Pages

Monday, March 24, 2008

അച്ഛന്റെ ഭാഗ്യം..

തുടര്‍ച്ചയായി ഏഴാം ദിവസവും ഉറക്കത്തില്‍ മൂത്രമൊഴിച്ച ഉണ്ണിനമ്പൂരിയെ അമ്മ ശകാരിക്കുകയാണ്‌. "എന്താ ഉണ്ണീ....ഏഴാം ദിവസവും നീ മൂത്രമൊഴിച്ചൂലേ..? നിന്റെ കുമ്പ്ലങ്ങ ഇന്ന് ഞാന്‍ കണ്ഠിച്ച്‌ കിണറ്റിലിടും..." പരുങ്ങി നില്‍ക്കുന്ന ഉണ്ണിനമ്പൂരിയെ നോക്കി അപ്പോള്‍ അച്ഛന്‍ നമ്പൂരി ആത്മഗതം ചെയ്തു. 'നിശ്ശം.....നീ അച്ഛന്റെ മോന്‍ തന്നെ....അച്ഛന്‍ കുട്ട്യായിരുന്നപ്പോ ഈ അമ്മയെ വേളി കഴിക്കാഞ്ഞത്‌ അച്ഛന്റെ ഭാഗ്യം..'

Monday, March 17, 2008

ഖബ്‌ല്‍ത്തു നിക്കാഹഹാ....

വ്യാഴാഴ്ച...അബു നേരത്തെ തന്നെ എണീറ്റ്‌ സുബഹ്‌ നമസ്കാരം നിര്‍വ്വഹിച്ചു.ശേഷം കുറച്ച്‌ നേരം ഖുര്‍ആന്‍* പാരായണം ചെയ്തു.

അല്‍പം കഴിഞ്ഞ്‌ ബീപാത്തു അബുവിനോടായ്‌ പറഞ്ഞു."അബോ...ന്നാ കട്ടഞ്ചായ...."

"ആ....ഞാന്‌പ്പം ബെരാ..."

"ഇത്‌ ബേം ബെല്‍ച്ച്‌* കുട്‌ച്‌ട്ട്‌...."

"കുട്‌ച്‌ട്ട്‌....?""കുട്‌ച്‌ട്ട്‌....അന്റെ ബാപ്പാന്റെ കബറൊന്ന് സിയാറത്ത്‌* ചെയ്ത്‌ ബാ..."

"മ്മേ...ഞാനൊറ്റക്കോ..?"

"അല്ല...മര്‌ച്ചോയ അന്റെ ബാപ്പാനിം കൂട്ടിക്കോ.."

"ഹ...ഹാ...ഇമ്മാന്റെ തമാസ പ്പളും മാറീട്ട്ല്ലല്ലേ.."

അപ്പോഴേക്കും അബുവിന്റെ അമ്മാവന്‍ അവറാനും അര്‍മാന്‍ മോല്യാരും അവിടെ എത്തി.

"അസ്സലാമലൈക്കും.." അവര്‍ സലാം ചൊല്ലി.

"വലൈകുമുസ്സലാം...ങ്‌ഹേ!!! അമ്മോനോ..?" അബു ഞെട്ടിപ്പോയി.

"അബോ...ജ്ജ്‌ ബേം ഒര്‌ കുപ്പായട്ടാ..അന്റെ ബാപ്പാന്റെ കബറ്‌ങ്ങലൊന്ന് പോണം..."

'ഹാവൂ....സമാധാനായി.....മോല്യാരും ഒപ്പണ്ടവൊല്ലോ....'ആശ്വാസത്തോടെ അബു നെടുവീര്‍പ്പിട്ടു.

"ഇമ്മാ....ഞാമ്പോയി ബെരാ..."

അബുവും അമ്മാവനും മോല്യാരും വലിയ ജുമുഅത്‌ പള്ളി ലക്ഷ്യമാക്കി നടന്നു.വുളു* എടുത്ത്‌ പള്ളിയില്‍ കയറി രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്കാരത്തിന്‌ ശേഷം അവര്‍ പൂക്കോയയുടെ ഖബറിനടുത്തെത്തി.അല്‍പ നേരം അവിടെ നിന്ന് , കയ്യുയര്‍ത്തി മൗനമായി പ്രാര്‍ത്ഥിച്ച ശേഷം അവര്‍ മടങ്ങി.അര്‍മാന്‍ മോല്യാരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നത്‌ അബു ശ്രദ്ധിച്ചു.

