Pages

Thursday, September 21, 2017

ഇരുട്ടുമുറിയിലെ വാറ്റ്

അധ്യാപകന്‍ : പഞ്ചസാര വെള്ളം ഇരുട്ടുമുറിയില്‍ വച്ചാല്‍ പിറ്റേ ദിവസത്തേക്ക് അതിന് പുളി രസം ഉണ്ടാകും. കാരണം കണ്ണന്‍ പറയൂ...

കണ്ണന്‍: ഇരുട്ട്മുറിയില്‍ വച്ചാലും ഉറുമ്പുകള്‍ അത് കണ്ടെത്തി അതില്‍ വീഴും...അങ്ങനെ ഉറുമ്പുകള്‍ വീണ് വീണ് പഞ്ചസാര വെള്ളം പുളിക്കും.

അധ്യാപകന്‍ : ഉത്തരം കരക്ട് ആണെങ്കിലും മറ്റൊരു കരക്ട് ഉത്തരം ഫെര്‍മെന്റേഷന്‍ നടക്കും എന്നതാണ്.

കണ്ണന്‍ : അപ്പോള്‍ ഇരുട്ടുമുറിയില്‍ വയ്ക്കുന്നതെന്തിനാ?

അധ്യാപകന്‍ : ഫെര്‍മെന്റേഷന്‍ നടന്നാല്‍ ആല്‍ക്കഹോള്‍ ഉണ്ടാകും.നമ്മള്‍ വാറ്റ് എന്ന് പറയുന്ന സാധനം.

കണ്ണന്‍ : ഓ , അത് ശരി.അപ്പോള്‍ പോലീസ് പിടിക്കാതിരിക്കാനാകും ഇരുട്ടുമുറിയില്‍ വയ്ക്കുന്നത്.

Monday, September 18, 2017

ജൈവ അച്ചാര്‍

“ഉപ്പച്ചീ....ജൈവ പച്ചക്കറി എന്നാലെന്താണ്?” കല്യാണ സദ്യയിലെ സാമ്പാറില്‍ നിന്നും വെണ്ട കടിക്കുന്നതിനിടയില്‍ കുഞ്ഞുമോള്‍ എന്നോട് ചോദിച്ചു.

“അത്...പശുവിന്റെ ചാണകവും മണ്ണിര കമ്പോസ്റ്റും പോലെയുള്ള, ജീവനുള്ള വസ്തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന വളം മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികള്‍...” മോളുടെ ജിജ്ഞാസയെ മനസാ പ്രശംസിച്ച് ഞാന്‍  പറഞ്ഞു.

“ജൈവ അച്ചാറും ഉണ്ടോ?” മോളുടെ അടുത്ത ചോദ്യം

“ ജൈവ അച്ചാറോ ? ഹ ഹ ഹാ.... അതില്ല...” എനിക്ക് ചിരി വന്നു.

“ ഈ അച്ചാറില്‍ നിന്നും എനിക്ക് ജീവനുള്ള ഒരു പുഴുവിനെ കിട്ടി...അതോണ്ട് ചോദിച്ചതാ.....”

“ങേ!!”  വായിലേക്ക് വച്ച അച്ചാര്‍ എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പ്ലിങ്ങി.

Sunday, September 17, 2017

വീണ്ടും നല്ലവാര്‍ത്തയില്‍....

