Pages

Friday, August 15, 2008

സ്വാതന്ത്ര്യ ദിനം - ഒരു ബാല്യകാല ഓര്‍മ്മ.

ഇന്ത്യ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കുട്ടിക്കാലത്ത്‌നടന്ന ഒരു കൊച്ചു സംഭവം ഓര്‍മ്മയില്‍ വരുന്നു.അരീക്കോട്‌ ഇന്നത്തെ അരീക്കോട്‌ ആകുന്നതിന്റെ മുമ്പ്‌ ഞങ്ങളുടെ നാട്ടില്‍ ഒരുനായര്‍ ഉണ്ടായിരുന്നു.എല്ലാവരും അദ്ദേഹത്തെ നായര്‍ എന്ന് തന്നെയാണ്‌ വിളിച്ചിരുന്നത്‌.യഥാര്‍ത്ഥ പേര്‍ ആര്‍ക്കും അറിയില്ല.അല്‍പം മാനസിക രോഗി കൂടി ആയിരുന്നു അദ്ദേഹം.(ഇപ്പോള്‍ നായര്‍ ജീവിച്ചിരിപ്പുണ്ടാഇല്ലയോ എന്നറിയില്ല)

ഞാന്‍ അല്‍പം മുതിര്‍ന്ന ശേഷമുള്ള നായരുടെ രൂപം എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്‌.ലോട്ടറി വില്‍പനയായിരുന്നു നായരുടെ ജോലി.നെഞ്ചില്‍ ഇന്ത്യയുടെ പതാകയുംകുത്തി ഇന്ദിരാഗാന്ധിയുടെ വലിയൊരു ഫോട്ടോയും കയ്യിലേന്തി നായര്‍ നടക്കും.ഇന്നത്തെ പോലെ സിക്കീമും ഭൂട്ടാനും(ലോട്ടറികളാണ്‌ കേട്ടോ) ഒന്നും അന്നില്ല.കേരള ലോട്ടറി മാത്രം.അതും ആഴ്ചയില്‍ ഒന്ന് മാത്രം.നായരുടെ കയ്യില്‍ നിന്ന് ആരെങ്കിലും ലോട്ടറി ടിക്കറ്റ്‌വാങ്ങാറുണ്ടോ എന്നെനിക്കറിയില്ല.ചില ദിവസങ്ങളില്‍ നായര്‍, കോണ്‍ഗ്രസ്സ്‌ നേതാക്കളെ പുകഴ്ത്തിയും മറ്റ്‌ എല്ലാ പാര്‍ട്ടികളുടേയും നേതാക്കളെ തെറിയഭിഷേകംചെയ്തും സംസാരിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

ലോട്ടറി വില്‍പനക്ക്‌ മുമ്പുള്ള കാലത്താണെന്നാണെന്റെ ഓര്‍മ്മ.ഒരു ദിവസംനായര്‍ ഞങ്ങളുടെ കോളനി റോഡ്‌ തുടങ്ങുന്നിടത്തുള്ള, മൂത്താപ്പയുടെ മില്ലിനെ ചാരി ഇരിക്കുന്നു.നായര്‍ എന്തോ ചിന്തയിലായിരുന്നു.കുട്ടികളായ ഞങ്ങള്‍ കളിക്കാനിറങ്ങിയപ്പോളാണ്‌ നായരുടെ ഇരിപ്പ്‌ ശ്രദ്ധയില്‍പെട്ടത്‌.ഞങ്ങളെല്ലാവരും പേടിച്ച്‌ പേടിച്ച്‌ നായരുടെ ചുറ്റും കൂടി.

അന്ന് നായര്‍ വളരെ ശാന്തനായിരുന്നു.തലയില്‍ വരെ ഞങ്ങള്‍ കൈ വച്ച്‌ കളിച്ചിട്ടും നായര്‍ ഒന്നും പറഞ്ഞില്ല.കുറേ നേരം ഞങ്ങളോടൊത്ത്‌ ചെലവഴിച്ച ശേഷം നായര്‍ എവിടെ നിന്നോ ചെറിയ ഒരിന്ത്യന്‍ പതാക കയ്യിലെടുത്തു.ഇന്നത്തെപ്പോലെ പതാകകള്‍ എല്ല മുറുക്കാന്‍ കടയിലും സര്‍വ്വ സാധാരണമായിരുന്നില്ല.ഇത്‌ എവിടെ നിന്ന് ലഭിക്കും എന്ന് അറിവും ഉണ്ടായിരുന്നില്ല.(അറിഞ്ഞാലും വാങ്ങാന്‍കാശും ഉണ്ടായിരുന്നില്ല).സ്വാതന്ത്ര്യദിനത്തില്‍സ്കൂളില്‍ പരിപാടിക്ക്‌ പോകുമ്പോള്‍ ഒരു പക്ഷേ പതാക കിട്ടിയാലായി.

കൊടി എടുത്ത്‌ ഞങ്ങളെ കാണിച്ചുകൊണ്ട്‌ നായര്‍ പറഞ്ഞു.

"നാളെ ആഗസ്റ്റ്‌ 15 ആണ്‌.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം.കോണ്‍ഗ്രസ്‌ നേടിത്തന്ന സ്വാതന്ത്ര്യം."(നായര്‍ നല്ലൊരു കോണ്‍ഗ്രസ്സ്‌ അനുഭാവിയായിരുന്നു)

കുട്ടികളായ ഞങ്ങള്‍ക്ക്‌ കോണ്‍ഗ്രസ്സും ആഗസ്റ്റ്‌ 15-ഉം പ്രത്യേകിച്ച്‌ അര്‍ത്ഥമില്ലാത്തപദങ്ങള്‍ മാത്രമായിരുന്നു.

"നാളെ ഇതുപോലെയുള്ള കുറേ കൊടികള്‍ ഞാന്‍ കൊണ്ടുവരും.നിങ്ങള്‍ കുട്ടികള്‍കുപ്പായത്തിന്റെ കീശയില്‍ കൊടി കുത്തി നടക്കണം..."

ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു അന്ന്.

പിറ്റേന്ന് കാലത്തേ ഞങ്ങളെല്ലാവരും നായരെ കാത്തിരുന്നു.കൊടികുത്തി എങ്ങനെ നടക്കണമെന്ന് പലരും അഭിനയിച്ച്‌ നോക്കുകയുംചെയ്തു!! സമയം ഇഴഞ്ഞ്‌ നീങ്ങി.മിനുട്ടുകള്‍ മണിക്കൂറുകളായി.പ്രതീക്ഷയോടെ ഞങ്ങള്‍ റോഡിലേക്ക്‌, നായര്‍ വരുന്നുണ്ടോ എന്ന് എത്തിനോക്കി.സമയം കൊഴിഞ്ഞു പോയതല്ലാതെ അന്ന് നായര്‍ വന്നില്ല!!!ഞങ്ങളുടെ കൊടി കുത്തിയ സ്വപ്നങ്ങള്‍ എല്ലാം വൃഥാവിലായി.

പിന്നീട്‌ പലപ്പോഴും നായരെ ഞാന്‍ കണ്ടുമുട്ടിയെങ്കിലും അന്നത്തെ കൊടി ചോദിക്കാന്‍ എനിക്ക്‌ ധൈര്യമില്ലായിരുന്നു.കുട്ടികളായ ഞങ്ങള്‍ക്ക്‌ കൊടിവാഗ്ദാനം ചെയ്ത കാര്യം മാനസികരോഗിയായ നായര്‍ അന്ന് തന്നെ മറന്നുപോയതാവാം.അല്ലെങ്കില്‍ പിറ്റേ ദിവസം ഞങ്ങളേയും തിരഞ്ഞ്‌ വേറെഏതെങ്കിലും ദിശയില്‍ അദ്ദേഹം പോയിട്ടുണ്ടാവാം.

മനോരോഗിയായിരുന്ന നായര്‍ പറഞ്ഞ ആ ദിവസം ആഗസ്റ്റ്‌ 15 തന്നെ ആയിരുന്നോ എന്ന് ആര്‍ക്കറിയാം?എങ്കിലും ആഗസ്റ്റ്‌ 15 വരുമ്പോള്‍ നായര്‍ മനസ്സില്‍ ഓടി എത്തുന്നു.

5 comments:

വേണു venu said...

പ്രിയ അരിക്കോടന്‍,
അന്ന് ആ നായര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കിട്ടി കാണും. അതാണ് പിന്നീട് കാണാതെ പോയത്....

രസികന്‍ said...

ഈ സ്വാതന്ത്ര്യദിനത്തിലും നമുക്ക് നായരെ സ്മരിക്കാം

ആശംസകൾ

പ്രയാസി said...

നല്ലരോര്‍മ്മ..:)

അനില്‍@ബ്ലോഗ് // anil said...

വേണു പറഞ്ഞതാവും സത്യം. കെട്ടുപാടുകളില്‍ നിന്നും മോചനം നേടി നായര്‍ പോയിരിക്കും , അനന്തതയിലേക്കു, അല്ലേങ്കില്‍ ഓര്‍മകളെത്താത്ത ആഴങ്ങളിലേക്കു.

Areekkodan | അരീക്കോടന്‍ said...

വേണു....അന്ന് കണ്ടില്ലെങ്കിലും പിന്നീടും നായരെ കണ്ടിരുന്നു.
രസികാ....അതേ സ്മരിക്കാം
പ്രയാസി....നന്ദി
അനില്‍....എന്നാലും എവിടെയെങ്കിലും വച്ച്‌ കാണുമെന്ന ഒരു പ്രതീക്ഷ ബാക്കി.

Post a Comment

നന്ദി....വീണ്ടും വരിക