"അബോ...അന്റെ ബാപ്പ സ്വര്‍ഗ്ഗത്ത്‌ന്ന് അന്നിം നോക്കി ചിരിക്ക്‌ണ്‌ണ്ടാകും...."

"ഉം.." ഓര്‍മ്മയിലില്ലാത്ത ബാപ്പയുടെ ഊഹിച്ചെടുത്ത മുഖം മനസ്സിലിട്ടുകൊണ്ട്‌ അബു മൂളി.

"മോലിന്റെ മോളാ അന്റെ പുത്യണ്ണ്‍* ന്ന് അറിമ്പം* പൂക്കോയക്ക്‌ പെര്‌ത്ത്‌* സന്തോസാവും..."

"ഉം.."

"ഔറാനേ..തേട്ടക്കാര്‌* എപ്പളാ ബെരാ..."

"പയിനൊന്ന് മണീന്നാ ഞമ്മള്‌ പറഞ്ഞെ..."

"ആ...ന്നാ ബേം നടക്ക്‌...മണീപ്പം തന്നെ കൊറെ ആയി."

അബുവും അവറാനും മോല്യാരും ധൃതിയില്‍ തിരിച്ചു നടന്നു.

*************************

സൈനബയുടെ വീട്‌....ഈന്തിന്‍ പട്ട കൊണ്ട്‌ അലങ്കരിച്ച പന്തലിന്റെ നടുവില്‍ മരം കൊണ്ടുണ്ടാക്കിയ ഉയരം കുറഞ്ഞ ഒരു മേശ...മേശയില്‍ മഹല്ലിലെ* വിവാഹങ്ങള്‍ രേഖപ്പെടുത്താനുള്ള ഒരു തടിയന്‍ പുസ്തകം.നാട്ടില്‍ ഇത്‌ വരെ നടന്ന എല്ലാ വിവാഹങ്ങളും അതില്‍ രേഖപ്പെടിത്തിയതായി അതിന്റെ നിറത്തില്‍ നിന്നും അവസ്ഥയില്‍ നിന്നും പെട്ടെന്ന് മനസ്സിലാകും.മേശയുടെ നാല്‌ ഭാഗത്തും അലങ്കരിച്ച നാല്‌ കസേരകള്‍.അവക്ക്‌ പിന്നില്‍ തറയില്‍ കുറേ പായകളും വിരിച്ചിരുന്നു.

തൂവെള്ളത്തുണിയും ഫുള്‍കൈ കുപ്പായവും സ്വര്‍ണ്ണനൂലിട്ട്‌ തുന്നിയ തൊപ്പിയും ധരിച്ച്‌ മണവാളനായി ചിരിച്ചുകൊണ്ട്‌ അബു പന്തലിലേക്ക്‌ വന്നു.അമ്മാവന്‍ നല്‍കിയ അത്തറിന്റെ പരിമളം അബുവിന്റെ ദേഹത്ത്‌ നിന്നും പന്തലിലാകെ പടര്‍ന്നു.വാസന ആസ്വദിക്കാനായി കുട്ടികള്‍ പലരും ശക്തിയായി ശ്വാസം വലിച്ചും വിട്ടും കൊണ്ടിരുന്നു.

അബുവിനെ ആരോ ഒരു കസേരയില്‍ ഇരുത്തി.അല്‍പസമയത്തിനകം സൈനബയുടെ പിതാവ്‌ മോലികാക്ക അബുവിന്‌ എതിരെയുള്ള കസേരയിലും വന്നിരുന്നു.തൊട്ടടുത്ത കസേരകളില്‍ അര്‍മാന്‍ മോല്യാരും അവറാനും ഇരുന്നു.അബുവിന്റെ കൂടെ വന്നവരും സൈനബയുടെ അടുത്ത ബന്ധുക്കളും പായയിലും ഇരുപ്പുറപ്പിച്ചു.

