Pages

Wednesday, February 28, 2007

അഛന്റെ മകന്‍ !!!

നമ്പൂരിയും മകനും കൂടി പഴംചക്ക തിന്നുകയായിരുന്നു.പെട്ടെന്ന് മകന്‍ അബദ്ധത്തില്‍ ഒരു ചക്കക്കുരു വിഴുങ്ങി. "അഛാ...?" ഉണ്ണി നമ്പൂരി വിളിച്ചു. "എന്താ ഉണ്ണീ..." "ഞാന്‍ ഒരു ചക്കക്കുരു വിഴുങ്ങി...!" "ങേ..! ഇനി ഇപ്പോ എന്താ ചെയ്യാ..? വയറ്റില്‍ ഒരു പ്ലാവങ്ങട്ട്‌ മുളച്ച്‌ വരും...." നമ്പൂരി മകനെ പേടിപ്പിക്കാന്‍ നോക്കി. "അതിന്‌ ചക്കക്കുരു എന്റെ വയറ്റിലേക്കല്ലേ പോയത്‌....അഛന്റെ തലക്കകത്തേക്കല്ലല്ലോ..?" ഉണ്ണിയുടെ മറുപടി പെട്ടെന്നായിരുന്നു.

Tuesday, February 27, 2007

നമ്പൂരി പിടിച്ച പുലിവാല്‌

നമ്പൂരിയുടെ അയല്‍വാസിയായ അമ്മിണ്യേട്ടത്തിയുടെ പശുവാണ്‌ നന്ദിനി. നന്ദിനിപ്പശുവിന്റെ വാല്‌ കണ്ടപ്പോള്‍ നമ്പൂരിക്ക്‌ ഒരു കൗതുകം - ഒന്ന്‌ പിടിച്ചു നോക്കിയാലോ ? പിന്നെ നമ്പൂരി ഒന്നും ആലോചിച്ചില്ല.പിന്നിലൂടെ പതുങ്ങി പതുങ്ങി ചെന്ന് ഒറ്റ പിടുത്തം. പേടിച്ചരണ്ട പശു കുതിച്ചു പാഞ്ഞു.നമ്പൂരി വാലിലെ പിടുത്തം വിട്ടില്ല.നമ്പൂരിയെയും കൊണ്ട്‌ പശു ഓടെടാ ഓട്ടം.തളര്‍ന്നുപോയ നമ്പൂരി അവസാനം പിടിവിട്ടു. ഇതെല്ലാം കണ്ടുനിന്ന രാമേട്ടന്‍ ഓടിവന്നു ചോദിച്ചു. "എന്തിനാ നമ്പൂരീ ഈ പുലിവാല്‌ പിടിക്കാന്‍ പോയത്‌ ?" "ശിവ..ശിവാ....അത്‌ പുലിയായിരുന്നോ ? പശുവാണെന്ന് നിരീച്ചാ നോം അതിന്റെ വാല്‌ പിടിച്ചത്‌...!!!"

