Pages

Thursday, August 27, 2009

നഷ്ടപ്പെട്ട ഒരു നോമ്പ്‌

ഞാന്‍ M Sc-ക്ക്‌ പൊന്നാനി MES കോളേജില്‍ പഠിക്കുന്ന കാലം.MSc രണ്ടാം വര്‍ഷത്തിലേക്കാണ്‌ ഒരു യുദ്ധം ജയിച്ച വീരനെപ്പോലെ(അത്‌ പിന്നീട്‌ പറയാം)ഞാന്‍ ചെന്നു കയറിയത്‌.ക്ളാസ്സിലെ മറ്റെല്ലാവരെക്കാളും, ചുരുങ്ങിയത്‌ അഞ്ച്‌ വയസ്സിന്‌ മൂത്തത്തായിരുന്നു ഞാന്‍.പിന്നെ ക്ളാസ്സിലെ ആണ്‍കുട്ടികളില്‍(അതോ പുരുഷന്‍മാരോ) ഏക മുസ്ളിമും. അങ്ങനെ ഇരിക്കെ ഒരു റമദാന്‍ നോമ്പ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ , ആ ക്ളാസ്സിലേക്ക്‌ ടോപ്‌ മാര്‍ക്കോടെ ആദ്യ പ്രവേശനം നേടിയ ധന്യയുടെ വിവാഹം കഴിഞ്ഞു.ക്ളാസ്സും പുരയും നിറഞ്ഞ്‌ നില്‍ക്കുന്ന രണ്ട്‌ മുസ്ളിം യുവതികളെ ഓവര്‍ടേക്ക്‌ ചെയ്ത ധന്യയുടെ ഈ പരിപാടി എന്നെ അത്ഭുതപ്പെടുത്തി.എന്നാലും കല്യാണത്തിന്‌ പോയി ഞാന്‍ എണ്റ്റെ വയറിണ്റ്റെ ആഴത്തിണ്റ്റെ അത്ഭുതം മറ്റുള്ളവര്‍ക്കും വെളിപ്പെടുത്തി. പിന്നേ കുറേ ദിവസം ധന്യ ക്ളാസ്സില്‍ പ്രസണ്റ്റായില്ല.പ്രസണ്റ്റും പ്രഗ്നണ്റ്റും തമ്മില്‍ അല്‍പം സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ടെങ്കിലും അഭേദ്യമായ ഒരു ബന്ധമുണ്ട്‌ എന്ന്‌ പലരും അന്ന്‌ മനസ്സിലാക്കി. ദിവസങ്ങള്‍ കടന്നുപോയി.റമദാന്‍ സമാഗതമായി.ഞാന്‍ നോമ്പെടുത്ത്‌ ക്ളാസ്സില്‍ പോയിത്തുടങ്ങി.ആണ്‍ജാതിയില്‍പെട്ട ഒരുത്തനും നോമ്പ്‌ ഇല്ലാത്തതിനാല്‍ അതിണ്റ്റേതായ ചില അസൌകര്യങ്ങള്‍ ഞാന്‍ അനുഭവിച്ചു. ഒരു ദിവസം പെട്ടെന്ന്‌ ധന്യ ക്ളാസ്സില്‍ ഹാജരായി.ആകെക്കൂടി ധന്യയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ പെണ്‍പിള്ളേര്‍ പെട്ടെന്ന്‌ നോട്ട്‌ ചെയ്തിരിക്കും.(ആണ്‍പിള്ളേര്‍ നോട്ട്‌ ചെയ്യാതെ ക്വാട്ട്‌ ചെയ്തു എന്ന്‌ പ്രത്യേകം പറയണോ?)ഏതായാലും അവളുടെ മധുവിധുവിണ്റ്റെ മധുരം ഓര്‍ത്ത്‌ മറ്റുള്ളവര്‍ വായില്‍ വെള്ളമിറക്കേണ്ട എന്ന്‌ കരുതിയായിരിക്കും ഒരു ബോക്സ്‌ ലഡുവും കൊണ്ടായിരുന്നു ധന്യ വന്നത്‌.അവള്‍ അത്‌ ആദ്യം പെണ്‍കുട്ടികള്‍ക്കും ശേഷം ആണ്‍കുട്ടികള്‍ക്കും വിതരണം ചെയ്തു. സാധാരണ ഈറ്റബ്ള്‌ കിട്ടിയാല്‍ അത്‌ എല്ലാവര്‍ക്കും എത്തിയതിന്‌ ശേഷം കഴിക്കാന്‍ തുടങ്ങുന്ന ഒരു മര്യാദ എവിടെ നിന്നോ എന്നില്‍ കുടിയേറിയിരുന്നു.പക്ഷേ അന്ന്‌ ഏതോ ഒരു ചെകുത്താന്‍ ആ മര്യാദയെ കുടിയിറക്കി.ഞാന്‍ ലഡു പെട്ടെന്ന്‌ തിന്നാന്‍ തുടങ്ങി. എല്ലാവരും ലഡു തിന്നുമ്പോള്‍, പെണ്‍കുട്ടികളുടെ ഭാഗത്ത്‌ ഫാത്തിമയും ശമീറയും ലഡുവും കയ്യിലേന്തി എന്നെ നോക്കി നില്‍പായിരുന്നു.നോമ്പ്‌ നോറ്റ ഞാന്‍ പരസ്യമായി ലഡു തിന്നുന്നത്‌ കണ്ട്‌ അവര്‍ അന്ധാളിച്ച്‌ നിന്നപ്പോഴാണ്‌ നോമ്പുള്ള വിവരം ഞാനും അറിഞ്ഞത്‌.മറവി കാരണം വല്ലതും തിന്നാല്‍ നോമ്പ്‌ മുറിയില്ല എന്നത്‌ ഓര്‍മ്മ വന്നെങ്കിലും വായിലിട്ട ലഡു തുപ്പിയാല്‍ ധന്യ എന്ത്‌ കരുതും എന്ന ചിന്ത എന്നെ അലട്ടി. അങ്ങനെ ആ ലഡു ഞാന്‍ ഭക്ഷിച്ചു,ചെകുത്താന്‍ തന്നെ വിജയിച്ചു(സ്ത്രീകളെക്കൊണ്ടുള്ള ഓരോരോ കുലുമാല്‌...?) നോമ്പ്‌ മുറിച്ച കുറ്റബോധം ആ നിമിഷം മുതല്‍ എന്നില്‍ വളരാന്‍ തുടങ്ങി.നോമ്പ്‌ മുറിഞ്ഞിട്ടും അന്ന്‌ വൈകിട്ട്‌ വരെ ഞാന്‍ ഒന്നും ഭക്ഷിച്ചില്ല.നോമ്പ്‌ തുറക്കുന്ന സമയത്തെ പതിവ്‌ സന്തോഷവും കൊല്ലങ്ങള്‍ക്ക്‌ ശേഷം എനിക്ക്‌ ആദ്യമായി നഷ്ടമായി.ആ ദിവസം മുഴുവന്‍ ഒരു കറുത്തദിനമായി എനിക്ക്‌ അനുഭവപ്പെട്ടു.ഇന്നും ലഡു ആരെങ്കിലും തന്നാല്‍ വായിലിടുന്നതിന്‌ മുമ്പ്‌ നോമ്പ്‌ ഉണ്ടോ ഇല്ലേ എന്ന്‌ ഉറപ്പ്‌ വരുത്തിയേ ഞാന്‍ അത്‌ ഭക്ഷിക്കൂ.നഷ്ടമായ അന്നത്തെ നോമ്പ്‌ ഇന്നും എന്നെ വേട്ടയാടുന്നു എന്ന്‌ ഞാന്‍ അതിലൂടെ മനസ്സിലാക്കുന്നു. (ഗുണപാഠം:മറ്റുള്ളവര്‍ എന്ത്‌ കരുതും എന്ന്‌ കരുതി നമ്മുടെ രീതിയും വിശ്വാസവും തെറ്റിച്ചാല്‍ നൈമിഷകമായ ഒരാനന്ദം ലഭിക്കുമെങ്കിലും ജീവിതത്തിലുടനീളം ആ തെറ്റ്‌ നിങ്ങളെ വേട്ടയാടിയേക്കും. )

Sunday, August 23, 2009

സൈക്കിളിംഗ്‌ പഠനം എന്ന പീഢനം.

            വളരെക്കാലത്തെ കാത്തിരിപ്പിന്‌ ശേഷം ഇന്നലെ മക്കള്‍ക്കായി ഒരു ബൈസിക്ക്‌ള്‍ വാങ്ങി.ഇന്നലെ കുറേ നേരം അവരതിന്മേല്‍ തന്നെയായിരുന്നു.ഇന്നും രാവിലെ മുതല്‍ അതിന്മേലാണ്‌.സൈക്കിളില്‍ അവരുടെ പ്രകടനം കണ്ടപ്പോഴാണ്‌ ഞാന്‍ സൈക്ലിംഗ്‌ പഠിച്ച ആ കുട്ടിക്കാലം മനസ്സില്‍ വന്നത്‌.

              എന്നേയും അനിയനേയും എല്ലാവിധത്തിലും നന്നായി ശ്രദ്ധിച്ചിരുന്ന ബാപ്പ തന്നെയാണ്‌ ഞങ്ങളോട്‌ സൈക്ലിംഗ്‌ പഠിക്കാനും ഉപദേശിച്ചത്‌.പഠിക്കുമ്പോള്‍ വീഴും,മുറിവ്‌ പറ്റും എന്നൊക്കെ മുന്നറിയിപ്പ്‌ തന്നതും ബാപ്പ തന്നെ.നീന്തലും സൈക്ലിംഗും വശമില്ലാത്ത ബാപ്പ നേരിട്ട എന്തെങ്കിലും പ്രശ്നങ്ങളാകാം ഞങ്ങളെ അത്‌ രണ്ടും പഠിപ്പിക്കാന്‍ ബാപ്പ കാട്ടിയ ഔല്‍സുക്യത്തിന്റെ പിന്നിലെ കാരണം.

              ഞങ്ങളെ സൈക്ലിംഗ്‌ പഠിപ്പിക്കാന്‍ തൊട്ടടുത്ത വീട്ടിലെ, മൂത്തുമ്മയുടെ മകന്‍ റഹീമിനെയാണ്‌ ബാപ്പ ഏല്‍പിച്ചത്‌.എന്നെക്കാളും മൂന്നോ നാലോ വയസ്സിന്‌ മൂപ്പുള്ളതിനാല്‍ പറ്റിയ മാസ്റ്റര്‍ അവന്‍ തന്നെയാണെന്ന് ബാപ്പ തീരുമാനിച്ചിരിക്കും.അങ്ങനെ റഹീമും ഞങ്ങളും സൈക്ലിംഗ്‌ ഹരിശ്രീ കുറിക്കാന്‍ ഇറങ്ങിത്തിരിച്ചു.

             അന്ന് ഞങ്ങളുടെ നാട്ടില്‍ കോരുക്കുട്ട്യേട്ടന്റെ കടയിലാണ്‌ സൈക്ക്‌ള്‍ വാടകക്ക്‌ നല്‍കുന്നത്‌.പിന്നെ അങ്ങാടിയില്‍ ഒരു കടയിലും.പക്ഷേ റോട്ടിലെ വാഹനങ്ങളെ പേടിയുള്ളത്‌ കാരണം അങ്ങാടിയിലെ കടയില്‍ നിന്ന് സൈക്കിള്‍ വാടകക്ക്‌ എടുക്കാന്‍ ഞങ്ങള്‍ക്ക്‌ പേടിയായിരുന്നു.

             കോരുക്കുട്ട്യേട്ടന്റെ കടയില്‍ ചെന്ന് നിര നിരയായി നിര്‍ത്തിയിട്ട സൈക്കിളുകളില്‍ ഞങ്ങള്‍ക്ക്‌ പറ്റിയത്‌ തെരഞ്ഞു പിടിക്കും. കാല്‍വണ്ടി, അരവണ്ടി,മുക്കാവണ്ടി, ഫുള്‍വണ്ടി എന്നിങ്ങനെയായിരുന്നു സൈക്കിളിന്റെ  വലിപ്പത്തിനനുസരിച്ച്‌ അന്നത്തെ ക്ലാസിഫിക്കേഷന്‍. ഞങ്ങള്‍ക്ക്‌ അരവണ്ടിയേ പറ്റിയിരുന്നുള്ളൂ. പറ്റിയ വണ്ടിയുടെ ബെല്ലും ബ്രേക്കും കാറ്റും എല്ലാം റഹീം ചെക്ക്‌ ചെയ്യും.ശേഷം കോരുക്കുട്ട്യേട്ടന്‌ റിപ്പോര്‍ട്ട്‌ നല്‍കും.ഏട്ടന്‍ 'ഉം' മൂളി വണ്ടിയുടെ നമ്പര്‍(അതേ സൈക്കിളിന്‌ കോരുക്കുട്ട്യേട്ടന്റെ വക ഒരു നമ്പറിംഗ്‌ ഉണ്ടായിരുന്നു) എവിടെയോ കുറിക്കും.പിന്നെ റഹീം വണ്ടിയില്‍ ഒരു കയറ്റമാണ്‌.ഞങ്ങള്‍ പിന്നാലെ ഓട്ടവും.

