Pages

Wednesday, March 25, 2009

ഞാന്‍ എത്ര ഭാഗ്യവാന്‍

കിഡ്‌നി സംബന്ധമായ അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന ഒരു ബന്ധുവിനെ കാണാനായി ഒരു ദിവസം ഞാന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പോയി. കിഡ്‌നി ഏകദേശം മുഴുവന്‍ പ്രവര്‍ത്തന രഹിതമായി മാറിക്കഴിഞ്ഞതിനാല്‍ ഡയാലിസിസ്‌ വഴിയാണ്‌ എണ്റ്റെ ബന്ധു ജീവിതം മുന്നോട്ട്‌ നീക്കുന്നത്‌. സ്കൂള്‍ ക്ളാസുകളിലെവിടെയോ ഡയാലിസിസ്‌ എന്ന പ്രക്രിയയെപറ്റി കേട്ടിട്ടുള്ള എനിക്ക്‌ അതിണ്റ്റെ ഭീകരാവസ്ഥ നേരിട്ട്‌ മനസ്സിലാക്കാന്‍ പറ്റിയത്‌ ബന്ധുക്കളിലൊരാള്‍ ഈ പ്രക്രിയക്ക്‌ വിധേയമാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്‌. മെഡിക്കല്‍ കോളേജിണ്റ്റെ നെഫ്രോളജി വിഭാഗം ഐ.സി.യുവിലേക്ക്‌ ഞാന്‍ കയറിച്ചെന്നു. ഐ.സി. യു എന്ന പേര്‌ മുമ്പേ മനസ്സില്‍ ഒരു ഭീകരമുഖം വരച്ചിട്ടിരുന്നതിനാല്‍അല്‍പം ഭയത്തോടെയാണ്‌ ഞാന്‍ അങ്ങോട്ട്‌ കയറിയത്‌.പ്രൈവറ്റ്‌ ആശുപത്രിയിലെ ഐ.സി. യുമാത്രം കണ്ടു പരിചയമുണ്ടായിരുന്ന എനിക്ക്‌ ഇത്‌ ഒരു ഐ.സി. യു തന്നെയാണോ എന്ന സംശയവുംഉണ്ടായി.നിറയെ രോഗികള്‍!!കുട്ടികളും യുവാക്കളും സ്ത്രീകളും വൃദ്ധജനങ്ങളും അടങ്ങുന്നവര്‍. അവരെ പരിചരിക്കാന്‍ സാധാരണ വാര്‍ഡില്‍ നില്‍ക്കുന്ന പോലെധാരാളം ബന്ധുക്കളും. രോഗികള്‍ എല്ലാവരും തന്നെ ഡയാലിസിസിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ ആണെന്ന്‌ അവിടെ നില്‍ക്കുന്ന എണ്റ്റെ ഒരു ബന്ധുപറഞ്ഞറിഞ്ഞു. ഒരുവിധത്തില്‍ അത്രയും ആളുകള്‍ അവരെ പരിചരിക്കാന്‍ നിന്നതിനെ ഞാന്‍ അനുകൂലിച്ചു. തങ്ങള്‍ ഒറ്റപ്പെട്ടിട്ടില്ല എന്ന തോന്നല്‍ രോഗികളില്‍ ഉണ്ടാക്കാന്‍ ബന്ധുജനങ്ങളുടെ ഈ സാമീപ്യം സഹായകമാകും. എന്നാല്‍ ഈ സന്ദര്‍ശനം എന്നില്‍ ഉണ്ടാക്കിയ ചിന്ത മറ്റൊന്നാണ്‌. വളരെ ചെറുപ്പത്തില്‍ തന്നെ അസുഖം പിടിപെട്ട്‌ ഡയാലിസിസ്‌ വഴി മാത്രം ജീവിതം മുന്നോട്ട്‌ നയിക്കുന്ന കുട്ടികളും യുവതീ യുവാക്കളും അടങ്ങുന്ന ഈ സമൂഹത്തെ അപേക്ഷിച്ച്‌ ചെറിയ ചെറിയഅസുഖങ്ങള്‍ എപ്പോഴെങ്കിലും മാത്രം അലട്ടുന്ന ഞാന്‍ എത്ര എത്ര ഭാഗ്യവാന്‍. അതേ നിങ്ങളുടെ ജീവിതത്തിണ്റ്റെ അനുഗ്രഹങ്ങള്‍ ബോധ്യപ്പെടാന്‍ എപ്പോഴെങ്കിലും ആശുപത്രികള്‍ സന്ദര്‍ശിക്കുക.

