Pages

Wednesday, December 31, 2008

ന്യൂ ഇയര്‍ റിക്കാര്‍ഡ്‌ !!!

ക്രിസ്തുമസ്‌ പിറ്റേന്ന് മിക്കവാറും ഒരു പത്രവും പ്രസിദ്ധീകരിക്കാറില്ല.കേരള ജനതക്ക്‌ തലേന്നത്തെ 'ഹാങ്ങോവര്‍' മാറി വെളിവുണ്ടാകുമ്പോള്‍ വായിക്കട്ടെ എന്ന് കരുതിയായിരിക്കും ഡിസ:27 -ന്റെ പത്രം വാര്‍ത്തകള്‍ കുത്തിനിറച്ചാണ്‌ വരുന്നത്‌!!തലേന്നിന്റെ തലേന്ന് വെളിച്ചപ്പാടായവരും അല്ലാത്തവരും ഡിസ:27 -ലെ ഈ വാര്‍ത്ത കണ്ടാല്‍ ഞെട്ടിപ്പോകും.

അതെ....ക്രിസ്തുമസ്‌ ആഘോഷങ്ങളുടെ മൂന്ന് ദിനങ്ങളില്‍ കേരളജനത 55.08 കോടി രൂപയുടെ മദ്യം മോന്തിക്കുടിച്ച്‌ തിമര്‍ത്താടി.കേരളത്തിന്റെ ഔദ്യോഗിക മദ്യവിതരണക്കാരായ ബീവറേജസ്‌ കോര്‍പറേഷന്റെ കണക്കാണിത്‌.ഇതിന്‌ പുറമെ, വ്യാജനും അല്ലാത്തതുമായ 'വെള്ളത്തിലാറാടാന്‍' കോടികള്‍ പിന്നെയും ചെലവിട്ടിട്ടുണ്ടാകും എന്ന് തീര്‍ച്ചയാണ്‌.

മദ്യത്തിന്റെ ഭവിഷ്യത്തുകളെപ്പറ്റി എല്ലാ മതങ്ങളും മതനിരാസരും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുമ്പോഴും , വില്‍പന റിക്കാര്‍ഡില്‍ നിന്നും റിക്കാര്‍ഡിലേക്ക്‌ പറക്കുന്നത്‌ സാംസ്കാരിക കേരളത്തിന്റെ അധ:പതനത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.ഒറ്റ ദിവസത്തെ ആഘോഷമല്ലേ,വല്ലപ്പോഴുമല്ലേ,ഇതൊന്നുമില്ലാതെ ഇക്കാലത്ത്‌ പിന്നെ എന്താഘോഷം തുടങ്ങീ നിരവധി മറുചോദ്യങ്ങള്‍ നിരത്താനുണ്ടാകും.പക്ഷേ ഒറ്റ ദിവസത്തില്‍ തുടങ്ങി അത്‌ എല്ലാ ആഘോഷവേളകളിലും വിശേഷാവസരങ്ങളിലും ആവര്‍ത്തിച്ച്‌ പിന്നെ അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ കേരളം എത്തിച്ചേരുന്ന കാലം അതിവിദൂരമല്ല.

ഒരു പ്രത്യേക വിഭാഗം മാത്രം ആഘോഷിക്കുന്ന ക്രിസ്തുമസിന്‌ ഇത്ര കോടി രൂപയുടെ മദ്യം ചെലവായെങ്കില്‍ എല്ലാവരും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഇന്നത്തെ "ന്യൂഇയര്‍ ഈവ്‌" നോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ കേരളത്തെരുവുകളില്‍ കൂടി എത്ര കോടി രൂപയുടെ മദ്യം ഒഴുകുമോ ആവോ ? കേഴുക ദൈവത്തിന്റെ സ്വന്തം നാടേ...

ഇന്ന് നിങ്ങള്‍ പൊടിപൊടിക്കാന്‍ ഉദ്ദേശിക്കുന്ന സംഖ്യ സ്വന്തത്തിനോ കുടുംബത്തിനോ സമൂഹത്തിനോ ഉപകാരപ്രദമാകുന്ന എന്തെങ്കിലും ഒരാവശ്യത്തിന്‌ മാറ്റിച്ചെലവഴിച്ച്‌ ഈ വര്‍ഷം പുതിയൊരു മാതൃക സൃഷ്ടിക്കണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു......പുത്തനാണ്ടാശംസകള്‍.

Monday, December 29, 2008

ട്രെയ്‌നിന്റെ നീളം ...