             ആ ഓട്ടം നിര്‍ത്തുന്നത്‌ കൈപ്പകുളം പാടത്താണ്‌. അതായിരുന്നു ഞങ്ങളുടെ പരിശീലന ഗ്രൗണ്ട്‌.റഹീം സൈക്കിളില്‍ ഗ്രൗണ്ടില്‍ മൊത്തം ഒരു റൗണ്ടടിക്കും. പിന്നെ ഞങ്ങളെ പരിശീലിപ്പിക്കാന്‍ തുടങ്ങും. ഊരയുടെ ബാലന്‍സിംഗ്‌ ആണ്‌ സൈക്ലിംഗ്‌ പഠനത്തിന്റെ പ്രഥമ പാഠം.അതു ശരിയായാല്‍ പിന്നെ വളവ്‌ തിരിക്കുന്ന പാഠം.അതും കഴിഞ്ഞാല്‍ സൈക്കിളില്‍ കയറുന്നത്‌ എങ്ങനെ എന്ന്(ആരാന്റെ മതില്‍ പൊളിക്കുന്നത്‌ എങ്ങനെ എന്നും ).അതും കഴിഞ്ഞ്‌ പോലീസ്‌ പിടിക്കുന്ന പരിപാടി എന്ന് പിന്നീട്‌ മനസ്സിലായ ഓവര്‍ലോഡ്‌ വയ്ക്കല്‍.ഏറ്റവും അവസാനം റോഡ്‌ എങ്ങനെ ബ്ലോക്കാക്കാം എന്ന പാഠം.ഇങ്ങനെയൊക്കെയാണ്‌ പഠിക്കേണ്ടതെങ്കിലും ഞാന്‍ അങ്ങിനെയൊക്കെതന്നെയാണോ പഠിച്ചത്‌ എന്നോര്‍മ്മയില്ല.

             ഞങ്ങളുടെ പഠനം കോരുക്കുട്ട്യേട്ടന്റെ സൈക്കിളുകളുടെ നടുവൊടിക്കാന്‍ അധികം താമസമുണ്ടായില്ല. പഠനത്തിന്റെ ആദ്യ കടമ്പയില്‍ തന്നെ ഞാനും അനിയനും തുടര്‍ച്ചയായി പരാജയപ്പെട്ടതിനാല്‍ ഐ.എം.വിജയനെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ മലയാളം പഠിക്കേണ്ടി വന്ന നൈജീരിയക്കാരന്‍ ചീമഒക്കേരിയുടെ അവസ്ഥയിലായി റഹീം.അവസാനം ഗുരു, ശിഷ്യന്മാരെ ഇടവഴിയിലിട്ട്‌(പഠനം ഇടക്കാലത്ത്‌ ഞങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും ഇടവഴിയിലേക്ക്‌ മാറ്റിയിരുന്നു) പോകുകയും ചെയ്തു.

                കോരുക്കുട്ട്യേട്ടന്റെ സൈക്കിളുകളുടെ നടുവൊടിഞ്ഞാലും ഞങ്ങളുടെ കാല്‍മുട്ടുകളുടെ പെയ്ന്റ്‌ എത്ര പോയാലും ഇത്‌ പഠിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഞങ്ങള്‍ മറ്റൊരു ഗുരുവിനെത്തേടി അലഞ്ഞു.അങ്ങനെ മറ്റൊരു മൂത്തുമ്മയുടെ വീട്ടില്‍ സര്‍വ്വന്റായി നിന്നിരുന്ന വേലായുധനെ ഞങ്ങള്‍ ഗുരുവായി നിയമിച്ചു.എന്നും അഞ്ചുറൗണ്ട്‌(ഗ്രൗണ്ടില്‍ അഞ്ച്‌ തവണ സൈക്കിളില്‍ ചുറ്റുക) അവന്‌ കൊടുക്കണം എന്നതായിരുന്നു കണ്ടീഷന്‍ എന്ന് തോന്നുന്നു. ആ പഠനത്തിന്റെ അധോഗതി അടുത്ത പോസ്റ്റില്‍....

Saturday, August 22, 2009

അതും ചക്ക കൊണ്ടാണെങ്കി...

നാട്ടില്‍ ചക്ക ധാരാളമുള്ള ഒരു കാലം.ഞങ്ങളുടെ ക്ലബ്ബിന്റെ വകയായി നാട്ടില്‍ ഒരു കലാമത്‌സരവും സദ്യയും ഒരുക്കി.സദ്യക്ക്‌ ക്ഷണിക്കപ്പെട്ട കൂട്ടത്തില്‍ നമ്പൂരിയും ഉണ്ടായിരുന്നു.

എല്ലാവരും സദ്യ കഴിച്ചുകൊണ്ടിരിക്കെ വിളമ്പുകാരന്‍ പയ്യനോട്‌ നമ്പൂരി ചോദിച്ചു: അവിയലില്‍ ചക്കക്കുരു ശ്ശി കൂട്യോ ?

പയ്യന്‍: ചക്കയുള്ള കാലമല്ലേ തിരുമേനീ?

നമ്പൂരി:ങാ ങാ..

പയ്യന്‍:കൊറച്ച്‌ ഉപ്പേരി കൂടി വിളമ്പട്ടെ ?

നമ്പൂരി: ആവാം...ഉപ്പേരി എന്താ?

പയ്യന്‍: ഇടിച്ചക്കയാ...

നമ്പൂരി : ങാ...ആവട്ടെ

അപ്പോള്‍ മറ്റൊരു പയ്യന്‍: തിരുമേനീ....തോരന്‍ തരട്ടെ?

നമ്പൂരി: എന്തു തോരനാ ?

പയ്യന്‍: ചക്കത്തോരനാ...

നമ്പൂരി: ഹും....അതും കെടക്കട്ടെ...

ഉടന്‍ അടുത്ത വിളമ്പല്‍കാരന്‍ വന്നു ചോദിച്ചു:മോര്‌ ഒഴിക്കട്ടെ?

ഉടന്‍ നമ്പൂരി: നിക്ക്വ...നിക്ക്വ...അതും ചക്ക കൊണ്ടാണെങ്കി വേണ്ട...!!!

Thursday, August 20, 2009

തലോല്‍മ്പ്‌...നനച്ചുളി...മാസം കാണല്‍...

പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം പടിവാതില്‍ക്കലെത്തി.ഇസ്ളാമിണ്റ്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്‌ റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.പ്രായപൂര്‍ത്തിയായ ബുദ്ധിസ്ഥിരതയുള്ള വിശ്വാസിയായ എല്ലാവര്‍ക്കും റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്‌.എന്നാല്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും സ്ത്രീരോഗികള്‍ക്കും നോമ്പ്‌ നിര്‍ബന്ധമില്ല.അവര്‍ പിന്നീട്‌ നോറ്റ്‌ വീട്ടിയാല്‍ മതി. കുഞ്ഞുനാളിലേ നോമ്പ്‌ അനുഷ്ടിക്കല്‍ എണ്റ്റെ ഒരു ശീലമായിരുന്നു.ഞാന്‍ ആറാം ക്ളാസ്‌ വരെ പഠിച്ച സ്കൂള്‍ മാപ്പിളസ്കൂളായിരുന്നു.അതിനാല്‍ നോമ്പ്‌ കാലത്ത്‌ അവധിയായിരുന്നു എന്നാണ്‌ എണ്റ്റെ ഓര്‍മ്മ.പക്ഷേ നോമ്പ്‌ തുടങ്ങുന്നതിണ്റ്റെ തലേ ദിവസം സഹപാഠികളില്‍ ചിലര്‍ ഉപയോഗിക്കുന്ന ചില പദങ്ങള്‍ അപരിചിതങ്ങളായിരുന്നു.അവയില്‍ ചിലതിനെപ്പറ്റിയാണ്‌ ഈ പോസ്റ്റ്‌. ജാബിര്‍: ആബ്യേ....നാളെ തലോല്‍മ്പാ... ഞാന്‍: തലോല്‍മ്പോ?അതെന്താ? ജാബിര്‍: ആദ്യത്തെ നോമ്പ്‌ അല്ലെങ്കില്‍ ഒന്നാം ദിവസത്തെ നോമ്പിനാ തലോല്‍മ്പ്‌ എന്ന്‌ പറയുന്നത്‌ (എനിക്ക്‌ അത്‌ മനസ്സിലായെങ്കിലും എന്തു കൊണ്ട്‌ അങ്ങനെ പറയുന്നു എന്ന്‌ മനസ്സിലായില്ല. ഇന്നും ആ പദത്തിണ്റ്റെ പൊരുള്‍ അറിയില്ല) ഞാന്‍: ഓ...അത്‌ ശരി... ശരീഫ്‌: നിണ്റ്റെ വീട്ടില്‍ 'നനച്ചുളി' കഴിഞ്ഞോ? ഞാന്‍: എന്ത്‌? ശരീഫ്‌: 'നനച്ചുളി' ഒക്കെ കഴിഞ്ഞോന്ന്‌? ഞാന്‍: അതെന്താ നനച്ചുളി? ശരീഫ്‌: നോമ്പ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ വീട്‌ വ്റ്‍ത്തിയാക്കുന്ന പരിപാടി. കഴുകി വ്റ്‍ത്തിയാക്കാന്‍ പറ്റുന്ന സാധനങ്ങളെല്ലാം അങ്ങിനെയും അല്ലാത്തവ അഴുക്ക്‌ നീക്കിയും വ്റ്‍ത്തിയാക്കണം ഞാന്‍: അതിന്‍ 'നനച്ചുളി' എന്ന്‌ പറയാന്‍ കാരണം? ശരീഫ്‌: നനച്ചുകുളിപ്പിക്കുക എന്നതാണ്‌ ചുരുങ്ങി ചുരുങ്ങി നനച്ചുളി ആയത്‌. ഞാന്‍: ഓ... അത്‌ ശരി (റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി എല്ലാ വിധത്തിലും ഒരുങ്ങുന്നു എന്നതിണ്റ്റെ സൊാചകം കൂടിയാണ്‌ നനച്ചുകുളി. ഭൌതികമായും ആത്മീയമായും ശുദ്ധി കൈവരിക്കുന്ന ഒരു മാസമാണ്‌ റമദാന്‍) അസ്ളം:നനച്ചുളിക്കാന്‍ മാസം കണ്ടോ? ശരീഫ്‌: അത്‌ ഇന്ന്‌ കാണും ഞാന്‍: എന്ത്‌ കാണാ? അസ്ളം:മാസം ഞാന്‍: അതെന്താ? അസ്ളം: റമദാന്‍ മാസം തുടങ്ങി എന്നുറപ്പിക്കണമെങ്കില്‍ ചന്ദ്രനെ കാണണം. ഞാന്‍:അത്‌ രാത്രി നമ്മള്‍ കാണുന്നതല്ലേ? അസ്ളം:അതല്ല.പുതിയ ചന്ദ്രപ്പിറ കാണണം.അതിനാ മാസം കാണുക എന്ന്‌ പറയുന്നത്‌. ഞാന്‍: ഓഹോ... (അറബിമാസങ്ങളില്‍ 29 അല്ലെങ്കില്‍ 30 ദിവസമാണ്‌ സാധാരണ ഉണ്ടാകുക.29 ദിവസം കഴിഞ്ഞ്‌ അന്ന്‌ സന്ധ്യക്ക്‌ ആകാശത്ത്‌ പുതുചന്ദ്രപ്പിറവി ദ്റ്‍ശ്യമായാല്‍ ആ മാസം അവസാനിച്ചു.ദ്റ്‍ശ്യമായില്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത മാസം ആരംഭിക്കും.ചന്ദ്രപ്പിറവി അനുസരിച്ചാണ്‌ അറബിമാസം മാറുന്നത്‌.അതിനാല്‍ തന്നെ എല്ലാ മാസങ്ങളും, നമുക്കനുഭവപ്പെടുന്ന എല്ലാ സീസണുകളിലും കടന്നുവരും.എണ്റ്റെ കുട്ടിക്കാലത്ത്‌ റമദാന്‍ വേനലില്‍ ആയിരുന്നത്‌ ഞാന്‍ ഓര്‍ക്കുന്നു. ഇന്നത്‌ മഴക്കാലത്തായി) ശുഹൈബ്‌: നിങ്ങള്‍ 'പെലച്ചക്ക്‌' എന്താ തിന്നാ? ഞാന്‍: പെലച്ചക്കോ? ശുഹൈബ്‌: ആ പെലച്ചക്ക്‌... ഞാന്‍: അതെന്താ? ശുഹൈബ്‌:നോമ്പ്‌ നോല്‍ക്കാന്‍ സുബൈണ്റ്റെ മുമ്പ്‌ എന്തെങ്കിലും തിന്നണ്ടേ? ഞാന്‍: എപ്പോള്‍? ശുഹൈബ്‌: സുബൈണ്റ്റെ മുമ്പ്‌ ഞാന്‍: ങാ.... (പുലര്‍ച്ചേ സുബഹ്‌ ബാങ്ക്‌ വിളിക്കുന്നതിന്‌ മുമ്പ്‌ എന്തെങ്കിലും ഭക്ഷണം കഴിച്ചാണ്‌ സാധാരണ നോമ്പ്‌ തുടങ്ങുന്നത്‌.സുബഹ്‌ ബാങ്ക്‌ വിളിച്ച ശേഷം പിന്നെ സന്ധ്യക്ക്‌ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുന്നത്‌ വരെ അന്നപാനീയങ്ങള്‍ ഒന്നും തന്നെ പാടില്ല. പുലര്‍ച്ചേ എന്നതിനാണ്‌ 'പെലച്ചെക്ക്‌' എന്ന്‌ പറയുന്നത്‌) ഫസല്‍: നീ നോമ്പ്‌ നോല്‍ക്കാറുണ്ടോ? ഞാന്‍: നോമ്പ്‌ നോല്‍ക്കുകയോ? ഫസല്‍:ആ... ഞാന്‍:അങ്ങനെ പറഞ്ഞാല്‍? ഫസല്‍:എന്താ പറയാ.... നോമ്പ്‌ അനുഷ്ഠിക്കുക ഞാന്‍: ഓ...അതിനാ പറയുന്നതല്ലേ... (വ്രതം അനുഷ്ഠിക്കുന്നതിന്‌ നോമ്പ്‌ നോല്‍ക്കുക,നോമ്പ്‌ പിടിക്കുക,നോമ്പ്‌ എടുക്കുക എന്നൊക്കെയാണ്‌ പറയുക) ഫായിസ്‌: എടാ.... വെള്ളം കുടിച്ചാല്‍ നോമ്പ്‌ മുറിയോ? ഞാന്‍:എന്താ ചോദിച്ചേ? ഫായിസ്‌:വെള്ളം കുടിച്ചാല്‍ നോമ്പ്‌ മുറിയോന്ന്‌? ഞാന്‍: നോമ്പ്‌ മുറിയേ? ഫായിസ്‌: ആ....അതെന്നെ... ഞാന്‍:എനിക്ക്‌ മനസ്സിലായില്ല (നോമ്പിന്‌ പകല്‍ അന്നപാനീയങ്ങള്‍ അനുവദനീയമല്ല.അത്‌ കഴിച്ചാല്‍ നോമ്പ്‌ അസാധുവാകും.അങ്ങിനെ ഏതെങ്കിലും കാരണത്താല്‍ നോമ്പ്‌ അസാധുവാകുന്നതിനെയാണ്‌ നോമ്പ്‌ മുറിയുക എന്ന്‌ പറയുന്നത്‌. ആരെങ്കിലും മറന്ന്‌ ഭക്ഷണം കഴിച്ചാല്‍ നോമ്പ്‌ മുറിയുന്നതല്ല) കുട്ടിക്കാലത്ത്‌ നോമ്പുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ പരിചയമില്ലാതിരുന്ന ഈ പദങ്ങള്‍ അമുസ്ളിം സുഹ്റ്‍ത്തുക്കള്‍ക്ക്‌ കൂടി പരിചയപ്പെടുത്താന്‍ കൂടിയാണ്‌ ഈ കുറിപ്പ്‌

