Pages

Friday, January 29, 2010

ഒരു ബസ് യാത്രാ അനുഭവം കൂടി

ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ പലതാണ്.പ്രത്യേകിച്ചും പെണ്‍കുട്ടികള്‍.എന്റെ ഒരു മുന്‍പോസ്റ്റില്‍ ഞാന്‍ ഇതിനെ പറ്റി സൂചിപ്പിച്ചിരുന്നു.പക്ഷേ ഇന്ന് ഞാന്‍ ഒരു സാധാരണ ദൃശ്യത്തിന് സാക്ഷിയായപ്പോള്‍ അത് ഇവിടെ പോസ്റ്റാതിരിക്കാന്‍ തോന്നുന്നില്ല.


പതിവ് പോലെ ഞാന്‍ എന്നും പോകുന്ന ആ മിഡി ബസില്‍ നിറയെ ആള്‍ക്കാരുണ്ട്.പക്ഷേ പതിവിന് വിപരീതമായി സ്ത്രീകളുടെ സീറ്റില്‍ ഒന്ന് കാലിയാണ്.ഒരു സ്ത്രീ മാത്രം അതില്‍ ഇരിക്കുന്നുണ്ട്.ബസ് അടുത്ത സ്റ്റോപ് എത്തിയപ്പോള്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ കയറി.സീറ്റിലിരിക്കുന്ന സ്ത്രീ അവരിലൊരാളെ ഇരിക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ കണ്ട ഭാവം പോലും നടിച്ചില്ല.


ബസ് വീണ്ടും കുറേ ദൂരം പോയി.ബസില്‍ വിദ്യാര്‍ത്ഥിനികളുടേയും വിദ്യാര്‍ത്ഥികളുടേയും തിരക്കും കൂടിക്കൊണ്ടിരുന്നു.പക്ഷേ ഈ സീറ്റിലേക്ക് മാത്രം ആരും എത്തി നോക്കിയില്ല.അല്പം മുമ്പ് രണ്ട് പേരെ ക്ഷണിച്ചിട്ടും അവര്‍ വരാത്തതിനാലാവും സീറ്റിലിരിക്കുന്ന സ്ത്രീ നില്‍ക്കുന്നവരില്‍ ആരെയും ക്ഷണിച്ചില്ല.

തിരക്ക് വീണ്ടും കൂടി വരികയും  വിദ്യാര്‍ത്ഥിനികള്‍കൂടുതല്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് കണ്ടിട്ടാവും സീറ്റിലിരിക്കുന്ന സ്ത്രീ ഒരിക്കല്‍ കൂടി ഒരു കുട്ടിയെ ഇരിക്കാന്‍ ക്ഷണിച്ചു.അല്പ നേരം അവളും അത് കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു.എന്നാല്‍ തിരക്ക് കൂടിയതിനാലാവും അല്പം കഴിഞ്ഞ് ആ കുട്ടി അവിടെ ഇരുന്നു.


ഇവിടെ ഒരു കാര്യം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ മറന്ന് പോകുന്നു.നിങ്ങള്‍ കണ്‍സഷന്‍ ടിക്കറ്റ് ആണ് നല്‍കുന്നതെങ്കിലും സീറ്റിലിരിക്കരുത് എന്ന് നിയമമില്ല.ഒഴിഞ്ഞ സീറ്റില്‍ ഇരിക്കുന്നതിന് വിരോധവുമില്ല.ബസ് ജീവനക്കാര്‍ ചീത്ത പറയും എന്ന പേടിയാണെങ്കില്‍ അതിനെ ധൈര്യത്തോടെ നേരിടാന്‍ പരിശീലിക്കുക.വലിയവര്‍ വരുമ്പോള്‍ സ്വമേധയാ എഴുന്നേറ്റ് കൊടുത്താല്‍ ഒരു ജീവനക്കാരനും നിങ്ങളെ ചീത്ത പറയില്ല.സീറ്റ് ലഭിക്കുന്നവര്‍ക്ക് നിങ്ങളുടെ സന്മനോഭാവത്തില്‍ ആദരവ് തോന്നുകയും ചെയ്യും.എന്നാല്‍ അവരെ കണ്ട ഭാവം പോലും ഇല്ലാതെ കുത്തി ഇരുന്നാല്‍ എല്ലാവരുടേയും പഴി കേള്‍ക്കേണ്ടിയും വരും.


യൌവന കാലത്തേ നമുക്ക് ഇത്തരം സേവനങ്ങള്‍ ചെയ്യാന്‍ സാധിക്കൂ എന്ന് ഓര്‍മ്മിക്കുക.മാത്രമല്ല വാര്‍ധക്യ കാലത്ത് നമ്മെ ആരെങ്കിലും സഹായിക്കണമെങ്കില്‍ നമ്മുടെ നല്ല കാലത്ത് നാം അത്തരം ക്രിയകളില്‍ വ്യപൃതരാവേണ്ടതുണ്ട്.

ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം !

പോക്കരാക്കയുടെ നാട്ടില്‍ ഒരു പാലം ഉത്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി അന്നാണ് ഞാന്‍ പോക്കരാക്കയെ നേരില്‍ കാണുന്നത്.


“ഓ...ഒരു പാലം വന്നതോടെ നമ്മുടെ നാട്ടിലേക്കൊന്നും വരാതായി..” ഞാന്‍ വെറുതെ ഒന്ന് തട്ടി.


