Pages

Sunday, March 13, 2016

ബാബുവിനെത്തേടി....2


പിറ്റേ ദിവസം 10 മണിക്ക് തന്നെ  പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായുള്ള എന്റെ സെഷന്‍ കഴിഞ്ഞ് ഞാന്‍ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.പക്ഷെ എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് മടക്കയാത്ര അടുത്ത സെഷന്‍ കൈകാര്യം ചെയ്ത ശ്രീരാമ പോളിടെക്നിക്കിലെ ജയചന്ദ്രന്‍ മാഷുടെ കൂടെയാക്കി.

“സാറെ, കോതമംഗലത്ത് നിന്ന് നേരിട്ട് ബസ് കിട്ടാന്‍ പ്രയാസമാണ്...” ജയചന്ദ്രന്‍ മാഷ് പറഞ്ഞു.

“അല്ലെങ്കിലും നേരിട്ട് പോകണ്ട....ഇന്ന് വെള്ളിയാഴ്ചയാ....ഞാന്‍ അങ്കമാലിയില്‍ ഇറങ്ങി പള്ളിയില്‍ കയറിയിട്ടേ വരുന്നുള്ളൂ...”

“ എങ്കില്‍ നമുക്ക് പെരുംബാവൂരിലേക്ക് കയറി അവിടെ നിന്നും അടുത്ത ബസ് പിടിക്കാം...” ജയചന്ദ്രന്‍ മാഷ് നിര്‍ദ്ദേശിച്ചു.

“പെരുംബാവൂരിലേക്ക് ദാ നിറയെ ബസ്സുകള്‍...” പ്രൈവറ്റ് ബസ്സുകള്‍ കാണിച്ച് ഞാന്‍ പറഞ്ഞു.

“അത് വേണ്ട....കെ.എസ്.ആര്‍.ടി.സി ക്ക് പോകാം.അല്ലെങ്കില്‍ സ്റ്റാന്റിലേക്ക് ഓട്ടോ പിടിക്കേണ്ടി വരും...”

“ഓ.കെ..” ഇന്നലെ ആ കൌണ്ടറില്‍ നിന്നും എനിക്ക് ലഭിച്ച മറുപടിയിലുള്ള ശുഭാപ്തി വിശ്വാസം കാരണം ഞാന്‍ വേഗം സമ്മതം മൂളി.

അല്പസമയം കഴിഞ്ഞ് വന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി ഞങ്ങള്‍ പെരുമ്പാവൂരിലേക്ക് തിരിച്ചു. എന്റെ മനസ്സില്‍ ബാബു വീണ്ടും വെളുത്ത പല്ലുകള്‍ കാട്ടി ചിരിച്ചു.

**************************************************
ഇതേ സമയത്ത് പെരുമ്പാവൂര്‍ സ്റ്റാന്റില്‍.....

“ഡ്‌റും.....ഡ്‌റും.....ഡും....നാശം ഈ ശകടം വീണ്ടും പണിമുടക്കാന്‍ തുടങ്ങിയല്ലോ...?” ഡ്രൈവര്‍ സുഗതന്‍ പതിനെട്ടടവും പയറ്റിയിട്ടും പെരുമ്പാവൂര്‍ സ്റ്റാന്റില്‍ നിന്നും എറണാകുളത്തേക്കുള്ള ആ വണ്ടി അനങ്ങിയില്ല.

“എടാ പി.ആറേ....ഇതും കൊണ്ട് എറണാകുളത്ത് പോകാന്‍ പറ്റും എന്ന് തോന്നുന്നില്ല.....”

“ങാ....ഞാന്‍ റിപ്പോര്‍ട്ട് ചെയ്യട്ടെ....പക്ഷെ എനിക്കിന്ന് അടുത്ത ബസ്സിനെങ്കിലും ഡ്യൂട്ടിക്ക് പോയെ പറ്റൂ....” കണ്ടക്ടറുടെ മറുപടി.

“ങാ....നീ പൊയ്ക്കോ....ഞാന്‍ ഇന്നിനി ഡ്യൂട്ടിക്കില്ല....”

“സാര്‍.... എറണാകുളത്തേക്കുള്ള ടി412 ബ്രേക്ക്ഡൌണ്‍ ആണ്.എനിക്ക് അടുത്ത ബസില്‍ ഡ്യൂട്ടി തന്നാല്‍ ഉപകാരം...” കണ്ടക്ടര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് ബോധിപ്പിച്ചു.

“അതൊന്നും പറ്റില്ല....ബസ് ഡൌണ്‍ ആയാല്‍ അന്ന് ജീവനക്കാരും ഡൌണ്‍....വേഗം മെക്കാനിക്കിനെ പോയി കണ്ട് റിപ്പോര്‍ട്ട് ചെയ്യ്.....” സ്റ്റേഷന്‍ മാസ്റ്ററുടെ കടുത്ത മറുപടി.

‘ങാ...അങ്ങനെയെങ്കില്‍ ഡ്യൂട്ടിക്ക് പോകുന്നില്ല....ഫേസ്ബുക്കില്‍ കുറെ പേരെ ലൈക്കാനും ഷെയര്‍ ചെയ്യാനും പുതിയ ഫോട്ടോകള്‍ ഇടാനും ഒക്കെയുണ്ട്.അതൊക്കെ ഇന്നങ്ങ് ഇരുന്ന് തീര്‍ക്കാം...’ ആത്മഗതം ചെയ്തുകൊണ്ട് കണ്ടക്ടര്‍ നേരെ വിശ്രമമുറിയിലേക്ക്നടന്നു. അടുത്ത രണ്ട് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി ഒരു മൂലയില്‍ ഇരുന്ന് സ്മാര്‍ട്ട് ഫോണില്‍ തോണ്ടാന്‍ തുടങ്ങി.

**********************************
“സാറെ....പെരുമ്പാവൂര്‍ എത്തി” ഉറക്കത്തില്‍ നിന്നും ജയചന്ദ്രന്‍ മാഷ് എന്നെ ഉണര്‍ത്തി.

“ഓ...ഇത്ര പെട്ടെന്നോ...?”

സ്റ്റാന്റില്‍ ഇറങ്ങിയ ഉടനെ എന്റെ കണ്ണുകള്‍ വീണ്ടും ബാബുവിനെ തേടാന്‍ തുടങ്ങി – “മാഷെ....ഒന്ന് വെയ്റ്റ് ചെയ്യണം...ഞാന്‍ ഒരാളെപ്പറ്റി ഒന്ന് അന്വേഷിക്കട്ടെ....” അടുത്ത ബസ്സിന് കയറി സ്ഥലം വിടാനിരുന്ന ജയചന്ദ്രന്‍ മാഷോട് ഞാന്‍ പറഞ്ഞു.

“ശരി സാര്‍...”

ഞാന്‍ നേരെ ഇന്നലത്തെ അതേ കൌണ്ടറിലേക്ക് നീങ്ങി. ബാബുവിനെപ്പറ്റി ചോദിക്കാന്‍ വേണ്ടി അകത്തേക്ക് നോക്കി.

“അതാ....അതാ....അകത്ത് സ്മാര്‍ട്ട് ഫോണില്‍ കുത്തിക്കളിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍....20 വര്‍ഷം മുമ്പ് പിരിഞ്ഞുപോയതില്‍ പിന്നെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഞങ്ങളുടെ ബാബു....!!” .എന്റെ കണ്ണ് നിറയാന്‍ തുടങ്ങി

അതേ സമയത്ത് തന്നെ പുറത്തേക്ക് നോക്കിയ ബാബു എന്നെ കണ്ടതും “ആബിദ്....നീ ഇവിടെ?” എന്ന ചോദ്യത്തോടെ സന്തോഷം നിറഞ്ഞ മുഖത്തോടെ എന്റെ അടുത്തേക്ക് ഓടി വന്നു.പിന്നെ 1996ലെ ആ കലാലയമുറ്റത്തേക്കും ഹോസ്റ്റലിലേക്കും അവിടത്തെ അന്തേവാസികളിലേക്കും ഞങ്ങള്‍ നിമിഷ നേരം കൊണ്ട് പറന്നെത്തി.ഞങ്ങള്‍ രണ്ട് പേരുടെയും കുടുംബവും കുശലാന്വേഷണങ്ങളിലൂടെ കടന്നുപോയി. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ഈ കണ്ടുമുട്ടലിന്റെ വികാരവായ്പ് പ്രകടിപ്പിക്കുന്ന ഞങ്ങളുടെ മുഖഭാവങ്ങള്‍ ജയചന്ദ്രന്‍ മാഷ് ക്യാമറയില്‍ പകര്‍ത്തി.



എനിക്ക് അധികനേരം അവിടെത്തങ്ങാന്‍ സമയമില്ലാത്തതിനാല്‍ അടുത്ത ബസ്സിന് കയറാന്‍ തീരുമാനിച്ചു.ബാബുവിന്റെ ബസ് കൃത്യസമയത്ത് ബ്രേക്ക്ഡൌണ്‍ ആയതിനാല്‍ ആണ് ഈ കൂടിക്കാഴ്ച സംഭവിച്ചത് എന്നും ഇല്ലെങ്കില്‍ എറണാകുളത്തേക്ക് തിരിച്ചേനെ എന്നും ബാബു പറഞ്ഞപ്പോള്‍ ദൈവത്തിന്റെ കൃത്യമായ ഒരു ഇടപെടല്‍ കൂടി ഞാന്‍ തിരിച്ചറിഞ്ഞു.

അങ്കമാലിയിലേക്കുള്ള യാത്രയില്‍ ഇന്നത്തെ സമാഗമത്തിന്റെ മാധുര്യം ഞാന്‍ ജയചന്ദ്രന്‍ മാഷെ അറിയിച്ചു.ഒപ്പം വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്ന ഈ സംഭവവും. അപ്പോള്‍ ജയചന്ദ്രന്‍ മാഷ് എന്നെ ഒരു കഥ കേള്‍പ്പിച്ചു.


(തുടരും....)

4 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോള്‍ ജയചന്ദ്രന്‍ മാഷ് എന്നെ ഒരു കഥ കേള്‍പ്പിച്ചു.

Cv Thankappan said...

ഇനീപ്പോ എളുപ്പായി
ഫേസ്ബുക്ക് ഐഡിയും കിട്ടീലോ!
ആശംസകള്‍ മാഷെ

ajith said...

......ന്നാൽ ഇനി കഥ കേൾക്കാൻ നാളെ വരാം. ന്ത്യേയ്!!

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ....ഓണ്‍ലൈനെക്കാളും ഞാന്‍ ഓഫ്ലൈന്‍ സൌഹ്ര്*ദം ഇഷ്ടപ്പെടുന്നു.അതിനാലാണ് ഇത്തരം തിരഞ്ഞുപോക്കുകളും കണ്ടെത്തലുകളും...

അജിത്തേട്ടാ....അത് രണ്ട് ദിവസം കഴിഞ്ഞേ പറയൂ (അത് ആദ്യം വായിച്ച് ഇവിടെ വരാന്‍ നോക്കേണ്ട !!)

Post a Comment

നന്ദി....വീണ്ടും വരിക