Saturday, August 15, 2009

1947-ല്‍ നേടിയത്‌ സ്വാതന്ത്ര്യമോ അതോ ലൈസന്‍സോ?

ഇന്ത്യ സ്വതന്ത്രമായിട്ട്‌ ഇന്ന് ഈ നിമിഷം അറുപത്തിരണ്ട്‌ വര്‍ഷം തികയുന്നു(തെറ്റാതിരിക്കാന്‍ കാല്‍കുലേറ്റര്‍ വച്ച്‌ കണക്ക്‌ കൂട്ടിയതാ).ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്നും അന്ന്‌ ഗാന്ധിജിയും നെഹ്രുവും പട്ടേലും മൗലാനാ ആസാദും അടക്കമുള്ള മഹാന്മാരായ നേതാക്കളുടെ നിരന്തര സമരങ്ങളുടെ ഫലമായി നാം മോചിതരായി.ചരിത്രത്താളുകളില്‍ ഇടം പിടിക്കാത്ത, സ്വന്തം പേര്‌ എവിടേയും രേഖപ്പെടുത്താനാവാത്ത അസംഖ്യം ധീരജവാന്മാരും ഈ മഹായജ്ഞത്തില്‍ നേതാക്കള്‍ക്ക്‌ പിന്തുണയേകി വീരമൃത്യു വരിച്ചു.

ബ്രിട്ടീഷ്‌ ഭരണം ഇന്ത്യക്കാരന്റെ മേല്‍ അടിച്ചേല്‍പിച്ച നയങ്ങളും നിയമങ്ങളുമായിരുന്നു ,സ്വാതന്ത്ര്യം വേണം എന്ന ചിന്ത ഇന്ത്യക്കാരനില്‍ ഉണ്ടാക്കിയത്‌ എന്നാണ്‌ നാമെല്ലാം താഴ്‌ന്ന ക്ലാസ്സുകളില്‍ പഠിച്ചത്‌.ഉന്നത ഉദ്യോഗങ്ങളില്‍ ഇംഗ്ലീഷ്‌ പഠിച്ചവര്‍ക്ക്‌ മാത്രം നിയമനം നല്‍കുക,ഇംഗ്ലീഷുകാര്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യത്യസ്ത നിയമങ്ങള്‍ നടപ്പിലാക്കുക,വര്‍ണ്ണവിവേചനം കാണിക്കുക, ഇന്ത്യയുടെ സമ്പത്ത്‌ ബ്രിട്ടനിലേക്ക്‌ കയറ്റുക തുടങ്ങീ നാനാവിധ ബുദ്ധിമുട്ടുകള്‍ അക്കാലത്തെ ജനങ്ങള്‍ക്ക്‌ സഹിക്കേണ്ടി വന്നതായി നാം ചരിത്രത്തില്‍ നിന്നും പഠിച്ചു.(എല്ലാം കൊട്ടിപ്പാടി നിങ്ങളെ ഞാനും ബുദ്ധിമുട്ടിക്കുന്നില്ല).

എന്നാല്‍ അന്ന്‌ നാം എന്തില്‍ നിന്നൊക്കെ മോചിതരാകാനാണോ സ്വാതന്ത്ര്യം കാംക്ഷിച്ചതു അതേ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ പിന്തുടരുന്ന ദയനീയ കാഴ്ചയാണ്‌ ഇന്ന്‌ നാം ദര്‍ശിക്കുന്നത്‌.അവ ബോധ്യപ്പെടാന്‍ നിങ്ങള്‍ തന്നെ എല്ലാ രംഗങ്ങളും പരിശോധിച്ച്‌ നോക്കുക.ശേഷം ഞാന്‍ പറയുന്നവ വായിച്ച്‌ താരതമ്യം ചെയ്യുക.

1) ഉന്നത ഉദ്യോഗങ്ങളില്‍, ഇംഗ്ലീഷ്‌ പഠിച്ച ഉന്നതകുലജാതര്‍ക്ക്‌ മാത്രമായിരുന്നു ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ പ്രവേശനം.ഇന്നത്തെ ഇന്ത്യയിലും ഉന്നത ഉദ്യോഗസ്ഥര്‍ തൊണ്ണൂറ്‌ ശതമാനവും സവര്‍ണ്ണ വരേണ്യ വര്‍ഗ്ഗക്കാരാണ്‌.അല്ലാത്തവരായി എടുത്ത്‌ കാണിക്കാന്‍ പറ്റുന്നത്‌ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്‌ ശ്രീ.കെ.ജി.ബാലകൃഷ്ണന്‍ പോലെയുള്ള അല്‍പം ചില വ്യക്തിത്വങ്ങള്‍ മാത്രമായിരിക്കും.

2) ഇംഗ്ലീഷുകാര്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യത്യസ്ത നിയമങ്ങള്‍ നടപ്പിലാക്കിയതായിരുന്നു എതിര്‍പ്പിന്‌ മറ്റൊരു കാരണം.ഇന്ന്‌ അതിന്റെ മറ്റൊരു രൂപത്തില്‍, പണക്കാരനും പാവപ്പെട്ടവനും ഇടയില്‍ ഒരേ നിയമങ്ങള്‍ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയായി.പണക്കാരന്‌ ഏത്‌ നിയമത്തിന്റെ മുന്നില്‍ നിന്നും പാട്ടുംപാടി രക്ഷപ്പെടാന്‍ കഴിയുമ്പോള്‍ പണമില്ലാത്തവന്‍ അഴി എണ്ണുക തന്നെ വേണ്ടി വരുന്നു.

3) വര്‍ണ്ണവിവേചനം കാണിക്കുക എന്നത്‌ ഇന്ന്‌ അപ്രായോഗികമാണ്‌.എന്നിട്ടും സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന പഴയ വ്യവസ്ഥ നമ്മുടെ പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നതായി പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇന്നും വോട്ടവകാശം സ്വയം തീരുമാനിക്കാന്‍ സാധിക്കാത്തവര്‍ ഇന്ത്യയിലുണ്ട്‌ എന്നത്‌ ഒരു ദു:ഖ സത്യമാണ്‌.

4) ഇന്ത്യയുടെ സമ്പത്ത്‌ ബ്രിട്ടനിലേക്ക്‌ കയറ്റുക എന്നതായിരുന്നു ചൂഷണത്തിന്റെ മറ്റൊരു മുഖം.അതായത്‌ സ്വന്തം നാട്ടിലേക്ക്‌ അഥവാ വീട്ടിലേക്ക്‌ കടത്തുക.ഇന്ന്‌ അഴിമതി വീരന്മാരായ പല മന്ത്രിമാരും ചെയ്തതും ചെയ്യുന്നതും അതു തന്നെയല്ലേ?പൊതുമുതല്‍ സ്വന്തം ആവശ്യങ്ങള്‍ക്കും സ്വന്തക്കാരുടെ ക്ഷേമത്തിനും വേണ്ടി ചിലവഴിക്കുന്നവരും പൊതുഖജനാവ്‌ കൊള്ളയടിക്കുന്നവരുമല്ലേ നമ്മുടെ പല ഭരണപുംഗവന്മാരും.

അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉയരുന്നു. അറുപത്തിരണ്ട്‌ വര്‍ഷം മുമ്പ്‌ നാം നേടിഎടുത്തത്‌ സ്വാതന്ത്ര്യമായിരുന്നോ?അതോ ഇതൊക്കെ നമുക്കും പയറ്റാനുള്ള ലൈസന്‍സ്‌ ആയിരുന്നോ?ഈ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ഭാരതീയനെന്ന്‌ അഭിമാനിക്കുന്ന ഓരോരുത്തരും ചിന്തിച്ചു നോക്കുക.

(സ്വാതന്ത്ര്യദിനാശംസകള്‍ എന്നതിന്‌ പകരം മറ്റൊരു ആശംസാവാചകം മനസ്സില്‍ വരുന്നതിനാല്‍ ആശംസകള്‍ മനപ്പൂര്‍വ്വം ഞാന്‍ ഇവിടെനിന്നും ഒഴിവാക്കുന്നു.)

Tuesday, August 11, 2009

"ഇന്ന് മൂന്ന്‌മണിക്കെടുക്കുന്ന കേരളം....."

