Pages

Saturday, October 04, 2014

രാഷ്ട്രപതിയെ കണ്ട നിമിഷം....(ആദ്യ വിമാനയാത്ര - 11)

കഥ ഇതുവരെ...
അവാർഡ്ദാനച്ചടങ്ങിന് ക്ഷണിക്കപ്പെട്ടവർ മുഴുവൻ കയ്യിൽ ക്ഷണക്കത്തുമായി(പാസ്) രാഷ്ട്രപതിഭവനിന് മുന്നിൽ അണിനിരന്നു. രാഷ്ട്രപതിഭവന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുക്കുന്ന ക്യാമറകളുടെ ഫ്ലാഷുകൾ പല ദിക്കുകളിൽ നിന്നും മിന്നി.അല്പസമയത്തിനകം തന്നെ അവാർഡ് ജേതാക്കളെ വരിവരിയായി രാഷ്ട്രപതി ഭവനിനകത്തേക്ക് നയിച്ചു.പിന്നാലെ കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ.ജിതേന്ദ്രസിങിനാൽ ക്ഷണിക്കപ്പെട്ട അതിഥികളായി ഞങ്ങളും പ്രവേശിച്ചു. പാസ് ഒഴികെയുള്ള സകല സാധനങ്ങളും ദർബാർ ഹാളിന്റെ പ്രധാനകവാടത്തിലെ ശക്തമായ സുരക്ഷാപരിശോധനയിൽ കുടുങ്ങി.അവയെല്ലാം അവിടെ വയ്പ്പിച്ച് മെറ്റൽ ഡിറ്റക്ടറിനകത്ത് കൂടെ ഓരോരുത്തരെയായി കയറ്റി വിട്ടു. പ്രധാനകവാടവും കടന്ന് ഞങ്ങൾ ദർബാർ ഹാളിൽ ഒരുക്കിവച്ച കസേരകളിലേക്ക് നീങ്ങി.

അവാർഡ് ജേതാക്കൾ ഹാളിന്റെ ഇടതുഭാഗത്ത് ഒരുക്കിയ ഇരിപ്പിടങ്ങളിൽ സ്ഥലം പിടിച്ചിരുന്നു.മന്ത്രിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഏറ്റവും മുൻ‌നിരയിൽ ഉപവിഷ്ടരായി. തൊട്ടുപിന്നിലായി അതിഥികളായ ഞങ്ങളും ഇരുന്നു. വലതുഭാഗത്ത് മാധ്യമപ്രതിനിധികൾ ക്യാമറകളുമായി അണിനിരന്നു. ഹാളിന്റെ വശങ്ങളിലെല്ലാം കുന്തം പിടിച്ച ഭടന്മാർ പ്രത്യേക യൂണിഫോമിൽ വന്നു നിന്നു. ഹാളിൽ കുശുകുശുക്കൽ ഉയർന്നുകൊണ്ടിരിക്കുന്നതിനിടയിൽ സൈനിക യൂനിഫോമിലുള്ള ഒരാൾ പോഡിയത്തിൽ എത്തി.നടക്കാൻ പോകുന്ന പരിപാടിയുടെ ക്രമങ്ങളെക്കുറിച്ചും ദർബാർ ഹാളിന്റെ പ്രത്യേകതയെക്കുറിച്ചും അയാൾ വിശദീകരിച്ചു.

