Pages

Tuesday, January 27, 2009

ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ എന്തൊക്ക്യാ?

റിപബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌, മുമ്പെപ്പഴോ വാങ്ങിയിരുന്ന കടലാസ്‌ പതാകകള്‍ ഞാന്‍ പുറത്തേക്ക്‌ വച്ചു.പതാക കണ്ടിട്ടെങ്കിലും കുട്ടികളില്‍ അതിനെപറ്റിയുള്ള അവബോധവും ദേശീയദിനങ്ങളെപറ്റിയുള്ള ജ്ഞാനവും വര്‍ദ്ധിക്കട്ടെ എന്നായിരുന്നു എന്റെ മനസ്സിലിരുപ്പ്‌.

ഷോകേസിലിരിക്കുന്ന കൊടിയെക്കുറിച്ച്‌ ഓര്‍മ്മിക്കാതെ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന, അളിയന്റെ മകളോട്‌ ചോദിച്ചു.

"ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ എന്തൊക്ക്യാ?"

"പച്ച...."

"ങാ..."

"വെള്ള..."

"ങാ..."ഇടക്കിടെ അവളുടെ കണ്ണുകള്‍ എന്നെയും കടന്ന് പോകുന്നത്‌ ഞാന്‍ ശ്രദ്ധിച്ചതേയില്ല.

"നീല..."

"ങേ!!!നീലയോ???"

"ആ നടൂലെ കാളവണ്ടി ചക്രത്ത്‌ന്റെ നെറം നീലല്ലേ..."

"അത്‌ കാളവണ്ടി ചക്രമല്ല...അശോക ചക്രമാ... ങാ...ശരി...ശരി..പിന്നേത്‌ കളറാ?"

"ഒ...ഒ...."

"ഓറഞ്ചോ???"

"ഒര്‌ മാതിരി ഒര്‌ ചോപ്പ്‌..."

"ങേ....ചുമപ്പോ??"

"പിന്നല്ലാതെ..ങള്‌ മാങ്ങി തെന്ന ആ കൊടി നോക്കി,ഷോകേസ്‌ല്‍....അയിന്റെ മോള്‌ത്തെ നെറം ചോപ്പല്ലേ?"

അപ്പോഴാണ്‌ അവളുടെ കണ്ണുകള്‍ ഇടക്കിടെ പോയത്‌ എന്റെ പിന്നിലുള്ള ഷോകേസില്‍ വച്ച കൊടിയിലേക്കായിരുന്നുവെന്നും അതില്‍ നോക്കിയാണ്‌ അവള്‍ സുന്ദരമായി ഉത്തരം പറഞ്ഞതെന്നും ഞാനറിഞ്ഞത്‌.

Monday, January 26, 2009

ഇന്ത്യ ഇനിയും വിഭജിക്കപ്പെടുമോ?

"അതിര്‍ത്തിയില്‍ വെടിവയ്പ്പ്‌.....മഞ്ചേശ്വരത്ത്‌ കേരള സൈനികന്‌ വീരമൃത്യു....." വിദൂര ഭാവിയില്‍ ഏതെങ്കിലും മലയാള ദിനപത്രത്തിന്റെ തലക്കെട്ടായി നമ്മുടെ മക്കള്‍ക്കോ പേരമക്കള്‍ക്കോ ഈ വാര്‍ത്ത വായിക്കേണ്ട ഗതികേട്‌ വരുമോ എന്ന ഭീതിയിലാണ്‌ എന്നെപ്പോലെ ഈ രാജ്യത്തെ പലരും.ഇന്ത്യ എന്ന മഹാരാജ്യത്തിലെ ദേശ-ഭാഷ-വര്‍ഗ്ഗ വ്യത്യാസമുള്ള ജനങ്ങള്‍ ഒന്ന് എന്ന നാനാത്വത്തില്‍ ഏകത്വം എന്ന ചിന്ത തൂത്തെറിഞ്ഞ്‌ ഓരോ സംസ്ഥാനവും സ്വയം ഭരണം പ്രഖ്യാപിച്ച്‌ ഓരോ സ്വതന്ത്ര സ്റ്റേറ്റുകളായോ രാജ്യങ്ങളായോ മാറുന്ന കാലം അതിവിദൂരമല്ല എന്ന് സമീപകാല വാര്‍ത്തകള്‍ പലതും വിളിച്ചോതുന്നു.

സോവിയറ്റ്‌ യൂണിയന്‍ എന്ന അതിശക്തമായ രാഷ്ട്രം പലപലകഷ്ണങ്ങളായി ചിന്നഭിന്നമായ ചരിത്രം നമ്മുടെ കണ്മുന്നില്‍ മായാതെ നില്‍ക്കുന്നുണ്ട്‌. സോവിയറ്റ്‌ യൂണിയനിലെ അംഗരാഷ്ട്രങ്ങളെ ഒരുമിച്ച്‌ നിര്‍ത്തിയിരുന്ന കമ്മ്യൂണിസം എന്ന ആശയം തകര്‍ന്നതോടൊപ്പം രാഷ്ട്രവും തകര്‍ന്ന് കൊച്ചുകൊച്ചുരാഷ്ട്രങ്ങള്‍ പിറന്നതുപോലെ , ഇന്ത്യയില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം തകര്‍ന്ന് കഴിഞ്ഞാല്‍ കേരള രാഷ്ട്രം,തമിഴ്‌ രാജ്യം,കന്നട പ്രോവിന്‍സ്‌,റിപബ്ലിക്‌ ഓഫ്‌ മറാത്ത തുടങ്ങീ അനവധി രാജ്യങ്ങളുടെ പിറവി നാം ദര്‍ശിക്കേണ്ടി വന്നേക്കാം.

സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ ഒരുമിച്ച്‌ നിന്ന് പൊരുതിയ ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച നിമിഷം മുതല്‍ പരസ്പരം പോരടിച്ച്‌ വീഴുന്ന ദയനീയ രംഗം നമ്മുടെ മാതാപിതാക്കള്‍ അന്ന് ദര്‍ശിച്ചു; ഇപ്പോള്‍ നാം ദര്‍ശിച്ചുകൊണ്ടേ ഇരിക്കുന്നു.അന്ന് മുസ്ലിം വര്‍ഗ്ഗീയതയാണ്‌ പാകിസ്ഥാനിന്റെ പിറവിക്ക്‌ കാരണമായത്‌ എന്ന് പലരും ആരോപിക്കുന്നു.അത്‌ ശരിയാണെങ്കില്‍ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മതാധിഷ്ടിത അക്രമങ്ങള്‍ എത്ര രാജ്യങ്ങളുടെ പിറവിക്ക്‌ കാരണമായേക്കും എന്ന് വെറുതെ ഒന്ന് ആലോചിച്ച്‌ നോക്കുക.നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയില്‍ ഭരണകക്ഷിയാണ്‌ ബി.ജെ.പി.അവരുടെ സഖ്യകക്ഷിയായ ബജ്രംഗ്ദള്‍ സമീപകാലത്ത്‌ കൃസ്ത്യാനികള്‍ക്ക്‌ നേരെ കര്‍ണ്ണാടകയിലും ഒറീസയിലും അഴിച്ചുവിട്ട അക്രമപരമ്പരയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തവ മാത്രം മതി മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ പ്രതിഷേധം വിളിച്ചു വരുത്താന്‍ .മതപരിവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ഇത്രയും ഭീകരമായി അക്രമങ്ങള്‍ അഴിച്ചുവിട്ടത്‌ ഭരണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ചെങ്കോലും കയ്യില്‍ ഭദ്രമായി എന്ന അഹംഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണ്‌.ഇവിടെ സംസ്ഥാന ഗവണ്മെന്റുകള്‍ നിസ്സംഗത പാലിക്കുമ്പോള്‍ പൗരന്റെ മൗലികാവകാശമാണ്‌ ഹനിക്കപ്പെടുന്നത്‌.സംസ്ഥാന ഗവണ്‍മന്റ്‌ നോക്കുകുത്തിയാകുമ്പോള്‍ നടപടി എടുക്കേണ്ട കേന്ദ്രഗവണ്മെന്റും മൗനം ഭജിക്കുന്നത്‌ അക്രമികള്‍ക്ക്‌ പ്രോല്‍സാഹനനമാകുന്നു.സിമിയെ നിരോധിച്ച കേന്ദ്രഗവണ്മെന്റിന്‌ ബജ്രംഗ്ദളിനെ നിരോധിക്കാനുള്ള നട്ടെല്ല് ഇല്ല എന്ന് പ്രവൃത്തിയിലൂടെ ഗവണ്‍മന്റ്‌ തന്നെ തെളിയിച്ചു.

ജമ്മുകാശ്മീരിലെ സ്ഥിതിഗതികളും ആ സംസ്ഥാനം അതിവിദൂരമല്ലാതെ ഇന്ത്യക്ക്‌ നഷ്ടമായേക്കും എന്ന സൂചന നല്‍കുന്നു.കാഷ്മീരിലെ മുസ്ലിം ജനസാമാന്യം ഗവണ്മെന്റിനോട്‌ കടുത്ത പ്രതിഷേധത്തിലാണ്‌.പ്രത്യേകിച്ചും മുസ്ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളിലേക്കുള്ള ബസ്സുകള്‍ ആക്രമിക്കപ്പെട്ടതോടെ.അഫ്ഗാനിസ്ഥാനില്‍ ശക്തിയാര്‍ജ്ജിച്ചുക്കൊണ്ടിരിക്കുന്ന താലിബാന്‍ പാകിസ്ഥാനിലെ ഏതെങ്കിലും ജിഹാദിഗ്രൂപ്പുമായി കൈ കോര്‍ത്ത്‌ കാശ്മീരിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഈ അസന്തുഷ്ടജനത ഇന്ത്യന്‍പട്ടാളത്തെ സഹായിക്കാന്‍ മുന്നോട്ട്‌ വരും എന്ന് ചിന്തിക്കുന്നത്‌ പോലും മൗഢ്യമാണ്‌.മതേതരപാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫ്രന്‍സും പിഡിപിയും വിഘടനവാദത്തിന്‌ പരോക്ഷ പിന്തുണ നല്‍കുന്നു എന്ന വാര്‍ത്ത രാഷ്ട്രത്തിനെതിരെ രാഷ്ട്രീയക്കാരുടെ കോമാളിത്തം എവിടം വരെ എത്തി എന്നതിന്റെ ഉത്തമോദാഹരണമാണ്‌.

