണ്ടും വെടി പൊട്ടിച്ചു.ഞങ്ങള്‍ എല്ലാവരും ചിരിയടക്കി.

“അപ്പോഴാണ് എവിടെ നിന്നോ ഒരു കാക്ക മൌലവിയുടെ തലക്ക് മുകളിലെ മരക്കൊമ്പില്‍ പറന്നിരുന്നത്...”

“മോല്യാരെ ഒട്‌ക്കത്തെ വ‌അ‌ള് (മതപ്രസംഗം) പിരിച്ച് ബ്‌ടാനായിര്ക്കും...” അബൂബക്കര്‍ മാഷ് അനുഭവത്തില്‍ നിന്നും പറഞ്ഞു.

“ങാ...കാക്ക വന്നിരുന്നതും ആസനം വികസിപ്പിച്ചതും മൂലധനം നിക്ഷേപിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു!മൌലവിയുടെ മൂക്കിന്റെ മുകളില്‍, ഇന്ത്യയുടെ മൂട്ടില്‍ ശ്രീലങ്ക കിടക്കുന്നപോലെ കാക്ക കാഷ്ഠം !”

“കഷ്ടം...കാക്കക്കും അറിയാം കറക്ട് കക്കൂസ്...” ഇത്തവണ ഡയലോഗ് വിട്ടത് റെജു ആയിരുന്നു.

“ഫ...ഹിമാറെ!!!” ശാന്തനായ ഹിദായത്ത് മാഷ് ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും റെജുവിനെ നോക്കി.

“ഏയ്...നിങ്ങളെയല്ല പറഞ്ഞത്...മൌലവി കാക്കയെ ശപിച്ചതാ...നിന്റെ കുലം മുടിയട്ടെ...”

“ങേ...കാക്കക്കും കുലയോ ?” അബൂബക്കര്‍ മാഷക്ക് മനസ്സിലായില്ല.

“കുലയല്ല...കുലം...കുടുംബം...അങ്ങനെ ആ കാക്കയെ അപ്പോള്‍ തന്നെ ഒരു പരുന്ത് റാഞ്ചിക്കൊണ്ടുപോയി... പിന്നീട് ദ്വീപില്‍ ഒരു കാക്കയും വന്നില്ല...”

‘കാക്കാമാരുള്ളിടത്ത് പിന്നെ കാക്ക എന്തിനാ’ അബൂബക്കര്‍ മാഷുടെ ആത്മഗതം പുറത്തുചാടി.

“അങ്ങനെയാണ് ദ്വീപില്‍ കാക്ക ഇല്ലാതായത്...ഇനി അതാ അങ്ങോട്ട് നോക്കൂ...ദ്വീപിലെ സൂര്യാസ്തമയം...” ചെഞ്ചായം പൂശിയ ആകാശത്തില്‍ ,വൃന്ദ കാരാട്ടിന്റെ നെറ്റിയില്‍ കാണുന്നപോലെ ഒരു ചുവന്ന പൊട്ട് ആയി സൂര്യന്‍ മാറിക്കഴിഞ്ഞിരുന്നു.

“ഇന്നത്തെ സൂര്യന്‍ രക്ത്സാക്ഷിത്വം വഹിക്കാന്‍ പോകുന്നു.ആകാശം നിറയെ ചോര ചിന്തി അവന്‍ വീരമൃത്യു വരിക്കാന്‍ പോകുന്നു...” ശിവദാസന്‍ മാഷുടെ വിപ്ലവചിന്തകള്‍ അണപൊട്ടാന്‍ തുടങ്ങി.

“അങ്ങനെ ദ്വീപില്‍ നമ്മുടെ ആദ്യരാത്രി ആരംഭിക്കുന്നു...” ആരോ ഒരുള്‍പുള‍കത്തോടെ തട്ടിവിട്ടു.

“അപ്പൊള്‍ നാളത്തെ പ്രോഗ്രാം ?” ഹേമചന്ദ്രന്‍ സാറിന് അടുത്ത ദിവസത്തെ പരിപാടികള്‍ അറിയാന്‍ തിടുക്കമായി.

“അത് നമുക്ക് റൂമിലെത്തി ഒന്ന് ഫ്രഷായിട്ട് ബീച്ചില്‍ ഇരുന്ന് സംസാരിക്കാം...” ജമാലിന്റെ നിര്‍ദ്ദേശം ഞങ്ങള്‍ക്കെല്ലാവര്‍ക്കും സ്വീകാര്യമായി.

തിരിച്ച് ഞങ്ങള്‍ പുഷ്പകവിമാനത്തില്‍ തന്നെ റൂമിലെത്തി.ഇത്രയും നേരം ഞങ്ങളെ സഹിച്ചതിന് സോറി വഹിച്ചതിന് 200 രൂപ കൂലിയും വാങ്ങി ഞങ്ങളുടെ പുഷ്പകവിമാനം ടേക്കോഫ് ചെയ്തു.എല്ലാവരും പെട്ടെന്ന് തന്നെ ഫ്രെഷായി വീണ്ടും തൊട്ടുമുന്നിലുള്ള ബീച്ചിന്റെ പാര്‍ശ്വഭിത്തിയില്‍ ഇരുന്നു.അറബിക്കടലിലെ മന്ദമാരുതികള്‍ ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു.അല്പസ്ക്കമയത്തിനകം ജമാലും എത്തി.

“അപ്പോ നാളെ ഒരു 9 മണിക്ക് നമുക്കിറങ്ങാം...തെക്ക് ഭാഗത്ത് വാട്ടര്‍ സ്പോട്സ് സെന്റര്‍ കാണാം.ഗ്ലാസ് ബോട്ടം ബോട്ടും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്...”

“ങേ!അതെന്തിനാ ഗ്ലാസ് പൊട്ടും ബോട്ട് ?” നീന്തല്‍ അറിയാത്ത ആരോ ഒരാള്‍ പേടിയോടെ ചോദിച്ചു.