"മആശിറല്‍ മുസ്ലിമീന്‍....അസ്സലാമലൈക്കും....പോത്താഞ്ചീരി കോയിപ്പറമ്പ്‌ല്‌ മര്‍ഹൂം* പൂക്കോയന്റെ മോന്‍ അബും ഇന്നാട്ട്‌ലെന്നെ പുത്തമ്പുട്ട്‌ല്‌ ജനാബ്‌ മോലിന്റെ മോള്‌ സൈനബിം തമ്മ്‌ല്‌ള്ള നിക്കാഹാണ്‌ ബെടെ നടക്കാന്‍ പോണത്‌..ന്റെ ഓര്‍മ്മേല്‌ ഞമ്മളെ നാട്ട്‌ല്‌ സ്രീതനം ല്ലാത്തെ പസ്റ്റ്‌ നിക്കാഹാത്‌....അയിന്‌ കാരണം ബേറെണ്ട്‌.."അബുവിന്റെ മുഖത്ത്‌ നോക്കി അര്‍മാന്‍ മോല്യാര്‍ പറഞ്ഞപ്പോള്‍ അബുവിന്റെ ചുണ്ടില്‍ ചിരി പടര്‍ന്നു."ഏതായാലും നിക്കാഹ്‌ കയ്ഞ്ഞ്ട്ട്‌ ഓല്‌ക്ക്‌* രണ്ടാക്കും മാണ്ടി* ഞമ്മളെല്ലാരും ദുആ* ചെയ്യണം..."

ശേഷം അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെയും അബുവിന്റെയും കൈകള്‍ തമ്മില്‍ കൂട്ടിപ്പിടിപ്പിച്ചു.ശേഷം മോലികാക്കയുടെ ചെവിയില്‍ പറഞ്ഞുകൊടുത്തു."നക്കഹ്ത്തുക്ക വ സവ്വജ്ത്തുക്ക ബിന്‍തി സൈനബാ ലി ഹാസല്‍ മഹ്‌രി ഖുര്‍ആന്‍ ഷറീഫ്‌..."

ശേഷം അര്‍മാന്‍ മോല്യാര്‍ അബുവിന്റെ കൈ പിടിച്ച്‌ ചെവിയില്‍ പറഞ്ഞു."ഖബ്‌ല്‍ത്തു നിക്കാഹഹാ......"

അര്‍മാന്‍ മോല്യാര്‍ വീണ്ടും മോലികാക്കയുടെ കൈ പിടിച്ച്‌ ചെവിയില്‍ പറഞ്ഞു."ഇന്റെ മോള്‌ സൈനബാനെ ഒര്‌ മുസാഫ്‌* മഹറിന്‌ പകരായി അനക്ക്‌ നിക്കാഹ്‌ ചെയ്ത്‌ ഇണ ആക്കി തന്ന്‌ര്‌ക്കുന്നു"

അര്‍മാന്‍ മോല്യാര്‍ അബുവിന്റെ കൈ പിടിച്ച്‌ വീണ്ടും ചെവിയില്‍ പറഞ്ഞു."ങളെ മോള്‌ സൈനബാനെ ഈ മുസാഫ്‌ മഹറിന്‌ പകരായി നിക്കാഹ്‌ ചെയ്ത്‌ തെന്നത്‌ ഞാന്‍ സീകരിച്ച്‌ര്‌ക്കുന്നു"

ശേഷം അര്‍മാന്‍ മോല്യാര്‍ കയ്യുയര്‍ത്തി പ്രാര്‍ത്ഥിച്ചു.കൂടി നിന്നവര്‍ എല്ലാവരും ആമീന്‍ ചൊല്ലി.അപ്പോഴേക്കും ആരോ ആ തടിയന്‍ പുസ്തകം മുന്നോട്ട്‌ നീട്ടി.അതിലിപ്രകാരം എഴുതപ്പെട്ടു.

"പോത്താഞ്ചീരി കോയിപ്പറമ്പ്‌ല്‌ മര്‍ഹൂം പൂക്കോയന്റെ മകന്‍ അബൂബക്കര്‍ എന്ന അബുവും പുത്തമ്പുട്ട്‌ല്‌ ജനാബ്‌ മോലിന്റെ മകള്‍ സൈനബയും തമ്മില്‍ ഹിജ്‌റ 1398 സഫര്‍ 9ന്‌ അര്‍മാന്‍ മോല്യാരുടെ സാന്നിദ്ധ്യത്തില്‍ വിവാഹിതരായി.