ഇസ്ലാം ഒരിക്കലും ഭീകരവാദം അംഗീകരിക്കുന്നില്ല.വഴിയില്‍ നിന്നും മുള്ള്‌ നീക്കുന്നത്‌പോലും സത്‌പ്രവൃത്തിയായി കാണുന്ന ഒരു മതത്തിന്‌ വഴിയില്‍ ബോംബ്‌ വച്ച്‌ നിസ്സഹായരും നിരപരാധികളുമായ അനേകം പേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല.ഇസ്ലാമിക മതപണ്ഠിതന്മാര്‍ എല്ല ഭീകരപ്രവര്‍ത്തനങ്ങളും മതനിയമങ്ങള്‍ക്ക്‌ എതിരാണ്‌ എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമങ്ങളെ അപലപിക്കാന്‍ പോലും ഹൈന്ദവ നേതാക്കള്‍ വാ തുറന്നില്ല എന്നത്‌ ചിന്തിക്കേണ്ട വിഷയമാണ്‌.കര്‍ണ്ണാടകയിലും ഒറീസയിലും പീഢനമനുഭവിക്കുന്ന സ്വന്തം മതക്കാരുടെ ദീനവിലാപം ക്രൈസ്തവര്‍ തിങ്ങിതാമസിക്കുന്ന നാഗാലാന്റിലെയും മറ്റ്‌ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളെ പ്രകോപിതരാക്കിയാല്‍ നാം ആരെ പഴിചാരും?

ഈയിടെ മുമ്പൈയില്‍ ജോലി ആവശ്യാര്‍ത്ഥം വന്ന ഒരു ബീഹാരി യുവാവ്‌ രാജ്‌താക്കറെയുടെ നവനിര്‍മ്മാണ്‍ സേനാപ്രവര്‍ത്തകരാല്‍ വധിക്കപ്പെട്ടു.മുമ്പൈയിലെ ജോലി മുമ്പൈയികാര്‍ക്ക്‌ എന്നും മറാത്ത മണ്ണില്‍ മറാത്തക്കാര്‍ മാത്രം എന്നും അനുനിമിഷം ഉദ്‌ഘോഷിക്കുന്ന ശിവസേനക്കും നവനിര്‍മ്മാണ്‍ സേനക്കും കൂച്ചുവിലങ്ങിടാന്‍ സംസ്ഥാന ഗവണ്മെന്റിനോ കേന്ദ്രഗവണ്മെന്റിനോ സാധിക്കാത്തത്‌ ദു:ഖകരമാണ്‌.മണ്ണിന്റെ മക്കള്‍ വാദത്തിനിരയായുള്ള ആ യുവാവിന്റെ രക്തസാക്ഷിത്വവും ഗവണ്മെന്റിന്റെ കണ്ണ്‌ തുറപ്പിക്കാന്‍ പര്യാപ്തമായില്ല എങ്കില്‍ നമ്മുടെ രാജ്യത്തിന്റെ പോക്ക്‌ ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച റിപബ്ലിക്‌ ഓഫ്‌ മറാത്ത എന്ന ആശയത്തിലേക്കല്ലേ?

ന്യൂനപക്ഷങ്ങളും വിവിധ വര്‍ഗ്ഗ സമൂഹങ്ങളും സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന വിവിധ സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.ഇന്തോനേഷ്യയിലെ കിഴക്കന്‍ പ്രദേശത്തെ ഇത്തരത്തിലുള്ള ഒരു സമരത്തെ UNO വരെ പിന്താങ്ങുകയും ചെയ്തു.ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരകലഹങ്ങള്‍ പുതിയ രാഷ്ട്രങ്ങളുടെ പിറവികളില്‍ കലാശിച്ചുകൊണ്ടിരിക്കുന്നു.ചൈനയില്‍ ടിബറ്റ്‌വാസികളും പൊരുതുന്നത്‌ സ്വതന്ത്ര രാഷ്ട്രപദവിക്കായാണ്‌.ഗവണ്മെന്റിന്റെ ചെയ്തികളില്‍ അസന്തുഷ്ടരും രോഷാകുലരുമായ ജനങ്ങള്‍ സ്വീകരിക്കുന്ന ഈ പ്രതിഷേധമാര്‍ഗ്ഗങ്ങളുടെ പര്യവസാനം പുത്തന്‍ രാഷ്ട്ര പിറവിയിലാണെന്ന യാഥാര്‍ത്ഥ്യം ഇന്ത്യ അതീവജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണ്‌.

