Pages

Tuesday, April 20, 2010

പത്രവും കുട്ടികളും.

ഇന്നലെ ഞാന്‍ എന്റെ ഒരു സുഹൃത്തുമായി സംസാരിച്ചത് പത്രങ്ങളെപറ്റി ആയിരുന്നു.എന്റെ സുഹൃത്തിന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ക്ക് രാവിലെ പത്രം വായിക്കാന്‍ നല്‍കരുത്.അതിനുള്ള കാരണങ്ങള്‍ അദ്ദേഹം നിരത്തിയപ്പോള്‍ എനിക്കും ചിലതൊക്കെ തോന്നി.

ഏതൊരാളും രാവിലെ ഉറക്കമെണീറ്റ് വരുമ്പോള്‍ അയാളുടെ തലച്ചോര്‍ ഒരു പുതു ഉണര്‍വ്വോട് കൂടി ഇരിക്കുകയായിരിക്കും.കുട്ടികളാകുമ്പോള്‍ പ്രത്യേകിച്ചും, ഒരു അന്വേഷണാത്മകത തുളുമ്പി നില്‍ക്കുന്ന അവസ്ഥയിലും ആയിരിക്കും.ഇത്തരം ഒരു കുട്ടിയുടെ മുമ്പിലേക്ക് “ശശി തരൂരിന്റെ സുഹൃത്ത് സുനന്ദ പുഷ്കര്‍...” എന്ന വാര്‍ത്ത എത്തുമ്പോള്‍ സ്വാഭാവികമായും കുട്ടിയില്‍ ചില സംശയങ്ങള്‍ ഉയരും. സുഹൃത്ത് എന്നാല്‍ എന്ത് ? അത് എന്തുകൊണ്ട് ഇത്രയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു ? ഏതൊരു പിതാവും മാതാവും ന്യായമായും ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരും എന്ന് തീര്‍ച്ച.

ഇനി അതു കഴിഞ്ഞാലോ ? അടുത്തത് ഏതെങ്കിലും ഭീകര ആക്രമണമോ , ബോംബ് സ്ഫോടനമോ അതുമല്ലെങ്കില്‍ ആത്മഹത്യാ വാര്‍ത്തയോ കൊലപാതകമോ ആയിരിക്കും.ഇതും ഈ ഫ്രെഷ് തലച്ചോറോടെ വായിച്ചാല്‍ അവന്റെ / അവളുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന ചിന്തകള്‍ എന്തെന്ന് നമുക്ക് വായിച്ചെടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല.

സുഹൃത്തിന്റെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് എനിക്കും തോന്നി. അതിനാല്‍ കുട്ടികള്‍ക്ക് രാവിലെ വല്ല കഥാബുക്കും വായിക്കാന്‍ നല്‍കി ഉച്ചക്കോ അതിന് ശേഷമോ പത്രം നല്‍കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ പത്രങ്ങള്‍ നമ്മെ തള്ളുമോ എന്ന് ന്യായമായും സംശയിക്കുന്നു.

Friday, April 16, 2010

നാല് കുട്ടികളും ഒരു ചെടിയും.

വേനലവധി തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഞാന്‍ എന്റെ രണ്ട് മക്കളേയും അനിയന്റെ രണ്ട് മക്കളേയും എന്റെ അടുത്തേക്ക് വിളിച്ചു വരുത്തി. ശേഷം നാല് പേരുടേയും കയ്യില്‍ ഓരോ പൂച്ചെടി വിത്ത് നല്കി.

എന്നും നനച്ചു കൊണ്ടിരുന്ന, ചെടി നടാത്ത, മണ്ണ് നിറച്ച ഒരു കവറിന് അടുത്തേക്ക് ഞാന്‍ അവരെ എല്ലാവരേയും കൊണ്ടുപോയി. ആദ്യം കൂട്ടത്തില്‍ ഏറ്റവും ഇളയവളായ പിഞ്ചുവിന്റെ കയ്യില്‍ ഒരു കോല് കൊടുത്തിട്ട് ആ കവറിനകത്ത് ചെറിയ ഒരു കുഴി ഉണ്ടാക്കാന്‍ പറഞ്ഞു. ശേഷം ബിസ്മിയും ചൊല്ലി കയ്യിലുള്ള വിത്ത് ആ കുഴിയില്‍ ഇട്ട് മൂടാനും പറഞ്ഞു.മറ്റ് മൂന്നു കുട്ടികളും ഇതേ പ്രക്രിയ തുടര്‍ന്നു .

“ഇനി നാളെ വൈകുന്നേരം പിഞ്ചുവും മറ്റന്നാള്‍ വൈകുന്നേരം ചിഞ്ചുവും അതിന്റെ പിറ്റേന്ന് ലുവയും അവസാന ദിവസം ലുലുവും ഇതിന് വെള്ളം ഒഴിച്ചു കൊടുക്കണം.“ നാല് പേരോടുമായി ഞാന്‍ പറഞ്ഞു.
”അടുത്ത ആഴ്ച അതില്‍ ചെടികള്‍ മുളച്ചു വരും, ഇന്ഷാ അല്ലാഹ്” ഞാന്‍ കൂട്ടിച്ചേര്‍ത്തു .

പക്ഷേ രണ്ടാഴ്ച കഴിഞ്ഞാണ് അതില്‍ ഒരു വിത്ത് മുളച്ചത്.ആ ദിവസം എന്റെ രണ്ടാമത്തെ മോളെയും കൊണ്ട് അതിനടുത്ത് കൂടെ പോയപ്പോള്‍ ഞാന്‍ പറഞ്ഞു.

“കണ്ടോ ഒരു ചെടി മുളച്ചു…”

“ആ..ഒന്നു മാത്രമേ വിരിഞ്ഞുള്ളോ ( മുളച്ചു എന്നതിന് അവള്‍ വിരിഞ്ഞു എന്നാണ്‍ പറയാറ്)….അത് ആരുടേതാ ഉപ്പാ..?”

നാല് പേരും കൂടി കുഴിച്ചിട്ടതില്‍ ഒന്ന് മാത്രം മുളച്ചപ്പോള്‍ സ്വാഭാവികമായും കുഞ്ഞു മനസ്സില്‍ ഉണ്ടാകുന്ന ഒരു ചോദ്യം.

“അത് പറയാന്‍ ഒക്കില്ല മോളേ….” ഞാന്‍ പറഞ്ഞു.

“അത് പറയാന്‍ പറ്റുമായിരുന്നെങ്കില്‍ നിങ്ങള്‍ നാല് പേരും തമ്മില്‍ എന്റെ ചെടി, എന്റെ ചെടി എന്നും പറഞ്ഞ് തര്‍ക്കിക്കുമായിരുന്നു.ഉപ്പച്ചി നിങ്ങളുടെ നാല് പേരുടേയും വിത്ത് ഒരേ കവറില്‍ കുഴിച്ചിടിപ്പിച്ചതും അതു കൊണ്ടാ.ആരുടെ ചെടിയാ മുളച്ചത് എന്ന് മനസ്സിലാവാന്‍ പാടില്ല.മുളച്ചു വന്നത് എല്ലാവരുടേതുമായി കരുതി വെള്ളവും വളവും നല്കി പരിപാലിക്കുക.”

“ശരി ഉപ്പാ…” അവള്‍ സമ്മതിച്ചു.

Monday, April 12, 2010

തൃക്കരിപ്പൂരിലേക്ക് ഒരു ബസ് ഉണ്ടായിരുന്നെങ്കില്‍...

“പാറ....പാറ....പാറ....പാറ....“  ബസ്‌സ്റ്റാന്റിലൂടെ നടക്കുകയായിരുന്ന  പോക്കരാക്ക അത് വിളിക്കുന്നവന്റെ നേരെ ചെന്നു ചോദിച്ചു.


“നീ ഇത് എങോട്ടാ വിളിക്കുന്നത് ?”


“എടവണ്ണപ്പാറയിലേക്ക്...ചുരുക്കി വിളിച്ചതാ...”


“ഉം...അപ്പോള്‍ ഇവിടെ നിന്ന് തൃക്കരിപ്പൂരിലേക്ക് ഒരു ബസ് ഉണ്ടായിരുന്നെങ്കില്‍...നീ എന്ത് വിളിക്കുമായിരുന്നു ഹമുക്കേ ? ”

Saturday, April 10, 2010

അശ്രദ്ധയുണ്ടാക്കുന്ന കഷ്ടപ്പാടുകള്‍.

ചെറിയ ഒരു അശ്രദ്ധമൂലം സംഭവിച്ച വലിയൊരു പ്രശ്നത്തിന് ഇന്നലെ അറുതിയായി.എന്റെ പുതിയ വീടിന് ഇന്നലെ വീട്ടുനമ്പര്‍ ലഭിച്ചു.ഇനി ഇത്രയും വൈകാനുണ്ടായ കാരണങ്ങള്‍ കൂടി.