സാക്ഷികള്‍:

1) അവറാന്‍(അബൂന്റെ അമ്മോന്‍)

2) കാദര്‍ (സൈനബാന്റെ എളാപ്പ)

ഒപ്പ്‌

(അവസാനിച്ചു)

*******************************

ഖുര്‍ആന്‍ = വിശുദ്ധഗ്രന്ഥം

ബെല്‍ച്ച്‌ = വലിച്ച്‌

സിയാറത്ത്‌ = സന്ദര്‍ശനം

വുളു = അംഗശുദ്ധി

പുത്യണ്ണ്‍ = പുതിയ പെണ്ണ്‍

അറിമ്പം = അറിയുമ്പോള്‍

പെര്‌ത്ത്‌ = വളരെ

തേട്ടക്കാര്‌ = വരനെ തേടി വരുന്നവര്‍

മഹല്ല് = പ്രദേശം

മര്‍ഹൂം = പരേതനായ

ഓല്‌ക്ക്‌ = അവര്‍ക്ക്‌

മാണ്ടി = വേണ്ടി

ദുആ = പ്രാര്‍ത്ഥന

മുസാഫ്‌ = വിശുദ്ധഗ്രന്ഥം

Sunday, March 09, 2008

അബു സ്വന്തം വീട്ടില്‍...

"ന്നാ ഞാംബോട്ടെ* മോല്യാരെ...ഡാ ചെക്കാ...ഞിം* നാട്‌ ബ്‌ട്ട്‌ മോല്യാര്‍ക്ക്‌ ശൊയല്‌* ണ്ടാക്കര്‍ത്‌ ട്ടോ.." സൈതാലി പറഞ്ഞു.

"സൈതാല്യേ...അന്ന് പറഞ്ഞ മാതിരി ഞി ബെന്റെ കല്യാണം ബേം നടത്തിച്ചണം....ജ്ജും ബെരണം ട്ടോ..ആ...ന്നാ പൊയ്ക്കോ...അസലാമലേക്കും..."

"ആ..ഇന്‍സാഅള്ള*...വലേകുമുസ്സലാം...നടൈ കാളൈ"

പൊടിപറത്തിക്കൊണ്ട്‌ സൈതാലിയുടെ കാളകള്‍ വിദൂരതയില്‍ മറയുന്നത്‌ വരെ അബുവും മോല്യാരും നോക്കി നിന്നു.

"ഓന്‌ നല്ലൊരു മന്‌സനാ...ജ്ജ്‌ കോയന്റട്‌ത്ത്‌ള്ള ബീരം ഓനാ പറഞ്ഞെ...ആ...ബാ...നടക്കാ..."

"ആ...ഇന്നെ ഔടെ ആക്ക്യപ്ലേ* ബേറെ യൗട്‌ക്കും പോകര്‌ത്‌ ന്ന് മൂപ്പര്‌ പറഞ്ഞീനി..ന്റെ മൂത്താപ്പാന്ന് അറിം മുമ്പെന്നെ , ഔടെ ച്ച്‌* നല്ല സൊകയ്‌നി*....അപ്പം ഞാം ബേറെ യൗട്‌ക്കും പോയില.."

"ആ.....അകോണ്ട്‌* അന്നെ ഞമ്മക്കെന്നെ ക്‌ട്ടി.അല്ലംദുലില്ല..."അബു മോല്യാരെ നോക്കി വെളുക്കെ ചിരിച്ചു.

"ബാ ഞമ്മക്ക്‌ ഈ ബജ്ജ്‌* കൂടെ പോവാ....അന്റെ അമ്മോന്‍ ഔറാനോട്‌ ജ്ജ്‌ ബെന്ന ബീരം പറ്യണം...അത്‌ പച്ചേ പ്പം മാണ്ട..."

അമ്മാവന്റെ പേര്‌ കേട്ടപ്പോള്‍ അബു ഒന്ന് ഞെട്ടി.'അന്ന്, അമ്മാവനോട്‌ കള്ളം പറഞ്ഞ്‌ മോല്യാര്‍ക്കുള്ള അത്തറും കൊണ്ട്‌ നാട്‌ വിട്ടതാ....അമ്മാവന്‍ അതെങ്ങാനും ഓര്‍മ്മിച്ചാല്‍..??യാ റബ്ബേ...'