ഇന്ത്യയുടെ ഐക്യം തന്നെ തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്തികളേയും മതാധിഷ്ഠിത സംഘടനകളേയും ഒരേ നിയമത്തിന്റെ ത്രാസിലിട്ട്‌ തൂക്കാനോ സംഘബലത്തോടെ നേരിടാനോ നിര്‍ഭാഗ്യവശാല്‍ നമ്മുടെ മതേതരരാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും സാധിച്ചില്ല.അധികാരത്തിന്റെ അപ്പക്കഷ്ണം നീട്ടിയാല്‍ ഏത്‌ ഭാഗത്തേക്കും ചായുന്ന ആദര്‍ശമില്ലാത്ത പാര്‍ട്ടികളും നേതാക്കന്മാരും ഇന്ത്യ എന്ന ആ സുന്ദരനാമത്തെ ഉടന്‍ തന്നെ ചരിത്രത്താളുകളിലേക്കും കാലയവനികക്കുള്ളിലേക്കും എത്തിക്കും എന്ന് റിപബ്ലിക്കിന്റെ ഈ അറുപതാമാണ്ടില്‍ നമുക്ക്‌ വിലപിക്കാം.

Tuesday, January 20, 2009

ബാലേട്ടനും മക്കളും - 2

മഴ തിമര്‍ത്തുപെയ്യുന്ന ഒരു ഒഴിവു ദിനത്തില്‍ പലചരക്ക്‌ സാധനങ്ങളും പച്ചക്കറികളും വാങ്ങി ഞാന്‍ ക്വാര്‍ട്ടേഴ്സിലേക്ക്‌ തിരിച്ച്‌ വരികയായിരുന്നു..ഞങ്ങളുടെ ക്വാര്‍ട്ടേഴ്സ്‌ കഴിഞ്ഞ്‌ രണ്ട്‌ ക്വാര്‍ട്ടേഴ്സുകള്‍ കൂടിയുണ്ട്‌.അതിനാല്‍ തന്നെ റോഡ്‌ അതുവരെ നീളുന്നുമുണ്ട്‌.ക്വാര്‍ട്ടേഴ്സുകള്‍ എല്ലാം ഒരു ചെറിയ കുന്നിണ്റ്റെ താഴ്വാരത്തായതിനാല്‍ റോഡിന്‌ നല്ല ഇറക്കമാണ്‌. കോരിച്ചൊരിയുന്ന മഴയില്‍ ചെളിവെള്ളം റോഡിലൂടെ താഴേക്ക്‌ കുത്തിയൊഴുകിക്കൊണ്ടിരുന്നു.കുട ചരിച്ച്‌ പിടിച്ചിട്ടും കാറ്റത്ത്‌ അതൊന്നും ഫലപ്രദമായില്ല.ഞാന്‍ അത്യാവശ്യം നനഞ്ഞ്‌ കുതിര്‍ന്നു.എണ്റ്റെ ക്വാര്‍ട്ടേഴ്സിണ്റ്റെ മുന്നിലെത്തി അങ്ങോട്ട്‌ തിരിയാനായി ഞാന്‍ കുട ഉയര്‍ത്തിയപ്പോഴാണ്‌ അല്‍പം കൂടി മുന്നിലായി മറ്റേ ക്വാര്‍ട്ടേഴ്സിണ്റ്റെ അടുത്ത്‌ ചെളിവെള്ളത്തില്‍ ഒരനക്കം ശ്രദ്ധയില്‍പെട്ടത്‌.ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി - പാണ്റ്റും ഷര്‍ട്ടുമിട്ട്‌ മുന്നില്‍ പച്ചക്കറിയുടെ ഒരു സഞ്ചിയുമായി ബാലേട്ടന്‍!!!കുടിച്ചവശനായി വന്ന് വീണുകിടക്കുകയാണ്‌ (ഓട്ടോറിക്ഷക്കാര്‍ കൊണ്ടു തള്ളുന്നതാണ്‌ എന്നും പറയപ്പെടുന്നു).എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റോഡിണ്റ്റെ സ്ളോപ്പും അകത്ത്‌ കിടക്കുന്നവണ്റ്റെ ശക്തിയും കാരണം അതിന്‌ സാധിക്കുന്നില്ല.ആരെയെങ്കിലും സഹായത്തിന്‌ വിളിക്കാനാണെങ്കില്‍ നാവ്‌ പൊങ്ങുന്നുമില്ല. മഴയും നനഞ്ഞ്‌ ചെളിവെള്ളത്തില്‍ എത്ര നേരം അദ്ദേഹം അങ്ങിനെ കിടന്നിട്ടുണ്ടാകും എന്നെനിക്കറിയില്ല.എണ്റ്റെ കയ്യിലുള്ള സാധനങ്ങള്‍ വീട്ടില്‍ വച്ച്‌ ഞാന്‍ വേഗം അദ്ദേഹത്തിണ്റ്റെ അടുത്തെത്തി.കൈപിടിച്ച്‌ എഴുന്നേല്‍പ്പിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു.എങ്കിലും അടുത്ത ശ്രമത്തില്‍ ചെളിപുരണ്ട കയ്യും ദേഹവും കൂട്ടിപ്പിടിച്ച്‌ ഒരു വിധം ഞാന്‍ അദ്ദേഹത്തെ പിടിച്ചുയര്‍ത്തി.ശേഷം പതുക്കെ നടത്തി വീട്ടില്‍ കൊണ്ടിരുത്തി. അച്ഛണ്റ്റെ അവസ്ഥയില്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ വീട്ടിലെ സ്ത്രീകള്‍ക്ക്‌ സാധ്യമായിരുന്നുള്ളൂ.തിരിച്ചിറങ്ങുന്നതിന്‌ മുമ്പ്‌ എണ്റ്റെ കൈ മുറുക്കി പിടിച്ചുകൊണ്ട്‌ ബാലേട്ടന്‍ പറഞ്ഞു."തെറ്റിദ്ധരിക്കരുത്‌...ഞാനല്‍പം കുടിച്ചിട്ടുണ്ട്‌...മക്കള്‍ ശരിയല്ല..... " "ങാ....ബാലേട്ടന്‍ ഇരിക്കൂ....അത്‌ നമുക്ക്‌ പിന്നീട്‌ സംസാരിക്കാം...." യാത്ര പറഞ്ഞിറങ്ങാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ബാലേട്ടന്‍ എണ്റ്റെ കൈ മുറുക്കിപ്പിടിച്ച്‌ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു...."തെറ്റിദ്ധരിക്കരുത്‌...ഞാനല്‍പം കുടിച്ചിട്ടുണ്ട്‌...മക്കള്‍ ശരിയല്ല.....തെറ്റിദ്ധരിക്കരുത്‌...ഞാനല്‍പം കുടിച്ചിട്ടുണ്ട്‌...മക്കള്‍ ശരിയല്ല.....തെറ്റിദ്ധരിക്കരുത്‌...ഞാനല്‍പം..... " ഇവിടെ ആരാണ്‌ പ്രതി?അച്ഛണ്റ്റെ കുടിച്ചുകൂത്താട്ടം ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന്‌ അതേ വഴിയേ പോയ മക്കളോ? കുട്ടികളെ ഈ വഴിയിലേക്ക്‌ നയിച്ച അച്ഛനോ? മദ്യപാനം വിളിച്ചുവരുത്തുന്ന അനേകം ദുരന്തങ്ങളില്‍ ഒന്ന് മാത്രമാണിത്‌.നാം സ്വയം ആ ദുരന്തത്തിലേക്ക്‌ എടുത്ത്ചാടാതെയും മറ്റുള്ളവരെ അതിലേക്ക്‌ നയിക്കാതിരിക്കുകയും ചെയ്യുക.അതിലകപ്പെട്ട നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുക.