മാനന്തവാടിയില്‍ താമസിച്ചിരുന്ന ഒരു ദിവസം ഞാന്‍ എങ്ങോട്ടോ പോവാനായി രാവിലെ ബസ്‌സ്റ്റാന്റില്‍ എത്തി.എന്റെ കൂടെ എന്റെ സുഹൃത്തും ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക്‌ പോകാനുള്ള ബസ്സില്‍ കയറി ഞങ്ങള്‍ ലോകവിവരങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരുന്നു.അതിനിടയില്‍ പലതരത്തിലുള്ള കച്ചവടക്കാരും യാചകരും ബസ്സില്‍ കയറി പിരിവു നടത്തി പോയി.അര്‍ഹതപ്പെട്ടവര്‍ എന്ന് എനിക്ക്‌ തോന്നിയവരെ ഞാനും സുഹൃത്തിന്‌ തോന്നിയവരെ അവനും സഹായിച്ചു.അപ്പോഴാണ്‌ ലോട്ടറി ടിക്കറ്റുമായി ഒരാള്‍ ബസ്സില്‍ കയറിയത്‌.ടിക്കറ്റുമായി വന്ന് അയാള്‍ പറഞ്ഞു. "ഇന്ന് മൂന്ന്‌മണിക്കെടുക്കുന്ന കേരളം...മൂന്നേ മൂന്ന് ടിക്കറ്റ്‌ മാത്രം..." പൊതുവേ ദയനീയാഭ്യര്‍ത്ഥനകള്‍ എന്നെ വേട്ടയാടാറുണ്ടെങ്കിലും ഇത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമില്ലാത്ത ലോട്ടറി ടിക്കറ്റ്‌ കേസ്‌ ആയതിനാല്‍ ഞാന്‍ അത്‌ മൈന്‍ഡ്‌ ചെയ്തില്ല.പക്ഷേ എന്റെ സുഹൃത്തിന്‌ അയാളുടെ അപേക്ഷ ദയനീയമായി തോന്നിയതിനാല്‍ അവന്‍ എന്നോട്‌ പറഞ്ഞു. "മൂന്ന് ടിക്കറ്റ്‌ അല്ലേ ഉള്ളൂ...ആ ടിക്കറ്റ്‌ വാങ്ങാം...അത്‌ കഴിഞ്ഞാല്‍ ആ പാവത്തിന്‌ സ്വസ്ഥമായി വീട്ടില്‍ പോകാലോ?" " ലോട്ടറി ടിക്കറ്റ്‌ എടുക്കുന്നത്‌ എനിക്ക്‌ ഇഷ്ടമില്ല.അതിനാല്‍ എനിക്ക്‌ വേണ്ട".ഞാന്‍ അവനോട്‌ പറഞ്ഞു. "ഓ...ആ പാവത്തെ ഒന്ന് സഹായിക്കാനും സമ്മതിക്കൂലേ?" ഇതും പറഞ്ഞ്‌ അവന്‍ അയാളെ വിളിച്ചു വരുത്തി മൂന്ന് ടിക്കറ്റും വാങ്ങി.ഒരു ചിരി സമ്മാനിച്ച്‌ അയാള്‍ ബസ്സില്‍ നിന്നിറങ്ങിപ്പോയി. ഞങ്ങള്‍ക്ക്‌ പോകേണ്ട സ്ഥലങ്ങളിലെല്ലാം കറങ്ങി ഉച്ചക്ക്‌ ഞങ്ങള്‍ സ്റ്റാന്റില്‍ തിരിച്ചെത്തി.അപ്പോള്‍ തൊട്ടടുത്ത ബസ്സില്‍ നിന്നും ഒരാള്‍ പറയുന്നു. "ഇന്ന് മൂന്ന്‌മണിക്കെടുക്കുന്ന കേരളം...മൂന്നേ മൂന്ന് ടിക്കറ്റ്‌ മാത്രം...!!!" ഞാന്‍ അയാളെ ശ്രദ്ധിച്ചു.രാവിലെ ഞങ്ങള്‍ ബസ്സില്‍ കണ്ട അതേ മനുഷ്യന്‍!!!സഹതാപത്തോടെ ഞാന്‍ എന്റെ സുഹൃത്തിന്റെ മുഖത്തേക്ക്‌ നോക്കി.അമളി ബോധ്യപ്പെട്ട അവന്‍ എന്നേയും വലിച്ച്‌ വേഗം സ്റ്റാന്റിന്‌ പുറത്ത്‌ കടന്നു.

Monday, August 10, 2009

ഇവര്‍ വിവാഹിതരായാല്‍...

സിനിമാപോസ്റ്ററിലേക്ക്‌ നോക്കി ശൃംഗാരച്ചിരി ചിരിക്കുന്ന നമ്പൂരിയോട്‌ ഞാന്‍ ചോദിച്ചു: "എന്താ...തിരുമേനീ...പോസ്റ്ററില്‍ നോക്കി വല്ലാത്തൊരു ചിരി?" ഒന്നും പറയാതെ നമ്പൂരി അപ്പോഴും ചിരിച്ചു. "ഈ പോസ്റ്ററില്‍ ചിരിക്കാന്‍ മാത്രം എന്താ?" ഞാന്‍ വീണ്ടും ചോദിച്ചു. "തന്റെ കണ്ണ്‍ എവിട്യാ.?ഒന്നൂടെ വായിച്ചു നോക്ക്യേ?" "ഇവര്‍ വിവാഹിതരായാല്‍" "ങാ....അതിനടിയില്‍ എഴുതിയത്‌ കണ്ടില്ലേ?" ഞാന്‍ ഒന്നുകൂടി വായിച്ചു "ഇവര്‍ വിവാഹിതരായാല്‍ കൊണ്ടോട്ടി കവിതയില്‍ ദിവസേന മൂന്ന് കളികള്‍!!" (സിനിമാപേരിന്‌ തൊട്ടുതാഴെ കളിക്കുന്ന തിയേറ്ററിന്റെ പേര്‌ എഴുതിയ ഒരു ചെറുപോസ്റ്റര്‍ കൂടി ഒട്ടിച്ചിരുന്നു) എന്റെ മുഖത്തേക്ക്‌ നോക്കി നമ്പൂരി അപ്പോഴും ഒരു ഗൂഢച്ചിരി ചിരിക്കുന്നുണ്ടായിരുന്നു.

Saturday, August 08, 2009

പ്രിയ സുഹൃത്തേ വിട

"മാഷ്‌ ഇനിയും വരണം.....എനിക്ക്‌ ഈ ലോകത്ത്‌ വളരെക്കുറച്ച്‌ സുഹൃത്തുക്കളേ ഉള്ളൂ...ഇവിടെ നിന്ന് പോയാലും ഇടക്ക്‌ വിളിക്കണം...." മാനന്തവാടിയിലെ ക്വാര്‍ട്ടേഴ്സ്‌ വിട്ടൊഴിയുന്നതിന്‌ മുമ്പ്‌ അനില്‍ എന്ന അനിയെ സന്ദര്‍ശിച്ച എന്നോട്‌ അവന്റെ അപേക്ഷ അതായിരുന്നു. അനി അന്ന് അല്‍പം മൂഡിലാണ്‌ എന്ന് തോന്നിയതിനാല്‍ ഞാന്‍ പറഞ്ഞു."ഞാന്‍ വരും.പക്ഷേ കുടിയന്മാരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അതിനാല്‍ സ്മാളടിച്ച നിലയിലാണെങ്കില്‍ ഞാന്‍ അനിയെ കാണാനേ വരില്ല..." "ഇല്ല മാഷേ....രണ്ട്‌ മാസത്തിനകം ഞാനാ വീട്ടില്‍ നിന്നും സ്ഥലം മാറും.എനിക്ക്‌ ആ വീട്ടിലേക്ക്‌ പോകാനേ തോന്നുന്നില്ല..."അനി പറഞ്ഞു. "ഇന്നും അനി കുടിച്ചില്ലേ?കുടിച്ചാല്‍ അച്ചന്‍ ഇനി വീട്ടിലേക്ക്‌ കയറ്റില്ല എന്ന് അറിയില്ലേ അനിക്ക്‌..."ഞാന്‍ അനിയെ വീണ്ടും ഓര്‍മ്മിപ്പിച്ചു. "മാഷേ...ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട്‌.അതിന്റെ ആദ്യ ഭാഗം ടൈപ്‌ ചെയ്തിട്ടുമുണ്ട്‌...ഞാന്‍ ഇപ്പോ പ്രിന്റ്‌ എടുത്ത്‌ തരാ....മാഷൊന്ന് അത്‌ വായിച്ചു നോക്ക്‌...."വെള്ളത്തിന്റെ വര്‍ക്കിങ്ങിനിടയില്‍ എന്തൊക്കെയോ പറയുകയാണെന്ന് കരുതിയ എന്നെ അത്ഭുതപ്പെടുത്തി അനി ഒരു പേജ്‌ പ്രിന്റ്‌ എടുത്ത്‌ തന്നു.ഞാന്‍ അത്‌ വായിച്ചു നോക്കി.കഥാനായകന്‍ ഒരു മദ്യപനാണ്‌.അവന്‍ ഒരു പെണ്ണിനെ സ്നേഹിക്കുന്നു.അത്രയും വിവരങ്ങള്‍ വിസ്തരിച്ച്‌ എഴുതിയ പേജ്‌ ആണ്‌ എനിക്ക്‌ തന്നത്‌. "മാഷേ എങ്ങിനെയുണ്ട്‌ കഥ?"അനി ചോദിച്ചു. "ഇതിലെ കഥാപാത്രം അനി തന്നെയാണോ?"ഞാന്‍ സംശയം പ്രകടിപ്പിച്ചു. "അല്ല എന്റെ സുഹൃത്താണ്‌.പക്ഷേ ആ പ്രേമത്തിന്റെ ഭാഗം സംഭവിക്കാത്ത ഒന്ന് ഞാന്‍ ഊഹിച്ച്‌ എഴുതുകയാണ്‌..." "ആ....അല്‍പം ചില മാറ്റങ്ങള്‍ വരുത്താനുണ്ട്‌.കഥ പറഞ്ഞു തുടങ്ങിയ രീതി എനിക്ക്‌ ഇഷ്ടപ്പെട്ടു." "ആ...ബാക്കി ഞാന്‍ പിന്നീട്‌ പ്രിന്റ്‌ എടുത്ത്‌ തരാം..." അന്ന് വളരെ നേരം ഞാന്‍ അനിയുടെ കൂടെ ചിലവഴിച്ചു.മാനന്തവാടി കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി പോരുന്നതിന്റെ അഞ്ചു ദിവസം മുമ്പ്‌ ഞാന്‍ വീണ്ടും അനിയെ സന്ദര്‍ശിച്ചു.അന്നും മദ്യപാനം വരുത്തിവയ്ക്കുന്ന വിനകള്‍ ഞാന്‍ അവനെ ഓര്‍മ്മപ്പെടുത്തി. "മാഷ്‌ ഇനിയും വരണം...ഇടക്കൊക്കെ വിളിക്കണം..." യാത്രാമൊഴിയായി അനി പറഞ്ഞു. മാനന്തവാടി വിട്ട്‌ രണ്ടാഴ്ചക്ക്‌ ശേഷം പലരേയും ഫോണ്‍ ചെയ്ത കൂട്ടത്തില്‍ ഞാന്‍ അനിയേയും വിളിച്ചു. "അനീ....വീണ്ടും അഡ്മിറ്റ്‌ ആയി എന്നു കേട്ടു..." "അതെ മാഷെ....ഷുഗര്‍ കൂടി..." "ഷുഗര്‍ കൂടിയത്‌ കുടിച്ചതു കൊണ്ടല്ലേ?ഇനിയും കുടിച്ചാല്‍ കളി കാര്യമാവും എന്ന് ഡോക്ടര്‍ പറഞ്ഞത്‌ ഓര്‍മ്മയില്ലേ?"ഞാന്‍ വീണ്ടും അനിയെ ഉണര്‍ത്തി നോക്കി. "ആ....അത്‌ നിര്‍ത്തി മാഷെ...മാഷ്‌ വിളിച്ചതില്‍ വളരെ സന്തോഷം.ഇനിയും വിളിക്കണേ..."അനി അപേക്ഷിച്ചു. "ശരി ശരി..." ഇക്കഴിഞ്ഞ ജൂലായ്‌ 30ന്‌ രാത്രി വീണ്ടും മാനന്തവാടിയിലെ പല സുഹൃത്തുകളെയും ഞാന്‍ ഫോണ്‍ ചെയ്തു പരിചയം പുതുക്കി.അനിയുടെ നമ്പര്‍ അവന്റെ പ്രസ്സിലേതായതിനാല്‍ ശനിയാഴ്ച പകല്‍ സ്വസ്ഥമായി വിളിക്കാമെന്നും ഞാന്‍ മനസ്സില്‍ കരുതി. ജൂലായ്‌ 31ന്‌ കോളേജ്‌ വിട്ട്‌ വൈകിട്ട്‌ വീട്ടില്‍ തിരിച്ചെത്തിയ എന്നോട്‌ ഭാര്യ പറഞ്ഞു. "ഒരു സാഡ്‌ ന്യൂസുണ്ട്‌....അനി മരിച്ചു!!!" "ങേ!!!മാനന്തവാടിയിലെ അനിയോ?എന്തു പറ്റി?" ഞാന്‍ ഞെട്ടലോടെ ചോദിച്ചു. "ഇന്നലെ രാത്രി ഉറങ്ങിയതാ...കുടിച്ചിരുന്നു എന്ന് തോന്നുന്നു.അതിനാല്‍ രാവിലെ എണീറ്റില്ല.വീട്ടുകാരും ശ്രദ്ധിച്ചില്ല.ഉച്ചക്ക്‌ മൂന്ന് മണിയായിട്ടും എണീക്കാതായപ്പോള്‍ വിളിച്ചപ്പോഴാണ്‌ മരിച്ച വിവരം അറിയുന്നത്‌...കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.രേഖേച്ചി വിളിച്ചതാ....നിങ്ങള്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു" എന്റെ മനസ്സിലൂടെ അന്നത്തെ ഞങ്ങളുടെ സംസാരവും ഞാന്‍ നല്‍കിയ ഉപദേശങ്ങളും കടന്നുപോയ്ക്കൊണ്ടിരുന്നു.എന്നെ വളരെയധികം സ്നേഹിച്ചിരുന്ന ബഹുമാനിച്ചിരുന്ന അനി(ആ ശനിയാഴ്ച ഞാന്‍ അനിയുടെ അമ്മയെ മാനന്തവാടിയില്‍ സന്ദര്‍ശിച്ചപ്പോള്‍ ആ ദു:ഖ നിമിഷത്തിലും അവരത്‌ എടുത്ത്‌ പറഞ്ഞ്‌ കരഞ്ഞു) എന്റെ വാക്കുകള്‍ക്ക്‌ അല്‍പമെങ്കിലും ചെവി കൊടുത്തിരുന്നെങ്കില്‍ ഈ ദുര്‍ഗതി എന്റെ അനിക്കും ആ കുടുംബത്തിനും വരില്ലായിരുന്നല്ലോ എന്ന് ഞാന്‍ വിലപിച്ചുപോയി. സുഹൃത്തുക്കളേ....ഒരു കമ്പനിക്കായി മദ്യം കഴിച്ചു തുടങ്ങിയ അനി, കുടി തുടങ്ങി ഒരു വര്‍ഷത്തിനിടയില്‍ തന്നെ മദ്യാസക്തനായി.അതിലൂടെ മരണവും ഏറ്റുവാങ്ങി.ദയവു ചെയ്ത്‌ നിങ്ങളാരും കമ്പനിക്ക്‌ പോലും(അതെത്ര കുറച്ചായാലും) മദ്യം തൊടരുത്‌ എന്ന് ഒരു സുഹൃത്ത്‌ നഷ്ടപ്പെട്ട ഈ അനുഭവത്തില്‍ നിന്നും വിനീതമായി അപേക്ഷിക്കുന്നു.