എന്റെ സമയ‌ക്കുറവ് കാരണം ,  കോണ്‍‌ട്രാക്ടറും ,എന്റെ ക്ലാസ്‌മേറ്റും ,ബന്ധുവും ,പഞ്ചായത്ത് ഓഫീസില്‍ നല്ല പിടിപാടുമുള്ള ഒരാളെ, പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട അനുവാദങ്ങള്‍ക്കും മറ്റുമായി,തറ കെട്ടിയ ഉടനെ തന്നെ ഞാന്‍ ഏല്പിച്ചു.പണിയുടെ വിവിധ ഘട്ടങ്ങളില്‍ പുള്ളിയെ ഞാന്‍ വിവരമറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പുള്ളിയുടെ തന്നെ നിര്‍ദ്ദേശപ്രകാരം വാതിലും ഘടിപ്പിച്ച് കം‌പ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചു.

തുടര്‍ന്ന്  നമ്പര്‍ രണ്ടാഴ്ച കൊണ്ട് കിട്ടും എന്ന് ആ വ്യക്തി അറിയിച്ചു.മൂന്നാഴ്ച കഴിഞ്ഞ് ഞാന്‍ വിളിച്ചപ്പോള്‍ മറ്റെന്തോ കാരണം പറഞ്ഞു.അങ്ങനെ ഇന്നു കിട്ടും നാളെ കിട്ടും എന്ന നിലയില്‍ ഡിസമ്പര്‍ അവസാന ആഴ്ച വിളിച്ചപ്പോഴാണ് കൃസ്തുമസ് പ്രമാണിച്ച് സെക്ഷനില്‍ ആളില്ല എന്ന കാരണം പറഞ്ഞത്.

പിന്നെ ഫെബ്രുവരിയും അതിന് മുമ്പ് ജനുവരിയും കഴിഞ്ഞു.മാര്‍ച്ചില്‍ അന്വേഷിച്ചപ്പോള്‍ ഇപ്പോള്‍ മാര്‍ച്ചിന്റെ തിരക്കാണ് എന്ന മറുപടി.അവസാനം അവനോട് ഞാന്‍ നന്നായി ദ്വേഷ്യപ്പെട്ടു .ഇതുവരെ വായനക്കാര്‍ എന്റെ തണുപ്പന്‍ പ്രതികരണത്തില്‍ അന്തം വിട്ടിരിക്കുകയായിരിക്കും.പക്ഷേ മേല്‍ പറഞ്ഞ മൂന്ന് ബന്ധങ്ങള്‍ കാരണം എനിക്ക് ഒന്നും പറയാന്‍ നിര്‍വ്വാഹവുമില്ലായിരുന്നു.ഒപ്പം സ്വതവേ മറ്റുള്ളവരോട്‌ ചൂടാകാനുള്ള മടിയും.

അപ്പോള്‍ ഇത്രയും താമസം വരാനുള്ള കാരണം? യഥാര്‍ത്ഥത്തില്‍ എന്റെ വീടിന്റെ ഒരു രേഖയും ഈ ജനുവരി വരെ ,പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നില്ല .അനുവാദമില്ലാതെ പണി ആരംഭിച്ച് മുഴുമിച്ചതിനാല്‍ ആദ്യം റഗുലരൈസേഷന്‍ നടത്തേണ്ടതുണ്ട്.അതിന് പഞ്ചായത്ത് സെക്രട്ടറി തന്നെ സ്ഥലം സന്ദര്‍ശിക്കണം എന്ന് തോന്നുന്നു.അതു കഴിഞ്ഞ് ഓവര്‍സീയറുടെ വക സന്ദര്‍ശനം.കൈക്കൂലി വാങ്ങാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭം ആയിരുന്നെങ്കിലും ഞാനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ട് ഒന്നും സംഭവിച്ചില്ല.


അതിനാല്‍ വീടുപണി ആരംഭിക്കുന്ന ബൂലോകത്തെ എല്ലാവരും പ്ലാന്‍ ആദ്യമേ പഞ്ചായത്തില്‍/ മുനിസിപ്പാലിറ്റിയില്‍ നിന്ന് അംഗീകരിപ്പിച്ച് അനുവാദം വാങ്ങിയ ശേഷം മാത്രം പണി ആരംഭിക്കുക.

നമ്പര്‍ കിട്ടിയ ഉടന്‍ തന്നെ ഞാന്‍ വൈദ്യുതി കണക്ഷനുള്ള അപേക്ഷയും നല്‍കി.ഒരു മുന്‍ വൈദ്യുതിവകുപ്പ് ജീവനക്കാരനായതിനാല്‍ അവിടെ ഒരു നൂലാമാലയും ഇല്ലാതെ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാം ശരിയായി.ഇനി രണ്ട് ദിവസത്തിനകം കണക്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Thursday, April 08, 2010

വാശിയുടെ ഫലം

ഫുട്ബാള്‍ എന്ന ഉരുണ്ട സാധനം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവരാണ് മലപ്പുറം ജില്ലക്കാരില്‍ മിക്കവരും എന്നാണ് എന്റെ വിശ്വാസം.എന്റെ നാടായ അരീക്കോടാകട്ടെ കേരളത്തിനും ഇന്ത്യക്കും അനേകം ഫുട്ബാള്‍ താരങ്ങളെ സംഭാവന ചെയ്ത ഒരു കൊച്ചു ഗ്രാമവും.അതേ ഫുട്ബാള്‍ എന്റെ നാട്ടില്‍ ഇപ്പോള്‍ വലിയ ഒരു ചര്‍ച്ചാവിഷയമാണ്.ലോകകപ്പ് ഫുട്ബാള്‍ മത്സരം വരുന്നതല്ല കാരണം, മറിച്ച് ഒരു വാശി മത്സരമാണ് അതിന്റെ പിന്നില്‍.


അരീക്കോടിന്റെ തൊട്ടടുത്ത ഗ്രാമമായ ഊര്‍ങ്ങാട്ടിരിയിലെ തെരട്ടമ്മല്‍ ആണ് ഫുട്ബാള്‍ ലോകത്ത് യഥാര്‍ത്ഥത്തില്‍ അരീക്കോടിന് പ്രശസ്തി നേടിക്കൊടുത്തത്.ആ ഗ്രാമത്തിന്റെ സന്തതികളാണ് മുന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ ഷറഫലിയും ജാബിറും.നാട് ഏതെന്ന് ചോദിക്കുമ്പോള്‍ സ്വാഭാവികമായും തെരട്ട എന്ന് പറയുന്നതിന് പകരം അല്പം വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ (!!) താമസിക്കുന്ന അരീക്കോട്‌ എന്ന് പറയാനാണ് ഊര്‍ങ്ങാട്ടിരിക്കാരനും അല്ലെങ്കില്‍ തോട്ടുമുക്കംകാരനും കാവനൂര്‍കാരനും എല്ലാം ഇഷ്ടപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.


പക്ഷേ ഒരു കിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്ഥലങ്ങളിലും ഇപ്പോള്‍ ഓരോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.തെരട്ടമ്മല്‍ ഫുട്ബാള്‍ കമ്മിറ്റി പറയുന്നു , അവരാണ് ടൂര്‍ണമെന്റു് നടത്താന്‍ ആദ്യം അനുവാദം വാങ്ങിയത് എന്ന്.അരീക്കോട്‌ ഫുട്ബാള്‍ കമ്മിറ്റി പറയുന്നു , തങ്ങളാണ് ടൂര്‍ണമെന്റു് നടത്താന്‍ ആദ്യം അനുവാദം വാങ്ങിയത് എന്ന്.രണ്ട് പേരും വാശിയോടെ മുന്നോട്ട് നീങ്ങി എല്ലാ സജ്ജീകരണങ്ങളും നടത്തി മത്സരവും തുടങ്ങിക്കഴിഞ്ഞു.ഫലം - അപ്രശസ്തരായ ടീമുകളെ രംഗത്തിറക്കി അരീക്കോട്‌ ടൂര്‍ണമെന്റു് തട്ടിമുട്ടി പൊട്ടാനുള്ള വക്കില്‍, പ്രശസ്തരായ ടീമുകളെ രംഗത്തിറക്കിയിട്ടും വേണ്ടത്ര കാണികളെ കിട്ടാതെ തെരട്ടമ്മല്‍ ടൂര്‍ണമെന്റും മുന്നോട്ട്.


വാശി , അത് എന്തിലായാലും ആരോഗ്യകരമായിരിക്കണം.ഇല്ലെങ്കില്‍ ഇരു വിഭാഗത്തിനും അത് ദോശമേ വരുത്തൂ.അനുഭവിച്ചതിന് ശേഷം ദു:ഖിക്കുന്നതിലും നല്ലത് നേരത്തേ മനസ്സിലാക്കി വിട്ടു വീഴ്ച ചെയ്യുകയാണ്.

