Pages

Saturday, March 27, 2010

എര്‍ത്ത് അവര്‍ ആചരണം - എന്റെ മാതൃക.

എര്‍ത്ത് അവര്‍ എന്ന പേരില്‍ ഇന്ന് ഒരു മണിക്കൂര്‍ ഇരുട്ടാചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നല്ലോ?എന്റെ ഇംഗ്ലീഷ് ബ്ലോഗിലൂടെ ഞാനും അതില്‍ എന്റേതായ പങ്കു വഹിച്ചു. ഈ ഇരുട്ടാചരണം നിര്‍ബന്ധിതമല്ല. ഇതൊരു ആഹ്വാനം മാത്രമാണ്. 

ഒരു മണിക്കൂര്‍ ലൈറ്റ് ഓഫ് ചെയ്താല്‍ ഭൂമി രക്ഷപെടുമോ എന്നു ചിലരെങ്കിലും ചോദിച്ചേക്കാം.ഇത്തരം സംശയങ്ങള്‍ ഉള്ളവര്‍ ഭൂമിയിലുള്ളിടത്തോളം കാലം ഭൂമി രക്ഷപെടില്ല എന്നാണ് അതിനുത്തരം. എര്‍ത്ത് അവര്‍ ഇരുട്ടാചരണം ഒരു സന്ദേശമാണ്. ലൈറ്റ് ഓഫ് ചെയ്യുമ്പോള്‍ എന്തിനങ്ങനെ ചെയ്യുന്നു എന്ന് വീട്ടിലെ കുട്ടികള്‍ക്കു പറഞ്ഞു നല്‍കുക. കാരണം, നമ്മള്‍ ചീത്തയാക്കിക്കൊണ്ടിരിക്കുന്നത് അവരുടെ ഭൂമിയാണ്.


കൃത്യം 8:30-ന് ഞാന്‍ എന്റെ വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു.അതേ സമയം തന്നെ എന്റെ പെങ്ങളുടെ ഫോണ്‍  വന്നു.
”എര്‍ത്ത് അവറിന് എന്താ അവിടെ ലൈറ്റ് ഒന്നും ഓഫ് ചെയ്യാത്തത് ?” നേരിട്ട് കാണുന്ന പോലെ ഞാന്‍ ചോദിച്ചു!!!ഉടന്‍ അവള്‍ മകനോട്‌ എല്ലാം ഓഫാക്കാന്‍ പറയുന്നത് ഞാന്‍ കേട്ടു.


അപ്പോള്‍ തന്നെ വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന  ബിജുലോണ സാറിന്റെ എര്‍ത്ത് അവര്‍ ആചരിക്കാനുള്ള എസ്.എം.എസ് വന്നു. സാറെ അപ്പോള്‍ തന്നെ തിരിച്ച് വിളിച്ച് ഞാന്‍ ചെയ്ത കാര്യങ്ങള്‍ അറിയിച്ചു.സാര്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ കേട്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു.


സാറെ വിളിച്ച് സംസാരിക്കുന്നതിനിടയില്‍ അയല്‍ പക്കത്തെ മരുമകന്‍ കാര്‍ പാര്‍ക്ക് ചെയ്യാനായി എന്റെ വീട്ടിലെത്തി.അയല്പക്കം പ്രഭാപൂരിതമായിരിക്കുമ്പോള്‍ ഇവിടെ മാത്രം ഇരുട്ടാകാനുള്ള കാരണം അദ്ദേഹത്തേയും ഞാന്‍ പറഞ്ഞു മനസ്സിലാക്കി.


ഒമ്പതു മണിക്ക് ഞാന്‍ ഭാര്യാ വീട്ടിലേക്ക് വിളീച്ച് നേരത്തെ പെങ്ങളോട്‌ പറഞ്ഞ അതേ അടവ് പ്രയോഗിച്ചു.
“ഇവിടെ ഇന്‌വര്‍ട്ടറിലാ വര്‍ക്ക് ചെയ്യുന്നത്..” ഭാര്യ മറുപടി തന്നു.
“എങ്കില്‍ മെയിന്‍ സ്വിച്ച് ഓഫാക്കൂ..” ഞാനും വിട്ടു കൊടുത്തില്ല.