Friday, August 07, 2009

ചെറായിയില്‍ നിന്നും കിട്ടിയ ജനറല്‍ നോളജ്‌.

(മുമ്പ്‌ പരിചയപ്പെടുത്തിയവര്‍ ഇവിടെ ഒളിച്ചിരിക്കുന്നു. )

"ഉപ്പച്ചീ വാ....കൊറച്ചും കൂടെ അന്യഗ്രഹ ജീവികള്‍ ഇറങ്ങിയിട്ടുണ്ട്‌" മോള്‍ എന്നെ വിളിച്ചു. ജാംബവാന്‍ കാലത്തെ ഒരു അംബാസഡര്‍ കാര്‍ ഗേറ്റിനടുത്ത്‌ നിര്‍ത്തുന്നത്‌ ഞാന്‍ കണ്ടു.കാറിണ്റ്റെ ഡോര്‍ തുറന്നതും മുത്തുമാലയുടെ നൂല്‌ പൊട്ടിയപോലെ കുട്ടികള്‍ ഓരോന്നായി ഊര്‍ന്നിറങ്ങാന്‍ തുടങ്ങി.അവസാനം ഘനശ്യാമമുഖത്തോടെ ഒരാളും.

'കണ്ടിട്ട്‌ ഒരു മലപ്പുറം ലൂക്കുണ്ട്‌...വരട്ടെ,പരിചയപ്പെടാം' ഞാന്‍ മനസ്സില്‍ കരുതി.

"ഹലോ.... "ഞാന്‍ കൈനീട്ടി

"ഹലോ..." ആഗതനും കൈനീട്ടി ഹസ്തദാനം ചെയ്തു.ആ പരുപരുക്കന്‍ കൈകള്‍ക്കിടയില്‍ എണ്റ്റെ മൈക്രോസോഫ്റ്റ്‌ (കീ ബോഡ്‌ ഉപയോഗിക്കുന്ന) കൈ ഞെരിഞ്ഞമര്‍ന്നു.

"ബ്രേക്ഫാസ്റ്റ്‌ കഴിച്ചിട്ടില്ല അല്ലേ?" ഞാന്‍ ഞെരിഞ്ഞ കൈ വേഗം വലിച്ച്‌ ചോദിച്ചു.

"ഇല്ല...അത്‌ എങ്ങനെ മനസ്സിലായി?" ആഗതന്‍ അത്ഭുതത്തോടെ ചോദിച്ചു.

"വയറിണ്റ്റെ വിശപ്പ്‌ കയ്യിലൂടെ ആവാഹിച്ച്‌ താങ്കള്‍ എനിക്കത്‌ പകര്‍ന്നു തന്നു..... ആട്ടെ പേരെന്താ?"

"സാബു....സാബു കൊട്ടോട്ടി.... "

"ണ്റ്റെ പടച്ചോനേ....കൊണ്ടോട്ടീന്ന്‌ ള്ള കൊട്ടോട്ട്യോ..? ഞമ്മളാ ങളെ ഇന്നലെ മുയ്‌വന്‍ സുയ്പ്പാക്ക്യ അരീക്കോടന്‍.. ?"

"അള്ളാ....ങളാ അരീക്കോടന്‍.. ?"

"അള്ള അല്ല ...ഞാനാ അരീക്കോടന്‍..... പിന്നെ എത്തെ ഇത്രിം ബേഗ്ഗ്യേ ?"

"അതൊന്നും പറിയണ്ട മാഷേ..... "

"ന്നാലും എത്തോ ഒര്‌ അത്‌ ണ്ടവ്വൊല്ലോ?"

"ആ....ഞാമ്പറിയാ.....ഇച്ചെങ്ങായ്‌ ആ ബയനാട്ട്ലെ കാട്ട്ന്ന്‌ എറങ്ങി ബെന്നപ്പം നേരം പാതിരായി... "

'ആ കാട്ട്ന്ന്‌ എല്ലാ ജന്തുക്കളും ആ നേരത്തെന്ന്യാ എറങ്ങാ' ഞാന്‍ മനസ്സില്‍ പറഞ്ഞു.

"ന്നട്ട്‌ കഞ്ഞിം കുട്ച്ച്‌ കെടക്കല്ല....കത്തിം ബെച്ച്‌ ചാറ്റും ചെയ്ത്‌ ഇര്‍ക്കാ.... " ഞാന്‍ കൊട്ടോട്ടിയുടെ കൂടെയുള്ള ആ വയനാട്ടുകാരനെ നോക്കി.

'അപ്പോ ഇവനാണ്‌ അവന്‍....ഹന്‍ള്ളാള്ളാള്ളാള്ളാള്ളാ...... '

"ചുരുക്കി പറിയാ കെടന്നപ്പം നാല്‌ മണി...അഞ്ച്‌ മണിക്ക്‌ പൊറപ്പെടാന്‍ ബിചാര്‍ച്ച ഞമ്മള്‌ ഈ ആീറ്റ്ംസ്നെ ഒക്കെ പൊറുക്കി കൂട്ട്യപ്പോത്ത്ന്‌ ഏഴ്‌ മണി.... "

"ആ...അപ്പം ജ്ജോ?"ഞാന്‍ അടുത്ത്‌ നിന്ന മൂന്നാമണ്റ്റെ നേരെ തിരിഞ്ഞ്‌ ചോദിച്ചു.

"ങാ"

"അണ്റ്റെ പേരെത്താ ന്ന്‌?"

"ജോ"

"ജോ?"

"ങാ"

'ങേ....ജോ..ങാ...ങാ...ജോ...ഇവനോട്‌ എന്ത്‌ ചോദിച്ചാലും ഏതെടുത്താലും അഞ്ചുറുപ്യ എന്ന്‌ പറഞ്ഞ മാതിരിയാണല്ലോ'ആത്മഗതം ചെയ്തു കൊണ്ട്‌ ഞാന്‍ മെല്ലെ നീങ്ങി.

"ഉപ്പാ.....നേരത്തെ ഞമ്മള്‌ സാരി ഉടുത്ത ഒര്‌ ആണ്‍നെ കണ്ട്‌.....ഇപ്പം ദാ ചുരിദാര്‍ട്ട്‌ കൊറേ ആണ്‍ങ്ങള്‌....ങളെ ബൂലോകം ബെല്ലാത്തൊരു ലോകം തെന്ന്യാ..." മോളുടെ അഭിപ്രായപ്പെട്ടപോലെ ഞാന്‍ അങ്ങോട്ട്‌ നോക്കി.

"ഞാന്‍ ജിപ്പൂസ്‌..." ചുരിദാര്‍ പയ്യന്‍ സ്വയം പരിചയപ്പെടുത്തി.

"ഞാന്‍ അരീക്കോടന്‍.. "

"ഓ അറിയാം...ഞാന്‍ വന്നത്‌ അല്‍പം ധാന്യമണി വാങ്ങാനാ... "

"അതിനിവിടെ വരെ വരണോ... സൌജന്യ റേഷന്‍ വിതരണം നടത്തുന്ന എത്ര സ്ഥലങ്ങളുണ്ടായിരുന്നു.....കൊറച്ചല്ല കിലോക്കണക്കിന്‌ തന്നെ കിട്ടുമായിരുന്നു... "

"മാഷെ അതല്ല...കൊറച്ച്‌ കമണ്റ്റ്‌ കിട്ടാന്‍... "

"ഓ അതിനാ ഈ ചുരിദാറും ഇട്ട്‌ നടക്ക്ണത്‌ അല്ലേ?" എണ്റ്റെ മോള്‍ അവളുടെ സംശയം തീര്‍ത്തു.

"ഇവിടെ വന്നവരെങ്കിലും ഇനി തരൊല്ലോ.... "

"തരും തരും....പക്ഷേ അത്‌ ഇടാന്‍ വല്ല സ്ഥലവും പറഞ്ഞു കൊടുക്കേണ്ടേ....മാവേലി വരുന്ന മാതിരി വര്‍ഷത്തില്‍ അഞ്ചാറ്‌ തവണ മാത്രം വന്നാല്‍ എങ്ങന്യാ?"ഞാന്‍ ചോദിച്ചു.

"ഉപ്പച്ചീ....മാവേലി വര്‍ഷത്തില്‍ ഒരിക്കലേ വരൂ..." മോള്‍ എന്നെ തിരുത്തി.

"ആ അത്‌ വാഹനങ്ങള്‍ കുറഞ്ഞ അന്ന്‌.....ഇപ്പോ പാതാളത്തിലേക്കൊക്കെ മിനുട്ടിന്‌ മിനുട്ടിന്‌ ഫ്ളൈറ്റാ മോളെ..." ഞാന്‍ അടുത്ത സുമുഖണ്റ്റെ നേരെ നീങ്ങി.

"യാരിദ്‌?" അയാളുടെ നേരെ തിരിഞ്ഞ്‌ ഞാന്‍ ചോദിച്ചു.

"അത്‌ അവനാ.. "

"ങേ!!" ഞാന്‍ ഞെട്ടി

"യാരിദ്‌ അല്ല...ജുനൈദ്‌.. "

"ഓ കെ..... എവിടുന്നാ വരുന്നേ?"

"അയര്‍ലണ്ടീന്ന്‌... "

"അതെവിട്യാ... കൊച്ചിക്കപ്പുറോ?"

"മാഷക്ക്‌ നല്ല ജനറല്‍ നോളജ്‌ ഉണ്ടല്ലോ.....ഉത്തര അയര്‍ലണ്ട്‌...ദക്ഷിണ അയര്‍ലണ്ട്‌... "

"പശ്ചിമ അയര്‍ലണ്ട്‌...പൂര്‍വ്വ്വ അയര്‍ലണ്ട്‌... കഴിഞ്ഞില്ലേ?"