“ഗ്ലാസ് പൊട്ടും ബോട്ടല്ല...ഗ്ലാസ് ബോട്ടം ബോട്ട്...കടലിനടിയിലെ പവിഴപുറ്റുകള്‍ കാണാന്‍....ഒരു കിലോമീറ്റര്‍ കടലിനുള്ളിലേക്ക് പോകും...അതുകഴിഞ്ഞ് മതിവരുവോളം കടലില്‍ മുങ്ങിക്കുളിക്കാം...ബര്‍മുഡ ഉണ്ടെങ്കില്‍ കരുതിക്കോളണം...” ജമാല്‍ പറഞ്ഞു.

“ഓ.കെ...ഞങ്ങള്‍ റെഡി!!”

(തുടരും...)

Wednesday, June 22, 2011

എന്റെ ശശിയേട്ടന്‍ മരിച്ചു .

കൂടുതല്‍ ആഗ്രഹങ്ങള്‍ ഒന്നും ബാക്കി വയ്ക്കാതെ എന്റെ ശശിയേട്ടന്‍ ഇന്നലെ രാത്രി 8 മണിക്ക് ഈ ലോകത്തോട്‌ വിട പറഞ്ഞു.ശശിയേട്ടന്റെ ആഗ്രഹപ്രകാരം, പുതിയതായി പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍ ഒരു ആഴ്ച താമസിക്കാന്‍ അദ്ദേഹത്തിന് ദൈവം അവധി നല്‍കി.

ഇന്ന് ഞാന്‍ കണ്ട ചേതനയറ്റ ആ ശരീരം എന്റെ ശശിയേട്ടന്റേത് തന്നെയോ എന്ന് പോലും ഞാന്‍ സംശയിച്ചു.ആ ശരീരം അത്രയും എല്ലും തോലുമായി മാറിയിരുന്നു.അപ്പോള്‍ എത്ര വേദന ആ പാവം സഹിച്ചിട്ടുണ്ടാകും?

എന്റെ ശശിയേട്ടന് വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായം എത്തിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Sunday, June 19, 2011

ഒരു ശംഖ് കടി - ലക്ഷദ്വീപ് യാത്ര ഭാഗം 11

കഥ ഇതുവരെ

“ജമാലേ...ഇനി മുതലുള്ള ഭക്ഷണം നീ ഒരു ഹോട്ടലില്‍ ഏല്‍പ്പിക്കണം...” ഈ ടീം അത്താഴം കൂടി കഴിച്ചാല്‍ ജമാലിന്റെ പുതിയ പുരയുടെ അടിത്തറ കാണുമോ എന്ന ഭയത്താല്‍ ഞാന്‍ പറഞ്ഞു.ജമാലും അത് കേട്ട പാടേ സ്വീകരിച്ചു.അപ്പോഴേക്കും പുറത്തൊരു ഹോണടി കേട്ടു.ഞാന്‍ ആകാംക്ഷയോടെ പുറത്തേക്ക് നോക്കി.
‘അതാ...മുറ്റത്തൊരു ശകടം.ഫസല്‍ മോന്‍ എന്ന ഒന്നാംതരം ഗുഡ്‌സ് ഓട്ടോ...’

“ഓ...നമ്മുടെ വണ്ടി എത്തി...രണ്ടു പേര്‍ക്ക് മുമ്പില്‍ ഡ്രൈവറുടെ അടുത്ത് ഇരിക്കാം...ബാക്കിയുള്ളവര്‍ പിന്നില്‍ കയറിക്കോളൂ..” ജമാല്‍ പറഞ്ഞു.

“ചേരയെ തിന്നുന്ന നാട്ടില്‍ ചേരയുടെ നടുക്കഷ്ണം തന്നെ തിന്നുക എന്ന്‌ പറഞ്ഞ പോലെ ഗുഡ്‌സ് ഓട്ടോയില്‍ നാട് ചുറ്റുന്ന നാട്ടില്‍ അതിന്റെ പുറത്ത് തന്നെ കയറുക “ വണ്ടിയിലേക്ക് ചാടിക്കയറി അബൂബക്കര്‍ മാഷ് പ്രഖ്യാപിച്ചു.

“ജമാലേ..നീ വരുന്നില്ലേ?” വണ്ടിയില്‍ സ്ഥലമില്ലെങ്കിലും ഞങ്ങള്‍ക്ക് സ്ഥലമറിയാത്തതിനാല്‍ ഞാന്‍ ജമാലിനെ ക്ഷണിച്ചു.

“ഞാനും ടീമും ബൈക്കില്‍ അങ്ങോട്ട് എത്താം...നിങ്ങള്‍ വിട്ടോളൂ...”

“ഫസല്‍ മോനേ...വിട്ടോടാ...” ആരോ കമന്റിയതും കടമത്ത് ദ്വീപിന്റെ ഒരു വാഹനം മാത്രം കടന്നുപോകാന്‍ വീതിയുള്ള രാജവീഥിയിലൂടെ ഞങ്ങളുടെ പുഷ്പക വിമാനം പറന്നു.റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പുകളും തെങ്ങോലകളും ഇടക്കിടെ ഞങ്ങളുടെ തലയെ തഴുകിക്കൊണ്ടിരുന്നു.ഞാനും സതീശന്‍ മാഷും ഈ തഴുകലിനെ അല്പം പേടിച്ചു.അരമണിക്കൂറിനകം ഞങ്ങള്‍ കടമത്ത് ദ്വീപിന്റെ വടക്കേ അറ്റത്ത് എത്തി.ഇന്ത്യയുടെ മാപ്പില്‍ കാണുന്നപോലെ മൂന്ന് ഭാഗവും കടല്‍ മാത്രം!