ഇതിനിടയില്‍ എന്റെ അനിയന്റെ മക്കള്‍ (നാല് വയസ്സുകാരികള്‍-ഇരട്ട) എന്നോട് ചോദിച്ചു , ലൈറ്റ് ഓഫാക്കിയത് എന്തിനെന്ന്.അവര്‍ക്ക് തല്‍ക്കാലം മനസ്സിലാവുന്ന രൂപത്തില്‍ അവരോടും പറഞ്ഞു.വീട്ടില്‍ ഉമ്മയും , ചെറിയ അനിയനും,പെങ്ങളുടെ മോളും , വലിയ അനിയന്റെ ഭാര്യയും രണ്ട് മക്കളും എന്നോടൊപ്പം ഈ ഒരു മണിക്കൂര്‍ ഇരുട്ടിലിരിക്കാന്‍ സന്നദ്ധരായി.അങ്ങനെ ലോക വ്യാപകമായി ആചരിച്ച ആ ഒരു മണിക്കൂറില്‍ പങ്കെടുത്ത ചാരിതാര്‍ഥ്യം അനുഭവിച്ച് കൃത്യം 9:30-ന് ഞാന്‍ മെയിന്‍ സ്വിച്ച് ഓണാക്കി.


ബൂലോകത്ത് എത്ര പേര്‍ എന്തൊക്കെ ചെയ്തു എന്നറിയാന്‍ ചെറിയ ഒരു താല്പര്യം.

Friday, March 26, 2010

മക്കളുടെ കൂടെ ഒരു ആശുപത്രിവാ‍സം

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ച ഞാനും ആശുപത്രി വാസത്തില്‍ ആയിരുന്നു.പേ വാഡില്‍ റൂം കിട്ടിയതിനാല്‍ ജനറല്‍ വാര്‍ഡില്‍ കിടക്കുന്നതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചില്ല.എങ്കിലും ഓപറേഷന്‍ കഴിഞ്ഞ ദിവസം ഉച്ച മുതല്‍ പിറ്റേന്ന് രാവിലെ വരെ നിരീക്ഷണത്തിനായി ഭാര്യയെ ജനറല്‍ വാര്‍ഡില്‍ കിടത്തേണ്ടി വന്നു.എനിക്ക് രാത്രി ഒമ്പത് മണി വരെയേ അവിടെ സമയമനുവദിച്ചിരുന്നുള്ളൂ.ഒമ്പതു മണി മുതല്‍ രാവിലെ ആറ് മണി വരെ ഭാര്യയുടെ ഉമ്മയും ജ്യേഷ്ഠത്തിയും അവിടെ കഴിച്ചു കൂട്ടി.


രോഗികള്‍ക്ക് തന്നെ കിടക്കാന്‍ ഇടമില്ലാത്തിടത്ത് ബൈസ്റ്റാന്ററായി രണ്ട് പേര്‍ നിന്നാല്‍ അവര്‍ ഉറങ്ങിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.പക്ഷേ റൂമിലേക്ക് പോയ ഞാന്‍ ഉറങ്ങിയോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്താനും. മൂട്ടകളുടെ നവരാത്രി കാരണം ഞാന്‍ അന്ന് ശിവരാത്രി ആഘോഷിച്ചു എന്ന് ചുരുക്കി പറയാം.


കുഞ്ഞ് പിറന്ന് മൂന്നാം ദിനം ഞാന്‍ എന്റെ മൂത്ത രണ്ട് മക്കളേയും കൊണ്ട് ആശുപത്രിയില്‍ പോയി.അന്ന് അവിടെ താമസിപ്പിക്കാനായി , വൈകിട്ടാണ് അവരെ കൊണ്ടുപോയത്.അവരുടെ ഉമ്മയേയും പുതിയ കുഞ്ഞനിയത്തിയേയും കാണിക്കുന്നതിലുപരി എന്റെ മനസ്സില്‍ മറ്റു ചില പദ്ധതികളുണ്ടായിരുന്നു.അവയാണ് ഞാന്‍ ഈ പോസ്റ്റിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്.


1. ആശുപത്രിവാസം അത്ര സുഖകരമല്ല എന്ന സന്ദേശം കുട്ടികളെ നേരിട്ട് മനസ്സിലാക്കിക്കുക.കിടക്കാന്‍ നേരത്ത് ഒരു മണിക്കൂര്‍ കരണ്ട് പോയതിനാല്‍ അവര്‍ക്കത് വ്യക്തമായും ബോദ്ധ്യമായി!!!കൊതുകും മൂട്ടയും ഒരുമിച്ച് ആക്രമിച്ചപ്പോഴും ചൂടില്‍ കുട്ടികള്‍ ഉരുണ്ട്മറിയുമ്പോഴും നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.


2. വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് വിവിധതരം രോഗികളെ നേരിട്ട് കണ്ട് രോഗങ്ങളുടെയും രോഗികളുടേയും  ദൈന്യാവസ്ഥ മനസ്സിലാക്കുക.അതു വഴി തങ്ങള്‍ക്ക് ലഭിച്ച ആരോഗ്യാവസ്ഥയില്‍ ദൈവത്തിനോട്‌ നന്ദിയുള്ളവരായിരിക്കുക.


3. രോഗം എന്ന അവസ്ഥ ലിംഗ-മത-ജാതി ഭേദമന്യേ ആര്‍ക്കും എപ്പോഴും പിടിപെടാം എന്ന് മനസ്സിലാക്കികൊടുക്കുക.


എന്റെ ഉദ്ദേശങ്ങള്‍ എല്ലാം സഫലമായി.വാര്‍ഡിലൂടെ നടന്ന് കുട്ടികളോട്‌ ഞാന്‍ ഇവ വിവരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തുകടക്കാനായിരുന്നു അവരുടെ പിഞ്ചുമനസ്സ് കൊതിച്ചിരുന്നത്. നമുക്ക് കിട്ടിയ ആരോഗ്യം എന്ന സൌഭാഗ്യം തിരിച്ചറിയാന്‍ വല്ലപ്പോഴും അടുത്തുള്ള ആശുപത്രികള്‍ സന്ദര്‍ശിക്കുക.

Saturday, March 20, 2010

നമ്മളില്‍ എത്ര പേര്‍ ഇത് ശ്രദ്ധിക്കാറുണ്ട് ?

17/8/1999
എന്റെ ആദ്യമകള്‍ ഐഷ നൌറയുടെ ജന്മദിനം.

18/3/2004
 എന്റെ രണ്ടാമത്തെ മകള്‍ ആതിഫ ജും‌ലയുടെ ജന്മദിനം.

18/3/2010
എനിക്ക് മൂന്നാമത് ഒരു മകള്‍ കൂടി.

ജന്മദിനം ഒരുമിക്കാന്‍ ഇത്ര കൃത്യമായി എങ്ങനെ കണക്കു കൂട്ടി എന്നൊന്നും ചോദിക്കരുത്.കഥയില്‍ ചോദ്യമില്ലാത്തതുപോലെ കഥയില്ല്ലാത്തതിലും ചോദ്യമില്ലാ!!!

ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ തന്നെ ഈ ഒരു അപൂര്‍വ്വതക്ക് കാതോര്‍ത്ത് ഇരിക്കുകയായിരുന്നു എന്റെ കുടുംബാംഗങ്ങള്‍.ലുലു എന്ന എന്റെ മൂത്ത മോള്‍ മറ്റൊന്ന് കൂടി പ്രതീക്ഷിച്ചു.ഒരു ദിവസം കൂടി വൈകിയാല്‍ കുട്ടികളുടെ വയസ്സ് ക്രമത്തില്‍ തന്നെ 17,18,19 തിയ്യതികള്‍ !!!പക്ഷേ അത് സംഭവിച്ചില്ല, പകരം രണ്ട് കുട്ടികള്‍ക്കും ഒരേ പിറന്നാള്‍ എന്ന അപൂര്‍വ്വ സൌഭാഗ്യം.

പിറന്നാള്‍ ഞാന്‍ ആഘോഷിക്കാറില്ല.ചെലവ് കൂടുതല്‍ ആയതുകൊണ്ടല്ല, എന്റെ വിശ്വാസം എന്നെ അതിന് അനുവദിക്കുന്നില്ല.അത് പലപ്പോഴും കഴിഞ്ഞ് പോയതിന് ശേഷമാണ് ഞാന്‍ പോലും അറിയാറ്‌.കുട്ടികള്‍ക്കും അത് ഒരു ആഘോഷമായി തോന്നാറില്ല.ആഘോഷത്തിന് പകരം മുമ്പ് ഞാന്‍ സൂചിപ്പിച്ച പോലെ എന്തെങ്കിലും ഒരു സല്‍കര്‍മ്മം (മരം നടുക, പൊതുസ്ഥലം വൃത്തിയാക്കുക, പാവപ്പെട്ടവന് ഭക്ഷണം  നല്‍കുക തുടങ്ങിയവ ) ചെയ്യുകയും അതിന്റെ മഹത്വം കുട്ടികളെ അറിയിക്കുകയും ചെയ്യാം.ജന്മദിനാഘോഷത്തിനായി നാം മുടിക്കുന്ന പണവും സമയവും എത്ര പേര്‍ക്ക് ഉപകാരപ്രദമാകുമായിരുന്നു എന്ന് ഇതുവരെ അത് ആഘോഷിച്ചവര്‍ എല്ലാം ഒന്നു തിരിഞ്ഞ് ചിന്തിച്ചു നോക്കുക.


ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഇപ്പോഴത്തെ ഇളയ കുട്ടിക്ക് ഉണ്ടാകുന്ന ചില മാനസിക വൈകല്യങ്ങളെപറ്റി എന്റെ അമ്മായി പങ്കുവച്ച ചില വരികള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ.

“ഒരിക്കലും പുതിയ കുഞ്ഞിനെ സന്ദര്‍ശിക്കുമ്പോള്‍ ആദ്യ കുഞ്ഞിനോട്‌ , നിന്റെ അമ്മ/ഉമ്മക്ക് പുതിയ കുട്ടിയെ കിട്ടി, ഇനി നിന്നെ വേണ്ട എന്ന് തമാശക്ക് പോലും പറയരുത്. അത് ആ കുട്ടിയുടെ മനസ്സില്‍ ഒരു കൂര്‍ത്ത ശരമായി തറയും എന്നത് തീര്‍ച്ച.കൂടാതെ പുതിയ കുഞ്ഞിനുള്ള സമ്മാനങ്ങള്‍ ആദ്യ കുട്ടിയുടെ കയ്യിലൂടെ നല്‍കുക, അല്ലെങ്കില്‍ അവള്‍/അവന്‍ കാണാതെ നല്‍കുക.കാരണം തനിക്ക് കിട്ടിയ സമ്മാനങ്ങളെ പറ്റി ആ കുട്ടിക്ക് അറിവില്ലാത്തതിനാല്‍ ഈ സമ്മാനങ്ങള്‍ അവന്റെ/അവളുടെ മനസ്സില്‍ ഒരു മുറിവുണ്ടാക്കും.“


നമ്മളില്‍ എത്ര പേര്‍ ഇത് ശ്രദ്ധിക്കാറുണ്ട് ?

Wednesday, March 10, 2010

സ്നേഹ സംഗമം

കോഴിക്കോടിന്റെ പൌരാണികതയും മാനവികതയും വിളിച്ചോതുന്ന രണ്ട് ആരാധനാലയങ്ങളായ തളി മഹാദേവ ക്ഷേത്രത്തിന്റേയും കുറ്റിച്ചിറ മിശ്കാല്‍ പള്ളിയുടേയും പുനരുദ്ധാരണം കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ O.N.G.C.യുടെ സഹായത്തോടെ കോഴിക്കോട് N.I.T യാഥാര്‍ത്ഥ്യമാക്കുകയാണ്.ഏകദേശം മൂന്ന് കോടി രൂപ മുടക്കിയുള്ള ഈ പുനരുദ്ധാരണത്തിലൂടെ കോഴിക്കോടിന്റെ മതമൈത്രി ഭാരതമൊന്നാകെ വിളംബരം ചെയ്യപ്പെടുകയാണ്. ഇതോടനുബന്ധിച്ച് മാര്‍ച്ച് 4,5,6 തിയ്യതികളിലായിനടന്ന സ്നേഹ സംഗമത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.


സ്നേഹ സംഗമത്തിന്റെ ഭാഗമായി നടന്ന പൈതൃക പ്രദര്‍ശനം നിരവധി പേര്‍ സന്ദര്‍ശിച്ചു. സാമൂതിരി രാജവംശത്തിന്റേയും ഖാസി പാരമ്പര്യത്തിന്റേയും കാലം മായ്ക്കാത്ത അമൂല്യവസ്തുക്കളുടെ പ്രദര്‍ശനം കോഴിക്കോടിന്റെ തന്നെ ചരിത്രം വിളിച്ചോതി. പൈതൃക പ്രദര്‍ശനത്തിലെ ചില ദൃശ്യങ്ങള്‍ ഇവിടെ കാണാം.


കോഴിക്കോട്ട് സാമൂതിരി എന്ന ഹിന്ദു രാജാവും അദ്ദേഹത്തിന്റെ കുഞ്ഞാലി മരക്കാര്‍ എന്ന വിശ്വസ്ത മുസ്ലിം പടനായകനും ചരിത്രം മായ്ക്കാത്ത മതമൈത്രിയുടെ മകുടോദാഹരണമാണ്. സാമൂതിരിയുടെ ഭരണകാലത്ത് 12 വര്‍ഷത്തിലൊരിക്കല്‍ തിരുനവായ മണല്‍ പുറത്ത് വച്ച് നടത്തിയിരുന്ന മാമാങ്കത്തിന് രാജാവ് എഴുന്നള്ളുമ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നത് കുറ്റിച്ചിറയിലെ ഷാബന്ദര്‍ കോയയായിരുന്നു എന്നതും അന്നത്തെ മതമൈത്രിയുടെ ഉത്തമോദാഹരണമാണ് . ഇന്നും കോഴിക്കോടന്‍ സമൂഹം ആ പൈതൃകവും സൌഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കുന്നു.


ഒരുമയുടെ പെരുമ വിളിച്ചറിയിക്കുന്ന നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും അടങ്ങിയ ഘോഷയാത്രയോടെ സ്നേഹസംഗമം ശനിയാഴ്ച സമാപിച്ചു.തളി മഹാദേവ ക്ഷേത്രത്തില്‍ നിന്നും  കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ നിന്നുമായി പുറപ്പെട്ട ഘോഷയാത്രകള്‍ പുഷ്പ ജങ്ഷനില്‍ സംഗമിച്ച് സമാപന വേദിയായ മാനാഞ്ചിറ സ്ക്വയറിലേക്ക് നീങ്ങി.മത-സാമൂഹ്യ-സാംസ്കാരിക സംഘടനകളും വിവിധ രാഷ്ട്രീയപാര്‍ട്ടീ പ്രവര്‍ത്തകരും ഘോഷയാത്രയില്‍ ഭാഗഭാക്കായി.നെറ്റിപട്ടം കെട്ടിയ ഗജവീരനും ഒട്ടകങ്ങളും ഘോഷയാത്രക്ക് കൂടുതല്‍ മിഴിവേകി.ചരിത്ര സംഭവങ്ങളായ രേവതിപട്ടത്താനവും മാമാങ്കവും നിശ്ചലദൃശ്യങ്ങളായും കളരി, കോല്‍ക്കളി, ദഫ്‌മുട്ട്,ഒപ്പന,തെയ്യം തുടങ്ങിയ മലബാര്‍ കലകളും ഘോഷയാത്രയില്‍ അണിനിരന്നു.


തളി ബ്രാഹ്മണസമൂഹം, എം.ഇ.എസ്,എം.എസ്.എസ്,ജമാ‍‌അത്തെ ഇസ്ലാമി,ശ്രീ സത്യ സായി സംഘം, സി.വി.എന്‍ കളരി സംഘം, ദാവൂദി ബോറ ജമാ‌അത്ത്,ഗുജറാത്തി സമൂഹം,യുവ സാഹിതീ സമാജം , കേരള മാപ്പിള കലാമണ്ഠലം, സിയസ്കോ,ശ്രീ ഗണേശ കലാസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, വിമന്‍സ് ഇന്ത്യന്‍ അസോസിയേഷന്‍ തുടങ്ങീ നിരവധി സംഘടനകള്‍ ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.


വാല്‍: സ്നേഹസംഗമങ്ങള്‍ വര്‍ഷംതോറും നടത്താന്‍ ആലോചന.മതങ്ങള്‍ തമ്മില്‍ മത്സരവും സ്പര്‍ദ്ധയും കൂടി വരുന്ന ഇക്കാലത്ത് തികച്ചും അനുകരണീയമായ ഒരു മാതൃക.

Sunday, March 07, 2010

ഈ ഉത്തരവാദിത്വബോധം ആരുടേതാണാവോ?

ഈ ഉത്തരവാദിത്വബോധം ആരുടേതാണാവോ?


ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ,അലാറം അടിക്കാന്‍ മുട്ടി നിന്ന എന്റെ മൊബൈലില്‍ നിന്ന് മെസേജ് ടോണ്‍ കേട്ടപ്പോള്‍ ഞാന്‍ ചാടി എണീറ്റ് നോക്കി.അസമയത്തെ കാ‍ളും കോളും പെട്ടെന്ന് നോക്കിയില്ലെങ്കില്‍ ജീവിതം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലാക്കിയിരിക്കുകയാണല്ലോ നമ്മുടെ കമ്പനിക്കാര്‍ എല്ലാം കൂടി.ഓപണ്‍ ചെയ്ത മെസേജ് ഇതായിരുന്നു.