Thursday, April 01, 2010

അവധിക്കാലം ഉപയോഗിക്കേണ്ടതെങ്ങനെ?

അവധിക്കാലം ആരംഭിച്ചു.ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികള്‍ പ്രത്യേകിച്ച് ഒരു പ്ലാന്‍ ഒന്നും ഇല്ലാതെ അവ ആസ്വദിക്കാന്‍ തുടങ്ങി.നാട് മുഴുവന്‍ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ വിവിധ തന്ത്രങ്ങളിലൂടെ കുട്ടികളെ ചാക്കിട്ട് പിടുത്തം തുടങ്ങിയിട്ട് ഏകദേശം ഒരു മാസമായി. കമ്പ്യൂട്ടര്‍ പഠനത്തിനുള്ള ഈ ചുരുങ്ങിയ സമയം ഒഴികെ ബാക്കി സമയം നമ്മുടെ മക്കള്‍, കുഞ്ഞനിയന്മാര്‍ , കുഞ്ഞനിയത്തിമാര്‍, സഹോദരങ്ങള്‍ അല്ലെങ്കില്‍ സഹോദരികള്‍ എങ്ങനെ ചെലവഴിക്കണം എന്ന് ചെറിയ ഒരു നിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് സാധിച്ചെങ്കില്‍ , ഭാവിയില്‍ അവര്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച് ആദരണീയരാകുമ്പോള്‍ ഒരു പക്ഷേ നമ്മുടെ പേരും ഓര്‍മ്മിക്കപ്പെട്ടേക്കാം.ഇനി അങ്ങിനെ ഇല്ല എങ്കിലും ഒരല്പ സമയം നീക്കി വയ്ക്കാന്‍ ഉപദേശിക്കുക.എന്തിന്?എങ്ങനെ?


തീര്‍ച്ചയായും അവധിക്കാലം ആഘോഷിക്കേണ്ടത് തന്നെ.അതു കൊണ്ട് ദിവസവും ചുരുങ്ങിയത് ഒരു അര മണിക്കൂര്‍ മാത്രം ഞാന്‍ പറയുന്ന ഈ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മതി.

മാര്‍ച്ച് ഒന്നു മുതല്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ “ദ ഹിന്ദു” എന്ന ഇംഗ്ലീഷ് ദിനപത്രം വെറും 175 രൂപക്ക് നാല് മാസം പത്രം ഇടുന്ന ഒരു പദ്ധതി ആവിഷ്കരിച്ചു.ഞാന്‍ അതില്‍ പങ്കാളിയായി.ഇന്ന് അവധി ദിനത്തിലെ ആദ്യ ദിനം ഞാന്‍ അതിന്റെ യങ് വേള്‍ഡ് എന്ന ചൊവ്വാഴ്ച സപ്പ്ലിമെന്റിലെ ഒരു ഐറ്റം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ എന്റെ മൂത്തമകളോട്‌ ആവശ്യപ്പെട്ടു. ഒപ്പം അതുപോലെ ഒന്ന് ഉണ്ടാക്കാനും.വളരെ ആവേശപൂര്‍വ്വം അവളത് സ്വീകരിച്ചു, നിമിഷങ്ങള്‍ക്കകം രണ്ടും റെഡി!!!അല്പ സ്വല്പം തിരുത്തലുകള്‍ ഞാന്‍ സൂചിപ്പിക്കുമ്പോഴേക്കും അവള്‍ തന്നെ അത് തിരുത്തിപ്പറഞ്ഞു.എന്റെ മകളെപ്പോലെ അവളുടെ കൂട്ടുകാരികളും ഇങ്ങനെ ഒരു അര മണിക്കൂര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു.തീര്‍ച്ചയായും ഇത് വായിക്കുന്ന നിങ്ങളുടെ ആര്‍ക്കെങ്കിലും ഇത് ഉപയോഗപ്പെടും.


ഇതു കണ്ടു നിന്ന എന്റെ ഒന്നാം ക്ലാസ്സുകാരിക്കും വേണം എന്തെങ്കിലും ആക്ടിവിറ്റി.അതില്‍ തന്നെയുള്ള ചില വേഡ് ഗെയിമുകളും കളറിങ്ങും അവള്‍ക്കും നല്‍കി.ബാക്കി നാളെ മതി എന്ന് പറഞ്ഞിട്ടും രണ്ട് പേര്‍ക്കും മതിയാകുന്നില്ല!!