അല്പസമയത്തിനകം ജമാലും സംഘവും എത്തി.ഞങ്ങള്‍ പുഷ്പക വിമാനത്തില്‍ നിന്ന് താഴെയിറങ്ങി.ജമാലും മുല്ലക്കിടാവും ഹിദായത്ത് മാഷും തെളിച്ച വഴിയേ ഞങ്ങളും നീങ്ങി.കടല്‍തീരത്ത് പച്ചനിറത്തിലുള്ള കുറേ കല്ലുകള്‍ പോലെയുള്ള വസ്തുക്കള്‍ കണ്ട അബൂബക്കര്‍ മാഷ് ചോദിച്ചു -
“ഇതെന്താ, കരിങ്കല്ലിന് പകരം പച്ചക്കല്ല്? ഇബടേം മുസ്ലീം ലീഗ് ആണോ ഭരണത്തില്‍”

“അത് പച്ചക്കല്ലല്ല...പവിഴപുറ്റില്‍ പായല്‍ പിടിച്ചതാ...”

“ങേ!!പവിഴപുറ്റോ..?” പവിഴപുറ്റ് എന്ന് കേട്ടതോടെ എല്ലാവരും അങ്ങോട്ട് ഓടാനാഞ്ഞു.

“നില്‍ക്ക്...നില്‍ക്ക്...പവിഴപുറ്റ് എടുത്ത് കൊണ്ടുപോകാന്‍ പാടില്ല...അത്യാവശ്യത്തിന് അല്പം മാത്രം ഒരു കൌതുകത്തിന് ശേഖരിക്കാം...”
റെജു അപ്പോഴേക്കും അഞ്ചാറ് കിലോ തൂക്കമുള്ള മനോഹരമായ ഒരു പവിഴപുറ്റ് കൈവശപ്പെടുത്തിയിരുന്നു.

“ഒരു കാര്യം പറയാന്‍ വിട്ടുപോയി.കളക്ഷന് മുമ്പ് ഒരു തേങ്ങ ഉടയ്ക്കണം...” ഹിദായത്ത് മാഷ് പറഞ്ഞു.

“ങേ...തേങ്ങ ഒടക്കുന്നത് അമ്പലത്തിലല്ലേ?ഈ മുസ്ലിംങ്ങള്‍ മാത്രമുള്ള നാട്ടിലും തേങ്ങ ഒടക്കുകയോ...” അബൂബക്കര്‍ മാഷ് വീണ്ടും സംശയം ഉന്നയിച്ചു.

“അതേ...വ്യത്യാസം ഇത്ര മാത്രം.ഇവിടെ ഉടക്കുന്ന തേങ്ങ ഉടക്കുന്നവര്‍ക്ക് തന്നെ തിന്നാം.തിന്നിട്ട് നമുക്ക് തുടങ്ങാം...”

“ങാ, അത് നല്ല പരിപാടിയാ...” ഞങ്ങള്‍ എല്ലാവരും പിന്താങ്ങി.

അപ്പോഴേക്കും മുല്ലക്കിടാവ് എവിടുന്നോ ഒരു തേങ്ങ താങ്ങിക്കൊണ്ടു വന്നു.രണ്ട് പവിഴപ്പുറ്റുകളുടെ മേലെ അത് കുത്തനെ വച്ചു.ഹിദായത്ത് മാഷ് അത്യാവശ്യം വലിയ ഒരു പവിഴപ്പുറ്റ് എടുത്തു.തേങ്ങയുടെ ഉറപ്പില്‍ പവിഴപ്പുറ്റ് തവിടുപൊടിയാകും എന്നായിരുന്നു ഞങ്ങളുടെ മുഴുവന്‍ ധാരണ.ഹിദായത്ത് മാഷ് ആ പവിഴപ്പുറ്റ് തേങ്ങയുടെ മേലേക്ക് ഇട്ടു.ജമാല്‍ തേങ്ങ നേരെ വച്ചു.ഇത്തവണ മുല്ലക്കിടാവ് പവിഴപ്പുറ്റ് തേങ്ങാപ്പുറത്തിട്ടു.ഹിദായത്ത് മാഷ് തേങ്ങ വീണ്ടും നേരെയാക്കി.ജമാല്‍ പവിഴപ്പുറ്റ് എടുത്ത് തേങ്ങയിലിട്ടു.ശേഷം മൂന്ന് പേരും കൂടി മൂന്ന് ദിശയിലേക്ക് ഒരു വലി.തേങ്ങ പൊളിഞ്ഞു! പൊതിഞ്ഞ തേങ്ങ ഹിദായത്ത് മാഷ് ഒരു പവിഴപ്പുറ്റിന്റെ മേലെക്ക് ഒറ്റ ഏറ്‌.തേങ്ങ കഷ്ണങ്ങളായി ചിതറി.ഞങ്ങള്‍ അവ ശേഖരിച്ചു.അങ്ങനെ ആദ്യമായി എല്ലാവരും ദ്വീപിലെ തേങ്ങയുടെ മാധുര്യം നുകര്‍ന്നു.

ശേഷം എല്ലാവരും പവിഴപുറ്റ് ഖനനം ആരംഭിച്ചു.അല്പസമയത്തിനകം എന്റെ പാന്റിന്റെ രണ്ട് കീശയും അരീക്കോട്ടെ ബട്ടബു എന്ന ഭ്രാന്തന്‍ അബുവിന്റെ കീശ പോലെയായി.അബൂബക്കര്‍ മാഷുടെ ടവ്വലിന്റെ ആകൃതിയും മാറി.വേറെ രണ്ടു പേരുടേ വീര്‍ത്ത ഭാഗം പറയാന്‍ കൊള്ളത്തില്ല.

“ആഹ്!!!” പിന്നില്‍ നിന്നും ഒരലര്‍ച്ച കേട്ട് ഞങ്ങള്‍ എല്ലാവരും തിരിഞ്ഞ് നോക്കി.

“എന്തു പറ്റി?” ജമാല്‍ ഓടി എത്തി ചോദിച്ചു.

“എന്തോ കടിച്ചു...” അലറിയയാള്‍ പറഞ്ഞു.

“എവിടെ കാലിലാണോ?” ഞെണ്ട് ഇറുക്കും എന്നതിനാല്‍ ജമാല്‍ ചോദിച്ചു.

“അല്ല...അണ്ടിയില്‍...”

