Pages

Friday, March 26, 2010

മക്കളുടെ കൂടെ ഒരു ആശുപത്രിവാ‍സം

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ച ഞാനും ആശുപത്രി വാസത്തില്‍ ആയിരുന്നു.പേ വാഡില്‍ റൂം കിട്ടിയതിനാല്‍ ജനറല്‍ വാര്‍ഡില്‍ കിടക്കുന്നതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചില്ല.എങ്കിലും ഓപറേഷന്‍ കഴിഞ്ഞ ദിവസം ഉച്ച മുതല്‍ പിറ്റേന്ന് രാവിലെ വരെ നിരീക്ഷണത്തിനായി ഭാര്യയെ ജനറല്‍ വാര്‍ഡില്‍ കിടത്തേണ്ടി വന്നു.എനിക്ക് രാത്രി ഒമ്പത് മണി വരെയേ അവിടെ സമയമനുവദിച്ചിരുന്നുള്ളൂ.ഒമ്പതു മണി മുതല്‍ രാവിലെ ആറ് മണി വരെ ഭാര്യയുടെ ഉമ്മയും ജ്യേഷ്ഠത്തിയും അവിടെ കഴിച്ചു കൂട്ടി.


രോഗികള്‍ക്ക് തന്നെ കിടക്കാന്‍ ഇടമില്ലാത്തിടത്ത് ബൈസ്റ്റാന്ററായി രണ്ട് പേര്‍ നിന്നാല്‍ അവര്‍ ഉറങ്ങിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.പക്ഷേ റൂമിലേക്ക് പോയ ഞാന്‍ ഉറങ്ങിയോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്താനും. മൂട്ടകളുടെ നവരാത്രി കാരണം ഞാന്‍ അന്ന് ശിവരാത്രി ആഘോഷിച്ചു എന്ന് ചുരുക്കി പറയാം.


കുഞ്ഞ് പിറന്ന് മൂന്നാം ദിനം ഞാന്‍ എന്റെ മൂത്ത രണ്ട് മക്കളേയും കൊണ്ട് ആശുപത്രിയില്‍ പോയി.അന്ന് അവിടെ താമസിപ്പിക്കാനായി , വൈകിട്ടാണ് അവരെ കൊണ്ടുപോയത്.അവരുടെ ഉമ്മയേയും പുതിയ കുഞ്ഞനിയത്തിയേയും കാണിക്കുന്നതിലുപരി എന്റെ മനസ്സില്‍ മറ്റു ചില പദ്ധതികളുണ്ടായിരുന്നു.അവയാണ് ഞാന്‍ ഈ പോസ്റ്റിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്.


1. ആശുപത്രിവാസം അത്ര സുഖകരമല്ല എന്ന സന്ദേശം കുട്ടികളെ നേരിട്ട് മനസ്സിലാക്കിക്കുക.കിടക്കാന്‍ നേരത്ത് ഒരു മണിക്കൂര്‍ കരണ്ട് പോയതിനാല്‍ അവര്‍ക്കത് വ്യക്തമായും ബോദ്ധ്യമായി!!!കൊതുകും മൂട്ടയും ഒരുമിച്ച് ആക്രമിച്ചപ്പോഴും ചൂടില്‍ കുട്ടികള്‍ ഉരുണ്ട്മറിയുമ്പോഴും നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.


2. വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് വിവിധതരം രോഗികളെ നേരിട്ട് കണ്ട് രോഗങ്ങളുടെയും രോഗികളുടേയും  ദൈന്യാവസ്ഥ മനസ്സിലാക്കുക.അതു വഴി തങ്ങള്‍ക്ക് ലഭിച്ച ആരോഗ്യാവസ്ഥയില്‍ ദൈവത്തിനോട്‌ നന്ദിയുള്ളവരായിരിക്കുക.


3. രോഗം എന്ന അവസ്ഥ ലിംഗ-മത-ജാതി ഭേദമന്യേ ആര്‍ക്കും എപ്പോഴും പിടിപെടാം എന്ന് മനസ്സിലാക്കികൊടുക്കുക.


എന്റെ ഉദ്ദേശങ്ങള്‍ എല്ലാം സഫലമായി.വാര്‍ഡിലൂടെ നടന്ന് കുട്ടികളോട്‌ ഞാന്‍ ഇവ വിവരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തുകടക്കാനായിരുന്നു അവരുടെ പിഞ്ചുമനസ്സ് കൊതിച്ചിരുന്നത്. നമുക്ക് കിട്ടിയ ആരോഗ്യം എന്ന സൌഭാഗ്യം തിരിച്ചറിയാന്‍ വല്ലപ്പോഴും അടുത്തുള്ള ആശുപത്രികള്‍ സന്ദര്‍ശിക്കുക.

17 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ ഉദ്ദേശങ്ങള്‍ എല്ലാം സഫലമായി.വാര്‍ഡിലൂടെ നടന്ന് കുട്ടികളോട്‌ ഞാന്‍ ഇവ വിവരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തുകടക്കാനായിരുന്നു അവരുടെ പിഞ്ചുമനസ്സ് കൊതിച്ചിരുന്നത്. നമുക്ക് കിട്ടിയ ആരോഗ്യം എന്ന സൌഭാഗ്യം തിരിച്ചറിയാന്‍ വല്ലപ്പോഴും അടുത്തുള്ള ആശുപത്രികള്‍ സന്ദര്‍ശിക്കുക.

വീകെ said...

വളരെ നല്ല ഉദ്യമമാണ് മാഷ് ചെയ്തത്...!
രോഗത്തിന്റെ ഭീകരാവസ്ത മനസ്സിലാക്കാൻ നമ്മുടെ ജനറൽ ആശുപത്രികൾ തന്നെ സന്ദർശിക്കണം...!!

പക്ഷെ കൊച്ചു കുട്ടികളെക്കൊണ്ട് ഒരിക്കലും പോകരുത്...

ആശംസകൾ...

അരുണ്‍ കരിമുട്ടം said...

ആശുപത്രി വാസം മകളുടെ ബ്ലോഗില്‍ നിന്ന് അറിഞ്ഞായിരുന്നു.

"അവരുടെ ഉമ്മയേയും പുതിയ കുഞ്ഞനിയത്തിയേയും കാണിക്കുന്നതിലുപരി എന്റെ മനസ്സില്‍ മറ്റു ചില പദ്ധതികളുണ്ടായിരുന്നു"

പദ്ധതികള്‍ പറഞ്ഞ് കൊടുത്താല്‍ മതിയാരുന്നു, അധികം നേരം കുട്ടികളെ അവിടെ ഇരുത്തേണ്ടിയിരുന്നില്ല.ആ അന്തരീക്ഷം അവരുടെ ആരോഗ്യത്തിനു നല്ലതല്ല.

ഒരു നുറുങ്ങ് said...

മാഷെ,സംഗതി സോദ്ദേശപരം തന്നെ 100%
ഈ നുറുങ്ങുമതങ്ങ് സമ്മതിക്കുന്നു..!
പക്ഷെ,കുഞ്ഞുമക്കളാവുമ്പോള്‍ നല്ലശ്രദ്ധവേണം.
രോഗികളുമായിഅടുത്തിടപഴകാതെ,കുഞ്ഞുങ്ള്‍ക്ക്
ബോധവല്‍ക്കരണംനല്‍കാം.രോഗികളെനന്നായി
പരിചരിക്കണമെന്നും,അവശരെ ശുശ്രൂഷിക്കണം
എന്നുമൊക്കെയുള്ള സാമാന്യ പരിജ്ഞാനം ഈ
എളിയ പ്രായത്തിലേ പ്രോത്സാഹിപ്പിക്കുന്നത്
വളരേ നല്ലഫലങ്ങള്‍ ഉളവാക്കും.
രോഗികള്‍ക്ക് ആശ്വാസം നല്‍കാനായി
അവരെ സന്ദര്‍ശിക്കുക എന്നത് പ്രവാചകന്‍റെ
പ്രത്യേക നിര്‍ദ്ദേശങ്ങളില്‍ കാണാം,എന്നാല്‍
ഒരിക്കലുമത് അരോചകമാവാതിരിക്കാന്‍
നമ്മള്‍ ശ്രദ്ധിക്കയും വേണം.

പുതുമുഖത്തിന് ക്ഷേമ ഐശ്വര്യത്തിനായി
പ്രാര്‍ത്ഥിക്കുന്നു.

Sabu Kottotty said...

കണ്ണു തുറന്നു വച്ചാലും കണ്ണിന്റെ വിലയറിയാമെന്നു നമ്മുടെ കുട്ടികള്‍ മനസ്സിലാക്കട്ടെ

കൂതറHashimܓ said...

നല്ല മാഷ്

Manoraj said...

മാഷേ, നമ്മുടെ ആശുപത്രികളുടെ അവസ്ഥ നന്നായറിയാല്ലോ? കുഞ്ഞു കുട്ടികളെ ഇത്തരം പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കാതിരിക്കുക.. മാഷിന് അത് ഞാൻ പറയാതെ തന്നെ അറിയാല്ലോ? ലോകപരിചയം കൂടുതലില്ലേ..

Areekkodan | അരീക്കോടന്‍ said...

കണ്ടും കേട്ടും മനസ്സിലാക്കാന്‍ പറ്റുന്ന, ഒന്നാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന എന്റെ രണ്ടു മക്കളേയും കൂട്ടിയാണ് ഞാന്‍ ആശുപത്രിയില്‍ പോയത്.നേരിട്ട് കാണുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന ദീനാനുകമ്പ ഒരിക്കലും ഒരു വിവരണത്തിലൂടെ ഉണ്ടാക്കാന്‍ സാധിക്കുകയില്ലല്ലോ.

ramanika said...

നൂറു പ്രാവശ്യം പറയുന്നതിനേക്കാളും എത്രയോ കുടുതല്‍ അറിയാന്‍ കഴിയും ഒരു പ്രാവശ്യം നേരിട്ട് കാണുമ്പോള്‍
നേരിട്ട് കൊണ്ടുപോയത് നന്നായി .......

Areekkodan | അരീക്കോടന്‍ said...

വീ.കെ...നന്ദി

അരുണ്‍...ആശുപത്രിക്കകത്ത് ഒരു മണിക്കൂറില്‍ താഴെ മാത്രമേ അവരെ കാണിച്ചുള്ളൂ.

ഹാറൂണ്‍ക്ക...വിശദമായ അഭിപ്രായത്തിന് നന്ദി.

കൊട്ടോട്ടീ...അതേ

ഹാഷിം...നന്ദി

മനോരജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.സ്വീകരിക്കുന്നു , ഈ ഉപദേശവും.

Junaiths said...

:0((

ഹംസ said...

മാഷെ നല്ല കാര്യം.

Unknown said...

നമ്മുടെ അനുഗ്രഹങ്ങള്‍ മനസ്സിലാക്കിതരുവാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ നല്ലതുതന്നെ. അതുകൊണ്ടുതന്നെ ആണല്ലോ രോഗികളെ സന്ദര്ഷിക്കല്‍ ഒരു പുണ്ണ്യകര്‍മ്മമായത്.

jayanEvoor said...

നല്ല വിദ്യാഭ്യാസം.

മക്കൾക്ക് ഇങ്ങനെ ചില അറിവുകൾ കൂടി നമ്മൾ ഒരൊരുത്തരും നൽകണം.

ഗുഡ് പോസ്റ്റ്.

Akbar said...

Akbar said..........
ഈ ഒന്നാം ക്ലാസ് കാരിയെ ഇനി വരാന്‍ പോകുന്ന (?) ഒന്നാം ക്ലാസുകാരി(രന്‍) പിന്നെയും തിരുത്തട്ടെ. -പോസ്റ്റിലെ നര്‍മ്മം ആസ്വദിച്ചു. ആശംസകള്‍

Areekkodan | അരീക്കോടന്‍ said...
അക്ബര്‍...ങേ, വരാന്‍ പോകുന്ന ഒന്നാം ക്ലാസ്സുകാരന്‍.ഇതെങ്ങിനെ മണത്തറിഞ്ഞു?
-----------------------------
എന്റെ ഒരു കമന്റും താങ്കളുടെ മറുപടിയുമാണ്‌ മുകളില്‍. അപ്പൊ അത് സത്യമായിരുന്നു അല്ലെ മാഷേ. പുതിയ മെമ്പര്‍ക്ക്‌ ആയുരാരോഗ്യ സൌഖ്യം നേരുന്നു. ഒപ്പം താങ്കള്‍ക്കും കുടുംബത്തിനും

Areekkodan | അരീക്കോടന്‍ said...

രമണിക ചേട്ടാ...അനുഭവിച്ചറിയല്‍ തന്നെ ഏറ്റവും വലിയ അറിവ്.

ജുനൈദ്...!!!

ഹംസ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വീണ്ടും വരുമല്ലോ?

തെച്ചിക്കോടന്‍...അതു തന്നെ

ജയന്‍ സാര്‍...നന്ദി

അക്ബര്‍...അതേ, എത്ര മൂടി വച്ചാലും ഈ സത്യം ഒരു ദിവസം പുറത്തു ചാടുമല്ലോ!!!!

Mohamed Salahudheen said...

അച്ഛനും മക്കളുമുറങ്ങാത്ത ആശുപത്രി- നന്നായി

Post a Comment

നന്ദി....വീണ്ടും വരിക