മൂത്തവള്‍ക്ക് നാളെ നല്‍കിയത് മറ്റൊരു ആക്റ്റിവിറ്റിയാണ്.മലയാള ദിനപത്രത്തിലെ ഏതെങ്കിലും ഒരു ചെറിയ വാര്‍ത്ത ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുക.ആക്റ്റിവിറ്റി കൊടുത്താല്‍ അത് അന്ന് തന്നെ പരിശോധിക്കാന്‍ മറക്കരുത്.


ഇനി എല്ലാവരും ഇത്തരം സംഗതികളില്‍ തല്പരര്‍ ആയിരിക്കില്ല.അവര്‍ക്കും ഇതാ ചില പ്രവര്‍ത്തനങ്ങള്‍.


1) വീട്ടില്‍ ഉപയോഗിക്കുന്ന പുരാവസ്തുക്കളുടെ (മെതിയടി,കിണ്ടി,പായ...) തുടങ്ങിയവയെക്കുറിച്ച് ഓരോ ലഘു കുറിപ്പ് തയ്യാറാക്കുക .ഫോട്ടോ എടുക്കാന്‍ സൌകര്യപ്പെട്ടാല്‍ വളരെ നല്ലത്.


2) നിങ്ങളുടെ കുടുംബത്തിന്റെ വേര് കണ്ടെത്തുക.അത് ഒരു മരമായി ചിത്രീകരിച്ച് വിവിധ അംഗങ്ങളെ സന്ദര്‍ശിച്ച് കൊമ്പും ചില്ലകളും വരച്ചു ചേര്‍ക്കുക.


3) വീടും പരിസരവും ഓരോരോ ഭാഗമായി വൃത്തിയാക്കുക


4) സൈക്ലിങ്ങും നീന്തലും പഠിക്കുക


5) മലയാളത്തിലോ ഇംഗ്ലീഷിലോ എന്നും ഓരോ പദങ്ങള്‍ തിരഞ്ഞെടുത്ത് വാക്യത്തില്‍ പ്രയോഗിക്കുക.


ഇനിയും പലതും പറയാനുണ്ട്.പോസ്റ്റ് നീളം കൂടുന്നതിനാല്‍ ഇത് ഇവിടെ നിര്‍ത്തട്ടെ.ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.ഇതിലേതെങ്കിലും ഒന്ന് ചെയ്യാന്‍ ഏതൊരു കുട്ടിയും താല്പര്യപ്പെടും എന്ന് തീര്‍ച്ച.ഇനി ഒന്നിലും താല്പര്യമില്ലാത്ത കുട്ടിയാണെങ്കില്‍ അവനെ/അവളെ ഫ്രീയാക്കുക,ഒരിക്കലും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്.

കൂട്ടവിരാമം

അവധി ദിനമായ ഏപ്രില്‍ 1-ന് പോക്കരാക്ക ഒരു സര്‍ക്കാര്‍ ഓഫീസില്‍: “ അല്ലാ , ഇതെന്താ കസാല മുയ്മന്‍ ഒയ്‌ഞ്ഞ് കെടക്ക്‌ണ് ?”


അപരന്‍: “ഇരുപത്തിരണ്ടായിരത്തിലധികം ഉദ്യോഗസ്ഥരാ ഇന്നലെ പിരിഞ്ഞ് പോയത്..”


പോക്കരാക്ക: “ഇരുപത്തിരണ്ടായിരത്തിലധികം ഉദ്യോഗസ്ഥരോ?ന്നട്ട് ബ്‌ടെ കരിമ്പും തോട്ടത്ത്‌ല് ആന കയറ്യേന്റെ ഒര് ലച്ചണോം കാണ്‌ണ്‌ല്ലല്ലോ....ജ്ജ് ഞമ്മളെ പൂളാക്ക്വാ...”


അപരന്‍: “ഫൂളാക്കുകയല്ല”

 പോക്കരാക്ക: “ന്നാ പിന്നെ ഈ ആപ്പീസും കൂടി പൂട്ടിക്കൂടെയ്‌ന്യോ?”


അപരന്‍: “അത്.....ഇന്ന് അവധി ആണെന്നറിയില്ലേ?”


പോക്കരാക്ക: “ഫ...ഹമുക്കേ ....ന്നാ ആദ്യം അത്‌ങ്ങട്ട് പറഞ്ഞാപോരേ? സര്‍ക്കാറ് പറ്യണമാതിരി തൊള്ളേകൊള്ളാത്ത കണക്ക് ജ്ജും പറ്യണോ?”