“എന്താ...അവിടെ ഇത്രയും വീര്‍ത്തിരിക്കുന്നത്?” ജമാലിന് സംശയമായി.

“അത് ശംഖാ...”

“ഓ...എങ്കില്‍ അതിനകത്തെ ജീവി നാറ്റം സഹിക്കാനാവാതെ ആക്രമിച്ചതാകും...”

“ങേ ജീവിയോ ?” കടിയേറ്റയാളുടെ ഒന്ന് നിന്ന് കുലുങ്ങി.ജെട്ടിക്കകത്ത് നിന്നും ശംഖുകള്‍ തുരുതുരാ വീഴാന്‍ തുടങ്ങി.അപകടം മനസ്സിലാക്കിയ ഞാനും എന്റെ പോക്കറ്റിലെ ശംഖുകള്‍ പുറത്തേക്കിട്ടു.

(തുടരും...)

Saturday, June 18, 2011

പരുഷരായ പുരുഷന്മാര്‍

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ മൂത്താപ്പയുടെ വീട്ടിലെ വേലക്കാരിയായി നിന്നിരുന്ന പെണ്‍കുട്ടിയ്യായിരുന്നു വസന്ത.എന്റെ അതേ പ്രായം അല്ലെങ്കില്‍ എന്നെക്കാളും പ്രായം കുറവ് ആയിരിക്കും അവള്‍ക്ക്.അക്കാലത്ത് വെള്ളത്തിന് ഞങ്ങള്‍ക്ക് നല്ല ക്ഷാമം ആയിരുന്നു.അതിരാവിലെ പൊതുപൈപ്പിനടുത്ത് പാത്രങ്ങളുമായി ചെന്നാല്‍ തിരക്കില്ലാതെ വെള്ളം പിടിക്കാം.ബാപ്പ പുലര്‍ച്ചെ നാലര മണിക്കേ ഞങ്ങളെ ഇതിനായി വിളിച്ചുണര്‍ത്തും.അല്പം വൈകിയാല്‍ ഞങ്ങള്‍ക്ക് ശണ്ഠ കൂടേണ്ടത് വസന്തയുമായിട്ടാണ്.പലപ്പോഴും തര്‍ക്കം ഉണ്ടാകും, അത് അപ്പോള്‍ തന്നെ തീരുകയും ചെയ്യും.

ഞാന്‍ പത്തിലോ അതോ പ്രീഡിഗ്രിക്കോ പഠിക്കുമ്പോള്‍ കല്ല്യാണം കഴിഞ്ഞ് വസന്ത ഞങ്ങളുടെ കോളനി വിട്ടു.മൂത്താപ്പയുടെ വീട്ടില്‍ വസന്തയുടെ അനിയത്തി ശാന്ത പകരക്കാരിയായി എത്തി.ശാന്തയും കല്യാണം കഴിഞ്ഞ് എങ്ങോട്ടോ പോയി.എന്റെ ബാപ്പ മരിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂത്താപ്പ മരിച്ചു.

ഇന്ന്, വസന്ത ചെറിയ ഒരു കുട്ടിയേയും എടുത്ത് മൂത്താപ്പയുടെ വീട്ടില്‍ വന്നു.സൌഹൃദ സന്ദര്‍ശനത്തിനായി എന്റെ വീട്ടിലും വന്നു.ഞാന്‍ എന്റെ ചെറിയ മോളുടെ പേര് ,സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്താനായി മഞ്ചേരിയില്‍ പോയതായിരുന്നു.തിരിച്ചു വന്നപ്പോള്‍ ഭാര്യയാണ് വസന്ത വന്ന വിവരം പറഞ്ഞത്.

വസന്തക്ക് ഇപ്പോള്‍ ഈ ഒരു വയസ്സുകാരന്‍ അടക്കം ആറ് മക്കള്‍.പക്ഷേ കൂടെയുള്ളത് ഈ പിഞ്ചുപൈതല്‍ മാത്രം.ബാക്കി അഞ്ചു പേരും അച്ഛന്റെ കൂടെ പാലക്കാട്ട്.കുട്ടികളുടെ അച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പ് വസന്തയെ വീട്ടിലേക്ക് പറഞ്ഞയച്ചതാണ്.വെറുതെയല്ല - തിരിച്ചു വരുമ്പോള്‍ നാല് ലക്ഷവും കൊണ്ട് വന്നാല്‍ മതി എന്ന നിബന്ധനയോടെ!അതുവരെ മറ്റു മക്കളുമായി ബന്ധപ്പെടരുത്.അതായത് ആ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും പാടില്ല പോലും.മൂത്ത മകന്‍ സ്വര്‍ണ്ണപ്പണി പഠിക്കാന്‍ പോകുന്നതിനാല്‍ അവന്‍ പുറത്ത് നിന്നും വിളിക്കും.അങ്ങനെ ഈ അമ്മ ആ മക്കളുടെ വിവരങ്ങള്‍ അറിയുന്നു.

തിരിച്ച് ആ വീട്ടിലേക്ക് തന്നെ ചെന്ന് സ്വന്തം മക്കളുടേയും ഭര്‍ത്താവിന്റേയും കൂടെ കഴിയണം എന്ന ആഗ്രഹം ഉള്ളതിനാല്‍ വസന്തക്ക് കേസിനും കുണ്ടാമണ്ടിക്കും പോകാന്‍ താല്പര്യമില്ല.അതിനുള്ള ത്രാണിയും ഇല്ല.അതിനാല്‍ എങ്ങനെയെങ്കിലും ഈ സംഖ്യ ഉണ്ടാക്കികൊടുക്കാന്‍ ഈ പാവം സ്ത്രീ പാടുപെട്ടു കൊണ്ടിരിക്കുന്നു.നമ്മുടെ ശ്രദ്ധയില്‍ പെടാത്ത എത്രയോ വസന്തമാര്‍ നമുക്ക് ചുറ്റും ഇതേ പോലെ ജീവിതം തള്ളി നീക്കുന്നുണ്ടാകും.ഇത്രയും പരുഷരായ പുരുഷന്മാര്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

വാല്‍: കുടുംബജീവിതം ഒരു അഡ്ജസ്റ്റ്മെന്റാണ്.ഭാര്യയും ഭര്‍ത്താവും ചില വിട്ടുവീഴ്ചകള്‍ ചെയ്യുന്നില്ല എങ്കില്‍ അത് ദുരിത പൂര്‍ണ്ണമാകും.

Friday, June 17, 2011

എം.എഫ് ഹുസൈനും ചിഞുവിന്റെ കുടയും

“എം.എഫ്.ഹുസൈന്‍ അന്തരിച്ചു“ ഞാന്‍ പത്രം എടുത്ത് വായിച്ചു.

“ആ....ഖത്തര്‍കാരന്‍ അല്ലേ ഉപ്പച്ചീ...” മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ രണ്ടാമത്തെ മകള്‍ ചോദിച്ചു.

“മോളെ...അയാള്‍ ഇന്ത്യക്കാരനായ വലിയ ചിത്രകാരന്‍ ആയിരുന്നു....” ഞാന്‍ മോളെ തിരുത്തി.

“ആ...എന്നിട്ട് ഖത്തര്‍കാരനായി മാറി...”

“അതേ...”

“എന്റെ കുട ചിഞ്ചുവിന് കൊടുത്താല്‍ പിന്നെ അത് എന്റെ കുടയാണെന്ന് പറയാന്‍ പറ്റോ ഉപ്പച്ചീ?അതുപോലെ തന്നെയല്ലേ ഇതും?”

മോളുടെ ചോദ്യം കേട്ട് തരിച്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.

Thursday, June 16, 2011

ഇന്ത്യന്‍ ഫുട്‌ബാള്‍ ടീമില്‍ രണ്ട് അരീക്കോട്ടുകാര്‍ !

ഞങ്ങള്‍ അരീക്കോട്ടുകാര്‍ക്ക് ഇന്ന് അഭിമാനത്തിന്റേയും സന്തോഷത്തിന്റെയും ദിനമായിരുന്നു.മറ്റൊന്നും കൊണ്ടല്ല, കേരളത്തിലെ ഫുട്‌ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന അരീക്കോട്ട് നിന്നും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ രണ്ട് പേരെ തെരഞ്ഞെടുത്തു.ഇന്ത്യാ മഹാരാജ്യത്തിലെ 121 കോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് തെരഞെടുത്ത 18 പേരില്‍ രണ്ട് പേര്‍ ഈ കൊച്ചുഗ്രാമത്തില്‍ നിന്നാകുമ്പോള്‍ അതിന്റെ സന്തോഷം പറഞ്ഞറിയിക്കന്‍ വയ്യ.

ഖത്തറിനെതിരായ പ്രീ-ഒളിമ്പിക് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലാണ് അരീക്കോട്ടുകാരായ എം.പി.സക്കീറും ഷഹബാസ് സലീലും ഇടം പിടിച്ചത്. ജൂണ്‍ 19ന് ദോഹയിലും 23ന് പുണെയിലും ആണ് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍.

സക്കീര്‍ എന്റെ അനിയന്റെ അടുത്ത സുഹൃത്തും വീട്ടിലെ നിത്യസന്ദര്‍ശകനും ആണ്.സലീല്‍ എന്റെ ഭാര്യയുടെ മൂത്താപ്പയുടെ കുടുംബത്തില്‍ പെടുന്നവനുമാണ്.അതുകൊണ്ട് തന്നെ ഇവര്‍ രണ്ടു പേരുടേയും ഇന്ത്യന്‍ ടീം പ്രവേശനം എനിക്ക് കൂടുതല്‍ ആഹ്ലാദം നല്‍കുന്നു.ക്രിക്കറ്റിന് അമിത പ്രാധാന്യം നല്‍കുന്ന നമ്മുടെ നാട്ടില്‍ ഫുട്‌ബാളിനെ നെഞ്ചിലേറ്റിയ ഒരു നാടിനുള്ള സമ്മാനമാണ് ഈ യുവാക്കളുടെ ഇന്ത്യന്‍ ടീം പ്രവേശനം.

Sunday, June 12, 2011

ദ്വീപിലെ ജീപ്പും കോരുകുട്ട്യേട്ടന്റെ സൈക്കിളും - ലക്ഷദ്വീപ് യാത്ര ഭാഗം 10

കഥ ഇതുവരെ

ജമാലിന്റെ വീട്ടിലെ മിഡ്‌നൂണ്‍ ബ്രേക്ക്‍ഫാസ്റ്റ് മൂക്ക് മുട്ടിയപ്പോഴാണ് ജമാലിന്റെ അടുത്ത അറിയിപ്പ് വന്നത്.

“ഉച്ചയ്ക്കും ഊണ് ഇവിടെത്തന്നെ!”

“ങേ!!!” ഞങ്ങള്‍ പന്ത്രണ്ട് പേരും ഞെട്ടി.അറബിക്കടലില്‍ വീണ്ടും സുനാമി രൂപപ്പെടാതിരിക്കാന്‍ ഞങ്ങളുടെ ഞെട്ടല്‍ അവിടെത്തന്നെ ഉടൻ പിടിച്ചുകെട്ടി.

“ഇനി ഊണും ഇവിടുന്നു വേണോ ജമാലേ?” ഞാന്‍ ചോദിച്ചു.

“ഊണ്‍ ഇവിടെ റെഡിയായി കഴിഞ്ഞു.നിങ്ങള്‍ റൂമില്‍ പോയി അല്പം കൂടി വിശ്രമിക്ക്.ഊണുകഴിച്ച് വെയിലൊന്നാറിയിട്ട് ഇന്ന് നമുക്ക് വടക്ക് കാണാന്‍ പോകാം....”

“എന്ത്, വടക്ക് കാണുകയോ?” അബൂബക്കര്‍ മാഷ് സംശയമുന്നയിച്ചു.