പരീക്ഷ ആരംഭിക്കാനുള്ള മണി മുഴങ്ങി.അസീസ്‌ സാര്‍ ചോദ്യ പേപ്പര്‍ വിതരണം ചെയ്യാന്‍ തുടങ്ങി.Abcd സോറി Abid എന്ന ചെറുതും സുന്ദരവും ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ആദ്യ നാലില്‍ മൂന്ന് അക്ഷരങ്ങളും വരുന്നതുമായ പേര്‌ എന്റേത്‌ മാത്രമായതിനാല്‍ ക്ലാസ്സില്‍ ഒന്നാം സീറ്റില്‍ തന്നെ ഇടം കിട്ടിയ എനിക്ക്‌ തന്നെയായിരുന്നു ആദ്യ ചോദ്യപേപ്പര്‍ ഏറ്റുവാങ്ങേണ്ട യോഗവും.ഒരു ഐശ്വര്യ(റായ്‌) പുഞ്ചിരിയോടെ ഞാന്‍ അസീസ്‌ സാറില്‍ നിന്നും ചോദ്യപേപ്പര്‍ സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വീണക്കമ്പികള്‍ പോലെ വലിഞ്ഞ്‌ മുറുകി തന്നെ നിന്നു. 

ഞാന്‍ ചോദ്യ പേപ്പറിലൂടെ കണ്ണോടിച്ചു.
ആദ്യ ചോദ്യം - Which is the equation of a straight line? 
"എന്റമ്മോ??എത്ര ഈസി..." എന്റെ മനസ്സിന്‌ ഉത്തരം തൂറാന്‍ മുട്ടി.കൃത്യസ്ഥലത്ത്‌ തന്നെ ആ കൃത്യം നിര്‍വ്വഹിച്ച്‌ ഞാന്‍ അടുത്ത ചോദ്യത്തിലേക്ക്‌ നോക്കി. 

മൂര്‍ഖന്‍ പാമ്പ്‌ ഫണം വിടര്‍ത്തി നില്‍ക്കുന്നപോലെ ഒരു ചിത്രം!!എന്നിട്ട്‌ അതിനകത്ത്‌ എന്തൊക്കെയോ സൂത്രവാക്യങ്ങള്‍.ആ പാമ്പിനെ ഞാന്‍ വെറുതെ വിട്ടു,അല്ല പാമ്പ്‌ എന്നെ വെറുതെ വിട്ടു(ഇന്റഗ്രേഷന്‍ എന്ന പരിപാടിയാണത്‌ എന്ന് ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ മനസ്സിലായി) 

മൂന്നാമത്തെ ചോദ്യം.....വന്ദ്യ വയോധികയായിരുന്ന ഞങ്ങളുടെ അയല്‍വാസി കുഞ്ഞമ്മമ്മ  നില്‍ക്കുന്ന പോലെ നടുവളഞ്ഞ D. അതും ഒന്നല്ല ....താഴെയും മേലെയുമായി രണ്ടെണ്ണം !!(അതിനെ ഡോ എക്സ്‌ ബൈ ഡോ വൈ എന്നാണ്‌ ചീത്ത വിളിക്കേണ്ടത്‌ എന്നും പാര്‍ഷ്യല്‍ ഡിഫറന്‍സിയേഷന്‍ എന്ന കിണ്ണം കട്ട പരിപാടിയാണ്‌ അതെന്നും ഡിഗ്രിക്ക്‌ പഠിച്ചു) 

അങ്ങിനെ ചോദ്യങ്ങള്‍ നിരനിരയായി കിടക്കുന്നു.ഉത്തരക്കടലാസില്‍ എനിക്കാകെ എഴുതാനായത്‌ ഒരു Y = mx + C മാത്രം.അപ്പോഴാണ്‌ ആ ചോദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്‌ - ഒരു ട്രെയ്‌നിന്റെ നീളമോ മറ്റോ കണ്ടെത്താനായിരുന്നു ചോദ്യം (ശരിക്കോര്‍മ്മിക്കുന്നില്ല).