Tuesday, March 17, 2009

"അര്‍ജുനന്‌ യുദ്ധം പുല്ലല്ലേ ടീച്ചര്‍?"

B Ed-ന്‌ പഠിക്കുന്ന കാലം.ഷൌക്കത്ത്‌ സാറിണ്റ്റെ സോഷ്യോളജി ക്ളാസ്‌ ജനറല്‍ ക്ളാസ്‌റൂമിലായതിനാലും ഉച്ചസമയത്തിലായതിനാലും, ക്ളാസിന്‌ തൊട്ടുതാഴെ പാലസ്‌ ഹോട്ടലില്‍ നിന്ന്‌ പൊങ്ങിവന്ന ബിരിയാണിയുടെ വാസനയില്‍ മുങ്ങി അറിയാതെ കടന്നുപോയി.ഉച്ചക്ക്‌ ശേഷം ഓപ്ഷണല്‍ സബ്ജക്ടിണ്റ്റെ ക്ളാസാണ്‌.കുടുസ്സായ ക്ളാസ്‌മുറിയില്‍ വാഗണ്‍ട്രാജഡിയെ ഓര്‍മ്മിപ്പിച്ച്‌ എന്നും ഞങ്ങള്‍ മുപ്പത്‌ പേര്‍ കുത്തിത്തിരക്കി ഇരുന്നു.അന്ന്‌ ആ ക്ളാസ്സില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നാലോചിച്ച്‌ നില്‍ക്കുമ്പോഴാണ്‌ തലേന്ന്‌ ക്ളാസില്‍ വായിച്ച നോട്ടീസ്‌ എണ്റ്റെ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞത്‌.

"ഈ വര്‍ഷത്തെ ഇണ്റ്റര്‍ക്ളാസ്‌ ചെസ്ചാമ്പ്യന്‍ഷിപ്‌ നാളെ ഉച്ചക്ക്‌ ശേഷം ലൈബ്രറി ഹാളില്‍ വച്ച്‌ നടക്കുന്നതാണ്‌.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഉച്ചക്ക്‌ ഒന്നരമണിക്ക്‌ ലൈബ്രറി ഹാളില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌." രക്ഷപ്പെടാന്‍ ഒരു പിടിവള്ളി കിട്ടിയതില്‍ എണ്റ്റെ മനസ്സില്‍ തൃശൂറ്‍ പൂരം അരങ്ങേറി.

'ടീച്ചര്‍ വരട്ടെ....സമ്മതം വാങ്ങി പോയാല്‍ അറ്റന്‍ഡന്‍സിന്‌ പിന്നീട്‌ യാചിക്കേണ്ട....' മനസ്സില്‍ കരുതിക്കൊണ്ട്‌ ഞാന്‍ ക്ളാസ്സില്‍ തന്നെ ഇരുന്നു.

തൊട്ടപ്പുറത്ത്‌ ഉര്‍ദു ക്ളാസില്‍ നിന്നും ബഹളം ഉയരുന്നുണ്ട്‌.ഉര്‍ദു ടീച്ചര്‍ ഒരു മാവേലി ആയിരുന്നതിനാല്‍ ബഹളം അവിടെ പതിവായിരുന്നു.കൃത്യസമയത്ത്‌ തന്നെ ഞങ്ങളുടെ ടീച്ചര്‍ എത്തി.പ്രാഥമിക കര്‍മ്മമായ അറ്റന്‍ഡന്‍സ്‌ വിളിച്ചു.ദ്വിതീയ കര്‍മ്മത്തിലേക്ക്‌ കടക്കും മുമ്പ്‌ ഞാന്‍ മെല്ലെ എണീറ്റു നിന്നു.

