Pages

Sunday, October 01, 2006

കൊലക്ട്രോണിക്‌ മീറ്റര്‍

റിട്ടയര്‍മന്റ്‌ ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിലാണ്‌ അവറാന്‍ മാസ്റ്റര്‍.പ്രായത്തിന്റെ വെല്ലുവിളികള്‍ക്ക്‌ മറുപടി നല്‍കാന്‍ കഴിയാതെ മാസ്റ്ററുടെ ചെവിയും കുറേശെയായി കണ്ണും പിന്നെ കൈകാലുകളും പണിമുടക്ക്‌ നോട്ടീസ്‌ നല്‍കിത്തുടങ്ങിയിട്ടുണ്ട്‌.എങ്കിലും തന്റേതായ കാര്യങ്ങള്‍ താന്‍ തന്നെ ചെയ്ത്‌ തീര്‍ക്കണമെന്ന പിടിവാശി ഇപ്പോഴും മാസ്റ്ററെ വിട്ടുപിരിഞ്ഞിട്ടില്ല.പതിവ്‌ പോലെ പത്രവുമായി പുറത്തിരിക്കുമ്പോഴാണ്‌ രണ്ട്‌ പയ്യന്മാര്‍ മാസ്റ്ററുടെ വീട്ടിലേക്ക്‌ കയറി വന്നത്‌.ഒരുവന്റെ കയ്യില്‍ ചെറിയ ഒരു കടലാസ്‌ പെട്ടിയും മറ്റവന്റെ കയ്യില്‍ ഒരു പഴകിയ പ്ലാസ്റ്റിക്ക്‌ ചാക്കും.പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരാണെന്ന ധാരണയില്‍ മാസ്റ്റര്‍ രൗദ്രഭാവത്തോടെ പയ്യന്മാരെ ഒന്നുഴിഞ്ഞ്‌ നോക്കി.ശേഷം ഉച്ചത്തില്‍ പറഞ്ഞു. "പഴയ സാധനങ്ങളൊന്നുമില്ല....പോ ...പോ..." "പഴയ സാധനങ്ങള്‍ക്കല്ല.....പഴയ മീറ്റര്‍ എടുക്കാനാ..."പയ്യന്മാര്‍ വരവിന്റെ ഉദ്ദേശം അറിയിച്ചു. "എന്തോ...എന്തെടുക്കാന്‍....?"കേള്‍വി കുറവായതിനാല്‍ മാസ്റ്റര്‍ വീണ്ടും ചോദിച്ചു. "പഴയ മീറ്റര്‍ മാറ്റാനാ.."മാസ്റ്ററുടെ പ്രായം മാനിച്ച്‌ ഒരുവന്‍ വിളിച്ച്‌ കൂകി. "ങേ!!പഴയ മീറ്റര്‍ എടുക്കാനോ?നിങ്ങള്‍ എവിടുന്നാ....?" "KSEB യില്‍ നിന്ന്..." അധികാരഭാവത്തോടെ പയ്യന്‍സ്‌ മൊഴിഞ്ഞു. "എന്ത്‌!?...JCB യില്‍ നിന്നോ..?"എന്തോ കേട്ട മാസ്റ്റര്‍ അല്‍ഭുതം കൂറി. "JCB അല്ല....KSEB...കരണ്ടാപ്പീസ്‌ കാര്‍ണോരെ..." "ങാ....രണ്ടിന്റെയും പണി ഒന്നു തന്നെ...മാന്തല്‍ അല്ലെങ്കില്‍ കരണ്ടല്‍..."ആരോടെന്നില്ലാതെ മാസ്റ്റര്‍ പറഞ്ഞു. "APDRP സ്കീം പ്രകാരം പഴയ..........".പയ്യന്മാരിലൊരാള്‍ വിശദീകരണ പ്രസംഗം ആരംഭിച്ചു. "ങേ...ആ DPEP... KSEB യിലും എത്തിയോ?" "ശ്ശെ....DPEPയല്ല....APDRP...എന്ന് വച്ചാല്‍ ഊര്‍ജ്ജിത......." പയ്യന്മാരിലൊരാള്‍ ഉറക്കെ പറയാന്‍ തുടങ്ങി. "ഓ....ഊര്‍ജ്ജിത കന്നുകാലി പരിപാലനം..."മാസ്റ്റര്‍ മുഴുവനാക്കി. "ങാ.." ശല്യം ഒഴിവാക്കാന്‍ പയ്യന്‍സില്‍ ഒരാള്‍ മൂളി "ഈ സ്കീം പ്രകാരം പഴയ മീറ്ററുകള്‍ മാറ്റി പുതിയ ഇലക്ട്രോണിക്‌ മീറ്ററുകള്‍ ഘടിപ്പിക്കുകയാണ്‌." "ഓഹോ....പഴയതിന്‌ പകരം പുതിയത്‌....സര്‍ക്കാരും തുടങ്ങിയോ എക്സ്ചേഞ്ച്‌ മേള..." "ങാ.....അതു തന്നെ..."പയ്യന്മാര്‍ പെട്ടെന്ന് ജോലി ആരംഭിച്ചു. "എന്നാലും ഇപ്പോഴെങ്കിലും സര്‍ക്കാരിന്‌ തോന്നിയല്ലോ...ഈ ശിലായുഗ മീറ്ററുകള്‍ മാറ്റാന്‍...ഞാനെത്ര തവണ ഓഫീസില്‍ കയറി ഇറങ്ങിയതാ....ഇന്ന്....നാളെ....ആളില്ല....കോളില്ല.... മീറ്ററില്ല....എത്ര എത്ര മറുപടികള്‍..."ഗതകാല സ്മരണകള്‍ അയവിറക്കിക്കൊണ്ട്‌ മാസ്റ്റര്‍ പറഞ്ഞു... "ങാ...എന്നാല്‍ ഞങ്ങള്‍ വരട്ടെ..."പണിപൂര്‍ത്തിയാക്കിയ പയ്യന്‍സ്‌ പറഞ്ഞു. "ശരി മക്കളേ...വീണ്ടും കാണണേ...."മാസ്റ്റര്‍ പയ്യന്മാരെ യാത്രയാക്കി. "ങാ...നാളെ അറ്റാക്കായില്ലെങ്കില്‍ വീണ്ടും കാണാം.!!" പിറ്റേ ദിവസം ഒരു കുട്ടിയുടെ കൗതുകത്തോടെ മാസ്റ്റര്‍ മീറ്ററിനെ വീക്ഷിക്കാനായി നീങ്ങി.മീറ്ററിലെ ലൈറ്റിംഗ്‌ സംവിധാനങ്ങള്‍ മാസ്റ്റര്‍ക്ക്‌ ശ്ശി പിടിച്ചു.അവസാനമാണ്‌ മാസ്റ്റര്‍ മീറ്ററിന്റെ ഡിജിറ്റല്‍ പാനലിലേക്ക്‌ നോക്കിയത്‌. "ങേ..!!!!!"മാസ്റ്റര്‍ ഒന്ന് ഞെട്ടി...കണ്ണട ശരിയാക്കി വീണ്ടും നോക്കി... "റബ്ബുല്‍ ആലമീനായ തമ്പുരാനേ!!!!!!ഒറ്റ ദിവസം കൊണ്ട്‌ ഇരുനൂറ്‌ യൂണിറ്റോ..?????.ഇത്‌ ഇലക്ട്രോണിക്‌ മീറ്ററോ അതോ കൊലക്ട്രോണിക്‌ മീറ്ററോ....???"പിറുപിറുത്തുകൊണ്ട്‌ മാസ്റ്റര്‍ തിരിഞ്ഞ്‌ നടന്നു. ********************************************

