Pages

Thursday, October 19, 2006

ആത്മാക്കള്‍ വോട്ട്‌ ചെയ്യുന്ന സ്ഥലം..!!!

"ചാണകക്കുണ്ട്‌ പഞ്ചായത്തിലെ ബൂത്ത്‌ നംബര്‍ 13-ലെ പ്രിസൈഡിംഗ്‌ ഓഫീസര്‍ ലംബോധരന്‍ ഇത്‌ വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല...പരിസരത്ത്‌ എവിടെ എങ്കിലും അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണ്‌...." മൈക്കില്‍ നിന്നുള്ള കര്‍ണ്ണകഠോര ശബ്ദം കേട്ടുകൊണ്ടാണ്‌ ലംബോധരന്‍ മാസ്റ്റര്‍ പോളിങ്ങ്‌സാമഗ്രി വിതരണ കേന്ദ്രത്തില്‍ എത്തിയത്‌.സഹ പോളിംഗ്‌ ആപ്പീസര്‍മാരെല്ലാം നേരത്തെ ഹാജരായിരുന്നതിനാല്‍ ലംബോധരന്‍ മാഷും പരിവാരങ്ങളും സാമഗ്രികളെല്ലാം മൊത്തമായി ഏറ്റുവാങ്ങി.തടസ്സമില്ലാത്ത സൂര്യധാര കഷണ്ടിത്തലയില്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ സാമഗ്രികളെല്ലാം പറഞ്ഞതിലും കുറവാണെന്ന് ഒന്ന് കൂടി ഉറപ്പ്‌ വരുത്തിയ ശേഷം വണ്ടിക്കടുത്തേക്ക്‌ നീങ്ങി.

* * * * * * * * * * * * "

ഇതാണ്‌ നിങ്ങള്‍ക്കനുവദിച്ച ബൂത്ത്‌.ആവശ്യമായ അസൗകര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുന്നത്‌ പോലെ ശ്രദ്ധിച്ചിട്ടുണ്ട്‌....ഇനി താങ്കളും പരിവാരങ്ങളും രണ്ട്‌ ദിവസത്തെ നരകയാതന അനുഭവിച്ച്‌കൊള്ളുക" എന്ന് റൂട്ട്‌ ഓഫീസര്‍ പറഞ്ഞില്ലെങ്കിലും പറഞ്ഞതായി തോന്നി.കടവാവലുകളും പ്രാവുകളും നരിച്ചീറുകളും കൂട്‌കൂട്ടിയ ഇടിഞ്ഞ്‌വീഴാറായ ഒരു ലൈബ്രറി കെട്ടിടം....ആള്‍പെരുമാറ്റം ഇല്ലാത്തതിനാല്‍ മനുഷ്യജന്യ വൃത്തികേടുകള്‍ മാത്രം ഇല്ല...ഭാര്‍ഗവീനിലയത്തിന്റെ മറ്റൊരു പതിപ്പ്‌ തന്നെ. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ ഇടം തേടി നടക്കുമ്പോളാണ്‌ ഒരശരീരി കേട്ടത്‌... "സമൃദ്ധമായ ഈ കാട്ടില്‍ പ്രകൃതിയുടെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ സ്വാഗതം...!!!"

 * * * * * * * * * * * * *

 സമയം രാത്രി.ലംബോധരന്‍ മാഷും പരിവാരങ്ങളും പോളിംഗ്‌ ബൂത്ത്‌ ഒരുക്കുന്ന തിരക്കിലാണ്‌.അപ്പോഴാണ്‌ മൂന്ന് പേര്‍ ബൂത്തിലേക്ക്‌ കയറിവന്നത്‌.

"ഞങ്ങള്‍ .....സ്ഥാനാര്‍തിയുടെ പോളിങ്ങ്‌ഏജന്റ്‌മാരാണ്‌....ഒട്ടേറെ പരേതവോട്ടര്‍മാര്‍ ഉള്ള ബൂത്താണിത്‌...സ്വര്‍ഗ്ഗം പൂകിയ വോട്ടര്‍മാരുടെ ലിസ്റ്റ്‌ ഇതാ....സാറിന്‌ ഒരു റഫറന്‍സിന്‌...!!!!"

"ങേ...!!!ആത്മാക്കളും വോട്ട്‌ ചെയ്യാന്‍ വരികയോ...??"ലംബോധരന്‍ മാസ്റ്ററുടെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.

"ങാ..അത്‌ നിങ്ങള്‍ തന്നെ വച്ചോളൂ....പരേതന്മാര്‍ വരുമ്പോള്‍ ഒന്നറിയിച്ചേക്കണം..."

അല്‍പം കഴിഞ്ഞ്‌ മറ്റൊരു സംഘം വന്നു.അവരില്‍ നേതാവ്‌ എന്ന് തോന്നിക്കുന്ന ആള്‍ പറഞ്ഞു.
"ഞാന്‍ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥി - C.K കശ്മലന്‍...ഇതെന്റെ സഹായികള്‍..സാറന്മാരെയെല്ലാം ഒന്ന് വെറുതെ കാണാന്‍ വന്നതാ...വിശദമായി നാളെ സംസാരിക്കാം...വരട്ടെ.."

 "ശ്ശൊ..പേര്‌ പോലെ തന്നെ ഒരു കശ്മലന്‍. "ശ്വാസം നേരെവിട്ടുകൊണ്ട്‌ മാഷ്‌ മന്ത്രിച്ചു.

കുറച്ച്‌ കഴിഞ്ഞ്‌ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വന്നു.

"സാര്‍...വാതിലും ജനലുമെല്ലാം ഭദ്രമായി കുറ്റിയിട്ട്‌ കിടക്കണം..ബൂത്ത്‌ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ടുണ്ട്‌..രാത്രി എന്ത്‌ സംഭവിച്ചാലും ഞങ്ങളെ ശല്ല്യം ചെയ്തേക്കരുത്‌...ഗുഡ്‌ നൈറ്റ്‌..."

 * * * * * * * * * * *

പോളിംഗ്‌ ദിനം...വോട്ടര്‍മാര്‍ ബൂത്തിന്‌ മുന്നില്‍ അണിനിരന്നു.ലംബോധരന്‍ മാഷ്‌ വെറുതേ ഒന്ന് പുറത്തേക്ക്‌ നോക്കി..
 "കശ്മലനും സംഘവും പുറത്തുണ്ട്‌...പരേതരുടെ ലിസ്റ്റുമായി ഒരു സംഘം അകത്തും....ബൂത്ത്‌ പിടുത്തക്കാര്‍ വല്ലതും...." മാസ്റ്ററുടെ ചിന്ത കാടുകയറാന്‍ തുടങ്ങി.

 "24. പാറ്റ..." ഒന്നാം പോളിംഗ്‌ ഓഫീസര്‍ ഉച്ചത്തില്‍ വിളിച്ചു.

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ ആദ്യത്തെ ഞെട്ടല്‍ രേഖപ്പെടുത്തി.പിന്നാലെ പരേതരുടെ ലിസ്റ്റുമായി ഒരുവന്‍ എണീറ്റ്‌ നിന്നു.

"സാര്‍...ഈ പാറ്റ മരിച്ച്‌പോയിരിക്കുന്നു!!!"

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ വീണ്ടും ഞെട്ടി. 'ആത്മാക്കള്‍ വോട്ട്‌ ചെയ്യാന്‍ വന്ന് തുടങ്ങി" ലംബോധരന്‍ മാസ്റ്റര്‍ ആത്മഗതം ചെയ്തു.

"സാര്‍...ഇവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കരുത്‌...ഈ പാറ്റയല്ല ആ പാറ്റ..."

"അവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കണം...അവരുടെ പേര്‍ പാറ്റ തന്നെയാണ്‌..."

"പറ്റില്ല...ഇവര്‍ കള്ളവോട്ട്‌ ചെയ്യാന്‍ വന്നതാണ്‌....ഇവരെ അറസ്റ്റ്‌ ചെയ്യണം..."ബൂത്ത്‌ ശബ്ദമുഖരിതമാകാന്‍ തുടങ്ങിയതോടെ ലംബോധരന്‍ മാസ്റ്റര്‍ പാറ്റയെ അടുത്തേക്ക്‌ വിളിച്ചു.

"ഭര്‍ത്താവിന്റെ പേരെന്താ?"

 "മുതല"

 "ങേ....!!!"ലംബോധരന്‍ മാസ്റ്റര്‍ വീണ്ടും വീണ്ടും ഞെട്ടി.

 "ശരി ശരി.....അച്ചന്റെ പേരെന്താ?"

 "കരിമൂര്‍ഖന്‍.."

"ദൈവമേ....!! കാക്കണേ...!!!!.വെള്ളം...വെള്ളം...."
 'പ്ധിം..'ലംബോധരന്‍ മാസ്റ്റര്‍ മറിഞ്ഞ്‌ വീണു.ബോധം തിരിച്ച്‌ കിട്ടുമ്പോള്‍ ലംബോധരന്‍ മാസ്റ്റര്‍ ചാണകക്കുണ്ടില്‍ നിന്നും തിരിച്ച്‌ കയറിയിരുന്നു.

 * * * * * * * * * *

19 comments:

Areekkodan | അരീക്കോടന്‍ said...

വയനാട്ടിലെ ചില അനുഭവങ്ങള്‍....!!!!!

asdfasdf asfdasdf said...

ഇതടിപൊളി. ഇപ്പൊഴും വയനാട്ടില്‍ ഇങ്ങനെയൊക്കെ ഉണ്ട് അല്ലേ ?

വല്യമ്മായി said...

ഞങ്ങളുടെ നാട്ടിലുണ്ട് ഒരു ചകിരിക്കുട്ടി. നന്നായിരിക്കുന്നു.

മുസാഫിര്‍ said...

നന്നായിരിക്കുന്നു.പക്ഷെ,പേരുകള്‍ തമാശക്കു എഴുതിയത് അല്ലെ ?

Areekkodan | അരീക്കോടന്‍ said...

മുസാഫിര്‍ജീ...
പേരുകള്‍ വെറുതേ പറഞ്ഞതല്ല....പാറ്റ,കുപ്പി,മുതല,ഉണക്കന്‍,കരി,...ഇങ്ങിനെ രസകരമായ കുറേ പേരുകള്‍ ഞാന്‍ എഴുതിവച്ചിരുന്നു.ആദിവാസികളുടെ പേരുകള്‍ ഇങ്ങിനെയാ...

വേണു venu said...

."സാര്‍...വാതിലും ജനലുമെല്ലാം ഭദ്രമായി കുറ്റിയിട്ട്‌ കിടക്കണം..ബൂത്ത്‌ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ടുണ്ട്‌..രാത്രി എന്ത്‌ സംഭവിച്ചാലും ഞങ്ങളെ ശല്ല്യം ചെയ്തേക്കരുത്‌...ഗുഡ്‌ നൈറ്റ്‌..."
അതിഷ്ടപ്പെട്ടു.
മരിച്ച ആല്‍മ്മാവാന്‍, കള്ളും കാശും കൊടുത്തു് റിഹേര്‍സല്‍ ഒക്കെ ചെയ്യിക്കുന്നതും ഈ വടക്കേയിന്‍ഡ്യയില്‍ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടു്.

Aravishiva said...

അബിദേ കലക്കന്‍ പോസ്റ്റ്...നല്ല സൊയമ്പന്‍ വിവരണം..

Unknown said...

രസകരമായിരിക്കുന്നു വിവരണം. :-)

മനോജ് കുമാർ വട്ടക്കാട്ട് said...

ആത്മാക്കള്‍ക്ക്‌ സ്തുതിയായിരിക്കട്ടെ.

മുസ്തഫ|musthapha said...