"ഉം....എന്താ ഇന്നത്തെ കോള്‌?" സ്ഥിരം പുള്ളിയായതിനാല്‍ ഞാന്‍ പൊങ്ങിയതിന്‌ പിന്നാലെ ടീച്ചറുടെ ചോദ്യം വന്നു.

"ടീച്ചര്‍.....ഇന്നാണ്‌ സെസ്‌ മത്സരം...."ഉത്തരം പറയുന്നതിനിടയില്‍ എണ്റ്റെ നാവൊന്നിടറി.

"ങേ...സെക്സ്‌ മത്സരമോ?" സഹപാഠികളുടെ കൂട്ടച്ചിരിക്കിടയിലൂടെ ടീച്ചറുടെ അത്ഭുതം കൂറിയ ചോദ്യം വന്നു.

"സോറി ടീച്ചര്‍.....ചെസ്‌ മത്സരം.... ഞാന്‍ ഒരു മത്സരാര്‍ത്ഥിയാണ്‌"

"ഓ....ചെസ്‌ മത്സരം...ഓകെ യൂ കാന്‍ പാര്‍ട്ടിസിപേറ്റ്‌....പക്ഷേ മത്സരം തീര്‍ന്നാലുടന്‍ ക്ളാസ്സില്‍ തിരിച്ചെത്തണം..... "

എണ്റ്റെ പ്ളാനിന്‌ കടക വിരുദ്ധമായിരുന്നെങ്കിലും താല്‍കാലിക രക്ഷ നേടിയ സന്തോഷത്തില്‍ ഞാന്‍ ക്ളാസില്‍ നിന്നും പുറത്തിറങ്ങി നേരെ ലൈബ്രറി ഹാളിലേക്ക്‌ നടന്നു.വലുപ്പം കൊണ്ട്‌ വലിയ മാസ്റ്റര്‍മാരും (ഗ്രാണ്റ്റ്‌ മാസ്റ്റര്‍) എന്നെപ്പോലെയുള്ള ഇമ്മിണി ബല്യ മാസ്റ്റര്‍മാരും അടക്കമുള്ളവര്‍ അവിടെ നിരന്ന്‌ കഴിഞ്ഞിരുന്നു.

ചെസ്‌ ഇതുവരെ കളിച്ചിട്ടില്ലാത്ത ഞാന്‍ എണ്റ്റെ എതിരാളിയെ ഒന്ന്‌ നോക്കി - ഉര്‍ദു ക്ളാസ്സിലെ 'കട്ടപൊഹ'യായ ഫൈസല്‍ ! രണ്ട്‌ മിനുട്ട്‌ കൊണ്ട്‌ തീര്‍ത്തുവിട്ടേക്കാവുന്ന കേസ്‌!!!മത്സരത്തിനായി ഞങ്ങള്‍ മുഖാമുഖം ഇരുന്നു.ആദ്യ നീക്കം ഞാന്‍ തന്നെ നടത്തി.ആദ്യത്തെ ചില നീക്കങ്ങള്‍ പലരും കണ്ണുമടച്ച്‌ ചെയ്യുന്നത്‌ കണ്ടിട്ടുള്ള ഞാന്‍ അവണ്റ്റെ നീക്കങ്ങള്‍ ആ സമയത്ത്‌ ശ്രദ്ധിച്ചതേ ഇല്ല.

കളി രണ്ട്‌ മിനുട്ട്‌ പിന്നിട്ടതേയുള്ളൂ. ഫൈസല്‍ വിളിച്ചു :"ചെക്ക്‌"

"എനിക്കോ ?" ഞാന്‍ ചോദിച്ചു.

"അല്ല... നിണ്റ്റെ കിങ്ങിന്‌?"

"ങേ...അതെന്താ സാധനം?" കളിയുടെ ഒരു ഏബിസിഡിയും അറിയാതിരുന്ന ഞാന്‍ ചോദിച്ചു.

"ഹ ഹാ...നിണ്റ്റെ രാജാവിനെ ഞാന്‍ വെട്ടുന്നു എന്ന്‌..." ചുറ്റുമുള്ളവരുടെ കൂട്ടച്ചിരിക്കിടയില്‍ ഫൈസല്‍ പറഞ്ഞു.