ബാല്യകാലസ്മരണകള്‍ - രണ്ട്‌

കുഞ്ഞങ്കാക്കയെ ഓര്‍ക്കുമ്പോള്‍ തലയില്‍ പാളത്തൊപ്പി വച്ച അരമുണ്ടുടുത്ത കുപ്പായമിടാത്ത ഒരു രൂപമാണ്‌ എന്റെ മനസ്സിലുള്ളത്‌.ഇതല്ലാത്ത വേഷത്തില്‍ ഒരിക്കല്‍ പോലും കുഞ്ഞങ്കാക്കയെ കണ്ടതായി എനിക്കോര്‍മ്മയില്ല. "ചക്കപ്പം" എന്നായിരുന്നു കുഞ്ഞങ്കാക്ക എന്നെ വിളിച്ചിരുന്നത്‌.ചെറുപ്പത്തില്‍ പഴംചക്ക കൊണ്ടുണ്ടാക്കുന്ന ചക്കപ്പമായിരുന്നു എന്റെ ഇഷ്ടഭോജ്യം(ഇന്നും ചക്കപ്പം ഇഷ്ടമാണ്‌). അന്ന് വിവിധ പറമ്പുകളില്‍നിന്നായി കുഞ്ഞങ്കാക്ക പഴംചക്ക വീട്ടിലെത്തിക്കും.ശേഷം എന്നോടായി പറയും - "കുഞ്ഞങ്കാക്ക ചക്ക കൊണ്ടുവന്നിട്ടുണ്ട്‌.ആയിശാത്തയോട്‌ ( എന്റെ വീട്ടിലെ വേലക്കാരി.എന്നെയും എന്റെ ഇത്താത്തയെയും പൊന്നുപോലെ നോക്കിവളര്‍ത്തിയ അവര്‍ ഏഴുവര്‍ഷം മുമ്പ്‌ ഒരു വാഹനാപകടത്തില്‍ മരിച്ചു) ചക്കപ്പം ഉണ്ടാക്കിത്തരാന്‍ പറയണം.പത്തെണ്ണം ഈ കുഞ്ഞങ്കാക്കാക്കും തരണംട്ടോ..." പിറ്റേ ദിവസം മുതല്‍ ഞാന്‍ ചക്കപ്പസമരം തുടങ്ങും.ആയിശാത്ത ജോലിത്തിരക്ക്‌ കാരണം മറന്നതായിരിക്കും.സ്കൂള്‍ടീച്ചറായ ഉമ്മ വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ എന്റെ സമരം മിക്കവാറും നിരാഹാര ഘട്ടത്തിലേക്ക്‌ എത്തിയിട്ടുണ്ടാകും.അങ്ങിനെ അല്‍പം ചക്കപ്പം ചുട്ട്‌ എനിക്ക്‌ നീട്ടി എന്റെ സമരം അവസാനിപ്പിക്കും.കിട്ടിയ ചക്കപ്പം മുഴുവന്‍ സ്വയം തിന്നതല്ലാതെ കുഞ്ഞങ്കാക്കാക്ക്‌ ചക്കപ്പം കൊടുത്തതായി എനിക്കോര്‍മ്മയേ ഇല്ല. ഏതായാലും എന്റെ ചക്കപ്പപ്രേമം നന്നായറിയുന്ന കുഞ്ഞങ്കാക്ക മാത്രം എന്നെ "ചക്കപ്പോ" എന്ന് വിളിച്ചു വന്നു.

Tuesday, February 20, 2007

നമ്പൂരി ഉണ്ട കല്ല്യാണസദ്യ

ഒരിക്കല്‍ നമ്പൂരി ഒരു കല്ല്യാണത്തിന്‌ പോയി.പക്ഷേ സദ്യ കഴിഞ്ഞത്‌ കാരണം നമ്പൂരിക്ക്‌ നിരാശനായി മടങ്ങേണ്ടി വന്നു.കല്ല്യാണം കഴിഞ്ഞ്‌ മടങ്ങി വരുന്ന നമ്പൂരിയെ നാണുവേട്ടന്‍ കണ്ടു. "എങ്ങനെണ്ടായിരുന്നു നമ്പൂരീ.... കല്ല്യാണസദ്യ ?" നാണുവേട്ടന്‍ ചോദിച്ചു. "സദ്യ കേമം...!! സദ്യ കഴിഞ്ഞുള്ള പായസം കെങ്കേമം..!!! പക്ഷേ...നോം ഉണ്ടില്ല...!!!" "ങേ..! ഉണ്ണാതെ പിന്നെ സദ്യയുടെ രുചി നമ്പൂരി എങ്ങിനെയറിഞ്ഞു ?" "വിഢ്ഢികൂശ്മാണ്ഡം..!! രുചി ഇല്ലാതെ പിന്നെ എങ്ങന്യാ സദ്യേം പായസോം ഇത്ര പെട്ടെന്നങ്ങ്‌ തീരാ...?"

ബാല്യകാലസ്മരണകള്‍ - ഒന്ന്

             ആയിരത്തിതൊള്ളായിരത്തി കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ചെറിയ ചെറിയ സംഭവങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ഞങ്ങളുടെ അയല്‍വാസിയായിരുന്നു കുഞ്ഞന്‍. ഞങ്ങള്‍ ചെറിയ കുട്ടികള്‍ കുഞ്ഞങ്കാക്ക എന്ന് വിളിക്കും.അദ്ദേഹത്തിന്റെ നല്ലപാതി മോങ്ങത്ത്‌ (യഥാര്‍ത്ഥ പേര്‌ ഞങ്ങള്‍ക്കാര്‍ക്കും അറിഞ്ഞ്‌കൂടാ... മോങ്ങം എന്ന സ്ഥലത്ത്‌ നിന്നുള്ളവളായതിനാല്‍ ഈ പേരിലറിയപ്പെടുന്നു എന്ന് ഉമ്മ പറയുന്നു).പിന്നെ ഇവരുടെ കുറെ ആണ്‍മക്കളും.