കുണ്ടനിടവഴിയും കടന്ന് കാട്ട്തായി പാടത്തിന്റെ ഇടുങ്ങിയ വരമ്പിലേക്കവര്‍ കയറി.'പാടത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്നതോടിന്റെ കരയിലെ കൈതമരങ്ങള്‍ വലുതായിട്ടുണ്ട്‌ എന്നല്ലാതെ കാട്ട്തായിക്ക്‌മാറ്റമൊന്നും വന്നിട്ടില്ല'.അബുവിന്റെ മനസ്സ്‌ മന്ത്രിച്ചു.കാട്ട്തായി പാടം കടന്ന് പോത്താഞ്ഞീരി പാടത്തിന്റെ വീതിയേറിയ വരമ്പിലേക്ക്‌ കയറുന്നഒറ്റത്തടി പാലത്തിനടുത്ത്‌ അവരെത്തി.

"അബോ....തോട്ട്‌ക്ക്‌ ബ്‌ഗ്ഗര്‌ത്‌*..."

"ഇത്‌ പുത്യേ തോടും പുത്യേ പാലും* ആലേ*...ഞാം പോവുമ്പം ഇത്‌ല്ലെയ്നി..."

"ആ....ഇത്‌പ്പം അട്‌ത്ത്‌ കിര്‍ഷി* ജോറാക്കാന്‍ ണ്ടാക്കീതാ...."

പാലത്തിനടിയില്‍ തോട്ടില്‍ വെട്ടി വെട്ടി ഓടുന്ന കണ്ണാംചൂട്ടി മല്‍സ്യങ്ങള്‍അബുവിന്റെ കണ്ണില്‍ പെട്ടു.'കണ്ണാംചൂട്ടികളുടെ പിന്നാലെ തോട്ടിലെ വെള്ളത്തിലൂടെഓടി വെള്ളത്തില്‍ വീണ്‌ ഹാഫ്‌ ട്രസര്‍ നനഞ്ഞ്‌ കുതിര്‍ന്ന് നടന്ന ആ ബാല്യകാലം...എത്ര രസായിരുന്നു.' അബു മനസ്സില്‍ കരുതി.

പോത്താഞ്ഞീരി പാടത്തിന്റെ അറ്റത്തെ പറമ്പിലേക്ക്‌ കയറിയാല്‍ അബുവിന്റെ വീടായി.ദൂരെ നിന്ന് തന്നെ അബു തന്റെ വീടിന്റെ നേരെ കണ്ണയച്ചു.'അന്ന് കണ്ണീരോടെ നോക്കി നിന്ന ഉമ്മ അതേ നില്‍പ്പില്‍ അവിടെ തന്നെ ഉണ്ടാകുമോ?' നാട്‌ വിട്ടത്‌ ഇന്നലെ എന്ന പോലെ അബുവിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

"ബീഫാത്തോ...ബീ...ഫാത്തോ..." പാടത്തിന്റെ അറ്റത്തെത്തിയപ്പഴേ അര്‍മാന്‍ മോല്യാര്‍ ഉറക്കെ വിളിക്കാന്‍ തുടങ്ങി.

പാടത്ത്‌ നിന്നും അവര്‍ പറമ്പിലേക്ക്‌ കയറി.'അതിര്‍ത്തിയിലെ മുള്ളുവേലികള്‍ ചിതലരിച്ച്‌തീര്‍ന്നിരിക്കുന്നു.കടായി* അന്നത്തെപോലെ തന്നെ എന്നാല്‍ അല്‍പം മിനുസ്സം കൂടി നില്‍പ്പുണ്ട്‌''.അബു ആത്മഗതം ചെയ്തു.

അന്ന് പോകുമ്പോള്‍ അടയാളം വരച്ച്‌ പോയ കമുക്‌ പെട്ടെന്ന് അബുവിന്റെ ഓര്‍മ്മയില്‍ ഓടി എത്തി.അബു അങ്ങോട്ട്‌ നോക്കി.'മുട്ടിന്‍ കാലിന്റെ താഴെ വരെ മാത്രം ഉയരമുണ്ടായിരുന്ന ആ പ്ലാവിന്‍തൈ....ബദ്‌രീങ്ങളേ....അത്‌ ഇത്ര വലുതായോ...?' രണ്ടാള്‍ ഉയരത്തില്‍ തലഉയര്‍ത്തി നില്‍ക്കുന്ന പ്ലാവിനെ നോക്കി അബു ആശ്ചര്യപ്പെട്ടു.