"രാജാവ്‌ പോകട്ടെ...ബാക്കി ആളെ വച്ച്‌ ഞാന്‍ പയറ്റി നോക്കട്ടെ..." എണ്റ്റെ ഉത്തരം അതായിരുന്നു.

"ഹ ഹാ..." വീണ്ടും കൂട്ടച്ചിരി മുഴങ്ങുന്നതിനിടെ അടുത്ത മത്സരാര്‍ത്ഥികള്‍ക്ക്‌ ഇരിക്കാനായി ആരോ എന്നെ എഴുന്നേല്‍പ്പിച്ചു.

ഇനി എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വശം കെട്ടു.ടീച്ചര്‍ പറഞ്ഞ പ്രകാരം ക്ളാസ്സിലേക്ക്‌ തന്നെ തിരിച്ചു പോകണം.'ഇറങ്ങിയിട്ട്‌ അഞ്ച്‌ മിനുട്ടായിട്ടില്ല,അതിന്‌ മുമ്പേ തിരിച്ചു ചെന്നാല്‍ ? ആരെങ്കിലും മത്സരത്തിണ്റ്റെ റിസല്‍ട്ട്‌ ചോദിച്ചാല്‍ ?ഛെ...വേണ്ടില്ലായിരുന്നു....ഇന്ന്‌ ആരും ചോദിച്ചില്ലെങ്കിലും നാളെ കോളേജ്‌ മുഴുവന്‍ എണ്റ്റെ കളിയുടെ വാര്‍ത്ത ഫ്ളാഷാകും'. ടോട്ടല്‍ കണ്‍ഫ്യൂഷനില്‍ ഞാന്‍ ക്ളാസ്സിലേക്ക്‌ നീങ്ങി.

"ഹ....ഇത്ര എളുപ്പം കഴിഞ്ഞോ?" വാതിലില്‍ എണ്റ്റെ മുഖം കണ്ട പാടേ ടീച്ചര്‍ ചോദിച്ചു.

"അര്‍ജുനന്‌ യുദ്ധം പുല്ലല്ലേ ടീച്ചര്‍?" എന്ന മറുചോദ്യത്തോടെ ഞാന്‍ മെല്ലെ സീറ്റില്‍ പോയിരുന്നു.

Thursday, March 12, 2009

എഡിസണും എണ്റ്റെ മോളും

നാലാം ക്ളാസ്സില്‍ പഠിക്കുന്ന എണ്റ്റെ മകള്‍ LSS സ്കോളര്‍ഷിപ്പ്‌ പരീക്ഷക്കായി തയ്യാറെടുത്ത്‌ കൊണ്ടിരിക്കുന്ന സമയം.ഞാന്‍ നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ പ്രസ്തുത പരീക്ഷയും ഇന്നത്തെ പരീക്ഷയും തമ്മിലുള്ള വ്യത്യാസം അവളുടെ പഠനത്തില്‍ നിന്നും ഞാന്‍ നേരിട്ട്‌ മനസ്സിലാക്കി.

പലതരത്തിലുള്ള കളക്ഷന്‍ ബുക്കുകളാണ്‌ പരീക്ഷയുടെ ഒരു പ്രധാന ഭാഗം.മാത്‌സ്‌ കളക്ഷന്‍ , മലയാളം കളക്ഷന്‍,പരിസ്ഥിതി പഠന കളക്ഷന്‍ അങ്ങനെ അങ്ങനെ എന്തൊക്കെയോ...ഇതില്‍ മലയാളം കളക്ഷനാണ്‌ എണ്റ്റെ മോള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌.കാരണം അതില്‍ പഴംചൊല്ലുകള്‍,കടംകഥകള്‍,കഥകള്‍,കവിതകള്‍ തുടങ്ങിയവ എഴുതാനാണ്‌ കൂടുതലും.അതിനാല്‍ തന്നെ,കിട്ടുന്ന ബാലപ്രസിദ്ധീകരണങ്ങള്‍ എല്ലാം ഒറ്റ ഇരുപ്പിന്‌ വായിച്ചുതീര്‍ക്കുന്ന മോള്‍ക്ക്‌ ,മിക്ക ദിവസങ്ങളിലും മലയാളം കളക്ഷന്‍ ബുക്ക്‌ കുഞ്ഞുകഥകള്‍ കൊണ്ടും കവിതകള്‍ കൊണ്ടും നിറക്കലായിരുന്നു പ്രധാന ജോലി.