               കുഞ്ഞങ്കാക്ക പറമ്പിലെ വിവിധ പണികള്‍ക്കായി മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ വീട്ടിലുണ്ടാകും.മോങ്ങത്ത്‌ അടുക്കളയില്‍ ഉമ്മയെ സഹായിക്കാനും.അവരുടെ മക്കളായ വാസു, ചാത്തന്‍, മുകുന്ദന്‍ എന്നിവരും അഛനെ പറമ്പില്‍ സഹായിക്കാനായി വരും. എന്റെ ഉപ്പ പഠിപ്പിച്ചിരുന്ന ഗവണ്‍മന്റ്‌ ഹൈസ്കൂളിലായിരുന്നു ഈ മക്കളുടെയെല്ലാം വിദ്യാഭ്യാസം നടന്നത്‌.അതിനാല്‍ തന്നെ അവര്‍ക്ക്‌ എന്റെ ഉപ്പയോടും ഉപ്പാക്ക്‌ അവരോടും ഒരു പ്രത്യേക താല്‍പര്യമായിരുന്നു. ഇന്ന് ഈ മക്കളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്‌.ഇപ്പോഴും ഇടക്കിടെ അവര്‍ വീട്ടില്‍ വരും....
  
           പടിഞ്ഞാറെകണ്ടത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന വരിക്കപ്ലാവ്‌ ചൂണ്ടി വാസ്വേട്ടന്‍ പറയും - 
"ഉപ്പയുടെ കൂടെ ഒരിക്കല്‍ നൊച്ചാട്ട്‌ (ഉപ്പയുടെ സ്വന്തം നാട്‌) പോയപ്പോള്‍ ഉമ്മാമ സ്നേഹപൂര്‍വ്വം തന്നുവിട്ടതാ...ആദ്യ ചക്ക പൊട്ടുന്നത്‌ വരെ അതിന്‌ വെള്ളവും വളവും നല്‍കേണ്ടതും ആടുമാടുകള്‍ കടിക്കാതെ നോക്കേണ്ടതും എന്റെ ഉത്തരവാദിത്വമായിരുന്നു അഥവാ ബാപ്പയുടെ ഉത്തരവായിരുന്നു.ആ പ്ലാവില്‍ ആദ്യ ചക്ക പൊട്ടിയത്‌ കണ്ടപ്പോള്‍ ഉപ്പ എന്നെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചത്‌ ഞാനിന്നും ഓര്‍ക്കുന്നു.എന്റെ അഛന്‍പോലും എന്നെ അതുപോലെ ആശ്ലേഷിച്ചിട്ടില്ല.ഇപ്പോഴും ചക്ക കിട്ടാറില്ലേ ? ചക്ക തിന്നുമ്പോള്‍ ഈ വാസ്വേട്ടനെയും ഉമ്മാമയേയും ഓര്‍ക്കണേ...." 
( ആ പ്ലാവ്‌ എന്റെ വീട്‌ പണിക്ക്‌ സ്ഥലമൊരുക്കാനായി കഴിഞ്ഞ വര്‍ഷം മുറിച്ചു മാറ്റി...വാസ്വേട്ടന്‍ പിന്നീട്‌ അതുവഴി വന്നതേ ഇല്ല ).

Tuesday, February 13, 2007

നമ്പൂരിയുടെ ബസ്‌ യാത്ര.