പേപ്പറില്‍ ഉത്തരം നിറക്കാനായി ഞാന്‍ ഉത്തരം എഴുതിത്തുടങ്ങി.അതിന്റെ ഏകദേശ മലയാളം താഴെ കൊടുക്കുന്നു. 
"ട്രെയ്‌നിന്റെ നീളം X എന്ന് കരുതുക.പാളത്തിന്റെ നീളം ഇന്‍ഫിനിറ്റിയും(പാളം കന്യാകുമാരിയിലേ അവസാനിക്കൂ എന്നതിനാലും ഈ പരീക്ഷ കാലികറ്റ്‌ യൂണിവേഴ്സിറ്റി നടത്തുന്നതിനാലും എന്റെ ഊഹം ന്യായമായും ശരിയല്ലേ?). 
അങ്ങനെയെങ്കില്‍ പൈതഗോറസ്‌ സിദ്ധാന്തപ്രകാരം പാദം സ്ക്വയര്‍ + ലംബം സ്ക്വയര്‍ = കര്‍ണ്ണം സ്ക്വയര്‍.
ഒരിക്കലും ഒരു ട്രെയിന്‍ പാളത്തിന്‌ ലംബമായി നില്‍ക്കില്ല എന്നതിനാല്‍ ട്രെയ്‌നിന്റെ നീളം = കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം X കമ്പാര്‍ട്ട്‌മെന്റിന്റെ നീളം !!!
സാധാരണ ട്രെയ്‌നില്‍ പത്ത്‌ കമ്പാര്‍ട്ട്‌മെന്റും ഒരു കമ്പാര്‍ട്ട്‌മെന്റിന്റെ നീളം 25 മീറ്ററും ആയതിനാല്‍ ട്രെയ്‌നിന്റെ നീളം = 10 X 25 = 250 മീറ്റര്‍

എത്ര ഇഷ്ട മനോഹരമായ ഉത്തരം. പിന്നെ ഞാന്‍ കാത്തിരുന്നു....ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അടിക്കുന്ന ബെല്ലിനായി.ബെല്‍ മുഴങ്ങിയതും പേപ്പര്‍ തുന്നിക്കെട്ടി അസീസ്‌ സാറെ ഏല്‍പിച്ച്‌ ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ അദ്ദേഹം ഹൃദ്യമായി പുഞ്ചിരിച്ചോ? (പിന്നീടറിയാം...)

Thursday, December 25, 2008

ഈ ദുരവസ്ഥ എങ്ങനെ മാറ്റാം?

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ മക്കള്‍ ഒരു കല്യാണ ക്ഷണക്കത്തു കൊണ്ട്‌ കളിക്കുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടു.ഒരു A4 പേപ്പറിന്റെ അത്രയും വലിപ്പത്തിലുള്ള ചുവന്ന നിറത്തിലുള്ള ഒരു ക്ഷണക്കത്ത്‌.

കുട്ടികള്‍ അതിന്റെ ആകൃതിയിലും നിറത്തിലും അതിനകത്തെ മാറ്റര്‍ പ്രിന്റ്‌ ചെയ്ത സ്വര്‍ണ്ണനിറ അക്ഷരങ്ങളിലും ആകര്‍ഷിക്കപ്പെട്ട്‌ അത്‌ അവരുടെ കളിപ്പാട്ടമായി മാറ്റിയിരിക്കുകയാണ്‌!

ക്ഷണക്കത്തിന്റെ വലിപ്പവും നിറവും ആകൃതിയും എന്നെയും ആകര്‍ഷിച്ചു.ഞാനത്‌ തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ എന്റെ ഭാര്യ അവിടെ എത്തി.

ക്ഷണക്കത്ത്‌ കൗതുകത്തോടെ നോക്കുന്ന എന്നോട്‌ ഭാര്യ ചോദിച്ചു.

"അതിന്റെ കഥ കേട്ടോ നിങ്ങള്‍?"

"ഇല്ല.....എന്താ അത്‌?"

"ആ ഒരു കത്തിന്റെ ചെലവ്‌ എത്രാന്നോ?"

"ങാ....ഒര്‌ ആറ്‌ രൂപ..." ഒരു കത്തിന്‌ അഞ്ച്‌ രൂപ തന്നെ എന്റെ കണക്കില്‍ വലിയ ചെലവായതിനാല്‍ ഞാന്‍ ഒന്ന് കൂടി കൂട്ടി പറഞ്ഞു.

"ആ...എന്നാ നിങ്ങക്ക്‌ തെറ്റി....ഇരുപത്തിരണ്ട്‌ രൂപയാ ആ ഒരു കത്തിനുള്ള ചെലവ്‌ !!!"

ഭാര്യ അത്‌ പറഞ്ഞപ്പോള്‍ ഞാന്‍ അതിലേക്ക്‌ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

ഒരു കല്യാണത്തിന്‌ ഇത്തരം എത്ര ക്ഷണക്കത്തുകള്‍ അടിച്ചിട്ടുണ്ടാവും?ക്ഷണിതാവിന്റെ കയ്യിലെ ക്ഷണനേരത്തെ ആയുസ്‌ മാത്രമുള്ള ഒരു കത്തിന്‌ ഇത്രയും ധൂര്‍ത്തെങ്കില്‍ ആ കല്യാണത്തിന്റെ മറ്റ്‌ ചെലവുകളിലെ ധൂര്‍ത്ത്‌ എത്രയായിരിക്കും?