അങ്ങനെ മലയാളം കളക്ഷന്‍ ബുക്ക്‌ മുഴുവനാക്കാന്‍ ഏതാനും പേജുകള്‍ മാത്രം ബാക്കിയുള്ള ഒരു ദിവസം.രാവിലെ കുളിച്ചതിന്‌ ശേഷം പുസ്തകമെടുത്ത്‌ അവള്‍ എഴുതാന്‍ തുടങ്ങി.വെള്ളം തോരാത്ത മുടിയില്‍ നിന്ന്‌ പെട്ടെന്ന്‌ ഒരു തുള്ളി വെള്ളം പുസ്തകത്തിലേക്ക്‌ ഇറ്റി വീണു.മഷിപ്പേന കൊണ്ട്‌ എഴുതിയ പുസ്തകത്തിലെ അക്ഷരങ്ങള്‍ പടരുന്നത്‌ കണ്ട അവള്‍ അത്‌ കൈ കൊണ്ട്‌ തുടച്ചു.ആ വാക്യം മുഴുവന്‍ മഷി പടര്‍ന്ന്‌ വൃത്തികേടായി.

സങ്കടവും ദ്വേഷ്യവും സഹിക്കാനാവാതെ അവള്‍ വിളിച്ചു - "ഉമ്മാ......... "

"എന്താ..... "

"ഹ്‌..ഹ്‌'...ഹും....ഇതാകെ... "

"എന്താ പറ്റ്യേ?"

"ഞാന്‍ എഴുത്യേത്‌ നനഞ്ഞ്‌ മഷി പരന്ന്‌... "

"സാരല്ല...അത്‌ മാറ്റി എഴുത്യാ പോരേ.. "

"ഞാനിത്ര്യം എഴുതീട്ട്‌..." അവള്‍ കരയാന്‍ തുടങ്ങി.

"അതിന്‌ ഞാന്‍ എന്തു ചെയ്യാനാ.... നീ കരഞ്ഞതുകൊണ്ട്‌ അത്‌ ശരിയാവോ?നീ ഐന്‍സ്റ്റീണ്റ്റെ കഥ കേട്ടിട്ടില്ലേ? (എഡിസണിണ്റ്റെ കഥയാണ്‌ ഭാര്യ ഉദ്ദേശിച്ചത്‌)"

"ഇല്ല !!!" ദ്വേഷ്യത്തോടെ മകള്‍ പറഞ്ഞു.

"അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ അപ്പപ്പോള്‍ ഒരു പുസ്തകത്തില്‍ എഴുതി വച്ചിരുന്നു.ഒരു ദിവസം അദ്ദേഹത്തിണ്റ്റെ നായ പരീക്ഷണ മുറിയിലെ ഒരു മെഴുകുതിരി തട്ടിമറിച്ചു.തീ പടര്‍ന്ന്‌ , അവിടെ വച്ചിരുന്ന പുസ്തകത്തിലേക്കും എത്തി.പുസ്തകം മുഴുവന്‍ കത്തിച്ചാമ്പലായി. നാളതുവരെ നടത്തിയ പരീക്ഷണങ്ങള്‍ മറ്റെവിടെയും രേഖപ്പെടുത്തിയിരുന്നില്ല.എന്നിട്ടും മഹാനായ ആ ശാസ്ത്രജ്ഞന്‍ നായയെ ഒരുപദ്രവവും ചെയ്തില്ല എന്ന്‌ മാത്രമല്ല അതിനെ സ്നേഹത്തോടെ തലോടി.ഇനി നീ ഒന്ന്‌ ആലോചിച്ച്‌ നോക്കുക . നിണ്റ്റെ പുസ്തകത്തില്‍ നിണ്റ്റെ തലയില്‍ നിന്ന്‌ വീണ ഒരു തുള്ളി വെള്ളം മഷി പടര്‍ത്തിയപ്പോള്‍ നീ ഇത്രയും ദ്വേഷ്യപ്പെടാന്‍ പാടുണ്ടോ?"