Tuesday, January 13, 2009

ബാലേട്ടനും മക്കളും - 1

ക്വാര്‍ട്ടേഴ്സില്‍ എണ്റ്റെ അയല്‍വാസിയായ ബാലേട്ടന്‍ KSEB -യില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണ്‌.ഭാര്യയും മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബം വാടകവീട്ടില്‍ താമസിക്കുന്നതിണ്റ്റെ രഹസ്യം ഇവിടെ ചുരുളഴിയും.

മദ്യം ബാലേട്ടണ്റ്റെ ഒരു ദൌര്‍ബല്യമായിരുന്നു.സര്‍വ്വീസിലിരുന്ന കാലത്ത്‌ പണവും സൌകര്യവും സദാലഭ്യമായതിനാല്‍ അതൊരു ശീലമായി മാറി.മദ്യപിച്ച്‌ വീട്ടില്‍ വന്ന് മക്കളോട്‌ ബഹളമുണ്ടാക്കുന്നത്‌ അദ്ദേഹത്തിണ്റ്റെ പതിവായിരുന്നു എന്ന് എനിക്ക്‌ കേട്ടറിവ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ക്വാര്‍ട്ടേഴ്സിലെ എല്ലാവര്‍ക്കും അച്ഛനും അമ്മയുമാണ്‌ ബാലേട്ടനും ഭാര്യയും.പക്ഷേ ഒരു വര്‍ഷം മുമ്പ്‌ ബാലേട്ടണ്റ്റെ ചെറിയ മകന്‍ സുശീല്‍(പേരിലെന്തിരിക്കുന്നു?)വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.കാര്യം നിസ്സാരം!!അവന്‍ മദ്യപിച്ച്‌ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കി.മിക്ക ദിവസവും ഇത്‌ ആവര്‍ത്തിച്ചപ്പോള്‍ അവന്‍ ഇനി വീട്ടില്‍ കയറണ്ട എന്ന് അച്ഛന്‍ തീരുമാനിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബാലേട്ടണ്റ്റെ മൂത്ത മകന്‍ സുനില്‍ ജോലി ആവശ്യാര്‍ത്ഥം മലേഷ്യയിലേക്കും പോയി.നാട്ടില്‍ സ്വന്തമായി ഇന്‍ഡസ്ട്രിയല്‍ നടത്തിയിരുന്ന സുനിക്ക്‌ വരവ്‌ കുറവായിരുന്നെങ്കിലും ചെലവ്‌ ഒട്ടും കുറവല്ലായിരുന്നു.'കമ്പനി' കൂടലും ഈയടുത്ത്‌ ഒരു പതിവായി മാറിയിരുന്നു.ഭാര്യയും നാല്‌ വയസ്സുള്ള ഒരു മകളും ഉള്ള സുനി ഇന്നാട്ടില്‍ കൂടുതല്‍ നിന്നാല്‍ നന്നല്ല എന്ന ബോധോദയത്തില്‍ നിന്നാണ്‌ പിതാവും അമ്മായിയപ്പനും കൂടി സുനിയെ മലേഷ്യയിലേക്ക്‌ വിട്ടത്‌.