3 comments:

പുള്ളി said...

അരീക്കൊടാ... ഞാനാദ്യം കരുതി എന്താ പേരിന്റെ ഒപ്പം ഫോണ്‍ നമ്പര്‍ പോലെ ഒരു ഏരിയാകോഡ് കൂടി ചേര്‍ത്തതെന്ന്‌.
കഥ കൊള്ളം ട്ടൊ..

krish | കൃഷ് said...

അരീക്കോടാ.. ഒരു ദിവസം കൊണ്ട്‌ ഇത്രയും ‘ഷോക്ക്‌‘ കിട്ടിയെങ്കില്‍ ഒരു മാസം കഴിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി.
പിന്നെ ഇവിടെയും ഇപ്പോഴുള്ള കുന്ത്റാണ്ടം മാറ്റി ‘കൊല‍ക്ട്റോണിക്സ് മീറ്ററ്’ വെക്കാന്‍ പോകുന്നു എന്നു കേള്‍ക്കുന്‍പോഴേ ഒരു ഒരു.. ബില്ല്ലിന്‍റെ കാര്യം ഓറ്ത്തതാണേ..

Areekkodan | അരീക്കോടന്‍ said...

krish9a.....
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ...worst of luck!!!!
(പിന്നെ ഒരു രഹസ്യം... ഞാന്‍ മുമ്പ്‌ KSEB യില്‍ ആയിരുന്നു...ഈ രഹസ്യം ആരോടും പറയരുത്ട്ടോ.....)

Post a Comment

നന്ദി....വീണ്ടും വരിക