“Your A/c XXXXXXX is debited with Rs 4500. Balance is Rs 3148"  !!!


നാല് ദിവസം മുമ്പ് ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ചതിന് നല്‍കിയ ചെക്ക് കളക്ഷനായത് അന്നേരത്തോ?അതല്ല അക്കൌണ്ട് ട്രാന്‍സാക്ഷനുകള്‍ അലെര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഫെഡറല്‍ ബാങ്ക് സര്‍വ്വര്‍ സമയം പാലിച്ചതോ? അതുമല്ല എന്നോ വിട്ട സന്ദേശം വീണ്ടും എന്നെ കാണാഞ്ഞ് കറങ്ങിത്തിരിഞ്ഞ് മൂക്കുകുത്തി വീണതോ?


ഏതായാലും ഈ ഉത്തരവാദിത്വബോധത്തിനു മുമ്പില്‍ കൈകൂപ്പുന്നു.

Saturday, March 06, 2010

അപകടം ക്ഷണിച്ചു വരുത്തരുത്

ഇന്നലെ കോളേജില്‍ നിന്ന് മടങ്ങുമ്പോള്‍ പതിവ് പോലെ ഞാന്‍ ബസ്സില്‍ ഉറങ്ങി.കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ എത്തിയപ്പോള്‍ ഞാന്‍ ഉണരുകയും ചെയ്തു.അടുത്ത സ്റ്റോപ്പ് ആയ വാലില്ലാപുഴയില്‍ നിന്നും ഒരു കൂലിത്തൊഴിലാളി എന്ന് തോന്നിക്കുന്ന വേഷത്തില്‍ ഒരാള്‍ ബസ്സില്‍ കയറി എന്റെ പിന്നിലെ സീറ്റില്‍ വന്നിരുന്നു.

ഉറക്കം എന്നെ വീണ്ടും അലട്ടുന്നതിനിടയില്‍ എതിര്‍ ഭാഗത്തിരുന്ന സ്ത്രീകളുടെ സീറ്റിലെ ഒരു സ്ത്രീ തന്റെ മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെ ബസ്സില്‍ നിര്‍ത്തുന്നത് ഞാന്‍ കണ്ടു.തൊട്ട് മുന്നിലിരിക്കുന്ന വല്ല്യുമ്മയുടെ അടുത്തേക്ക് കുട്ടിയെ നല്‍കുകയാകും എന്നാണ് ഞാന്‍ കരുതിയത്.എനിക്ക് ശരിക്കും കാണുന്ന വിധത്തില്‍ ആയിരുന്നില്ല കുട്ടി നിന്നിരുന്നത്.


ബസ്സ് കുതിച്ചു പായുകയാണ്.ആരെ , എവിടെ എത്തിക്കാന്‍ എന്നൊന്നും ചോദ്യമില്ല.പെട്ടെന്ന് എന്റെ പിന്നിലെ സീറ്റില്‍ വന്നിരുന്ന ആള്‍ ഉറക്കെ പറഞ്ഞു. “ആ കുട്ടിയെ പിടിക്കൂ,ഒരു ചവിട്ട് ചവിട്ടിയാല്‍ (ബ്രേക്കിട്ടാല്‍) അതങ്ങ് തെറിച്ചു പോകും”.


അപ്പോഴാണ് ആ സ്ത്രീ ചെയ്തു കൊണ്ടിരുന്നത് എന്താണെന്ന് മനസ്സിലായത്.കുട്ടിയുടെ വാശിക്കനുസരിച്ച് ,ഓടിക്കൊണ്ടിരുന്ന ബസ്സില്‍ അതിനെ ഒറ്റക്ക് നിര്‍ത്തുകയായിരുന്നു.ബസ്സ് ബ്രേക്കിടും എന്നോ, താന്‍ തെറിച്ചു പോകും എന്നോ മനസ്സിലാക്കാനുള്ള ബുദ്ധി ആ കുട്ടിക്ക് ഇല്ല, എന്നാല്‍ ആ സ്ത്രീക്കും അതില്ലാതെ പോയതില്‍ സങ്കടം തോന്നി.

തന്റേതല്ലാഞ്ഞിട്ടും ആ കുട്ടിക്ക് അപകടം വരുന്നതില്‍ ഭയം തോന്നിയ ആ യാത്രികന്റെ മനസ്സിന്റെ സ്നേഹോഷ്മളതയെ അഭിനന്ദിക്കുന്നു..അപകടം ക്ഷണിച്ചു വരുത്തരുത് എന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.