“ ഇതിലും വല്യ സിറ്റി കൊറച്ചു കൂടി ഞമ്മളെ അട്‌ത്ത് എത്തിയില്ലേ...പിന്നെ ആര്‍ക്ക് വേണം നിങളെ ഈ  ഊപ സിറ്റി...” പോക്കരാക്കയും വിട്ടില്ല.


‘ങേ !!!അതേതാ അരീക്കോടിനേക്കാളും വലിയ സിറ്റി നിങ്ങളുടെ അടുത്തെത്തിയത് ?” ഞാന്‍ അല്‍ഭുതപ്പെട്ടു.


“ ദുബായ്...ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം ഞമ്മളെ കുടീന്ന് കൃത്യം പത്ത് കിലോമീറ്ററാ കൊറഞത്...!!”


“ങേ!! ഇവിടെ പാലം ഉത്ഘാടനം ചെയ്യപ്പെട്ടതിന് ബുര്‍ജ് ദുബായ്ക്ക് ദൂരം കുറയേ...?” എനിക്ക് വിശ്വസിക്കാനായില്ല.


“ആ...പാലം വന്നപ്പോ എയര്‍പോര്‍ട്ട്ക്ക്‌ള്ള ദൂരം പത്ത് കിലോമീറ്ററാ കൊറഞത്...അപ്പം ദുബായീക്ക് പത്ത് കിലോമീറ്റര്‍ കൊറഞ്ഞോ കോയേ ?” 
പോക്കരാക്കയുടെ ഉത്തരവും ‘കോയേ‘ വിളിയും എന്നെ ആകെ പരവശനാക്കി.

Friday, January 22, 2010

ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!

കഴിഞ്ഞ ആഴ്ച ഞാന്‍ മക്കളേയും കൊണ്ട് കേരള സ്കൂള്‍ കലോത്സവം കാണാന്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു.ചെറുവാടി എത്തുന്നതിന് മുമ്പ് ബ്ലോഗര്‍ ഏറനാടന് പെണ്ണു കിട്ടിയ സ്ഥലത്ത് കൂടെ ബസ് പാസ് ചെയ്തു കൊണ്ടിരിക്കുന്നു.ഏറനാടന് പെണ്ണ് കിട്ടാന്‍ താമസിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ബസ്സുകള്‍ 10 കി.മീ/ഹവര്‍ വേഗതയില്‍ ആണ് ഇതിലൂടെ കടന്നു പോകുന്നത്. ഇനി കുട്ടി ഉണ്ടായതിനെ അനുസ്മരിച്ച് ബസ്സുകള്‍ 100 കി.മീ/ഹവര്‍ വേഗതയില്‍ കടന്നു പോകുന്ന കാലം ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു!!!


എന്റെ തല പോലെ പ്രകൃതി സുന്ദരമായ ചെറുവാടി പാടത്ത് നിറയെ കൊക്കുകള്‍ ഇരിക്കുന്നത് കണ്ട ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ചെറിയ മകള്‍ പെട്ടെന്ന് എന്നോട് ചോദിച്ചു:
“ഉപ്പച്ചീ....ഈ കൊക്കുകള്‍ വളര്‍ന്ന് വലുതാകില്ലേ ?”


“ഉം...എന്താ സംശയം..?”


“അപ്പോള്‍ അവ വലുതായി വലുതായി ഇത്തയുടെ (ഐഷ നൌറ) കളര്‍ ബോക്സിന് പുറത്ത് കാണുന്ന അത്രയും ആകുമോ ?”


എനിക്ക് ചിരി വന്നെങ്കിലും അവളുടെ ഒബ്സര്‍വേഷനും താരതമ്യവും പോയ വഴി ഓര്‍ത്ത് ഞാന്‍ അവളെ അഭിനന്ദിച്ചു.ഉടന്‍ തൊട്ടപ്പുറത്ത് ഇരുന്നിരുന്ന അവളുടെ ഇത്ത പറഞ്ഞു:
“ആ ചിത്രം കൊക്ക് അല്ല....ഫ്ലമിംഗോ എന്ന പക്ഷിയാ....”


“ആ...അത് ഇംഗ്ലീഷില്‍...അതിന് മലയാളത്തില്‍ പറയുന്ന പേര് കൊക്ക് എന്നാ...” ഒന്നാം ക്ലാസ്സുകാരി തിരുത്തിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

Tuesday, January 19, 2010

ലോക അവാര്‍ഡിന് എന്‍‌ട്രി ക്ഷണിക്കുന്നു !!!

ചക്കയിട്ടപ്പോള്‍ മുയല്‍ കിട്ടിയ പോലെ ഒബാമക്ക് കിട്ടിയ നോബല്‍ സമ്മാനത്തിന്റെ കാഷ്പ്രൈസ് അദ്ദേഹം ചാരിറ്റബ്‌ള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്രേ.വളരെ നല്ല കാര്യം.അപ്പോള്‍ അരീക്കോടന് കിട്ടിയ ലോക അവാര്‍ഡ് കെട്ടിപ്പൂട്ടി ഷോകേസില്‍ വയ്ക്കേണ്ട എന്ന് അരീക്കോടനും അങ്ങ് തീരുമാനിച്ചു.