അതെ നാം എല്ലാവരും ചിന്തിക്കുക .

Saturday, March 07, 2009

ഒരു കാന്‍സര്‍ രോഗിയുടെ വാക്കുകള്‍.

ഈ സംഭവം എന്റെ ഭാര്യ എന്നോട്‌ പറഞ്ഞതാണ്‌.അതിനാല്‍ സംഭാഷണം ഇതില്‍ പറയുന്നത്‌ പോലെ തന്നെ ആവാന്‍ തരമില്ല.എങ്കിലും അതിന്റെ ആശയം ഇതു തന്നെയാണ്‌.

കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള പട്ടാള പള്ളിയില്‍ ളുഹര്‍ നമസ്കരിക്കാന്‍ കയറിയതായിരുന്നു എന്റെ ഭാര്യ.ഏറെ നേരം ടൗണിലൂടെ അലഞ്ഞതിനാല്‍ നമസ്കാരത്തിന്‌ ശേഷം അല്‍പം വിശ്രമിക്കാനായി അവള്‍ പള്ളിയില്‍ തന്നെ ഇരുന്നു.

തൊട്ടടുത്ത്‌ ഇരുന്നിരുന്ന ഒരു സ്ത്രീ നമസ്കാരത്തിന്‌ ശേഷം കുശലാന്വേഷണങ്ങള്‍ക്കായി ഭാര്യയുടെ അടുത്തെത്തി.

"എവിട്യാ വീട്‌?" അവര്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു.

"അരീക്കോട്‌....നിങ്ങളോ?"

"തിരൂര്‍"

"ഇവിടെ എന്താ?" ഭാര്യ തിരിച്ചു ചോദിച്ചു.

"ഡോക്ടറെ കാണിക്കാന്‍ വന്നതാ...."

"എന്നിട്ട്‌ കാണിച്ചോ?"

"ഇല്ല.... നാല്‌ മണിക്കാണ്‌ സമയം കിട്ടിയത്‌..?"

"എന്താ അസുഖം?"

അല്‍പനേരത്തെ മൗനത്തിന്‌ ശേഷം അവര്‍ പറഞ്ഞു:"കാന്‍സര്‍"

"ഓഹ്‌...!!"

"ബ്രസ്റ്റ്‌ കാന്‍സര്‍ കാരണം ഒരു സ്തനം അഞ്ച്‌ വര്‍ഷം മുമ്പ്‌ നീക്കം ചെയ്തു.ഇപ്പോള്‍ ഇടക്കിടക്ക്‌ ഡോക്ടറെ കാണിക്കണം....ഇനിയും വരും എന്ന് അവര്‍ പറയുന്നു....അത്‌ ഇനിയും വരോ മോളേ?"

പെട്ടെന്നുള്ള ഷോക്കില്‍ ഒന്നും പറയാനാവാതെ നിന്ന എന്റെ ഭാര്യയെ നോക്കി അവര്‍ ഇതുകൂടി പറഞ്ഞു:

"അവിടെ ചെന്നാല്‍ എന്റേതൊന്നുമല്ല അസുഖം....എല്ലിന്‌ കാന്‍സര്‍ ബാധിച്ചവര്‍,മജ്ജക്ക്‌ ബാധിച്ചവര്‍ അങ്ങിനെ അങ്ങിനെ നരക യാതന അനുഭവിക്കുന്നവര്‍ എത്രയാ മോളേ?"

എന്റെ ഭാര്യ ഒരു നെടുവീര്‍പ്പിട്ടു.ചെറിയ ഒരു വേദനയോ അസ്വസ്ഥതയോ തോന്നുമ്പോഴേക്കും എന്തോ മാരക രോഗം ഉണ്ടെന്ന് സംശയം തോന്നുന്ന അവളോടാണ്‌ മരണം മുന്നില്‍ കാണുന്ന ഒരു കാന്‍സര്‍ രോഗി ഇത്രയും നിര്‍ഭയമായി സംസാരിച്ചത്‌.നമ്മിലോരോരുത്തരും ഈ വാക്കുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.