പിന്നീട്‌ അബു വീട്ടിലേക്ക്‌ നോക്കി...'ഇല്ല, വീടിന്‌ കൊഴപ്പമൊന്നും വന്ന്‌ട്ടില്ല..മുറ്റത്ത്‌ പുതിയ ചില വിരുന്നുകാരുണ്ട്‌...ഒരു പൂച്ചയും രണ്ട്‌ പൂച്ചക്കുഞ്ഞുങ്ങളും...പറമ്പില്‍നാലഞ്ച്‌ കോഴികള്‍...'

"ബീഫാത്തോ...ബീ...ഫാത്തോ...ദ്‌..ആരാ...ബെന്നേന്ന്‌ നോക്ക്യാ..."അര്‍മാന്‍ മോല്യാര്‍ വീണ്ടും അലറിവിളിച്ചു.

"ആരാ...ആരാദ്‌....സുബൈക്കെന്നെ*...." ഉമ്മറക്കോലായിലെ വാതിലിന്റെ സാക്ഷ കറകറാസബ്ദത്തോടെ തുറന്നുകൊണ്ട്‌ ബീപാത്തു പുറത്ത്‌ വന്നു.

"ന്റെ....റബ്ബുല്‍ ഇസ്സത്തേ* !!! ആരാദ്‌...??? ന്റെ അബോ....അബോ..!!!!" ബീപാത്തു അബുവിന്‌ നേരെ ഓടിച്ചെന്നു.

"ഇമ്മാ..!!" ഉമ്മയെ കണ്ട അബു പെട്ടി താഴെ ഇട്ട്‌ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

ബീപാത്തുവിന്റെ കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ കുത്തി ഒഴുകി.അബുവിന്റെ മൂര്‍ദ്ധാവിലൂടെഅവ ഒലിച്ചിറങ്ങി.അര്‍മാന്‍ മോല്യാരും മാറി നിന്ന് കണ്ണീര്‍ തുടച്ചു.

"ആ...ബീഫാത്തോ....ഞി ഞമ്മക്ക്‌ ബേം ബെന്റെ നിക്കാഹങ്ങട്ട്‌ നടത്തണം....അല്ലെങ്കി ഓനിഞ്ഞുംനാട്‌ ബ്‌ട്ടാല്‍ ഞമ്മള്‌ സുയ്പ്പാവും*..."

"ആ....ങള്‍...മോലിനിം കണ്ട്‌....അട്‌ത്തെ ബ്യായായ്ച* ക്കെന്നെ അതണ്ട്‌ ....ഏര്‍പ്പാടാക്ക്യാളി..."തൊണ്ട ഇടറിക്കൊണ്ട്‌ ബീപാത്തു പറഞ്ഞു.

"ആ....ഞാമ്പോയി മോലിനെ കണ്ട്‌ പറ്യട്ടെ.."

"ലേസം* ചായന്റള്ളം*..??"

"മാണ്ട..മാണ്ട..ജ്ജ്‌ ഓന്‌ എത്തെങ്കിലും ണ്ടാക്കി കൊട്‌ക്ക്‌....ഞാന്‍ ബെര*...അസലാമലേക്കും.."

"വലേകുമുസ്സലാം..."

(തുടരും)

***************************

ഞാംബോട്ടെ = ഞാന്‍ പോകട്ടെ

ഞിം = ഇനിയും

ശൊയല്‌ = പണി

ഇന്‍സാഅള്ള = അല്ലാഹു ഉദ്ദേശിച്ചാല്‍

ആക്ക്യപ്ലേ = ആക്കിയപ്പഴേ

ച്ച്‌ = എനിക്ക്‌

സൊകയ്‌നി = സുഖമായിരുന്നു

അകോണ്ട്‌ = അതു കൊണ്ട്‌

ബജ്ജ്‌ = വഴി

ബ്‌ഗ്ഗര്‌ത്‌ = വീഴരുത്‌

പാലും = പാലവും

ആലേ = ആണല്ലേ

കിര്‍ഷി = കൃഷി

കടായി = ഗേറ്റ്‌

സുബൈക്കെന്നെ = രാവിലെ തന്നെ

റബ്ബുല്‍ ഇസ്സത്തേ = ദൈവമേ!!