അതേ സുഹൃത്തുക്കളേ, എനിക്ക് കിട്ടിയ ആ ലോക അവാര്‍ഡ് നിങ്ങള്‍ക്കും ലഭിക്കാന്‍ ഇതുവഴി പോയി നിങ്ങളുടെ ഇ-മെയില്‍ ഐഡി കൊടുത്തു നോക്കുക.ഒരു പക്ഷേ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അത് കിട്ടിയാല്‍ കേരളം വീണ്ടും കോരിത്തരിക്കും.എല്ലാവര്‍ക്കും കിട്ടിയാല്‍ തരിപ്പ് കൂടി ഭൂകമ്പം ഉണ്ടാകും എന്നതിനാല്‍ കിട്ടാത്തവര്‍ ഒരിക്കലും വിഷമിക്കരുത് എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.അവാര്‍ഡ് കിട്ടുന്നവര്‍ ഗുരുദക്ഷിണ തരാന്‍ മറക്കരുത് എന്നും  പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

Saturday, January 16, 2010

രണ്ട് കുട്ടികള്‍

ബസ് സമരം കേരള ജനതയുടെ മനസ്സിന്റെ അഗാധതയിലേക്ക് പത്തിച്ചു കഴിഞ്ഞു.പക്ഷേ എനിക്ക് അത് മൂന്ന് പോസ്റ്റിന്  വഴിയൊരുക്കി വച്ചിരുന്നതിനാല്‍ എന്റെ മനസ്സില്‍ അത് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.ആ പുക ഞാന്‍ ഇവിടെ തുറന്ന് വിടുന്നു.


സമര ദിവസങ്ങളിലെ എന്റെ വീരകൃത്യങ്ങള്‍ക്ക് മുമ്പ്, ചെറിയ മോളെ സ്കൂളില്‍ വിടാന്‍ റോഡില്‍ ബസ് കാത്തുനില്‍ക്കുക എന്നത് എന്റെ ഡ്യൂട്ടിയായി ഭാര്യ പ്രഖ്യാപ്പിക്കുകയും മോള്‍ അതിന്റെ മൂട് താങുകയും ചെയ്തതോടെ ഞാന്‍ അത് സ്വയം ഏറ്റെടുത്തു!

അങ്ങിനെ ബസ് കാത്തുനില്‍ക്കുന്ന ഒരു ദിവസം.സ്കൂള്‍ കുട്ടികള്‍ സൈക്കിളിലും ബൈക്കിലും ഓട്ടോയിലും കാല്‍നടയായും ഒക്കെയായി പരന്നൊഴുകുകയാണ്.റോഡ് പതിവിലും ജന-വാഹന നിബിഡം.പെട്ടെന്ന് എന്റെ സൈഡില്‍ കൂടി ഒരു പയ്യന്‍ സൈക്കിളില്‍ സാവധാനം കടന്നു പോയി.
അല്പം മുമ്പോട്ട് നിര്‍ത്തി റോഡിന്റെ മറു ഭാഗത്തുള്ള ഒരു പയ്യനെ അവന്‍ വിളിച്ചു.സ്വന്തം സൈക്കിളില്‍ കയറ്റി കൊണ്ടു പോകാനാണ് അവന്‍ ആ പയ്യനെ വിളിച്ചത്!!മുതിര്‍ന്ന നമുക്ക് എത്ര പേര്‍ക്ക് ഈ മാതൃക പിന്തുടരാന്‍ കഴിയും?


സമര ദിനത്തില്‍ സ്വന്തം കാറിലും ബൈക്കിലും ജോലിക്ക് പോയ നമ്മളില്‍ എത്ര പേര്‍ ഒരാള്‍ കൈ കാട്ടാതെ അല്ലെങ്കില്‍ ലിഫ്റ്റ് ചോദിക്കാതെ സ്വമേധയാ നിര്‍ത്തി മറ്റൊരാളെ കയറ്റി കൊണ്ടുപോയിട്ടുണ്ട്? ഈ പയ്യന്‍ എന്റെ മനസ്സില്‍ അപ്പോഴേ ഈ ചോദ്യം എറിഞ്ഞു തന്നു.നാം അടുത്ത സമരത്തിനെങ്കിലും ചിന്തിക്കേണ്ട ഒരു സംഗതിയാണിത് എന്നതില്‍ സംശയമില്ല.


കഴിഞ്ഞില്ല.വിളിക്കപ്പെട്ടെ പയ്യന്‍ സൈക്കിളില്‍ കയറാനായി റോഡ് ക്രോസ് ചെയ്യാന്‍ ഭാവിക്കുമ്പോഴാണ് അവന്റെ ഒരു ചങ്ങാതി അല്പം പിന്നില്‍ നിന്ന് അവനെ വിളിച്ച് ഓടി വന്നത്.ആ പയ്യന്‍ എതിഭാഗത്ത് നിന്നും വിളിക്കുന്ന സൈക്കിളിലെ പയ്യനെ കണ്ടിട്ടില്ലായിരുന്നു.നടന്നു പോകുന്ന തന്റെ സുഹൃത്തിന്റെ കൂടെ നടക്കാന്‍ ആയിരുന്നു അവന്റെ വരവ് എന്ന് വ്യക്തം.തീര്‍ച്ചയായും സൈക്കിളില്‍ കയറാന്‍ വിളിക്കപ്പെട്ടെ പയ്യന്‍ അങ്ങോട്ട് ഓടും എന്നായിരുന്നു എന്റെ ധാരണ.പക്ഷേ...അവന്‍ തന്റെ സുഹൃത്തിന് വേണ്ടി ആ ലിഫ്‌റ്റ് ഒഴിവാക്കി നടക്കാന്‍ തീരുമാനിച്ചു!!!