"ആ എനിക്ക്‌ ഞാന്‍ പറഞ്ഞതേ അറിയൂ.... "

"ആ.... ചെറായി വന്നതുകൊണ്ട്‌ രണ്ട്‌ അയര്‍ലണ്ടും കൂടി ഉണ്ട്‌ എന്ന്‌ മനസ്സിലായില്ലേ?പിന്നെ അവിടെ ഏത്‌ ഫീല്‍ഡിലാ കൈല്‌ കുത്തുന്നത്‌?"

"ഫാര്‍മസിസ്റ്റാ... "

"ഈ കുന്തോം തൂക്കിള്ള അണ്റ്റെ നടപ്പ്‌ കണ്ടപ്പളേ എനിക്ക്‌ തോന്ന്യതാ....ഫാം അസിസ്റ്റണ്റ്റാ ന്ന്‌... "

'അല്ലാ ഇതാരാ...ഞാന്‍ രാവിലെ കൂടെ വന്നപ്പം ഇയാള്‍ ഈ ഷേപ്പില്‍ ആയിരുന്നില്ലല്ലോ?ഇത്ര പെട്ടെന്ന്‌ ഷേപ്‌ മാറാന്‍ ?' സംശയത്തോടെ എണ്റ്റെ നേരെ നടന്നു വരുന്ന കഷണ്ടിക്കാരനെ ഞാന്‍ നോക്കി.

"ഞാന്‍ സമാന്തരന്‍.."ആഗതന്‍ പറഞ്ഞു.

"ഹാവൂ...സമാധാനായി...ഞാന്‍ കരുതി അനില്‍@ബ്ളോഗ്‌ ആണെന്ന്‌.... രാവിലെ ഞാന്‍ പുള്ളിയെ കാണുമ്പോ ഇങ്ങിനെ ആയിരുന്നില്ല എന്ന്‌ വിചാരിച്ചതേ ഉള്ളൂ"

"മാഷ്‌ എണ്റ്റെ ഒരു പോസ്റ്റിന്‌ കമണ്റ്റ്‌ ഇട്ടിരുന്നു"

"സമാന്തരത്തിലോ?"

"എണ്റ്റെ കവിതാ പോസ്റ്റില്‍....മാഷെ ഈ ത്റ്‍ക്കഷണ്ടിയിലേക്ക്‌ അത്‌ കയറുന്നില്ല എന്ന്‌...ഞാന്‍ അന്ന്‌ കവിത എഴുത്ത്‌ നിര്‍ത്തി.. "

"ഹാവൂ..... അപ്പോ ഞാന്‍ വലിയൊരു ജീവകാരുണ്യപ്രവര്‍ത്തനം നടത്തി എന്ന്‌ അല്ലേ?"

"അതെന്താ... ?"

"അന്ന്‌ മുതല്‍ ബൂലോകത്തെ എത്ര പേര്‍ രക്ഷപ്പെട്ടു?" അതും പറഞ്ഞ്‌ ഞാന്‍ ഓടി.ഓട്ടത്തില്‍ ഒരു കുറ്റിയില്‍ തട്ടി ഞാന്‍ വീണു.ആരും കണ്ടില്ല.കണ്ടിരൂന്നെങ്കില്‍ എണ്റ്റെ ആ ദയനീയാവസ്ഥ ബൂലോകത്ത്‌ നിറഞ്ഞേനെ.പക്ഷേ അതിന്‌ ശേഷം പരിചയപ്പെട്ടവര്‍ മനസ്സില്‍ ഉറച്ചില്ല.അതിനാല്‍ പരിചയപ്പെടുത്തല്‍ ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. (ഓര്‍മ്മ തെളിയുമ്പോള്‍ തുടരും എന്ന ഭീഷണിയോടെ)

Wednesday, August 05, 2009

ഗഫൂര്‍ ക ദോസ്ത്‌ ചെറായിയില്‍...

എപിസോഡ്‌ ഒന്ന് ....രണ്ട്‌.... മൂന്ന്

കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ എത്തിയതോടെ പന്തലിനകത്ത്‌ ഒറിജിനല്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ വന്ന പോലെ ഉന്തും തള്ളും തിരക്കുമായി.ഞാന്‍ മെല്ലെ പന്തലിന്‌ പുറത്തേക്ക്‌ നീങ്ങി.

"ഉപ്പച്ചീ...അയാളെന്താ ഒരു പുട്ടുംകുറ്റി കഴുത്തില്‍ തൂക്കി നടക്കുന്നത്‌?" ഗേറ്റിനടുത്ത്‌ ക്യാമറയും തൂക്കി നില്‍ക്കുന്ന ആളെ ചൂണ്ടി മോള്‌ ചോദിച്ചു.ഞാന്‍ അങ്ങോട്ട്‌ നോക്കി.

'ഓ...ഇതായിരിക്കും അന്ന് ഒരു പോസ്റ്റില്‍ കണ്ട കരിംകുറ്റി'.ആത്മഗതം ചെയ്തുകൊണ്ട്‌ ഞാന്‍ അയാളുടെ അടുത്തെക്ക്‌ നീങ്ങി.

"ഫോട്ടോ എടുക്കുകയാണോ ?" ഒന്ന് അടുക്കാനായി ഞാന്‍ ഒരു വെറും ചോദ്യമിട്ടു.

"അല്ല....മാങ്ങ പെറുക്കുകയാണ്‌..." ചിരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

"ഒരു ചെറിയ സംശയം കൂടി ?"

"ഓ ചോദിച്ചോളൂ....ചേട്ടന്റെ പേര്‌..?"

"ഓ..അതായിരുന്നോ...ഞാന്‍ ഹരീഷ്‌ തൊടുപുഴ...."

"ഓകെ.ഞാന്‍ അരീക്കോടന്‍...സംശയം അതല്ല...."

"പിന്നെ...??"

"താങ്കള്‍ മൂത്രമൊഴിക്കുന്നത്‌ മേലോട്ടോ താഴോട്ടോ...?ആകെ നനഞ്ഞു കുതിര്‍ന്ന്..."

പുട്ടുംകുറ്റി എടുത്ത്‌ വീശുന്നതിന്‌ മുമ്പേ ഞാന്‍ ഓടി രക്ഷപ്പെട്ടു.

ഓട്ടത്തിനിടയില്‍ ചെറിയ ഒരു ശങ്ക തോന്നിയതിനാല്‍ ഞാന്‍ നേരെ റിസോര്‍ട്ടിലേക്ക്‌ കയറി.അവിടെ സ്ത്രീജനങ്ങളുടെ നടുവില്‍ കല്യാണരാമനായി വാഴക്കോടന്‍.ശങ്കയെ കാറ്റില്‍ പറത്തി(!) ഞാന്‍ അങ്ങോട്ട്‌ കയറിച്ചെന്നു.

"വാഴേ...ഒരു മിനുട്ട്‌...ഒന്ന് പരിചയപ്പെടട്ടെ....ഞാന്‍ അരീക്കോടന്‍.." സ്ത്രീജനങ്ങളുടെ നേരെ തിരിഞ്ഞ്‌ ഞാന്‍ പറഞ്ഞു.

"ഓ...വായിച്ചിട്ടുണ്ട്‌.." കൂട്ടത്തില്‍ ഏറ്റവും പ്രായം തോന്നിക്കുന്ന ചേച്ചി പറഞ്ഞു.

"ആ..ചേച്ചിയുടെ പേര്‌?" ഒരു പിടിവള്ളി കിട്ടിയ ഞാന്‍ അടുത്ത ചോദ്യമിട്ടു.

"കീബോഡ്‌ എടുത്തു കാണിക്കൂ ചേച്ചി..." ഉത്തരം വന്നത്‌ വാഴയുടെ വായില്‍ നിന്നായിരുന്നു.

"ഓ...എഴുത്തുകാരി ചേച്ചി..."ഞാന്‍ പറഞ്ഞു.

"അല്ലാ.....ഇന്നും ബസ്‌ മാറി കയറി അല്ലേ?" വാഴക്കോടന്‍ വെറുതേ ഒന്ന് തട്ടി നോക്കി.

"ആ..അതെങ്ങിനെ അറിഞ്ഞു?ഞാനത്‌ രഹസ്യമാക്കി ഒരു പോസ്റ്റാക്കാനുള്ള ആലോചനയിലായിരുന്നു.."

"ഹ...ഹാ...കാള വാലു പൊക്കുന്നത്‌ കണ്ടാലറിയില്ലേ അത്‌ രണ്ടിനാണെന്ന്..." ചേച്ചി അന്തം വിട്ടു നില്‍ക്കുന്നതിനിടെ വാഴ തുടര്‍ന്നു.

" മുന്നില്‍ വന്ന് നില്‍ക്കുന്ന ബസില്‍ ചാടിയങ്ങ്‌ കയറരുത്‌ ചേച്ചീ....മുഖത്തുള്ള ആ ഭൂതക്കണ്ണാടിയിലൂടെ ഒന്ന് നോക്കാ....പിന്നെ ഒരു നിമിഷം അനലൈസേഷന്‍ നടത്താ...ഇവന്‍ അമ്പത്‌ പൈസ തിരിച്ചു തരോ അതല്ല അമ്പത്‌ പൈസ പിരിച്ചു തരോ...അപ്പോഴേക്കും ആ ബസ്‌ പോയി എങ്ങോട്ടോ പോകുന്ന അടുത്ത ബസ്‌ വന്നിട്ടുണ്ടാവും...അതിലങ്ങ്‌ ഓടിക്കയറി സുന്ദരമായി ചാടിയിറങ്ങാ...ആ അമ്പത്‌ പൈസ കേസങ്ങ്‌ വിട്ടാല്‍ ഈ പുകിലൊന്നും ഉണ്ടാവൂലല്ലോ.."

വാഴയുടെ കത്തിയില്‍ അവസരം കിട്ടാതെ മസില്‍ നൊന്ത്‌ ഞാന്‍ വീണ്ടും പന്തലിനടുത്തേക്ക്‌ നീങ്ങി.

"ആബിദ്ക്കാ.....അറിയോ?" ഒരു തൊപ്പിക്കാരന്‍ എന്നെ ചുറ്റിപ്പിടിച്ച്‌ കോഴിക്കോടന്‍ സ്റ്റൈലില്‍ ചോദിച്ചു.

"അറിയാതെ പിന്നെ.."ഞാന്‍ വെറുതെ തട്ടി വിട്ടു.

"ങാ....ആരാ എന്ന് പറയൂ?"

ആ ചോദ്യം പ്രതീക്ഷിക്കാത്തതിനാല്‍ ഞാന്‍ ശരിക്കും ഞെട്ടി.സംഗതി പുറത്തറിയിക്കാതെ ഞാന്‍ പറഞ്ഞു."ഗഫൂര്‍ ക ദോസ്ത്‌!!!"

"ങേ.... ഗഫൂര്‍ ക ദോസ്തോ?"

"അതേന്ന്....മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചില്‍ അഞ്ചാമതായിരുന്ന ആറാം നമ്പറുകാരന്‍ ഗഫൂറിനെ ഓര്‍മ്മയില്ലേ?" ഞാന്‍ വെറുതേ ഒന്നു കൂടി തട്ടി നോക്കി.

ആഗതന്‍ തലചുറ്റി വീഴുന്നതിന്‌ മുമ്പ്‌ ഇത്രമാത്രം പറഞ്ഞു

"ആറാം നമ്പറും മണ്ണാങ്കട്ടയൊന്നും എനിക്കോര്‍മ്മയില്ല...ഞാന്‍ രസികന്‍..."

"ആ...അത്‌ തന്നെ ഗഫൂര്‍ ക ദോസ്ത്‌ രസികന്‍..."

രസികന്‍ മൂന്നും നാലും അഞ്ചും ആറും കൂട്ടിക്കിഴിക്കുമ്പോള്‍ ഞാന്‍ അടുത്ത ഇരയെ തേടി നടന്നു.

അല്‍പം മുമ്പൊരു പുട്ടുംകുറ്റി....അതിനും കുറച്ചു മുമ്പ്‌ ഒരു തോന്ന്യാസി....ഇപ്പോഴിതാ മുന്നില്‍ പൊക്കം കുറഞ്ഞ ഒരാള്‍ കൂടി.ഉയരം കുറവാണെങ്കിലും കൊച്ചിന്‍ റിഫൈനറിയുടെ പുകക്കുഴലില്‍ നിന്നുമെന്നപോലെ അയാളുടെ മൂക്കിലൂടെ പുക വന്നു കൊണ്ടിരുന്നു.