സുയ്പ്പാവും = ബുദ്ധിമുട്ടാവും

ബ്യായായ്ച = വ്യാഴാഴ്ച

ലേസം = അല്‍പം

ചായന്റള്ളം = ചായ

ബെര = വരട്ടെ

Thursday, March 06, 2008

വണ്ടി എങ്ങാനും താമസിച്ചിരുന്നെങ്കി..??

രാമന്‍ നമ്പൂരി ആദ്യമായി സിനിമ കാണാന്‍ പോയി.ഹെഡ്‌ലൈറ്റിട്ട്‌ തീവണ്ടി വരുന്നതായിരുന്നു ആദ്യ സീന്‍.സിനിമ കണ്ടിറങ്ങിയ നമ്പൂരിയോട്‌ സുഹൃത്ത്‌: സിനിമ എങ്ങിനെയുണ്ട്‌ തിരുമേനീ..? നമ്പൂരി: ശിവ ശിവാ...തിയേറ്ററിനകത്ത്‌ എന്തൊരിരുട്ടാ...കണ്ണ്‍ കാണാത്ത ഇരുട്ട്‌.... സുഹൃത്ത്‌:എന്നിട്ടോ? നമ്പൂരി:ലൈറ്റിട്ട്‌ ആദ്യം തന്നെ ഒരു തീവണ്ടി വന്നതോണ്ട്‌ നോമിന്‌ കൊഴപ്പംല്ലാതെ സിനിമ കാണാന്‍ പറ്റി.ആ വണ്ടി എങ്ങാനും താമസിച്ചിരുന്നെങ്കി...ശിവ..ശിവാ...ആര്‍ക്കേലും സിനിമ കാണാന്‍ പറ്റ്വോ ആ ഇരുട്ടില്‍...

Saturday, March 01, 2008

നാറികള്‍ക്ക്‌ മാത്രമുള്ള ബസ്‌ !!

            മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്തുവരുന്ന കാലം. ജോലിയുടെ ഭാഗമായുള്ള പ്രായോഗിക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു അന്ന് . ചാത്തമംഗലത്ത് NIT-ക്ക്‌ അടുത്തുള്ള കോഴിഫാമിലായിരുന്നു ഒരാഴ്ചയോളം നീണ്ടു നിന്ന പരിശീലനം. കോഴിക്കുഞ്ഞുങ്ങളുടെ മൂട് നോക്കി ആണും പെണ്ണും വേര്‍ത്തിരിച്ചിടുന്നത് മാത്രമാണ് എന്റെ ഓര്‍മ്മയില്‍ ഉള്ളത്. മൃഗാശുപത്രിയില്‍ അങ്ങനെ ഒരാവശ്യവുമായി ആരും വരില്ല എന്ന ധൈര്യത്തില്‍ ഞാനത് ശ്രദ്ധിച്ചതേ ഇല്ല.

              സഹപ്രവര്‍ത്തകരില്‍ പലരും നല്ല ഇനം കോഴിക്കുഞ്ഞുങ്ങളെയും മുട്ടക്കോഴികളെയും വാങ്ങിയാണ് അന്ന് പരിശീലനം അവസാനിപ്പിച്ചത്. എടവണ്ണക്കാരന്‍ ദേവരാജനും ഒരു കോഴിക്കുഞ്ഞിനെ വാങ്ങിയിരുന്നു. എന്റെ വീട്ടിലെ കോഴിക്കൂട്‌ എന്നോ പൂട്ടി സീല്‍ വച്ചിരുന്നതിനാല്‍ ഞാന്‍ ഇരുപത്‌ മുട്ടയാണ്‌ അന്ന് വാങ്ങിയത്‌. നാട്ടിലേക്ക്‌ ബസ്‌ കയറാനായി കയ്യില്‍ പൊതിയുമായി ഞാനും ദേവരാജനും ബസ്‌സ്റ്റോപ്പില്‍ എത്തി.