“അതേ...കടമത്ത് ദ്വീപിന്റെ വടക്ക് ഭാഗം.ആകെ പതിനൊന്ന് കിലൊമീറ്റര്‍ നീളത്തിലുള്ള കടമത്ത് ദ്വീപിന്റെ മധ്യഭാഗത്താണ് ഇപ്പോള്‍ നിങ്ങളുള്ളത്.ഇന്ന് വടക്ക് കാണാം.നാളെ തെക്കോട്ട് പോകാം.ഞാന്‍ ഒരു റൂഫില്ലാ ജീപ്പ് ഏല്പിച്ചിട്ടുണ്ട്.അവന്‍ മൂന്ന് മണിക്ക് ഇവിടെ വരും..” ജമാല്‍ പരിപാടി വിശദീകരിച്ചു.

“ശരി...അപ്പോള്‍ അടുത്ത തട്ടലിന് വീണ്ടും കാണാം...” എല്ലാവരും ബൈ പറഞ്ഞിറങ്ങി.

റൂമിന്റെ മുന്മ്പിലെത്തിയപ്പോള്‍ ഞങ്ങളുടെ കപ്പലില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുള്ള ടൂറിസ്റ്റുകളേയും വഹിച്ചു കൊണ്ട് ഒരു ‘നായ്കുറുക്കന്‍’ (ജീപ്പും ടെമ്പോയും അല്ലാത്ത വാഹനത്തെ ഞങ്ങള്‍ വിളിക്കുന്ന പേര്) കടന്നുപോയി.തമിഴ്നാട്ടില്‍ അണ്ണന്മാരെ ഈ വിധത്തില്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്.ഇത്രേം കാശു മുടക്കി ഇവിടെ എത്തിയ ഈ ടൂറിസ്റ്റുകള്‍ക്കും വന്നല്ലോ അണ്ണാച്ചിയുടെ ഗതി എന്നോര്‍ത്ത് ഞാന്‍ സഹതപിച്ചു.അല്പ സമയത്തിനകം ജമാലിന്റെ ഫോണ്‍ വന്നു.

“ആബിദേ...ജീപ്പിന് ബ്രേക്ക് കുറവാണെന്ന്...”

“അതിനെന്താ...ഡ്രൈവ് ചെയ്യുന്നത് ഡ്രൈവര്‍ അല്ലേ..?മെല്ലെ പോകാം....”

“അതുശരിയാ...പക്ഷേ ക്ലച്ചിനും എന്തോ ഒരു....”

“റൂഫില്ല...ബ്രേക്കില്ല...ക്ലച്ചില്ല...അത് ജീപ്പോ അതോ കോരുകുട്ട്യേട്ടന്റെ സൈക്കിളോ?” എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“പ്രശ്നമില്ല...പകരം ഞാന്‍ ഒരു വാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്...”

“എല്ലാവരെയും കൊള്ളോ?”

“കൊള്ളും...രണ്ട് ബെഞ്ച് ഇട്ടാല്‍ മതി...”

“ങേ!വാനിനകത്ത് ബെഞ്ച് ഇടുകയോ?” ഞാന്‍ വീണ്ടും അങ്കലാപ്പിലായി.

“ആ..അതു വരുമ്പോ കാണാം...”

അപ്പോഴാണ് തൊട്ടുമുമ്പ് ടൂറിസ്റ്റുകള്‍ പോയ ആ കാഴ്ച എന്റെ മനസ്സില്‍ വീണ്ടും എത്തിയത്.തമിഴ്നാട്ടില്‍ അണ്ണന്മാരുടെ ഗതി കോഴിക്കോട്ടെ ഈ പൊണ്ണന്മാര്‍ക്കും വന്നല്ലോ എന്നോര്‍ത്ത് എന്റെ മനസ്സ് വീണ്ടും സഹതപിച്ചു.

രണ്ട് മണി ആകുമ്പോഴേക്കും ഞങ്ങള്‍ വീണ്ടും ജമാലിന്റെ വീട്ടിലെത്തി.ഇത്തവണ ജമാല്‍ ബുഫെ സംവിധാനമൊരുക്കിയതിനാല്‍ ആദ്യം ചാടിക്കയറി ഇരുന്ന ഞാന്‍ വീണ്ടും വിഷണ്ണനായി.അല്പം മുമ്പ് ഒരു ബ്രേക്ക്ഫാസ്റ്റ് ശരവേഗത്തില്‍ ഇതേ അന്നനാളത്തിലൂടെ കടന്നുപോയിരുന്നു എന്ന സൂചന പോലും ആരുടെ മുഖവും കാണിച്ചില്ല.ട്യൂണ (വെള്ളസൂദ) എന്ന മത്സ്യം പ്രത്യേക രീതിയില്‍ സംസ്കരിച്ചതിന് ശേഷം അതു കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങളായിരുന്നു ഉച്ചയൂണിന്റെ പ്രത്യേകത.മാസ് എന്ന പേരില്‍ കേരളത്തിലും ഇത് ലഭ്യമാണ്.ദ്വീപില്‍ തന്നെ കിലോക്ക് 300 രൂപയില്‍ അധികം വിലയുണ്ട്.

ഊണ് കഴിച്ചിരിക്കുമ്പോഴാണ് ഞാന്‍ ചില സംഗതികള്‍ ശ്രദ്ധിച്ചത്.പഴയ തറവാട്ടിലെപ്പോലെ ജനലുകള്‍ക്ക് അഴികള്‍ ഇല്ലായിരുന്നു.ഞാന്‍ ജമാലിനോട് ഇതേ പറ്റി ചോദിച്ചു.

“ദ്വീപില്‍ കള്ളന്മാരില്ല, ഒളിഞ്ഞു നോട്ടവുമില്ല.അപ്പോള്‍ അഴിയുടെ ആവശ്യം ഇല്ല.പക്ഷേ ഇപ്പോള്‍ കരയില്‍ നിന്നുള്ള ആളുകള്‍ കൂടുതല്‍ വരുന്നതിനാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്...” കരവാസികളായ ഞങ്ങള്‍ക്ക് തലതാഴ്ത്തേണ്ടി വന്നു.