ബസ്സില്‍ കയറിയ നമ്പൂരിക്ക്‌ സീറ്റൊന്നും കിട്ടിയില്ല."അന്ധന്‍" എന്നെഴുതിയ സീറ്റിനടുത്താണ്‌ നമ്പൂരിക്ക്‌ നില്‍ക്കാന്‍ ഇടം കിട്ടിയത്‌.സീറ്റില്‍ മുറുക്കിപ്പിടിച്ച്‌ യാത്ര തുടരുന്നതിന്നിടയില്‍ ബസ്‌ പെട്ടെന്ന്‌ നിര്‍ത്തി.നമ്പൂരിയുടെ കൈ സീറ്റിലിരുന്ന ആളെ അല്‍പം ശക്തിയോടെ തലോടി.നീരസത്തോടെ അയാള്‍ നമ്പൂരിയെ നോക്കി. "നമ്മെ നോക്കി പേടിപ്പിക്കൊന്നും വേണ്ടാ...നീ അന്ധനാണെന്ന്‌ നമുക്ക്‌ നല്ല നിച്ചംണ്ട്‌ " ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി ചുണ്ടില്‍ ചിരി പടര്‍ത്തി. അല്‍പം കഴിഞ്ഞ്‌ ബസ്‌ വീണ്ടും സഡന്‍ ബ്രേക്കിട്ടു.നമ്പൂരിയുടെ കൈ സീറ്റിലിരുന്ന ആളുടെ തലയില്‍ ശക്തിയായിടിച്ചു.ദ്വേഷ്യത്തോടെ നമ്പൂരിയെ നോക്കിക്കൊണ്ട്‌ അയാള്‍ അലറി. "ഇതെന്താ...തനിക്ക്‌ താളം പിടിക്കാനുള്ളതാണോ എന്റെ തല ?" അയാളുടെ കോപം നിറഞ്ഞ തുറിച്ചുനോട്ടം കണ്ടപ്പോഴാണ്‌ അയാള്‍ അന്ധനല്ല എന്ന യാഥാര്‍ത്ഥ്യം നമ്പൂരി മനസ്സിലാക്കിയത്‌. "ഫ....ഏഭ്യന്‍....തന്‍ അന്ധനല്ല അല്ലേ ? പിന്നെന്തിനാടോ നിന്റെ തലക്ക്‌ മുകളില്‍ അന്ധന്‍ എന്ന് കുമ്പളങ്ങാ വലിപ്പത്തില്‍ എഴുതി നമ്മെ പറ്റിക്‌ക്‍ണ ?"

Saturday, February 03, 2007

വീണിതല്ലോ കിടക്കുന്നു ധരണിയില്‍.....

എതിരാളി വളരെ നിസ്സാരനെങ്കിലും ഞാന്‍ വളരെ ജാഗ്രതയോടെ തന്നെ ഇരുന്നു.എണ്റ്റെ പ്രതീക്ഷ തെറ്റിയില്ല.അല്‍പസമയത്തിനകം തന്നെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി അവന്‍ വരവായി. എന്നെ കണ്ട ഭാവം പോലും ഇല്ലാത്ത അഹങ്കാരി!!!. അതാ അവന്‍ എന്നെ കണ്ടു എന്നു തോന്നുന്നു....ഇനി രക്ഷയില്ല.....നിമിഷങ്ങള്‍ എണ്ണപ്പെട്ടുക്കഴിഞ്ഞു....അവന്‍ എണ്റ്റെ നേരെ ചീറി അടുക്കുകയാണ്‌.... ഹൂ.....സര്‍വ്വശക്തിയുമെടുത്ത്‌ ഞാന്‍ ആഞ്ഞുവീശി.....പക്ഷേ....പതിനെട്ടടവും പയറ്റിതെളിഞ്ഞവനെപ്പോലെ അവന്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. തിരിഞ്ഞു നോക്കുമ്പോള്‍.......!!!! അവനതാ വീണ്ടും എണ്റ്റെ നേരെ ചീറി വരികയാണ്‌.....ഇത്തവണയും അവന്‍ രക്ഷപ്പെട്ടാല്‍ പിന്നെ എണ്റ്റെയും രണ്ട്‌ കുട്ടികളുടെയും സ്ഥിതി... ?? രണ്ട്‌ കയ്യും കൂട്ടി ഒറ്റ അടി."ഠേ.." അവണ്റ്റെ കരണക്കുറ്റിക്ക്‌ തന്നെ കിട്ടി.ഒന്ന്‌ ആര്‍ത്തുവിളിക്കാന്‍ പോലുമാവാതെ അവന്‍....വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവാ.... ആ കൊതുകും ചത്തതോടെ ഞാനും എണ്റ്റെ മക്കളും വീണ്ടും സുഖമായി ഉറങ്ങി.