ഈ രംഗവും എന്നെ വല്ലാ‍തെ ആകര്‍ഷിച്ചു.രണ്ട് പേര്‍ നടന്നു പോകുമ്പോള്‍ ഒരാള്‍ക്ക് ലിഫ്റ്റ് കിട്ടിയാല്‍ എത്ര പേര്‍ ഇത്തരം ഒരു തീരുമാനത്തില്‍ എത്തും?കാലം പുരോഗമിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് വഴികാട്ടാന്‍ ചില കുട്ടികള്‍ എങ്കിലും വളര്‍ന്നു വരുന്നു എന്നത് ആശ്വാസം പകരുന്നു.

Friday, January 15, 2010

ലോക അവാര്‍ഡ് ദാനം കോഴിക്കോട്‌ നടക്കാവില്‍!!

ഇടി വെട്ടേറ്റവന് വെടിയും കൊണ്ടാല്‍ ??? (എല്ലാവരേയും ഇടുന്ന ഐ.സി.യു.വില്‍ തന്നെ അവനേയും കൊണ്ടിടും എന്നായിരിക്കും ടിന്റുമോന്റെ ഉത്തരം).അരീക്കോടന് ലോക അവാര്‍ഡ് കിട്ടിയ വാര്‍ത്ത നിങ്ങള്‍ എല്ലാവരും കണ്ട പോലെ ഞാനും കണ്ട് ഞെട്ടി!!!പക്ഷേ അതിലും വലിയൊരു സന്തോഷം ഇതാ ഒരു അഞ്ചു മിനുട്ട് മുമ്പ് ഉണ്ടായി.എന്താ അസാധാരണ നോബല്‍ സമ്മാനം കിട്ടിയോ എന്നൊന്നും കടന്നു ചിന്തിക്കരുത് (ഇരുന്ന് ചിന്തിച്ചോളൂ).


കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പൊടിപൂരം(അതേ പൊടിയാണ് അവിടെ കൂടുതലും) ആസ്വദിക്കാന്‍ ഞാന്‍ കോഴിക്കോട്‌ കറങ്ങുന്നു.മുഖ്യവേദിയായ മാനാഞ്ചിറയില്‍ ഞാന്‍ ചെന്ന ആദ്യ ദിവസം സ്റ്റേജിന്റെ അടുത്തേക്ക് ഞാന്‍ പോയതേ ഇല്ല,കാരണം അതിലും വലിയ മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പുറത്തുള്ള പത്രസ്റ്റാളുകളില്‍ ഒരുക്കിയിരുന്നു.അടിക്കുറിപ്പ് മത്സരം, ക്വിസ് മത്സരം, പ്രവചന മത്സരം അങ്ങനെ നിരവധി നിരവധി മത്സരങ്ങള്‍!!!പഠിക്കുന്ന കാലത്ത് പൊതുവെ കമന്റടിക്കാന്‍ മോശമായിരുന്നതിനാല്‍ അവയെല്ലാം ടണ്‍ കണക്കിന് മനസ്സില്‍ കെട്ടി കിടക്കുന്ന ഒരു അസുഖം കലശലായുണ്ട്.അതിനാല്‍ കണ്ട ഫോട്ടോക്ക് മുഴുവന്‍ കമന്റിട്ട് ഒരു മത്സരം പോലും കാണാതെ അന്ന് ഞാന്‍ വീട്ടിലേക്ക് മടങ്ങി.


പിറ്റേ ദിവസം ഞാന്‍ കോളേജില്‍ നിന്ന് ലീവെടുത്തു.ഈ അടിക്കുറിപ്പുകള്‍ക്കെല്ലാം സമ്മാനം നേടിയാല്‍ അത് വാങാന്‍ തന്നെ വൈകുന്നേരം വരെ സമയം വേണ്ടി വരും എന്നതിനാല്‍!!!അപ്പോഴാണ് ഇതെല്ലാം കൂടി എങ്ങനെ ഞാന്‍ ഒറ്റക്ക് പിടിക്കും എന്ന ചിന്ത മനസ്സില്‍ പുകഞ്ഞത്.ഒരു ലോറി തന്നെ വേണ്ടി വരുമല്ലോ ദൈവമേ.പക്ഷേ ലോറിക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ ഒരു ഗുഡ്സ് ഓട്ടോ ആയാലും മതി എന്ന് എന്റെ ബുദ്ധി പെട്ടെന്ന് ഓര്‍മ്മിപ്പിച്ചു (ഏതാ എന്റെ ബുദ്ധി അല്ലേ?).ഇനി ഒന്നും കിട്ടിയില്ലെങ്കിലോ, ഓട്ടോ വാടകയും ഡ്രൈവര്‍ ബത്തയും മാനവും ആകാശവും ഭൂമിയും എല്ലാം നഷ്ടം.അപ്പോള്‍ എന്നിലെ അമര്‍ത്യസെന്നും ഐസക് ന്യൂട്ടണും ഒരുമിച്ച്  ഉണര്‍ന്നു.ഓട്ടോക്ക് പകരം രണ്ട് മക്കളെ കൂടെ കൂട്ടുക.അവര്‍ക്ക് മത്സരവും കാണാം,എനിക്ക് റിസല്‍ട്ടും നോക്കാം,സമ്മാനം കിട്ടിയാല്‍ പിടിക്കാന്‍ ആറ് കൈകളും - വാഹ്, സൂപ്പര്‍ ചേറ് സോറി ചോറ്‌ തന്നെ തലക്കകത്ത് !!!


അങ്ങനെ പിറ്റേന്ന് മക്കളെ സ്കൂളിലേക്ക് വിടാതെ ഞാന്‍ കലോത്സവ നഗരിയില്‍ എത്തി.സ്റ്റേജിന്റെ അടുത്തേക്ക് എത്തിച്ചേരാന്‍ ഒരു ഗതിയും ഇല്ലാത്തതിനാല്‍ പുറത്ത് തന്നെ കറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.എങ്കിലും ആരെങ്കിലും മക്കളോട്‌ ഏത് മത്സരമാ കണ്ടത് എന്ന് ചോദിച്ചാല്‍ അടിക്കുറിപ്പ് മത്സരം എന്ന് പറയുമോ എന്ന ഭീതിയാല്‍ ഞാന്‍ ഒരു ടി.വിക്ക് മുന്നില്‍ നിന്ന് നാടോടി നൃത്തം കണ്ടു.അന്ന് വൈകിട്ട് വരെ ആ സ്റ്റേജില്‍ അതേ മത്സരമാണ് എന്നത് എന്നിലെ കലാകാരനെ ഉറക്കി, കൊലാകാരനെ ഉണര്‍ത്തി.പിന്നെ ഞാന്‍ തലേ ദിവസത്തെപോലെ എല്ലാ പത്ര സ്റ്റാളുകളിലും കുട്ടികളേയും കൊണ്ട് കറങ്ങി , അന്നത്തെ എല്ലാ മത്സരത്തിലും പങ്കെടുത്തു.


ഉച്ചയായ്പ്പോള്‍ തലേ ദിവസത്തെ മത്സരത്തിന്റെ റിസല്‍ട്ടുകള്‍ വരാന്‍ തുടങ്ങി.ആദ്യം വന്നത് മനോരമ റിസല്‍ട്ട് - ങേ!!!എനിക്ക് ഒന്നുമില്ല.പിന്നെ മാതൃഭൂമി - വാഹ്, ഞാന്‍ പറഞ്ഞത് അവര്‍ക്ക് പിടിച്ചിട്ടില്ല.അതാ മാധ്യമത്തിന്റെ മുന്നില്‍ ഉന്തും തള്ളൂം- ഹുറേ!!!വിജയിച്ചവന്‍ വിളിച്ചു പറഞ്ഞു.തൊട്ടടുത്ത് തേജസിന്റെ മുമ്പില്‍ റിസല്‍ട്ട് ഒട്ടിക്കാന്‍ തുടങ്ങുന്നു - കൂയ്, അതിലും ഇല്ല.അതോടെ എന്നിലെ പ്രതിപക്ഷം ഉണര്‍ന്നു.ഇവന്മാര്‍ക്കൊന്നും ഈ അരീക്കോടനെ മനസ്സിലായില്ല.കലോത്സവ അപ്പീല്‍ കമ്മിറ്റിക്ക് മുന്നില്‍ ഒരു പരാതി കൊടുത്താലോ?മനസ്സിലെ അമര്‍ത്യസെന്നും ഐസക് ന്യൂട്ടണും ഉറങ്ങി ഉമ്മന്‍ ചാണ്ടി  ഉണര്‍ന്നതിനാല്‍ ഞാന്‍ മക്കളോടൊപ്പം ബീച്ചിലേക്ക് പോയി.ഇനി ഇന്നത്തെ മത്സരങ്ങളുടെ റിസല്‍ട്ട് നാളെ വരുമ്പോള്‍ നോക്കാം എന്ന് സമാധാനിച്ചു.


ഇന്നലെ വീണ്ടും ഞാന്‍ അക്ഷമനായി ആദ്യം മനോരമ സ്റ്റാളിന് മുന്നില്‍ എത്തി.ഫൂ,ഏതോ ഒരു ബഡ്ക്കൂസന്‍ അത് അടിച്ചുമാറ്റി!തൊട്ടടുത്ത് മെട്രോ വാര്‍ത്ത എന്ന സ്റ്റാളീന് മുമ്പില്‍ ഒരു ചോദ്യം - നെഹ്രു മന്ത്രിസഭയില്‍ അംഗമായ ഒരു കോഴിക്കോട്ടുകാരനെ കുറിച്ച്.ഇന്ന് ഒരു മത്സരത്തിലും ഭാഗ്യം പരീക്ഷിക്കേണ്ട എന്ന തീരുമാനം പെട്ടെന്ന് ആവിയായി.ഉത്തരം പെട്ടെന്ന് എഴുതി പെട്ടിയിലിട്ട് ഞാന്‍ ഓരോ സ്റ്റാളിന് മുന്നിലും എത്തി നോക്കി.ഒന്നിലും ഇന്നും സമ്മാനമില്ല എന്ന സന്തോഷ വാര്‍ത്ത മനസ്സിലാക്കി ഞാന്‍ വീട്ടിലേക്ക് തിരിച്ചു.വീട്ടിലെത്തി മക്കളുടെ ചോദ്യം - സമ്മാനമെവിടെ?
 എനിക്ക് ദ്വേഷ്യം വന്നെങ്കിലും ഒന്നും പറഞ്ഞില്ല.അത്രയും ആള്‍ക്കാര്‍ക്കിടയില്‍ നിന്ന് നമുക്ക് കിട്ടിയില്ല എന്ന് മാത്രം സൂചിപ്പിച്ചു.


ഇന്ന് കലോത്സവ സമാപന ദിവസം അങ്ങോട്ട് പോകണ്ട എന്ന് കരുതിയാണ് ഞാന്‍ കോളേജില്‍ എത്തിയത്.ബൂലോകത്ത് കൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് മൊബെയില്‍ റിങ്ങ് ചെയ്തു.
“ഹലോ...ആബിദ് അല്ലേ?”


“അതേ...”


“ഫാത്തിമാ മന്‍സില്‍ ,അരീക്കോട് എന്നല്ലേ വിലാസം”


“അതേ അതു തന്നെ..”


“ഞാന്‍ മെട്രോ വാര്‍ത്തയില്‍ നിന്നാണ്.ഇന്നലത്തെ ക്വിസ് മത്സരത്തില്‍ നറുക്കെടുപ്പിലൂടെ മൂന്ന് വിജയികളെ തീരുമാനിച്ചതില്‍ ഒന്ന് നിങ്ങളാണ്.തിങ്കളാഴ്ച സമ്മാനം വാങ്ങാന്‍ ഞങളുടെ നടക്കാവിലുള്ള ഓഫീസില്‍ എത്താന്‍ താല്പര്യപ്പെടുന്നു!!!”


“ഓ.കെ, താങ്ക്സ്..”


അങ്ങനെ നെറ്റില്‍ നിങ്ങള്‍ കണ്ട ലോക അവാര്‍ഡിന് ശേഷം അരീക്കോടന്‍ തിങ്കളാഴ്ച ഒറിജിനല്‍ സമ്മാനം വാങ്ങാന്‍ കോഴിക്കോട്‌ നടക്കാവിലേക്ക് (ഇന്‍ഷാ അള്ളാഹ്)

Tuesday, January 12, 2010

അരീക്കോടന് ലോക അവാര്‍ഡ് !!!

എന്റമ്മോ ...എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല...ഇത് സ്വപ്നമോ അതോ യാഥാര്‍ത്ഥ്യമോ?എന്റെ തലക്കിട്ട് ഒരു അടി തരൂ...ഞാന്‍ ഒന്ന് ഞെട്ടി ഉണരട്ടെ.


ഈ ലോകത്തിലെയും പരലോകത്തിലേയും ഉന്നതമായ ബിസിനസ് മൈന്റ് (മൊയന്ത് അല്ല) അവാര്‍ഡ് ആബിദ് അരീക്കോടിന് പോലും!!!അതും മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരുന്നു എന്നോ?നോബല്‍ അവാര്‍ഡ് കെട്ടി ഏല്പിക്കപ്പെട്ട പ്രെസിഡണ്ട് ഒബാമ, പിന്നെ ടൈറ്റാനികിലെ ആ കാറ്റ് എന്ന് തുടങ്ങുന്ന ആ പെണ്ണ്, സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ അളിയന്‍ ഏതോ ഒരുത്തന്‍,പിന്നെ ആരൊക്കെ എന്ന് നിങള്‍ക്ക് ന്യൂസില്‍ നേരില്‍ കാണാം !!!


തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിന്നെ ഒരു ഇന്റെര്‍വ്യൂ...പിന്നെ കുറേ പേര്‍ക്ക് എന്റെ പേരില്‍ എന്തൊക്കെയോ സാധനങ്ങള്‍ ഇറക്കാനുള്ള അനുമതി പത്രം ഒപ്പിടല്‍....യു.എന്‍ അസംബ്ലിയില്‍ സംസാരിക്കാനുള്ള ക്ഷണം...അങ്ങനെ എന്തൊക്കെ പുകിലാ പടച്ചോനേ ഈ കുന്ത്രാണ്ടത്തിന് പിന്നാലെ വന്നത്.ഞാന്‍ ആണെങ്കില്‍ ഇവരോടൊക്കെയാണ് എന്റെ മത്സരം എന്നറിയാതെ വെറുതെ ഒരു മെയില്‍ അയച്ചതായിരുന്നു.ഞാന്‍ സ്വപ്നം കാണുകയാണ് എന്ന് നിങള്‍ക്ക് സംശയം വരുന്നുണ്ട് അല്ലേ? അല്ല , ഞാനിപ്പോള്‍ ഉണര്‍ന്ന് തന്നെയാണ് ഇരിക്കുന്നത്.



കുറേ പെണ്ണുങ്ങള്‍ കൂടി നിന്ന് എന്റെ നേരെ ഒരു പ്ലക്കാര്‍ഡും കാട്ടി - ഞങ്ങള്‍ നിന്നെ പ്രേമിക്കുന്നു എന്ന് പച്ചമലയാളത്തില്‍ ആക്കിയാല്‍ ആകുന്ന ഇംഗ്ലീഷ്!ഞാന്‍ ആകെ കോരിത്തരിച്ചു പോയി.ഇതു വരെ ഈ അവാര്‍ഡ് വിവരം ഭാര്യയോട് പറഞ്ഞിട്ടില്ല.വീട് പണിക്ക് കാശില്ല എന്ന് പറഞ്ഞ് അവളുടെ എല്ലാ ആവശ്യങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പറഞ്ഞിരിക്കുകയാണ് ഞാന്‍.ഞാന്‍ സ്വപ്നം കാണുകയാണ് എന്ന് നിങള്‍ക്ക് വീണ്ടും സംശയം വരുന്നുണ്ട് അല്ലേ? അല്ല , ഞാനിപ്പോള്‍ ഉണര്‍ന്ന് തന്നെയാണ് ഇരിക്കുന്നത്.

പിന്നെ എന്നെ കൊണ്ടു പോകാന്‍ പ്രത്യേകം ചാര്‍ട്ടെര്‍ ചെയ്ത വിമാനം വന്നു - ഞാനുണ്ടോ അതില്‍ കയറുന്നു, ശാന്ത സമുദ്രത്തിന്റെ മുകളില്‍ എത്തുമ്പോള്‍ ഇത്രയും വലിയ അവാര്‍ഡ് കിട്ടിയ എന്നെ അവരങ്ങ് തള്ളി താഴേക്കിട്ടാല്‍ കഴിഞ്ഞില്ലേ കഥ.സുഹ്രുത്തുക്കളേ ബൂലോകത്ത് നിന്നും ഈ അവാര്‍ഡ് ആദ്യമായും അവസാനമായും കിട്ടിയ അരീക്കോടന് ഒരായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിക്കിത്തിരക്കുന്ന ജനസഹസ്രങ്ങളെയും അവാര്‍ഡ് വിവരം പ്രഖ്യാപ്പിക്കുന്ന വാര്‍ത്തയും ഇവിടെ കാണുക. എന്താ നിങളും സ്വപ്നം കാണുകയാണെന്ന് തോന്നുന്നോ?

Thursday, January 07, 2010

ഹും..കളി അരീക്കോടനോടോ ?

സ്വകാര്യ ബസ് ഉടമകളുടെ ബസ് സമരം എന്റെ മാത്രം സ്വകാര്യ ദു:ഖമല്ല എന്ന് ഞാന്‍ നന്നാ‍യി മനസ്സിലാക്കുന്നു.എന്നെപ്പോലെ ഓഫീസില്‍ പോകാന്‍ കഴിയാത്ത കുറേ പേര്‍ ലീവും എടുത്ത് വീട്ടിലിരിക്കുകയാണ്.ജനുവരി ആയതിനാല്‍  ലീവ് ക്രെഡിറ്റ് ഫുള്‍ ഗര്‍ഭിണി കണക്കെ നില്‍ക്കുന്നതിനാല്‍ ഒട്ടേറെ കാശും മുടക്കി ഉന്തും തള്ളും സഹിച്ച് പേപ്പറിലും ചാനലിലും  പടം വരുത്തേണ്ട  എന്ന് കരുതി ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നു.പക്ഷേ ഈ ബസ് സമരം ഒട്ടേറെ പോസ്റ്റിനുള്ള വഴിയും മറ്റ് ചില ഗുണങ്ങളും  തന്നു എന്നത് എന്റെ സ്വകാര്യ സന്തോഷമായി ഞാന്‍ കരുതുന്നു.


എന്റെ പുതിയ വീടിന്റെ പണി ഏകദേശം പൂര്‍ത്തിയായി (ആരും ബഹളം വയ്ക്കേണ്ട, ഒരു ബൂലോക മീറ്റ് വീടിന്റെ ‘കുടിയിരിക്കല്‍‘ അഥവാ പാലുകാച്ചല്‍ ദിവസം ഉണ്ടായിരിക്കും.വരാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ കമന്റായി ഇവിടെ ഇടുക.) വരുന്നു.ബാപ്പ ഉണ്ടായിരുന്ന കാലത്ത് അതിന്റെ ചുറ്റും ചെടി നടുന്നതും പച്ചക്കറി ഉണ്ടാക്കുന്നതും പുല്ല് കളയുന്നതും അദ്ദേഹത്തിന്റെ പതിവ് കര്‍മ്മങളില്‍ പെട്ടതായിരുന്നു. ബാപ്പ മരിച്ചതിന് ശേഷം അവിടെ പുല്ല് വളര്‍ന്ന് വൃത്തികേടായി.


ഇക്കഴിഞ്ഞ ദിവസം വീട്ടില്‍ സ്ഥിരം പണിക്ക് വരുന്ന ഗോപാലേട്ടനോട് മറ്റ് പണികള്‍ക്ക് ശേഷം ആ വഴിയിലെ പുല്ലു ചെത്താന്‍ പറഞ്ഞു.പക്ഷേ അന്ന് സമയം ഉണ്ടായിട്ടും അദ്ദേഹം അത് മറ്റൊരു ദിവസത്തെ പണിക്കായി മാറ്റി വച്ചോ എന്ന് എനിക്ക് ഒരു സംശയം.ഹും,കളി അരീക്കോടനോടോ?



ഗോപാലേട്ടന് അറിയോ അരീക്കോടന്‍ ആരാ മോന്‍ എന്ന് ? അതും കാക്കൂരിലെ ഏതോ ഒരു മലവാരത്തെ കാടും പൊന്തയും വെട്ടുന്ന ഏഴു ദിവസത്തെ ക്യാമ്പ് കഴിഞ്ഞ് കയ്യിന്റെ തരിപ്പ് മാറാതിരിക്കുമ്പോള്‍?അനുഗ്രഹമായി ഒരു ബസ് സമരവും കൂടി ആയപ്പോള്‍ ഗോപാലേട്ടന്റെ കൂനിന്മേല്‍ അത് ഒരു കുരുവായി.ഞാന്‍ കൈക്കോട്ടും കത്തിയും ചൂലുമായി ഇറങ്ങി.


ഈ പണിയില്‍ ഡോക്ടരേറ്റ് പോയിട്ട് എസ്.എസ്.എല്‍.സി പോലും പാസാകാത്തതിനാല്‍ ഉച്ച വരെയേ എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചുള്ളൂ.എങ്കിലും സന്തോഷമായി,കാരണം അതിനിടക്ക് ഗോപാലേട്ടന്‍ അവിടെ വന്ന് എന്റെ പണി കണ്ട് അന്തം വിട്ടു നിന്നു - രൂപ 300 ഗോപാലേട്ടന് പോയി എന്നത് മാത്രമല്ല ഗോപാലേട്ടന്റെ അന്തവിടലിന് കാരണം, എന്റെ പണിയുടെ പൂര്‍ണ്ണത (!) എന്ന് നിങ്ങള്‍ തെറ്റി ധരിച്ചുവെങ്കില്‍ അതുമല്ല.ഗോപാലേട്ടന്റെ ആയുധങളുമായിട്ടായിരുന്നു എന്റെ കസര്‍ത്ത്!!! ഇതിലും നല്ല ഒരു പ്രതിഷേധം ഞാന്‍ എങ്ങനെ രേഖപ്പെടുത്തും ?


അതേ, ബസ് സമരം അരീക്കോടന് പുല്ലാണ്.ഓഫീസില്‍ പോകാന്‍ പറ്റില്ല എങ്കില്‍ പറമ്പില്‍ കിളക്കാന്‍ പോകണം എന്ന് മാത്രം.മൂന്ന് ദിവസത്തെ സമരം എന്റെ വീടിന്റെ പരിസരം വളരെ വളരെ മനോഹരമാക്കി എന്ന് മാത്രം പറഞ്ഞാല്‍ മതിയാവില്ല.എനിക്കും ഇതെല്ലാം ചെയ്യാന്‍ കഴിയും എന്ന് സ്വയം ബോധ്യമായി.സമരം ഇന്ന് പിന്‍‌വലിക്കും എന്ന് കേള്‍ക്കുന്നു.ഒരു മാസം സമരം ചെയ്യാമെങ്കില്‍ ഈ പറമ്പ് മുഴുവന്‍ ഒന്ന് കിളക്കാമായിരുന്നു!!!


ഇതാ സമരത്തിനു മുമ്പും സമരത്തിന് ശേഷവുമുള്ള ആ വഴി.


(ഫോണ്‍ നമ്പര്‍ കമന്റായി ഇടാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പ് - വീടിന്റെ ഫ്ലോറിങ്ങ് പണിക്കുള്ള മാര്‍ബിള്‍ ,രാജസ്ഥാനില്‍ ഖനനം ചെയ്യാനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കാനുള്ള പ്രവൃത്തികള്‍ കേരളത്തില്‍ മന്ദഗതിയില്‍ നടന്ന് വരുന്നു)

Friday, January 01, 2010

ബൂലോകത്തേക്ക് ഒരു ‘ഒലക്ക’

പാളയം ബസ്സ്റ്റാന്റിന്റെ ചുമരില്‍ ഒരു പോസ്റ്റര്‍ കൂടി ഒട്ടിക്കുന്നതു കൊണ്ട് ചുമരിന്റെ വൃത്തികേട് കുറയില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.ഒറ്റയായും ഇരട്ടയായും കൂട്ടമായും അനേകം ബ്ലോഗുകള്‍ കാണുന്ന എന്റെ ഡാഷ്ബോഡില്‍ (ഇതിന് ഈ പേരിട്ടത് ഒരു ഡാഷ് മോന്‍ തന്നെ ആയിരിക്കും)ഒരു ബ്ലോഗ് കൂടി വരുന്നതു കൊണ്ട് ഗൂ‍ഗ്‌ള്‍ അമ്മച്ചിക്ക്/അപ്പച്ചന് (ഇത് ആണോ പെണ്ണോ ഈ സാധനം)സ്ഥലം അല്പം പോലും നഷ്ടപെടില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു.അതു വഴി ബൂലോക വാസികള്‍ക്ക് വായിക്കപ്പൊറുതി കുറയില്ല എന്നതും എന്റെ വിശ്വാസം തന്നെ (എന്റെ വിശ്വാസങ്ങള്‍ എന്നെ രക്ഷിക്കട്ടെ).


ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഞാന്‍ ഒരു ‘ഒലക്ക’ കൂടി ഈ ബൂലോകത്തിന്റെ മൂലയില്‍ ചാരി വയ്ക്കാന്‍ പോകുന്നു.ആരെങ്കിലും കട്ടെടുത്താല്‍ ഉണ്ടല്ലോ, ഒലക്കയുടെ മറ്റ് ഉപയോഗങ്ങളെ പറ്റി കൂടി അറിവ് ലഭിക്കും.’ഉലക്ക’ ചാരുന്ന മഹാമഹദിവസം പ്രസിഡണ്ട് ഒബാമയുമായി കണ്‍സല്‍ട്ട് ചെയ്തതിന് ശേഷം അറിയിക്കുന്നതാണ്.


പ്രത്യേക അറിയിപ്പ്: ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു മുന്നറിയിപ്പും ഉണ്ടാകില്ല എന്നതിനാല്‍ കാണികള്‍ അക്ഷമരായി നില്‍ക്കേണ്ടതാണ്.