സുനി പോയ അതേ ദിവസം തന്നെ വീട്ടില്‍ അവശേഷിക്കുന്ന മകന്‍ അനിയും അച്ഛനും തമ്മില്‍ ഒരു വാക്‌തര്‍ക്കം നടന്നു.കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ ഗ്യാസ്‌ ഉപയോഗിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.സാധാരണ ഇത്തരം തര്‍ക്കങ്ങള്‍ക്ക്‌ മധ്യസ്ഥം വഹിക്കാറുള്ളത്‌ സുനിയായിരുന്നു.അന്ന് സുനിയില്ലാത്തതിനാല്‍ തര്‍ക്കം മൂത്ത്‌ അവനും വീട്ടില്‍ നിന്നിറങ്ങിപ്പോയി.മൂന്ന് ആണ്‍മക്കളുണ്ടായിരുന്ന വീട്ടില്‍ ഇപ്പോള്‍ ഇപ്പോള്‍ അച്ഛനും അമ്മയും മകളും മരുമകളും പേരമകളും മാത്രമായി.

കുടുംബ ബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ ഈ ദുരവസ്ഥക്ക്‌ പിന്നിലെ യദാര്‍ത്ഥ കാരണക്കാരന്‍ ആരാണ്‌? അച്ഛനോ മക്കളോ അതല്ല മദ്യമോ?

മദ്യപാനം വിളിച്ചുവരുത്തുന്ന അനേകം ദുരന്തങ്ങളില്‍ ഒന്ന് മാത്രമാണിത്‌.നാം സ്വയം ആ ദുരന്തത്തിലേക്ക്‌ എടുത്ത്ചാടാതെയും മറ്റുള്ളവരെ അതിലേക്ക്‌ നയിക്കാതിരിക്കുകയും ചെയ്യുക.അതിലകപ്പെട്ട നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുക.

Monday, January 12, 2009

ബാങ്ക്‌ കൊട്‌ത്തില്ലെങ്കില്‍ ???

ക്വാര്‍ട്ടേഴ്‌സില്‍ ഞങ്ങളുടെ നേരെ മേലെ താമസിക്കുന്ന LKG ക്കാരി നീലു എണ്റ്റെ വീട്ടില്‍ വന്നു.അടുക്കളയില്‍ എണ്റ്റെ ഭാര്യ എന്തോ പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ അവള്‍ ചോദിച്ചു: "ഇവിടെന്താ ലൈറ്റിടാത്തെ?" "പകല്‍ അട്‌ക്കളേലും ബാത്ത്‌റൂമ്‌ലും ഒന്നും ലൈറ്റിടര്‌ത്‌ ന്ന് എണ്റ്റെ ഉപ്പച്ചി പറഞ്ഞിട്ടുണ്ട്‌.. അതാ ലൈറ്റിടാത്തെ..."മറുപടി എണ്റ്റെ LKG ക്കാരിയുടെ വകയായിരുന്നു. "എണ്റ്റെ വീട്ട്‌ല്‌ അട്‌ക്കളേല്‌ എപ്പളും ലൈറ്റിടും...ഈ റൂമ്‌ലും ഈ റൂമ്‌ലും ഈ റൂമ്‌ലും ബാങ്ക്‌ കൊട്‌ത്താലും ലൈറ്റിടും...." മറ്റ്‌ റൂമുകള്‍ ചൂണ്ടിക്കൊണ്ട്‌ നീലു പറഞ്ഞു. അപ്പോ ബാങ്ക്‌ കൊട്‌ത്തില്ലെങ്കിലോ?" ആ LKG സംശയത്തിന്‌ മുമ്പില്‍ ഞങ്ങള്‍ ചിരിച്ചു മണ്ണുകപ്പി.

Saturday, January 10, 2009

ചക്കക്കുരു ഗാതറിംഗ്‌!!!