“ഈ കോഴികള്‍ക്കെന്താ ഒരു കെട്ട്?” പുറത്ത് കണ്ട കോഴിയെ ചൂണ്ടി ഞാന്‍ ചോദിച്ചു.

“അത് കോഴിയെ തിരിച്ചറിയാനാ... കുറുക്കന്മാരില്ലാത്തതിനാല്‍ കോഴികള്‍ക്ക് കൂടുമില്ല...അവ ഏതെങ്കിലും വീട്ടിലെ മരത്തിലോ മച്ചിന്റെപുറത്തോ അന്തിയുറങ്ങും...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂക്കത്ത് വിരല്‍ വച്ചു.

“ആഹാ...അപ്പോള്‍ കോഴിക്കള്ളന്മാരും ഇല്ലല്ലേ?” അബൂബക്കര്‍ മാഷുടെ തനി നിറം ചോദ്യത്തിലൂടെ പുറത്തു ചാടി.

“ഇതുവരെ ഉണ്ടായിരുന്നില്ല.കരവാസികള്‍ കൂടിയതോടെ കോഴിമോഷണം പോകലും തുടങ്ങി...”ജമാല്‍ വീണ്ടും ഞങ്ങളെ തലതാഴ്ത്തിപ്പിച്ചു.

“കാക്കകളെ കാണുന്നേ ഇല്ലല്ലോ...?”

“ആ...ദ്വീപില്‍ കാക്കകള്‍ ഇല്ല.അതിന് പിന്നില്‍ ഒരു കഥയുണ്ട്....”

“ആഹാ...കേള്‍ക്കട്ടെ...” ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ കഥ കേള്‍ക്കാന്‍ കൊതിയായി.

“അത്...പിന്നെ പറഞ്ഞുതരാം...ഇപ്പോള്‍ നമുക്ക് വടക്ക് പോകാന്‍ സമയമായി...”

“ഓകെ...പക്ഷേ ഞങ്ങള്‍ക്ക് ആ കഥ കേള്‍ക്കണം...”

“ഷുവര്‍...ആ കഥയില്ലാ കഥ കഥയില്ലാത്തവരെ അല്ലാതെ ആരെ കേള്‍പ്പിക്കാന്‍ അല്ലേ ആബിദേ?” ജമാല്‍ നിറഞ്ഞ ചിരിയോടെ ഞങ്ങളെ വീണ്ടും ഇരുത്തി.

(തുടരും...)

Saturday, June 11, 2011

നാഷനല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് 2011 - പോണ്ടിച്ചേരി

തികച്ചും അപ്രതീക്ഷിതമായി എനിക്കും എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിലെ പത്ത് ആക്ടീവ് വളണ്ടിയര്‍മാര്‍ക്കും,പോണ്ടിച്ചേരിയില്‍ വച്ച് നടന്ന നാഷനല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് 2011ല്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.കേരള ടീമിനെ പ്രതിനിധീകരിച്ചായിരുന്നു ഞങ്ങള്‍ പങ്കെടുത്തിരുന്നത്.

നാഷനല്‍ ഇന്റഗ്രേഷന്‍ എന്ന് പലതവണ കേട്ടും പറഞ്ഞും മാത്രമേ ശീലമുണ്ടായിരുന്നുള്ളൂ.’നാനാത്വത്തില്‍ ഏകത്വം’ എന്ന് എട്ടാം ക്ലാസ്സിലോ ഒമ്പതാം ക്ലാസ്സിലോ സാമൂഹ്യശാസ്ത്രത്തില്‍ ഒരു പേജ് ഉപന്യാസം എഴുതി നിറച്ചതും ഓര്‍മ്മയുണ്ട്.പക്ഷേ ഇന്ത്യയുടെ വൈവിധ്യം , അതിന്റെ ആഴം, നാം എല്ലാവരും ഇന്ത്യക്കാരാണെന്ന ആ ഉറച്ച ബന്ധം എല്ലാം ഈ ക്യാമ്പിലൂടെ ഞാനും എന്റെ 10 മക്കളും നേരിട്ട് മനസ്സിലാക്കി.

പല നാട്ടില്‍ നിന്നും വരുന്ന കുട്ടികളും പ്രോഗ്രാം ഓഫീസര്‍മാരും.അവരുടെ മുമ്പില്‍ കേരളത്തിന്റെ തനത് കലകളും ആചാരങ്ങളും എന്തെന്നും നമ്മുടെ ജീവിത രീതി എന്തെന്നും അവതരിപ്പിച്ച് കേരളത്തെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന വലിയ ദൌത്യമായിരുന്നു ഞങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരുന്നത്. ദൈവഹിതത്താല്‍ അത് വളരെ ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ട് ക്യാമ്പിലെ ഓരോ അംഗത്തേയും ഒരിക്കലെങ്കിലും കേരളത്തിലേക്ക് വരാന്‍ പ്രേരിപ്പിപ്പിക്കുന്ന രൂപത്തില്‍ ഈ ക്യാമ്പിനെ മാറ്റി എടുക്കാന്‍ എന്റെ ടീമിന് സാധിച്ചു.

ഒരു നാഷനല്‍ ലെവല്‍ ക്യാമ്പില്‍ കണ്ടിജന്റ് ലീഡറായി പോയുള്ള പരിചയം ഇതുവരെ എനിക്കുണ്ടായിരുന്നില്ല.എന്റെ 10 വളണ്ടിയര്‍മാരും ഒരു നാഷനല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരുന്നു.ക്യാമ്പില്‍ എത്തിയ മിക്ക പ്രോഗ്രാം ഓഫീസര്‍മാരും വളണ്ടിയര്‍മാരും പലതവണ ഇത്തരം ക്യാമ്പില്‍ പങ്കെടുത്ത് പരിചയമുള്ളവരായിരുന്നു.അവരുടെ മുമ്പില്‍ ശിശുവായ ഞാനും എന്റെ മക്കളും എന്ത് ചെയ്യും എന്ന ചെറിയ ‘ധൈര്യം’ ക്യാമ്പ് തുടങ്ങിയ ഉടന്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരുമായി അടുത്തിടപഴകിയതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.ഓരോ ദിവസം പിന്നിടുന്തോറും കേരള ടീമിനെ എല്ലാവര്‍ക്കും വേണം എന്ന രൂപത്തില്‍ എത്തിക്കാന്‍ എന്റെ മക്കള്‍ക്ക് സാധിച്ചു .പിന്നില്‍ ഒരു കാഴ്ചക്കാരനായി മാത്രം ഞാന്‍ നിന്നു.