                     2017.ന്റെ തുടക്കം തന്നെ എന്റെ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നു. മറ്റു പലതുകൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച കോളേജിലെ സേവന തല്പരരായ ഒരു സംഘം കുട്ടികള്‍ വയനാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി ന്യൂസിലെ നല്ല വാര്‍ത്തയില്‍ കൂടി ലോകം മുഴുവന്‍ അന്നറിഞ്ഞു. മാതൃഭൂമി ന്യൂസിന്റെ കല്പറ്റ ഓഫീസില്‍ പോയിട്ടോ മറ്റോ ആണ് അന്ന് ഇത് സംഘടിപ്പിച്ചത് എന്ന് തോന്നുന്നു (ശരിക്കോര്‍മ്മയില്ല)
                     ഈ വര്‍ഷവും ഇതേ പ്രവര്‍ത്തനം ഈ ഓണാവധിക്കാലത്ത് ആരംഭിക്കുമ്പോള്‍ എല്ലാ അച്ചടി-ദൃശ്യ മാധ്യമങ്ങളിലും ഞങ്ങള്‍ അറിയിച്ചിരുന്നു. വയനാട്ടുകാര്‍ക്ക് മാത്രം കാണാനാവുന്ന വയനാട് വിഷനും മലനാട് വിഷനും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി തന്നെ കവര്‍ ചെയ്തു.
                     വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ കോളേജിന്റെ മേല്‍‌വിലാസം മാറ്റി എഴുതാന്‍ ഈ വര്‍ഷത്തെ ക്യാമ്പിലൂടെ ഞങ്ങള്‍ക്ക് സാധിച്ചു. 66 ലക്ഷം രൂപയില്‍ പരം വസ്തുക്കള്‍ നന്നാക്കി കൊടുത്തത് മാത്രമല്ല ഈ മാറ്റത്തിന് കാരണം. മറിച്ച് ക്യാമ്പിനിടയില്‍ തന്നെ പല വളണ്ടിയര്‍മാരും രോഗികളെ  പരിചരിച്ചതും രക്തം ആവശ്യം വന്നപ്പോള്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ അത് ദാനം ചെയ്തതും ഒ.പി യിലെയും ഫാര്‍മസിയിലെയും ക്യൂവില്‍ പലര്‍ക്കും താങ്ങായതും എല്ലാം “പുനര്‍ജ്ജനി” ക്യാമ്പിനെ വയനാട്ടിലെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ സഹായിച്ചു.
                     കഴിഞ്ഞ വര്‍ഷത്തെപ്പോലെ, പ്രധാനപ്പെട്ട ചാനലുകളില്‍ നിന്ന്  മാത്രുഭൂമി ന്യൂസ് മാത്രമാണ് ഞങ്ങളെ തിരിഞ്ഞു നോക്കിയത്. ക്യാമ്പ് സമാപിച്ച് റൂമിലെത്തി വിശ്രമിക്കുമ്പോള്‍, വൈകുന്നേരത്തെ ന്യൂസ് അവര്‍ ഇറ്റെര്‍നെറ്റിലൂടെ ഞാനും കണ്ടു. നല്ല വാര്‍ത്തയില്‍ ഒരിക്കല്‍ കൂടി ഇടം നേടിക്കൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അറിയിച്ച മാതൃഭൂമി വാര്‍ത്താ ചാനലിന് ഹൃദയം നിറഞ്ഞ നന്ദി.

video

Saturday, September 16, 2017

വയനാട്ടിലൊരു ഹാട്രിക്

               റെക്കോഡുകള്‍ തകര്‍ക്കാനുള്ളതാണ് എന്ന് അത് സ്ഥാപിക്കുന്നവര്‍ക്ക് നന്നായറിയാം. പക്ഷെ അടുത്ത കാലത്തൊന്നും ആരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ചില കലാലയ ജീവിത റെക്കോഡുകള്‍ ഇക്കഴിഞ്ഞ ആഴ്ച ഞാന്‍ സ്ഥാപിച്ചു !അവ ഇങ്ങനെ.

1. കേരളത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഏറ്റവും കൂടുതല്‍ സപ്തദിന ക്യാമ്പ് നടത്തുന്ന പ്രോഗ്രാം ഓഫീസര്‍ - ഏഴ് എണ്ണത്തിന് നേരിട്ട് നേതൃത്വവും രണ്ട് എണ്ണത്തിന് സഹനേതൃത്വവും.

2. വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ ഹാട്രിക് സപ്തദിന ക്യാമ്പ് നടത്തുന്ന ആദ്യത്തെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍.

               കോളേജിലെ 99 ശതമാനം ജീവനക്കാരും ഓണം അവധി സാധാരണ പോലെ ആഘോഷിച്ചപ്പോള്‍,  ഞാനും അഞ്ചാറ് സഹപ്രവര്‍ത്തകരും പിന്നെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സേവനസന്നദ്ധരായ 86 വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് അത് മറ്റൊരു രൂപത്തില്‍ ആഘോഷിച്ചു.  ഈ വര്‍ഷത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ ആഘോഷം. അതും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ആശ്രയിക്കുന്ന മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടുള്ള ആഘോഷം. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് അവധിക്കാലമാണ് ഞങ്ങള്‍ ഇത്തരത്തില്‍ ആഘോഷിച്ചത്.

                   20 ലക്ഷത്തോളം രൂപ വിലയുള്ള മൊബൈല്‍ ഡെന്റല്‍ കെയര്‍ യൂണിറ്റ് കഴിഞ്ഞ രണ്ട് മാസമായി പ്രവര്‍ത്തന രഹിതമായിരുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും മനസ്സ് വച്ചപ്പോള്‍ മണിക്കൂറുകളുടെ പ്രയത്നം കൊണ്ട് അത് നിരത്തിലിറങ്ങി. ആദ്യമായി ഞാനും ഒരു ആശുപത്രി വണ്ടിയുടെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ആ വണ്ടി പാര്‍ക്ക് ചെയ്തു. ലക്ഷങ്ങളുടെ തന്നെ മറ്റു വിവിധ ഉപകരണങ്ങളും ഈ ഏഴ് ദിവസത്തെ ക്യാമ്പിലൂടെ ഞങ്ങള്‍ക്ക് റിപ്പയര്‍ ചെയ്യാന്‍ സാധിച്ചു. നന്നാക്കിയ സാധനങ്ങളുടെ ഇന്നത്തെ മാര്‍ക്കറ്റ് വില വച്ച് കണക്കാക്കുമ്പോള്‍ അറുപത്തി ആറ് ലക്ഷത്തി അറുപത്തി ആറായിരം രൂപയിലധികം വരും എന്നത് ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 32  ലക്ഷത്തി 23 ആയിരം രൂപയുടെ അറ്റകുറ്റപ്പണികള്‍ ആയിരുന്നു ഞങ്ങള്‍ നടത്തിയിരുന്നത്.
                                       കല്പറ്റ എം.എല്‍.എ ശ്രീ.സി.കെ ശശീന്ദ്രന്‍              വയനാട് ജില്ലാ പഞ്ചായത്ത് പ്രെസിഡെണ്ട് ശ്രീമതി ടി.ഉഷാകുമാരി
                                   മാനന്തവാടി എം.എല്‍.എ ശ്രീ.ഓ.ആര്‍ കേളു

                     ഈ ഓണം അവധി നിരവധി സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചതില്‍ ഞങ്ങള്‍ എല്ലാവരും ഏറെ സന്തോഷിക്കുന്നു , അതിലേറെ അഭിമാനിക്കുന്നു.

