Pages

Saturday, March 07, 2009

ഒരു കാന്‍സര്‍ രോഗിയുടെ വാക്കുകള്‍.

ഈ സംഭവം എന്റെ ഭാര്യ എന്നോട്‌ പറഞ്ഞതാണ്‌.അതിനാല്‍ സംഭാഷണം ഇതില്‍ പറയുന്നത്‌ പോലെ തന്നെ ആവാന്‍ തരമില്ല.എങ്കിലും അതിന്റെ ആശയം ഇതു തന്നെയാണ്‌.

കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള പട്ടാള പള്ളിയില്‍ ളുഹര്‍ നമസ്കരിക്കാന്‍ കയറിയതായിരുന്നു എന്റെ ഭാര്യ.ഏറെ നേരം ടൗണിലൂടെ അലഞ്ഞതിനാല്‍ നമസ്കാരത്തിന്‌ ശേഷം അല്‍പം വിശ്രമിക്കാനായി അവള്‍ പള്ളിയില്‍ തന്നെ ഇരുന്നു.

തൊട്ടടുത്ത്‌ ഇരുന്നിരുന്ന ഒരു സ്ത്രീ നമസ്കാരത്തിന്‌ ശേഷം കുശലാന്വേഷണങ്ങള്‍ക്കായി ഭാര്യയുടെ അടുത്തെത്തി.

"എവിട്യാ വീട്‌?" അവര്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു.

"അരീക്കോട്‌....നിങ്ങളോ?"

"തിരൂര്‍"

"ഇവിടെ എന്താ?" ഭാര്യ തിരിച്ചു ചോദിച്ചു.

"ഡോക്ടറെ കാണിക്കാന്‍ വന്നതാ...."

"എന്നിട്ട്‌ കാണിച്ചോ?"

"ഇല്ല.... നാല്‌ മണിക്കാണ്‌ സമയം കിട്ടിയത്‌..?"

"എന്താ അസുഖം?"

അല്‍പനേരത്തെ മൗനത്തിന്‌ ശേഷം അവര്‍ പറഞ്ഞു:"കാന്‍സര്‍"

"ഓഹ്‌...!!"

"ബ്രസ്റ്റ്‌ കാന്‍സര്‍ കാരണം ഒരു സ്തനം അഞ്ച്‌ വര്‍ഷം മുമ്പ്‌ നീക്കം ചെയ്തു.ഇപ്പോള്‍ ഇടക്കിടക്ക്‌ ഡോക്ടറെ കാണിക്കണം....ഇനിയും വരും എന്ന് അവര്‍ പറയുന്നു....അത്‌ ഇനിയും വരോ മോളേ?"

പെട്ടെന്നുള്ള ഷോക്കില്‍ ഒന്നും പറയാനാവാതെ നിന്ന എന്റെ ഭാര്യയെ നോക്കി അവര്‍ ഇതുകൂടി പറഞ്ഞു:

"അവിടെ ചെന്നാല്‍ എന്റേതൊന്നുമല്ല അസുഖം....എല്ലിന്‌ കാന്‍സര്‍ ബാധിച്ചവര്‍,മജ്ജക്ക്‌ ബാധിച്ചവര്‍ അങ്ങിനെ അങ്ങിനെ നരക യാതന അനുഭവിക്കുന്നവര്‍ എത്രയാ മോളേ?"

എന്റെ ഭാര്യ ഒരു നെടുവീര്‍പ്പിട്ടു.ചെറിയ ഒരു വേദനയോ അസ്വസ്ഥതയോ തോന്നുമ്പോഴേക്കും എന്തോ മാരക രോഗം ഉണ്ടെന്ന് സംശയം തോന്നുന്ന അവളോടാണ്‌ മരണം മുന്നില്‍ കാണുന്ന ഒരു കാന്‍സര്‍ രോഗി ഇത്രയും നിര്‍ഭയമായി സംസാരിച്ചത്‌.നമ്മിലോരോരുത്തരും ഈ വാക്കുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

"എന്താ അസുഖം?"

അല്‍പനേരത്തെ മൗനത്തിന്‌ ശേഷം അവര്‍ പറഞ്ഞു:"കാന്‍സര്‍"

"ഓഹ്‌...!!"

സമാന്തരന്‍ said...

വെറുതെയിരിക്കുമ്പോളോ സൌകര്യമുണ്ടാക്കിയോ ഒരു ആശുപത്രി(കാന്‍സര്‍ പോലുള്ള) സന്ദര്‍ശനമോ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളോ ചെയ്യുമ്പോള്‍ ലഭിക്കുന്നത് ഒരു ദിവസം കൂടുതല്‍ ജീവിക്കാനുള്ള ഊര്‍ജ്ജമാണ് ‍. രോഗിയോട് ആശ്വാസവാക്കുകള്‍ പറയുമ്പോള്‍ ആശ്വസിക്കുന്നത് അത് പറയുന്നവരാ‍ണ് .‍രോഗിക്ക്ആത്മവിശ്വാസമുണ്ടാകുന്നത് അരീക്കോടന്‍ പറഞ്ഞതു പോലുള്ള അനുഭവങ്ങളിലൂടെ യും ‍

Areekkodan | അരീക്കോടന്‍ said...

സമാന്തരന്‍...സ്വാഗതം.എല്ലാവരും ചെവികൊള്ളേണ്ട ഉപദേശം നല്‍കിയതിന്‌ നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക