Pages

Friday, December 24, 2010

മാതൃകയോ അതോ കത്രികയോ?

എന്റെ ഈ പോസ്റ്റില്‍ പ്ലാസ്റ്റിക്കിനെ പറ്റി ഞാന്‍ ചെറുതായി ഒരു ഭാഷണം നടത്തിയിരുന്നു.പ്രത്യക്ഷത്തില്‍ പ്ലാസ്റ്റിക് അധികം കാണാത്ത എന്റെ കോളേജ് കാമ്പസ് വൃത്തിയാക്കിയപ്പോള്‍ കിട്ടിയ ചാക്ക് കണക്കിന് പ്ലാസ്റ്റിക് വേസ്റ്റ് എന്റെ മാത്രമല്ല പല സ്റ്റാഫംഗങ്ങളുടേയും കണ്ണ് തള്ളിച്ചു.ഇത്രയും പ്ലാസ്റ്റിക് ഇവിടെ ഉണ്ടായിരുന്നോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിക്കുന്നു.

എന്നാല്‍ ദു:ഖകരമെന്ന് പറയട്ടെ എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തന്നെ ഇത്തരം പരിപാടികള്‍ക്ക് വിമുഖത കാട്ടിക്കൊണ്ടുള്ള ചില അഭിപ്രായപ്രകടനങ്ങള്‍ കുട്ടികളുടെ മുമ്പില്‍ നടത്തുകയുണ്ടായി.വിദ്യാര്‍ത്ഥി എന്നാല്‍ വിദ്യ അര്‍ത്ഥിക്കുന്നവന്‍ എന്നാണെന്നും അവന്‍/അവള്‍ വിദ്യയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എന്‍.എസ്.എസ് ല്‍ വളന്റിയര്‍ ആയി സേവനമനുഷ്ടിക്കുന്ന എന്റെ മക്കള്‍ അദ്ദേഹത്തെ തിരുത്തി.പക്ഷേ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് രന്റ് തന്നെ എന്ന സിദ്ധാന്തത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നു.

യഥാര്‍ത്ഥത്തില്‍ എന്റെയോ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെയോ നാടോ വീടോ അല്ല ആ കോളേജ് കാമ്പസ്.ഞങ്ങള്‍ ഇന്നോ നാളെയോ അവിടം വിട്ടു പോകേണ്ടവര്‍.പക്ഷേ ആത്മാര്‍ത്ഥമായി എന്തെങ്കിലും സേവനം ചെയ്യാം എന്ന് മനസ്സിലുറപ്പിച്ച് വരുന്നവരെ കൂടി പിന്തിരിപ്പിക്കാനും നമ്മുടെ ഇടയില്‍ അഭ്യസ്തവിദ്യര്‍ ശ്രമിക്കുന്നു എന്നത് സങ്കടകരമാണ്.ഇന്റേര്‍ണല്‍ അസസ്മെന്റ് എന്ന ഉമ്മാക്കി കാണിച്ച് പലതിലും സ്വന്തം അഭിപ്രായം പറയാന്‍ പോലും കെല്‍പ്പില്ലാത്തവരാക്കി ഒരു സമൂഹത്തെ വളര്‍ത്തുന്ന അദ്ധ്യാപകരെ ‘സോഷ്യല്‍ എഞ്ചിനീയര്‍” എന്ന് എങ്ങനെ വിളിക്കും?ഇന്ന് ഈ കാമ്പസ് വിട്ടിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ആ അദ്ധ്യാപകനെപറ്റിയുള്ള കണ്‍സപ്റ്റ് എന്തായിരിക്കും?മാതൃകയോ അതോ കത്രികയോ?

വാല്‍: സുഹൃത്തുക്കളേ, ഒരു സല്‍കര്‍മ്മത്തില്‍ നമ്മള്‍ പങ്കാളികളാകുന്നില്ലെങ്കില്‍ ദയവ് ചെയ്ത് മാറി നില്‍ക്കുക.വെറുതെ കല്ലെറിഞ്ഞ് കര്‍മ്മം ചെയ്യുന്നവരെ ശല്യം ചെയ്യരുത്.

Friday, December 17, 2010

ഇന്ന് എന്‍ഡോസള്‍ഫാന്‍ നാളെ പ്ലാസ്റ്റിക്.

പ്ലാസ്റ്റിക് ഇന്ന് സര്‍വ്വ സാധാരണമായ ഒരു പ്രശ്നമാണെങ്കിലും ആര്‍ക്കും ഒരു ‘പ്രശ്നമല്ലാത്ത‘ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.ഈ അപകടകരമായ മരവിപ്പില്‍ നിന്നും ഒരു മോചനം എന്ന ആശയത്തില്‍ നിന്നാണ് കോഴിക്കോട് ജില്ലയെ പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ലയാക്കുക എന്ന ഒരു സ്വപ്ന പദ്ധതി വിവിധ ഏജന്‍സികളുടെ പിന്തുണയോടെ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കി വരുന്നത്.ഇതിന്റെ ഭാഗമായി ഞങ്ങളുടെ കോളേജ് കാമ്പസും വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി കാമ്പസില്‍ ഒരു പറ്റം വിദ്യാര്‍ഥികള്‍ ഇതിന്റെ സജീവമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരുന്നു.

വാസ്തവത്തില്‍ നമ്മുടെ ഭൂമിയെ നാലോ അഞ്ചോ പ്രാവശ്യം മൂടാനുള്ള അത്രയും പ്ലാസ്റ്റിക് മാലിന്യം ഇവിടെ നിക്ഷേപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? കോഴിക്കോട് ജില്ലയെപ്പറ്റി അങ്ങനെ ഒരു പഠനം നടത്തിയപ്പോള്‍ പുറത്ത് വന്നത് ഒരു ഞെട്ടിപ്പിക്കുന്ന സത്യമായിരുന്നു.അത് ഇവിടെ കുറിക്കട്ടെ.

കോഴിക്കോട് ജില്ലയില്‍ ഏകദേശം ആറ് ലക്ഷം വീടുകളാണ് ഉള്ളത്.ഈ വീടുകളില്‍ എല്ലാം ഒരു പ്ലാസ്റ്റിക്ക് സഞ്ചി അല്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് കാരി ബാഗ് എന്ന നിലയില്‍ ദിവസേന എത്തിക്കൊണ്ടിരിക്കുന്നു. അതായത് ദിവസവും ഒന്ന് എന്ന തോതിലാണെങ്കില്‍ പോലും ആറ് ലക്ഷം അല്ലെങ്കില്‍ ഒരു അഞ്ച് ലക്ഷം എങ്കിലും പ്ലാസ്റ്റിക് കവറുകള്‍ അല്ല ചവറുകള്‍ ! ഇവ ഉപയോഗ ശേഷം മിക്കവാറും എറിയുന്നത് ഒന്നുകില്‍ റോട്ടിലേക്ക് അല്ലെങ്കില്‍ തോട്ടിലേക്ക്!പരിസരം വൃത്തികേടാകാനും വെള്ളം മലിനമകാനും ആ ദിവസത്തില്‍ പിന്നെ വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?

അപ്പോള്‍ ഒരു മാസം കൊണ്ട് ഈ ജില്ലയില്‍ മാത്രം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വേസ്റ്റിന്റെ എണ്ണവും വണ്ണവും ഒന്ന് ആലോചിച്ച് നോക്കൂ.നൂറ്റിഅമ്പത് മുതല്‍ നൂറ്റി എണ്പത് ലക്ഷം വരെ കീസുകള്‍ ! ഇത് ഒരു ജില്ലയുടെ മാത്രം കണക്കാണെങ്കില്‍ നമ്മുടെ കൊച്ചുകേരളം പ്ലാസ്റ്റിക് കൂമ്പാരത്തില്‍ എത്രത്തോളം മുങ്ങിയിട്ടുണ്ടാവും എന്നൊന്ന് ആലോചിച്ച് നോക്കൂ.

കൂടുതല്‍ ആലോച്ചിച്ച് ഇനി തലയിലെ മണ്ണ് ഇളക്കേണ്ട.നാം ചെയ്യേണ്ടത് ഇത്ര മാത്രം.നമ്മുടെ വീട്ടില്‍ ഇനിയെങ്കിലും ഈ ഭീകരനെ കാലുകുത്തിക്കാതെ മാക്സിമം ശ്രമിക്കുക.മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് എങ്ങനെയായാലും അവര്‍ കീസ് തരും.അതിനെന്താ, നല്ല ഒരു ടെക്സ്റ്റൈല്‍ കവര്‍ എന്നും കൂടെ കരുതിക്കോളൂ.അതില്‍ വാങ്ങുക, കഴുകി പിറ്റേന്നും അതു തന്നെ ഉപയോഗിക്കുക.കടകളില്‍ പോകുമ്പോളും പച്ചക്കറി വാങ്ങുമ്പോളും തുണി സഞ്ചി കൂടി കൊണ്ട് പോകുക.നാം ശ്രമിച്ചാല്‍ നമുക്ക് നമ്മുടെ സുന്ദര ഭൂമിയെ രക്ഷിക്കാം.

വാല്: ഇതൊക്കെ എന്തിനാ മാഷെ എന്ന് ചോദിക്കുന്നവര്‍ക്ക് തല്ക്കാലം മറുപടി ഇത്രമാത്രം – ഇന്ന് എന്‍ഡോസള്‍ഫാന്‍ നാളെ പ്ലാസ്റ്റിക്.

Friday, December 10, 2010

സുകൃതത്തിന്റെ പ്രതിഫലങ്ങള്‍

വിവിധ കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംസ്ഥാനഭവനനിര്‍മാണബോര്‍ഡിന്റെ ഏതോ ഒരു പദ്ധതിപ്രകാരം (ഫിനിഷിംഗ് സ്റ്റേജില്‍ അവര്‍ 25000 രൂപ അനുവദിക്കും എന്ന് പറയപെടുന്നതിനാല്‍) വീട് നിര്‍മ്മിച്ചു നല്‍കുന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.ഈ പദ്ധതിയുടെ ഒരു രൂപരേഖ തയ്യാറാക്കാന്‍ സ്ഥലം കൌണ്‍സിലര്‍ കൂടിയായ ശ്രീമതി സത്യഭാമ ചേച്ചിയെ കണ്ട് സംസാരിച്ചതിന്റെ അന്ന് ഉച്ചക്ക് ശേഷമാണ് ഞാന്‍ തലയാട്ടേക്ക് പോയത്.

കോഴിക്കോട് ജില്ലയിലെ ഒരു ഉള്‍നാടന്‍ പ്രദേശമാണ് തലയാട്‌.കക്കയം ഡാമിലേക്ക് പോകുന്ന വഴിയിലെ ഒരു സ്ഥലം.ഞങ്ങളുടെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പ് നടക്കുന്നത് അവിടെയാണ്.ക്യാമ്പിന് മുമ്പ് സ്ഥലം കാണുക എന്ന പ്രോഗ്രാം ഓഫീസറുടെ ചുമതല നിര്‍വ്വഹിക്കാനാണ് ജീവിതത്തിലാദ്യമായി ഞാന്‍ തലയാട് സന്ദര്‍ശിച്ചത്.എന്റെ കൂടെ എന്റെ അഞ്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.

കോഴിക്കോട് ജില്ല പ്ലാസ്റ്റിക് വേസ്റ്റ് മുക്തമാക്കുന്ന മാപ് (മാസ് ആക്ഷന്‍ ഫോര്‍ പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ കോഴിക്കോട്) എന്ന പദ്ധതിയാണ് ഇത്തവണ എന്‍.എസ്.എസ് ക്യാമ്പ് വഴി നടപ്പാക്കുന്നത്.അതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യത്താല്‍ മൂടി കിടക്കുന്ന പൂനൂര്‍ പുഴ വൃത്തിയാക്കുക , തലയാട് പ്രദേശത്തെ പ്ലാസ്റ്റിക് വേസ്റ്റ് നിര്‍മാര്‍ജ്ജനവും ബോധവല്‍ക്കരണവും നടത്തുക എന്നിവയാണ് എന്റെ ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍.

ചെയ്യാനുള്ള കര്‍മ്മത്തിന്റെ ഏകദേശവ്യാപ്തി മനസ്സിലാക്കി നാട്ടുകാരുടെ സ്നേഹത്തോടെയുള്ള ചായസല്‍ക്കാരവും കഴിഞ്ഞ് തലയാട് നിന്ന് മടങ്ങുമ്പോള്‍ സമയം വൈകിട്ട് ഏഴര ആയിരുന്നു.തിരിച്ച് കോഴിക്കോട്ടേക്ക് പോയാല്‍ അവസാന ബസ്സ് ലഭിക്കാത്ത അവസ്ഥയായതിനാല്‍ ഞാന്‍ താ‍മരശ്ശേരിയിലേക്ക് കയറി.അവിടെ നിന്നുള്ള അവസാന ബസ്സും പോയതിനാല്‍ കുന്ദമംഗലത്തെത്തി മുക്കത്തേക്ക് കയറി.പക്ഷേ മുക്കത്ത് നിന്നുള്ള അവസാനബസ്സ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.

കുറേ അധികം പേര്‍ അവസാന ബസ്സ് മിസ് ആയി അവിടേ നില്‍ക്കുന്നുണ്ടായിരുന്നു.കുറേ സമയമായി അവര്‍ അവിടെ വല്ല വാഹനവും കിട്ടിയെങ്കില്‍ എന്ന് കരുതി നില്‍ക്കുന്നു എന്ന് അവരുടെ മുഖങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.ഇത്തരം അവസരങ്ങളില്‍ ഞാന്‍ സ്ഥിരം ചെയ്യുന്നപോലെ അനിയനെ വിളിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഒരു ബൈക്ക്കാരന്‍ എന്റെ മുന്നില്‍ വണ്ടി നിര്‍ത്തി ചോദിച്ചു:

“അരീക്കോട്ടേക്കാണോ?”

“അതേ...”

“എങ്കില്‍ കയറിക്കോളൂ...”

ഞാന്‍ അതില്‍ കയറി.യാത്രക്കിടയില്‍ അദ്ദേഹം എന്നെപറ്റിയും ഞാന്‍ അദ്ദേഹത്തെപറ്റിയും ചോദിച്ച് മനസ്സിലാക്കി.ബൈജു എന്നായിരുന്നു ആ മാന്യസുഹൃത്തിന്റെ പേര്.ഞാന്‍ പറഞ്ഞതനുസരിച്ചുള്ള എന്റെ വീടിന്റെ ലൊക്കേഷന്‍ അടുത്തപ്പോള്‍ അദ്ദേഹം ബൈക്ക് വേഗത കുറച്ചു.കൃത്യം ഞങ്ങളുടെ കോളനിയുടെ മുമ്പില്‍ എന്നെ ഇറക്കി.ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും മറുപടി ഇതായിരുന്നു.

“കണ്ടതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം.ഞാന്‍ പിന്നീട് വരാം...”

ഇനിയും അദ്ദേഹത്തെ കണ്ടുമുട്ടുമോ എന്ന് അറിയാത്തതിനാല്‍ ബൈക്കിന്റെ ചുവന്ന ലൈറ്റ് കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.

വാല്‍: നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കും.

Thursday, December 02, 2010

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

രണ്ട് ദിവസം മുമ്പ് രാത്രി ഒമ്പത് മണിക്ക് എന്റെ മൂത്താപ്പ പെട്ടെന്ന് തലകറങ്ങി വീണു.നെറ്റി ഇടിച്ചുവീണതിനാല്‍ ചെറിയ ചില മുറിവുകള്‍ പറ്റി.അവ ഡ്രെസ് ചെയ്യാനായി തൊട്ടടുത്തുള്ള പ്രൈവറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ഞാനും ആശുപത്രിയില്‍ എത്തി.

സൌകര്യം വളരെ കുറഞ്ഞ ആ ആശുപത്രിയിലേക്ക് കയറുന്ന വഴിയില്‍ കസേരയില്‍ രണ്ട് യുവാക്കള്‍ ഇരിക്കുന്നു.ഒരാള്‍ പാന്റ് മുട്ടുവരെ കയറ്റി വച്ചിരുന്നു.മറ്റൊന്നുമല്ല കാരണം മുട്ടിന്‍‌കാലിലെ തോല്‍ നീങ്ങിയിട്ടുണ്ട്.മുഖത്തിന്റെ വശങ്ങളിലും നെറ്റിയിലും റോസ ഇലയുടെ വലിപ്പത്തില്‍ ചുവന്ന അടയാളങ്ങള്‍ - തോല്‍ പോയതു തന്നെ.കയ്യിലും തഥൈവ.തൊട്ടടുത്ത് ഇരിക്കുന്നവന് പുറമേക്ക് ഒന്നും കാണുന്നില്ല.പക്ഷേ കൈ മുഖത്തിന്റെ ഒരു വശത്ത് അമര്‍ത്തി പിടിച്ചിട്ടുണ്ട്.ഇവരെ എന്താ ഇങ്ങനെ പുറത്തിരുത്തിയിരിക്കുന്നത് എന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് പഴയ ഒരു പരിചയക്കാരന്‍ എന്റെ തോളില്‍ വന്ന് തട്ടി വിളിച്ചത്.

“നാട്ടില്‍ വച്ച് ഒരു ബൈക്ക് ആകിഡന്റ് ആയതാ...ഒരാള്‍ക്ക് നല്ല പരിക്കുണ്ട്, ഡോക്ടര്‍ അകത്ത് അവനെ പരിശോധിച്ചു കൊണ്ടിരിക്കുകയാ...”

ഈ കേസ് നോക്കുന്നത് കാരണം മൂത്താപ്പക്ക് ചികിത്സ കിട്ടാന്‍ അല്പം വൈകി.ഞാന്‍ മൂത്താപ്പയുടെ അടുത്ത് നില്‍ക്കുമ്പോള്‍ പതിനെട്ടോ പത്തൊമ്പതോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യനേയും താങ്ങി കുറേ പേര്‍ അങ്ങോട്ട് വന്നു.അവന്റെ കാലിലും അങ്ങിങ്ങ് രക്തം പൊടിയുന്നുണ്ടായിരുന്നു.

“ബൈക്ക് ആക്സിഡന്റാ...കൂടെയുള്ള രണ്ടു പേരെ മുക്കത്തേക്ക് കൊണ്ടു പോയിട്ടുണ്ട്...വെള്ളമടിച്ച് ബൈക്ക് ഓടിച്ചതാ...അതും നാല് പേര്‍ ഒരു ബൈക്കില്‍...” പയ്യനെ കൊണ്ടുവന്നവരില്‍ ഒരാള്‍ പറഞ്ഞു.

‘എന്റ്റുമ്മേ...നാല് പേര്‍ ഒരു ബൈക്കില്‍, അതും വെള്ളമടിച്ച്...’ ഞാന്‍ മൂക്കത്ത് വിരല്‍ വച്ചു പോയി.

ഇത്രയും ഇരുട്ടായ സമയത്ത് ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ച് ആരും നമ്മെ കാണാതെ അവിടെ കിടക്കേണ്ടി വന്നിരുന്നെങ്കിലുള്ള അവസ്ഥ ഒന്ന് ആലോച്ചിച്ചു നോക്കൂ.വെള്ളമടിച്ച് ആകിഡന്റ് വരുത്തിവച്ചാല്‍ സാധാരണഗതിയില്‍ ആരും തിരിഞ്ഞ് നോക്കുകപോലുമില്ല.എന്നിട്ടും നമ്മളില്‍ പലരും ഈ അപകട യാത്ര തുടരുന്നു.സ്കൂളില്‍ പോകുന്ന മക്കളേയും ബൈക്കില്‍ വച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്കോടിക്കുന്ന രക്ഷിതാക്കളെയും ഇന്ന് സുലഭമായി കാണാം.സ്വയം അപകടത്തില്‍ ചാടുന്നതോടൊപ്പം സ്വന്തം ജീവനായ മക്കളെക്കൂടി കുരുതികൊടുക്കുന്ന ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയമില്ല.

വാല്‍:സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

Friday, November 26, 2010

കണക്കില്‍ തോറ്റ അച്ഛന്‍

“ അച്ഛാ...മാത്‌‌സ്‌ പേപ്പര്‍ കിട്ടി “ താമരശ്ശേരി ചുരത്തില്‍ ബ്രേക്ക് പോയ പോലെയുള്ള മകന്റെ വരവ് കണ്ട് അച്ഛന്‍ അല്പം മാറി നിന്നു.

“എത്ര മൊട്ട കിട്ടിയെടാ മാത്‌സിന്?” മകന്റെ അച്ഛന്‍ ചോദിച്ചു.

“100 മൊട്ട കിട്ടിയതില്‍ 5 എണ്ണം മാത്‌സ്‌ സാര്‍ തന്നെ എടുത്തു. ബാക്കി പുഴുങ്ങി ഞങ്ങള്‍ 210 പേര്‍ക്കും വീതിച്ചു തന്നു...”

“ആ മൊട്ടയല്ലടാ...ഞാന്‍ ചോദിച്ചത് മാത്‌സ് മൊട്ട..”

“ കോഴിമുട്ട...താറാമുട്ട...എന്നൊക്കെ കേട്ടിട്ടുണ്ട്...മാത്‌സ് മൊട്ട ?”

“ നിനക്ക് മാത്‌സില്‍ എത്ര മാര്‍ക്ക് കിട്ടീന്ന്..”

“നൂറ് മാര്‍ക്ക്”

“നിന്റെ അയല്‍‌വാസിയുടെ മാര്‍ക്ക് അല്ല ചോദിച്ചത്...നിനക്ക് കിട്ടിയ മാര്‍ക്കാ...”

“അത് തന്നെ നൂറ്‌..”

“ഉം...അതിന് വേറെ മോന്‍ ജനിക്കേണ്ടി വരും...”

“എങ്കില്‍ ഇതാ നോക്ക്...മുകളില്‍ പൂജ്യവും അടിയില്‍ നൂറും...പൂജ്യത്തിന് വിലയില്ല എന്ന് മാത്‌സ്‌ സാറും പറഞ്ഞു അച്ഛനും പറഞ്ഞിരുന്നു...ഇപ്പോള്‍ ഞാനും പറയുന്നു...”

“അല്ലെങ്കിലും നിന്റെ ജനനം തന്നെ എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കൊണ്ടായിരുന്നു...”

“ങേ...ഞാന്‍ ജനിക്കുമ്പോഴും അച്ഛന്‍ കണക്കും കൂട്ടി ഇരിക്കുകയായിരുന്നോ? പാവം അമ്മ...”

“ഫ..മണ്ണാങ്കട്ട...”

“അച്ഛന്റെ തലക്കകത്തുള്ളതൊന്നും വെറുതെ വിളിച്ചുപറയണ്ട...”

“നിന്റെ അമ്മ നിന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ തന്നെ എന്റെ കണക്ക് തെറ്റീന്ന്...”

“അപ്പോള്‍ അച്ഛന്‍ ട്യൂഷനൊന്നും പോയിരുന്നില്ലേ?”

“ഹൊ..നിന്നെക്കൊണ്ട് തോറ്റു...”

“ങേ!!അപ്പോള്‍ അച്ഛന്‍ കണക്കിന് തോറ്റപ്പോള്‍ ഞാനുണ്ടായിരുന്നോ...ദൈവമേ ?“

“അതല്ല മരത്തലയാ പറഞ്ഞത്...”

“പിന്നെ.?”

“ഒന്നുമില്ല...മോന്‍ വേഗം അമ്മയോട് ഒരു ചായ എടുക്കാന്‍ പറ...”

“അമ്മേ...കണക്കില്‍ തോറ്റ അച്ഛന് ഒരു ഓപ്പണ്‍ ചായ...”

“കണക്കില്‍ തോറ്റത് നിന്റെ അമ്മ...”

“അത്‌ ശരി...അപ്പോള്‍ കണക്കിലെ തോല്‍‌വി നമ്മുടെ മഹത്തായ കുടുംബ പൈതൃകമാണല്ലേ? എനിക്കും കണക്കില്‍ എന്നും മൊട്ട കിട്ടുന്നതിന്റെ ഗുട്ടന്‍സ് ഇപ്പഴല്ലേ പിടികിട്ടിയത്...”

Thursday, November 25, 2010

ഇതെന്തപ്പാ കഥ ?

പാര്‍ലമെന്റ് സ്തംഭനം തുടങ്ങിയിട്ട് ഇന്നേക്ക് പത്ത് ദിവസം പിന്നിട്ടു.ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഭരണ സംവിധാനമാണ് പത്ത് ദിവസമായി ഒരു ഉപയോഗവുമില്ലാതെ മുടങ്ങിക്കിടക്കുന്നത്.അതും അതിലും വലിയ ഒരു അഴിമതിയുടെ പേരില്‍.

യഥാര്‍ത്ഥത്തില്‍ ഈ രണ്ടാം തലമുറ സ്പെക്ട്രം അഴിമതി എന്താണെന്ന് ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.പണ്ട് അതേ വകുപ്പ് കൈകാര്യം ചെയ്ത സുഖ്‌റാം കോടികള്‍ മുക്കി സുഖമായി ജീവിച്ചു.ഇന്ന് അതേ വകുപ്പില്‍ നിന്ന് കോടികള്‍ മുക്കി രാജ രാജാവായും വാണു.രണ്ടിനും സാക്ഷികളായി ഇന്ത്യന്‍ ജനത മൂക്കത്ത് പോലും വിരല്‍ വച്ചില്ല.കാരണം അഴിമതിയുടെ ഇതു പോലെയുള്ള പല കഥകള്‍ ഒരു ചെവിയില്‍ കയറി മറ്റേ ചെവിയിലൂടെ ഇറങ്ങുന്നതിന് മുമ്പ് അടുത്ത കഥ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം ഇന്ത്യക്കാര്‍.

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചത് ഈ അടുത്ത കാലത്താണ്.പതിനാറായിരത്തില്‍ നിന്ന് അത് അമ്പതിനായിരത്തിലേക്ക് ഉയര്‍ത്തിയപ്പോഴും മതി വരാത്ത കുറേ കോന്തന്മാര്‍ സമരത്തിനിറങ്ങി!ആ വര്‍ദ്ധന വരുന്നതിന് മുമ്പ് തന്നെ പാര്‍ലമെന്റ് ഒരു മണിക്കൂര്‍ സമ്മേളിക്കുമ്പോള്‍ നമ്മുടെ പൊതുഖജനാവ് എത്ര ചോരുന്നു എന്നതിന്റെ ഒരു കണക്ക് ഇ-മെയില്‍ വഴി നമ്മില്‍ പലര്‍ക്കും ലഭിച്ചിരുന്നു.ഏകദേശം രണ്ടര ലക്ഷം രൂപയാണെന്നാണ് എന്റെ ഓര്‍മ്മ (തെറ്റാണെങ്കില്‍ ഈ അരീക്കോടന് തിരുത്തി തരുക).അപ്പോള്‍ ബാണം വിട്ടപോലെ ശമ്പളവും അലവന്‍സുകളും മറ്റും വര്‍ദ്ധിപ്പിച്ചതിന് ശേഷം എത്രയായിരിക്കും ഒരു മണിക്കൂര്‍ പാര്‍ലമെന്റ് കൂടാനുള്ള ചെലവ് എന്ന് ഒന്ന് ആലോചിച്ച് നോക്കൂ ബൂലോകരേ ? ആ പാര്‍ലമെന്റാണ് പത്ത് ദിവസമായി ഒന്നും ചെയ്യാനാകാതെ മുടങ്ങി നില്‍ക്കുന്നത്.

ഈ മുടക്ക് വെറുതെ അല്ല എന്നത് ശരി തന്നെ.ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി 8000 കോടി രൂപയുടെ സത്യം എന്ന അസത്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിയാണ്!അതും വെളിച്ചത്തായത് മൂന്നാം തലമുറ സ്പെക്ട്രം ലേലം നടന്നപ്പോള്‍! ആ രാജയും അതിന്റെ പങ്കു പറ്റിയ എല്ലാവരും വീതിച്ചെടുത്തത് എത്രത്തോളമായിരിക്കും?അവര്‍ക്ക് എന്ത് ശിക്ഷ നല്‍കിയാലാണ് അത്രയും തുക തിരിച്ചുപിടിക്കാന്‍ സാധിക്കുക? ഒന്നും നടക്കില്ല, കാരണം ഇത് ഇന്ത്യയാണ്.അടുത്ത അഴിമതിക്കഥ ഉടന്‍ പുറത്തിറങ്ങും.

രാജയും കൂട്ടരും ഒരഞ്ച് തലമുറക്കുള്ളത് ശേഖരിച്ചു വച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ഇനി സുഖമായുറങ്ങാം.നാം പൊതുജനം ഈ വാര്‍ത്തകള്‍ കണ്ടും വായിച്ചും മരവിപ്പില്‍ തന്നെ തുടരുന്നു.നമ്മളും അല്ലാതെ എന്ത് ചെയ്യാന്‍?

വാല്‍:കേരളം കലക്കിമറിച്ച പാമോയില്‍ അഴിമതിക്കേസില്‍ പെട്ട വ്യക്തിയെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.ആ അഴിമതി മൂടി വച്ചതിലും ഭദ്രമായി ഇതിനെ മൂടി വയ്ക്കാന്‍ അല്ലാതെ പിന്നെ എന്തിന് ?ഇതെന്തപ്പാ കഥ ?

Wednesday, November 24, 2010

കുഞ്ഞന്‍ കാക്കയും കൊട്ടയും പിന്നെ ഞാനും.

തല കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല! മുഖം കണ്ടാല്‍ വയസ്സും തോന്നില്ല !സന്തൂര്‍ സോപ്പ് ദിവസം മൂന്ന് പ്രാവശ്യം ഉപയോഗിക്കുന്ന ആ പെണ്ണിനെപറ്റിയല്ല പറഞ്ഞത്.എന്നെപ്പറ്റി തന്നെയാണ്.എന്റെ കഷണ്ടി കണ്ടാല്‍ ആരെങ്കിലും പറയോ എനിക്ക് നാല്പതാവാറായി എന്ന് ?എങ്കില്‍ അതാണ് ബൂലോകരേ സംഗതി.നാല്പതായില്ലെങ്കിലും ഒരു ദിവസം എനിക്കും നാല്പത് വയസ്സാകും.അന്ന് ലോകം എന്താകും എന്ന് എനിക്കിപ്പോള്‍ അറിയില്ല.ഏതായാലും ഇത്രേം കാലത്തെ ഭൂമിയില വാസത്തിനിടക്ക് എന്നെ പൊക്കാന്‍ കൊട്ടയുമായി ഒരാള്‍ മാത്രമേ വന്നിരുന്നുള്ളൂ.ഈ അടുത്ത് ഒരു ദിവസം മറ്റൊരാള്‍ കൂടി ആ കൂട്ടത്തില്‍ കൂടി.ആദ്യത്തെ കൊട്ടക്കഥയാണ് ഇവിടെ പറയുന്നത്.

എന്നെ പൊക്കാന്‍ കൊട്ടയുമായി ഇദം‌പ്രഥമമായി വന്നത് കുഞ്ഞങ്കാക്ക എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ പറമ്പ് എഞ്ചിനീയര്‍.നാലാം ക്ലാസ് വരെയോ അതിന് താഴെയോ മാത്രമാണ് കുഞ്ഞന്‍ കാക്കയുടെ വിദ്യാഭ്യാസം.പക്ഷേ പറമ്പിന്റെ എല്ലാ സംഗതികളും, എന്ന് വച്ചാല്‍ എവിടെ എപ്പോള്‍ എന്ത് എങ്ങനെ എന്ന് നടണം എന്ന് കുഞ്ഞന്‍ കാക്ക തീരുമാനിക്കും.അത് അങ്ങനെ തന്നെ ചെയ്യാന്‍ വീട്ടില്‍ അധികാരം ഉള്ളതും കുഞ്ഞന്‍ കാക്കാക്ക് തന്നെ.അങ്ങനെ പറമ്പിന്റെ ഫുള്‍ ഷേപിംഗ് നടത്തുന്ന ആള്‍ എന്ന നിലക്ക് കുഞ്ഞന്‍ കാക്ക സര്‍ട്ടിഫിക്കേട്ട് ഇല്ലാത്ത പറമ്പ് എഞ്ചിനീയറായി.

ഈ കുഞ്ഞന്‍ കാക്ക പറമ്പില്‍ പണി എടുക്കുന്ന കാലത്ത് തന്നെയാണ് എന്റെ സ്കൂള്‍ ജീവിതവും ആരംഭിക്കുന്നത്. സ്കൂളില്‍ പോകാന്‍ എനിക്ക് വളരെ “ഉത്സാഹ“മായിരുന്നതിനാല്‍ നേരം രാവിലെ പത്ത് മണി ആയാലും ഞാന്‍ പുതപ്പിനടിയില്‍ സ്കൂളും സ്വപ്നം കണ്ട് കിടക്കും.എന്റെ ഈ ഉത്സാഹം വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയ ആ മഹാസംഭവമാണ് ഒരു കൊട്ടക്കഥ.ലോകത്തിന്റെ ഗതി തന്നെ ഒരു പക്ഷേ ആ കൊട്ടപ്രയോഗത്തിലൂടെ മാറിമറിഞ്ഞിരിക്കാം (അതേ, അല്ലെങ്കില്‍ ഈ അരീക്കോടന്‍ ഈ ബൂലോകത്ത് എത്തുമായിരുന്നില്ല).

ഒരു ശനിയാഴ്ചയിലെ ചന്ത ദിവസം.അരീക്കോട് ആഴ്ചചന്ത നടന്നിരുന്നത് എല്ലാ ശനിയാഴ്ചയും ആയിരുന്നു.വീട്ടിലെ സ്ഥിരം ജോലിക്കാരനായ കുഞ്ഞന്‍ കാക്ക ചേമ്പ്, ചേന ആദികള്‍ പറമ്പില്‍ നിന്നും പറിച്ചുകൂട്ടാന്‍ ഒരു വലിയ കൊട്ട വാങ്ങി.അതിന്റെ പിന്നിലുള്ള ഗൂഢോദ്ദേശ്യം ഞാന്‍ മനസ്സിലാക്കിയത് ആ തിങ്കളാഴ്ച ആയിരുന്നു.രാവിലെ എട്ടു മണിക്ക് മുമ്പ് പറമ്പില്‍ ഇറങ്ങുന്ന കുഞ്ഞന്‍ കാക്ക കൊട്ടയും തലയില്‍ വച്ച് ജനലിനടുത്ത് നില്‍ക്കുന്നതാണ് ആ തിങ്കളാഴ്ച ഞാന്‍ കണി കണ്ടത്.ഒപ്പം കുഞ്ഞന്‍ കാക്കക്കുള്ള ബാപ്പയുടെ ഓര്‍ഡറും എന്റെ ചെവിയില്‍ പതിച്ചു - “കുഞ്ഞാ...അവനെ ആ കൊട്ടയിലെടുത്ത് സ്കൂളില്‍ കൊണ്ടുപോയി ഹെഡ്‌മാസ്ടറെ ഏല്‍പ്പിച്ചേക്ക്...”

“അയ്യേ....ചാണകം,ചേമ്പ്, ചേന തുടങ്ങീ “ചെ”കള്‍ കൊണ്ടുപോകുന്ന കൊട്ടയില്‍ കുമ്പളം പോലിരിക്കുന്ന എന്നെ കൊണ്ടുപോകേ...” ബാപ്പയുടെ ഓഡര്‍ കേട്ടതും എന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ പറ്റാത്ത രൂപത്തില്‍ ഞാന്‍ കിടക്കയില്‍ നിന്നും സ്കൂട്ടായി.പിന്നീട് ഒരിക്കലും ഞാന്‍ പത്തുമണി വരെ ഉറങ്ങിയിട്ടില്ല. കാരണം എന്റെ സ്കൂള്‍ പഠനകാലം മുഴുവന്‍, ജനലിലൂടെ ഞാന്‍ കാണുന്ന സ്ഥലത്ത് ആ കൊട്ടയും പറമ്പിലെവിടെയെങ്കിലും കുഞ്ഞന്‍ കാക്കയും ഉണ്ടായിരുന്നു.

അടുത്ത കൊട്ടയുമായി വരുന്നത് സാക്ഷാല്‍ ....ഇല്ല ഇപ്പോള്‍ പറയുന്നില്ല.

Wednesday, November 17, 2010

പെരുന്നാള്‍ - ചില ബാല്യകാല സ്മരണകള്‍.

വീണ്ടും ഒരു ബലിപെരുന്നാള്‍ സുദിനം.പെരുന്നാളിന്റെ ഓര്‍മ്മയിലേക്ക് ഊളിയിടുമ്പോള്‍ എന്റെ പ്രിയപ്പെട്ട പിതാവാണ് ഓര്‍മ്മയില്‍ വരുന്നത്.കാരണം മറ്റൊന്നുമല്ല, എന്റെ പിതാവിന്റെ ചില ചിട്ടകള്‍.

പെരുന്നാളിന് ഒരു മാസം മുമ്പേ ഉദ്യോഗസ്ഥരായ ഉപ്പയും ഉമ്മയും കോഴിക്കോട്‌ പോകും.എന്റെ കുഗ്രാമമായിരുന്ന അരീക്കോട്ട് അത്ര വലിയ കടകളൊന്നും ഉണ്ടായിരുന്നില്ല.മാത്രമല്ല, ഞങ്ങളുടെ ‘സ്റ്റൈലിന്’ ചേരുന്ന വസ്ത്രങ്ങള്‍ അരീക്കോട്ട് ലഭ്യമായിരുന്നില്ല!എനിക്കും അനിയനും ഒരേതരം തുണിയുമായി ബാപ്പയും ഉമ്മയും വരുന്നത് ഞങ്ങള്‍ കാത്തിരിക്കും.കുറേ കട്‌പീസുമായി ഉമ്മയും ആ പോക്ക് മുതലാക്കും.വസ്ത്രങ്ങളെക്കാള്‍ ഞങ്ങളുടെ ആകാംക്ഷക്ക് കാരണം അതിന്റെ കൂടെ കൊണ്ടുവരുന്ന എള്ളുണ്ട ആയിരുന്നു!

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമായി എടുത്ത നീളന്‍ തുണിയുമായി പിറ്റേ ദിവസം തന്നെ അറുമുഖേട്ടന്റെ ഷൈമ ടൈലേഴ്സിലേക്ക് നടക്കും.അറുമുഖേട്ടന്റെ മകന്‍ രവിയേട്ടന്‍(അദ്ദേഹമാണ് അറുമുഖേട്ടന്‍ എന്നായിരുന്നു ഞങ്ങളുടെ ധാരണ)ഞങ്ങളുടെ അളവെടുക്കും.ഇറങ്ങിപോരുമ്പോള്‍ ഞങ്ങളുടെ ‘അറുമുഖേട്ടനോട്‌‘ ഒരു നിര്‍ദ്ദേശം നല്‍കും - “എല്ലാ പുതിയ ഫാഷനും വേണം കേട്ടോ?”.അതായത് ആ കാലത്ത് നിലവിലുള്ള എല്ലാതരം മോഡിഫിക്കേഷനുകളും വേണം എന്നര്‍ത്ഥം.തയ്പ്പിച്ച് കിട്ടുന്ന കുപ്പായത്തില്‍ എന്തൊക്കെ ഫാഷന്‍ ഉണ്ടെന്നറിയാന്‍ ആകാംക്ഷയോടെ തുറന്ന് നോക്കും.പഴഞ്ചന്‍ അറുമുഖേട്ടനുണ്ടോ ഈ ഫാഷന്‍ തിരിയുന്നു?എല്ലാ പ്രാവശ്യവും അടിച്ചു തരുന്നപോലെ ഒരു മാതിരി ഒരു കുപ്പായം അടിച്ചുതരും.

ഒരിക്കല്‍ കൈയില്‍ ഒരു ചെറിയമടക്ക് അടിക്കുന്ന ഫാഷന്‍ നിലവില്‍ ഉണ്ടായിരുന്നു.പ്രതീക്ഷയോടെ ആ വര്‍ഷത്തെ പെരുന്നാള്‍ കുപ്പായത്തില്‍ ഞങ്ങള്‍ അത് ആവശ്യപ്പെട്ടു.തയ്പ്പിച്ച് കിട്ടിയ കുപ്പായത്തില്‍ അങ്ങനെ ഒരു സംഭവമേ ഇല്ല.വീട്ടില്‍ വന്ന ഞാന്‍ കുപ്പായ കൈ അല്പം മടക്കി ഒറ്റ അടി!പിന്നെ അതിനുള്ളിലൂടെ കൈ ഇടാന്‍ പറ്റാതായി!!!എവിടെ നിന്നോ ഒരു ബ്ലേഡ് ഒപ്പിച്ച് മുഴുവന്‍ അറുത്ത്മാറ്റി തടി സലാമത്താക്കി.

പെരുന്നാള്‍ ദിനത്തിലെ മറ്റൊരു പ്രത്യേകത വാപ്പ തരുന്ന അത്തറാണ്.സെന്റ് എന്നാണ് ഞങ്ങള്‍ അതിന്പറയാറ്‌.ബാപ്പയുടെ അലമാരിയില്‍ വസ്ത്രങ്ങള്‍ അടുക്കി വച്ചതിന്റെ ഒരു മൂലയില്‍ ആണ് സെന്റ് കുപ്പി വയ്ക്കുന്നത്. സെന്റ് കുപ്പിയുടെ വായക്കടുത്ത് ഒരു ചെറിയ പഞ്ഞിക്കഷ്ണം പൊത്തിപ്പിടിച്ച് ഒന്ന് ചെരിച്ച് ആ പഞ്ഞിക്കഷ്ണം ഞങ്ങളുടെ വസ്ത്രങ്ങളില്‍ പലസ്ഥലത്തും ഉരസും.ശേഷം അത് രണ്ട് കഷ്നങ്ങളാക്കി ഒന്ന് എനിക്കും ഒന്ന് അനിയനും തരും.അത് ചെവിയുടെ ഏതോ ഒരു മടക്കിനുള്ളില്‍ തിരുകി കയറ്റും!!എന്തിനാ ഈ ഏര്‍പാട് എന്ന് മനസ്സിലായിരുന്നില്ല.എങ്കിലും ഇടക്കിടക്ക് ചെവിയില്‍ തപ്പി ആ പഞ്ഞിക്കഷ്ണം അവിടെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തും.

ഇന്ന് ഈ പെരുന്നാള്‍ സുദിനത്തിന് കുപ്പായം തയ്പ്പിക്കാന്‍ അറുമുഖേട്ടന്റെ ഷൈമ ടൈലേഴ്സ് നിലവിലില്ല.മിക്കപേരും റെഡിമെയ്ഡിലേക്ക് തിരിഞ്ഞതോടെ അറുമുഖേട്ടന്റെ ജോലി ഇല്ലാതായതാകാം കാരണം.സെന്റിന് പകരം നെക്ക്യാല്‍ ചീറ്റുന്ന സ്പ്രേ വന്നതോടെ സെന്റും പഞ്ഞിയും നാമാവശേഷമായി.2008 ജൂണിലെ അവസാന ദിവസം ബാപ്പ മരിച്ചതോടെ ഇവയെല്ലാം മരിക്കാത്ത ഓര്‍മ്മകള്‍ മാത്രമായി.

വാല്‍: അതാ കേള്‍ക്കുന്നു - “മധുരിക്കും ഓര്‍മ്മകളേ...
മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെ ആ
മാഞ്ചുവട്ടില്‍...
ആ മാഞ്ചുവട്ടില്‍...“

ബൂലോകര്‍ക്കും എല്ലാ വായനക്കാര്‍ക്കും എന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.

Tuesday, November 16, 2010

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം - ഭാഗം രണ്ട്.

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം

യാത്രാ ക്ഷീണവും തമിഴ് ശൊല്ലിയതുകൊണ്ട് അനുഭവിച്ച ക്ഷീണവും കാരണം റൂമില്‍ തിരിച്ചെത്തിയ ഞാന്‍ പെട്ടെന്ന് കിടക്കയിലേക്ക് മറിഞ്ഞു.

“അല്ലാ...അപ്പോ രാത്രി ഭക്ഷണം ഇല്ലേ?” ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് എനിക്കതോര്‍മ്മ വന്നത്.ഭക്ഷണമല്ല, കിലുക്കത്തിലെ ജഗതിയുടെ ഡയലോഗ് - തീറ്റപണ്ടാറം.

“ഓ...എങ്കില്‍ നമുക്ക് വേഗം പുറത്ത്പോകാം...”

“ഈ പൊട്ടല്‍ ഒന്ന് നില്‍ക്കട്ടെ...’

“പഷ്‌റ്റ്...ദീപാവലി ദിവസം തമിഴ്‌നാട്ടില്‍ വന്ന് പൊട്ടല്‍ നില്‍ക്കാന്‍ കാത്ത പൊട്ടന്‍ എന്നു കൂടി വിളിപ്പിക്കണ്ട...വേഗം വാ.”

അങ്ങനെ രാത്രിഭക്ഷണം തെണ്ടി ഞങ്ങള്‍ മറ്റൊരു ദിശയില്‍ നടന്നു.ഉടന്‍ ഹോട്ടല്‍ കണ്ടെത്തുകയും ചെയ്തു.
“കഴിക്കാനെന്താ ഉള്ളത്?”

“ദോശൈ,വടൈ,പൊങ്കല്‍..” ഞാന്‍ മലയാളത്തില്‍ ചോദിച്ചത് തമിഴന്‍ പെട്ടെന്ന് മനസ്സിലാക്കി ഉത്തരം തന്നു.(ഹോട്ടലില്‍ കയറി ആരും തിന്നാനോ കുടിക്കാനോ അല്ലാത്ത ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല എന്ന ആത്മവിശ്വാസമായിരുന്നു ആ തമിഴന്റേതെങ്കില്‍, എനിക്ക് എന്റെ ആവശ്യം ഫലപ്രദമായി അറിയിച്ചതിന്റെ ആത്മസംതൃപ്തി ആയിരുന്നു)

“ഉപ്പച്ചീ ...ദോശൈ എന്നാലെന്താ ?” മക്കളുടെ ചോദ്യം വന്നു.

“ദോശൈ എന്നാല്‍ രണ്ടു ദോശ...വടൈ എന്നാല്‍ രണ്ടു വട...”

“അപ്പോ പൊങ്കലോ?”

“അത് ദീപാവലി പോലെ ഒരു ആഘോഷം...”

“അല്ല...അയാള്‍ തിന്നാനുള്ള സാധനം ആണ് പറഞ്ഞത്...”

“എങ്കില്‍ നമുക്ക് പൊങ്കല്‍ കഴിക്കാം...സാധനം എന്താണെന്ന് അറിയുകയും ചെയ്യാമല്ലോ?” എന്റെ ഐഡിയ കുടുംബം ഐക്യകണ്ഠേന പാസ്സാക്കി(ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്ന് പിറ്റേന്ന് രാവിലെ ഞാന്‍ വീണ്ടും അനുഭവിച്ചു)

അങ്ങനെ പൊങ്കല്‍ എന്ന ആ വിശേഷപ്പെട്ട ഭക്ഷണം ഞങ്ങളുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു.
“അയ്യേ, ഇതെന്താ കപ്പ പുഴുങ്ങിയ പോലെ ?” മക്കളുടെ ആദ്യത്തെ കമന്റ് തന്നെ അതിന്റെ രുചി എന്തായിരിക്കുമെന്ന് മനസ്സിലാക്കിത്തന്നു.ഞാന്‍ പൊങ്കലിലേക്ക് മെല്ലെ ഊളിയിട്ടു.

“ഇത് നമ്മുടെ ഉപ്പ്മാവ് തന്നെ...അതില്‍ മഞ്ഞള്‍ നല്ലവണ്ണം ചേര്‍ത്ത് വെള്ളം കൂട്ടി വച്ചാല്‍ പൊങ്കല്‍ ആയി..” എന്റെ മനസ്സ് മന്ത്രിച്ചു.എല്ലാവരും തിന്നു എന്ന് വരുത്തി എണീക്കുമ്പോള്‍ നാലില്‍ ഒന്ന് പോലും അകത്തായിരുന്നില്ല.സാരമില്ല, റൂമില്‍ പോയി ഉറങ്ങാന്‍ അല്ലേ?

പിറ്റേന്ന് രാവിലെ രണ്ടാമത്തെ മോള്‍ക്ക് പതിവിന് വിപരീതമായി നേരത്തെ രണ്ടിന് പോകണം.മുമ്പ് ചെന്നൈയില്‍ പോയപ്പോഴും ഭക്ഷണത്തിന്റെ വികൃതി ആദ്യം വെളിവാക്കിയത് അവളായിരുന്നു.ഞാന്‍ വേഗം അവളെ കക്കൂസിലാക്കി.
“ഉപ്പച്ചീ...നമ്മള്‍ ഇന്നലെ കഴിച്ച ആ പായസത്തിന്റെ പേര് എന്തായിരുന്നു?” അവള്‍ കക്കൂസില്‍ നിന്ന് വിളിച്ചു ചോദിച്ചു.

“ഏത് പായസം?” എനിക്ക് മനസ്സിലായില്ല.

“രാത്രി കഴിച്ച ആ സാധനം..”

“ഓ..പൊങ്കല്‍...”

“ആ...ഇതാ ഇവിടേ വീണ്ടും പൊങ്കല്‍. ക്ലോസറ്റില്‍ !!!(അതാ പറഞ്ഞത് ആന്‍ ഐഡിയ....)”

* * * * * *

പിറ്റേന്ന് രാവിലെ പ്രാതലിന് ശേഷം ഞങ്ങള്‍, തൊട്ടടുത്ത് ഉണ്ട് എന്ന് പറയപ്പെടുന്ന പാര്‍ക്ക് കാണാന്‍ ഇറങ്ങി.രാവിലെ തന്നെ പാര്‍ക്കിലേക്കോ എന്ന് ചോദിച്ചേക്കാം.അതില്‍ തന്നെ ഒരു മിനി മൃഗശാല കൂടി ഉള്ളതിനാലാണ് അത് കാണാന്‍ തീരുമാനിച്ചത്.അങ്ങനെ പാര്‍ക്ക് ചോദിക്കണോ സൂ ചോദിക്കണോ എന്ന കണ്‍ഫ്യൂഷന്‍ എന്നെ കുറേ മുന്നോട്ട് നയിച്ചു.കണ്‍ഫ്യൂഷന്‍ന്റെ എണ്ണ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കണ്ടുമുട്ടി.ചോദിക്കാന്‍ പറ്റിയ പഷ്‌റ്റ് പാര്‍ട്ടി.

“സിതംബര്‍ പാ‍ര്‍ക്ക് എങ്കെ ?” ഒരു ദിവസം കൊണ്ട് പഠിച്ച തമിഴില്‍ ഞാന്‍ ചോദിച്ചു.

“സിതംബര്‍ പാ‍ര്‍ക്ക് ???” അയാള്‍ തിരിച്ച് ഒരു ചോദ്യഭാവത്തില്‍ നിന്നു.

എങ്കില്‍ സിതംബര്‍ സൂ എന്നായിരിക്കും പറയുക എന്ന് കരുതി ഞാന്‍ ചോദിച്ചു “സിതംബര്‍ സൂ എങ്കെ ?”

അയാള്‍ പിന്നേയും കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്നതിനിടയില്‍ പറഞ്ഞു - “സ്ട്രൈറ്റ് പോ”

“ആമാ...” ഞാന്‍ മൂളി രക്ഷപ്പെട്ടു.അയാള്‍ പറഞ്ഞ സ്‌ട്റൈറ്റ് വിട്ടിരുന്നെങ്കില്‍ ഞാന്‍ ട്രിച്ചിയില്‍ എത്തിയേനെ എന്ന് പിന്നീട് മനസ്സിലായി.തൊട്ടടുത്ത കവലയില്‍ കണ്ട ഒരു മെഷീന്‍ അടിക്കാരന്‍ (അതേ ഒരു തയ്യല്‍ മെഷീനുമായി അയാള്‍ റോഡ് വക്കില്‍ കസ്റ്റമേഴ്സിനെ കാത്തു നില്‍ക്കുന്നു!) ഞങ്ങളെ പാര്‍ക്കിലേക്ക് വഴികാട്ടി.ചിദംബരം പാര്‍ക്ക് എന്നാണ് അതിന്റെ പേര് എന്ന് തോന്നുന്നു.ഈ മണ്ണന്മാര്‍ക്ക് ‘ചി’യും ‘സി’യും ഒക്കെ ഒന്നായതിനാല്‍ അവര്‍ പറയുന്നത് അവര്‍ക്ക് മാത്രമേ തിരിയൂ.

“ഉപ്പച്ചീ...ഒരു കഴുത !” പാര്‍ക്കില്‍ ഇരിക്കുന്ന ഒരാളെ ചൂണ്ടി മകള്‍ പറഞ്ഞു.അയാള്‍ക്ക് മലയാളം മനസ്സിലാകാത്തതിനാല്‍ തല്‍ക്കാലം ഞാന്‍ രക്ഷപ്പെട്ടു!പക്ഷേ അവള്‍ കണ്ടത് ഒരു ഒട്ടകത്തെ ആയിരുന്നു.തൊട്ടപ്പുറത്ത് മയിലുകളും ഇരിക്കുന്നുണ്ടായിരുന്നു.തലേന്ന് മഴ പെയ്തതിനാലും രാവിലെ മേഘം മൂടി നിന്നതിനാലും മയില്‍ പീലി വിടര്‍ത്തുന്ന കാഴ്ച കാണാം എന്ന പ്രതീക്ഷയില്‍ ഞാനും കുടുംബവും അവിടെ ചുറ്റിപറ്റി നിന്നു.എന്റെ ക്യാമറ ആ രംഗം പിടിക്കാനായി ജാഗരൂകമായി നില്‍ക്കുകയായിരുന്നു.പെട്ടെന്ന് എന്റെ കഷണ്ടിയില്‍ ഒരു ചെറിയ തണുപ്പ് അനുഭവപ്പെട്ടു.ഞാന്‍ കൈകൊണ്ട് ഒന്ന് തുടച്ചു.അപ്പോള്‍ ചില ഖരവസ്തുക്കള്‍ കൂടി കയ്യില്‍ തടഞ്ഞു.സംഗതി പിടികിട്ടിയ ഞാന്‍ മുകളിലേക്ക് നോക്കി.ഞാന്‍ നില്‍ക്കുന്നതിന്റെ തൊട്ടു മേലെ കൊമ്പില്‍ ഇരിക്കുന്ന ഒരു മയിലിന്റെ ആസനം ചുരുങ്ങുന്നു!!കാക്കക്ക് മാത്രമല്ല, മയിലിനും അറിയാം കറക്ട് കഷണ്ടി എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി.

“ഈ മയിലുകള്‍ പീലി അല്ല വിടര്‍ത്തുന്നത് ... വാ നമുക്ക് അടുത്ത കാഴ്ചകള്‍ കാണാം...“ ഞാന്‍ മെല്ലെ കുടുംബത്തെ നീക്കി. തലയിലെ കാഷ്ടവും കയ്യിലെ നാറ്റവും ഞാന്‍ സ്വകാര്യമായി സൂക്ഷിച്ചു.

“ഉപ്പാ രണ്ടു കുരങ്ങന്മാര്‍ മേല്‍ക്കുമേല്‍ കയറുന്നത് കണ്ടോ? “ കുരങ്ങന്മാര്‍ ഇണചേരുന്നത് കണ്ട് മകള്‍ ചോദിച്ചു.

“ആ...അത് കുട്ടികളെ ഉണ്ടാക്കുകയാ...” ഞാന്‍ മറച്ചുവയ്ക്കാതെ പറഞ്ഞു.

“അപ്പോ ഇത്രയും കുട്ടികളെ ഉണ്ടാക്കാന്‍ ആ താഴെയുള്ള കുരങ്ങന്‍ എത്ര നേരം സഹിച്ചിരിക്കും അല്ലേ ഉമ്മാ?”

“എന്റമ്മേ...!!ഐശകുട്ടീ വിട്ടോടീ...ഇല്ലെങ്കി ഇന്ന് ഷോപ്പിംഗ് നടക്കില്ല” പെട്ടെന്ന് തടി എടുത്തില്ലെങ്കില്‍ ഇനി വരാവുന്ന ചോദ്യങ്ങള്‍ ഉത്തരം മുട്ടിക്കും എന്നതിനാല്‍ ചെറിയ ഒരു സൂത്രം പ്രയോഗിച്ച് ഞാന്‍ അവിടെ നിന്ന് പുറത്ത് കടന്നു.

Sunday, November 14, 2010

ഞാനും അടിച്ചു ഒരു സെഞ്ച്വറി

കഴിഞ്ഞ ആഴ്ച നമ്മുടേ ബൂലോകത്തെ സോപ്-ചീപ്-കണ്ണാടിയുടെ മകന്റെ കല്യാണത്തിന് പോയപ്പോള്‍ ആദ്യമായി കണ്ടുമുട്ടിയ മുക്താര്‍ ഉദരമ്പൊയില്‍ എന്ന ഈ മൊട്ടത്തലയന്‍ കൂടി എന്നെ പിന്തുടര്‍ന്ന് എന്റെ ശല്യം സഹിക്കാന്‍ സ്വമേധയാ തീരുമാനമെടുത്തതോടെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഞാന്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്.

എന്റെ ഫോളോവേഴ്സ് കുത്തനെ വര്‍ദ്ധിച്ചത് ചെറായി മീറ്റിന് ശേഷമായിരുന്നു.പരസ്പര പരിചയം പിന്തുടരന്മാരുടെ എണ്ണത്തില്‍ വന്‍ വ്യത്യാസം സൃഷ്ടിക്കും എന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാണ്.അതിനാല്‍ ബ്ലോഗ് മീറ്റ് കഴിയുമെങ്കില്‍ മിസ് ആക്കാതിരിക്കുക.

എന്നെ ആദ്യമായി പിന്തുടരാന്‍ ധൈര്യം കാണിച്ച കുമാരന്‍-ചിത്രകാരന്‍ ടീമിനും ഇപ്പോള്‍ എന്നെ സഹിക്കുന്ന എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.

Friday, November 12, 2010

ഒരു ദീപാവലി പിറ്റേന്ന്

കോയമ്പത്തൂര്‍ എത്തിയ ആദ്യദിവസം.അന്ന് ദീപാവലിയായിരുന്നു.വഴിനീളെ പൊട്ടിച്ച കാശിന്റെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു.അതിലൂടെ എല്ലാവരേയും പോലെ ഞങ്ങളും നടന്നു.പൊട്ടാത്ത വല്ലതും പൊട്ടിത്തെറിക്കുമോ എന്ന ഉള്‍ഭയം ഞാന്‍ മനസ്സില്‍ വച്ചു.അതെങ്ങാനും പുറത്ത് പറഞ്ഞാല്‍ മക്കളും ഭാര്യയും അടുത്ത വണ്ടിക്ക് നാട്ടിലേക്ക് കയറുമെന്ന് ഉറപ്പായിരുന്നു.

പൊരിയുന്ന വയറിന് ഒരു ഇടക്കാലാശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ ഒരു ഹോട്ടലും തേടി അലഞ്ഞു.അവസാനം മലയാളത്തില്‍ ഊണ്‍ തയ്യാര്‍ എന്നു് ചോക്കുകൊണ്ടും മറ്റുപല വിഭവങ്ങളുടെ പേര് മലയാളത്തില്‍ പ്രിന്റും ചെയ്ത ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ സമാധാനമായി.ഞാന്‍ വേഗം അങ്ങോട്ട് കയറി , കൈ കഴുകി ഇരുന്നു - വിശപ്പ് അത്ര മാത്രം ഉണ്ടായിരുന്നു.എന്റെ പിന്നാലെ ഭാര്യയും മക്കളും ആസനസ്ഥരായി.

ഞങ്ങള്‍ ഇരുന്ന പാടേ എവിടെ നിന്നോ ഒരു വെയ്റ്റര്‍ പാഞ്ഞെത്തി.മറ്റു വെയ്റ്റര്‍മാര്‍ യൂണിഫോമിലായിരുന്നെങ്കില്‍ ഈ പയ്യന് യൂണിഫോം ഒന്നും ഇല്ലായിരുന്നു.എന്റെ അടുത്തെത്തി തമിഴില്‍ എന്തൊക്കെയോ പറഞ്ഞു.
“ചോറ്‌ ഇല്ലേ?” ഞാന്‍ പച്ച മലയാളത്തില്‍ തന്നെ ചോദിച്ചു.

“ചപ്പാത്തി ഉണ്ട്” ഇത് ആര് ചോദിച്ചതിന്റെ ഉത്തരമാണ് അവന്‍ പറഞ്ഞത് എന്നറിയില്ല.

ഭാര്യയുടേയും മക്കളുടേയും മുഖത്ത് ഒരു പൂനിലാവ് കാണാത്തതിനാല്‍ ഞാന്‍ അവിടെ നിന്നും എണീറ്റു.പിന്നാലെ അവരും എണീറ്റു.ഞങ്ങള്‍ അടുത്ത ഹോട്ടലും തിരക്കി തെണ്ടല്‍ തുടര്‍ന്നു.ഒരുവിധം നല്ല ഒരു ഹോട്ടലില്‍ കയറി രണ്ട് വീതം പൊറാട്ട തട്ടി നല്ല ഒരു സംഖ്യയും പൊട്ടിച്ചു (അല്ല പൊട്ടി).

പിറ്റേ ദിവസം പ്രാതലിനായി ഞാന്‍ തലേന്ന് ഇറങ്ങിപ്പോയ അതേ ഹോട്ടലില്‍ ചെന്നു.ഇന്നലെ ഇരുന്ന സ്ഥാനം മാറി ഇരുന്നു.ഉടനെ തലേ ദിവസത്തെ വെയ്റ്റര്‍ പാഞ്ഞെത്തി രണ്ട് ഗ്ലാസ് വെള്ളം മേശയില്‍ വച്ചു.പിന്നാലെ യൂണിഫോമിട്ട ഒരു വെയ്റ്റര്‍ വന്ന് ഇവനോട് എന്തൊക്കെയോ പറഞ്ഞു.ഇവനും തിരിച്ച് എന്തൊക്കെയോ അങ്ങോട്ടും പറഞ്ഞു. അതിനിടയില്‍ നാല് പ്ലേറ്റ് ഇഡ്‌ലിക്കുള്ള ഞങ്ങളുടെ ഓഡറും എടുത്തു.അവര്‍ തമ്മിലുള്ള ശണ്ഠ അടുക്കളയിലും തുടര്‍ന്നു എന്ന് തോന്നുന്നു.ഏതായാലും രണ്ട് പ്ലേറ്റ് ഇഡ്‌ലി ഞങ്ങളുടെ മുന്നില്‍ എത്തി.പിന്നെ ഞങ്ങളുടെ വെയ്റ്ററെ കണ്ടില്ല!!

അല്പസമയത്തിന് ശേഷം മാനേജറെന്ന് തോന്നിപ്പിക്കുന്ന ഒരാളുടെ അടുത്ത് ഞങ്ങളുടെ വെയ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.അവന്‍ കയ്യിലും കാലിലും എന്തൊക്കെയോ ചൂണ്ടി കാണിക്കുന്നതും നേരത്തെ വന്ന രണ്ടാമത്തെ വെയ്റ്ററെ ചൂണ്ടുന്നതും ഞാന്‍ കണ്ടു.പക്ഷേ എല്ലാം കേട്ടിരുന്ന മാനേജര്‍ അവനെ ശകാരിക്കുന്നതാണ് പിന്നീട് ദൃശ്യമായത്.അവന്‍ പിന്നേയും മാനേജറോട്‌ എന്തൊക്കെയോ കെഞ്ചി പറയുന്നുണ്ട്.അതും കേട്ട ശേഷം
“നീ പോ...” എന്നൊരു ആട്ടലും മാനേജര്‍ മുകളിലേക്ക് കയറിപ്പോയതും ഒരുമിച്ചായിരുന്നു.ഒരു നിമിഷം നിന്ന ശേഷം രൂക്ഷമായ ഒരു നോട്ടത്തോടെ അവനും മാനേജറുടെ പിന്നാലെ മുകളിലേക്ക് കയറിപ്പോയി.

അല്പസമയത്തിനകം, രണ്ട് പഴയ ബാഗും കഴുത്തില്‍ ഒരു സ്വാമി തോര്‍ത്തുമായി അവന്‍ ഇറങ്ങി വന്നു.കാശ് കൌണ്ടറിലിരിക്കുന്ന ആളോട് അഞ്ച് ദിവസത്തെ പണിയുടെ കാശ് ചോദിച്ചു.എത്രയെന്നല്ലേ - ഇരുനൂറ്‌ രൂപ!!!അയാള്‍ നൂറ് രൂപ എടുത്ത് നീട്ടിക്കൊണ്ട് പോകാന്‍ പറഞ്ഞു.ആ ഹോട്ടലിലെ തന്നെ പ്ലേറ്റും മറ്റും എടുത്ത് കൊണ്ടു പോകുന്ന ചേച്ചിയുടെ അടുത്ത് ഈ പയ്യന്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചു.നല്ലവളായ ആ ചേച്ചി കാഷ്യറോട്‌ പറഞ്ഞ പ്രകാരം അവന്റെ കാശ് മുഴുവന്‍ നല്‍കി അവനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.ആ ഹോട്ടലില്‍ അവസാനമായി ഞങ്ങള്‍ക്ക് ആഹാരം വിളമ്പാനായിരുന്നു അവന്റെ വിധി.നല്ലൊരു ദീപാവലി പിറ്റേന്ന് തന്റെ ജോലി തെറിക്കും എന്ന് ആ പയ്യന്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.ജോലി നഷ്ടപ്പെട്ട് ഇറങ്ങിപ്പോകുന്ന ആ പയ്യന്റെ ദയനീയ മുഖം ഇപ്പോഴും എന്റേയും കുടുംബത്തിന്റേയും മനസ്സുകളില്‍ മായാതെ നില്‍ക്കുന്നു.ചെറിയ ഒരു സഹായം നല്‍കാന്‍, വീണ്ടും തെരുവില്‍ എവിടെയെങ്കിലും അവനെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല.

വാല്‍: നമ്മുടെ കീഴില്‍ ജോലി ചെയ്യുന്നവരെ നിസ്സാരകാര്യത്തിന് പിരിച്ചു വിടുമ്പോള്‍ അതേ അവസ്ഥ നമുക്കായിരുന്നെങ്കില്‍ എന്ന ഒരു ചെറുചോദ്യം മനസ്സിലിട്ടുകൊണ്ട് പ്രവര്‍ത്തിക്കുക.

Tuesday, November 09, 2010

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം

             ‘വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം’ എന്ന് പറഞ്ഞത് ഷേക്സ്പിയറിനെപ്പോലെ കഷണ്ടിയുള്ള സാക്ഷാല്‍ അരീക്കോടന്‍ തന്നെയാണ്.അതുകൊണ്ട് തന്നെ പറഞ്ഞത് പോലെ പ്രവര്‍ത്തിച്ചതും അരീക്കോടന്‍ തന്നെ.പോസ്റ്റിലേക്കുള്ള ഒന്നാംതരം ഗ്ലൂ ആയില്ലേ.അപ്പോള്‍ കാര്യത്തിലേക്ക്.

              പതിവിന് വിപരീതമായ ഒരു വെള്ളിയാഴ്ച.എല്ലാ വെള്ളിയാഴ്ചകളും കലണ്ടറില്‍ കറുത്ത അക്കങ്ങളാകുമ്പോള്‍ ഈ വെള്ളിയാഴ്ച (5/11/2010) ചുവപ്പിലായിരുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലൊഴികെയുള്ള കലണ്ടറിലെ ചുവപ്പ് അക്കങ്ങള്‍ കണ്ണിന് കുളിര്‍മ നല്‍കും.ശനി, ഞായര്‍ ദിവസങ്ങളിലെ ചുവപ്പക്കങ്ങള്‍ കണ്ണില്‍ ഇരുട്ട് പരത്തും (അതിന്റെ കാരണങ്ങള്‍ അറിയാന്‍ നിങ്ങളുടെ പേര് സ്പേസ് അയല്‍‌വാസിയുടെ പേര് സ്പേസ് നിങ്ങളുടെ കണ്ണിന്റെ നിറം എന്ന ഫോര്‍മാറ്റില്‍ 52525-ലേക്ക് എസ്.എം എസ് ചെയ്യുക).

             ആ തങ്കപ്പെട്ട ദിവസം തന്നെയാണ് ഞാന്‍ കോയമ്പത്തൂരിലേക്ക് പോകാന്‍ തെരഞ്ഞെടുത്ത പുന്നാര ദിവസം.പോകുന്നത് ഒറ്റക്കല്ല,ഒക്കത്ത് (എന്ന് പറഞ്ഞാല്‍ ഇടുപ്പെല്ലിനും വാരിയെല്ലിനും ഇടയില്‍ ക്വെസ്റ്റ്യന്‍ മാര്‍ക്ക്പോലെ ഉള്ളോട്ട് വളഞ്ഞ് നില്‍ക്കുന്ന സ്ഥലം) കെട്ടി മാത്രം നടക്കാവുന്ന എട്ട് മാസം പ്രായമായ കുഞ്ഞാവ,അതിന്റെ മൂത്ത രണ്ടാം ക്ലാസ്സുകാരി , അതിന്റേയും മൂത്ത ആറാം ക്ലാസ്സുകാരി , പിന്നെ മുപ്പത്തിമൂന്നിന്റെ ‘ചുറുചുറുക്ക്‘ കാണിക്കുന്ന എന്റെ ഭാര്യ.കഴിഞ്ഞില്ല, ഇവരുടെ സല്‍‌വാര്‍, ചുരിദാര്‍, ...ര്‍ തുടങ്ങീ ‘ര്‍’കള്‍ അടങ്ങുന്ന ഒരു പെട്ടിയും - പോരേ പൂരം!

               അങ്ങനെ അരീക്കോട്ട് നിന്നും ഒരു കെ.എസ്.ആര്‍.ടി.സി.യില്‍ പാഞ്ഞ് കയറിയും കോഴിക്കോട്ട് നിന്ന് ട്രെയ്നില്‍ ആഞ്ഞ് കയറിയും കൃത്യം ഒന്നരക്ക് ഞങ്ങള്‍ കോയമ്പത്തൂരില്‍ വലഞ്ഞിറങ്ങി - വിശന്നിട്ട്.

“ടാക്സി വേണൊ സാര്‍ ?” ഒരു തമിഴന്‍ അണ്ണാച്ചി ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി.’കോളേജില്‍ പഠിപ്പിക്കുന്ന ഒരു സാറാണ് ഞാന്‍ എന്ന് കോയമ്പത്തൂരില്‍ കിടക്കുന്ന ഈ അണ്ണാച്ചി എങ്ങനെ മനസ്സിലാക്കി?’.

“വിടമാട്ട്” മലയാളം എന്തിന്റെ കൂടെയും ‘മാട്ട്’ ചേര്‍ത്ത് പറഞ്ഞാല്‍ തമിഴ് ആകും എന്ന് പണ്ട് ഏതോ അടകോടന്‍ (സത്യമായിട്ടും വാഴക്കോടന്‍ അല്ല) പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വന്നതിനാല്‍ വേണ്ട എന്ന ഉദ്ദേശത്തില്‍ ഞാന്‍ തട്ടി.

“എന്നാ ശൊല്ലി, വിടമാട്ട്,നാന്‍ ......” പിന്നെ അയാള്‍ എന്തൊക്കെയാ പറഞ്ഞത് എന്ന് സംഘംകൃതികളില്‍ മാത്രമേ കാണത്തുള്ളൂ.
ഐഷകുട്ടീ...വിട്ടോടീ” എന്ന് ഹരിഹര്‍ നഗര്‍ സ്റ്റൈലില്‍ ഞാന്‍ പറഞ്ഞതും കുടുംബം ഒന്നാകെ ഓടിപുറത്തിറങ്ങിയതും ‘ഗാന്ധിപുരം ഗാന്ധിപുരം‘ എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന ബസ്സില്‍ ചാടിക്കയറിയതും സെക്കന്റിന്റെ എത്ര അംശങ്ങള്‍ കൊണ്ടാണ് എന്ന് ആ ടാക്സിഡ്രൈവര്‍ക്ക് മാത്രമറിയാം.

               അങ്ങനെ ഗാന്ധിപുരത്ത് ഞങ്ങള്‍ ബസ്സിറങ്ങിയപ്പോള്‍ ആദ്യ വെടി പൊട്ടി - “ഠേ!”.കോയമ്പത്തൂര്‍ സ്ഫോടനം എന്നൊക്കെ കേട്ടിരുന്നതിനാല്‍ ഈ വെടിയില്‍ എന്റെ ഉള്ള് വീണ്ടും കാളി, പള്ള (വയറ്) ആദ്യമേ കാളുന്നതിനാല്‍ കാളിയും കാളിയും കൂടിച്ചേര്‍ന്ന് കരിങ്കാളിയായി.അപ്പോഴാണ് രണ്ടാം ക്ലാസുകാരി ചെവി പൊത്തുന്നത് ഞാന്‍ ശ്രദ്ധിച്ചത് - പടക്കം പൊട്ടുന്നതും ചെണ്ട കൊട്ടുന്നതും പണ്ടേ അവള്‍ക്ക് വല്യ ഇഷ്ടാ!അത് കേട്ടാല്‍ പിന്നെ ചെവി പൊത്തിയേ നടക്കൂ.കണ്ണടച്ച് നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ അങ്ങനേയും ചെയ്യുമായിരുന്നു.ഏതായാലും പിന്നെ വെടി പൊട്ടാത്തതിനാല്‍ ഈ സാമാ‍നങ്ങള്‍ മുഴുവന്‍ ഇറക്കി വയ്ക്കാനുള്ള ഒരു ലോഡ്‌ജും തേടി ആയി എന്റെ യാത്ര.

             വഴിയില്‍ നിറയെ പടക്കത്തൊലികള്‍ കണ്ട ഞാന്‍ തമിഴന്റെ സാഹോദര്യ ചിന്തയില്‍ മോരാഞ്ചം കൊണ്ടു.കേരളത്തില്‍ ഗ്രാമ - ബ്ലോക്ക് - ജില്ല പഞ്ചായത്ത് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന്ന് ഇങ്ങ് കോയമ്പത്തൂരില്‍ തമിഴ് മക്കള്‍ ഇത്രയും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു - അണ്ണാച്ചിയുടെ തലയില്‍ ഇന്നും മണ്ണ് തന്നെ എന്ന് എനിക്ക് പെട്ടെന്ന് ബോധ്യമായി.ഞാന്‍ നേരെ മുന്നില്‍കണ്ട ലോഡ്ജിലേക്ക് കയറി.

“ഡബ്ബ്‌ള്‍മാട് റൂംമാട് ഉണ്ടോമാട് “ എന്റെ ചോദ്യം കേട്ട് റിസപ്ഷനിലിരിക്കുന്ന തമിളന്‍ ദീപാവലിക്ക് വിട്ട വാണം പോലെ നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ എന്റെ പിന്നില്‍ വന്ന ഭാര്യയുടെ മുഖത്തേക്ക് നോക്കി.കോയമ്പത്തൂരിലെ ആദ്യ അനുഭവത്തില്‍ നിന്ന് തന്നെ പാഠം പഠിച്ച് അവള്‍ പുറത്ത് ദൂരെ മാറി നില്‍ക്കുകയായിരുന്നു!

“ ഊര്‍ എങ്കെ?” തമിളന്‍ ചോദിച്ചു.

“ ഊര ഇതാ ഇവിടെ ” ഞാന്‍ എന്റെ ഊര നന്നായി കാണിച്ചു.

“ഓ..കേറള...ഐഡി കാര്‍ഡ് എങ്കെ”

“ങേ! എന്റെ ഊരയില്‍ കേരള എന്ന് എഴുതി വച്ചിരിക്കുന്നോ? ”ഞാന്‍ വീണ്ടും ഞെട്ടി.

“ഇവന്‍ ആള്‍ കൊഴപ്പമാ...ഐഷകുട്ടീ...വിട്ടോടീ” - എന്റെ ഓഡറില്‍ കുടുംബം അടുത്ത ലോഡ്ജിലേക്ക് ഓടിക്കയറി.ചോദ്യങ്ങളും ഭേദ്യങ്ങളും ഒന്നും ഇല്ലാതെ അവിടെ റൂം കിട്ടി.

            അല്പനേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നഗരത്തില്‍ ഒന്ന് ചുറ്റാനിറങ്ങി.പെട്ടെന്ന് എന്റെ മുമ്പില്‍ ഒരു പടക്കം പൊട്ടിത്തെറിച്ചു.ഈ പാവം അരീക്കോടനെ ബോംബ് എറിഞ്ഞ് കൊല്ലാ‍ന്‍ ശ്രമിച്ച ആ ക്രൂരനെ പടക്കം പൊട്ടിയ പരിസരത്ത് എവിടേയും കണ്ടില്ല.കണ്ടിരുന്നെങ്കില്‍ ഞാന്‍ അടുത്ത ഓഡര്‍ കൊടുക്കുമായിരുന്നു - “ഐഷകുട്ടീ...വിട്ടോടീ”.വീണ്ടും മുന്നോട്ട് നടന്നപ്പോള്‍ ആള്‍‍ക്കാര്‍ നടന്നു പോകുന്ന തിരക്കേറിയ വഴിയില്‍ ഇരുന്ന് ഒരുത്തന്‍ കൂളായി മാലപ്പടക്കത്തിന് തിരികൊളുത്തുന്നു!

“ഓ...ഇന്ന് ദീപാവലിയാണല്ലേ...അതാണിത്ര പടക്കം പൊട്ടിയത് കാണുന്നത്...കോയമ്പത്തൂര്‍ കാണാന്‍ ഇറങ്ങിയ ഒരു ദിവസം... ” ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

                പെട്ടെന്ന് അന്തരീക്ഷം മൂടി.കനത്ത കാറ്റ് അടിക്കാന്‍ തുടങ്ങി.ഉടന്‍ തന്നെ കോരിച്ചൊരിയുന്ന മഴയും പെയ്തു.തക്ക സമയത്ത് വഴി വയ്ക്കത്ത് കണ്ട കുട വില്‍പ്പനക്കാരനില്‍ നിന്ന് 70 രൂപ കൊടുത്ത് ഒരു ‘താല്‍ക്കാലിക’ കുട വാങ്ങി. അന്ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന പാര്‍ക്ക് സന്ദര്‍ശനം ക്യാന്‍സല്‍ ചെയ്ത് ഞങ്ങള്‍ അല്പനേരം ഷോപ്പിങ്ങിനിറങ്ങി.തെരുവില്‍ അപ്പോഴും പടക്കങ്ങളും മത്താപ്പുകളും ബാണങ്ങളും വര്‍ണ്ണവും പ്രകാശവും ശബ്ദവും വാരിവിതറിക്കൊണ്ടേയിരുന്നു.ദീപാവലിയുടെ ശബ്ദഘോഷങ്ങള്‍ അന്ന് ആദ്യമായി വിപുലമായി അനുഭവിച്ചു കൊണ്ട് ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചെത്തി.ഉടന്‍ നല്ലപാതിയുടെ വക ഒരു വെടി - “നിങ്ങള്‍ കുറച്ചെങ്കിലും തമിഴ് പഠിക്കണം ട്ടോ”

“ഠോ!” എന്റെ മക്കള്‍ക്കൊപ്പം പുറത്ത് പൊട്ടിച്ച പടക്കവും അത് ഏറ്റു ചൊല്ലി.

(തുടരും ...) 

Thursday, November 04, 2010

പെട്ടിയിലടച്ച ജനാധിപത്യ ഭൂതം

ജനാധിപത്യത്തിന്റെ, പെട്ടിയിലടച്ച ഭൂതം തുറന്ന് വിടപ്പെട്ടപ്പോള്‍ പലരും ഞെട്ടി.ഇത്രയും ദിവസം പെട്ടിയില്‍ കിടന്ന് നരകിച്ച ഭൂതം പക്ഷേ പ്രതീക്ഷിച്ച പോലെ അക്രമാസക്തമായില്ല.കൂടുതല്‍ വോട്ട് കിട്ടിയവര്‍ തന്നെയാണ് ഇക്കൊല്ലവും ജയിച്ചത്.അതിന് യാതൊരു മാറ്റവും വരുത്താന്‍ ആര്‍ക്കും സാധിച്ചില്ല.

ഞാന്‍ മലപ്പുറത്ത്കാരനാണെങ്കിലും എനിക്ക് അറിയേണ്ടിയിരുന്നത് കോഴിക്കോട്‌ ജില്ലയിലെ റിസല്‍ട്ട് ആയിരുന്നു.മറ്റൊന്നുമല്ല , കോഴിക്കോട്‌ ജില്ലയിലായിരുന്നല്ലോ എനിക്ക് ഇലക്ഷന്‍ഡ്യൂട്ടി.23 ആം തീയതി പെട്ടിയിലാക്കിയ ഭൂതം വെള്ളവും വെളിച്ചവും കിട്ടാതെ 31 ആം തീയതിയാണ് പുറത്ത് ചാടിയത്.ഭൂതങ്ങള്‍ പുറത്ത് ചാടാന്‍ തുടങ്ങിയ ഉടനെ ഞാന്‍ എന്റെ ബൂത്തിലെ റിസല്‍ട്ട് പരതാന്‍ തുടങ്ങി.ഗ്രാമപഞ്ചായത്ത് റിസല്‍ട്ട് എവിടേയും എത്തിയിരുന്നില്ല.ബ്ലോക്ക് പഞ്ചായത്ത് ചിലതിലെ ലീഡിംഗ് കാണിക്കുന്നുണ്ട്.ജില്ലാപഞ്ചായത്ത് വേറെ എന്തൊക്കെയോ കാണിക്കുന്നു.തല്‍ക്കാലം അന്ന് ഞാന്‍ ആ സൈറ്റില്‍ അധികം സമയം ചെലവാക്കിയില്ല.

പിറ്റേന്ന് നെറ്റില്‍ കയറിയ ഉടനെ ഞാന്‍ തിരഞ്ഞത് കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്ക് കട്ടിപ്പാറ ഡിവിഷനില്‍ നിന്ന് ആര് എത്ര വോട്ടിന് ജയിച്ചു എന്നായിരുന്നു.കാരണം മറ്റൊന്നുമല്ല വോട്ടിംഗിന്റെ തലേ ദിവസം ഒരു മുഖ്യ ഏജന്റ് വന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞതും എനിക്ക് പറ്റിയ ചെറിയ ഒരു കൈഅബദ്ധവും ഒരുമിച്ചാല്‍ സംഭവിച്ചേക്കാമായിരുന്ന റിസല്‍ട്ട് മറിമായം അറിയാനായിരുന്നു അത്.ആ ഡിവിഷനിലെ റിസല്‍ട്ട് പ്രഖ്യാപ്പിക്കാതെ കണ്ടപ്പോള്‍ ചെറിയ പേടി തോന്നി.പക്ഷേ പിന്നീട് റിസല്‍ട്ട് വന്നപ്പോള്‍ ജയിച്ച സ്ഥനാര്‍ത്ഥിക്ക് പതിനായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്‍ എന്റെ പേടി അസ്ഥാനത്തായി.

ഇനി സംഭവിച്ച കൈഅബദ്ധം - ബാലറ്റ് പേപ്പറിന്റെ പിന്നില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടണം എന്നാണ് നിര്‍ദ്ദേശം.എന്നാല്‍ അത് പോളിംഗ് തുടങ്ങിയിട്ടേ ഇടാന്‍ തുടങ്ങാവൂ എന്നും പറയും.പക്ഷേ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഇരുന്നൂറോ മുന്നൂറോ എണ്ണം ആദ്യമേ ഒപ്പിട്ട് വയ്ക്കും.ഞാനും അങ്ങിനെ തന്നെ ചെയ്തു.പക്ഷേ പോളിംഗ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തപ്പോള്‍ കെട്ട് ഒന്ന് മാറി, ഒപ്പിടാത്ത ബാലറ്റ് നല്‍കിപ്പോയി!അത് അസാധുവില്‍ കൂട്ടിയോ അല്ല സാധുവില്‍ കൂട്ടിയോ എന്ന് എണ്ണിയവര്‍ക്കറിയാം.ഗ്രാമപഞ്ചായത്തായിരുന്നെങ്കില്‍ കൊളമാകാന്‍ വേറെ ഒന്നും വേണ്ടിയിരുന്നില്ല.

അതിനാല്‍ ഇനി ഇലക്ഷന്‍ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ മുക്കാല്‍ ഭാഗം ബാലറ്റ് പേപ്പറിലും തലേ ദിവസം തന്നെ ഒപ്പിട്ട് വച്ചേക്കുക.ഒപ്പിട്ട് ഉപയോഗിക്കാത്തവയുടെ എണ്ണം കാണിക്കണം എന്ന് മാത്രമേ ഉള്ളൂ.ഇതുപോലെ ടെന്‍ഷന്‍ അടിക്കേണ്ട ഗതികേട് വരില്ല.പിന്നെ എത്ര നന്നായി ചെയ്താലും ഇലക്ഷന്‍ഡ്യൂട്ടി ഒരിക്കലും പെര്‍ഫക്ട് ആകില്ല എന്നതിനാല്‍ ഇതെല്ലാം അപ്പോള്‍ തന്നെ മറന്നേക്കുക!

Tuesday, November 02, 2010

കൊച്ചുമോളും താറാമുട്ടയും

വീട്ടില്‍ അഞ്ചാറ് താറാവ് ഉള്ളതു കൊണ്ട് മുട്ടക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു.കുട്ടികള്‍ക്ക് സര്‍ക്കാര്‍ മുട്ട നല്‍കുന്നുണ്ടെങ്കിലും അവ തിന്ന് അവര്‍ പേപ്പറിലും മുട്ട വാങ്ങുമോ എന്ന ഭയത്താല്‍ കൊച്ചുമോള്‍ക്ക് ഉമ്മ എന്നും ഓരോ താറാവ്മുട്ട തന്നെ പൊരിച്ചു കൊടുത്തു.വൈകിട്ട് തിരിച്ചേല്‍പ്പിക്കുന്ന പാത്രത്തില്‍ ചോറോ കറിയോ മുട്ടയോ ഒന്നും തന്നെ ബാക്കി വരാത്തതിനാല്‍ ഉമ്മ കൊച്ചുമകളെ ഓര്‍ത്ത് അഭിമാനം കൊണ്ടു.

പക്ഷേ പതിവിന് വിപരീതമായി അന്ന് വൈകുന്നേരം കൊച്ചുമോള്‍ തിരിച്ച് നല്‍കിയ പാത്രം തുറന്ന് നോക്കിയപ്പോള്‍ ഉമ്മ കണ്ടത് പൊരിച്ച മുട്ട അങ്ങനെ തന്നെ തിരിച്ചു കൊണ്ടുവന്നതാണ്.

“എന്താ മോളൂ...ഇന്ന് മുട്ട തിന്നില്ലേ?” ഉമ്മ സ്നേഹത്തോടെ ചോദിച്ചു.

“ഇന്ന് അവള്‍ വന്നില്ല ഉമ്മാ?” കൊച്ചുമോള്‍ മറുപടി പറഞ്ഞു.

“അവള്‍ വന്നോ എന്നല്ല ഞാന്‍ ചോദിച്ചത്...മുട്ട തിന്നില്ലേ എന്നാ...”

“ആ...അതു തന്നെയാ ഞാനും പറഞ്ഞത്...എന്നും മുട്ട തിന്നുന്ന അമ്മു ഇന്ന് വന്നില്ല...അപ്പോ പിന്നെ ഞാന്‍ മുട്ട ആര്‍ക്ക് കൊടുക്കും ?”

കൊച്ചുമോളുടെ നിഷ്കളങ്കമായ മറുപടിക്ക് മുന്നില്‍ ഉമ്മാക്ക് മറുപടി ഇല്ലായിരുന്നു.

Thursday, October 28, 2010

അങ്ങനെ അതും കിട്ടി!

ഗ്യാസ് ഏജന്‍സികളുടെ ’നരനായാട്ട്‘ നേരിട്ട് അനുഭവിച്ചിരുന്നില്ലെങ്കിലും പുതിയ വീട് ആയതിന് ശേഷം അത് ലഭിക്കാനുള്ള പ്രയാസങ്ങള്‍ ഓരോ കടമ്പകളായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.നമുക്കിഷ്ടപ്പെട്ട കോര്‍പ്പറേഷനെ (ഇന്ത്യന്‍ ഓയില്‍ അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം) തെരഞ്ഞെടുക്കാന്‍ അധികാരമില്ല എന്നും അടുത്തുള്ള ഏജന്‍സി ഏതാണോ അതില്‍ നിന്ന് തന്നെ കണക്ഷന്‍ എടുക്കണം എന്നുള്ള ‘പുതിയ’ വിവരം ലഭിച്ചത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സെയിത്സ് മാനേജറില്‍ നിന്നായിരുന്നു.

ഏതായാലും ആ വഴി അടഞ്ഞപ്പോഴാണ് മുമ്പ് വയനാടില്‍ താമസിക്കുമ്പോള്‍ അപേക്ഷിച്ചിരുന്ന ഒരു കടലാസ് കയ്യില്‍ ഉള്ളത് ഓര്‍മ്മിച്ചത്.പതിവ് പോലെ എന്നെ എല്ല്ലാ കാര്യത്തിലും സഹായിക്കാറുള്ള പവിത്രേട്ടന്‍ അതിന്റെ പിന്നാലെ കൂടി.അത് ലഭ്യമാക്കാനുള്ള എല്ലാ സംഗതികളും ചെയ്തപ്പോഴാണ് കസ്റ്റമര്‍ കെയര്‍ എന്ന സ്ഥാപനത്തില്‍ ബന്ധപ്പെടാന്‍ തോന്നിയത്.അവരുടെ നിര്‍ദ്ദേശപ്രകാരം അടുത്തുള്ള ഏജന്‍സിയില്‍ ഒരു പുതിയ അപേക്ഷ സമര്‍പ്പിച്ചു.ഒരു വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വരും എന്ന് ഏജന്‍സി ഉടമ പറഞ്ഞപ്പോള്‍ ഞാന്‍ ഉള്ളീല്‍ ചിരിച്ചു.

പുതിയതും പഴയതുമായ പേപ്പറുമായി ഞാന്‍ വീണ്ടും കസ്റ്റമര്‍ കെയറിനെ സമീപിച്ചു.ഒരാഴ്ചക്കുള്ളില്‍ , കണക്ഷന്‍ റിലീസ് ചെയ്യാന്‍ ഓഡര്‍ സമ്പാദിക്കുകയും ചെയ്തു.അതുപ്രകാരം ഏജന്‍സിയില്‍ ചെന്നപ്പോള്‍ അവര്‍ ചില ചെറു ന്യായങ്ങള്‍ നിരത്തിയെങ്കിലും ഗത്യന്തരമില്ലാതെ കണക്ഷന്‍ അനുവദിച്ചു.അപ്പോഴാണ് അടക്കേണ്ട സംഖ്യയുടെ വലിപ്പം എന്റെ ശ്രദ്ധയില്‍ പെട്ടത്.ഐറ്റം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ അതില്‍ സ്റ്റൌവിന്റെ കാശും ഉള്ളതായി ബോധ്യപ്പെട്ടു.സ്റ്റൌ എനിക്ക് ആവശ്യമില്ല എന്ന് ഞാനും പറഞ്ഞു.എങ്കില്‍ നിങ്ങളുടെ വീട്ടില്‍ വന്ന് പരിശോധിക്കേണ്ടി വരും എന്ന് അവരും അറിയിച്ചു.

ഇവിടേയും പവിത്രേട്ടന്‍ ചില നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതിനാല്‍ കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടു.രണ്ടാഴ്ചക്കുള്ളീല്‍ ചെക്കിംഗ് നടാത്തും എന്ന് പറഞ്ഞവര്‍ 19 ദിവസമായിട്ടും വരാതായപ്പോള്‍ ഞാന്‍ സൈറ്റില്‍ തപ്പി നോക്കി.അവിടെയും മാക്സിമം 15 ദിവസമായിരുന്നു പറഞ്ഞിരുന്നത്.പക്ഷേ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ അവര്‍ 30 ദിവസത്തിനുള്ളീല്‍ ചെക്കിംഗ് നടത്തും എന്നറിയിച്ചു.അപ്പോഴാണ് വെറുതെ ഏജന്‍സിയില്‍ ഒന്നു കൂടി വിളിച്ചത്.20 ദിവ്സത്തിനുള്ളീല്‍ നടത്തിയില്ലെങ്കില്‍ തിരിച്ചു വിളിക്കാന്‍ അവര്‍ പറഞ്ഞു.

പിറ്റേന്ന് വിളിക്കാന്‍ നില്‍ക്കുമ്പോള്‍ എന്റെ ഫോണ്‍ റിംഗ് ചെയ്തു.വീട്ടിലേക്കുള്ള വഴി അന്വേഷിച്ചുകൊണ്ട് ഗ്യാസ് ഏജന്‍സിയില്‍ നിന്നായിരുന്നു ആ വിളി.അല്പ സമയത്തിനകം രണ്ട് പേര്‍ വന്ന് അടുക്കളയില്‍ കയറി എന്തൊക്കെയോ പരിശോധിച്ചു എന്ന് വരുത്തി സ്ഥലം വിട്ടു.രണ്ട് ദിവസം ക്ഴിഞ്ഞ് ഏജന്‍സിയില്‍ നേരിട്ടെത്തി കണക്ഷന്‍ വാങ്ങാന്‍ പറഞ്ഞു. ആ ദിവസം ചെന്നപ്പോള്‍ കിട്ടിയത് ഒരു ടോക്കണ്‍.വീണ്ടും ഒരാഴ്ച്ചക്കുള്ളീല്‍ വിളിക്കും, അപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകാം എന്ന് അറിയിച്ചു.

അങ്ങനെ ആ ഒരാഴ്ച തീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോള്‍ എനിക്ക് സിലിണ്ടര്‍ അനുവദിച്ചതായി ഫോണ്‍ വന്നു.ഇന്ന് അത് സ്വീകരിച്ചതോടെ എന്റെ മറ്റൊരു കാത്തിരിപ്പിന് കൂടി വിരാമമായി.

പാഠം:‘ഏമാന്മാരെ‘ ചോദ്യം ചെയ്യുകയോ മറികടക്കുകയോ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കുക,അവര്‍ നിങ്ങളെ മാക്സിമം കറക്കാന്‍ ശ്രമിക്കും,വിടമാട്ട് !

Monday, October 25, 2010

"ഒരു പ്രിസൈഡിംഗ് ഓഫീസറുടെ തെരഞെടുപ്പ് അനുഭവങ്ങള്‍"

“അബൂബക്കര്‍ മുസ്ല്യാര്‍” ഒന്നാം പോളിംഗ് ഓഫീസര്‍ ആദ്യ വോട്ടറുടെ പേര് ഉച്ചത്തില്‍ വിളിച്ചതോടെ കോഴിക്കോട്‌ ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് ആരംഭിച്ചു.അപ്പോഴാണ് ഒരാള്‍ തോളില്‍ ഒരു ക്യാമറായും വേറെ ഒരാള്‍ ഒരു വീഡിയോ ക്യാമറയും മറ്റു ചിലര്‍ സ്വന്തം ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറായ എന്റെ ശ്രദ്ധയില്‍ പെട്ടത്.ഞാന്‍ ആദ്യ വോട്ടറെ നോക്കി.’ങേ!കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ !!!’.പെട്ടെന്ന് തന്നെ ആത്മസംയമനം വീണ്ടെടുത്ത് ഞാന്‍ ക്യാമറമാന്മാരോട്‌ ബൂത്തിന് വെളിയില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു.ഫ്ലാഷ് ലൈറ്റുകളില്‍ എന്റെ കഷണ്ടിയും സുന്ദരമായി തിളങ്ങിയെങ്കിലും പത്രത്തില്‍ വന്ന എ.പി യുടെ ഫോട്ടോക്കൊപ്പം എന്റെ പടം വന്നില്ല!

“സാര്‍...അയാള്‍ ഐ ഡി കാര്‍ഡ് കാണിച്ചില്ല.” ഫസ്റ്റ് പോളിംഗ് ഓഫീസറായ ലേഡിടീച്ചര്‍ എന്നോട് പറഞ്ഞു.ആളെ അവര്‍ക്ക് മനസ്സിലായില്ലെങ്കിലും ഞാന്‍ കേള്‍ക്കാത്ത പോലെ നിന്നു.അദ്ദേഹം വോട്ടും ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ ക്യാമറാപരിവാരവും സ്ഥലം വിട്ടു.

പിന്നീട് പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടത് ജനസമുദ്രമായിരുന്നു.വോട്ട് ചെയ്യാന്‍ ഇത്ര ഉത്സാഹത്തോടെ കാത്തു നില്‍ക്കുന്ന സ്ത്രീകളെയും പുരുഷന്മാരേയും ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്.സ്ത്രീകളുടെ ക്യൂ പെരുമ്പാമ്പ് പോലെ വളഞ്ഞ്പുളഞ്ഞിരുന്നു.നേരത്തെ ഓഡര്‍ ചെയ്യപ്പെട്ട ചായ തണുത്ത് കോറും എന്നും വയറ്‌ വിശന്ന് കാറും എന്നും അപ്പഴേ തീരുമാനമായി.

പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ജില്ലയിലേക്കും വോട്ട് ചെയ്യേണ്ടതിനാലും മൂന്ന് ബാലറ്റുകളും മൂന്ന് പ്രാവശ്യമായി നല്‍കിയാല്‍ മതി എന്ന നിര്‍ദ്ദേശം ഉള്ളതിനാലും വോട്ടിംഗ് ഒച്ചുവേഗതയില്‍ ഇഴഞ്ഞു.പുറത്ത് കാത്തു നില്‍ക്കുന്നവര്‍ക്ക് അകത്ത് കയറാനുള്ള വെമ്പല്‍ കൂടി വരുന്നതിനനുസരിച്ച് അകത്തേക്ക് ജനതിരമാലകള്‍ കയറി അടിക്കാന്‍ തുടങ്ങി.ക്യൂ നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട സ്പെഷ്യല്‍ പോലീസ് എന്ന കുട്ടിപ്പോലീസിനെ പലപ്പോഴും എനിക്ക് മഷിയിട്ട് നോക്കേണ്ടി വന്നു.

അപ്പോഴാണ് ബൂത്തിന്റെ വാതിലില്‍ എത്തിയ ഒരു യുവതി പെട്ടെന്ന് ചരിയുന്നതും ‘പിടി പിടി’ എന്ന് ആരോ വിളിച്ച് പറയുന്നതും ഞാന്‍ കേട്ടത്.അവര്‍ക്ക് തൊട്ടുമുമ്പില്‍ നിന്നിരുന്ന സ്ത്രീ പിടിച്ചിട്ടും ഒതുങ്ങാത്തതിനാലും ക്യൂവില്‍ നില്‍ക്കുന്ന ഒരൊറ്റ പുരുഷ പ്രജയും സഹായിക്കാത്തതിനാലും ഞാന്‍ തന്നെ അവരെ താങ്ങി.വീഴുന്നത് സ്ത്രീ ആണെങ്കില്‍ അവളെ രക്ഷിക്കാന്‍ ഒരു കൈ സഹായം നല്‍കാന്‍ അവര്‍ക്ക് അല്പ നേരം ആലോചിക്കേണ്ടി വന്നത് എനിക്ക് വിചിത്രമായി തോന്നി.പെണ്‍പീഢനം എന്നോ മറ്റോ വാര്‍ത്ത വന്നാലോ എന്ന് പേടിച്ചാവാം ഈ പിന്മാറ്റം.

ആ സംഭവവും കഴിഞ്ഞാണ് ഒരു സ്ത്രീയേയും എടുത്ത് കൊണ്ട് ഒരാള്‍ കയറി വന്നത്.ബൂത്തിലെ ആദ്യ ഓപ്പണ്‍ വോട്ടിനുള്ള കളമൊരുങ്ങി.ആ സ്ത്രീയെ ഒരു മൂലയിലിരുത്തി അവരുടെ വിരലടയാളം ബാലറ്റ് പേപ്പറില്‍ പതിപ്പിച്ച് ചൂണ്ടു വിരലില്‍ മഷിയും പുരട്ടി.അങ്ങനെ ആദ്യത്തെ അവശവോട്ട് രേഖപ്പെടുത്തപ്പെട്ടു.പിന്നീട് ‘അവശനമാരുടേയും അവശികളുടേയും’ ഒരു ഘോഷയാത്രയായിരുന്നു!പലരുടേയും അവശത എന്നെയും എന്റെ കൂടെയുള്ള ഓഫീസര്‍മാരേയും ഏജന്റുമാരേയും ഞെട്ടിച്ചു കളഞ്ഞു.

അവശ ഘോഷയാത്രയില്‍ ഒരു തോര്‍ത്തുമുണ്ട് മാത്രമുടുത്ത് വന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.അയാള്‍ കണ്ണ് ചിമ്മിക്കൊണ്ടേ ഇരുന്നു.അയാളുടെ കയ്യിലേയും നെഞ്ചിലേയും മസിലുകള്‍ ഉരുണ്ട് കൊണ്ടേ ഇരുന്നു.അദ്ദേഹത്തിന്റെ വായില്‍ വെറ്റില അരഞ്ഞുകൊണ്ടേ ഇരുന്നു.അദ്ദേഹത്തിന്റെ പേര് വിളിച്ചതും ഒരു ഏജന്റ് എണീറ്റു.

“അയാള്‍ക്ക് കണ്ണ്‌ കാണാം സാര്‍ ...” പ്രശ്നം തലപൊക്കിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

“നീ നിന്റെ ആ ശീട്ടൊക്കെ സാറെ കാണിക്ക് ...” ഈ ‘അവശനെ’ ബൂത്തിലെത്തിച്ച വയസ്സന്‍ പറഞ്ഞു.

ദേഹത്തെ മുഴുവന്‍ മസിലുകളും ഉരുണ്ട് കളിക്കുന്ന രൂപത്തില്‍ അയാള്‍ എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.വെറ്റിലചവച്ചുകൊണ്ട് തന്നെ അയാള്‍ തന്റെ അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് എന്നോട് പറഞ്ഞു.
“ഞാന്‍ കുടിക്കുന്ന മരുന്നുകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും...ഇതാ ഒന്ന്...” ഒരു കുറിപ്പ് അയാള്‍ എന്റെ നേരെ നീട്ടി.ഞാനത് വായിച്ചു - ‘അരി 3കിലോ , പഞ്ചസാര 500 ‘ !!!!

“അയാളുടെ പണി എന്താ എന്ന് ചോദിക്കൂ സാര്‍..” നേരത്തെ എണീറ്റ ഏജന്റ് പറഞ്ഞു.

“ങാ, അതവിടെ വച്ചേക്ക്...ഇങ്ങോട്ട് വരൂ...ഇതൊന്ന് വായിക്കൂ ...” സാമാന്യം നല്ല വലിപ്പത്തില്‍ എഴുതിയ ഒരു എഴുത്ത് ഞാന്‍ അയാളെ കാണിച്ചു.

“അതൊന്നും എനിക്ക് കാണുന്നില്ല...” അങ്ങോട്ട് നോക്കാതെ അയാള്‍ പറഞ്ഞപ്പോള്‍ വസ്ത്രത്തില്‍ വെറ്റില വീഴാതിരിക്കാന്‍ ഞാല്‍ അല്പം മാറി നിന്നു.ശേഷം ഒരു ബാലറ്റ് പേപ്പര്‍ എടുത്ത് കാണിച്ച് അതിലെ ചിഹ്നവും ചോദിച്ചു.

“ഇതൊന്നും എനിക്ക് കാണില്ല...നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല.ഞാന്‍ തെങ്ങില്‍ നിന്നും വീണ് മസില്‍ പിടിച്ചു പോയതാ ഇങ്ങനെ..” ഞാന്‍ കാണിച്ച ബാലറ്റ് പേപ്പറിലേക്ക് നോക്കാതെ അയാള്‍ വീണ്ടും പറഞ്ഞപ്പോള്‍ ഇനിയും പരീക്ഷണം നടത്തുന്നത് കുഴപ്പങ്ങള്‍ക്ക് കാരണമായേക്കാം എന്ന് മനസ്സ് മന്ത്രിച്ചു.ഞാന്‍ അയാള്‍ക്ക് ഓപ്പണ്‍ വോട്ട് അനുവദിക്കുകയും ചെയ്തു.മസില്‍ പിടുത്ത‌വും കാഴ്ചയും തമ്മിലുള്ള അവിശുദ്ധബന്ധം ഞാന്‍ ആദ്യമായി മനസ്സിലാക്കി.

രാവിലത്തെ ചായ ഇന്ത്യന്‍ റെയില്‍‌വേയുടെ ട്രെയിനുകള്‍ കണക്കെ മണിക്കൂറോളം വൈകിയതിനാല്‍ ചോറ്‌ കൃത്യസമയത്ത് തന്നെ അകത്താക്കാന്‍ പരിപാടിയിട്ടു.മഞ്ഞനിറത്തിലുള്ള ചോറ്‌ മുമ്പിലെത്തിയപ്പോഴാണ് തലേ ദിവസവും ആ നിറത്തില്‍ ചോറ്‌ കിട്ടിയത് ഞാന്‍ ഓര്‍ത്തത്.ബീഫ് കറിയും ഒഴിച്ച് കഴിക്കാന്‍ ശ്രമിച്ചെങ്കിലും പഴയ ഫാര്‍ഗൊ ലോറി പോകുന്ന പോലെയായിരുന്നു എന്റെ വയറ്റിലേക്കുള്ള ഫില്ലിംഗും എന്റെ ബൂത്തിലെ പോളിംഗും.

കൃത്യം നാല് മണിക്ക് പുരുഷന്മാരുടെ ക്യൂ തീര്‍ന്നു.അപ്പോഴാണ് സ്ത്രീകളുടെ ക്യൂവും വാലറ്റത്ത് എത്തിയത് ഞാന്‍ കണ്ടത്.പോളിംഗ് കൃത്യസമയത്ത് തന്നെ തീര്‍ക്കാമെന്ന തിരിച്ചറിവ് മനസ്സില്‍ സന്തോഷം കോറിയിട്ടു.പക്ഷേ ആ സമയത്ത് വന്ന ഒരു പുരുഷന്റെ പേര് വായിച്ചതും ഏജന്റ്റുമാര്‍ ആ വോട്ട് രേഖപ്പെടുത്തപ്പെട്ടതായി അവകാശപ്പെട്ടു.ഞാന്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ അവസാന പണികളുടെ തിരക്കിലാണെന്ന വ്യാജേന ഇരുന്നു.

“ഓ അപ്പോള്‍ എന്റെ വോട്ട് മറ്റവന്‍ ചെയ്തു പോയി...” എന്നും പറഞ്ഞ് ഒരു പ്രതിഷേധവും ഇല്ലാതെ അയാളും ഒന്നും മറുത്ത് പറയാതെ ബൂത്ത് ഏജന്റുമാരും വിട്ട്കളഞ്ഞപ്പോള്‍ അവസാന നിമിഷം വന്നേക്കാമായിരുന്ന ടെന്റേഡ് വോട്ട് എന്ന പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ ദീര്‍ഘശ്വാസം വിട്ടു.

അങ്ങനെ കൃത്യം അഞ്ചുമണിക്ക് മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ 728-ആം ബാലറ്റും പെട്ടിയില്‍ വീണതോടെ കാന്തപുരം ജി.എം.എല്‍.പി.സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചു.ദൈവത്തിന് സ്തുതി.

Wednesday, October 20, 2010

ഒരു പ്രിസൈഡിംഗ് ഓഫീസറുടെ അനുഭവങ്ങള്‍

“കേരളത്തില്‍ പഞ്ചായത്തീരാജ് ഫലപ്രദമായും ഗുണപ്രദമായും ഉപകാരപ്രദമായും സര്‍വ്വോപരി ...പ്രദമായും നടപ്പിലാക്കാന്‍ താങ്കളുടെ മഹത്തായ സേവനം ഒരു പ്രിസൈഡിംഗ് ഓഫീസര്‍ എന്ന നിലയില്‍ വീണ്ടും ആവശ്യമായി വന്നിരിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വയനാടന്‍ കാടുകളില്‍ താങ്കള്‍ കാഴ്ചവച്ച സ്തുത്യര്‍ഹമായ സേവനം കൂടി കണക്കിലെടുത്താല്‍ കോഴിക്കോട്‌ ജില്ലയിലെ ബാലുശേരി ബ്ലോക്കിലെ ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാര്‍ഡിലെ കാന്തപുരം എന്ന ഓണം കയറും മൂലയിലേക്ക് ഇതിലും നല്ല ഒരു പ്രിസൈഡിംഗ് ഓഫീസറെ ലഭിക്കില്ല എന്ന ഉത്തമബോധ്യത്താല്‍ താങ്കളെ പ്രസ്തുത ബൂത്തില്‍ ഇതിനാല്‍ പ്രതിഷ്ടിക്കുന്നു.” കളക്ടറുടെ ഉത്തരവ് കൈപറ്റി വായിച്ചുനോക്കിയ എനിക്ക് മനസ്സിലായത് ഇത്രയാണ്.അതേ ഉത്തരവിന്റെ അടിഭാഗത്ത് പണ്ട് സിഗരറ്റ് പാക്കറ്റില്‍ “പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിയ പോലെ ഒരു വരി കൂടി ഉണ്ടായിരുന്നു.അത് ഇങ്ങനേയും മനസ്സിലാക്കി - “ആയതിനാല്‍ 20/10/2010ന് ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍ - ഫസ്റ്റ് പോളിംഗ് ഓഫീസര്‍ മഹാസംഗമത്തില്‍ ഈ വാറണ്ടുമായി ഹാജരാകേണ്ടതാണ്”.

അങ്ങനെ പ്രസ്തുത ദിവസം ഞാന്‍ ഉള്ളി മണക്കാത്ത ഉള്ളിയേരിയില്‍ ബസ്സിറങ്ങി.തൊട്ടടുത്ത് കണ്ട ഒരാളോട് മാന്യമായി കമ്മ്യൂണിറ്റി ഹാള്‍ എവിടെയാണെന്ന് ചോദിച്ചു.അയാള്‍ അതിലും മാന്യമായി തൊട്ടടുത്ത കടക്കാരനോട്‌ ചോദിക്കാന്‍ പറഞ്ഞു.ഞാന്‍ അടക്ക എടുക്കുന്ന ആ കടയിലേക്ക് നോക്കി.സ്വന്തം ‘അടക്ക‘ കാണുന്ന രൂപത്തില്‍ കടത്തിണ്ണയില്‍ ഒരു പ്രായമായ ആള്‍ ഇരിക്കുന്നു.അയാള്‍ക്ക് ചെവി കേട്ടില്ലെങ്കിലോ എന്ന് കരുതി ഞാന്‍ കടക്കാരന്റെ നേരെ നോക്കി ചോദിച്ചു.

“കമ്മ്യൂണിറ്റി ഹാള്‍ എവിടെയാ ചേട്ടാ ?”

“കമ്മ്യൂണിസ്റ്റ് ഹാള്‍ ദേ താമരശ്ശേരി റൂട്ടില്‍....” ഉത്തരം വന്നത് കടത്തിണ്ണയില്‍ നിന്നായിരുന്നു.

“ചേട്ടാ...കമ്മ്യൂണിസ്റ്റ് ഹാള്‍ അല്ല...കമ്മ്യൂണിറ്റി ഹാള്‍“

“അതെന്നാടൊ പറഞ്ഞെ...കമ്മ്യൂണിസ്റ്റ് ഹാള്‍” മറുപടിയുടെ കര്‍ക്കശം എന്നെ കശക്കുന്നതിന് മുമ്പ് ഞാന്‍ സ്ഥലം കാലിയാക്കി.അല്പം ദൂരെ നിന്ന മറ്റൊരാളോട്‌ ചോദിച്ച് സ്ഥലം മനസ്സിലാക്കി.

* * * * *

പരിശീലനം തുടങ്ങി.ഏതോ ഒരു പഞ്ചായത്തിന്റെ സെക്രട്ടറി ആണ് പരിശീലകന്‍.അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡ് രൂപത്തിലാക്കി നെസ്റ്റ് നെസ്റ്റ് അടിച്ച് അദ്ദേഹം എതിര്‍ഭാഗത്തിരിക്കുന്ന ഞങ്ങളിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടേ ഇരുന്നു.അങ്ങനെ കയ്യില്‍ മഷി പുരട്ടേണ്ട കാര്യത്തിലെത്തി.

“ആരും മഷി പുരട്ടാന്‍ വോട്ടറുടെ വിരല്‍ പിടിക്കാന്‍ പാടില്ല.” അദ്ദേഹം പറഞ്ഞപ്പോള്‍ യുവപ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും അണ്ടിപോയ കുരങ്ങനെ പോലെ ആയി.ആ ഞെട്ടലില്‍ നിന്നും മുക്തമാകാന്‍ ഒരാള്‍ ചോദിച്ചു.

“ഏത് വിരലിലാണ് അപ്പോള്‍ മഷി പുരട്ടേണ്ടത് ?”

“ഇടത് കയ്യിന്റെ ഫോര്‍ഫിങറില്‍...” ഇടത്കയ്യുടെ നടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് പരിശീലകന്‍ പറഞ്ഞു.

“ചൂണ്ടുവിരലില്‍ അല്ലേ?”

“അതേ ഫോര്‍ഫിംഗറില്‍ തന്നെ..” നടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് പരിശീലകന്‍ വീണ്ടും പറഞ്ഞു.

പറയുന്നതും കാണിക്കുന്നതും തമ്മില്‍ മാച് ചെയ്യാത്തതിനാല്‍ സദസ്സില്‍ കുശുകുശു ഉയര്‍ന്നു.പരിശീലകന് കാര്യം മനസ്സിലാകാത്തതിനാല്‍ സ്റ്റേജിലിരിക്കുന്ന സഹപരിശീലകനോട് ചോദിച്ചു.അദ്ദേഹം കൈപുസ്തകം പരതി പറഞ്ഞു.
“ചൂണ്ടു വിരലിലാണ് മഷി പുരട്ടേണ്ടത് “.അപ്പോഴും രണ്ട് പേര്‍ക്കും സദസ്സിന്റെ സംശയത്തിന്റെ ഉറവിടം മനസ്സിലായില്ല.

* * * * *

“മാഷേ...ഇത് എങ്ങനെയാ തുറക്കുക ?” ഒരു കിളിശബ്ദം ബാലറ്റ്ബോക്സിനടുത്ത് നിന്ന് എന്റെ നേരെ വന്നു.

“ദേ...മുന്‍ഭാഗത്ത് ഒരു ദ്വാരമില്ലേ ? അതിലൂടെ ഒരു വിരല്‍ മാത്രം ഉള്ളിലേക്കിടുക..” ഞാന്‍ ആദ്യ സ്റ്റെപ് പറഞ്ഞു.

“എന്നിട്ട് ?”

“വിരലില്‍ ഒരു ചെറിയ മുനമ്പ് തട്ടും...അതിനെ ശക്തിയില്‍ വലിക്കുക...”

“അപ്പോ ഏത് വിരലാ ഇടേണ്ടത് ?”

“നടുവിരലാണ് സൌകര്യം.മറ്റു വിരലൊന്നും എത്തില്ല...”

ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചറുടെ മുഖം നാണത്താല്‍ താഴ്ന്നു.മറ്റാരും എന്റെ ‘ക്ലാസ്സ്‘ ശ്രദ്ധിച്ചില്ല എന്ന് ചുറ്റുംനോക്കി ഉറപ്പ് വരുത്തി ഞാന്‍ അടുത്തപെട്ടിയുടെ അടുത്തേക്ക് നീങ്ങി.

* * * * *

“ഇതെന്താ മാഷെ , കുപ്പായത്തിലാകെ...”

പുതിയ കുപ്പായത്തില്‍ പെട്ടിയില്‍ നിന്നും ഗ്രീസ് പുരണ്ടത് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.

“അത് ആ പെട്ടിയില്‍ കസര്‍ത്ത് കാണിച്ചതാ..”

“പെട്ടി കെട്ടിപിടിക്കുന്നതെന്തിനാ...വീട്ടില്‍ കെട്ടിയോളില്ലേ ?”എതോ ഒരുത്തന്റെ ചോദ്യത്തിന്റെ ഉത്തരം നാവിന്‍ തുമ്പില്‍ വന്നെങ്കിലും ഉള്ളിയേരി ആയതിനാല്‍ ഞാന്‍ ക്ഷമിച്ചു.

“ഏതായാലും ഇത് ഇന്ന് ആയത് മാഷക്കും ഞങ്ങള്‍ക്കും നന്നായി...പോളിംഗ് ദിനത്തില്‍ ഈ അവസ്ഥയില്‍ വോട്ടര്‍മാരുടെ മുമ്പില്‍ നില്‍ക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ലല്ലോ”

ഇനി കാന്തപുരത്ത് നടക്കാനിരിക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണാവോ എന്ന ചിന്തയിലാണ്ട് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ കൂലിയായി 250 രൂപയും വാങ്ങി ഞാന്‍ ഉള്ളിയേരിയില്‍ നിന്നും തിരിച്ചുകയറി.ബാക്കി 23-ആം തീയതി കാന്തപുരം സ്കൂളില്‍ നിന്നും ലൈവ് ആയി.

സഹയാത്രികരോട്‌ സംസാരിക്കൂ.....

യാത്ര ഒരു അനുഭവമാണ്.ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് സഹയാത്രക്കാരായി നിരവധി പേര്‍ ഉണ്ടാകും.പ്രത്യേകിച്ചും ട്രെയിന്‍ യാത്ര ഹൃദ്യമാകുന്നതും ആസ്വാദ്യകരമാകുന്നതും ഈ കൂട്ടുകെട്ടിലൂടെയാണ്.സഹയാത്രികന്റെ സന്തോഷത്തിലും ദു:ഖത്തിലും പങ്ക് ചേരാനുള്ള അവസരങ്ങള്‍ ഇന്ന് പലര്‍ക്കും ലഭിക്കുന്നു.യാത്ര അവരെ തമിലടുപ്പിക്കുന്ന ഒരു ഘടകമായി വര്‍ത്തിക്കുന്നു.

എന്നാല്‍ സ്വന്തം സഹയാത്രികനെ പരിചയപ്പെടാന്‍ മടിക്കുന്നവരായ ആള്‍ക്കാരും നമ്മിലുണ്ട്.അതിലെന്തു കാര്യം അല്ലെങ്കില്‍ ഒരു നിമിഷ സൌഹൃദം എന്തിന് എന്ന് ചിന്തിക്കുന്നവരാകും മിക്കപേരും.എങ്കില്‍ അവര്‍ക്കായി എന്റെ ഒരു ബന്ധുവിന്റെ അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ.

എന്റെ ഭാര്യയുടെ ബന്ധുവിന്റെ മകന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ അഡ്‌മിഷന്‍ കിട്ടി ജോയിന്‍ ചെയ്യാന്‍ പോകുന്ന ദിവസം.ഇതുവരെ മലപ്പുറം ജില്ലക്ക് പുറത്ത് ഒറ്റക്ക് പോയിട്ടില്ലാത്ത ഉമ്മയും മകനും അന്ന് ആദ്യമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി.

എത്തിപ്പെടാന്‍ പോകുന്ന മഹാനഗരത്തെപറ്റിയും ആ നാട്ടില്‍ എവിടെയോ കിടക്കുന്ന കോളേജിനെക്കുറിച്ചും ഈ മലപ്പുറത്ത് ആരോട്‌ ചോദിക്കാന്‍ എന്ന് അറിയാത്തതിനാല്‍ അവര്‍ ആരോടും അന്വേഷിച്ചതേയില്ല.യാത്രയിലുടനീളം അവിടെ എത്തിയാലുള്ള സംഗതികളെപറ്റി ആയിരുന്നു ഉമ്മയുടേയും മകന്റേയും ചിന്ത.എങ്കിലും തിരുവനന്തപുരത്ത് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെപറ്റി അറിയാത്ത ആരും ഉണ്ടാകില്ല എന്ന ശുഭാപ്തിവിശ്വാസം അവരെ മുന്നോട്ട് നയിച്ചു.

യാത്രക്കിടയില്‍ അവര്‍ തൊട്ടടുത്തിരുന്ന ഒരു മാന്യദേഹത്തോട്‌ വെറുതെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെപറ്റി ചോദിച്ചു.

“തിരുവനന്തപുരത്ത് ഏത് എഞ്ചിനീയറിംഗ് കോളേജാ ?”

“ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് “ അല്പമൊന്നു് അന്ധാളിച്ചെങ്കിലും മറുപടി ഉടന്‍ എത്തി.

“അതെ , ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തന്നെ തിരുവനന്തപുരത്ത് രണ്ടെണ്ണം ഉണ്ട്” അയാള്‍ പറഞ്ഞു.

“യാ റബ്ബേ...എന്നാല്‍ നോക്കട്ടെ” ഇതും പറഞ്ഞ് അവര്‍ അഡ്‌മിഷന്‍ മെമ്മോ എടുത്ത് നോക്കി.

“കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജി,തിരുവനന്തപുരം...”

“ഓ,സി.ഇ.ടി.പുതിയ അഡ്‌മിഷന്‍ എടുക്കാനാണോ?”

“ങാ...അതെ...”

“ഏത് ബ്രാഞ്ച്?”

“ഇലക്ടോണിക്സ് അന്ദ് കമ്മ്യൂണിക്കേഷന്‍”

“വെരിഗുഡ്...ഞാന്‍ അതേ ഡിപ്പാര്‍ട്ട്മെന്റിലെ സാറാണ്.എന്റെ കൂടെ വന്നാല്‍ മതി.”

“ഹാവൂ, സമാധാനമായി.കോളേജും സ്ഥലവും അറിയാതെ എന്ത് ചെയ്യും എന്ന് ആലോച്ചിക്കുകയായിരുന്നു ഞങ്ങള്‍.ഒരുപാട് നന്ദിയുണ്ട് ”

സഹയാത്രികനോട്‌ വെറുതെ ഒരു വാക്ക് ചോദിച്ചതിന്റെ ഉപകാരം എത്ര ഭീമം എന്ന് ഇനി നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കൂ.

Monday, October 18, 2010

അബ്ദുക്കയുടെ ഗ്രാമസ്വരാജ്

സ്ഥലം അച്ചുവേട്ടന്റെ ചായമക്കാനി. നാട്ടുപ്രമുഖരായ സംശയം അബ്ദുക്കയും നിവാരണം തോമസൂട്ടിയും പിന്നെ കുറേ കാണികളും മക്കാനിയിലുണ്ട്.

അബ്ദുക്ക: അല്ല തോമസൂട്ടി, ഈ കാമസ്വരാജ് ന്ന ഒരു പുത്തന്‍ സാതനം ണ്ടല്ലോ? അതെന്താ സാതനം ?

തോമസൂട്ടി: കാമസ്വരാജോ അതോ കാമരാജോ ?

അബ്ദുക്ക: ഈ സെലക്ഷന്‍ നടക്കാന്‍ പോകുന്ന സാതനം…

തോമസൂട്ടി: സെലക്ഷന്‍ അല്ല...എലക്ഷന്‍..…അത് കാമസ്വരാജ് അല്ല...ഗ്രാമസ്വരാജ്

അബ്ദുക്ക: ആ... അതന്നെ സാതനം

തോമസൂട്ടി:അത്... നമ്മുടെ രാഷ്ട്രപിതാവില്ലേ ഗാന്ധിജി…അദ്ദേഹം ഒരു സ്വപ്നം കണ്ടത്രേ…വലിയൊരു സ്വപ്നം.

അബ്ദുക്ക: ങേ ബല്യ സ്വപ്നമോ? സ്വപ്നത്ത്‌നുംണ്ടോ ബല്പം ???

തോമസൂട്ടി:ആ...കിനാവില്ലേ കിനാവ്…അതെന്നെ

അബ്ദുക്ക:ഓ, ഗള്‍ഫ്‌ല് പോയ മോനെ അയിക്കാരം കിനാവ് കണ്ടത്.

തോമസൂട്ടി:ഛെ…അതല്ല

അബ്ദുക്ക: ന്നാല് പിന്നെ അമ്മായിമ്മന്റെ മോന്തായമായിരിക്കും കണ്ടത്…

തോമസൂട്ടി:അതുമല്ല….ആ കിനാവായിരുന്നു ഗ്രാമസ്വരാജ്

അബ്ദുക്ക: ഓ..അപ്പോ കാന്ധിജിന്റെ കിനാവാണല്ലേ ഗ്രാമസ്വരാജ് ?

ശേഷം അബ്ദുക്ക മുണ്ടൂകന്റെ നേരെ തിരിഞ്ഞു.

അബ്ദുക്ക:ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ന്ന് ബെച്ചാല് ന്താ മുണ്ടൂകാ?

മുണ്ടൂകന്‍: സ്വതന്ത്രന്‍ എന്നാല്‍ സ്വ തന്തയില്ലാത്തവന്‍….അതായത് ഒരു പാര്‍ട്ടി മേല്‍ വിലാസവും ഇല്ലാത്തവന്‍.

അബ്ദുക്ക:അപ്പം മേല്‍‌വിലാസം ഇല്ലാത്തോര്‍ എന്നാല്‍ ബെലാണല്ലേ?

മുണ്ടൂകന്‍:അതേ അതേ

തോമസൂട്ടി:വിഢിത്തം വിളമ്പാതെടാ മണ്ടൂകാ…സ്വതന്ത്രര് എന്ന് വച്ചാല് സ്വ തന്ത്രമുള്ളവര്…അതായത് ഇടക്കിടെ അവര് സ്വ തന്ത്രരും സ്വതന്ത്രരും ആയിക്കൊണ്ടിരിക്കും

അബ്ദുക്ക:ന്റെ തങ്ങളുപ്പാപ്പേ..ഞമ്മള് ഒടിയന് ന്ന് പറ്യണെ ജാത്യാണല്ലോ ത്.

അല്പസമയത്തിനകം പരിവാര സമേതം ഒരു സ്ത്രീ അവിടെ പ്രത്യക്ഷപ്പെട്ടു.

ആഗത: ഞാന്‍ ഈ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്…എന്റെ പേര് സാറാഅമ്മാളുമ്മ … നിങ്ങളുടെ വിലയേറിയ വോട്ട് ‘വാനിറ്റി ബാഗ്’ അടയാളത്തില്‍ കുത്തി എന്നെ വിജയിപ്പിക്കണം

‘ഓ…ഇത് ആ ഒടിയന്‍ ജാതി തെന്നെ…പേരും അടയാളും ഞമ്മള് ഇതുവരെ കേട്ടിട്ടില്ലാത്ത എന്തോ സാതനം’ അബ്ദുക്ക ആത്മഗതം ചെയ്തു.

അബ്ദുക്ക: അന്റെ അടയാളം ന്താ ന്നാ പറഞ്ഞെ ?

സ്ഥാനാര്‍ത്ഥി: (പൂച്ച രോമം കൊണ്ട് ആവരണം ചെയ്ത ബാഗ് കാണിച്ചുകൊണ്ട്) ഇതാ ഇത് തന്നെ…

അബ്ദുക്ക: (ഞെട്ടി മാറിക്കൊണ്ട്) ങേ!! പൂച്ചരോമ സഞ്ചി…അതിന്റെ ഇംക്ലീസ് ആണല്ലേ ജ്ജ് ആദ്യം പറഞ്ഞെ? നാലാള്‍ക്ക് മന്സ്‌ലാണെ കോലത്ത്‌ല് പറഞ്ഞൂടെ ന്നാ അനക്ക്.ഒര് ഇംക്ലീസ് മദാമ ബെന്ന്‌ക്ക്‌ണ് ഞ്മ്മളെ ചാണകക്കുണ്ട് വാര്‍ഡ്ക്ക്..ഫൂ....!ഇതാണോ കാന്തിജി കണ്ട ബിസേസപ്പെട്ട കിനാവ് ?

കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സ്ഥാനാര്‍ത്ഥിയും അകമ്പടിക്കാരും ഉടന്‍ സ്ഥലം വിട്ടു.

Saturday, October 16, 2010

വിലയേറിയ സമ്മതിദാനാവകാശം

കേരളം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കാന്‍ പോകുന്നു.വരുന്ന 23, 25 തീയതികളിലായി വിവിധ ജില്ലകളില്‍ പോളിംഗ് നടക്കും.പതിവ് പോലെ ഇത്തവണയും ഞാന്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആണ്.

ഇടത് വലത് മുന്നണികളെ കൂടാതെ കേന്ദ്രത്തില്‍ വളരെ മുമ്പെ പറഞ്ഞു നടന്നിരുന്ന മൂന്നാം മുന്നണി എന്ന ഒരു സങ്കല്പം ജനപക്ഷ മുന്നണി എന്നോ ജനകീയ വികസന മുന്നണി എന്നോ ജനപക്ഷ വികസന മുന്നണി എന്നോ മറ്റേതോ പേരിലോ ഒക്കെയായി മത്സരരംഗത്ത് ഉണ്ട് എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.മാത്രമല്ല ബി.ജെ.പി,പി.ഡി.പി,എസ്.ഡി.പി.ഐ തുടങ്ങീ കുറേ പീ-പാര്‍ട്ടികളും രംഗത്തുണ്ട്.

യഥാര്‍ത്ഥത്തില്‍ നാം വോട്ട് ചെയ്യേണ്ടത് ആര്‍ക്കാണ്?അന്ധമായ രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിച്ചുകൊണ്ട് സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കോ അതല്ല നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കോ അതുമല്ല മൂന്നമത് ഒരു പാര്‍ട്ടിക്കൊ? ഇവിടെയാണ് വോട്ടര്‍മാരായ നാം ഓരോരുത്തരും നമ്മുടെ വോട്ടിന്റെ വില മനസ്സിലാക്കേണ്ടതും മനസ്സിലാക്കിപ്പിക്കേണ്ടതും.അഞ്ചു വര്‍ഷം സമയം ലഭിച്ചിട്ടും ഇതു വരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ ഉത്ഘാടനരാമന്മാര്‍ ആകുന്നതും വാ തൊരാതെ പ്രസംഗിക്കുന്നതും കണ്ട് കെണിയില്‍ വീഴേണ്ട.അടുത്ത അഞ്ച് വര്‍ഷവും ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വരാന്‍ പോകുന്നില്ല.

എന്റെ അഭിപ്രായത്തില്‍ ,മുന്നണി ഏത് ആണെങ്കിലും ഭരണനൈപുണ്യമുള്ളവര്‍ അധികാരത്തില്‍ എത്തണം.എന്നാലേ മികച്ച ഫലം ആ ടീമിന്റെ ഭരണത്തിലൂടെ ലഭ്യമാകൂ.നാടിന്റെ വികസനമാകണം പാര്‍ട്ടിയുടെ വികസനത്തിനെക്കാളും മുഖ്യം.മാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി എന്ന ഒരു ചിന്തയോ മറ്റു വിഭാഗീയതകളോ എവിടേയും പ്രകടിപ്പിക്കാന്‍ പാടില്ല.“തെരഞ്ഞെടുപ്പ് ജയം “ ഈ മത്സരത്തിന്റെ അനിവാര്യ ഫലം മാത്രമാണെന്ന് ഓര്‍മ്മിക്കുക.അതായത് ജയവും പരാജയവും ഒരു മത്സര്‍ത്തിന്റെ രണ്ടു ഭാഗങ്ങളാണ്.ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ തോല്‍ക്കും എന്നത് തീര്‍ച്ച.

തെരഞ്ഞെടുക്കപെട്ടവരെ തിരിച്ചു വിളിക്കാന്‍ നമ്മുടേ ജനാധിപത്യം അനുവദിക്കുന്നില്ല.അതിനാല്‍ തെരഞ്ഞെടുത്ത് അയക്കുന്നതിന്റെ മുമ്പ് തന്നെ ഓരോ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയതിന് ശേഷം മാത്രം നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുക.

Saturday, October 09, 2010

ഒരു ഗള്‍ഫുകാരന്റെ വിലാപം.

ദിവസങ്ങള്‍ക്ക് മുമ്പ് വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡിന്റെ കോപി അറ്റെസ്റ്റ് ചെയ്യാനായി അനിയന്റെ ഒരു സുഹൃത്ത് എന്റെ അടുത്ത് വന്നു. യഥാര്‍ത്ഥത്തില്‍ പേര് കേട്ടിട്ട് എന്നെ തിരിച്ചറിയാതെയാണ് അവന്‍ എന്റെ വീട്ടില്‍ എത്തിയത്. എത്തിയപ്പോള്‍ അറിയുന്ന ആളാണല്ലോ എന്ന ആശ്വാസം അവന്റെ മുഖത്ത് ഞാന്‍ ദര്‍ശിച്ചു.പ്രത്യേകിച്ചും ശനിയാഴ്ച്ച രാത്രി ആയതിനാല്‍ പിറ്റേന്ന് അറ്റെസ്റ്റ് ചെയ്യാന്‍ ഒരു ഗസറ്റഡ് ഓഫീസറേയും കിട്ടാത്ത അവ്സ്ഥയില്‍ നിന്നുള്ള മോചനവും അവന്‍ പങ്കുവച്ചു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവനോട് ഞാന്‍ അവന്റെ ഗള്‍ഫിലെ കാര്യങ്ങള്‍ വെറുതെ ചോദിച്ചു.ഏഴോ എട്ടോ കൊല്ലമാണ് അവന്‍ ഗള്‍ഫില്‍ ജോലി ചെയ്തത് എന്ന് പറഞ്ഞതായാണ് എന്റെ ഓര്‍മ.പക്ഷേ ഇനി ഗള്‍ഫിലേക്ക് പോകാന്‍ താല്പര്യമില്ല.നാട്ടില്‍ നല്ല ഫുട്ബാള്‍ കളിക്കാരനായിരുന്ന കാലത്താണ് അവന്‍ ഗള്‍ഫിലേക്ക് പോയത്.ഇനി പന്തു തട്ടാന്‍ ഒരു ബാല്യം അവനില്‍ കാണുന്നുമില്ല.അപ്പോള്‍ ഇനി എന്തു ജോലി എന്ന് ഞാന്‍ ആരാഞ്ഞു.

ഗള്‍ഫിനേക്കാളും മെച്ചം ഇപ്പോള്‍ ഇവിടെയാണ്.എന്ത് പണിക്കും നാനൂറ് രൂപയല്ലേ ദിവസ‌ക്കൂലി.പിന്നെ എന്തിന് വെറുതേ ഗള്‍ഫില്‍ പോകണം എന്നായിരുന്നു അവന്റെ മറുചോദ്യം.അത് ഞാനും സമ്മതിച്ചു.പക്ഷേ പ്രത്യേകിച്ച് ഒരു തൊഴിലിലും പ്രാവീണ്യം ഇല്ലാത്ത അവന്‍ എന്തു തൊഴില്‍ എടുക്കും എന്നായിരുന്നു എന്റെ സംശയം.അതിനുള്ള അവന്റെ മറുപടി ആയിരുന്നു ആ വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡിന്റെ കൂടെ അവന്‍ കൊണ്ടു വന്ന മറ്റൊരു ഫോം.

അരീക്കോട് ബസ്‌സ്റ്റാന്റില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന പിതാവ് വിരമിക്കുന്ന ഒഴിവിലേക്ക് മകന് കയറാനുള്ള അപേക്ഷ.ബസ്‌സ്റ്റാന്റിലെ പോര്‍ട്ടര്‍ പണി കിട്ടാനും ഇത്ര വലിയ കടമ്പകളൊ എന്ന എന്റെ സംശയം അവിടെ നിര്‍ത്തി അവന്‍ നാട്ടിലെ തന്നെ ഫുട്ബാള്‍ കോച്ച് ഗള്‍ഫില്‍ എത്തിയ വിവരം എന്നോട് പറഞ്ഞു.

ഒരു വീട്ടിലാണ് ഈ സുഹൃത്തിന് ജോലി.അറബി കുവൈത്തിലാണ്.വല്ലപ്പോഴും വരുമ്പോള്‍ മാത്രം എന്തെങ്കിലും പണി ഉണ്ടാകും.പക്ഷേ അവന്‍ അവിടെ നിന്നും പോരണം എന്ന് പറയുന്നു.കാരണം മറ്റൊന്നുമല്ല.വീട്ടുജോലിയില്‍ ചിലപ്പോള്‍ അവര്‍ കക്കൂസ് കഴുകാനും പറഞ്ഞേക്കും.അപ്പോള്‍ അത് ചെയ്യേണ്ടിയും വരും.ഇത് സഹിക്കാന്‍ ഈ പുതിയ ഗള്‍ഫുകാരന് സാധിക്കുന്നില്ല.

ഞാന്‍ എന്റെ വീട്ടില്‍ വന്ന സുഹൃത്തിനോട്‌ പറഞ്ഞു.”എന്റെ ബാപ്പ ചെറുപ്പം മുതലേ ഞങ്ങള്‍ മക്കളെക്കൊണ്ട് കക്കൂസ് വൃത്തിയാക്കിക്കുമായിരുന്നു.അവനവന്‍ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാക്കാന്‍ സാധിക്കുമെങ്കില്‍ മറ്റൊരു സ്ഥലത്ത് ജോലിയുടെ ഭാഗമായി അത് ചെയ്യാന്‍ നമുക്ക് ഒരു പ്രയാസവും നേരിടില്ല.പക്ഷേ സ്വന്തം വീട്ടില്‍ ഒരിക്കലെങ്കിലും കക്കൂസ് വൃത്തിയാക്കാത്തവന്‍ അത് ഒരു വൃത്തികെട്ട ജോലിയായി ഗണിക്കും ”

“അതേ, ഗള്‍ഫില്‍ ഞങ്ങളുടെ താമസ സ്ഥലത്തും ആഴ്ചയില്‍ ഓരോരുത്തരായി കക്കൂസ് വൃത്തിയാക്കുന്നു.അല്ലാത്തവന്‍ അത് ഉപയോഗിക്കേണ്ട എന്നാണ് എന്റെ കാഴ്ചപ്പാട്‌“ ആഗതന്റെ മറുപടി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

ഇന്നത്തെ യുവതീ-യുവാക്കള്‍ സ്വന്തം വീട്ടിലെ ഇത്തരം ചില പണികള്‍ വരെ ചെയ്യാന്‍ മടി കാട്ടുന്നു.നാളെ മറ്റൊരു വീട്ടില്‍ അന്നത്തിന് വേണ്ടി ഈ പണി ചെയ്യേണ്ടി വരുമ്പോളാണ് അവന് യാഥര്‍ത്ഥ്യം മനസ്സിലാവുക.

Friday, October 01, 2010

മാപ് - കോഴിക്കോടിന്റെ ഒരു സ്വപ്നപദ്ധതി.

കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ഒരു കലാലയത്തിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് കഴിഞ്ഞ ദിവസം എനിക്ക് കോഴിക്കോട്‌ ജില്ലാ കളക്ടറുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി.ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ല പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന യജ്ഞത്തിന്റെ ആരംഭം കുറിക്കാനുള്ള യോഗത്തിന്റെ കൂടിയാലോചനക്കായിട്ടായിരുന്നു മറ്റു പല ഓഫീസര്‍മാരുടേയും പൊതുപ്രവര്‍ത്തകരുടേയും കൂടെ എനിക്കും, കളക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

MAP (Mass Awareness for Plastic waste free Kozhikkode) എന്ന സ്വപ്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കുകയാണ്.ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് ബീച്ചില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ സംഗമിക്കുന്ന ഒരു ബൃഹത്പരിപാടി വിഭാവനം ചെയ്തിട്ടുണ്ട്.സാംസ്കാരിക രംഗത്തെ പലരും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.നാളെ പദ്ധതിപ്രഖ്യാപനസംഗമത്തില്‍ തന്നെ ഭരത് സുരേഷ്‌ഗോപിയും മറ്റും പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്.മുന്‍ രാഷ്ട്രപതി ശ്രീ.എ.പി.ജെ.അബ്ദുല്‍ കലാമും പരിപാടിയുടെ ഭാഗമായി മറ്റൊരു ദിവസം കോഴിക്കോട് എത്തുന്നുണ്ട്.

ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി ഈ വരുന്ന റിപബ്ലിക് ദിനത്തില്‍ ലക്ഷ്യം നേടുന്ന വിധത്തിലാണ് ഇപ്പോള്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ബോധവല്‍ക്കരണം,കൂടുതല്‍ ഉപയോഗിക്കുന്ന രംഗങ്ങള്‍ കണ്ടെത്തി അവിടെ നിയന്ത്രണം ഏര്‍പ്പെടുത്തല്‍,പ്ലാസ്റ്റിക്കിന് പകരം സാധനം കണ്ടെത്തലും ഉപയോഗപ്പെടുത്തലും, നിയമം കൊണ്ട് തടയല്‍ , കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍ തുടങ്ങി അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ മുഴുവന്‍ ഫലപ്രദമായി ഇതിന് ഉപയോഗിക്കാനും ധാരണയുണ്ട്.

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ലയാകാന്‍ പോകുന്ന കോഴിക്കോടിന്റെ ഈ സ്വപ്നപദ്ധതിയില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞ ഒരു മലപ്പുറംകാരനാണ് ഞാന്‍.പ്ലാസ്റ്റിക്ക് കാരിബാഗുകള്‍(കീസുകള്‍) പരമാവധി ഒഴിവാക്കാന്‍ ബിഗ്‌ഷോപ്പര്‍ കൊണ്ടുനടക്കുന്ന എനിക്ക് ഈ ആശയം നന്നായി തോന്നി.ഔദ്യോഗികമായി അതിന് ഒരു നേതൃത്വം നല്‍കി അതൊരു വലിയപരിപാടിയാക്കി മാറ്റാന്‍ സന്മനസ്സ് കാണിച്ച കോഴിക്കോട് ജില്ലാ കളക്ടറെ ഈ അവസരത്തില്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

കോഴിക്കോട് ജില്ല എന്നല്ല കേരളം മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാന്‍ നമുക്കും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങാം.സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോകുമ്പോള്‍ ഇന്നു മുതല്‍ ദയവ് ചെയ്ത് ഒരു തുണി സഞ്ചിയോ ബിഗ്‌ഷോപ്പറോ അതുമല്ലെങ്കില്‍ നേരത്തെ നിങ്ങള്‍ വീട്ടിലെത്തിച്ച പ്ലാസ്റ്റിക് കാരിബാഗ് തന്നെയോ ഒപ്പം കരുതുക.ഭൂമിയെ മൂന്ന് പ്രാവശ്യം മൂടാനുള്ള പ്ലാസ്റ്റിക്ക് മാലിന്യം ഇപ്പോള്‍ ഭൂമിയിലുണ്ട് എന്ന ദുരന്തസത്യം മനസ്സിലാക്കി നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.

Thursday, September 23, 2010

സാമൂഹ്യസേവനത്തിന്റെ ഉജ്ജ്വല മാതൃകകള്‍

മനുഷ്യന്‍ എന്ന സാമൂഹ്യ ജീവി സമൂഹത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്പ്രവൃത്തികളെക്കുറിച്ച് നാം നിരവധി തവണ കേട്ടിട്ടുണ്ട്.പത്രത്താളുകളിലും മാധ്യമങ്ങളിലും വലിയ കോളത്തില്‍ വാര്‍ത്തകളായി അവ ഇടം പിടിക്കാറുമുണ്ട്.പലപ്പോഴും അവ വായിക്കാനും കേള്‍ക്കാനുമാണ് ഒരു സാധാരണ വായനക്കാരന്റെ അല്ലെങ്കില്‍ പ്രേക്ഷകന്റെ മനസ്സ് ആഗ്രഹിക്കുന്നതും.നമ്മുടെ മനസ്സും അത്തരത്തില്‍ മാറിയതു കൊണ്ടല്ലേ ഇങ്ങനെ ഒരു ആഗ്രഹം നമ്മില്‍ ജനിച്ചത് എന്ന് വെറുതെ ചിന്തിച്ചുപോകുന്നു.

എന്നാല്‍ ഇതേ പോലെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവന സന്നദ്ധരായ അനേകം യുവതീ യുവാക്കളും മറ്റുള്ളവരും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നമ്മുടെ കണ്ണില്‍ പെടാതെ പോകുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കുന്നു.ഇക്കഴിഞ്ഞ ദിവസം എന്റെ നാട്ടില്‍ തന്നെ ഒരു സംഭവമുണ്ടായി.

വഴിയരികില്‍ അവശനായി കിടന്ന ഒരു അജ്ഞാതനെ ആശുപത്രിയില്‍ എത്തിക്കാന്‍ മാലാഖ പോലെ രണ്ടു യുവാക്കള്‍ പ്രത്യക്ഷപ്പെട്ടു.തൊട്ടടുത്ത് സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും അവിടെ ലഭിച്ചേക്കാവുന്ന പരിഗണനയും ചികിത്സയും മനസ്സിലാക്കിയിട്ടായിരിക്കാം അവര്‍ ഈ രോഗിയെ ഞങ്ങളുടെ നാട്ടിലെ പ്രൈവറ്റ് ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രോഗിയുടെ നില അല്പം വഷളായതിനാല്‍ അവിടെ നിന്നും മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.ഈ യുവാക്കള്‍ രോഗിയെയും കൊണ്ട് മഞ്ചേരിയിലേക്ക് കുതിച്ചു.രോഗിക്ക് നിര്‍ദ്ദേശിച്ച സ്കാനിംഗ് അടക്കമുള്ള ചികിത്സകള്‍ യുവാക്കള്‍ സ്വന്തം പണം എടുത്ത് നടത്തി.പക്ഷേ വിധിക്ക് കീഴടങ്ങാനായിരുന്നു രോഗിയുടെ യോഗം.അദ്ദേഹം മരിച്ചു.

ഇവിടേയും ഈ യുവാക്കള്‍ ആ രോഗിയെ കൈവെടിഞ്ഞില്ല.അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കാന്‍ വേണ്ടി ഈ രോഗി കിടന്നുറങ്ങാറുണ്ടായിരുന്ന സ്ഥലം അന്വേഷിച്ച് കണ്ടെത്തി അവിടെ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചു.അങ്ങനെ തന്മിഴ്‌നാടില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

ഗ്രാമീണരായ ഈ യുവാക്കള്‍ക്ക് ചെലവായ മുഴുവന്‍ സംഖ്യയും നല്‍കാന്‍ അരീക്കോട്‌ പോലീസ് സന്നദ്ധമായെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല.എന്നിരുന്നാലും ഒരു പൊതുചടങ്ങിലൂടെ അവരെ ആദരിക്കാന്‍ പോലീസ് ഉദ്ദേശിക്കുന്നു എന്നറിയുന്നു.ഇത്രയും മാതൃകാപരമായ സേവനം കാഴ്ച വച്ച ആ യുവാക്കളുടെ വാര്‍ത്ത നാം എത്ര പേര്‍ അറിഞ്ഞു?

നാളെ സെപ്തംബര്‍ 24.സ്കൂളിലൂടേയും കോളേജുകളിലൂടെയും സാമൂഹ്യസേവനത്തിന്റെ ഉജ്ജ്വല മാതൃകകള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍ .എസ്.എസ്) സ്ഥപകദിനം.മാസത്തില്‍ ഒരു സാമൂഹ്യസേവനമെങ്കിലും ഞാന്‍ ചെയ്യും എന്ന് പ്രതിജ്ഞ എടുക്കാനും പാലിക്കാനും നമ്മില്‍ എത്രപേര്‍ തയ്യാറാകും?

Saturday, September 18, 2010

ഒരു വാര്‍ത്തയും ഞാനും.

"വായ്‌പാറപ്പടി ജി.എല്‍.പി സ്കൂളില്‍ പിറന്നാള്‍ മരം പദ്ധതിക്ക് തുടക്കം”.

മഞ്ചേരി: ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി വായ്‌പാറപ്പടി ജി.എല്‍.പി സ്കൂളില്‍ മരം നടല്‍ പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികള്‍ അവരുടെ പിറന്നാള്‍ ദിനത്തില്‍ സ്കൂള്‍ പരിസരത്തോ പൊതുസ്ഥലങ്ങളിലോ സ്കൂള്‍ പരിസരത്തോ വീറ്റുമുറ്റത്തോ ഒരു മരം നടുക എന്നതാണ് പദ്ധതി

ഇന്ന് മാധ്യമം ദിനപത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്.സത്യത്തില്‍ പ്രസ്തുത വാര്‍ത്ത എന്നെ വല്ലാതെ ആകര്‍ഷിച്ചു. പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം ചെയ്തുകൊണ്ടിരിക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹം ഉള്ളതിനാല്‍ പരിസ്ഥിതി സംബന്ധമായുള്ള വാര്‍ത്തകളും മറ്റും ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ടായിരുന്നു.ഒപ്പം സുഹൃത്തുക്കളേയും ബന്ധുക്കളേയും ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അത്തരത്തിലുള്ള ഒരു ഉപദേശം ഇതാ ഇവിടേയും.എന്റ മനസ്സില്‍ ഉദിച്ച പ്രസ്തുത ഐഡിയ ഈ വൈകിയ നിമിഷമെങ്കിലും അല്പം കുട്ടികള്‍ പ്രാവര്‍ത്തികമാക്കിയെങ്കില്‍ തീര്‍ച്ചയായും ഭാവിയില്‍ ആ മാതൃക കൂടുതല്‍ മനുഷ്യര്‍ ജീവിതത്തില്‍ പകര്‍ത്തും എന്നാണ് എന്റെ പ്രതീക്ഷ.

വരൂ , നമുക്ക് ഭൂമിക്ക് വേണ്ടി ഇതുപോലെ എന്തെങ്കിലുമൊക്കെ ഇനിയും ചെയ്യാം.

Thursday, September 09, 2010

സ്നേഹത്തിന്റെ ഈദ്.

സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി വീണ്ടും ഒരു ഈദുല്‍ഫിത്‌ര്‍ വന്നെത്തി.ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിശുദ്ധിയുമായി മുസ്ലിം സഹോദരങ്ങള്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചു.വാനില്‍ പ്രത്യക്ഷപ്പെട്ട പൊന്നമ്പിളിക്കല ഓരോ മുസല്‍മാന്റേയും ഹൃദയത്തില്‍ സന്തോഷപൂത്തിരി കത്തിച്ചു.

പക്ഷേ മുസ്ലിം സമുദായം നാളെ ഈദ്ഗാഹിലേക്കും പള്ളിയിലേക്കും നീങ്ങുമ്പോള്‍ ഈദിന്റെ യഥാ‍ര്‍ത്ഥ സന്ദേശത്തില്‍ നിന്നും ഒരു വിഭാഗം ആള്‍ക്കാര്‍ എങ്കിലും വ്യതിചലിച്ചോ എന്ന് ന്യായമായും സംശയിക്കുന്നു.മുഹമ്മദ് നബിയെ അവഹേളിച്ചതിന്റെ പേരില്‍ ഒരു കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടി എടുത്ത കിരാതനടപടി സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പശ്ചാതലത്തിലാണ് ഇത്തവണ ഈദ് കടന്നുവരുന്നത്. കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ) തന്നെ ഉപദ്രവിച്ച , കല്ലെറിഞ്ഞ തബൂക്ക് നിവാസികള്‍ക്ക് വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ത്ഥിച്ചത് ‘അവര്‍ക്ക് പൊറുത്ത് കൊടുക്കേണമേ , അവര്‍ അറിവില്ലാതെ ചെയ്തു പോയതാണ് എന്നായിരുന്നു’.ആ മുഹമ്മദ് നബി(സ)യുടെ അനുയായികളായ നാം രാജാവിനേക്കാളും വലിയ രാജഭക്തി കാണിക്കേണ്ടതില്ലായിരുന്നു.

അതിനിടക്കാണ് ഭീഷണി രൂപത്തിലുള്ള മറ്റൊരു ഇ-മെയിലിന്റെ പ്രസരണം നടക്കുന്നത്.ഈദ്ഗാഹുകള്‍ ചോരക്കളമാക്കും എന്നു ധ്വനിക്കുന്ന പ്രസ്തുത ഇ-മെയിലുകള്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തീര്‍ത്തും കലുഷിതമാക്കും എന്ന് തീര്‍ച്ച.ഈ ഇ-മെയില്‍ മുതലെടുത്ത് ഏതെങ്കിലും സാമൂഹ്യ ദ്രോഹികള്‍ നാളെ ഏതെങ്കിലും പള്ളിയിലോ ഈദ് ഗാഹിലോ അക്രമം പ്രവര്‍ത്തിച്ചാല്‍ അതിന്റെ അന്തിമ ഉത്തരവാദിത്വം ആര്‍ ഏറ്റെടുക്കും? സമുദായത്തെ മുഴുവന്‍ ഭീതിയിലാക്കുന്ന രൂപത്തിലുള്ള ഒരു അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിരുന്നില്ല എന്ന് വ്യക്തം.

ഒരു മുസല്‍മാന്‍ എന്ന നിലയില്‍ ഈ സംഭവങ്ങള്‍ എനിക്ക് ഒട്ടും അനുകൂലിക്കാന്‍ കഴിയുന്നില്ല.ഒരു നാട്ടില്‍ നിയമവ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.നിയമം കയ്യിലെടുത്ത് സമൂഹഭദ്രതക്കും ഐക്യത്തിനും തുരങ്കം വയ്കുന്നവരെ പിന്താങ്ങാന്‍ പാടില്ല.അത്തരം ശക്തികള്‍ക്കെതിരെ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. ഈ ഈദ് ദിനത്തില്‍ അതിന്റെ യഥാര്‍ത്ഥ സന്ദേശമായി നമുക്ക് സര്‍വ്വമത സാഹോദര്യവും ഐക്യവും ഉയര്‍ത്തി്പ്പിടിക്കാം.കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ)കാണിച്ചു തന്ന വഴി മാത്രം പിന്തുടരാം.

എല്ലാ ബൂലോകര്‍ക്കും എന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.

Saturday, September 04, 2010

കള്ളം പറയാനും മൊബൈല്‍ ഫോണ്‍ !

മൊബൈല്‍ ഫോണ്‍ എന്തിനൊക്കെ ഉപയോഗിക്കാം എന്നതിലുപരി എന്തിനൊക്കെ പറ്റില്ല എന്ന് ചോദിക്കുന്നതാണ് നല്ലത് എന്നതാണ് ടെക്നോളജിയുടെ പോക്ക് നമ്മെ എത്തിച്ചിരിക്കുന്ന അവസ്ഥ.പക്ഷേ ഇന്ന് യാത്രയില്‍ എനിക്കനുഭവപ്പെട്ട ഒരു സംഗതി ഇവിടെ പങ്കു വയ്ക്കാതെ നിര്‍വ്വാഹമില്ല.

ഞാന്‍ കോളേജിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്.എന്റെ സഹ സീറ്റുകാരനും കോഴിക്കോട്ടേക്കാണ്.സാധാരണ ഗതിയില്‍ യാത്രയില്‍ ഉറങ്ങാറുള്ളതിനാല്‍ ഞാന്‍ അദ്ദേഹത്തെ സംസാരത്തിലൂടെ മുഷിപ്പിച്ചില്ല.ബസ് ഊര്‍ക്കടവ് കഴിഞ്ഞ് അല്പം മുന്നോട്ട് എത്തിയതേയുള്ളൂ.അദ്ദേഹം ആര്‍ക്കോ ഫോണ്‍ ചെയ്തു.കോഴിക്കോട്ട് കാത്തുനില്‍ക്കുന്ന ആര്‍ക്കോ അല്ലെങ്കില്‍ കോഴിക്കോട്ടേക്ക് വരുന്ന ആര്‍ക്കോ ആണ് ആ ഫോണ്‍ എന്ന് സംസാരത്തില്‍ എനിക്ക് മനസ്സിലായി.പെരുവയലില്‍ പോലും ബസ് എത്തിയിട്ടില്ലായിരുന്നു.ആ സമയത്ത് അദ്ദേഹം ഫോണിലൂടെ പറഞ്ഞത് ഞാന്‍ കുറ്റിക്കാട്ടൂരില്‍ എത്തി എന്ന്!യഥാര്‍ത്ഥത്തില്‍ കുറ്റിക്കാട്ടൂരിലേക്ക് ഇനിയും ഒരു ഏഴോ എട്ടോ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു!അത് ഒരു ദൂരമല്ലായിരിക്കാം, എങ്കിലും കാത്തു നില്‍ക്കുന്ന ഒരു സുഹൃത്തിനെ സമാധാനിപ്പിക്കാ‍നാണോ ഇത്തരം ഒരു കള്ളം ചൊല്ലിയത്?

ബസ് വീണ്ടും സഞ്ചരിച്ച് സുഹൃത്ത് പറഞ്ഞ കുറ്റിക്കാട്ടൂരില്‍ എത്തി.അപ്പോള്‍ മറ്റൊരാള്‍ ഫോണ്‍ ചെയ്യുന്നു. “ഞാനിതാ ചേവായൂരില്‍ എത്തി!!”.ചേവായൂരിലേക്ക് എത്താന്‍ നേരത്തെ പറഞ്ഞ പോലെ അഞ്ചോ ആറോ കിലോമീറ്റര്‍ ഇനിയും യാത്ര ചെയ്യേണ്ടിയിരുന്നു.അപ്പോള്‍ ഇദ്ദേഹവും കള്ളം ചൊല്ലിയത് എന്തിന് വേണ്ടി?

പൊതുവെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്രവണത കൂടി വരുന്നോ എന്നൊരു സംശയം ഉണരുന്നു.”ഞാനിതാ ഇപ്പോ എത്തി” എന്ന് ഫോണിലൂടെ മറുപടി തരുന്നയാള്‍ എത്തുന്നത് അര മണിക്കൂറോ മുക്കാല്‍ മണിക്കൂറോ കഴിഞ്ഞാണ്.അപ്പോള്‍ നുണ പറയാനുള്ള പ്രവണത ഉണ്ടാക്കുന്ന ഒരു ഉപകരണമായും മൊബൈല്‍ ഫോണ്‍ മാറുന്നോ എന്ന് ഒരു ചിന്ത ഉയരുന്നു.തമാശയായി പോലും കള്ളം പറയരുത് എന്ന് എന്റെ മതം എന്നെ പഠിപ്പിക്കുന്നു. നിങ്ങള്‍ എന്തു പറയുന്നു?

Monday, August 30, 2010

“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍“ - വാര്‍ഷിക ഉത്ഘാടനം

മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നാലാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാന്‍ ഒരു തീരുമാനം എടുത്തു നോക്കി.എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് മനസ്സ് പറഞ്ഞതിനാല്‍ ആദ്യം സുന്ദരമായി ഒന്നു കിടന്നുറങ്ങാന്‍ തീരുമാനിച്ചു.ആ ഉറക്കത്തില്‍ എന്റെ ബ്ലോഗിന്റെ ആഘോഷ പരിപാടിയുടെ ക്ഷണങ്ങള്‍ നടന്നു.ആദ്യം വിളിച്ചത് ഐ.ടി മിനിസ്റ്റര്‍ കൂടിയായ അച്ചുമാമനെ തന്നെയായിരുന്നു.

“ഹലോ, സി.എം അല്ലേ ?”

“അല്ല, വി.എസ് ആണ്...”

“ങാ, ഞാന്‍ അരീക്കോടനാ...”

“അഴീക്കോടനോ, ലാല്‍ സലാം...”

“അഴീക്കോടനല്ല അരീക്കോടന്‍...”

“ങേ!അരിങ്ങോടരോ...ഓണക്കാലത്ത് മാവേലിയോടൊപ്പം നുഴഞ്ഞ് കയറിയതാണോ?”

“അരിങ്ങോടരുമല്ല സാര്‍...അരീക്കോടന്‍...അരിയില്ലേ അരി...ഊണ്‍ ഉണ്ടാക്കുന്ന...”

“ങാ...മനസ്സിലായി, ഊണ്‍ തയാര്‍ എന്നല്ലേ...ഞാനിപ്പോ എത്തി...”

‘ശ്ശൊ, നേരാംവണ്ണം ചെവിയും..’ പിറുപിറുത്തുകൊണ്ട് ഞാന്‍ മന്ത്രിസഭയിലെ രണ്ടാം മുഖ്യന്‍ കൊടിയേരിയെ വിളിച്ചു.

“ഹലോ, കൊടിയേരി ബാലകൃഷ്ണന്‍...?”

“യെസ്...ഹോം മിനിസ്റ്റര്‍ സ്പീക്കിംഗ്...”

“സാര്‍ ഞാന്‍ മലയാളിയാണ്...”

“ങാ...മനസ്സിലായി.എന്റെ ഇംഗ്ലീഷിന് മുന്നില്‍ പതറുന്നവന്‍ മലയാളി ആയിരിക്കും എന്ന് തീര്‍ച്ചയാ...കാര്യം എന്താണെന്ന് പറയൂ...”

“സാര്‍, ഞാന്‍ ഒരു ബ്ലോഗര്‍ ആണ്...”

“ഓ...ബ്രോക്കര്‍ ആണല്ലേ? വിഹിതം പാര്‍ട്ടി ഫണ്ടിലേക്കും നല്‍കുന്നില്ലേ?”

“ബ്രോക്കര്‍ അല്ല സാര്‍ ....ബ്ലോഗര്‍ ...വിവരസാങ്കേതിക വിദ്യയുടെ ആധുനിക ഔട്പുട്ട്...”

“ഓണത്തിനിടയിലാണെടോ തന്റെ ഈ പുട്ട് കച്ചവടം ?”

‘ഹോ, ഇതും കുലുമായല്ലോ’ ഞാന്‍ അടുത്ത മന്ത്രിയെ ക്ഷണിക്കാന്‍ നമ്പര്‍ തിരഞ്ഞു.കിട്ടിയത് മലപ്പുറത്തിന്റെ ഏകമന്ത്രി പാലോളിയെ.

“ഹലോ, പാലൊളിയാണോ ?”

“ആ ഞമ്മള് പാലോളി മയമോട്ടി, എത്താ കാര്യം”

“ഞാന്‍ അരീക്കോട് നിന്നാ...”

“ആ അപ്പം ഞമ്മളെ നാട്ട്ന്ന് തന്ന്യാല്ലെ, അനക്ക് എത്താ മാണ്ട്യേത് കുഞാപ്പോ?”

“എനിക്ക് ഒരു ബ്ലോഗ് ഉണ്ട്...വായിച്ചിരിക്കാന്‍ സാധ്യതയില്ല”

“എന്തിനാ വായിക്കുന്നത് , ഞാന്‍ പല പ്രാവശ്യം നിയമസഭയില്‍ കേട്ടിട്ടുണ്ട്...“

“ങേ! നിയമസഭയില്‍ കേള്‍ക്കുകയോ?”

“അതേ നല്ല ബ്ലോക്കാ, അരീക്കോട് ബ്ലോക്ക്...”

‘മണ്ണാങ്കട്ട,ഈ മന്ത്രിമാരെ എങ്ങനെയാ ഇതൊന്ന് മനസ്സിലാക്കി കൊടുക്കുക ദൈവമേ’ ഫോണ്‍ വച്ച് ഞാന്‍ അല്പ സമയം ആലോചിച്ചു.ഇനി അല്പം വിവരം ഉള്ള വിദ്യാഭ്യാസമന്ത്രിയെ കൂടി വിളിച്ചു നോക്കാം.

“ഹലോ, ബേബി മന്ത്രിയല്ലേ?”

“എം.എ ബേബി എം.എ”

‘ഇതെന്താ പുഷ്പുള്‍ ട്രെയിനോ, മുന്നിലും പിന്നിലും എം.എ’എന്ന് ചോദിക്കാന്‍ നാവ് എന്തോ പൊങ്ങിയില്ല.

“ആ...ഞാന്‍ അരീക്കോട് നിവാസി...ഞാന്‍ ഒരു ബ്ലോഗര്‍ കൂടിയാണ്...ഈ ഇരുപത്തെട്ടിന് എന്റെ ബ്ലോഗിന്റെ അഞ്ചാം പിറന്നാള്‍ ആണ്...അതോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിലേക്ക് താങ്കളുടെ ഒരു ഡേറ്റ്...” ശ്വാസം മുറിഞപ്പോള്‍ ഞാന്‍ നിര്‍ത്തി.

“നീ കോബ്ലറോ ബ്ലോക്കറോ എന്തോ ഒന്ന് പറഞ്ഞു.എനിക്ക് അതെന്താണെന്ന് പിടികിട്ടിയിട്ടില്ല.ഞാന്‍ വെറും ഒരു ശിശു ആണ് ഇക്കാര്യത്തില്‍, റിയലി ബേബി!”

“ശരി സാര്‍ ...”

സുഹൃത്തിന്റെ ഒരു എസ്.എം.എസ് എന്നെ ഉണര്‍ത്തി.“കേരളത്തിന്റെ ഭാവി ഈ കൈകളില്‍ ഭദ്രം” എന്ന ആ എസ്.എം.എസ് ഞാന്‍ വായിച്ചു നോക്കി.ഓരോ മന്ത്രിമാരുടേയും വിദ്യഭ്യാസ യോഗ്യത ആയിരുന്നു അതിന്റെ ഉള്ളടക്കം.മൊത്തം കൂട്ടിയപ്പോള്‍ കിട്ടിയത് അന്‍പതിന്റെ താഴെ!

അതിനാല്‍ ഒരു മന്ത്രിയും ഇല്ലാതെ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ചാം വയസ്സിലേക്ക് കാലുകുത്തുന്നു.ആദ്യം വന്ന് കമന്റടിക്കുന്നയാള്‍ ഈ വാര്‍ഷിക പരിപാടിയും നാനൂറ്റി ഒന്നാമത്തെ ഈ പോസ്റ്റും ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

Thursday, August 26, 2010

ഇതിന്റെ പിന്നിലെ മന:ശാസ്ത്രം എന്താണ് ?

ഓണാശംസകള്‍ നേരാനായി, മാനന്തവാടിയില്‍ എന്റെ അടുത്ത സുഹൃത്തും നല്ല അയല്‍വാസിയും സര്‍വ്വോപരി എനിക്ക് ഒരു ജ്യേഷ്ഠനെപ്പോലെയുള്ള ആളുമായിരുന്ന പവിത്രേട്ടെന് ഞാന്‍ തിരുവോണ നാളില്‍ ഫോണ്‍ ചെയ്തു. ലാന്റ് ലൈനില്‍ നിന്നായാലും മൊബൈലില്‍ നിന്നായാലും പവിത്രേട്ടന്‍ അഭിസംബോധന ചെയ്യുന്നത് “ആബിദ് സാര്‍, പറയൂ” എന്നാണ്.അന്നും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല.

പക്ഷേ , എന്നെപറ്റി ഇപ്പോള്‍ പറഞ്ഞതേ ഉള്ളൂ എന്ന് ഫോണെടുത്ത് പവിത്രേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്കും ആകാംക്ഷയായി. എന്താ എന്നെ ഈ ഓണ നാളില്‍ പ്രത്യേകിച്ച്‍ ഓര്‍മ്മിക്കാന്‍ , അതും ഒരു ഓണത്തിനും ഞാന്‍ അവിടെ ഇല്ലാതിരുന്നിട്ട് കൂടി.എന്റെ ചിന്തകള്‍ മനോരാജ്യം താണ്ടുന്നതിന് മുമ്പെ പവിത്രേട്ടന്‍ അത് വ്യക്തമാക്കി.

നിങ്ങള്‍ ഇവിടെ നിന്ന് പിരിഞ്ഞ് പോകുന്നതിന് മുമ്പ് ഈ ഗല്ലിയിലെ കുഞ്ഞുമക്കള്‍ക്കായി നടത്തിയ പലവിധ മത്സരങ്ങള്‍, ഇന്ന് ഓണാഘോഷത്തോ്ടനുബന്ധിച്ച് ഞങ്ങള്‍ ഒന്ന് നടത്തി നോക്കുന്നു!ഒരു ട്രയല്‍ എന്ന നിലക്ക് ഗ്രീറ്റി ആന്റിയുടെ വീട്ടു മുറ്റത്ത് വച്ച് കസേരകളി സംഘടിപ്പിച്ചു നോക്കി.ബാക്കി മത്സരങ്ങള്‍ ഉച്ചക്ക് ശേഷം നടത്തും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരങ്ങള്‍ ഉണ്ട്.ട്രയല്‍ സംഘടിപ്പിച്ചപ്പോള്‍ ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ നടത്തിയ ആ വണ്മാന്‍ ഷോയുടെ റിസ്ക് ഞങ്ങള്‍ ഇന്ന് മനസ്സിലാക്കുന്നു.നന്ദി സാര്‍.

ശരിക്കും എന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു.അപ്രതീക്ഷിതമായി നാം ഓര്‍മ്മിക്കപ്പെടുന്ന അതേ സമയത്ത് അങ്ങോട്ട് വിളിക്കാന്‍ തോന്നുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം പിടികിട്ടാതെ ഞാന്‍ മറ്റൊരാവശ്യത്തിനായി എന്റെ പഴയ സുഹൃത്ത് കൊല്ലം സ്വദേശി ഷാജഹാനെ വിളിച്ചു.

“അസ്സലാമുഅലൈക്കും, ഷാജീ...ആബിദാണ്..”

“ങ്ങാ..മനസ്സിലായി, നിന്നെപറ്റി ദേ ഇപ്പോ പറഞ്ഞതേയുള്ളൂ...”

“ങേ!!!” ഞാന്‍ ഞെട്ടാതിരുന്നില്ല.

“പാരായണം ചെയ്യാനായി ഖുര്‍‌ആന്‍ എടുത്തപ്പോള്‍ ഞാന്‍ പറയുകയായിരുന്നു.എത്രയോ പ്രാവശ്യം ഓതിക്കഴിഞ്ഞ (ഖത്തം തീര്‍ത്ത) ഖുര്‍‌ആന്‍ ആണിത്.എം.എസ്.സിക്ക് പഠിക്കുന്ന കാലത്ത് തളിപ്പറമ്പില്‍്‍ വച്ച് ആബിദ് വിടപറഞ്ഞപ്പോള്‍ തന്ന സമ്മാനം” ഷാജഹാന്‍ എന്നെ ആ അവസരത്തില്‍ ഓര്‍മ്മിക്കാനുള്ള കാരണം വ്യക്തമാക്കി.

എന്ത് പറയണം എന്നറിയാതെ ഞാന്‍ വീണ്ടും സ്തബ്ധനായി.ശരിക്കും നാം ഓര്‍മ്മിക്കപ്പെടുന്ന അതേ സമയത്ത് അങ്ങോട്ട് വിളിക്കാന്‍ തോന്നുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം എന്താണ് ?

Friday, August 20, 2010

ഓണക്കാല ഓഫറുകളുടെ പിന്നില്‍

ഓണക്കാലം ഓഫറുകളുടെ പെരുമഴക്കാലം കൂടിയാണല്ലോ?എന്നാല്‍ ഉപഭോക്താവ് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില സംഗതികള്‍ ഇനിയെങ്കിലും ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഈ പ്രതികരണം.

വിവിധ വീട്ടുപകരണങ്ങളുടെ കച്ചവടമാണ്‍ ഓണക്കാലത്ത് തകൃതിയായി നടക്കുന്നത്.ഈയുള്ളവനും വാഷിംഗ്‌മെഷീന്‍ , ഗ്രൈന്ടര്‍,മിക്സി എന്നിവ വാങ്ങിയത് വിവിധ ഓണാവസരങ്ങളിലാണ്.ഇവയില്‍ സ്വന്തം നാട്ടില്‍ നിന്നും 9 വര്‍ഷം മുമ്പ് വാങ്ങിയ വാഷിംഗ്‌മെഷീനും 8 വര്‍ഷം മുമ്പ് വാങ്ങിയ ഗ്രൈന്ടറും ഇന്നും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നു.എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് കോഴിക്കോട്ടെ നന്ദിലത്ത് ജി-മാര്‍ട്ടില്‍ നിന്നും വാങ്ങിയ ഇനള്‍സ എന്ന മിക്സി (ഏതോ യൂറോപ്യന്‍രാജ്യ ടെക്നോളജി എന്നൊക്കെ അന്ന് പറഞ്ഞിരുന്നു) വാറന്റി പിരീഡിന് ഉള്ളില്‍ തന്നെ പണിമുടക്കം ആരംഭിച്ചു.വിറ്റുപോകാത്ത ഒരു ഐറ്റം കാലിയാക്കാന്‍ വേണ്ടിയായിരുന്നു സൈത്സ്മാന്റെ വാതോരാതെയുള്ള പ്രസംഗം എന്ന് കൃത്യം വാറണ്ടി പിരീഡ് കഴിഞ്ഞപ്പോള്‍ മിക്സി പൂര്‍ണ്ണമായും പണിമുടക്കിയതോടെ ഞാന്‍ തിരിച്ചറിഞ്ഞു.നന്നാക്കാനായി ഈ അടുത്തൊരു ദിവസം എന്റെ നാട്ടില്‍ തന്നെ നല്‍കിയപ്പോഴാണ് പ്രസ്തുത മിക്സിയുടെ പാര്‍ട്‌സ് മാര്‍ക്കറ്റില്‍ ലഭ്യമല്ല എന്ന സത്യവും മനസ്സിലായത്.

മിക്സി വാങ്ങിയ അന്ന് തന്നെ ചില പന്തികേടുകള്‍ എനിക്കനുഭവപ്പെട്ടിരുന്നു.എന്നെ വാക്കിലൂടെ വീഴ്ത്തിയ സെയില്സ്മാന്‍ കൌണ്ടറിലേക്ക് നീങുന്ന വഴിയില്‍ കാണുന്ന മറ്റു സെയില്സ്മാന്‍മാരോടെല്ലാം ഒരു 2950 രൂപയുടെ മിക്സി 2500 രൂപക്ക് കൊടുത്തിട്ടുണ്ട് എന്ന് ഞാന്‍ കേള്‍ക്കെ പറഞ്ഞുകൊണ്ടിരുന്നു! മിക്സിയുമായി വീട്ടിലെത്തി നോക്കിയപ്പോഴാണ് പാക്ക് ചെയ്ത കവറിലെ എം.ആര്‍.പി രേഖപ്പെടുത്തിയ ഭാഗം കീറിക്കളഞ്ഞത് കണ്ടത്!അതിനാല്‍ യഥാര്‍ത്ഥവില എത്രയാണെന്നോ പറഞ്ഞ ഡിസ്കൌണ്ട് ലഭ്യമായോ എന്ന് അറിയാനും സാധ്യമായില്ല.ഉപഭോക്തൃദിനത്തോടനുബന്ധിച്ച് കണ്ട ഒരു പരസ്യപ്രകാരം, പ്രസ്തുത വിവരം സംസ്ഥാന ഉപഭോക്തൃഫോറത്തില്‍ എഴുതി അറിയിച്ചെങ്കിലും ജില്ലാ ഫോറത്തെ സമീപിക്കാനായിരുന്നു മറുപടി ലഭിച്ചത്.ഇതേ കടയില്‍ നിന്നും മിക്സി വാങ്ങിയ എന്റെ ഒരു സുഹൃത്തിനും എന്റെ അതേ അനുഭവങ്ങള്‍ തന്നെയുണ്ടായി.

ഈ ഓണത്തിനും ചില ഉപകരണങ്ങളുടെ വിലയറിയാനായി ഞാന്‍ അതേ കടയില്‍ ചെന്നു.പതിവ് പോലെ ഒരു പ്രത്യേക വാഷിംഗ്‌മെഷീനെ പറ്റി സെയില്സ്മാന്‍ വാചാലനായി.പ്രസ്തുത വാഷിംഗ്‌മെഷീനിന്റെ ഒരു ഭാഗത്ത് ഒരു മഞ്ഞ നിറം രൂപപ്പെടുന്നത് കണ്ട് ഞാന്‍ കാര്യം അന്വേഷിച്ചു.അപ്പോള്‍ ഇത് ഡിസ്പ്ലേ മോഡലാണ് , ഡിസ്പ്ലേക്ക് നല്ല മോഡല്‍ വയ്ക്കില്ല എന്ന ഞൊണ്ടിന്യായം പറഞ്ഞാണ് കക്ഷി തടിയൂരിയത്. ഞാന്‍ മറ്റൊരു മെഷീനില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ പ്രസ്തുത വിവരം സെയില്സ്മാന്‍മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ അവരറിയാതെ ശ്രദ്ധിച്ചു.

അതിനാല്‍ നന്ദിലത്ത് ജി-മാര്‍ട്ടില്‍ ഷോപ്പിംഗിന് പോകുന്ന മാന്യ ഉപഭോക്താക്കള്‍ സാധനം വാങ്ങുന്നതിന് മുമ്പ് ബ്രാണ്ട് ഇന്ത്യയില്‍ നിലവിലുള്ളതാണോ എന്നും എം.ആര്‍.പി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും നിങ്ങള്‍ തിരഞെടുക്കുന്ന സാധനം കണ്ട് ബോധ്യപ്പെട്ടതിന് ശേഷം മാത്രവും പേയ്മെന്റ് നടത്തുക.വാങ്ങാനുദ്ദേശിക്കുന്ന ഉപകരണത്തെപറ്റി നന്നായി മനസ്സിലാക്കിയതിന് ശേഷം മാത്രം കടയില്‍ പോകുക.കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ സെയില്സ്മാന്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.അല്ലാത്തപക്ഷം ഈ ഓണക്കാലം നിങ്ങളുടെ കീശക്ക് ഓട്ടക്കാലമാകാന്‍ സാധ്യത വളരെ കൂടുതലാണ്.

Friday, August 13, 2010

റംസാന്‍ വ്രതം - ചില കാര്യങ്ങള്‍

റംസാന്‍ വ്രതം ആരംഭിച്ചു കഴിഞ്ഞു.ഞാനടക്കമുള്ള മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണ്.പലരും കരുതുന്ന പോലെ പകല്‍ സമയത്ത് കേവലം ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക എന്നതല്ല റംസാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്.മറിച്ച് ദേഹേച്ഛകളെ തടയുക എന്ന ഇന്നത്തെ കാലത്തെ ഒരു ഹിമാലയന്‍ ദൌത്യമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.ഇതിലിത്ര വലിയ കാര്യം എന്ത് എന്ന് ന്യായമായും സംശയിക്കുന്നവരുണ്ട്.പറയാം.

സ്ഥിരം പുകവലിക്കുന്ന ഒരാള്‍ക്ക് ഒരു നേരം അല്പം പുക അക്ത്ത് ചെന്നില്ലെങ്കില്‍ എന്തൊക്കെയോ ഒരു അസ്വസ്ഥത തോന്നും.എന്നാല്‍ റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന ഒരു മുസ്ലിമിന് പകല്‍ സമയത്ത് പുക വലി നിഷിദ്ധമാണ്.തന്നെ പുക വലിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തോ അത് അവന് ഈ ദിവസങ്ങളില്‍ രാത്രിയിലേക്ക് നീട്ടി വയ്ക്കേണ്ടി വരുന്നു.

റംസാന്‍ വ്രതം അനുഷ്ടിക്കുന്ന ഒരു മുസ്ലിമിന് തന്റെ ദൃഷ്ടികളെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.എവിടെ നോക്കിയാലും അശ്ലീലങ്ങള്‍ നിറഞൊഴുകുന്ന ഇന്നത്തെ കാലത്ത് ഈ നിയന്ത്രണം വളരെ പ്രയാസകരം തന്നെ.പക്ഷേ വ്രതശുദ്ധി നേടാന്‍ അത് നിര്‍ബന്ധമാണ്.

പോരാ.മനുഷ്യന് പലപ്പോഴും നിയന്ത്രണം ലഭിക്കാത്ത ഒന്നാണ് അവന്റെ നാവ്‌.വ്രതാനുഷ്ഠാനകാലത്ത് അവന്‍ ഏറ്റവും സൂക്ഷിക്കേണ്ടതും തന്റെ നാവിനെ തന്നെ.മറ്റുള്ളവരെ വെറുതെ കുറ്റം പറയുന്ന ശീലം ഇന്ന് ഒരു ദു:ശീലമല്ലാതായിരിക്കുന്നു.പരദൂഷണം എന്നത് നമ്മുടെ ഡിക്ഷ്ണറിയില്‍ നിന്ന് തേഞുമാഞ്ഞ് പോയിരിക്കുന്നു.അനാവശ്യമായ ഒരു വാക്കും ഒരാളുടെ സാനിദ്ധ്യത്തിലും അസാനിദ്ധ്യത്തിലും വ്രതം അനുഷ്ടിക്കുന്നവന്‍ ഉപയോഗിക്കാന്‍ പാടില്ല.

ഇനി വ്രതം അനുഷ്ഠിക്കാത്ത മാന്യ സുഹൃത്തുക്കള്‍ ഇതെല്ലാം ഒന്ന് നിയന്ത്രിക്കാന്‍ ശ്രമിച്ച് നോക്കൂ.നമ്മുടെ ലോകം എത്ര സുന്ദരമാകുമെന്ന് ആസ്വദിച്ചറിയൂ.

Friday, August 06, 2010

വീണ്ടും ഒരു ഹിരോഷിമ ദിനം.

മനുഷ്യ മന‍:സാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ഹിരൊഷിമയിലെ ആറ്റം ബോംബ് സ്ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ലോകം ഇന്ന് വീണ്ടും പങ്ക് വയ്ക്കുന്നു.ഹിരോഷിമക്ക് പിന്നാലെ നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചുകൊണ്ട് സഖ്യ സൈന്യം അതിന്റെ കാപാലികത ഒന്ന് കൂടി വ്യക്തമാക്കി.

ആറ്റം ബോംബ് സ്ഫോടനത്തിന് ശേഷം ലോകം ഒരു പാട് മുന്നോട്ട് പോയി.ഇനിയും ഹിരോഷിമകളും നാഗസാക്കികളും ആവര്‍ത്തിക്കാതിരിക്കാന്‍ പല സംഘടനകളും സംവിധാനങളും നിലവില്‍ വന്നു.പക്ഷേ അവയെ എല്ലാം നോക്കുകുത്തികളാക്കിക്കൊണ്ട് രാജ്യങ്ങള്‍ ആയുധ പന്തയം പൂര്‍വ്വാധികം ശക്തമാക്കി.അതും ആണവായുധ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പന്തയം വയ്ക്കുന്നത്.ഈ അടുത്ത് ഒരു ദിവസം പുറത്ത് വന്ന ഒരു കണക്ക് പ്രകാരം പാകിസ്താന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവായുധ ശേഖരം ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം ഉള്ള രാജ്യം അമേരിക്ക തന്നെ.പ്രസ്തുത ലിസ്റ്റിന്റെ വാലറ്റത്ത് വരുന്ന ബാക്കി രാജ്യങ്ങളുടെ മൊത്തം ആണവായുധ ശേഖരം അമേരിക്കയോളം എത്തുന്നില്ല.എന്നിട്ടാണവര്‍ ഉത്തര കൊറിയയും ഇറാനും അണുവായുധം വികസിപ്പിക്കുന്നു എന്ന് പറഞ്ഞ് അവര്‍ക്ക് നേരെ മീശ പിരിക്കുന്നത്.ലോക സമാധാനത്തിനായി നിലവില്‍ വന്ന ഐക്യ രാഷ്ട്ര സഭ അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു. ഈ അനീതി അവസാനിക്കുന്നത് വരെ ലോകത്ത് സമാധാനം പുലരുക എന്നത് വെറും സ്വപ്നം മാത്രമായി നില്‍ക്കുകയേ ഉള്ളൂ.

ഈ ഹിരോഷിന്മ ദിനത്തിലും ലോകം അന്നത്തെ രക്ത സാക്ഷികളെ കണ്ണീരോടെ ഓര്‍മ്മിക്കുന്നു.ഒന്ന് ഈ ഭൂമിയിലൂടെ തുള്ളിച്ചാടാന്‍ പോകാതെ പോയ ബാല്യങ്ങള്‍,കൌമാരത്തിന്റെ ചാപല്യങ്ങള്‍ മുഴുവനാക്കാന്‍ പറ്റാതെ പോയ യുവത,ദാമ്പത്ത്യത്തിന്റെ മധു നുകരാന്‍ കഴിയാതെ പോയ നവദമ്പതികള്‍,വയസ്സുകാലം കുട്ടികളോടൊത്ത് ചിലവിടാന്‍ കഴിയാതെ പോയ വൃദ്ധജനം,ഒന്നു മിണ്ടാന്‍ പോലും കഴിയാത്ത ജന്തുജാലങ്ങള്‍...അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തം സമ്മാനിച്ചുകൊണ്ട് ആ ദിനങ്ങള്‍ കടന്നുപോയി.ലോകം ഭീതിയോടെ ഇനിയും അവയെ പ്രതീക്ഷിച്ചു കൊണ്ട് ഈ ദിനവും കടന്നു പോകുന്നു.

അതിനാല്‍ പതിവ് പോലെ ഇന്ന് എന്റെ ജന്മദിനവും കടന്നു പോകുന്നു.

Wednesday, August 04, 2010

ഒരു തലയെണ്ണല്‍ കഥ.

പതിവിന് വിപരീതമായി ഞായറാഴ്ച വൈകിട്ട് കുമാരന്‍ മാഷ് ഓടിക്കിതച്ച് വരുന്നത് കണ്ടപ്പോള്‍ ശങ്കുണ്ണിയേട്ടനും ആധിയായി.‘ആ കുരുത്തം കെട്ട ചെക്കനും തന്റെ സന്താനവുമായ രാമുണ്ണി ഇനിയും വല്ല കുരുത്തക്കേടും ഒപ്പിച്ചു വച്ചോ? പക്ഷേ , ഇന്ന് ഞായറാഴ്ച സ്കൂള്‍ ഇല്ലാത്ത ദിവസമാണല്ലോ.പിന്നെ കുമാരന്‍ മാഷ്...‘ ശങ്കുണ്ണിയേട്ടന്റെ ആശങ്കകള്‍ക്ക് ചിറക് മുളക്കാന്‍ തുടങ്ങി.

“ശങ്കുണ്ണിയേട്ടാ...” യജമാനനെ കണ്ട ആരെയോപോലെ കുമാരന്‍ മാഷ് ,മുറ്റത്ത് എത്തുന്നതിന്റെ മുമ്പെ വിളിച്ചു.

“ഏട്ടന്‍ “ കൂട്ടിയുള്ള വിളി പെട്ടെന്ന് ദഹിക്കാത്തതിനാല്‍ ശങ്കുണ്ണിയേട്ടന്‍ തന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടൊ എന്ന് തിരിഞ്ഞു നോക്കി.

“എന്താ മാഷെ ഇത്ര തിരക്കിട്ട്... “ പിന്നില്‍ ആരെയും കാണാത്തതിനാല്‍ ശങ്കുണ്ണിയേട്ടന്‍ ചോദിച്ചു.

“അതൊക്കെ പറയാം...രാമന്‍ ഇല്ലേ ഇവിടെ?”

“ഉണ്ടല്ലോ...രാമാ...രാ..മ...” ശങ്കുണ്ണിയേട്ടന്‍ മകനെ നീട്ടി വിളിച്ചു.

“ങാ...ഇത് അവനുള്ളതാ..” ഒരു വലിയ പൊതി എടുത്ത് കുമാരന്‍ മാഷ് നീട്ടിയപ്പോള്‍ ശങ്കുണ്ണിയേട്ടന്റെ കൈ നീളണോ വേണ്ടേ എന്ന് അറച്ച് നിന്നു.

“ഇതെന്താ മാഷേ?” ശങ്കുണ്ണിയേട്ടന്‍ വീണ്ടും ചോദിച്ചു.

“ഇതാ..ഇതും അവനുള്ളതാ...” ഒരു പുത്തന്‍ മൊബെയില്‍ ഹാന്റ്സെറ്റ് കുമാരന്‍ മാഷ് ശങ്കുണ്ണിയേട്ടന്റെ നേരെ നീട്ടി.ഒന്നും മനസ്സിലാകാതെ ശങ്കുണ്ണിയേട്ടന്‍ കുമാരന്‍ മാഷെ നോക്കി പറഞ്ഞു.

“മാഷ് , കയറി വന്നിരിക്കുന്നത് ശങ്കുണ്ണിയുടെ വീട്ടിലേക്കാ , കയറാന്‍ ഉദ്ദേശിച്ചത് എങ്ങോട്ടായിരുന്നു എന്നറിയില്ല !”

“കയറിയതും കയറാന്‍ ഉദ്ദേശിച്ചതും എല്ലാം ശങ്കുണ്ണിയേട്ടന്റെ മകന്‍ രാമന്റെ വീട്ടിലേക്ക് തന്നെയാ...” കുമാരന്‍ മാഷ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.ഇനി കാര്യം പറയാം.

“ങ്ങാ...എങ്കില്‍ മാഷ് കയറി ഇരിക്കൂ...”

“നാളെ സ്കൂളില്‍ തലയെണ്ണല്‍ പരിപാടിയാ “ കുമാരന്‍ മാഷ് പറഞ്ഞു തുടങ്ങി.

“തലയെണ്ണലോ?” ശങ്കുണ്ണിയേട്ടന് മനസ്സിലായില്ല.

“അതേ...അദ്ധ്യാപകരുടെ എണ്ണം കുറക്കാന്‍ കുട്ടികളുടെ എണ്ണം എടുക്കുന്ന സര്‍ക്കാര്‍ ആവിഷ്കരിച്ച അതീവ രഹസ്യ പരിപാടിയാ ഈ തലയെണ്ണല്‍ ...”

“ങേ, അദ്ധ്യാപകരുടെ എണ്ണം കുറക്കാന്‍ കുട്ടികളുടെ എണ്ണം എടുക്കുന്നതെന്തു കണക്കാ? എന്നിട്ട് ഈ രഹസ്യ പരിപാടി എങ്ങനെ നിങ്ങള്‍ നേരത്തെ അറിഞ്ഞു...?”

“സംഗതി പരമ രഹസ്യമായിരുന്നു.പക്ഷേ ഈ സാധനം കയ്യിലുള്ളപ്പോള്‍ എന്ത് രഹസ്യം ശങ്കുണ്ണിയേട്ടാ?” മൊബൈല്‍ ഉയര്‍ത്തി കാണിച്ച് കുമാരന്‍ മാഷ് പറഞ്ഞു.

“ശരി...അപ്പോ രാമന് എന്തിനാ ഈ സാധനം കൊണ്ട് വന്നത്? കുടുംബ രഹസ്യം അങ്ങാടിപ്പാട്ടാക്കാനോ ?” ശങ്കുണ്ണിയേട്ടന്റെ സംശയം തീര്‍ന്നില്ല.

“ഏയ് അതല്ല.രാമന്‍ വിചാരിച്ചാല്‍ ഈ ഭാഗത്ത് നിന്നുള്ള കുറച്ച് കുട്ടികളെ നാളെ ക്ലാസ്സില്‍ എത്തിക്കാന്‍ പറ്റും.അതിന് അവനുള്ള അഡ്വാന്‍സ് സമ്മാനമാ ഈ സാധനങ്ങള്‍...ഇപ്പോള്‍ ഓഫറുകളുടേയും അഡ്വാന്‍സ് സമ്മാനങ്ങളുടേയും കാലമല്ലേ?”

“ശരി ശരി.പക്ഷേ ഈ ഭാഗത്തുള്ള കുട്ടികള്‍ പലരും വേറെ ഏതോ സ്കൂളില്‍ പോകുന്നവരാണല്ലോ മാഷേ?”

“അതേ, അവരെ നാളെ നമ്മുടെ സ്കൂളിലേക്ക് കൊണ്ടു വരണം.ശങ്കുണ്ണിയേട്ടന്റെ മകന്‍ രാമന്‍ വിചാരിച്ചാല്‍ അതും അതിലപ്പുറവും നടക്കും...”

“അപ്പോള്‍ അവര്‍ അവരുടെ സ്കൂളിന്റെ യൂണിഫോമില്‍ ആയിരിക്കില്ലേ? ”ശങ്കുണ്ണിയേട്ടന് വീണ്ടും സംശയമായി.

“അത് ഒരു പ്രശ്നമേ അല്ല...എണ്ണം തികഞ്ഞാല്‍ മതി.അപ്പോള്‍ പറഞ്ഞപോലെ, രാമനോട് ഒരു പത്ത് കുട്ടികളെയുമായി സ്കൂളില്‍ എത്താന്‍...” ശങ്കുണ്ണിയേട്ടന്‍ അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ കുമാരന്‍ മാഷ് ഇറങ്ങിയോടി.

* * * * * *

രാവിലെ തന്നെ സ്കൂള്‍ പരിസരത്ത് പുത്തന്‍ മൊബൈല്‍ കുട്ടികളെ കാണിക്കുന്ന രാമനെയും, ചുറ്റും മറ്റേതോ സ്കൂളിന്റെ യൂണിഫോമില്‍ നില്‍ക്കുന്ന കുട്ടികളേയും കണ്ട കുമാരന്‍ മാഷക്ക് സന്തോഷം അടക്കാനായില്ല.കുട്ടികളെ എല്ലാവരേയും ക്ലാസ്സില്‍ കയറ്റി ഇരുത്തി മാഷ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.ഇതൊക്കെ പറയാന്‍ ഇയാള്‍ ആരെന്ന മട്ടില്‍ കുട്ടികള്‍ അവിടേയും ഇവിടേയും നോക്കി ഇരുന്നു.

കൃത്യം പത്ത് മണിക്ക് തന്നെ ഇന്‍സ്പെക്ഷനുള്ള അദ്ധ്യാപകന്‍ വന്നു.ഒപ്പം കുമാരന്‍ മാഷും.കുട്ടികള്‍ ആദരപൂര്‍വ്വം എണീറ്റ് നിന്നു.രണ്ട് തരം യൂണിഫോം കണ്ട ആഗതന്‍ ആദ്യം ഒന്നമ്പരന്നു.ശേഷം കുമാരന്‍ മാഷെ ഒന്ന് ഉഴിഞ്ഞ് നോക്കി.

“അത്...അവരുടെ സഹോദരന്മാരുടെ യൂണിഫോം കടം മേടിച്ചിട്ടതാ...” ആഗതന്റെ നോട്ടം മനസ്സിലാക്കി കുമാരന്‍ മാഷ് തട്ടി.

“അതെന്തിനാ കടം മേടിക്കുന്നത്...ഇവര്‍ക്ക് യൂണിഫോം ഇല്ലേ?”

“ഉണ്ട്...അത് ഈ കോരിച്ചൊരിയുന്ന മഴയില്‍ കുതിര്‍ന്ന് നനഞ്ഞ് ...”കുമാരന്‍ മാഷ് ഉരുളാന്‍ തുടങ്ങി.

“അടുത്ത വര്‍ഷം കുറച്ച് യൂണിഫോം കൂടി തയ്പ്പിച്ചു വച്ചോണം , ഈ നാടകത്തില്‍ വേഷമിടാന്‍..” ആഗതന്‍ കുമാരന്‍ മാഷുടെ ചെവിയില്‍ പറഞ്ഞു.കുമാരന്‍ മാഷ് ഇളിഭ്യനായി സ്ഥലം വിട്ടു.


* * * * * *

ആഗതന്‍ കുട്ടികളെ ഒന്ന് നോക്കി.ശേഷം ചോദിച്ചു “നിങ്ങളുടെ സ്കൂളിന്റെ പേരെന്താ ?”

“അല്‍കുല്‍ എല്‍.പി ബില്‍കുല്‍ ഇംഗ്ലീഷ് മീഡിയം അല്ല മലയാളം സര്‍ക്കാര്‍ ഛെ ...” പലരും പല ഉത്തരവും വിളിച്ചു പറഞ്ഞു.

“ങാ...ശരി ശരി.നിങ്ങളുടെ യൂണിഫോമിന്റെ കളര്‍ എന്താ..?”

“സേര്‍ ‍....ഇച്ച് പുടീണ്ട്...ങ്ങള് ഞമ്മളെ തലെ എണ്ണാന്‍ ബെന്നതല്ലേ..ബേം തലിം എണ്ണി ബണ്ടി ബിട്ടോളി?” അവസാന ബെഞ്ചില്‍ നിന്നും വന്ന ശരത്തിന് മുന്നില്‍ മാഷ് ഒന്ന് പതറി.

‘ങേ!സര്‍ക്കാര്‍ രഹസ്യം അപ്പോള്‍ കുട്ടികള്‍ വരെ ചോര്‍ത്തിയോ?‘ ആഗതനായ മാഷും അന്ധാളിച്ച് നിന്നു.

“സേര്‍ , ബെന്റെ തല രണ്ടെണ്ണാ‍ക്കി കൂട്ടണം...” പിന്‍ ബെഞ്ചില്‍ നിന്നും വേറെ ആരോ വിളിച്ചു പറഞ്ഞു.

“ങേ!!!!!!!!”

“ഓന്റെ തലക്ക് അല്ലെങ്കിലേ ബെല്‌പം കൊറച്ച് അധികാ..പോരാത്തെയ്‌ന് മുടിഞ്ഞ പഠിപ്പും...അത് രണ്ടെണ്ണാക്കി കൂട്ടില്ലെങ്കി നാളെ മൊതല്‍ സമരാ..” കൂട്ടത്തില്‍ നേതാവായ കോയ പറഞ്ഞു.

“ശരി ശരി...എണ്ണം കറക്ടാ...” കൂടുതല്‍ നിന്നാല്‍ തടി കേടാകുമോ എന്ന സംശയത്തില്‍ മാഷ് വേഗം പരിപാടി തീര്‍ത്തു.

“അപ്പോ ഇഞ്ഞി അട്‌ത്ത കൊല്ലം കണ്ട് മുട്ടും വരേക്കും വണക്കം” കുട്ടികള്‍ പറഞ്ഞത് കേട്ട പാതി കേള്‍ക്കാത്ത പാതി മാഷ് വേഗം സ്ഥലം വിട്ടു.

Saturday, July 31, 2010

നാം ബഹുമാനിതരാകുന്ന വഴികള്‍.

ഇന്നലെ കോളേജില്‍ നിന്നും ഇറങ്ങാന്‍ അല്പം വൈകി.ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഒരു ആന്റിറാഗിംഗ് മീറ്റിംഗ് എഡുസാറ്റ് വഴി പ്രക്ഷേപണം ചെയ്യുന്നത് വീക്ഷിക്കാന്‍ എഡുസാറ്റ് റൂം സെറ്റ് ചെയ്യാന്‍ നിന്നതിനാലാണ് അല്പം വൈകിയത്.എങ്കിലും സംഗതി വൃത്തിയായി ചെയ്തു എന്ന ചാരിതാര്‍ഥ്യം ഈ വൈകലിനെപറ്റിയുള്ള വേവലാതി ഇല്ലാതാക്കി.

പാളയം സ്റ്റാന്റില്‍ എത്തിയപ്പോള്‍ സമയം അഞ്ചര ആയിരുന്നു.നാട്ടിലേക്ക് 5:50 നുള്ള “കൊളക്കാടന്‍” എന്ന ബസ്സിന് കയറാം എന്ന് കരുതി.ബസ് സ്റ്റാന്റില്‍ എത്തിയിരുന്നില്ല.അതിനാല്‍ ഞാന്‍ പള്ളിയില്‍ പോയി അസര്‍ നമസ്കരിച്ചു.ബസ്സില്‍ കയറി സീറ്റ് ബുക്ക് ചെയ്ത് നമസ്കരിക്കാന്‍ പോകാറാണ് സ്ഥിരം പരിപാടി.പക്ഷേ ഇന്ന് നേരം വൈകിയതിനാലും ബസ്സ് മാറിയതിനാലും സീറ്റ് ബുക്കിംഗ് ആവശ്യം വരില്ല എന്ന് ധരിച്ചു.

നമസ്കാരം കഴിഞ്ഞ് തിരിച്ച് ഞാന്‍ സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച മറ്റൊന്നായിരുന്നു.ബസ്സ് സീറ്റ് മുഴുവനായി ആള്‍്‍ക്കാര്‍ ഇരുന്നു കഴിഞ്ഞു.ഡ്രൈവറുടെ സീറ്റിന് പിന്നില്‍ അധികമാരുടേയും ശ്രദ്ധയില്‍ പെടാത്ത ആ സീറ്റിലും മൂന്ന് പേര്‍!ഡ്രൈവറുടെ എതിര്‍ ഭാഗത്ത് ലേഡീസ് എന്നെഴുതിയ ബോക്സ് സീറ്റിലും നാല് പേര്‍.ഇനി അങ്ങോട്ട് അടുക്കാതിരിക്കുന്നതാകും ഭേദം എന്ന് മനസ്സില്‍ തോന്നിയെങ്കിലും ബസ്സിലേക്ക് ഒന്ന് കൂടി നോക്കി.കുറേ പേര്‍ ഉള്ളില്‍ നില്‍പ്പും തുടങ്ങിയിട്ടുണ്ട്!

തല്‍ക്കാലം “കൊളക്കാടനെ” പാട്ടിന് വിട്ട് അടുത്ത ബസ് എപ്പോഴാണോ അപ്പോള്‍ കയറാം എന്ന് മനസ്സില്‍ തീരുമാനിച്ച് ഞാന്‍ ബസ്സിന്റെ പിന്‍ഡോറിന്റെ അടുത്തെത്തി.ഉള്ളിലേക്ക് ഒന്ന് എത്തിനോക്കാന്‍ പോലും മനസ്സു വരാത്തതിനാല്‍ ഞാന്‍ മൊബൈല്‍ റിംഗ് ചെയ്യാതെ തന്നെ ചെവിയിലേക്ക് പിടിച്ചുകൊണ്ട് ബസ്സിന്റെ പിന്നിലേക്ക് മാറി നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു വിളി ഞാന്‍ കേട്ടു.”ആബിദേ...”

ബസ്സിനകത്ത് നിന്ന് തന്നെയായിരുന്നു ആ വിളി.ഞാന്‍ അങ്ങോട്ട് നോക്കി.”വാ ഇവിടെ ഇതാ ഇത്തിരി സ്ഥലമുണ്ട്”
പിന്‍സ്സീറ്റിലിരിക്കുന്ന അദ്ദേഹത്തെ ഞാന്‍ ഒന്നുകൂടി നോക്കി.1984-ല്‍ ഒരു സമ്മര്‍ വെക്കേഷന്‍ ക്യാമ്പില്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കാന്‍ വന്ന വ്യക്തി!

അദ്ദേഹം നീങ്ങി തന്ന ഒഴിവില്‍ ഞാനും കൂടി ബസ്സില്‍ സീറ്റുറപ്പിച്ചു.അദ്ദേഹം എന്നെ ഇത്ര കൃത്യമായി ഓര്‍മ്മിച്ചു വയ്ക്കാന്‍ കാരണം മറ്റൊന്നായിരുന്നു. മരിച്ചുപോയ എന്റെ ബാപ്പയുടെ വിദ്യാര്‍ഥി ആയിരുന്നു അദ്ദേഹം.അന്നത്തെ ക്യാമ്പിന് ശേഷം പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുമുണ്ട്.സംസാരത്തിനിടക്ക് ബാപ്പയെ ആ വിദ്യാര്‍ഥി സ്നേഹപൂര്‍വ്വം അനുസ്മരിച്ചപ്പോള്‍ അങ്ങനെയൊരു പിതാവിന്റെ പുത്രനായതില്‍ എനിക്ക് അഭിമാനം തോന്നി.

പാഠം‍:നമ്മുടെ പ്രവൃത്തി നമ്മെ അനശ്വരനാക്കുന്നു.ഒപ്പം നമ്മുടെ സന്താനങ്ങളെ ബഹുമാനിതരുമാക്കുന്നു.

Saturday, July 24, 2010

അങ്ങനെ അതും സംഭവിച്ചു!

അങ്ങനെ അതും സംഭവിച്ചു! ഇക്കഴിഞ്ഞ ഇരുപത്തിഒന്നാം തീയതി നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഔദ്യോഗികമായി ഞാന്‍ ഈ എന്‍.എസ്.എസ് യൂണിറ്റിന്റെ കോര്‍ഡിനേറ്റര്‍ ആയി ചുമതലയേറ്റു.പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന അസ്‌ലം സാര്‍ സ്ഥലം മാറ്റം കിട്ടി പോയ ഒഴിവിലേക്കാണ് ഞാന്‍ നിയമിതനായത്.

എന്‍.എസ്.എസിന്റെ വിവിധ പ്രവര്‍ത്തനങ്ങളുമായി നേരത്തെ സഹകരിച്ചു വരുന്ന എനിക്ക് ഈ നിയമനം ഒരു മടിയും കൂടാതെ ഏറ്റെടുക്കാന്‍ ധൈര്യം കിട്ടിയത് മുന്‍ എന്‍.എസ്.എസ് പരിചയമാണ്. എന്റെ കോളേജ് ജീവിതത്തില്‍ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അതിന്റെ മാധുര്യം ആവോളം നുകര്‍ന്നതിനാല്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല.

ധാരാളം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ഒരു എന്‍.എസ്.എസ് യൂണിറ്റ് എന്ന നിലയിലും ഈ യൂണിറ്റുമായി സഹകരിക്കാന്‍ എനിക്ക് അതീവ താല്പര്യമുണ്ടായിരുന്നു.കോര്‍ഡിനേറ്റര്‍ ആയതോടെ ഇനി ഈ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുക എന്ന ദൌത്യം കൂടി ഞാന്‍ ഏറ്റെടുക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങളും പുതിയ ചില പ്രവര്‍ത്തനങ്ങളും ആണ് എന്റെ പദ്ധതിയില്‍ ഉള്ളത്.

ബൂലോകത്തെ നിലവിലുള്ളതും മുന്‍ പരിചയമൂള്ളവരുമായ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരുടേയും എല്ലാ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ അവസരത്തില്‍ സ്വാഗതം ചെയ്യുന്നു.

Friday, July 16, 2010

ദൈവത്തിന്റെ സുകൃതികള്‍

ശശിയേട്ടനെപറ്റി ഞാന്‍ മുമ്പ് ഇവിടെ പറഞ്ഞിരുന്നു.മൂന്നാഴ്ച മുമ്പ് എട്ടുമണിക്ക് മുമ്പ് തന്നെ ശശിയേട്ടന്‍ എന്റെ വീടിന് തൊട്ടടുത്തുള്ള പണിസ്ഥലത്തെത്തി.അല്ലെങ്കിലും തന്റെ പണിക്കാരെക്കാളും മുമ്പ് ശശിയേട്ടന്‍ എന്നും പണിക്കെത്തിയിരിക്കും.ഞാന്‍ എന്തോ ആവശ്യത്തിനായി എന്റെ പുതിയ വീടിന്റെ അടുത്ത് എത്തിയപ്പോഴാണ് ശശിയേട്ടനെ കണ്ടത്.

“എന്താ ശശിയേട്ടാ...ഇന്ന് നേരത്തെ...” ഞാന്‍ വെറുതെ ചോദിച്ചു.

“കിണര്‍ പണിക്ക് ഇന്ന് ആള്‍ക്കാര്‍ വരും...എന്റെ ചെങ്ങാതിമാര്‍ ആരും ഇന്ന് പണിക്ക് ഇല്ലതാനും.അപ്പോ പിന്നെ ഞാന്‍ തന്നെ അങ്ങ് നേരിട്ട് ചെയ്യാം എന്ന് കരുതി...”

“എന്ത് പണിയാ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്?”

“കിണറ്റില്‍ നിന്ന് അവര്‍ ചണ്ടിയും വെള്ളവും ബക്കറ്റില്‍ ആക്കും.അത് വലിച്ചു കയറ്റണം..”

“ങേ! സുഖമില്ലാത്ത നിങ്ങളോ?”

“അത് നോക്കിയിട്ട് നടക്കൂല മാഷേ.മറ്റെവിടെയോ പണിക്ക് പോകേണ്ട ആള്‍ക്കാര്‍ ഇവിടെ വന്നിട്ട് എന്റെ പണിക്കാര്‍ വന്നില്ല എന്ന കാരണത്താല്‍ ഇവരെ തിരിച്ചയക്കാന്‍ പറ്റോ?”

“അത് ശരിയാ...എന്നാലും”

“ഇല്ല.എനിക്കത് ഒരു പ്രശ്നമേ അല്ല.”

അല്പ സമയത്തിനകം കിണര്‍ പണിക്കാര്‍ എത്തി.ശശിയേട്ടന്‍ ഓടി നടന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു.അവരിലൊരാള്‍ കിണറിലിറങ്ങി വെള്ളം കോരി ബക്കറ്റില്‍ ഒഴിച്ചു കൊടുത്തു.ശശിയേട്ടന്‍ തന്നെ അത് വലിച്ചു കയറ്റി.അപ്പോഴേക്കും ആ സ്ഥലത്തിന്റെ ഉടമ എത്തി.അദ്ദേഹവും ശശിയേട്ടനെ പിന്തിരിപ്പിക്കാന്‍ ആവത് ശ്രമിച്ചെങ്കിലും നടന്നില്ല.ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു പെണ്‍കുട്ടിയും ആണ്‍‌കുട്ടിയും അവിടെ എത്തി.

“ഇവരാരാ ശശിയേട്ടാ...?”

“എന്റെ മക്കളാ...മോള്‍ക്ക് ഇന്ന് പ്ലസ് വണ്‍ അഡ്മിഷന്‍ ഉണ്ട്..”

“എപ്പോള്‍ ?”

“ഇന്ന് പത്ത് മണിക്ക്...“

“എന്നിട്ട് ഇപ്പോള്‍ തന്നെ സമയം പത്തര കഴിഞല്ല്ലോ...എവിടെയാ അഡ്മിഷന്‍?”

“കിഴുപറമ്പ് സ്കൂളില്‍..”

“ങേ...എന്നാല്‍ വേഗം പൊയ്ക്കോളൂ...അങ്ങോട്ട് എത്താന്‍ തന്നെ ഒരു മണിക്കൂര്‍ പിടിക്കും”

“ആ ഇതൊന്ന് കഴിഞോട്ടെ...”

തന്റെ മകളുടെ അഡ്മിഷന്‍ നഷ്ടപ്പെടും എന്ന ചിന്ത പോലും ശശിയേട്ടനെ അലട്ടിയില്ല.അവസാനം പതിനൊന്നര കഴിഞ്ഞ് ശശിയേട്ടന്‍ പോകുമ്പോള്‍ ഞാന്‍ ഒരു സംഖ്യ അദ്ദേഹത്തെ ഏല്പിച്ച് പറഞ്ഞു “ഇത് പിടിച്ചോളൂ...അഡ്മിഷന് പോകുന്നതല്ലേ...ആവശ്യന്ം വരും...”


ശശിയേട്ടന്‍ അത് വാങ്ങാന്‍ മടിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു.അന്ന് വൈകുന്നേരം ശശിയേട്ടന്‍ എന്നെത്തേടി വീണ്ടും വന്നു.ഞാന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ പിറ്റേന്ന് കാലത്ത് വീണ്ടും വന്നു.

“മാഷേ...ഇന്നലെ മാഷ് ആ സംഖ്യ തന്നതു കൊണ്ട് എന്റെ മോള്‍ക്ക് അഡ്മിഷന്‍ കിട്ടി.എന്റെ കയ്യില്‍ ആകെ .....രൂപയേ ഉണ്ടായിരുന്നുള്ളൂ.സ്കൂളില്‍ അഡ്മിഷന്‍ സമയത്ത് ...... രൂപ ആയി.മാഷ് തന്ന സംഖ്യ വലിയ ഉപകാരമായി...”

എന്റെ കണ്ണ് അന്നേരം നിറഞ്ഞു.എങ്കിലും ഞാന്‍ പറഞ്ഞു “നല്ല മനുഷ്യരെ ദൈവം ഒരിക്കലും കൈവിടില്ല ശശിയേട്ടാ...”

Friday, July 09, 2010

ദൈവത്തിന് സ്തുതി.

എന്റെ വീടുപണി ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.താഴെ നിലയില്‍ മാര്‍ബിള്‍ വിരിക്കുന്ന പണി കഴിഞ്ഞു. മുകള്‍ നിലയില്‍ , കീശ താങ്ങാത്തത് കാരണം ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കും അതിലും ഇമ്മിണി വല്യ വില വെത്യാസവും ഉള്ള മാര്‍ബൊണൈറ്റ് എന്ന സാധനവും നിരത്തികൊണ്ടിരിക്കുന്നു. വേണ്ടാ ആക്രാന്തം കാണിക്കണ്ട, പാലുകാച്ചലിന് ബൂലോകരെ മുഴുവന്‍ ക്ഷണിക്കും.

ഇന്ന് എന്റെ വീട്ടില്‍ പുതിയ ശുദ്ധജലവിതരണ കണക്ഷനും ലഭിച്ചു.അങ്ങനെ സര്‍ക്കാറ് ഭാഗത്ത് നിന്നും ലഭിക്കേണ്ട രണ്ട് സംഗതികള്‍ (വൈദ്യുതിയും ജലവും)വലിയ ബുദ്ധിമുട്ട് ഒന്നും കൂടാതെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.

Thursday, July 08, 2010

ഒരു യാത്രാമൊഴിയിലെ സംഭവങ്ങള്‍.

മിനിഞ്ഞാന്ന് ഞാന്‍ തികച്ചും അപ്രതീക്ഷിതമായി, വെറും മൂന്ന് മിനുട്ട് നേരത്തേക്ക് എന്റെ പഴയ കോളേജ് ജീവിതത്തിലേക്ക് തിരിച്ചുപോയി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് വേദിയിലായിരുന്നു സംഭവം.

സീനിയര്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ ഞാന്‍ ആദ്യമായി പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ എന്‍.എസ്.എസ് ക്യാമ്പും പരാമര്‍ശ വിധേയമായിക്കൊണ്ടിരുന്നു.ചടങ്ങില്‍ അവസാനം വരെ പങ്കെടുത്ത സ്റ്റാഫ് പ്രതിനിധി രെന്ന നിലക്കോ അതല്ല എന്നോടുള്ള സ്നേഹം കൊണ്ടോ എല്ലാവരും എന്നെ പൊക്കിപൊക്കി തല ഉത്തരത്തില്‍ മുട്ടിച്ചിരുന്നു.ഈ പൊക്കലിന് ശേഷമാണ് ചില നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ക്യാമ്പിലെ സ്ഥിരം പാട്ടുകാരനും സീനിയറുമായ മുന്‍ഷാദ് പാട്ടു പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം.ഗ്രൂപ്പിനെ കയ്യിലെടുക്കുന്ന അവന്റെ പാട്ടിന് ശേഷം മറ്റൊരു സീനിയര്‍ ആഷിറിന്റെ വക മറ്റൊരു തകര്‍പ്പന്‍ പാട്ട്.അതും കഴിഞപ്പോള്‍ മറ്റു ചില അംഗങ്ങളുടെ വക യാത്രാമൊഴിപ്പാട്ട്.ആകെക്കൂടി സമയം വളരെ വൈകിയിട്ടും സംഗതി ആവേശം മൂത്തുവരുന്ന കാഴ്ച. അതിനിടയില്‍ ആണ് ക്യാപ്റ്റന്‍ മന്‍സൂര്‍ എന്നെ ആശംസ അര്‍പ്പിക്കാന്‍ വിളിച്ചത്. ഉടന്‍ മുന്‍ഷാദ് ഒരു പാട്ട് കൂടി ആവശ്യപ്പെട്ടു.ആഷിര്‍ ‘ചല്‍ത്തേ ചല്‍ത്തേ‘ എന്ന ഗാനം തുടങ്ങിയതും സദസ്സില്‍ നിന്ന് മുന്‍ഷാദ് എണീറ്റ് വന്ന് സപ്പോര്‍ട്ട് പാടി.ഉടന്‍ സീനിയര്‍ ആയ ധനല്‍ദാസും സ്റ്റേജിലെത്തി.ഇതെല്ലാം കണ്ട് കോരിത്തരിച്ച് ഇരുന്ന എന്നെ നോക്കി ആഷിര്‍ വേദിയിലേക്ക് ക്ഷണിച്ചു.ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി.പക്ഷേ പാട്ടിന്റെ രണ്ടാം സ്റ്റാന്‍സ പാടിക്കൊണ്ട് ആഷിര്‍ എന്റെ നേരെ നടന്നു വന്ന് കൈ പിടിച്ച് വേദിയിലേക്ക് കയറ്റി!പിന്നെ ഞാനും ആ മൂവര്‍ സംഘത്തോടൊപ്പം ‘ചല്‍ത്തേ‘ ഏറ്റു പാടി.

കുട്ടികളോടൊപ്പം പാടി അവരിലൊരാളായി ഞാന്‍ ഇരുപത് വര്‍ഷം മുമ്പത്തെ എന്റെ കലാലയ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവിടെ കൂടിയ പലരുടേയും മനസ്സിലേക്ക് കൂടി ഞാന്‍ കുടിയേറപ്പെട്ട് കഴിഞ്ഞിരുന്നു എന്ന് എനിക്ക് ഇന്നലെ മുതല്‍ മനസ്സിലായിത്തുടങ്ങി.അംഗീകാരം നല്കേണ്ടിടത്ത് അത് നല്‍കിയും സംഘം ചേരേണ്ടിടത്ത് ചേര്‍ന്നും വിദ്യാര്‍ഥികളെ തൃപ്തിപ്പെടുത്തിയാല്‍ അധ്യാപകനെപറ്റിയുള്ള കുട്ടികളുടെ അഭിപ്രായം എന്നും ഉയര്‍ന്ന് നില്‍ക്കും.മേല്‍ സംഭവം വീക്ഷിച്ച ഒരു കുട്ടിയുടെ മനസ്സില്‍ നിന്നും എന്റെ മനസ്സില്‍ നിന്നും ആ രംഗങ്ങള്‍ ഒരിക്കലും മായും എന്ന് എനിക്ക് തോന്നുന്നില്ല.

Saturday, July 03, 2010

ഒരു ഓറിയെന്റേഷന്‍ ക്യാമ്പ്

ജൂണ്‍ 30. എന്റെ പ്രിയ പിതാവ് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വര്‍ഷം തികഞ്ഞു.ജീവിതം വരച്ചു കാണിച്ച് തന്ന പിതാവിന്റെ മരണ വാര്‍ഷികദിനത്തില്‍ തന്നെ പിതാവ് എപ്പോഴും ഉപദേശിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഒരു മികച്ക അവസരം എനിക്ക് ലഭിച്ചു.

കോളേജിലെ ഈ വര്‍ഷത്തെ എന്‍.എസ്‍.എസ് യൂണിറ്റിന്റെ എന്‍‌‌രോള്‍മെന്റിനൊടനുബന്ധിച്ച് ഒരു ഓറിയെന്റേഷന്‍ ക്യാമ്പ് നടത്തണം.അതിന്റെ മുഖ്യാതിഥി സാറ് ആയിരിക്കണം എന്ന് ക്യാപ്റ്റന്‍ എന്റെ അരികില്‍ വന്ന് പറയുമ്പോള്‍ ഞാനും സത്യത്തില്‍ ഞെട്ടിപ്പോയി.കാരണം കഴിഞ്ഞ വര്‍ഷം ഒരു മുഴുദിന പരി്പാടിയായി ഇവന്റ് മനേജ്മെന്റ് ടീം നടത്തിയതു ഒരു സായാഹ്ന പരിപാടിയായി കുറക്കുക എന്ന ദൌത്യമാണ് എന്നില്‍ ആദ്യമായി ഏല്‍പ്പിക്കപ്പെട്ടത്.

ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന എന്റെ കസിന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയില്‍ അയച്ചു - “പൊട്ടത്തിക്കും ഇ-മെയില്‍ ഐഡി,ഇന്റെര്‍നെറ്റ് മയിലാടി”.

ഇന്ന് അര്‍ജന്റീനയുടെ കളി കൂടി കഴിഞ്ഞതോടെ, ഇനി സ്പെയിനും കൂടി തോല്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയും - “വേള്‍ഡ് കപ്പ് മയിലാടി”.

എങ്ങനെ പറയാതിരിക്കും?

നിലവിലുള്ള ചാമ്പ്യന്മാര്‍ ഇറ്റലിയും റണ്ണേഴ്സ് അപ് ഫ്രാന്‍സും ഒന്നാം റൌണ്ടില്‍ തന്നെ പുറത്ത് !

മുന്‍ ചാമ്പ്യന്മാര്‍ ഇംഗ്ലണ്ടും കഴിഞ്ഞ പ്രാവശ്യത്തെ സെമിഫൈനലിസ്റ്റുകളുമായ പോര്‍ചുഗലും രണ്ടാം റൌണ്ടില്‍ പുറത്ത് !!

അഞ്ചുതവണ കപ്പില്‍ മുത്തമിട്ട ബ്രസീലും കപ്പുറപ്പിച്ച് വിമാനമിറങ്ങിയ അര്‍ജന്റീനയും മൂന്നാം റൌണ്ടില്‍ പുറത്ത് !!!

ഇനി പര്വെഗ്വെ കൂടി ജയിച്ചാല്‍ ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

Saturday, June 26, 2010

വീണ്ടും ഒരു ഹര്‍ത്താല്‍ വരുമ്പോള്‍...

ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍ ദിനം. കേരള ജനതക്ക് തിമര്‍ത്തു പെയ്യുന്ന മഴയത്ത് വീട്ടില്‍ ഒതുങ്ങിയിരിക്കാന്‍ സര്‍ക്കാറിന്റെ വക ഒരു സമ്മാനം. ശനിയാഴ്ച എനിക്ക് അവധിയായതിനാല്‍ എന്നെ ആ വഴിക്കിത് അലോസരപ്പെടുത്തിയില്ലെങ്കിലും ഈ അവധി ദിനത്തില്‍ ഞാന്‍ മുന്‍‌കൂട്ടി തയാര്‍ ചെയ്തിരുന്ന പരിപാടി മുടങ്ങിയതില്‍ ദ്വേഷ്യം തോന്നി. എങ്കില്‍ അല്പ നേരം ബ്ലോഗില്‍ കയറാം എന്ന് വിചാരിച്ചപ്പോള്‍ വൈദ്യുതി അമ്മാവന്റെ ഒളിച്ചുകളിയും.

യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഹര്‍ത്താലിന് കാരണമായി പറയപ്പെടുന്ന ഇന്ധന വില വര്‍ദ്ധന കേരളത്തെ പോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുന്ന പ്രശ്നമാണ്.ഇന്ന് ഇതിന്റെ പേരില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുന്നുണ്ടോ എന്നെനിക്കറിയില്ല.ഇനി ഇത് കേരളത്തെയാണ് വളരെയധികം ബാധിക്കുക എന്നാണ് ന്യായവാദമെങ്കില്‍ , ആ അവസ്ഥ ഉണ്ടാക്കിയതാര് എന്ന് തിരിഞ്ഞൊരു ചോദ്യം ചോദിച്ചു നോക്കുക.

വയലുകളെല്ലാം മണ്ണിട്ടു നിരത്തി, കൃഷി അവസാനിപ്പിച്ച് മണിമാളികകള്‍ പണിത് , കൃഷി ചെയ്യാന്‍ ഇടമില്ല അല്ലെങ്കില്‍ കൃഷി നഷ്ടമാണ് തുടങ്ങിയ ന്യായങ്ങള്‍ നിരത്തുന്നതും അതിനുള്ള ഒത്താശകള്‍ ചെയ്യുന്നതും നാമും നമ്മെ ഭരിക്കുന്ന സര്‍ക്കാറും കൂടിയല്ലെ? നമ്മെ പൂര്‍ണ്ണമായും ഒരു ഉപഭോഗ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് പല കാലങ്ങളില്‍ നമ്മെ ഭരിച്ച വിവിധ സര്‍ക്കാറുകള്‍ അല്ലേ? എന്നിട്ട് ഇപ്പോള്‍ ഉളുപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപ്പിക്കുന്നോ? ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് ജനങ്ങളാണ്.സഞ്ചാര സ്വാതന്ത്ര്യവും മറ്റും ഹനിച്ചുകൊണ്ട് സര്‍ക്കാറിനെ നയിക്കുന്ന കൂട്ടുകക്ഷി അത്തരം ഒരു പ്രതിഷേധം നടത്തേണ്ട ആവശ്യമില്ല.

ഇന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഏതോ ഒരു പരീക്ഷ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ഹര്‍ത്താല്‍ കേരളത്തില്‍ മാത്രമായതിനാല്‍ ഈ പരീക്ഷ നീട്ടി വക്കാന്‍ സാധ്യതയില്ല. അപ്പോള്‍ ഇത്രയും കാലം ഇതിനായി പ്രയത്നിച്ചിരുന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ മനസ്സ് ഒന്ന് വായിച്ചു നോക്കൂ.പരീക്ഷക്ക് എത്താന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ എന്ത് ചെയ്യും എന്ന് കൂടി ആലോചിച്ചു നോക്കൂ.ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപ്പിച്ച പാര്‍ട്ടി നേതാക്കളുടെ മക്കളാരും ഈ വിഭാഗത്തിലൊന്നും വരില്ല എന്നതിനാല്‍ അവര്‍ക്ക് സ്വസ്ഥമായി ഹര്‍ത്താല്‍ വാര്‍ത്തകള്‍ ടിവിയില്‍ കണ്ടാസ്വദിക്കാം.ഇടതായാലും വലതായാലും പൊതുജനം എല്ലാം സഹിക്കുക തന്നെ വേണം.