അല്പം കഴിഞ്ഞ് ഹാളിന്റെ ഒരു ഭാഗത്ത് നിന്ന് ബ്യൂഗിൾ മുഴങ്ങാൻ തുടങ്ങി.നാല് അംഗരക്ഷകർക്ക് നടുവിലായി ഉയരം കുറഞ്ഞ ഒരു മനുഷ്യൻ കൈകൂപ്പി മന്ദം മന്ദം നടന്നു വരുന്നതായി കണ്ടു.ആ വഴിയുടെ അരികിൽ തന്നെ സ്ഥാനം പിടിച്ചിരുന്നതിനാൽ എനിക്കും അഫ്നാസിനും അദ്ദേഹത്തെ  കൺകുളിർക്കെ കാണാൻ സാധിച്ചു. അതെ ,രാഷ്ട്രപതി ശ്രി.പ്രണബ് മുഖെർജിയെ ഞാൻ ആദ്യമായി നേരിൽ കണ്ടു.
ബുദ്ധന്റെ ഉടഞ്ഞ പ്രതിമക്ക് താഴെ രാഷ്ട്രപതിക്കായി സജ്ജമാക്കിയ ആ സിമ്പ്‌ൾ ഇരിപ്പിടത്തിന് സമീപമെത്തി അദ്ദേഹം സദസ്സിന് നേരെ തിരിഞ്ഞ് നിന്നു. ഉടൻ ബാന്റ് വാദ്യക്കാർ ദേശീയഗാനം വായിച്ചു. ശേഷം അദ്ദേഹം ആ സീറ്റിൽ ഉപവിഷ്ടനായി.എൻ.എസ്.എസ് കേന്ദ്ര സെക്രട്ടറി രാഷ്ട്രപതിയുടെ മുന്നിലെത്തി പരിപാടി ആരംഭിക്കാനുള്ള അനുവാദം ചോദിച്ചു. രാഷ്ട്രപതിയുടെ അനുവാദത്തോടെ ചടങ്ങ് ആരംഭിച്ചു. ഹാളിന്റെ ഏതോ ഭാഗത്ത് നിന്ന്  ഹിന്ദിയിൽ അവാർഡ് ജേതാക്കളുടെ പേരുകൾ വായിക്കാൻ തുടങ്ങി.

അപ്രീസിയേഷൻ അവാർഡ് ഏറ്റുവാങ്ങാനായി ഞങ്ങളുടെ സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാറിനെ വിളിച്ചപ്പോൾ ഹൃദയം സന്തോഷത്താൽ തുളുമ്പി.ടെക്നിക്കൽ സെൽ എൻ.എസ്.എസ് ന്റെ നാമം രാഷ്ട്രപതി ഭവനിൽ മുഴങ്ങാൻ കാരണമായതിൽ ഞങ്ങളുടെ യൂണിറ്റിനുള്ള പങ്ക് അത്രയും വലുതായിരുന്നതിനാൽ. ഞങ്ങളുടെ കരഘോഷത്തിനിടയിൽ രാഷ്ട്രപതിയിൽ നിന്നും ജബ്ബാർ സാർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. രാഷ്ട്രപതിക്ക് ഷേക്ക് ഹാന്റ് നൽകി അദ്ദേഹം സ്വന്തം സീറ്റിൽ തിരിച്ചെത്തി.തുടർന്ന് കാസർകോട് ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസറും അതേ കോളേജിലെ ഒരു വളണ്ടിയറും അവാർഡ് ഏറ്റുവാങ്ങിയപ്പോഴും അഭിമാനം തോന്നി.



അര മണിക്കൂറിനകം തന്നെ അവാർഡ് ദാനച്ചടങ്ങ് സമാപിച്ചു.എല്ലാവർക്കുമായി ഒരുക്കിയ ചായ സൽക്കാരത്തിൽ ഞങ്ങൾ മത്സരിച്ച് തന്നെ പങ്കെടുത്തു. സമൂസ പോലെയുള്ള ഒരു ഐറ്റം രാഷ്ട്രപതിയുടെ പത്നി തയ്യാറാക്കിയതാണെന്ന് ആരോ പറഞ്ഞു.അതിന് അത്ര വലിയ രുചി ഒന്നും തോന്നിയില്ല.

ചായ സൽക്കാരം കഴിഞ്ഞ് ഞങ്ങൾ രാഷ്ട്രപതി ഭവനിൽ നിന്നും പുറത്തിറങ്ങി.പുറത്ത് ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരുന്നു.കണ്ണെത്തുന്ന അവസാന പോയിന്റിൽ ഇന്ത്യഗേറ്റ് സ്വർണ്ണപ്രഭയിൽ കുളിച്ച് നിന്നിരുന്നു.




“ഇനി നമുക്ക് നേരെ നടക്കാം...” ആരോ പറഞ്ഞു.

“അതെന്താ ഇപ്പോൾ ഒരു മനം മാറ്റം...?” മറ്റാർക്കോ ഈ നിർദ്ദേശം മനസ്സിലായില്ല.

“അതല്ല പറഞ്ഞത്...സ്ട്രൈറ്റ് രാജ്‌പഥ്ലേക്ക് , ഇന്ത്യാഗേറ്റിന് നേരെ...”




“ങാ...അത് നല്ലതാ....” എല്ലാവരും പിന്താങ്ങി.

