Pages

Tuesday, November 19, 2013

കൊമ്മാനഗുഡി ഹില്‍‌സ്റ്റേഷന്‍ (ഏഴ്)

               പശ്ചിമഘട്ടവും ജോഗ് വെള്ളച്ചാട്ടവും നല്‍കിയ പ്രകൃതി സൌന്ദര്യ സദ്യ കഴിഞ്ഞ് മൂന്നാം ദിനം മനുഷ്യനിര്‍മ്മിതികളുടെ അത്ഭുതകാഴ്ച കാണാനായിരുന്നു യാത്ര. എട്ടാം ക്ലാസ്സിലോ ഒമ്പതാം ക്ലാസ്സിലോ ചരിത്രപുസ്തകത്തില്‍ പഠിച്ച ഹൊയ്‌സാല രാജവംശത്തിന്റെ തിരുശേഷിപ്പുകളായിരുന്നു ഞങ്ങളുടെ ലക്ഷ്യം.പോകുന്ന വഴിയില്‍ ഒരു ഹില്‍‌സ്റ്റേഷന്‍ ഉണ്ടെന്നും അതിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് കുട്ടികള്‍ക്ക് ആസ്വദിക്കാമെന്നും അറിഞ്ഞതിനാല്‍ അതുവഴി കയറിപ്പോകാന്‍ തീരുമാനമായി.
               
     കെ.ആര്‍ (കൃഷ്ണരാജ) ഹില്‍‌സിലെ ഒരു ഹില്‍‌സ്റ്റേഷന്‍ ആണ് കൊമ്മാനഗുഡി. സമുദ്രനിരപ്പില്‍ നിന്ന് 4732 അടി ഉയരത്തിലാണ് ഈ ഹില്‍‌സ്റ്റേഷന്‍ എന്ന് കര്‍ണ്ണാടക ടൂറിസം മാപ് പറയുന്നു. എന്ന് വച്ചാല്‍ ഏകദേശം ഒരു പകുതി ഊട്ടി തണുപ്പ് പ്രതീക്ഷിക്കാം എന്ന്. നിര്‍ഭാഗ്യവശാല്‍ ഈ ഉയരത്തെപ്പറ്റി ഞങ്ങള്‍ക്ക് നേരത്തെ അറിയുമായിരുന്നില്ല. അതിനാല്‍ തന്നെ തണുപ്പിനെ ചെറുക്കാനുള്ള ഒരു സംവിധാനവും കരുതിയിരുന്നില്ല.(നമസ്കാരം നിര്‍വ്വഹിക്കാന്‍ ഒരു പുതപ്പ് കരുതിയിരുന്നു)




               കൊമ്മാനഗുഡി പോകുന്ന വഴിയില്‍ ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്.കല്‍ഹട്ടി(Kalhatti) എന്ന ഈ വെള്ളച്ചാട്ടം കര്‍ണ്ണാടകയിലെ ഹിന്ദുക്കള്‍ പുണ്യതീര്‍ത്ഥമായി കരുതുന്നു.നമ്മുടേ തിരുനെല്ലി പോലെ അവിടെ സ്നാനം ചെയ്ത് പാപകര്‍മ്മങ്ങള്‍ കഴുകിക്കളയുന്ന ഒരു ആചാരമുണ്ട്.സമീപത്ത് തന്നെ ക്ഷേത്രവുമുണ്ട്,ഞങ്ങള്‍ കല്‍ഹട്ടിയില്‍ എത്തുമ്പോള്‍ ക്ഷേത്രത്തില്‍ ഒരു വലിയ ചടങ്ങ് നടക്കുകയായിരുന്നു.കുഴലൂത്തുക്കാരും വാദ്യക്കാരും ഒക്കെ അണിനിരന്ന എന്തോ ഒരു പൂജാ ചടങ്ങ്. അത് ക്രോസ് ചെയ്ത് വേണം വെള്ളച്ചാട്ടത്തിലേക്ക് പോകാന്‍. വെള്ളച്ചാട്ടം വരെ പോയെങ്കിലും ഭക്തജനങ്ങള്‍ കുളിക്കുന്ന സ്ഥലമായതിനാല്‍ ഞങ്ങള്‍ വേഗം തിരിച്ചു പോന്നു.

               കൊമ്മാനഗുഡിയിലേക്കുള്ള ഇടുങ്ങിയതും വളഞ്ഞ്പുളഞ്ഞതുമായ പാത വീണ്ടും എന്നെ അത്ഭുതപ്പെടുത്തി.അതൊരു സ്വകാര്യവ്യക്തിയുടെ സ്ഥലമാണ് എന്ന് പിന്നീടാണ് അറിഞ്ഞത്. ധാരാളം റിസോര്‍ട്ടുകള്‍ ഉണ്ടെങ്കിലും താമസക്കാരായി ആരെയും കണ്ടില്ല.


                  കൊമ്മാനഗുഡിയുടെ മുകളില്‍ എത്തുമ്പോള്‍ കോട വ്യാപിച്ചിരുന്നു. തണുത്ത കാറ്റും വീശുന്നുണ്ടായിരുന്നു.സ്വന്തം പാട്ടുകളുമായി അതുവരെ ആക്ടീവായിരുന്ന എന്റെ ഏറ്റവും ചെറിയ മോള്‍ ലൂനക്ക് കോട മൂടിയ കൊമ്മാനഗുഡിയിലെ പാര്‍ക്കില്‍ കളിക്കാന്‍ മോഹം തോന്നി.മഞ്ഞ് തട്ടിയാല്‍ ജലദോഷം ഉറപ്പായ അവളുടെ ആ മോഹത്തിന് ഞാന്‍ തടാസ്സം നിന്നില്ല.പക്ഷേ പത്ത് മിനിട്ടിനകം അവള്‍ നിന്ന് വിറയ്ക്കാന്‍ തുടങ്ങി.സ്വെറ്ററോ പുതപ്പോ ഒന്നും കരുതാത്തതിനാല്‍ അവളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി എനിക്ക് ചെറിയൊരാശങ്ക തോന്നി.നമസ്കാരം നിര്‍വ്വഹിക്കാന്‍ വേണ്ടി കരുതിയിരുന്ന വിരിപ്പുകൊണ്ട് അവളെ ഒന്നാകെ മൂടിപ്പുതച്ച് എന്റെ ചുമലില്‍ കിടത്തിയായിരുന്നു പിന്നീട് കൊമ്മാനഗുഡിയിലെ കാഴ്ചകള്‍ ഞങ്ങള്‍ ആസ്വദിച്ചത് ചാറല്‍മഴ കൂടി ആരംഭിച്ചതോടെ വിറയല്‍ മറ്റുള്ളവരിലേക്കും വ്യാപിക്കാന്‍ തുടങ്ങി. പാര്‍ക്കിലെ ഉപകരണങ്ങളെല്ലാം മഴയില്‍ നനഞ്ഞും കോടയില്‍ പുതഞ്ഞും കിടന്നതിനാല്‍ ഉപയോഗിക്കന്‍ കഴിഞ്ഞില്ല.പക്ഷേ ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ എന്ന സിനിമയില്‍ ജയറാം പുതച്ച് മൂടി നടക്കുന്ന ആ രംഗം ഓര്‍മ്മയില്‍ വന്നു.കോടയും തണുത്ത കാറ്റും ചാറല്‍മഴയും ഒരുമിച്ചത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പുതിയ ഒരു അനുഭവമായതിനാല്‍ കൂടുതല്‍ സമയം അവിടെ നില്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.




              മറ്റൊരു വഴിയിലൂടെ  അല്പം താഴേക്ക് ഇറങ്ങിയതോടെ കോടമഞ്ഞ് അപ്രത്യക്ഷമായി. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. ഒരു ചുടുചായക്ക് എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ സൈന്‍ബോര്‍ഡ് കണ്ടപ്രകാരം പത്തമ്പത് സ്റ്റെപ്പുകള്‍ കയറി പോയി നോക്കിയെങ്കിലും അടച്ചിട്ട റസ്റ്റാറന്റ് ഞങ്ങളെ നിരാശരാക്കി.