പണക്കാരന്‌ പണം എങ്ങനെ ചെലവാക്കണം എന്നറിയാത്ത ദയനീയാവസ്ഥ.ദരിദ്രന്‌ പണം എങ്ങനെ സമ്പാദിക്കും എന്നറിയാത്ത ദയനീയാവസ്ഥ.നമ്മുടെ നാടിന്റെ ഈ ദുരവസ്ഥ മാറാന്‍ എന്താ ചെയ്യാ?

Monday, December 22, 2008

അമ്മമ്മയും തുള്ളിമരുന്നും.....

ഇന്നലെ പള്‍സ്‌ പോളിയോ തുള്ളിമരുന്ന് കൊടുക്കുന്ന ദിനം.അയല്‍പക്കത്തെ നാല്‌വയസ്സുകാരി അമ്മമ്മയോട്‌ ചോദിച്ചു. "അമ്മമ്മേ...അമ്മമ്മേ...എന്താ ഈ തുള്ളിമരുന്ന് ന്ന് പറഞ്ഞാ..." "അതോ..അത്‌ അസുഖങ്ങള്‍ വരാതിരിക്കാന്‍ കൊച്ചുകുട്ടികള്‍ ആയിരിക്കുമ്പോ കഴിക്കുന്ന മരുന്നാ...അത്‌ കഴിച്ചാ പിന്നെ വലുതാവുമ്പം അസുഖം വരില്ല..." "ആഹാ....അപ്പോ അമ്മമ്മ കുട്ട്യായിരുന്നപ്പോ തുള്ളിമരുന്ന് കഴിച്ചിട്ടില്ലാര്‍ന്നു അല്ലേ?" "ങ്‌ഹും...അതെന്താ മോള്‍ അങ്ങനെ ചോദിക്കാന്‍.." "അമ്മമ്മ അത്‌ കഴിച്ചിരുന്നെങ്കി ഈ പ്രമേഹോം പ്രഷറും ഒക്കെ ഉണ്ടാവുമായിരുന്നോ?ഇനി അവര്‌ വരുമ്പോ രണ്ട്‌ തുള്ളി അമ്മമ്മേടെ വായിലും ഉറ്റിക്കാന്‍ പറയണം..."

Thursday, December 18, 2008

സെല്ലിംഗ്‌ അറ്യാത്ത മണ്ടന്മാര്‍....

LKG ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ചെറിയ മകള്‍ ബോയും ഗേളും ഒക്കെ സ്പെല്ലിംഗും അര്‍ത്ഥവും സഹിതം പഠിച്ചിരുന്നു.അതേ പുസ്തകത്തില്‍ശരീരഭാഗങ്ങള്‍ പഠിപ്പിക്കുന്ന മറ്റൊരു പാഠത്തില്‍ ഒരു ആണ്‍കുട്ടിയുടെപടമായിരുന്നു കൊടുത്തിരുന്നത്‌.മുകളില്‍ BODY PARTS എന്നെഴുതിയത്‌ കണ്ട്‌ അവള്‍ പറഞ്ഞു. "ഉപ്പച്ചീ....ഉപ്പച്ചീ..." "എന്താ..." "ഈ ബുസ്തകം ഇണ്ടാക്യോല്‍ക്ക്‌ ബോയിന്റെ സെല്ലിംഗ്‌ അറീല..." "ങേ...അതെന്താ???" "ങട്ട്‌ നോക്കി .....ആങ്കുട്ടിന്റെ ചിത്രം കൊട്‌ത്ത്‌ B O Y ന്ന് എയ്‌ത്‌ണെയ്‌ന്‌പകരം B O D Y ന്നാ എയ്ത്യേത്‌....സെല്ലിംഗും അറ്യാത്ത മണ്ടന്മാര്‍...." അവളുടെ കണ്ടുപിടുത്തം ഞാനും എതിര്‍ത്തില്ല.ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നുഅവിടെ നല്‍കിയിരുന്നതെങ്കില്‍ ഈ കണ്‍ഫുൂഷന്‍ ഒഴിവാക്കാമായിരുന്നു എന്ന ചിന്തമോള്‍ എനിക്കിട്ട്‌ തന്നു.

Wednesday, December 17, 2008

ചിന്തിക്കാനെങ്കിലും സമയമുണ്ടോ?

നാട്ടിലേക്കുള്ള യാത്രകള്‍ പലപ്പോഴും പല അനുഭവങ്ങളും പ്രദാനം ചെയാറുണ്ട്‌.അല്ലെങ്കിലും യാത്രാനുഭവങ്ങള്‍ ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും.ഇത്തവണത്തെ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ചത്‌ വഴിനീളെയുള്ള ചുമരെഴുത്തുകളായിരുന്നു. മാനന്തവാടിയില്‍ തുടങ്ങി അരീക്കോട്‌ അവസാനിച്ച യാത്രയില്‍ ഞാന്‍ കണ്ട ചുമരെഴുത്തുകള്‍ ഇവയായിരുന്നു.CPI(M)-ന്റെ യുവജനസംഘടനയായ DYFI-യുടെ വയനാട്‌ ജില്ലാ സമ്മേളനം,ഭരണകൂടഭീകരതക്കും വര്‍ഗ്ഗീയതക്കുമെതിരായ മുസ്ലിംലീഗിന്റെ പദയാത്ര,കേന്ദ്രഗവണ്മെന്റിന്‌ അമരത്വം വഹിക്കുന്ന കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം (അതെന്താണാവോ അങ്ങിനെ പറയാന്‍?),യുവത്വം പോരാടനാണ്‌ എന്ന ആഹ്വാനവുമായി ജമാഅത്തെഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുടെ കോഴിക്കോട്‌ ജില്ലാ സമ്മേളനം,സുന്നീപ്രസ്ഥാനത്തിന്റെ ദീപസ്തംഭമായ കാരന്തൂര്‍ മര്‍ക്കസിന്റെ ബിരുദദാന ചടങ്ങായ മര്‍കസ്‌ മഹാസംഗമം,NDF ദേശീയ രാഷ്ട്രീയ സമ്മേളനം തുടങ്ങിയവയെല്ലാം എന്റെ കണ്ണിലൂടെ മിന്നിമറഞ്ഞു. സ്വാഭാവികമായും എന്റെ മനസ്സിലുദിച്ച ചില ചോദ്യങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളായാലും മതസംഘനകളായാലും പതിനായിരങ്ങള്‍ പൊടിപൊടിച്ച്‌ ഈ മഹാസംഗമങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്‌ എന്തിനാണ്‌?ലോകസഭാതിരഞ്ഞെടുപ്പിന്‌ മുമ്പ്‌ സ്വന്തം അംഗബലവും തിണ്ണമിടുക്കും വോട്ട്ബാങ്കിന്റെ ആസ്തിയും ആഴവും പ്രകടിപ്പിക്കാന്‍ മാത്രമല്ലേ?പരസ്പരം ചെളി വാരി എറിഞ്ഞും മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞും പൊതുജനത്തെ ഇനിയും കഴുതകളും കോവര്‍ കഴുതകളും ആക്കി മാറ്റാനല്ലേ? ഈ സമ്മേളനങ്ങളുടെ മൊത്തം ചെലവിന്റെ പത്തിലൊന്ന് കൊണ്ട്‌ കേരളത്തിലെ മുഴുവന്‍ പട്ടിണിക്കോലങ്ങള്‍ക്കും ഒരു ദിവസത്തെ ആഹരമെങ്കിലും നല്‍കാന്‍ കഴിയുമായിരുന്നു എന്ന് ചിന്തിക്കാനെങ്കിലും ഇവര്‍ക്ക്‌ ആര്‍ക്കെങ്കിലും സമയമുണ്ടോ?

Monday, December 15, 2008

കടുവയെ പിടിച്ച കിടുവ

കോളേജില്‍ കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കേരളീയം മത്സരം അരങ്ങേറിക്കൊണ്ടിരിക്കുന്നു.ഒരു മിനുട്ട്‌ നേരത്തേക്ക്‌ മലയാളം മാത്രം സംസാരിക്കുന്നതാണ്‌ മത്സരം.മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്നു.ഞാനും ഫിസിക്കല്‍ എഡുക്കേഷന്റെ ബിജുലോണ സാറും ഇലക്ട്രോണിക്സ്‌ ഗസ്റ്റ്‌ലക്ചറര്‍ ബുസൈന.പി.മൂസയും ആയിരുന്നു ജഡ്‌ജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ .

‍മത്സരാര്‍ത്ഥികളില്‍ പലരും മലയാളത്തില്‍ ഒരു ലഘുപ്രസംഗം നടത്താന്‍ ശ്രമിച്ചു.ഒരു വിരുതത്തി സാമ്പാര്‍ നിര്‍മ്മാണം പ്രസംഗിച്ചു!ചിലരെങ്കിലും അബദ്ധത്തില്‍ ഇംഗ്ലീഷ്‌ പദപ്രയോഗം നടത്തി.കൃത്യം ഒരു മിനുട്ട്‌ കഴിയുമ്പോള്‍ ബിജുലോണ സാര്‍ സ്റ്റോപ്‌ സിഗ്നല്‍ നല്‍കിക്കൊണ്ടിരുന്നു.

"ജഡ്‌ജസ്‌ പ്ലീസ്‌ നോട്ട്‌...നെക്സ്റ്റ്‌ ചെസ്റ്റ്‌ നമ്പര്‍ 11"

അനൗണ്‍സ്മെന്റിന്‌ പിന്നാലെ ഒരുത്തന്‍ സ്റ്റേജിലേക്ക്‌ കയറി വന്നു.

"ഒരു മിനുട്ട്‌ നേരത്തേക്ക്‌ മലയാളം മാത്രം സംസാരിക്കണം എന്നല്ലേ....എന്നാല്‍ തുടങ്ങാം...ഒന്ന്..രണ്ട്‌...മൂന്ന്..നാല്‌...അഞ്ച്‌......"

സംഗതി അവന്റെ ഐഡിയ കലക്കി.പക്ഷേ ജഡ്‌ജസ്‌ ആയ ഞങ്ങളെ ഒന്നിരുത്താനുള്ള പണിയായതിനാല്‍, ഇതെല്ലാം കണ്ട്‌ തഴക്കം വന്ന ബിജുലോണ സാര്‍ എന്നെ തോണ്ടി പറഞ്ഞു.

"അവന്‍ എണ്ണട്ടെ"

സാവധാനം എണ്ണി മുപ്പതായിട്ടും സ്റ്റോപ്‌ സിഗ്നല്‍ എത്തിയില്ല.കാണികള്‍ക്കും സംഭവം പിടികിട്ടിയില്ല.അമ്പത്‌ എത്തിയപ്പോള്‍ എണ്ണുന്നവനും ഒരു പന്തികേട്‌, എന്താ സ്റ്റോപ്‌ പറയാത്തത്‌? അറുപതായപ്പോള്‍ ഒരു ഇളിഭ്യച്ചിരിയോടെ അവന്‍ ഞങ്ങളുടെ നേരെ നോക്കി.കാര്യം പിടികിട്ടിയ അവന്‍ സ്വയം എണ്ണല്‍നിര്‍ത്തി ഇറങ്ങിപ്പോയി.

Tuesday, December 09, 2008

സൗഹൃദത്തിന്റെ വലക്കണ്ണികള്‍

             നഷ്ടപെട്ട സാധനം തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ വിവരിക്കാന്‍ വളരെ വളരെ പ്രയാസമാണ്‌.വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നഷ്ടപെട്ട സാധനമാണെങ്കില്‍ പ്രത്യേകിച്ചും.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ആ സന്തോഷം നേരിട്ടനുഭവിച്ചു.
            എന്റെ കാര്‍ (അതേ TSG 8683) -ന്റെ RC പുതുക്കാനായി അത്‌ ഗൂഡല്ലൂര്‍ RTO ക്ക്‌ മുന്നില്‍ നേരിട്ട്‌ ഹാജരാക്കേണ്ടി വന്നു.ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച്‌ ( എന്ന് വച്ചാല്‍ ചുരം ബ്ലോക്ക്‌ ആക്കാതെ) മടങ്ങുന്ന വഴി എടക്കര ടൗണില്‍ തന്നെ താമസിക്കുന്ന എന്റെ പഴയ പ്രീഡിഗ്രി ഹോസ്റ്റല്‍ മേറ്റ്‌ മെഹ്‌റൂഫിനെ ഒന്ന് കാണാന്‍ ഞാന്‍ തീരുമാനിച്ചു.
               നഷ്ടപെട്ട അനേകം കണ്ണികള്‍ കണ്ടെത്തി വിളക്കിചേര്‍ക്കാനുള്ള ഒരു അവസരമായി അത്‌ മാറും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എടക്കര ടൗണില്‍ മെഹ്‌റൂഫിന്റെ ഉടമസ്ഥതയിലുള്ള AT Jwellers-ന്‌ മുന്നില്‍ എന്റെ TSG 8683 സുന്ദരമായി ഒതുക്കിയിട്ട്‌ ഞാന്‍ നേരെ കടയിലേക്ക്‌ കയറി.സുന്ദരമായ എന്റെ കഷണ്ടി എന്റെ അത്ര തന്നെ കഷണ്ടി ഇല്ലാത്ത മെഹ്‌റൂഫ്‌ പെട്ടെന്ന് തിരിച്ചറിഞ്ഞു.
              പലപല കാര്യങ്ങളും ചര്‍ച്ച ചെയ്ത്‌ ചെയ്ത്‌ ഞങ്ങള്‍ പഴയ PSMO College ഹോസ്റ്റലില്‍ എത്തി.അന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന പലരുമായും ഇപ്പോള്‍ തുടരുന്ന ബന്ധത്തെപ്പറ്റി മെഹ്‌റൂഫ്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ വളരെ സന്തോഷം തോന്നി.എല്ലാവരുമായും ഫോണ്‍ വഴി ബന്ധപ്പെടുന്നതിനാല്‍ ഞാന്‍ ആ നമ്പറുകള്‍ എല്ലാം ആവശ്യപ്പെട്ടു.
ഉടന്‍ മെഹ്‌റൂഫിന്റെ മറുപടി:
"അല്ല...ഇപ്പോ തന്നെ അങ്ങ്‌ വിളിക്കാം...."

           അതോടെ അവനറിയാവുന്ന നമ്പറുകളില്‍ വിളിച്ച്‌ എന്നെ കണക്റ്റ്‌ ചെയ്തും എനിക്കറിയാവുന്ന നമ്പറുകളില്‍ വിളിച്ച്‌ അവനെ കണക്റ്റ്‌ ചെയ്തും ഞങ്ങള്‍ ആ പഴയ സൗഹൃദങ്ങള്‍ പുതുക്കി.ഇന്ന് താനൂരില്‍ ബിസിനസ്സ്‌ നടത്തുന്ന അസ്‌ലം,കോഴിക്കോട്‌ ദന്തഡോക്ടറായ സഫറുല്ല,വെള്ളിമാട്‌കുന്നില്‍ അദ്ധ്യാപകനായ സൈഫുദ്ദീന്‍,ബാഗ്ലൂരില്‍ ബിസിനസ്സ്‌ നടത്തുന്ന അന്‍വര്‍ തുടങ്ങിയവരെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സൗഹൃദ വലയില്‍ കണ്ണികളായി.അവര്‍ക്കറിയാവുന്ന മറ്റ്‌ സുഹൃത്തുക്കളുടെ വിവരങ്ങളും e-mail അഡ്രസ്സുകളും കൂടി പങ്കു വയ്ക്കപ്പെട്ടതോടെ ആ വലക്കണ്ണികള്‍ കൂടുതല്‍ വിപുലമായി.

                ഈ സുഹൃത്‌ കൂട്ടായ്മയുടെ ഒരു കുടുംബസംഗമം കൂടി നടത്താന്‍ തീരുമാനിച്ചുകൊണ്ട്‌ ഞാന്‍ മെഹ്‌റൂഫിനോട്‌ വിടപറയുമ്പോള്‍ 20 വര്‍ഷം മുമ്പെ ഞങ്ങളെ കൂട്ടിവിളക്കിയ ആ ഹോസ്റ്റല്‍ മനസ്സില്‍ മായാതെ നിന്നു.

Sunday, December 07, 2008

ഇബ്രാഹിം നബി(അ)-ന്റെ പാത.

സന്താന സൗഭാഗ്യം ഇല്ലാതിരുന്ന ഇബ്രാഹിം നബി(അ) - ന്‌ വളരെ താമസിച്ച്‌ ഇസ്മായില്‍ എന്ന പുത്രന്‍ ജനിച്ചു.ഇസ്മായില്‍(അ) പിതാവിനോടൊപ്പം ഓരോരോ ജോലിയില്‍ വ്യാപൃതനാവുന്ന പ്രായമെത്തിയപ്പോള്‍ അല്ലാഹുവിന്റെ കല്‍പന എത്തി: "ഇബ്രാഹീം...നീ നിന്റെ പുത്രനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ബലിയര്‍പ്പിക്കുക..." വാര്‍ദ്ധക്യകാലത്ത്‌ താങ്ങും തണലുമാകാന്‍ ലഭിച്ച അരുമ മകനെ ബലിയര്‍പ്പിക്കാനുള്ള കല്‍പനക്ക്‌ മുന്നില്‍ ഇബ്രാഹിം നബി(അ) തെല്ലും പകച്ചില്ല.കല്‍പന നിറവേറ്റാന്‍ മകനേയും കൂട്ടി മലഞ്ചെരുവിലേക്ക്‌ നടന്നു.മകന്റെ കഴുത്തില്‍ കത്തി വയ്ക്കുന്നതിന്‌ തൊട്ടു മുമ്പേ അല്ലാഹുവിന്റെ കല്‍പന വീണ്ടും:"ഇബ്രാഹീം...നീ എന്റെ കല്‍പന സാക്ഷാല്‍ക്കരിച്ചിരിക്കുന്നു...മകന്‌ പകരം ഒരു മൃഗത്തെ ബലിയര്‍പ്പിക്കുക..." ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട മകനെ തന്നെ ബലിയര്‍പ്പിക്കാനുള്ള കല്‍പനക്ക്‌ മുമ്പില്‍ പോലും പതറാത്ത ആ മഹാനുഭാവന്റെ ത്യാഗസ്മരണകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഒരു ബലിപെരുന്നാള്‍ സുദിനം കൂടി സമാഗതമായി.നമുക്ക്‌ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കാന്‍ നാം എത്രത്തോളം സന്നദ്ധരാണെന്ന്‌ സ്വയം ചോദിക്കുക. ബൂലോകര്‍ക്കെല്ലാം ബലിപെരുന്നാള്‍ ആശംസകള്‍.

Wednesday, December 03, 2008

ജന്മദിനാഘോഷം

"മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ജന്മദിനാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു." ഇന്നലെ പത്രത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ണിലെ കരടായി കുടുങ്ങിയ ഒരു വാര്‍ത്തയാണിത്‌. ജന്മദിനം ആഘോഷിക്കുന്നതിന്റെ ശരിയും തെറ്റും ഞാന്‍ ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ അതിന്റെ പേരില്‍ നടത്തപ്പെടുന്ന പാഴ്‌ചെലവുകള്‍ ചിന്താ വിഷയമാക്കേണ്ടതാണ്‌. ബൂലോകരില്‍ പലരും എന്ന പോലെ ബൂലോകത്തിന്‌ പുറത്തുള്ള പലരും ജന്മദിനം ആഘോഷിക്കാറുണ്ട്‌.വന്‍ സദ്യ ഒരുക്കിയും സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയും മധുരം വിതറിയും, കൊഴുപ്പ്‌ കൂട്ടാന്‍ മദ്യം വരെ വിളമ്പിയും ഇന്ന് ജന്മദിനം ആഘോഷിക്കാറുണ്ട്‌. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ആഘോഷം നടത്തുന്നതിന്‌ മുമ്പ്‌ നമുക്കതിന്‌ അര്‍ഹതയുണ്ടോ എന്ന് കൂടി ആലോചിക്കേണ്ടേ?നാം ഈ ഭൂമിയില്‍ ഭൂജാതനായതിന്റെ വാര്‍ഷിക ദിനത്തിലെങ്കിലും നമ്മുടെ ജന്മം കാരണം മറ്റുള്ളവര്‍ക്ക്‌ വല്ല ഗുണവും ലഭിച്ചോ അതല്ല ദോഷങ്ങള്‍ ഭവിച്ചോ എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?ആഘോഷിക്കാന്‍ ആരോരുമില്ലാത്ത അല്ലെങ്കില്‍ ജന്മദിനം എന്ന് എന്നറിവു പോലുമില്ലാത്ത എത്ര എത്ര പേക്കോലങ്ങള്‍ നമുക്ക്‌ ചുറ്റും ജീവിതം തള്ളി നീക്കുന്നു എന്ന് ആരെങ്കിലും ചികഞ്ഞു നോക്കാറുണ്ടോ?.ഇല്ല ,ആര്‍ക്കും അതൊന്നും അന്വേഷിക്കാന്‍ സമയമില്ല. അതിനാല്‍ ജന്മദിനം ആഘോഷിക്കുന്ന സുഹൃത്തുക്കളോട്‌ രണ്ട്‌ വാക്ക്‌.നിങ്ങള്‍ ജന്മദിനാഘോഷത്തിന്‌ ചെലവിടുന്ന കാശിന്റെ പകുതിയുടെപകുതിയെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവ്‌പട്ടികളുമായി മല്ലിടുന്ന മനുഷ്യമക്കള്‍ക്ക്‌ വേണ്ടി ചെലവാക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ടും അത്‌ തുടര്‍ന്ന് കൊണ്ടും ജന്മദിനാഘോഷത്തിന്‌ പുതിയൊരു മുഖം നല്‍കുക.(മകന്റെ ജന്മദിനത്തില്‍ ഭക്ഷണപ്പൊതിയുമായി നാട്‌ ചുറ്റി അഗതികളെ വിരുന്നൂട്ടി ഇന്നത്‌ ഒരു വന്‍ ജീവകാരുണ്യ പ്രവര്‍ത്തനമായി മാറിയ ഒരു കുടുംബത്തിന്റെ വാര്‍ത്ത ഈയിടെ വായിച്ചത്‌ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.)അത്യാഹിതങ്ങളും ആപത്തുകളും സംഭവിക്കുമ്പോള്‍ ജന്മദിനാഘോഷം ഉപേക്ഷിച്ച്‌ നല്ലപിള്ള ചമയുന്ന രാഷ്ട്രീയക്കാരുടെ കപടതന്ത്രം പ്രോല്‍സാഹിപ്പിക്കാതിരിക്കുക.