"ഹലോ.....ഫയര്‍ഫോഴ്സിനെ വിളിക്കണോ?"

"ഹി ഹി ഹീ..എന്താ ...എന്തു പറ്റി?" മനസ്സിലാകാതെ അയാള്‍ ചോദിച്ചു.

"താങ്കളുടെ മൂക്കിലൂടെ പുക..."

"ഹി ഹി ഹീ..അത്‌ വിശന്നിട്ട്‌ കുടല്‌ കത്തുന്നതാ.....അതിന്‌ വയര്‍ഫോഴ്സിനെയാ വിളിക്കേണ്ടത്‌...ഹി ഹി ഹീ.."

"ഈ ഹി ഹി ഹീ....ട്രേഡ്‌മാര്‍ക്കാണല്ലേ?പേര്‌?"

"ഹി ഹി ഹീ..ചാണക്യന്‍..നിങ്ങള്‍?"

"ഞാന്‍ ഹ ഹ ഹാ അരീക്കോടന്‍..." ഒട്ടും കുറയേണ്ട എന്ന് കരുതി ഞാനും വീശി.

'ഹോ...ഇനിയും എത്ര പേര്‍?ഒന്ന് വിശമിച്ചിട്ടാവാം ഇനിയുള്ള പരിചയപ്പെടല്‍'

Tuesday, August 04, 2009

ചെറായിയില്‍ ഒരു ഐരാവതം !!!

പന്തലിനകത്ത്‌ കണ്ട നീലക്കുപ്പായക്കാരന്റെ അടുത്തേക്ക്‌ ഞാന്‍ നീങ്ങി.ഹസ്തദാനം ചെയ്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു: "ഞാന്‍ അരീക്കോടന്‍" "ഞാന്‍ ജി മനു" "ങേ!!എന്താ പറഞ്ഞെ?" "ജി മനു" 'ഗാന്ധിജി,ചാച്ചാജി,നേതാജി തുടങ്ങീ വാലില്‍ ജീ ഉള്ള കുറേ പേരെ കേട്ടിട്ടുണ്ട്‌.എന്നാല്‍ തലയില്‍ ജീ ഉള്ള ഒരുത്തനാദ്യമാ' ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ അടുത്ത കൈ നോക്കി നടന്നു. "ഹലോ...അരീക്കോടനല്ലേ...?" പിന്നില്‍ നിന്നുള്ള സ്ത്രീ ശബ്ദം എന്നെ ഞെട്ടിച്ചു.ആന്ദ്രേ അഗാസിയുടെ കഷണ്ടിയില്‍ സ്റ്റെഫിഗ്രാഫ്‌ മയങ്ങി വീണപോലെ എന്റെ സുന്ദര കഷണ്ടിയെ തിരിച്ചറിഞ്ഞ ആ മഹിളാരത്നത്തെ എനിക്ക്‌ മനസ്സിലായില്ല.ഞാന്‍ പറഞ്ഞു. "അതേ...അരീക്കോടനാണ്‌...നിങ്ങളെ മനസ്സിലായില്ല..." "ഞാന്‍ ബിന്ദു....ബിന്ദു കെ.പി...." പെട്ടെന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ കണക്ക്‌ പഠിപ്പിച്ചിരുന്ന വേലായുധന്‍ മാസ്റ്ററുടെ ക്ലാസ്സിലെത്തി. "ഇന്ന് നമുക്ക്‌ ബിന്ദുവിനെപറ്റി പഠിക്കാം.....കാണാന്‍ പറ്റാത്ത നന്നേ ചെറിയ ഒരു കുത്തിനെയാണ്‌ ബിന്ദു എന്ന് പറയുന്നത്‌..." മുമ്പില്‍ നിന്നാല്‍ പിന്നെ അപ്പുറത്തേക്ക്‌ ഒന്നും കാണാന്‍പറ്റാത്ത ഈ ബിന്ദുവും വേലായുധന്‍ മാസ്റ്റര്‍പറഞ്ഞു തന്ന കാണാന്‍പറ്റാത്ത ബിന്ദുവും തമ്മിലുള്ള 'സാമ്യത' എന്നെ അല്‍പനേരം മൗനിയാക്കി. "ഓ....നന്ദി ചേച്ചീ..." ഭാര്യ അപ്പുറത്ത്‌ നോക്കി നില്‍ക്കുന്നതിനാല്‍ ഞാന്‍ വേഗം തടിയൂരി. "ഉപ്പച്ചീ.....ഉപ്പച്ചീ...ഐരാവതം...ഐരാവതം..."എന്റെ ചെറിയ മോള്‍ അകലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു. "എവിടെ മോളേ ഐരാവതം...?"എനിക്കും ജിജ്ഞാസയായി. "അതാ....ബീച്ചിലേക്ക്‌ ഇറങ്ങുന്ന ഗേറ്റിനടുത്ത്‌..."അവള്‍ അങ്ങോട്ട്‌ ചൂണ്ടി. ഞാന്‍ അങ്ങോട്ട്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച, വീണുപോയ എന്തോ എടുക്കാനായി സജീവേട്ടന്‍ കുനിഞ്ഞു നില്‍ക്കുന്നതാണ്‌.അദ്ദേഹം ഉടുത്തിരിക്കുന്ന വെള്ളമുണ്ട്‌ കണ്ട പാവം എന്റെ മോള്‍....അത്‌ ഐരാവതമാണെന്ന് കരുതി!!! "ഇതെന്താ നിങ്ങള്‍ നായ തൊട്ട കലം പോലെ മാറി നില്‍ക്കുന്നേ?" രണ്ട്‌ പയ്യന്മാര്‍ കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്നത്‌ കണ്ട്‌ ഞാന്‍ അവരോട്‌ ചോദിച്ചു. "ഒന്നുംല്ല...ഞങ്ങള്‍ കണ്ണൂര്‍ക്കാരാ...."അവര്‍ മറുപടി നല്‍കി. "ഓ....അപ്പോ പേടിക്കണം...ഉം എന്താ പേര്‌" "ഹരീഷ്‌....ഹാഷ്‌ എന്ന പേരില്‍ ബ്ലോഗുന്നു...സ്വന്തമായി പോസ്റ്റ്‌ കുറവാ എന്നാലും താങ്കളെപ്പോലുള്ളവരുടെ വേസ്റ്റ്‌ വായിക്കാറുണ്ട്‌..." "ആഹാ...നീ ആളൊരു കില്ലാഡി തന്നെയാ മോനേ...." പെട്ടെന്ന് ഗേറ്റിനടുത്ത്‌ നിന്നും ഒരു കൂകിവിളി ഉയര്‍ന്നു "കൂ...കൂൂ..കൂൂൂ....." പിന്നാലെ പന്തലില്‍ നിന്നും അനൗണ്‍സ്മെന്റും വന്നു "ബൂലോകരുടെ ശ്രദ്ധക്ക്‌....ബാംഗ്ലൂരില്‍ നിന്നും ചെറായി വഴി കായംകുളത്തേക്ക്‌ പോകുന്ന കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ അല്‍പം താമസിച്ച്‌ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ വന്നു കൊണ്ടിരിക്കുന്നു" (സഹികെട്ടോ....ഇന്ന് ഇത്ര മാത്രം.....നാളെ അടുത്ത ഉപദ്രവം വിക്ഷേപ്പിക്കും...)

Monday, August 03, 2009

ചെറായിയിലൂടെ അരീക്കോടന്‍....

(കഥ ഇതുവരെ) ഞാന്‍ മീറ്റ്‌ നടക്കുന്ന സ്ഥലത്തേക്ക്‌ നീങ്ങി.കടലില്‍ നിന്നുള്ള ശക്തമായ കാറ്റില്‍ ഒരു വിധം പിടിച്ചു നില്‍ക്കാന്‍ ഞാന്‍ പാടുപെട്ടു.അപ്പോഴാണ്‌ ഒരു തടിമാടനും കൂടെ ഒരാളും കൂടി എന്റെ അടുത്തേക്ക്‌ വരുന്നത്‌ ഞാന്‍ കണ്ടത്‌.ആ തടിമാടന്‍ ഒന്ന് ആഞ്ഞ്‌ ശ്വാസം വലിച്ചാല്‍ ഞാന്‍ ആ മൂക്കിലൂടെ കയറി അദ്ദേഹത്തിന്റെ എന്റോസ്കോപിയുമായി തിരിച്ചു പോരും.ഗോലിയാത്തിനെ കണ്ട അരീക്കോടനെപ്പോലെ എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കുന്നതിന്‌ മുമ്പേ അയാള്‍ എന്റെ അടുത്തെത്തി.കണ്ണടച്ച്‌ കൈ നീട്ടി ഞാന്‍ പറഞ്ഞു "ഞാന്‍ ഒരു പാവം അരീക്കോടന്‍ ആണേ..." "ഹ ഹാ..."അദ്ദേഹത്തിന്റെ ചിരി ഒരു അട്ടഹാസം പോലെ എനിക്ക്‌ തോന്നി. "നി...നിങ്ങള്‍?"എന്റെ ശബ്ദം തന്നെ പുറത്തേക്ക്‌ വരാത്തതുപോലെ തോന്നി. "ഞാന്‍ പോങ്ങു.... പോങ്ങുമ്മൂടന്‍...." 'ഹൊ...തെങ്ങും കുറ്റി പോലെയുള്ള ഇവന്‌തെങ്ങുമ്മൂടന്‍ എന്നായിരുന്നു യോജിച്ച പേര്‌'ഞാന്‍ ആത്മഗതം ചെയ്തു. "എന്താ പേര്‌ പറഞ്ഞത്‌...?"പോങ്ങുമ്മൂടന്‍ വീണ്ടും ചോദിച്ചു. "അരീക്കോടന്‍..." "എടാ...ഇതിനാ പറഞ്ഞത്‌ മറ്റുള്ളവരുടെ ബ്ലോഗും വായിക്കണം എന്ന്..."കൂടെയുള്ളയാള്‍ പോങ്ങുവിനോട്‌ പറഞ്ഞു. "ഓഹോ...നീ ഒരു വലിയ വായനക്കാരന്‍...പോട കൂവേ"പോങ്ങു പറഞ്ഞു. "ഞാന്‍ നന്ദന്‍...."കൂടെയുള്ളയാള്‍ എന്നോട്‌ പറഞ്ഞു. "ഓ...നന്ദപര്‍വ്വത്തിലെ നന്ദന്‍.."ഞാന്‍ പരിചയമുള്ള പോലെ തട്ടി.പിന്നെ പോങ്ങുവിന്റെ നേരെ തിരിഞ്ഞ്‌ നന്ദന്‍ പറഞ്ഞു:"എടാ...ഇത്‌ ബൂലോകത്തെ നല്ല കവിതകള്‍ എഴുതുന്നവരില്‍ ഒരാള്‍.." "ങേ!!" ഞെട്ടിയത്‌ ഞാനായിരുന്നു.കാരണം ബൂലോകത്ത്‌ ഇന്നേ വരെ ഒരു കവിത ഞാന്‍ എഴുതിയിട്ടില്ലായിരുന്നു. 'നന്ദേട്ടാ....താങ്കള്‍ നന്ദ പര്‍വ്വത്തിലോ അതോ നംഗ പര്‍വ്വതത്തിലോ?'എന്ന ആത്മഗതത്തോടെ ഞാന്‍ അവിടെ നിന്നും മെല്ലെ സ്ഥലം വിട്ടു. അപ്പോഴാണ്‌ കാലില്‍ ആരോ ചൊറിയുന്നതായി എനിക്ക്‌ തോന്നിയത്‌.ഞാന്‍ കുനിഞ്ഞ്‌ നോക്കി. "മാഷേ...ഇത്‌ ഞാനാ...അന്നും ഇന്നും എന്നും..." "ഓ....മനസ്സിലായി....തോന്ന്യാസി..." "അതേ..." "ഇപ്പോഴും കറക്കു കമ്പനിയില്‍ തന്നെ അല്ലേ?" "കറക്കു കമ്പനി നമ്മളെ കറക്കി...തോന്ന്യാസിയുണ്ടോ കറങ്ങുന്നു...നേരെ ചാടി ...മാതൃഭൂമിയിലേക്ക്‌..." "ഓഹോ...അപ്പോ ഇപ്പോള്‍ മാതൃഭൂമിയില്‍ ആണല്ലേ...?" "അതേ മാതൃഭൂമിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്‌..." "ആഹാ...നല്ല ജോലിയാണല്ലോ..." "ഉം....അച്ചന്‌ ചേനക്കഷ്ണം വെട്ടി കൊടുക്കുക,വാഴ പിരിച്ചു നടുക,ഇഞ്ചി പറിക്കുക...അങ്ങനെ നല്ല ജോലി തന്നെ..." "ങേ!!!" "അതേ മാഷേ....സ്വന്തം പറമ്പില്‍ അഥവാ മാതൃഭൂമിയില്‍ ഞാന്‍ ചെയ്യുന്ന ഈ പണികള്‍ വിജയിക്കുമോ എന്ന പരീക്ഷണം...അതും അച്ചന്റെ സഹായിയായി....അതായത്‌ മാതൃഭൂമിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്‌!!!" "ഓഹോ....നല്ല പണി...അല്ല നീ എന്താ മേലോട്ട്‌ നോക്കുന്നത്‌..."ഞാന്‍ ചോദിച്ചു. "നല്ല ചെത്താ..."തോന്ന്യാസി പറഞ്ഞു. "ഓ....ഇത്രേം നീളം കൂടിയ സജി അച്ചായന്‍ ഇവിടെ നില്‍ക്കുന്നത്‌ കണ്ടാവും തോന്ന്യാസി പറഞ്ഞത്‌" അടുത്ത്‌ വന്ന് നില്‍ക്കുന്ന ആള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അയാളെ നോക്കി. 'ആ തോന്ന്യാസി പറഞ്ഞത്‌ പോലെ നല്ല ചെത്ത്‌....ഒരു സായിപ്പ്‌ ലുക്ക്‌...' ഞാന്‍ ആത്മഗതം ചെയ്തു. "അതല്ല അച്ചായാ പറഞ്ഞത്‌...അതാ ആ തെങ്ങിന്റെ മോന്തായത്തിലേക്ക്‌ ഒന്നു നോക്കിയേ...."ഒരാള്‍ ഇരുന്ന് കള്ള്‌ ചെത്തുന്നത്‌ കണ്ടാ തോന്ന്യാസി പറഞ്ഞത്‌.അച്ചായന്റെ മുഖം വിവര്‍ണ്ണമാകുന്നത്‌ കന്യാകുമാരിയിലെ സൂര്യാസ്തയം പോലെ മനോഹരമായിരുന്നു. '"ആള്‌ ഇത്തിരി ആണെങ്കിലും പൊക്കത്തിലുള്ളതേ കാണൂ അല്ലേ?" ഞാന്‍ അവിടെ നിന്നും തടിയൂരി. പെട്ടെന്ന് ഗേറ്റിനടുത്ത്‌ നിന്ന് ഒരു ശബ്ദം "ഠേ...". ചാവേര്‍ പേടിയില്‍ എനിക്ക്‌ തോന്നിയതാവും എന്ന സമാധാനത്തില്‍ ഞാന്‍ മുന്നോട്ട്‌ നടക്കവേ വീണ്ടും ശബ്ദം "ഠേ...". ഗേറ്റില്‍ ആരോ തേങ്ങ എറിയുകയാണ്‌. "അതാ സുല്ലെത്തി..." കുറേ പേര്‍ കൈ പിടിക്കാനായി ഓടിയപ്പോള്‍ എനിക്കും ആളെ മനസ്സിലായി.എല്ലായിടത്തും തേങ്ങ ഉടക്കാറുള്ള സുല്‍ ഇവിടേയും പതിവ്‌ തെറ്റിച്ചില്ല. മറ്റുള്ളവരെ പരിചയപ്പെടാനായി ഞാന്‍ പന്തലിനകത്തേക്ക്‌ നീങ്ങി. (ആ പരിചയപ്പെടലുകള്‍ കേള്‍ക്കണോ...)