"ഇന്നെന്താ ബസ്‌ ഒന്നും കാണുന്നില്ലല്ലോ?" അല്‍പസമയം കാത്ത്‌ നിന്നിട്ടും ബസ്‌ ഒന്നും കാണാത്തതിനാല്‍ ഞാന്‍ ദേവരാജനോട്‌ പറഞ്ഞു.

"ആ...അതു തന്നെ ...ഈ കോഴിക്കുഞ്ഞിനെയാണെങ്കി എവിടെയും വയ്ക്കാനും വയ്യ...എടവണ്ണ വരെ ഇത് അലാറമടിക്കും എന്നാ തോന്നുന്നത്..."

"ഹ..ഹ...ഹാ...അതല്ലേ ഞാന്‍ മുട്ട വാങ്ങിയത്‌"

"ആ..അതുമതിയായിരുന്നു...എന്നിട്ട്‌ മുട്ട എവിടെ ?"

"അതാ...ആ മതിലില്‍..." ബസ്‌സ്റ്റോപ്പിന്റെ പിന്നില്‍ തന്നെയുള്ള മതിലിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു.

"ഭാഗ്യവാന്‍..."

          വീണ്ടും ഞങ്ങള്‍ക്കിടയില്‍ മൗനം തളിരിട്ടു.ഞാന്‍ റോഡിലൂടെ നടന്ന് പോകുന്ന ആള്‍ക്കാരെയും ഇടക്കിടെ മതിലില്‍ വച്ച മുട്ടപ്പൊതിയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരു KSRTC ബസ്‌ ഇരമ്പി വന്നു.ബസിന്റെ ബോര്‍ഡ്‌ ഞാന്‍ ഒറ്റനോട്ടം കണ്ടു - മുക്കം.

          സ്റ്റോപ്പില്‍ നിന്നും അല്‍പം മുന്നിലേക്കായി നിര്‍ത്തിയ ബസില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങി. കോഴിക്കുഞ്ഞുമായി ദേവരാജന്‍ ബസ്സില്‍ ഓടിക്കയറുകയും ചെയ്തു.ദേവരാജന്റെ പിന്നാലെ ഓടിയ ഞാന്‍, ബസിനടുത്ത്‌ എത്തിയപ്പോഴാണ്‌ മതിലില്‍ വച്ച മുട്ടപ്പൊതി പെട്ടെന്ന് ഓര്‍മ്മയിലെത്തിയത്. 

“ട്‌റ്റ്ര്‍!!!“ മുന്നോട്ടുള്ള ഓട്ടത്തിന്‌ ഒരു സഡന്‍ബ്രേക്കിട്ട്‌ ഞാന്‍ തിരിച്ചോടി.ദേവരാജനെയും കൊണ്ട്‌ ബസ്‌ മുന്നോട്ടും നീങ്ങി.

          മുട്ടപ്പൊതിയുടെ അടുത്ത്‌ തിരിച്ചെത്തി അകന്നു പോകുന്ന ബസിനെ ഞാന്‍ നിരാശയോടെ ഒന്നു നോക്കി.അല്‍ഭുതം...ബസ്‌ അതാ നിര്‍ത്തി!പിന്നാലെ എന്തോ കണ്ട്‌ പേടിച്ചപോലെ ദേവരാജന്‍ ബസില്‍ നിന്നും ചാടി ഇറങ്ങി !!കുനിഞ്ഞ ശിരസ്സുമായി ദേവരാജന്‍ എന്റെ അടുത്തേക്ക് വന്നു.

"അത്‌ മുക്കത്തേക്കുള്ള ബസ്സായിരുന്നില്ലേ? എന്താ പിന്നെ ഇറങ്ങിയത്‌?" ഞാന്‍ ചോദിച്ചു.

"ബസ്‌ മുക്കത്തേക്ക്‌ തന്നെ....പക്ഷേ അത്‌ നാറികള്‍ക്ക്‌ മാത്രമുള്ള ...സോറി....നാരികള്‍ക്ക്‌ മാത്രമുള്ള ബസാ..."
വിഷണ്ണനായി ദേവരാജന്‍ പറഞ്ഞപ്പോള്‍ ഒരു നിമിഷത്തെ മറവി അനുഗ്രഹമായി എനിക്കനുഭവപ്പെട്ടു.