സ്കൂളില്‍ നടന്ന ചില പ്രോഗ്രാമുകളെക്കുറിച്ച്‌ ഞാന്‍ മക്കളോട്‌ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. "ഉപ്പച്ചീ....ചക്കക്കുരു മത്സരം ഉണ്ടായിരുന്നു..."LKG ക്കാരി പറഞ്ഞു. "ങേ!!!.ചക്കക്കുരു മത്സരമോ?" ഞാന്‍ ഞെട്ടി. "ആ....അത്‌.....അഞ്ച്‌ ചക്കക്കുരു വയ്ക്കും...എന്നിട്ട്‌ ഓടിപ്പോയി ഓരോന്നോരോന്നായി എടുത്ത്‌ കൊണ്ടുവരണം...."മൂത്തമകള്‍ വിശദീകരിച്ചു തന്നു. "ഓ...പൊട്ടാറ്റോ ഗാതറിംഗ്‌.... " "ആ..കഴിഞ്ഞ വര്‍ഷം അത്‌ ബിസ്കറ്റ്‌ വച്ചായിരുന്നു നടത്തിയത്‌ ... " "പിന്നെന്തേ ഈ വര്‍ഷം ചക്കക്കുരു ആക്ക്യേത്‌?" ഞാന്‍ ചോദിച്ചു. "അതോ കഴിഞ്ഞ വര്‍ഷം ആദ്യം ഓടിയവന്‍ മറ്റേ അറ്റത്ത്‌ പോയി എല്ലാ ബിസ്കറ്റും എടുത്ത്‌ വായിലിട്ടങ്ങ്‌ തിന്നു....ഇത്തവണ ആരും അങ്ങനെ ചെയ്യാതിരിക്കാന്‍ ബിസ്കറ്റിന്‌ പകരം ചക്കക്കുരുവാക്കി...!!! "

Thursday, January 08, 2009

ട്വെണ്റ്റി-20 യുടെ മാധുര്യം.