അങ്ങനെ വിശാലമായ റോഡിലൂടെ അതി വിശാലമായിത്തന്നെ പലതും സംസാരിച്ച് ഞങ്ങൾ നടന്നു. ഇതിനിടയിൽ എവിടെ നിന്നോ ഒരു അനൌൺസ്മെന്റ് മുഴങ്ങിയെങ്കിലും ഞങ്ങളുടെ ചെവിയിൽ അത് വേണ്ടത്ര പതിഞ്ഞില്ല.സൊറ തുടർന്നു കൊണ്ട് തന്നെ രാജ്‌പഥിന്റെ സിംഹ ഭാഗം കവർന്ന് ഞങ്ങൾ നടന്നു.

പെട്ടെന്ന് ഒരു പോലീസ് വാഹനം ഞങ്ങളുടെ പിന്നിൽ നിന്നും ചീറി വന്നു.റോഡിൽ നിൽക്കുകയായിരുന്ന ഒരു തോക്കുധാരിയോട് എന്തൊക്കെയോ പറഞ്ഞു.ഉടൻ അയാൾ ഞങ്ങളുടെ നേരെ തിരിഞ്ഞു.എല്ലാവരോടൂം റോഡിൽ നിന്നും വശങ്ങളിലേക്ക് കയറി നിൽക്കാൻ പറഞ്ഞു.ഞങ്ങൾ അതനുസരിച്ചു.അല്പം കൂടി ഉള്ളിലേക്ക് കയറി റോഡിൽ നിന്നും പരമാവധി ദൂരെ നിൽക്കാൻ അദ്ദേഹം നിർദ്ദേശം തന്നു.ഞങ്ങൾ എല്ലാവരും അതനുസരിച്ചതും തോക്കും ചൂണ്ടി അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് നിന്നു !!!സംഭവമെന്തന്നറിയാതെ ആരൊക്കെയോ , സിനിമയിൽ കാണുന്ന പോലെ കൈ രണ്ടും പൊക്കി.എന്തോ അപരാധം ചെയ്തവരെപ്പോലെ ഞങ്ങളെ ആ പട്ടാളക്കാരൻ തോക്കിന്മുനയിൽ നിർത്തി !!!!


(തുടരും....)

8 comments:

Areekkodan | അരീക്കോടന്‍ said...

അല്പം കൂടി ഉള്ളിലേക്ക് കയറി റോഡിൽ നിന്നും പരമാവധി ദൂരെ നിൽക്കാൻ അദ്ദേഹം നിർദ്ദേശം തന്നു.ഞങ്ങൾ എല്ലാവരും അതനുസരിച്ചതും തോക്കും ചൂണ്ടി അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് നിന്നു !!!

വിനുവേട്ടന്‍ said...

എനിക്ക് വയ്യ... ഈ അരീക്കോടൻ മാഷ് ആ പാവങ്ങൾ സഹ അദ്ധ്യാപകരെയെല്ലാം ഒരു വഴിയ്ക്കാക്കുമെന്നാണ് തോന്നുന്നത്...

ajith said...

സമൂസ പോലെയുള്ള ഒരു ഐറ്റം രാഷ്ട്രപതിയുടെ പത്നി തയ്യാറാക്കിയതാണെന്ന് ആരോ പറഞ്ഞു.അതിന് അത്ര വലിയ രുചി ഒന്നും തോന്നിയില്ല.>>>>>>> എന്നാലും പ്രഥമവനിതയാകുമ്പോള്‍ നമ്മള്‍ അല്പം ഒക്കെ പ്രതീക്ഷിച്ചുപോകും, അല്ലേ!!

Cv Thankappan said...

പട്ടാളക്കാരന്‍ തോക്കിന്‍മുനയില്‍ നിര്‍ത്തിയത്‌ എന്തിനാവോ?!!
ആശംസകള്‍

Nihad said...

Best wishes....

Nihad said...

But ithonnum purathu aarum arynillaa.....ariyanam...

ലംബൻ said...

ഡല്‍ഹിയില്‍ ചില ഇടങ്ങളില്‍ കുറെ മലയാളി 'തീവ്രവാദികള്‍' കറങ്ങി നടക്കുന്നു എന്ന് പോലീസുകാര്‍ക്ക് മെസ്സേജ് കിട്ടിക്കാണും..

ഫൈസല്‍ ബാബു said...

ഒരു ബ്ലോഗ്‌ പുലി കൂട്ടത്തില്‍ ഉണ്ടെന്നു വളഞ്ഞതാവും :)

Post a Comment

നന്ദി....വീണ്ടും വരിക