ഉത്തര്‍പ്രദേശ്,ആസാം,ഒഡീസ,ഗുജറാത്ത്,മധ്യപ്രദേശ്,ആന്ധ്രപ്രദേശ്,കര്‍ണ്ണാടക,തമിഴ്‌നാട്,കേരളം,പോണ്ടിച്ചേരി തുടങ്ങീ പത്ത് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പത്ത് വളന്റിയര്‍മാരും‍(അഞ്ച് ആണ്‍,അഞ്ച് പെണ്‍)ഓരൊ പ്രോഗ്രാം ഓഫീസറും ആയിരുന്നു ഒരു ടീമില്‍ ഉണ്ടായിരുന്നത്. ചില സംസ്ഥാന ടീമുകളില്‍ അംഗങ്ങള്‍ ആയവര്‍ യഥാര്‍ത്ഥത്തില്‍ മറ്റ് സംസ്ഥാനവാസികള്‍ ആയതിനാല്‍ ഇന്ത്യയുടെ ഒരു മിനി പരിച്ഛേദം തന്നെ അവിടെ ഉണ്ടായിരുന്നു.

മെയ് 23 മുതല്‍ 29 വരെ ഏഴ് ദിവസം പോണ്ടിച്ചേരി യൂത്ത്‌ഹോസ്റ്റലില്‍ വച്ചായിരുന്നു ക്യാമ്പ്. “യുവത - സംസ്കാരത്തിന്റേയും പൈതൃകത്തിന്റേയും സംരക്ഷണത്തിന്” എന്നതായിരുന്നു ക്യാമ്പിന്റെ തീം.രാവിലെ ആറ് മണിക്ക് യോഗാസനത്തോട് കൂടി ക്യാമ്പ് തുടങ്ങും.പിന്നെ പ്രാതല്‍.ശേഷം എന്തെങ്കിലും ശ്രമദാനം.അതുകഴിഞ്ഞ് ഏതെങ്കിലും ഒരു വിഷയത്തില്‍ പാനല്‍ ഡിസ്കഷന്‍.ഊണിന് ശേഷംഏതെങ്കിലും ഒരു വിഷയത്തില്‍ ക്ലാസ്സ്.വൈകിട്ട് ചായക്ക് ശേഷം മത്സരങ്ങള്‍.രാത്രി കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍.ഇതായിരുന്നു ക്യാമ്പ് ചര്യ.ഇടക്ക് ഒരു ദിവസം ഉച്ചക്ക് ശേഷം പോണ്ടിച്ചേരി സൈറ്റ്സീയിങും ഉണ്ടായിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങള്‍ അവരുടെ സംസ്കാരവും ജീവിതരീതികളും വിളിച്ചോതുന്നതായിരുന്നു.തങ്ങളുടെ നാടിന്റെ പാരമ്പര്യകലകളും പൈതൃകവും നന്നായി അവതരിപ്പിക്കാന്‍ എല്ലാ സംസ്ഥാന പ്രതിനിധികളും മത്സരിച്ചു.കേരള ടീം എന്ന നിലയില്‍ വഞ്ചിപ്പാട്ടും നാടന്‍പാട്ടും ഒപ്പനയും തിരുവാതിരയും വിവിധ ദിവസങ്ങളിലായി ഞങ്ങളും അവതരിപ്പിച്ചു.പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവതരിപ്പിച്ചതായിട്ടും മറ്റ് ടീമുകളുടെ പ്രശംസ പിടിച്ചുപറ്റാന്‍ സാധിച്ചു.കൂടാതെ വെസ്റ്റേണ്‍ ഡാന്‍സും എന്റെ ടീമംഗം അവതരിപ്പിച്ചു. മക്കളോടൊപ്പം കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ ഞാനും പങ്കെടുത്തു.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ നിയാസ്,മന്‍സൂര്‍,ശരത്,ജോയല്‍,ഫാസില്‍,അമീന്‍,ആരതി,കുങ്കുമ,അഞ്ജലി,രേശ്മ എന്നിവരായിരുന്നു കേരള ടീമിനെ പ്രതിനിധീകരിച്ചുള്ള എന്റെ വളണ്ടിയര്‍മാര്‍.

വാല്‍:ക്യാമ്പിന് പോകാന്‍ വളണ്ടിയര്‍മാരുടെ പിന്നാലെ നടന്ന എന്നോട് ഇപ്പോള്‍ മറ്റ് വളണ്ടിയര്‍മാര്‍ ചോദിക്കുന്നത് “സാര്‍ അടുത്ത ക്യാമ്പ് എന്നാ ?”

Sunday, June 05, 2011

മരമണ്ടന്‍!

അദ്ധ്യാപകന്‍: ഒന്നും ഒന്നും എത്രയാ ?

വിദ്യാര്‍ത്ഥി: ഇമ്മിണി ബല്യ ഒന്ന്

അദ്ധ്യാപകന്‍:ഓ...നീ വല്യ സാഹിത്യകാരന്‍ ആകാനായിരിക്കും...മരമണ്ടന്‍.

വിദ്യാര്‍ത്ഥി:നാളെ മരം നടാ‍നുള്ളത് കൊണ്ടാണോ എന്നെ മരമണ്ടന്‍ എന്ന് വിളിച്ചത്?

അദ്ധ്യാപകന്‍:ങേ!!!!!