നല്ല വിവരണം ആബിദ് :)



ഒ.ടോ> വയനാട് ‘ടെമ്പിള്‍ ഫീല്‍ഡ്’ല് എനിക്ക് കുറേ നല്ല കൂട്ടുകാരുണ്ട് [അവര്‍ തന്നെയാണ് ‘അമ്പലവയലി’നെ ടെമ്പിള്‍ ഫീല്‍ഡ് ആക്കിയത്]. രണ്ട് തവണ ഞാനവരുടെ വീട്ടില്‍ വന്നിട്ടുണ്ട്. കൊച്ചംകോട് എന്നതാണ് ശരിക്കുള്ള സ്ഥലം.

Areekkodan | അരീക്കോടന്‍ said...

അഭിനന്ദനങ്ങളറിയിച്ചവര്‍ക്കും പോസ്റ്റ്‌ വായിച്ച എല്ലാവര്‍ക്കും നന്ദി....
കുട്ടമ്മേനോന്‍,വല്ല്യമ്മായി, മുസാഫിര്‍ക്ക, വേണുജി ,അരവിശിവ (ഇതെന്തൊരു പേരപ്പ?) ദില്‍ബേട്ടന്‍ , അഗ്രജേട്ടന്‍ , പടിപ്പുര എല്ലാവര്‍ക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അരീക്കോടന്മാഷെ
ഞങ്ങള്‍ ഗ്രാമാന്തരങ്ങളില്‍ പോകുമ്പോള്‍ ഉണ്ടായ അനുഭവം പറയട്ടെ?

മറ്റൊന്നും വിചാരിക്കരുത്‌

നാട്ടിന്‍പുറങ്ങളില്‍ ഉള്ളവരുടെ ചീട്ടുകള്‍ ഉണ്ടാക്കി ക്കഴിഞ്ഞ്‌ ആദ്യമായി അവരുടെ പേരുകള്‍ ഹിന്ദിക്കാരനായ സഹായി വിളിച്ചു പറയുന്നു. മലയാളികളായി ഞാനും നേഴ്സും മാത്രം
മുലാബായി , അണ്ടി, കുണ്ടി തുടങ്ങി പലതും ആദ്യം കേട്ടപ്പോള്‍ തല കുനിച്ചു പിടിച്ചിരുന്നു. പിന്നീടൊക്കെ ശീലമായി എന്നു പറഞ്ഞാല്‍ മതിയല്ലൊ.
ഇവിടെ കുഴപ്പം ഇല്ല മലയാളി ഞാന്‍ മാത്രമേ ഉള്ളു

mukthaRionism said...

ummmmm
undaaayittundenkil sathyaayirikkkum...

:) LIKE :)

ajith said...

വോട്ടുള്ള പാറ്റ.!!!!!!!

viddiman said...

നർമ്മം വായിച്ചതിലെ രസം, ആദിവാസികൾക്ക് അത്തരം പേരുകൾ തന്നെ ഉണ്ടെന്ന് കേട്ടതോടെ നഷ്ടപ്പെട്ടു.

വീകെ said...

ഒരു ഇലക്ഷന് ഞാൻ ചെന്നപ്പോഴേക്കും, എനിക്ക് മുൻപേ എന്റെ ആത്മാവ് വോട്ടു ചെയ്തിട്ടു പോയെന്ന് അകത്തിരിക്കുന്ന സാറന്മാർ ആണയിട്ടു പറഞ്ഞു.........!!

അൻവർ തഴവാ said...

വയനാട്ടിലോ കണ്ണൂരിലോ ?

Geetha said...

ഇത് കൊള്ളാല്ലോ മാഷേ ... എന്നിട്ട് തടി കേടാകാതെ അവിടുന്നു രക്ഷപെട്ടല്ലോ ... ഭാഗ്യം ...

Areekkodan | അരീക്കോടന്‍ said...

ഗീതാജി ... നാളിതുവരെ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയിട്ട് തടി കേടായിട്ടില്ല. വിവിധതരം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക