Pages

Friday, August 08, 2008

കൊട്ടിയത്തെ കൊട്ട്‌

‌ഡബ്‌ള്‍ ബെല്‍ അടിച്ചാല്‍ ബസ്‌ പറക്കുകയും ഡബ്‌ളിന്റെ മാലപ്പടക്കം പൊട്ടിയാല്‍ ബസ്‌ പറപറക്കുകയും ചെയ്യുന്ന മലപ്പുറത്ത്‌ നിന്ന് , സുഹൃത്‌ സന്ദര്‍ശനത്തിനായി ഞാന്‍ കൊല്ലം ജില്ലയിലെ കൊട്ടിയത്തെത്തി.കുണ്ടറയായിരുന്നു എന്റെ യാത്രാ ലക്ഷ്യം.

കുണ്ടറക്കുള്ള ബസ്‌ വന്ന് നിര്‍ത്തി.ഞാന്‍ അതില്‍ കയറിയതും മുന്നിലെ വാതിലിനടുത്ത്‌ നിന്ന കണ്ടക്ടര്‍ (ബസ്സില്‍ രണ്ട്‌ കണ്ടക്ടര്‍മാര്‍ ഉണ്ടായിരുന്നു) ബെല്ലടിച്ചു.

"ടിം..ടിം.........ഡിം."

ബെല്ലടി കേട്ടിട്ടും ഡ്രൈവര്‍ക്ക്‌ യാതൊരു ഭാവഭേദവുമില്ല!!!

പത്തോ പതിനഞ്ഞോ സെക്കന്റിന്‌ ശേഷം കണ്ടക്ടര്‍ വീണ്ടും ബെല്ലടിച്ചു.

"ടിം..ടിം.........ഡിം."

'ഹൊ.....ഡബ്‌ള്‍ അടിക്കുമ്പോഴേക്കും ആരെങ്കിലും കയറാന്‍ വരും'

ഡബ്‌ളിന്‌ പിന്നാലെ സിംഗ്‌ള്‍ ബെല്‍ അടിക്കുന്നത്‌ വല്ലവനും കയറാന്‍ വന്നിട്ടാണെന്ന്‌ കരുതി ഞാന്‍ മനസ്സില്‍ പറഞ്ഞു.അപ്പോഴേക്കും അതാ വീണ്ടും ബെല്ലടി.

"ടിം..ടിം.........ഡിം."

ഇതെന്താ കഥ എന്നറിയാന്‍ ഞാന്‍ കണ്ടക്ടര്‍ നില്‍ക്കുന്ന വാതില്‍ക്കലേക്ക്‌ നോക്കി.കയറാനോ ഇറങ്ങാനോ ആരും ഇല്ലാഞ്ഞിട്ടും അവന്‍ ബെല്ലിന്റെ ചരട്‌ പിടിച്ച്‌ വലിച്ച്‌ കുഞ്ഞുങ്ങള്‍ പാവ കളിക്കുന്ന പോലെ കളിച്ചു കൊണ്ടേ ഇരിക്കുന്നു!

"ടിം..ടിം.........ഡിം.ടിം..ടിം.........ഡിം."

നിര്‍വ്വികാരരായി കേട്ട്‌ നില്‍ക്കുന്ന ഡ്രൈവറും യാത്രക്കാരും!!!

മുപ്പത്തിയെട്ട്‌ തവണ കൊട്ടിയതിന്‌ ശേഷം(ഒരു വര്‍ഷം മുമ്പും ഇതേ അനുഭവമുള്ളതിനാല്‍ ഞാന്‍ എണ്ണി) താഴ്‌ന്ന ശബ്ദത്തിലുള്ള ഒരു പ്രത്യേക മണിയടിയില്‍ ഡ്രൈവര്‍ ബസ്‌ സ്റ്റാര്‍ട്ടാക്കി.ഇക്കളി മലപ്പുറത്തായിരുന്നെങ്കില്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും തലയില്‍ കിട്ടുമായിരുന്ന കൊട്ടിന്റെ എണ്ണവും തീവ്രതയും ഞാന്‍ ആലോചിച്ചുപോയി.

'ഇവരുടെ ഈ കൊട്ട്‌ കൊണ്ടാകാം ഈ നാടിന്‌ കൊട്ടിയം എന്ന പേര്‌ കിട്ടിയത്‌'- ബസ്‌ നീങ്ങി തുടങ്ങിയപ്പോള്‍ എന്റെ ചിന്ത പോയത്‌ അങ്ങിനെയായിരുന്നു.

5 comments:

Typist | എഴുത്തുകാരി said...

മുപ്പത്തിയെട്ടു കൊട്ടു് കൊട്ടി എന്നു വായിച്ചപ്പോള്‍ തന്നെ, ഞാന്‍ മനസ്സില്‍ വിചാരിച്ചതാ, അതു കൊണ്ടാണാ നാടിന് അങ്ങിനെ പേരു വന്നിട്ടുണ്ടാവുകയെന്നു്. അപ്പോള്‍ ദാ, മാഷ് തന്നെ അതു പറഞ്ഞിരിക്കുന്നു.

കനല്‍ said...

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കൊട്ടിയത്തുള്ള പോളിടെക്നിക്കില്‍ പഠിച്ചിരുന്നു. അന്നും ഈ കൊട്ട് കേട്ട് ശീലിച്ചിരുന്നു. എനിക്ക് തോന്നുന്നത് അവിടെയുള്ള ബസുകളില്‍ ടയറുകളെക്കാള്‍ തേയ്മാനം ബല്ലുകള്‍ക്കാണെന്നാണ്.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

A Cunning Linguist said...

കൊട്ടിയത്ത് നിന്ന് കുണ്ടറയ്ക്ക് പോകുന്നതിന് പകരം‌ നേരെ എതിര്‍ ദിശയില്‍ പോയാല്‍ ഞമ്മന്റെ സ്ഥലമായി....

Areekkodan | അരീക്കോടന്‍ said...

typist....ഒരേ ചിന്താപക്ഷികള്‍ അല്ലേ?
കനല്‍....സ്വാഗതം....അതിലും വലിയ തേയ്മാനം ആ നാട്ടുകാരുടെ ചെവിക്കാണോ എന്നാ എന്റെ സംശയം.
ഞാന്‍....സ്വാഗതം.ഇനി വരുമ്പോള്‍ ആ എതിര്‍ദിശ നോക്കാം.

Post a Comment

നന്ദി....വീണ്ടും വരിക