Thursday, August 31, 2017

രാമന്‍ ദ ഗ്രേറ്റ്

രാമന്‍ എന്റെ ബാല്യകാല സുഹൃത്തായിരുന്നു.പ്രായം കൊണ്ട് എന്റെ മൂത്തതാണെങ്കിലും വിധിവശാല്‍ ഞങ്ങള്‍ ക്ലാസ്മേറ്റുകളായി.രാമന്റെ താഴെ ആണും പെണ്ണുമായി ഏഴെണ്ണം കൂടിയുള്ളതിനാല്‍ കുട്ടികളുടെ എണ്ണത്തില്‍ ആ വീട്, എന്റെ വീടിന് സമീപത്തെ അംഗനവാടിക്ക് തുല്യമായിരുന്നു.ശാരീരിക ഘടന കൊണ്ടും പൊക്കം കൊണ്ടും സൂപര്‍ സീനിയര്‍ ആയതിനാല്‍ ലാസ്റ്റ് ബെഞ്ചിന്റെ അറ്റത്തായിരുന്നു അന്ന് രാമന്റെ സീറ്റ്. ആ സീറ്റ് രാമന്‍ തന്നെ തെരഞ്ഞെടുത്തതാണെന്നും അതിന് പിന്നില്‍ മറ്റൊരു കഥയുണ്ടെന്നും ആ ക്ലാസ്സില്‍ എത്തിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്.

ആ വര്‍ഷം ഒമ്പതാം ക്ലാസ്സില്‍ നിന്നും പത്താം ക്ലാസ്സിലേക്ക് ജയിച്ച് വന്നവരായിരുന്നു ഞങ്ങള്‍ എല്ലാവരും.രാമന്റെ ക്ലാസ്സ് ടീച്ചറായിരുന്ന ദയ ടീച്ചറുടെ ദയ കൊണ്ടോ അതല്ല വാര്‍ഷിക പരീക്ഷക്ക് അടുത്തിരുന്ന കരുണാകരന്റെ കരുണ കൊണ്ടോ എന്നറിയില്ല നാലാമൂഴത്തില്‍ രാമന്‍ പത്താം ക്ലാസ് കണ്ടു.മറ്റു ക്ലാസ്സുകളിലും ഇതിന് തുല്യമായ ‘റെക്കോര്‍ഡ്’ പ്രകടനം കാഴ്ച വച്ചാണ് രാമന്‍ പത്തിലെത്തിയത്.അങ്ങനെ ക്ലാസ്സ് തുടങ്ങി രണ്ടാം ദിവസം, രാമന്റെ ആറാമത്തെ അനിയന്‍ ബാവ, ചേട്ടന്‍ ബാവയെ പിന്നില്‍ നിന്നും തോണ്ടി!(ബാക്കി അനിയാനിയത്തിമാര്‍ എല്ലാം വല്യേട്ടനെ മുമ്പേ ഓവര്‍ടേക്ക് ചെയ്ത് പോയിരുന്നു). ആ ദാരുണ സംഭവത്തിന് ശേഷമാണ് രാമന് തന്റെ വയസ്സും ക്ലാസ്സും തമ്മിലുള്ള കണക്കിന്റെ കളി മനസ്സിലായത്.അനിയന്റെ ശല്യം കൂടുതല്‍ ഉണ്ടാകാതിരിക്കാന്‍ അന്ന് തന്നെ രാമന്‍ ലാസ്റ്റ് ബെഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി.

പഠിക്കുന്ന കാലത്തേ വായ കൊണ്ട് രാമനെ കീഴടക്കാന്‍ പ്രയാസമായിരുന്നു.എവിടെ നിന്നോ കേട്ട തെന്നാലി രാമനേയും ആനവാരി രാമന്‍ നായരെയും സി.വി. രാമനെയും സ്ഥാനത്തും അസ്ഥാനത്തും ക്വാട്ട് ചെയ്ത് താനും ആ പ്രശസ്ത പൂര്‍വ്വരാമഗണത്തില്‍ വരുന്നതാണെന്ന് അവന്‍ സ്ഥാപിക്കുമായിരുന്നു.അതിനാല്‍ തന്നെ തൊള്ളബഡായി രാമന്‍ എന്ന പേര് രാമനില്‍ അന്ന്  ചാര്‍ത്തപ്പെട്ടു.അത് ലോപിച്ച് ബഡായി രാമന്‍ ആയി മാറിയത് പിന്നീട് കേരളം കണ്ടറിഞ്ഞ സത്യം.