Sunday, August 02, 2009

അരീക്കോടന്‍ ചെറായിയില്‍...

യോഗം യോഗം എന്ന്‍പറഞ്ഞാല്‍ വെറും മീറ്റിംഗ് മാത്രമല്ല എന്ന്‍ ചെറായി മീറ്റ് എന്നെ പഠിപ്പിച്ചു.ബൂലോഗ പുലികള്‍ നാട്ടില്‍ നിന്നിറങ്ങി ചെറായി ബീച്ചില്‍ വിഹരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യ രെജിസ്ട്രേഷന്‍ നടത്താനുള്ള യോഗം എനിക്കായിരിക്കും എന്ന്‍ ഞാന്‍ കിനാവില്‍ പോലും കണ്ടില്ല.ഈ മീറ്റിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ യഥാര്ത്ഥ കാരണം അരീക്കോടന്റെ ഉത്ഘാടന രെജിസ്ട്രേഷന്‍ ആയിരുന്നു എന്ന്‍ ഏതെങ്കിലും പുലി നാളെയോ അടുത്ത കൊല്ലമോഅല്ലെങ്കില്‍ സില്‍വര്‍ ജൂബിലി ആഘോഷ സമയത്തോ ആരോപിച്ചാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.

ചെറായിയില്‍ ചെന്നിറങ്ങിയ ഞാനും കുടുംബവും അമരാവതി റിസോര്‍ട്ടിലേക്ക്‌ കയറിച്ചെന്നു.അവിടെ കുറേ സ്ത്രീ ജനങ്ങള്‍ക്കിടയില്‍ കെട്ടിലും മട്ടിലും 'പുത്യാപ്ല'യായി ഒരാള്‍.പിന്നെ ഷേവ്‌ ചെയ്തിട്ട്‌ ഒരാഴ്ചയും കുളിചിട്ട്‌ അതിലും കൂടുതലും പല്ലുതേച്ചിട്ട്‌ അതിനപ്പുറവും ആയി എന്ന് തോന്നിക്കുന്ന മറ്റൊരുത്തനും.

"ഞാന്‍ അരീക്കോടന്‍...."ചെന്ന് കയറിയ ഞാന്‍ സ്വയം പരിചയപ്പെടുത്തി....

"ഞാന്‍ പാവത്താന്‍..."മണവാളനും പരിചയപ്പെടുത്തി.

"മാഷേ ഇതു ഞാനാ....ലിഫ്റ്റ്‌ ടെക്നോളജി പഠിച്ച ആ അന്തപ്പന്‍..."

"ആ അന്റെ ചേലും കോലും കണ്ടപ്പളേ മനസ്സിലായി,ബായക്കോടനാന്ന്...." അപ്പോളാണ്‌ താഴെക്കൂടി ഓടിച്ചാടി നടക്കുന്ന ഒരാളെ ചൂണ്ടി എന്റെ ചെറിയ മെൂള്‍ പറഞ്ഞത്‌.. "അയ്യേ....ഒരാണ്‌ സാരി ഉടുത്തു നടക്കുന്നു!!!" ഞങ്ങളെല്ലാവരും അങ്ങോട്ട്‌ നോക്കി.അവള്‍ പറഞ്ഞത്‌ ശരിയായിരുന്നു.ആണ്‍ കുട്ടികളെപ്പോലെ മുടി ചെറുതാക്കി വെട്ടിയ ഒരു സ്ത്രീ കോണി കയറി വരുന്നു.ഞങ്ങളുടെ അടുത്തെത്തിയ ഉടനെ അവര്‍ പറഞ്ഞു

"ഞാന്‍ ലതി...കോട്ടയം സ്വദേശിനി....ചെറായിയുടെ മരുമകള്‍...."

"ഓ...സംസ്കാരം ചേച്ചീ" വാഴക്കോടന്‍ പറഞ്ഞു.

"ആ...ഇതിലാരാ ഇന്ന് ഗള്‍ഫീന്ന് വന്നത്‌?"

"അതു പിന്നെ നാറ്റം അടിക്കുമ്പോള്‍ അറിയുന്നില്ലേ ചേച്ചീ..."ഞാന്‍ ചോദിച്ചു.

"കണ്ടോ....മാഷ്‌ കാലങ്ങള്‍ക്ക്‌ ശേഷം ആദ്യമായിട്ട്‌ കുളിച്ചതാ ഇന്ന്....ഉണങ്ങാത്ത മുണ്ടും തോളിലിട്ട്‌ നാലാളെ അറിയിക്കുന്നത്‌ കണ്ടില്ലേ?" വാഴ തിരിച്ചടിച്ചു.

"എന്തിനാ ചേച്ചി ഗള്‍ഫുകാരെ ചോദിച്ചത്‌..."

"അതോ...ഗള്‍ഫുകാര്‍ക്കായി ഞാന്‍ ഒരു പ്രത്യേക വിഭവം തയ്യാറാക്കീട്ടുണ്ട്‌....കുമ്പിളപ്പം.."

"അയ്യേ....കുമ്പളങ്ങ അപ്പമോ?"

"അല്ലല്ല...ചക്ക കൊണ്ട്‌ ഉണ്ടാക്കിയതാ...."

"ഓഹോ..."

"പിന്നെ കോട്ടയത്തു നിന്നും ഏറ്റി കൊണ്ടുവന്ന ഒരു ചക്കയുമുണ്ട്‌..."

"അയ്യോ....കോട്ടയത്തു നിന്നും ചക്ക ഏറ്റി കൊണ്ടുവരികയോ?"

"ങാ...അയ്മനം ചക്ക..."

"ഞാന്‍ കേട്ടിട്ടുണ്ടല്ലോ....അത്‌ ഒരു കവിയുടെ പേരല്ലേ?"വാഴക്കോടന്റെ ചോദ്യം ഞങ്ങളെ എല്ലാവരേയും ഞെട്ടിച്ചു.

"ഹ..ഹാ...അത്‌ ചെമ്മനം ചാക്കോ ആണെടാ.."ആരോ പറഞ്ഞു.

"ഓ....ചെറിയൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌....എവെരി ഗോഡ്‌ ഹാസ്‌ എ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ എന്നല്ലേ..." ഡോക്ടര്‍ നാസിന്റെ മുഖത്ത്‌ നോക്കി വാഴക്കോടന്‍ പറഞ്ഞു.നാസ്‌ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ വാഴക്കോടന്‍ തുടര്‍ന്നു. "തന്ത ഡോക്ടര്‍ ആയതുകൊണ്ട്‌ ഡോക്ടര്‍ ആയാല്‍ ഇതൊന്നും തിരിയില്ല...ഇംഗ്ലീഷാ ഞാന്‍ പറഞ്ഞത്‌..." "എടാ വാഴേ....തന്ത ഡോക്ടര്‍ അല്ല....ദന്ത ഡോക്ടര്‍...പല്ല്, പല്ലിന്റെ ഡോക്ടര്‍...മനസ്സിലായോ..." "ഓ..പല്ലിന്റെ ഡോക്ടര്‍..പുല്ലിന്റെ ഡോക്ടര്‍.....ചെറായി ഒരു സംഭവം തന്നെ..." ഇതിനിടയില്‍ ലതിചേച്ചി ഡോക്ടറുടെ അടുത്ത്‌ രണ്ട്‌ പോസ്റ്റര്‍ കൊടുത്തു പറഞ്ഞു. "വൃത്തിയില്‍ ജെന്റ്സ്‌ എന്നും ലേഡീസ്‌ എന്നും എഴുതിയേ...ആ മുറികളുടെ പുറത്ത്‌ ഒട്ടിക്കാനാ...." ഡോക്ടര്‍ ആ പേപ്പര്‍ നാസിന്റെ നേരെ നീട്ടി."വേണ്ട ..നിങ്ങള്‍ തന്നെ എഴുതിക്കോ... " ഡോക്ടര്‍ പിന്നെയും തപ്പുന്നതിനിടയില്‍ ആരോ പറഞ്ഞു"സ്പെല്ലിംഗ്‌ അറിയില്ല അല്ലേ...അത്‌ വാഴക്കോടനോട്‌ ചോദിച്ചാ പോരേ..." "ജെന്റ്‌സ്‌ എന്നെഴുതാന്‍ 'ജി' ആണോ 'ജെ' ആണോ എന്നല്ലേ പ്രശ്നം....കാപിറ്റല്‍ 'ജി' എഴുതി വല്ല്യാപ്പന്റെ കുടക്കാല്‌ പോലെ താഴോട്ട്‌ ഒരു വാലും വരച്ചാല്‍ പ്രശ്നം സോള്‍വായില്ലേ...'ജി' വേണ്ടവര്‍ക്ക്‌ 'ജി','ജെ' വേണ്ടവര്‍ക്ക്‌ 'ജെ'..." "ബായക്കോടാ...ഇജ്ജാ ആണ്‍കുട്ടി..."ഞാന്‍ പറഞ്ഞു. "അല്ലാ ആ ചേച്ചി പോയോ...ലതി എന്നല്ല ലാത്തി എന്നാ കറക്ട്‌ ചേരുന്ന പേര്‌..."വാഴക്കോടന്‍ പറഞ്ഞു. (നാളെ തുടരും...)