2008ഡിസ:4- ണ്റ്റെ തണുത്ത പ്രഭാതത്തില്‍ എണ്റ്റെ TSG 8683-നെ ഗൂഡല്ലൂരിലെ മോട്ടോര്‍വാഹനവകുപ്പ്‌ ഏമാനെ കാണിക്കാന്‍ പുറപ്പെടുമ്പോള്‍ ഞാന്‍ ഒരു ചിന്ത മനസ്സിലിട്ടു.സാധിക്കുമെങ്കില്‍ മടങ്ങിവരുമ്പോള്‍, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൂടെ പഠിച്ച എടക്കരക്കാരനായ മഹ്‌റൂഫിനെ കാണണം.സ്വര്‍ണ്ണവില പതിനായിരം രൂപക്ക് മുകളിലായതിനാല്‍ , മെയിന്‍ റൊഡ്‌ വക്കില്‍ സ്വന്തം വീട്ടിന്‌ മുന്നില്‍ തന്നെയുള്ള ജ്വല്ലറിയില്‍ മഹ്‌റൂഫ്‌ ഉണ്ടായിരിക്കാനുള്ള സാധ്യത നൂറ്‌ ശതമാനമായിരുന്നു.അതിനാല്‍ എണ്റ്റെ TSG 8683-നെ അവണ്റ്റെ കടക്ക്‌ മുന്നില്‍ വച്ച്‌ ഒന്ന് ഓഫാക്കുക മാത്രമേ എനിക്ക്‌ ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. മനസ്സിലിട്ട ചിന്ത പ്രവൃത്തിയായി പരിണമിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാനും മെഹ്‌റൂഫും കണ്ടുമുട്ടി. ഡിസ:4- ണ്റ്റെ ഞങ്ങളുടെ ആ കണ്ടുമുട്ടല്‍ ഇരുപത്‌ വര്‍ഷം പിന്നിലേക്കുള്ള ഒരു തിരിച്ചുപോക്കിണ്റ്റെ സാധ്യതകള്‍ ആരാഞ്ഞു.ആ നിമിഷത്തില്‍ തന്നെ തുടങ്ങിയ സമ്പര്‍ക്ക ശ്രമങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി 4-ന്‌ കോഴിക്കോട്‌ മലബാര്‍ ഗേറ്റ്‌ ഹോട്ടലില്‍ വച്ച്‌ നടന്ന ഒരു കുടുംബ സംഗമത്തിലൂടെ സാര്‍ത്ഥകമായി. 1988-89 കാലയളവില്‍ തിരൂരങ്ങാടി PSMO കോളേജ്‌ ഹോസ്റ്റലിലെ അന്തേവാസികളായിരുന്ന രണ്ടാം വര്‍ഷ പ്രീഡിഗ്രിക്കാരുടെ കുടുംബ സംഗമമായിരുന്നു മലബാര്‍ ഗേറ്റില്‍ അന്ന് നടന്നത്‌.എട്ടുംപൊട്ടും തിരിയുന്ന പ്രായത്തില്‍ കൂട്ടുകൂടിയ ഞങ്ങള്‍ ഇന്ന് വീണ്ടും ഒരുമിച്ചപ്പോള്‍ എട്ടുംപൊട്ടും തിരിയാത്ത ഞങ്ങളുടെ മക്കളും അവരുടെ ഉമ്മമാരും കൂടെയുണ്ടായിരുന്നു.കത്തിടപാടുകളെ ഇലക്ട്രോണിക്‌ മെയിലും കുടുംബ സന്ദര്‍ശനങ്ങളെ ഫോണ്‍ വിളികളും സബ്സ്റ്റിറ്റൂട്ട്‌ ചെയ്ത ആധുനിക യുഗത്തില്‍ , ബന്ധമുണ്ടായിരുന്നിട്ടും ബന്ധമറ്റപോലെയായിരുന്നു ഞങ്ങളില്‍ പല മനസ്സുകളും.അതിനാല്‍ തന്നെ സംഗമവേദിയിലേക്ക്‌ ഓരോ കുടുംബവും കടന്നുവരുമ്പോള്‍ അവിടെ സന്നിഹിതരായവരുടെ മുഖത്ത്‌ നിറഞ്ഞ സന്തോഷം വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു.ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ PSMO ഹോസ്റ്റലില്‍ നിന്നും പടിയിറങ്ങി പോയതിന്‌ ശേഷം ആദ്യമായി കണ്ടുമുട്ടുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എനിക്കും കുടുംബത്തിനും പുറമേ എടക്കരയില്‍ ജ്വല്ലറി നടത്തുന്ന മഹ്‌റൂഫ്‌,താനൂരില്‍ ബിസിനസ്‌ നടത്തുന്ന അസ്‌ലം,കോഴിക്കോട്‌ JDT Islam ഹൈസ്കൂളില്‍ അദ്ധ്യാപകനായ സൈഫുദ്ദീന്‍,കോഴിക്കോട്‌ ഡെണ്റ്റിസ്റ്റായി പ്രാക്ടീസ്‌ ചെയ്യുന്ന സഫറുള്ള(തിരൂരങ്ങാടി),ബാംഗ്ളൂരില്‍ ബിസിനസ്‌ നടത്തുന്ന അന്‍വര്‍(ദേവര്‍കോവില്‍),ഇംഗ്ളണ്ടില്‍ ജോലി ചെയ്യുന്ന ഹാഫിസ്‌ അഹ്‌മദ്‌(അരീക്കോട്‌),ദുബായിയില്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്‌ എഞ്ചിനീയറായ ബാസില്‍(അരീക്കോട്‌) എന്നിവര്‍ കുടുംബസഹിതവും മുംബൈ മിത്തല്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്‌റഫ്‌(ചാവക്കട്‌),മസ്കറ്റില്‍ ജോലി ചെയ്യുന്ന റസാഖ്‌(പേരാമ്പ്ര) എന്നിവര്‍ കുടുംബരഹിതരായും സംഗമത്തില്‍ ഭാഗഭാക്കായി.,ദുബായിയില്‍ എഞ്ചിനീയറ്‍മാരായ സുനിലും(അരീക്കോട്‌) നൌഫലും(അങ്ങാടിപ്പുറം) സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള ദു:ഖം ഇ-മെയില്‍ വഴി പങ്ക്‌വെച്ചപ്പോള്‍ ദുബായിയില്‍ തന്നെ മാധ്യമപ്രവര്‍ത്തകനായ ശബീറും(തിരൂറ്‍) ദോഹയില്‍ എഞ്ചിനീയറായ നജീബും(കോഴിക്കോട്‌) തത്സമയം ഫോണ്‍ ചെയ്തുകൊണ്ട്‌ സംഗമത്തില്‍ പങ്കാളികളായി. കുട്ടികള്‍ കളിച്ചും രസിച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും പരിപാടിക്ക്‌ മിഴിവേകി.പിതാക്കളായ ഞങ്ങള്‍ പഴയ പയ്യന്‍കഥകളിലേക്കും ഓര്‍മ്മകളിലേക്കും ഊളിയിട്ടിറങ്ങുമ്പോള്‍ ഭാര്യമാര്‍ പരസ്പര പരിചയപ്പെടലിണ്റ്റെ ലോകത്തായിരുന്നു,പ്രവാസികളുടെ സൌകര്യം കൂടി പരിഗണിച്ച്‌ വീണ്ടും സംഗമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഈ സംഗമം പ്രചോദനമായി.4മണിക്ക്‌ ആരംഭിച്ച സംഗമം ഭക്ഷണ ശേഷം 8മണിക്ക്‌ അവസാനിക്കുമ്പോള്‍ ഇത്തരം സംഗമങ്ങള്‍ ആവര്‍ത്തിക്കപ്പെടണം എന്നത്‌ തന്നെയായിരുന്നു എല്ലാവരുടേയും അഭിപ്രായം. ലോകം വിരല്‍തുമ്പിലേക്കും അണുകുടുംബത്തിലേക്കും ചുരുങ്ങുമ്പോള്‍ ബന്ധങ്ങള്‍ അറ്റു പോകാതിരിക്കാന്‍ ഇത്തരം സുഹൃദ്‌സംഗമങ്ങള്‍ അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്‌.വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുതിയ രൂപത്തിലും ഭാവത്തിലും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന അനിര്‍വചനീയമായ ആ സന്തോഷവും മാധുര്യവും അനുഭവിച്ചറിയുമ്പോള്‍ മാത്രമേ ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി മനസ്സിലാവുകയുള്ളൂ.