                 തിരിച്ച് വണ്ടിയിലേക്ക് കയറാന്‍ തയ്യാറെടുക്കുമ്പോഴാണ് ഭാര്യയുടെ കാലില്‍ ഒരു ജീവി പറ്റിപിടിച്ചിരിക്കുന്നതായി കണ്ടത് - നൂലട്ട അല്ലെങ്കില്‍ അട്ട എന്ന് വിളിക്കുന്ന അതിനെ കണ്ടതും ജന്തുശാസ്ത്രത്തില്‍ ബിരുദമെടുത്ത അവളുടെ ഉള്ളില്‍ നിന്നും ഒരു കൂക്കിവിളി ഉയര്‍ന്നു.അത്തരം ഒരു അപകടം ഞങ്ങള്‍ പ്രതീക്ഷിക്കാതിരുന്നതിനാല്‍ അതിനുള്ള മുന്‍‌കരുതലുകളും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രക്തം ഊറ്റി ഊറ്റി സ്വയം വീഴട്ടെ എന്ന് ഞാന്‍ പറഞ്ഞെങ്കിലും അവള്‍ സമ്മതിച്ചില്ല.അതിനെ എങ്ങനെയെങ്കിലും പറിച്ചിടാന്‍ അവള്‍ അട്ടഹാസം തുടങ്ങി.കുറേ നേരത്തെ ശ്രമത്തിന് ശേഷം അട്ട പിടിവിട്ടു.എന്റെ കയ്യില്‍ കിട്ടിയ അവനെ കൈ കുടഞ്ഞ് ഒഴിവാക്കി. അത് നേരെ ലുലുവിന്റെ കാലില്‍ ലാന്റ് ചെയ്തു!അവളുടെ അട്ടഹാസത്തില്‍ കൊമ്മാനഗുഡി കിടുങ്ങി.

               ലുലുവിന്റെ കാലില്‍ നിന്നും അട്ടയെ മാറ്റിയപ്പോള്‍ , വിറയല്‍ നിന്ന ലൂന മോള്‍ എന്നെ വിളിച്ചു പറഞ്ഞു.
              “ഉപ്പച്ചീ....ഒരു പുഴു......”
    
              “എവിടെ?”

             “ഇതാ   ...എന്റെ കൈ പുറത്ത്....”

         ഞാന്‍ നോക്കിയപ്പോള്‍ രക്തം കുടിച്ച് വീര്‍ത്ത് നില്‍ക്കുന്ന വലിയൊരു അട്ട !!

             അതിനേയും തട്ടിമാറ്റി എല്ലാവരും വണ്ടിയില്‍ കയറി.ചിക്‍മംഗ്ലൂരില്‍ എത്തുമ്പോഴേക്കും വണ്ടിക്കുള്ളില്‍ അനേകം അട്ടകള്‍ രക്തസാക്ഷിത്വം വരിച്ചു.

( തുടരും...)



4 comments:

Areekkodan | അരീക്കോടന്‍ said...

കെ.ആര്‍ (കൃഷ്ണരാജ) ഹില്‍‌സിലെ ഒരു ഹില്‍‌സ്റ്റേഷന്‍ ആണ് കൊമ്മാനഗുഡി. സമുദ്രനിരപ്പില്‍ നിന്ന് 4732 അടി ഉയരത്തിലാണ് ഈ ഹില്‍‌സ്റ്റേഷന്‍ എന്ന് കര്‍ണ്ണാടക ടൂറിസം മാപ് പറയുന്നു.

വീകെ said...

രക്തസാക്ഷികൾ സിന്ദാബാദ്....!

ajith said...

വനയാത്രകളില്‍ അട്ടയാണെന്റെ പേടിസ്വപ്നം

ജോണ്‍ ചാക്കോ, പൂങ്കാവ് said...

മൂന്നു മാസം മുമ്പ് നാട്ടില് പോയപ്പോല കാലില രണ്ടിടത് അട്ട കടിച്ചത് വലിച്ചു പറിച്ചിരുന്നു ..
ഇന്നും ആ ഭാഗം ഇടയ്ക്കു ചൊറിയും ... മുഴുവന് കരിഞ്ഞിട്ടില്ല.

Post a Comment

നന്ദി....വീണ്ടും വരിക