അങ്ങനെ  പoനം ഒരു വഴിക്കും രാമൻ മറ്റൊരു വഴിക്കും പോയിക്കൊണ്ടിരുന്ന കാലത്താണ് രാമന്റെ ജീവിതത്തിൽ ആദ്യമായി രാമൻ, രാമൻ ദ ഗ്രേറ്റ് ആയ  ആ മഹാ സംഭവം നടന്നത്. 

പത്താം ക്ലാസിൽ രസതന്ത്രം പഠിപ്പിക്കുന്നതിനിടയിൽ ദേവസ്യ മാഷ് രാമനോട് ഒരു ചോദ്യം  
“ആവർത്തന പട്ടികയിലെ  മൂലകങ്ങളുടെ എണ്ണമെത്ര?“

ആവർത്തന പെട്ടികളിലെ  മൂലകളുടെ എണ്ണം..., രസതന്ത്രം മാഷ് കണക്കിലെ ചോദ്യം ചോദിക്കുന്നതിന്റെ രഹസ്യം മനസ്സിലാകാതെ രാമൻ ഇരുന്നു. 

“രാമനോടാണ് ചോദ്യം...” ദേവസ്യ മാഷ് ശബ്ദമുയർത്തിയപ്പോൾ ചുറ്റുമുള്ളവരെ ഒക്കെയൊന്ന് ഉഴിഞ്ഞ് നോക്കി രാമൻ മെല്ലെ സീറ്റിൽ നിന്നും പൊങ്ങി.

‘ആവർത്തനം എന്നാൽ വീണ്ടും വീണ്ടും...അപ്പോൾ ആവർത്തന പെട്ടി എന്നാൽ വീണ്ടും വീണ്ടും അടുക്കി വയ്ക്കുന്ന പെട്ടി...മീൻ മാർക്കറ്റിലെപ്പോലെ....അതിന്റെ മൂലകൾ...അത് പെട്ടി എത്ര ഉണ്ട് എന്നറിഞ്ഞാലല്ലേ പറയാൻ പറ്റൂ....’ രാമൻ മനസ്സിൽ കണക്ക് കൂട്ടി.

“എന്തെങ്കിലും ഒന്ന് പറയൂ...” ദേവസ്യ മാഷ് അല്പം ചൂടായി.

“എണ്ണം കണക്കാക്കിയിട്ടില്ല...” രാമൻ വിളിച്ച് പറഞ്ഞു.

“ങേ!!” ദേവസ്യ മാഷ് ഞെട്ടി. ആവർത്തന പട്ടികയിലേക്ക് ഇനിയും മൂലകങ്ങൾ വരാനുള്ളത് രാമൻ എങ്ങനെ അറിഞ്ഞു എന്ന് ദേവസ്യ മാഷിന് മനസ്സിലായില്ല.അങ്ങനെ ആ പിര്യേഡിൽ രാമൻ രക്ഷപ്പെട്ടു.

അടുത്ത പിരീഡ് ബയോളജി ആയിരുന്നു. ക്ലാസ് തുടങ്ങി അല്പം കഴിഞ്ഞ് കരീം മാ‍സ്റ്ററുടെ ചോദ്യം ഉയർന്നു. “ മനുഷ്യന്റെ ക്രോമോസോം നമ്പർ എത്ര? രാമൻ പറയൂ...”

‘പല നമ്പറുകളും കേട്ടിട്ടുണ്ട്...മനുഷ്യന് നമ്പർ ഉള്ളതായി കേട്ടത് ആകെ ക്ലാസിൽ വിളിക്കുന്ന നമ്പറാണ്...’ രാമൻ ആലോചിച്ചു കൊണ്ട് എഴുന്നേറ്റു. ഈ പിര്യേഡിലും രാമന് പണി കിട്ടിയതിൽ മറ്റെല്ലാവരുടെയും മുഖത്ത് ഒരു ചിരി പടർന്നു.

“46” കരീം മാഷ് പറഞ്ഞ നമ്പറ് അറിയാത്തതിനാൽ രാമൻ തന്റെ റോൾ നമ്പർ വിളിച്ച് പറഞ്ഞു.

“വെരി ഗുഡ്...” അത്രയും കാലത്തിനിടക്ക് ആദ്യമായി രാമനിൽ നിന്ന് ശരിയുത്തരം കിട്ടിയപ്പോൾ കരീം മാഷ് രാമനെ അഭിനന്ദിച്ചു. എന്നാലും രാമൻ കറക്റ്റ് ഉത്തരം പറഞ്ഞതിന്റെ ഗുട്ടൻസ് മാഷിനും ക്ലാസ്സിലെ കുട്ടികൾക്കും മനസ്സിലായില്ല. ആ പിര്യേഡും അങ്ങനെ കഴിഞ്ഞു.

അടുത്ത പിര്യേഡ് ഭൌതികശാസ്ത്രമായിരുന്നു. രവീന്ദ്രൻ മാസ്റ്ററുടെ നോട്ടപ്പുള്ളിയായിരുന്നു രാമൻ. ക്ലാസ് തുടങ്ങിയത് തന്നെ ഒരു മുഖവുരയോടെയായിരുന്നു. “ഇന്നലെ നാം ചലന നിയമങ്ങളിലെ മൂന്നാമത്തേതും പഠിച്ചു...”

‘ദൈവമേ...ചലനത്തിന്റെ മൂന്ന് നിയമങ്ങൾ...ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും...അപ്പോൾ ഇനി നാലാമത്തെ നിയമം പിന്നോട്ട് ചലിക്കുന്നത് ആയിരിക്കും...’ രാമൻ ആത്മഗതം ചെയ്തു.

“മൂന്നാം ചലന നിയമം പറയൂ.....രാമൻ” 

‘ഇതെന്താ ഇന്ന് എന്റെ ജന്മദിനമാണോ...എല്ലാ മാഷന്മാരും എനിക്ക് മാത്രം പൊങ്കാല ഇടുന്നത്...’ എഴുന്നേൽക്കുന്നതിനിടയിൽ രാമൻ മനസ്സിൽ പറഞ്ഞു. ഉത്തരം അറിയാത്തതിനാൽ രാമൻ മിണ്ടാതെ നിന്നു.

ഒന്നും പറയാതെ പ്രതിമ കണക്കെ നിൽക്കുന്നത് ഇഷ്ടമില്ലാത്തതിനാൽ അന്നും രവീന്ദ്രൻ മാഷുടെ ചൂരൽ രാമന്റെ നടുപ്പുറത്ത് പതിച്ചു. അപ്രതീക്ഷിതമായ അടിയിൽ പുളഞ്ഞ രാമൻ മുൻ പിൻ നോക്കാതെ നേരെ തിരിഞ്ഞ് കൈ ആഞ്ഞു വീശി.അത് കൃത്യമായി കൊണ്ടത് രവീന്ദ്രൻ മാഷുടെ പുറത്ത് !!

‘എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ‘ എന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമം പ്രയോഗത്തിലൂടെ കാണിച്ചത് രവീന്ദ്രൻ മാഷ് ശരിക്കും അനുഭവിച്ചറിഞ്ഞു. ആ ദിവസത്തിന് ശേഷം സയൻസ് അധ്യാപകർ ആരും തന്നെ രാമനോട് ചോദ്യം ചോദിക്കാൻ ധൈര്യപ്പെട്ടിട്ടില്ല.

രാമൻ ഇന്ന് എവിടെയാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഉന്നതങ്ങളിൽ വിരാജിക്കുന്നുണ്ടാകും.കാരണം രാമന്റെ അച്ഛൻ എന്നും ഉന്നതങ്ങളിൽ വിരാജിക്കുന്ന ഒരു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു..  

(ആയിരാമത് പോസ്റ്റ് - ഒരു പെൻഡ്രൈവ് സ്റ്റോറി)